അടക്കിവച്ച വിദ്വേഷരാഷ്ട്രീയം വെളിച്ചത്ത്; പേടിക്കേണ്ടത് ഏത് വൈറസിനെ..?

parayathevayyaelephent
SHARE

കോവിഡ് മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്ന് ആവര്‍ത്തിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ട ആനയുടെ പേരിലും വിദ്വേഷപ്രചാരണം. ഒരേ രാജ്യത്തിനകത്തു തന്നെ കേരളത്തോട് ഇത്രയും വിദ്വേഷം എങ്ങനെയുണ്ടാകുന്നു? അത് മനഃപൂര്‍വം പ്രചരിപ്പിക്കുന്നതിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ എവിടം മുതല്‍ എവിടെ വരെയാണ്? വിദ്വേഷത്തിന്റെ അസത്യപ്രചാരണങ്ങള്‍ക്ക് മുന്നില്‍ കേരളത്തിന് കീഴടങ്ങാനാകുമോ? ഏതു വൈറസിനെയാണ് മനുഷ്യര്‍ കൂടുതല്‍ പേടിക്കേണ്ടത്?

ആരുടെയും മനസുരുക്കുന്ന ഒരു വാര്‍ത്ത. ഇനി ആവര്‍ത്തിക്കരുതെന്ന്  ഉള്ളുലഞ്ഞ് ആഗ്രഹിച്ചു പോകുന്ന വാര്‍ത്ത. അതായിരുന്നു പാലക്കാട്ട് സംഭവിച്ചത്. പക്ഷേ പൊടുന്നനെയാണ് കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടത്. ആദ്യത്തെ തുമ്പായി കിട്ടിയത് സംഭവം നടന്നത് മലപ്പുറത്ത് എന്ന ആദ്യറിപ്പോര്‍ട്ടാണ്. കേരളവും കേരളത്തിലെ മലപ്പുറവും എന്ന പ്രിയ വിദ്വേഷവിഷയം വീണു കിട്ടിയ ആഹ്ലാദത്തില്‍ കുല്‍സിത പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറമെന്ന ആദ്യസൂചന മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമങ്ങളെല്ലാം തിരുത്തിയെങ്കിലും പ്രചാരണം തുടങ്ങിയവരാരും പാലക്കാടാണ് സംഭവം നടന്നതെന്ന വസ്തുത അറിഞ്ഞതായി നടിച്ചില്ല. കാരണം അതങ്ങനെ വിട്ടു കളയാന്‍ നിഷ്കളങ്കമായി സംഭവിച്ചു പോയ തെറ്റല്ലല്ലോ. കാത്തു കാത്തിരുന്ന സുവര്‍ണാവസരങ്ങളില്‍ ഒന്നാണ്. കോവിഡ് കാലത്ത് അടക്കിവച്ചിരുന്ന വിദ്വേഷരാഷ്ട്രീയം പുറത്തെടുക്കാന്‍ കിട്ടിയ അപൂര്‍വ അവസരമായി അതുപയോഗിക്കപ്പെട്ടു.

പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത് മേയ് 27നാണ്. സ്ഫോടകവസ്തു കടിച്ചതിെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ നിലയില്‍ വെള്ളത്തില്‍ നിലയുറപ്പിച്ച ആന ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് ആന ഒരു മാസം ഗര്‍ഭിണിയായിരുന്നുവെന്നു കണ്ടെത്തിയത്. സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റിട്ട് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഗുരുതരമായ പരുക്കേറ്റ് ഭക്ഷണം കഴിക്കാനാവാതെ അവശനിലയിലായിരുന്നു മരണം. ആന ദിവസങ്ങളായി തീറ്റയെടുത്തിരുന്നില്ല. 

പന്നി ശല്യം നേരിടാന്‍ വച്ച പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയ സൂചന. തേങ്ങയ്ക്കുള്ളിൽ  സ്ഫോടകവസ്തു നിറച്ച് കൃഷിയിടങ്ങളിൽ വയ്ക്കുകയായിരുന്നു. 

മുറിവിന്റെ വേദന താങ്ങാനാകാതെ  ലോകത്തിനു മുന്നില്‍ വെള്ളത്തില്‍ നിന്ന നില്‍പില്‍ ചെരിഞ്ഞ കാട്ടാന എല്ലാ കാലവും വേദനയായി നിലനില്‍ക്കും. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റും നടന്നു. പക്ഷേ ഇനി ഇതേ പോലൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്ന യഥാര്‍ഥ ചോദ്യം വിദ്വേഷത്തിലേക്കു വഴിമാറിയത് അവിശ്വസനീയമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷം എന്ന സങ്കീര്‍ണമായ പ്രശ്നത്തെ ഒരു വിഭാഗത്തെയും കേരളത്തെയും ഉന്നം വയ്ക്കാനുള്ള ആയുധമായി മാറ്റി. ധ്രുവീകരണരാഷ്ട്രീയത്തിന് ഒരു കോവിഡ് കാലത്തും ലോക്ക്ഡൗണില്ലെന്ന തിരിച്ചറിവു കൂടിയാണ് ഇത്.

കാട്ടാനയുടെ മരണത്തിനിടയാക്കിയ സ്ഫോടകവസ്തു പൈനാപ്പിളില്‍ നിറച്ച് ആനയെ തീറ്റിച്ചുവെന്നായിരുന്നു ദേശീയ തലത്തിലുണ്ടായ പ്രചാരണം. കാട്ടാനയുടെ ദാരുണാന്ത്യം ജനശ്രദ്ധയിലേക്കു കൊണ്ടു വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കുറിപ്പില്‍ പോലും പൈനാപ്പിളില്‍ പടക്കം വച്ചു കൊന്നു എന്നായിരുന്നില്ല. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതെങ്കിലും പഴമോ പടക്കത്തിന്റെ രൂപത്തില്‍ പൊട്ടിത്തെറിച്ചതായിരിക്കാം എന്ന പരാമര്‍ശമാണ് വളച്ചൊടിച്ചു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മലപ്പുറം പാലക്കാട് ജില്ലകളിലായി പരന്നു കിടക്കുന്ന സൈലന്‍റ് വാലി ബഫര്‍ സോണ്‍ മേഖലയിലെ ആനയാണ് ദയനീയമായ അന്ത്യത്തിനിരയായത്. പല മാധ്യമങ്ങളും സംഭവം നടന്നത് മലപ്പുറം എന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തെങ്കിലും  ആന ചരിഞ്ഞത്  പാലക്കാട് ജില്ലയിലാണെന്ന് വ്യക്തമായതോടെ തിരുത്തുകയും ചെയ്തു. രാജ്യാന്തരപ്രശസ്തരടക്കം  നിരവധി പേര്‍ ദാരുണമായ അന്ത്യത്തില്‍ സ്വാഭാവികമായും രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചു. 

പക്ഷേ വാര്‍ത്തയിലെ മലപ്പുറം എന്ന വാക്കില്‍ മാത്രം രാഷ്ട്രീയലക്ഷ്യം കണ്ടെത്തിയവര്‍ സംഭവത്തെ ധ്രുവീകരണത്തിലേക്കും ആക്രമണത്തിലേക്കും വഴി തിരിച്ചു വിട്ടു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. എം.പിയുമായ മേനകാഗാന്ധിയാണ് ദാരുണസംഭവത്തെ രാഷ്ട്രീയവിവാദത്തിലേക്ക് ആദ്യം തിരിച്ചുവിട്ടത്. മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന ജില്ലയാണെന്നും അവര്‍ ആരോപിച്ചു. 

അതായത് രാജ്യത്തെ പേരുകേട്ട മൃഗസംരക്ഷണപ്രവര്‍ത്തകയായ മേനകാഗാന്ധിക്ക് ഇവിടെ പ്രശ്നം കൊല്ലപ്പെട്ട ആനയായിരുന്നില്ല. സംഭവം നടന്നത് മലപ്പുറത്താണ് എന്നതായിരുന്നു. പാലക്കാട് നടന്ന സംഭവത്തില്‍ മലപ്പുറത്തിനെതിരായ പ്രചാരണം വസ്തുതാപരമായി തന്നെ തെറ്റാണ്  എന്നു ചൂണ്ടിക്കാട്ടിയിട്ടും അവര്‍ തിരുത്താന്‍ കൂട്ടാക്കിയില്ല. ആദ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറമെന്നു പ്രതികരിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും തിരുത്താന്‍ കൂട്ടാക്കിയില്ല. ജീവികള്‍ക്ക് പടക്കം നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്കാരമല്ലെന്ന വിചിത്രമായ ഒരു വാദവും കൂടി അദ്ദേഹം മുന്നോട്ടു വച്ചു. 

പാലക്കാട് നടന്ന സംഭവത്തെ മലപ്പുറമെന്നു പഴി ചാരി, മലപ്പുറത്തിനെതിരെ വിദ്വേഷപ്രചാരണം അഴിച്ചു വിട്ട് അത് വര്‍ഗീയധ്രുവീകരണത്തിലേക്കു നീങ്ങിയിട്ടും മുതിര്‍ന്ന കേന്ദ്രനേതാക്കള്‍ തിരുത്തിയില്ല. അതിനിടെ അതിക്രമം നേരിട്ട കാട്ടാനയ്ക്ക് പേരു വരെയിട്ടു ധ്രുവീകരണശ്രമങ്ങള്‍ മുന്നേറി.

മലപ്പുറത്തിന്റെ പേരില്‍ ധ്രുവീകരണരാഷ്ട്രീയം പ്രയോഗിക്കാനുള്ള  ശ്രമം ഇതിനു മുന്‍പും പലതവണ രാജ്യം കണ്ടിട്ടുള്ളതാണ്. 

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുതല്‍ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ വരെ മലപ്പുറത്തെ ലക്ഷ്യമാക്കി വര്‍ഗീയാരോപണങ്ങള്‍ പല തവണ ഉന്നയിച്ചിട്ടുണ്ട്. കേരളത്തെ ഉന്നം വയ്ക്കുമ്പോഴെല്ലാം മലപ്പുറം ആക്രമിക്കപ്പെടുന്നത് സ്വാഭാവികമായി വന്നുചേരുന്നതല്ലെന്നതിന് വ്യക്തമായ തെളിവുണ്ട്. പക്ഷേ മനുഷ്യന്‍ അതിജീവിക്കുമോ എന്ന ഒറ്റ ചോദ്യത്തോടു പോരാടുമ്പോഴും ഇത്രയും വിദ്വേഷം സൂക്ഷിക്കാന്‍ കഴിയുന്നവര്‍ അമ്പരപ്പും ആശങ്കയുമാണ്. 

കാട്ടാന ദാരുണമായി കൊല്ലപ്പെട്ടത് ഗുരുതരമായ പ്രശ്നമാണ്. പ്രതികള്‍ക്കു നേരെ കര്‍ശനനിയമനടപടി ഉറപ്പാക്കുകയും വേണം. പക്ഷേ വനത്തോടും വന്യജീവികളോടും സെലക്റ്റീവായ സ്നേഹം പ്രകടിപ്പിക്കാന്‍ കേരളത്തോടുള്ള വിദ്വേഷം ആയുധമാക്കുന്നതാണ് വൈരുധ്യം. വന്യജീവികള്‍ക്കു നേരെയുള്ള അതിക്രമമാണ് പ്രശ്നമെങ്കില്‍ കണ്ണു തുറന്നു കാണേണ്ട വസ്തുതകള്‍ കണ്‍മുന്നിലുണ്ട്. പ്രതിക്കൂട്ടില്‍ രാജ്യത്തെ എല്ലാ സര്‍ക്കാരുകളുമുണ്ടെന്നു തിരിച്ചറിയുകയും വേണം. 

പാലക്കാട്ട് മാത്രമല്ല, കൊല്ലം പത്തനാപുരത്ത് ഒന്നര മാസം മുന്‍പ് ഇതേ അവസ്ഥയില്‍ ഒരു ആന കൊല്ലപ്പെട്ടിരുന്നു

ഏപ്രില്‍ അവസാനം പത്തനാപുരം വനമേഖലയില്‍ ആനയെ കണ്ടെത്തിയപ്പോള്‍ വായില്‍ പരുക്കും താടിയെല്ലിനു പൊട്ടലുമുണ്ടായിരുന്നു. പടക്കം കടിച്ചേറ്റ പരുക്കെന്ന നിലയിലാണ് കേസെടുത്തതും. പക്ഷേ ഒന്നരമാസമായിട്ടും അന്വേഷണം മുന്നോട്ടു പോയിട്ടില്ല. വിവാദം ശക്തമായതുകൊണ്ടു മാത്രമാണ് പാലക്കാട് സര്‍ക്കാര്‍ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നു വ്യക്തം. പക്ഷേ പത്തനാപുരത്തുണ്ടായ സംഭവത്തില്‍ ആരും കൊല്ലം ജില്ലയ്ക്കെതിരെ ആക്രമണവുമായി രംഗത്തു വന്നില്ല. കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ആളുണ്ടായില്ല. മലപ്പുറത്തിനു നേരെ ഉപയോഗിച്ചു ശീലമുള്ള ധ്രുവീകരണ ആയുധത്തിന്റെ അഭാവമാകാം കാരണം. വനമേഖലകളോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളെ തുരത്താന്‍  വ്യാപകമായി സ്ഫോടകവസ്തുക്കള്‍ നിറച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. 

ഫോറസ്റ്റ് നിയമമനുസരിച്ച് ഗുരുതരമായ കുറ്റകൃത്യമാണെങ്കിലും വന്യമൃഗവേട്ടയായല്ല ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യപ്പെടാറുള്ളത്. അതിര്‍ത്തി മേഖലകളില്‍ കര്‍ഷകരും വന്യജീവികളുമായുണ്ടാകുന്ന സംഘര്‍ഷം കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ സങ്കീര്‍ണമായ പ്രശ്നമാണ്. പരിഹരിക്കാന്‍ പല വഴികളും തേടുമ്പോഴും ശാശ്വതമായൊരു പരിഹാരം കണ്ടെത്താനായിട്ടില്ല എന്നതു യാഥാര്‍ഥ്യം. 

എന്നാല്‍ രണ്ടരമാസം നീണ്ട കോവിഡ് ലോക് ഡൗണ്‍ കാലത്ത് രാജ്യത്ത് വന്യമൃഗവേട്ടകള്‍ തന്നെ 151 ശതമാനം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടും ഇതേ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.  ലോക് ഡ‍ൗണ്‍ കാലത്ത് കേരളത്തിലും മൃഗവേട്ട വന്‍തോതില്‍ പിടികൂടി. കര്‍ഷകര്‍ കൃഷിനഷ്ടം ഒഴിവാക്കാന്‍ മൃഗങ്ങള്‍ക്കെതിരെ തിരിയുമ്പോള്‍ കുറ്റകൃത്യമെന്നറിഞ്ഞു തന്നെ വേട്ട നടത്തുന്ന കേസുകളില്‍ കേന്ദ്രസര്‍ക്കാരോ അതത് സംസ്ഥാനസര്‍ക്കാരുകളോ കര്‍ശനമായി ഇടപെട്ടിട്ടില്ല. കര്‍ശനമായ പ്രതിരോധശ്രമങ്ങള്‍ക്കിടയിലും ഏറ്റവും കൂടുതല്‍ കടുവാവേട്ട നടക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. ആനവേട്ടയും  കേരളത്തിലടക്കം അടുത്തിടെ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണം,വന്യജീവികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. അതിനാദ്യം വേണ്ടത് പാലക്കാട് നടന്നത് ആനവേട്ടയല്ലെന്ന് അംഗീകരിച്ചുകൊണ്ടു തുടങ്ങുകയെന്നതാണ്. ദാരുണമായ ആ കുറ്റകൃത്യത്തിന് ഏതെങ്കിലും വിഭാഗവുമായോ പ്രദേശവുമായി ബന്ധപ്പെടുത്തി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ആനയോടുള്ള സ്നേഹം കൊണ്ടല്ലെന്ന് തിരുത്തിത്തന്നെയേ

ശരിയായ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകൂ.  പടക്കം വച്ച തേങ്ങ കടിച്ച് കൊല്ലപ്പെട്ടത് ഏതു ജീവിയാണെങ്കിലും ഇതേ രോഷം തോന്നിയാലേ അത് നീതിയാകൂ. അതിക്രമത്തിനിരയാകുന്ന ജീവികളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തന്നെ നീതിക്കായി ശബ്ദമുയരണം.  ഇതേസമയത്ത ്പരിസ്ഥിതി ആഘാത പഠനവ്യവസ്ഥകളില്‍ ഇളവിനുള്ള കേന്ദ്രനീക്കത്തില്‍ ഉല്‍ക്കണ്ഠപ്പെട്ടു കഴിയുകയാണ് രാജ്യം എന്നു കൂടി ഓര്‍മ വേണം. രാജ്യം കോവിഡ് ഭീഷണിയില്‍ കഴിയുമ്പോള്‍ പരിസ്ഥിതി സംരക്ഷണനിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഈ രോഷം ഉയരുന്നില്ലെന്നത് സങ്കടകരമാണ്. 

കേരളത്തില്‍ ക്ഷേത്രാചാരങ്ങളുടെ പേരില്‍ ആനകളെ പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്നും ആനകളെ സ്വകാര്യസ്വത്താക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നു കൂടി മേനകാഗാന്ധിയടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടാനയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയവരില്‍ എത്രപേര്‍ നാട്ടാനകളുടെ അവകാശത്തിനു വേണ്ടി നിലകൊള്ളും? മറ്റു ജീവികളോടെങ്കിലും  ഇരട്ടത്താപ്പ് കാണിക്കാതിരിക്കാന്‍ നമുക്ക് കഴിയുമോ? 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...