വലയുന്ന പ്രവാസികളോട് വാഗ്ദാനലംഘനം; ചെറിയ ആപ്പിൽ സർക്കാരിന്റെ വലിയ വീഴ്ച

app
SHARE

മദ്യവില്‍പന സുഗമമാക്കാന്‍ ഒരു ആപ്പുണ്ടാക്കി, ആകെ ആപ്പിലായ ഒരു കഥ കൂടി കേരളാമോഡലില്‍ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ ക്വാറന്റീന് പണം നല്‍കണം എന്നു പറയാന്‍ മാത്രം സാമ്പത്തികഭാരമുള്ള സര്‍ക്കാര്‍ ആപ്പിന്‍റെ പേരില്‍ മദ്യവില്‍പനയില്‍ 200 കോടി നഷ്ടം സഹിക്കാനും ക്ഷമ കാണിച്ചു. ആപ്പില്‍ എന്താണ് സംഭവിച്ചതെന്ന് ലോകമറിയാതിരിക്കാന്‍ വാപൂട്ടിയിരിക്കുന്ന  പഴഞ്ചന്‍ ടെക്നോളജിയാണ്  സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. പക്ഷേ ക്വാറന്റീന്‍ ചെലവു തരണമെന്നാവശ്യപ്പെടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണ്? സ്വന്തം വാഗ്ദാനം ദിവസങ്ങള്‍ക്കുള്ളില്‍ മറന്നു കളയാന്‍ മാത്രം അപ്രതീക്ഷിതമായി എന്തു സംഭവിച്ചു? പണം നല്‍കാന്‍ ശേഷിയുള്ള പ്രവാസികളില്‍ നിന്ന് ഈടാക്കുമെന്ന തിരുത്തിയ നിലപാടും സാമൂഹ്യനീതിയാണോ? അമിതമായ അവകാശവാദങ്ങളില്‍ നിന്ന് യാഥാര്‍ഥ്യബോധത്തിലേക്കു വരുന്നതാണ് സര്‍ക്കാരിനും കേരളത്തിനും നല്ലത്. 

പതിവു വാര്‍ത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായാണ് പ്രവാസികളില്‍ നിന്ന് കേന്ദ്രീകൃത ക്വാറന്റീന് പണം ഈടാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഗള്‍ഫില്‍ നിന്നും ഏറെ പേര്‍ ജോലി നഷ്ടപ്പെട്ട് യാത്രക്കൂലി പോലുമില്ലാതെ മടങ്ങുന്നവരാണെന്നു ശ്രദ്ധയില്‍പെടുത്തിയപ്പോഴും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചു നിന്നു. 

മേയ് 4ന് വന്ദേഭാരത് ദൗത്യം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രീകൃത ക്വാറന്റീന്‍ വേണമെന്ന് കര്‍ശന നിലപാടെടുത്തപ്പോള്‍ മാത്രമാണ് കേരളം ഹോം ക്വാറന്റീന്‍ എന്ന നിലപാടില്‍ മാറ്റം വരുത്തിയത്. കേന്ദ്രീകൃത ക്വാറന്റീന്‍ നിര്‍ബന്ധം എന്നു നിര്‍ദേശിച്ചപ്പോള്‍ തന്നെ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മടക്കയാത്രയ്ക്കു മുന്‍പ് ഇക്കാര്യം സമ്മതിക്കുന്ന സത്യവാങ്മൂലം പ്രവാസികളില്‍ നിന്ന് ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ജീവിതമാര്‍ഗം വഴിമുട്ടി നാട്ടില്‍ തിരിച്ചെത്തുന്നവരോട് വീണ്ടും പണം വാങ്ങുന്നത് ശരിയല്ലെന്നു മനസിലാക്കി അന്നു കേരളം നിലപാടെടുത്തു. ക്വാറന്റീന്‍ ചെലവ് ഈടാക്കില്ലെന്ന പ്രഖ്യാപനം ഭരണപക്ഷാനുകൂലികള്‍ ലോകോത്തരമാതൃകയായി കൊണ്ടാടുകയും ചെയ്തു. ശരിക്കും മാതൃകാപരമായ നിലപാടായിരുന്നു അത്. പക്ഷെ പൊടുന്നനെ സര്‍ക്കാര്‍ നിലപാടു മാറ്റി. 

പ്രവാസലോകത്തു നിന്നും കനത്ത പ്രതിഷേധമുണ്ടായി. വാഗ്ദാനലംഘനവും വഞ്ചനയുമാണ് സംസ്ഥാനം ചെയ്തതതെന്ന് പ്രവാസികള്‍ തുറന്നടിച്ചു. ശക്തമായ പ്രതിഷേധം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു വ്യക്തമായതോടെ 24 മണിക്കൂര്‍ മുന്‍പ് കര്‍ശനമായി പ്രഖ്യാപിച്ച നിലപാട് മുഖ്യമന്ത്രി തിരുത്തി. അപ്പോഴും, താങ്ങാനാകാത്തവര്‍ ആരെന്ന് എങ്ങനെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. ആ ചോദ്യം മുഖ്യമന്ത്രിയെ ക്ഷുഭിനാക്കുകയും ചെയ്തു 

പ്രശ്നം, സര്‍ക്കാര്‍ സ്വന്തം വാഗ്ദാനം ലംഘിക്കുന്നു എന്നതു മാത്രമല്ല. പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് നീതിയല്ല. താങ്ങാനാവുന്നവര്‍ വഹിക്കട്ടെ എന്ന പ്രഖ്യാപനത്തിലും അനീതിയുണ്ട്. ( കാരണം പൊതുസമൂഹത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി സര്‍ക്കാരെടുത്ത തീരുമാനമാണ് ഒരാഴ്ചത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍. നിര്‍ബന്ധിത ക്വാറന്റീന് പണം നല്‍കണമെന്നു പറയുന്നത് അനീതിയാണ്. ) പണമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ അധികസൗകര്യങ്ങളുള്ള ഹോട്ടലുകളിലേക്കു പോകാന്‍ വ്യവസ്ഥയുണ്ട്. അതിനു കഴിയാത്തവരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയാല്‍ ഉടനെ കേരളമല്ലാതെ മറ്റേതു സംസ്ഥാനമുണ്ട് എന്നു ചോദിക്കാന്‍ വരട്ടെ. കേരളം ഒന്നാമത്തെ മാതൃകയല്ലേ? ആ നിലപാടില്‍ ഇതുവരെ മാറ്റമൊന്നുമില്ലല്ലോ?ക്വാറന്റീന്‍  ചെലവിന്റെ കാര്യത്തില്‍ മാത്രമല്ല പ്രവാസികളോട് മൊത്തത്തിലുള്ള സമീപനത്തില്‍ തന്നെ സംസ്ഥാനസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ഇടയ്ക്കിടെ പുറത്തുവരുന്നുണ്ട്.

ഏറ്റവുമധികം പ്രവാസിസമൂഹമുള്ള കേരളമാണ് ഏറ്റവുമാദ്യം അവരെ നാട്ടിലെത്തിക്കണമെന്നും ഔദ്യോഗികമായി ആവശ്യപ്പെട്ടത്. തിരിച്ചെത്തിക്കുന്നവര്‍ക്കായി എല്ലാ ക്രമീകരണങ്ങളും തയാറാണെന്ന് മെയ് ആദ്യവാരം വരെ സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. വന്ദേഭാരത് ആദ്യഘട്ടം പ്രഖ്യാപിച്ചപ്പോള്‍ പോലും കേന്ദ്രം ആകെ എണ്‍പതിനായിരം പേരെയേ കൊണ്ടുവരുന്നുള്ളൂ, നമ്മുടെ മുന്‍ഗണനാപട്ടിക പ്രകാരം തന്നെ ഒരു ലക്ഷത്തിനാല്‍പതിനായിരം പേരുണ്ട് എന്നായിരുന്നു കേരളത്തിന്റെ പരാതി. രോഗബാധിതരും ഗര്‍ഭിണികളും ദുര്‍ബലരുമായവരെ തിരിച്ചെത്തിക്കുന്നതില്‍ അല്‍പം പോലും കാലതാമസമുണ്ടാകരുതെന്നും കേരളം ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അതിനു ശേഷം ഈ ദൃഢമായ ആവശ്യം സര്‍ക്കാര്‍ ആവര്‍ത്തിച്ചു കേട്ടിട്ടില്ല. വിദേശത്തു നിന്നു കേരളത്തിലേക്ക് ആവശ്യത്തിന് വിമാനങ്ങളില്ലെന്ന പരാതിയും ഇപ്പോള്‍ കേരളത്തിനില്ല. കേന്ദ്രം ക്രമീകരിക്കുന്ന വിമാനങ്ങള്‍ തന്നെ അധികമല്ലേയെന്നൊരു  സംശയവും മന്ത്രിമാരടക്കം പല തവണ പരോക്ഷമായി പ്രകടിപ്പിച്ചു. അടിയന്തരമായി ഒന്നര ലക്ഷത്തോളം പേര്‍ കേരളത്തിലെത്തേണ്ടവരാണെന്നു നിലപാടെടുത്ത സര്‍ക്കാര്‍ നാലാഴ്ച കൊണ്ട് കേവലം 16000 പേരെയേ വിദേശത്തു നിന്നു തിരിച്ചെത്തിക്കാനായിട്ടുള്ളൂ എന്നതില്‍ വേവലാതിപ്പെടുന്നില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലാകട്ടെ, പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒന്നും ചെയ്തിട്ടില്ലെന്ന പരാതി ശക്തമാണ്. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനുകള്‍ മാത്രമായിരുന്നു അപവാദം. കാത്തു കാത്തിരുന്ന് മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് ഒരു ട്രെയിന്‍ അനുവദിച്ചപ്പോഴാകട്ടെ, അവസാന നിമിഷം കേരളത്തിന്റെ ആവശ്യപ്രകാരം ട്രെയിന്‍ റദ്ദാക്കി. യാത്രക്കാര്‍ക്കെല്ലാം റജിസ്ട്രേഷന്‍ ഇല്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.  രണ്ടു ദിവസം കഴിഞ്ഞ് ഒടുവില്‍ ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ആദ്യമെത്തിയ യാത്രക്കാരില്‍ പകുതിയിലേറെ പേര്‍ക്കും യാത്ര ചെയ്യാനുമായില്ല. 

ഈ കാലയളവില്‍ വിദേശത്തു മാത്രം  ഇരുനൂറോളം മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നോര്‍ക്കണം.  അപ്പോള്‍  കേരളത്തില്‍ പത്തില്‍ താഴെ ജീവനേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് ഏതര്‍ഥത്തിലാണ് നമുക്ക് സമാധാനിക്കാനാകുക?പ്രവാസികളായ 25 ലക്ഷം പേര്‍ കൂടി ചേര്‍ന്നതാണ് കേരളം. അവരുടേതുകൂടിയാണ് ഈ നാടെന്നു ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന മുഖ്യമന്ത്രി അവരെങ്ങനെ നാട്ടിലെത്തും എന്നു കൂടി ചിന്തിക്കണം. മടങ്ങിവരാന്‍ മാര്‍ഗമില്ലാത്തവര്‍ക്കു വേണ്ടി സര്‍ക്കാരല്ലാതെ മറ്റാരാണ് ഇടപെടേണ്ടത്?

താനെയില്‍ ട്രെയിന്‍ റദ്ദാക്കിച്ചതിനും വിമാനങ്ങള്‍ക്കിടയില്‍ കൃത്യമായ ഇടവേള വേണമെന്നും കേരളം പറയുന്ന കാരണങ്ങള്‍ സാങ്കേതികാര്ഥത്തില്‍ ശരിയാണ്. പക്ഷേ പ്രായോഗികമായി പ്രശ്നപരിഹാരമുണ്ടാക്കാന്‍ മലയാളികള്‍ക്കു വേണ്ടി കേരളസര്‍ക്കാരല്ലാതെ മറ്റാരാണ് മുന്‍കൈയെടുക്കേണ്ടത്. ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയവര്‍ക്ക് കൃത്യമായ റജിസ്ട്രേഷന്‍ ഇല്ലായിരുന്നുവെങ്കില്‍ വിവരശേഖരണം പൂര്‍ത്തിയാകും വരെ ട്രെയിന്‍ വൈകിക്കുന്നത് മനസിലാക്കാം. റദ്ദാക്കണം എന്നാവശ്യപ്പെടുന്നത് ആരെയാണ് പെരുവഴിയിലാക്കിയത്? 

കേരളത്തില്‍ മടങ്ങിയെത്തുന്നവരുടെ ഓരോരുത്തരുടെയും പേരുവിവരങ്ങളും വരുന്ന സ്ഥലവും കൃത്യമായി കിട്ടേണ്ടത് നമ്മുടെ പ്രതിരോധപരിപാടികളില്‍ അനിവാര്യമാണ്. പക്ഷേ അത് സാധ്യമാകാത്ത അവസരങ്ങളില്‍ നമ്മുടെ ആളുകളെ വഴിയില്‍ ഉപേക്ഷിക്കാനാകുമോ? സര്‍ക്കാര്‍ തന്നെ സംവിധാനങ്ങളുണ്ടാക്കി അതിന് സാഹചര്യമൊരുക്കണം. ശ്രമിക് ട്രെയിനുകളുടെ ചെലവ് മിക്ക സംസ്ഥാനങ്ങളും ഖജനാവില്‍ നിന്നു വഹിക്കുമ്പോള്‍ കേരളം ഒരു മലയാളിയുടെയും യാത്രാച്ചെലവും ഏറ്റെടുക്കുന്നില്ല. അത്യാവശ്യക്കാര്‍ക്ക് മാത്രം സഹായമെത്തിക്കുകയാണ് ശരിയെന്നു പറയാം. ക്വാറന്റീന്‍ ചെലവ്, ടെസ്റ്റിങ് ചെലവ്, സൗജന്യചികില്‍സ  ഇതെല്ലാം കേരളത്തിനു വലിയ സാമ്പത്തികഭാരമുണ്ടാക്കുന്നുണ്ട്. പക്ഷേ സാമ്പത്തികഭാരം താങ്ങാവുന്നതിലും അപ്പുറമായെങ്കില്‍ സര്‍ക്കാര്‍ അത് സുതാര്യമായി ജനങ്ങള്‍ക്കു മുന്നില്‍ പറയണം. സംഘടനകള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഇടപെടാനും തീരെ നിവൃത്തിയില്ലാത്തവരെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനാകും. സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സ്ഥിതിയുണ്ടെങ്കില്‍ സാധിക്കുന്നവര്‍ സഹായിക്കട്ടെ. പക്ഷേ കേരളത്തില്‍ ക്വാറന്റീന്‍ സൗജന്യമാക്കണം എന്നാവശ്യപ്പെടുന്ന പ്രതിപക്ഷം പോലും പണം ഈടാക്കിയുള്ള കേന്ദ്രീകൃതക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് ബോധപൂര്‍വം വിട്ടുകളയുന്നത് കൗതുകകരമാണ്.

കോവിഡ് പ്രതിരോധത്തില്‍ മറ്റൊരു മാതൃകയെന്നു പ്രഖ്യാപിച്ചാണ് മദ്യവില്‍പന പുനരാരംഭിക്കാന്‍ ഒരു ആപ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാധാരണസാഹചര്യങ്ങളില്‍ പോലും വന്‍തിരക്ക് അനുഭവപ്പെടാറുള്ള മദ്യവില്‍പനശാലകളില്‍ അകലം ഉറപ്പാക്കാനുള്ള ശാസ്ത്രീയനടപടിയെന്നായിരുന്നു വ്യാഖ്യാനവും. പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപഭോക്താക്കളും ദിവസങ്ങളായി ഒരു ആപ്പിനു ചുറ്റും തിരിയുന്ന അവസ്ഥയാണ് കേരളത്തില്‍ കണ്ടത്. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന ഒരു സംവിധാനം ഇത്രയും നിരുത്തരവാദപരമായി കൈകാര്യം ചെയ്തതിനു പിന്നില്‍ രാഷ്ട്രീയതാല്‍പര്യങ്ങളുണ്ടോ?

ആപ്പിന്റെ പ്രമോട്ടര്‍മാരുടെ രാഷ്ട്രീയം നോക്കിയാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചെങ്കിലും സര്‍ക്കാര്‍ ക്ഷമയോടെ ആപ്പിനു വേണ്ടി കാത്തിരുന്നു. ഒടുവില്‍ ആപ്പ് തയാറാകുന്നതുവരെ ദിവസങ്ങള്‍ മദ്യവില്‍പന നീട്ടിവയ്ക്കാന്‍ പോലും സര്‍ക്കാര്‍ തീരുമാനിച്ചു. കാത്തിരിപ്പില്‍ സര്‍ക്കാരിനു കിട്ടേണ്ടിയിരുന്ന 200 കോടി രൂപയാണ് നഷ്ടമെന്ന് കണക്കുകള്‍. ഏത് ആപ്ലിക്കേഷനും ഡെവലപ് ചെയ്യുമ്പോള്‍ തുടക്കത്തില്‍ പ്രശ്നങ്ങള്‍ പ്രതീക്ഷിക്കണം. പക്ഷേ ആപ്പിന്റെ അടിസ്ഥാനആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനാകാത്ത അവസ്ഥയിലാണ് ബെവ് ക്യൂ രംഗപ്രവേശം ചെയ്തത്്. കടുത്ത ആശയക്കുഴപ്പം ഒടുവില്‍ മദ്യവില്‍പനകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കല്‍ എന്ന അടിസ്ഥാനലക്ഷ്യം പോലും താറുമാറാക്കി. ഒടുവില്‍ സ്റ്റാര്‍ട്ടപ്് കമ്പനിയുടെ ആപ്് ശരിയാക്കിയെടുക്കാന്‍ വേണ്ടി ഐ.ടി.മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങി സകലമാന സംവിധാനങ്ങളും ശ്രമിക്കേണ്ടി  വന്നു. 

ഒരു ആരോഗ്യഅടിയന്തരാവസ്ഥയില്‍ അനിവാര്യസംവിധാനമെന്നു വിലയിരുത്തിയ ഒരു ആപ്ലിക്കേഷന്‍ ഇത്രയും കാര്യക്ഷമതയില്ലാത്ത ഒരു കമ്പനിയെ ഏല്‍പിച്ചതെന്തുകൊണ്ടാണ്? വളരെ ഗൗരവമുള്ള മറ്റു ജോലികള്‍ ചെയ്യേണ്ട സമയത്ത് സര്‍ക്കാരിന് ഈ പുലിവാലിനു പിന്നാലെ പോകേണ്ടി വന്നത് എന്തുകൊണ്ടാണ്? ഒരു ശരാശരി ആപ്ലിക്കേഷന്‍ ശരിയായി രൂപപ്പെടുത്തിയെടുക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വേണമെന്ന് ഈ മേഖലയില്‍ പ്രവര‍്ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അവിടെയാണ് കുറഞ്ഞത് 30 ലക്ഷം പേര്‍ ഉപയോഗിക്കുമെന്നു കണക്കുകൂട്ടിയ ഒരു ആപ്പ് കാര്യമായ ഒരു പ്രവര്‍ത്തനപരിചയവുമില്ലാത്ത ഒരു കമ്പനിയെ സര്‍ക്കാര്‍ ഏല്‍പിച്ചത്. അത്രയും വലിയ ഒരു പ്ലാറ്റ്ഫോം തയാറാക്കാന്‍ 3 ലക്ഷം രൂപ മതിയെന്ന വാഗ്ദാനം പോലും ദുരൂഹമാണ്. 

സ്റ്റാര്‍ട്ടപ്പ് അല്ലേ, സ്റ്റാര്‍ട്ടപ്പിനെ ഇങ്ങനെ നശിപ്പിക്കാമോ,തുടങ്ങിയ ചോദ്യങ്ങളൊന്നും ഇവിടെ പ്രായോഗികമല്ല. സ്റ്റാര്‍ട്ടപ്പിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്റ്റാര്‍ട്ടപ്പിനെ ഏല്‍പിക്കുന്ന എന്ന ഉത്തരവാദിത്തം സര്‍ക്കാരാണ് കാണിക്കേണ്ടത്. 

പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണങ്ങളെ പരിഹസിച്ച അധികൃതര്‍ പക്ഷേ കാര്യക്ഷമത തെളിയിച്ചിട്ടില്ലാത്ത കമ്പനിയെ വന്‍ ദൗത്യം ഏല്‍പിച്ചതിനു മറുപടി പറഞ്ഞതേയില്ല. മൂന്നു ലക്ഷം രൂപ പോലും ചെലവില്ലാത്ത ആപ്പിന്റെ കരാറില്‍ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ചെന്ന പേരില്‍ പ്രതിപക്ഷനേതാവിനെതിരെ സി.പി.എം. സൈബര്‍ വിങും ആക്ഷേപങ്ങള്‍ അഴിച്ചു വിട്ടു. സര്‍ക്കാരിന്റെ ഒരു വന്‍പദ്ധതിക്ക് കരാര്‍ കിട്ടുകയെന്നതിനേക്കാള്‍ ലാഭം ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിക്കു കിട്ടാനില്ലെന്നറിയാതെയായിരുന്നില്ല പ്രചാരണം. സര്‍ക്കാര്‍ മദ്യഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്ത ക്രമീകരണം നടപ്പായില്ല. ഇപ്പോള്‍ നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കില്‍ പോലും ബെവ്ക്യൂ ആപ്പിന്റെ പേരില്‍ അസാധ്യമായ പരസ്യപ്രചാരണമെന്ന നിക്ഷേപം കമ്പനിക്ക് എന്നേക്കും വലിയ മുതല്‍മുടക്കുമായി. പാവം ഉപഭോക്താക്കള്‍ മാത്രം 

ഇപ്പോഴും ആപ്പിന്റെ വഴിക്ക് നെട്ടോട്ടോടുകയും ചെയ്യുന്നു. രണ്ടു മാസത്തോളം മദ്യം കിട്ടാതെ കാത്തിരുന്നവരുടെ അസാധ്യമായ ക്ഷമയും സംയമനവും കൊണ്ടു മാത്രമാണ് സര്‍ക്കാര്‍ ഒരു വലിയ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെട്ടത്. സര്‍ക്കാരിനെ അനുകൂലിക്കുന്ന രാഷ്ട്രീയമുള്ളവരെ ജോലികള്‍ ഏല്‍പിക്കരുതെന്നില്ല. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...