അപായം തൊട്ടരികെ; ഭരണപക്ഷവും പ്രതിപക്ഷവും ഓർക്കേണ്ടത്

parayathevayya
SHARE

കേരളത്തിന്റെ കോവിഡ് പ്രതിരോധപരിപാടികളില്‍ വീഴ്ചയുണ്ടോ? ഉണ്ടെങ്കില്‍ ഏതെല്ലാമാണ് ആ വീഴ്ചകള്‍? അതെങ്ങനെ തിരുത്തണം? കോവിഡ് പ്രതിരോധം കര്‍ക്കശമാക്കാന്‍ ഇനിയും എന്തെല്ലാം നടപടികള്‍ ആവശ്യമുണ്ട്? സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ ഇതാണ്. പക്ഷേ ഈ ചോദ്യങ്ങള്‍ നമ്മള്‍ എവിടെയങ്കിലും കേള്‍ക്കുന്നുണ്ടോ? കോവിഡ് വ്യാപനത്തില്‍ കേരളത്തിലും വിപത്തിന്റെ സൂചനകള്‍ എന്ന മുന്നറിയിപ്പ് നമ്മള്‍ എത്ര ഗൗരവത്തില്‍ കാണുന്നുണ്ട്? കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്  സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള കോവിഡ് പ്രതിരോധ മല്‍സരമല്ല എന്ന് ആരെയാണ് ഇപ്പോള്‍ നമ്മള്‍ ഓര്‍മിപ്പിക്കേണ്ടത്? ഇത്തവണ കൂട്ടിച്ചേര്‍ത്തു തന്നെ പറയേണ്ടതുണ്ട്, കോവിഡ് പ്രതിരോധത്തില്‍ കക്ഷിരാഷ്്ട്രീയം കലര്‍ത്തരുതെന്ന് പ്രതിപക്ഷത്തേക്കാളേറെ ഭരണപക്ഷമാണ് ഓര്‍ക്കേണ്ടത്.

കോവിഡ് പ്രതിരോധത്തില്‍ ഇതുവരെയും കേരളത്തില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ല. പ്രവചിക്കപ്പെട്ട രീതിയില്‍ തന്നെയാണ് വൈറസ് വ്യാപനം സംഭവിച്ചതും നിയന്ത്രിക്കപ്പെട്ടതും അടുത്ത  ഘട്ടം ആരംഭിച്ചിരിക്കുന്നതും. ആരോഗ്യവകുപ്പ് മുന്നില്‍ കണ്ടതുപോലെ തന്നെ ഇതുവരെ കാര്യങ്ങള്‍ പോകുന്നുണ്ട്. പക്ഷേ വന്‍വിപത്ത് തൊട്ടടുത്ത് കാത്തിരിക്കുന്നുവെന്നതും ആ മുന്നൊരുക്കത്തിന്റെ ഭാഗമായുളള  കണക്കുകൂട്ടലാണ്.  ലോകം മുഴുവന്‍ തകര്‍ത്തു കളഞ്ഞ ഒരു വൈറസില്‍ നിന്ന് ഇവിടുത്തെ ജനങ്ങളെ പരമാവധി സംരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തത്തിന് നേതൃത്വം നല്‍കുകയെന്നതാണ് സര്‍ക്കാരില്‍ നിന്ന് ജനത ആവശ്യപ്പെടുന്നത്. അതിനാവശ്യമായ പിന്തുണയും ക്രിയാത്മകനിര്‍ദേശങ്ങളും നല്‍കുകയെന്നതാണ് പ്രതിപക്ഷത്തു നിന്നും പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനം വീണ്ടും ഉയരുകയാണ്. അടുത്തയാഴ്ച മുതല്‍ മഴ തുടങ്ങും. ഇപ്പോഴും രോഗവ്യാപനത്തോത് ഉയര്‍ന്നു നില്‍ക്കുന്ന നാടുകളില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ മടങ്ങിയെത്തും. ജനിതകമാറ്റം സംഭവിച്ചുകൊണ്ടേയിരിക്കുന്ന കോവിഡ് വൈറസിന് കൂടുതല്‍ തീവ്രമാകാന്‍ അനുകൂലമായ കാലാവസ്ഥയാണ് കേരളത്തില്‍ ഒരുങ്ങുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നു. 

 ഒന്നോര്‍ക്കുക, ഇന്നീ നില്‍ക്കുന്ന നിലയെല്ലാം തലകീഴായി മറിയാന്‍ ഒരാളുടെ അശ്രദ്ധ മതി. ഒന്നിച്ചു നിന്നു പരിശ്രമിച്ചില്ലെങ്കില്‍ ഇത് പിടിച്ചാല്‍ കിട്ടില്ല. അപായം തൊട്ടടുത്തുണ്ടെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ തമാശയല്ല. 

അതുകൊണ്ടാണ് ആദ്യത്തെ ചോദ്യം ആവര്‍ത്തിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ചകളുണ്ടോ? നമ്മുടെ പ്രതിപക്ഷം ആ ചോദ്യം ഗൗരവമായി പരിഗണിക്കുക പോലും ചെയ്യാത്തതെന്തുകൊണ്ടാണ്? പരമപ്രധാനമായ ആ ചോദ്യം അവഗണിക്കുന്നതെന്തുകൊണ്ടാണ്? കോവിഡ് പ്രതിരോധത്തേക്കാള്‍ വലിയ പ്രശ്നങ്ങള്‍ മുന്നിലുണ്ട് എന്നതുകൊണ്ടാണോ, അതോ പ്രതിരോധം ഏറ്റവും ഫലപ്രദമാണ് എന്നു നിശബ്ദമായി അംഗീകരിക്കുന്നതുകൊണ്ടാണോ?

പ്രതിപക്ഷം തീരെ അവഗണിച്ചുവെന്നു പറയാനാകില്ല. 

പക്ഷേ ഈ സാഹചര്യത്തിലെ ഏറ്റവും സുപ്രധാനമായ ചോദ്യത്തിലേക്ക് പ്രതിപക്ഷം വേണ്ടത്ര കേന്ദ്രീകരിക്കുന്നില്ല. അല്ലെങ്കില്‍ ഇതിനേക്കാള്‍ പ്രധാനമെന്ന് പ്രതിപക്ഷം കരുതുന്ന പ്രശ്നങ്ങള്‍ വേറെയാണ്. 

പ്രതിപക്ഷത്തിന് എല്ലാ കാര്യങ്ങളിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ട്. ഭരണപക്ഷം കൃത്യമായ മറുപടി നല്‍കാന്‍ ബാധ്യസ്ഥരുമാണ്. പക്ഷേ കോവിഡ് പ്രതിരോധം എന്ന ചരിത്രദൗത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ചോദ്യകര്‍ത്താക്കള്‍ എന്ന നിലയിലേക്ക് ഒതുങ്ങിപ്പോകുന്നത് ശരിയല്ല.

വലിയ ചോദ്യങ്ങളായി അവതരിപ്പിച്ച സ്പ്രിന്‍ക്ളര്‍ കരാര്‍, സാലറി കട്ട്, ഒടുവില്‍ മദ്യത്തിന്റെ ഓണ്‍ലൈന്‍ വിതരണം തുടങ്ങിയവയിലെല്ലാം കോടതി അനുമതിയോടെ സര്‍ക്കാരിന് സുഗമമായി മുന്നോട്ടു പോകാനാണ് വഴിയൊരുങ്ങിയത് എന്നത് പ്രതിപക്ഷം തന്നെ ശ്രദ്ധയോടെ വിലയിരുത്തേണ്ടതാണ്. കോടതി സര്‍ക്കാരിനൊപ്പം നിന്നു എന്നതിനര്‍ഥം സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം പൂര്‍ണമായും ശരിയാണ് എന്നല്ല. പക്ഷേ ഈ സാഹചര്യത്തില്‍ കോടതി സര്‍ക്കാരിന്റെ സദുദ്ദേശത്തില്‍ വിശ്വസിക്കുന്നു എന്നു മാത്രമാണ്. പ്രതിപക്ഷവും അതു മനസിലാക്കേണ്ടതുണ്ട്.

അതിനര്‍ഥം പ്രതിപക്ഷം ഉയര്‍ത്തുന്നതെല്ലാം തെറ്റായ രാഷ്ട്രീയപ്രശ്നങ്ങളാണ് എന്നാണോ? അല്ല. ജനങ്ങളെ ബാധിക്കുന്നതും സര്‍ക്കാര്‍ അവഗണിച്ചതുമായ ഗുരുതരമായ പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മാതൃകകളില്‍ ഒന്നാണ് കേരളം എന്ന് വ്യക്തമായി അംഗീകരിക്കാതെ പ്രതിപക്ഷം എന്തു പറഞ്ഞാലും അതിന് വിശ്വാസ്യത ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. പ്രതിരോധമാതൃകകളില്‍ നമ്മള്‍ മുന്നിലാണ് എന്ന് വ്യക്തമായും സ്പഷ്ടമായും അംഗീകരിക്കുന്നതില്‍ പ്രതിപക്ഷത്തിന് എന്താണ് തടസം? അത് സാധ്യമാക്കിയത് സര്‍ക്കാരിന്റെ മാത്രം മികവാണോ? അതിന്റെ നേട്ടം സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണെന്ന് പ്രതിപക്ഷം കരുതുന്നുണ്ടോ? ഈ ആശയക്കുഴപ്പത്തില്‍ കുരുങ്ങി പ്രതിപക്ഷം വലയുന്നതിന്റെ നഷ്ടം കേരളത്തിലെ ജനാധിപത്യരാഷ്ട്രീയത്തിനാണ്. കാസര്‍കോട്ടും വാളയാറിലുമുണ്ടായ വീഴ്ചകള്‍ പോലും ശരിയായ പ്രാധാന്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് പ്രതിപക്ഷം രാഷ്ട്രീയവിശ്വാസ്യതയില്‍ സ്വയം ഏല്‍പിച്ച പരുക്കുകള്‍ കാരണമാണ്.

കോവിഡ് പ്രതിരോധം അട്ടിമറിക്കുന്നതിന് പ്രതിപക്ഷം നടത്തിയ ഗൂഢാലോചന എന്ന് സി.പി.എം കണ്ടെത്തിയ വാളയാര്‍ വിവാദത്തില്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്? മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ അതിര്‍ത്തി വഴി കടന്നു വന്നു തുടങ്ങിയ ആദ്യദിവസം മുതല്‍ പല തരം പ്രശ്നങ്ങള്‍ വാളയാര്‍ അതിര്‍ത്തിയിലുണ്ടായിരുന്നു. ഇതുപോലൊരു അസാധാരണസാഹചര്യത്തില്‍  അത് സ്വാഭാവികവുമാണ്. ആദ്യദിവസങ്ങളില്‍  മടങ്ങിയെത്തുന്നവര്‍ക്കായി വാളയാറില്‍  16 കൗണ്ടറുകളാണുണ്ടായിരുന്നത്.  രണ്ടെണ്ണം കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്കു മടങ്ങുന്നവര്‍ക്കായിരുന്നു. മടങ്ങിയെത്തുന്നതിനായി മൂവായിരം പേര്‍ക്കാണ് ആദ്യദിവസങ്ങളില്‍ പാസ് നല്‍കിക്കൊണ്ടിരുന്നത്. മടങ്ങിയെത്തുന്നവരുടെ ശരീരോഷ്മാവും പാസും വാഹനനമ്പറും പരിശോധിക്കും. ഇവര്‍ എങ്ങോട്ടാണോ പോകുന്നത് അവിടത്തെ തദ്ദേശ–ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കും. രേഖകളുമായി പഞ്ചായത്ത് അംഗത്തെയോ ആരോഗ്യപ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചശേഷം കടത്തിവിടും. അതാണ് വാളയാറില്‍ നിലവിലുണ്ടായിരുന്ന രീതി. എന്നാല്‍ എട്ടാം തീയതി ഉച്ചയോടെ പ്രശ്നമായി. വാളയാറില്‍ വന്‍തിരക്കായി. പാസില്ലാത്തവര്‍ കൂടുതലായി വാളയാറിലെത്തി, ആകെ പ്രശ്നമായി. തുടര്‍ന്ന് വൈകിട്ടാവുമ്പോഴേക്കും എട്ട് കൗണ്ടറുകള്‍ കൂടി കൂടുതലായി ഇട്ടു. 340 പേരെ സാങ്കേതികപ്രശ്നം പരിഹരിച്ച് കടത്തിവിട്ടു. ആദ്യദിവസങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ പോലും ആശയക്കുഴപ്പമുണ്ടായിരുന്നു എന്നോര്‍ക്കുക. പുറപ്പെട്ടയിടത്തെ പാസില്ലാതെ വന്നവര്‍, തീയതികളില്‍ പൊരുത്തക്കേടുള്ളവര്‍, ഒരു സംഘത്തില്‍ ചിലര്‍ക്കു മാത്രം പാസ് ലഭിക്കാതെ വന്നത് തുടങ്ങിയ പ്രശ്നങ്ങളായിരുന്നു കൂടുതലും ഇവിടെ പരിഹരിക്കപ്പെട്ടത്.  9ാം തീയതിയായപ്പോള്‍ എന്നാല്‍ ഈ ഹെല്‍പ് ഡെസ്ക് ആയി പ്രവര്‍ത്തിക്കുന്ന 8 കൗണ്ടറുകളും സര്ക്കാര്‍ നിര്‍ത്തി. നിര്‍ദേശിക്കപ്പെട്ട രീതിയില്‍ പാസുകള്‍ എടുക്കാതെ വരുന്നവര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതോടെ വാളയാര്‍ അതിര്‍ത്തിയില്‍ ആകെ പ്രശ്നമായി. ഒന്‍പതാം തീയതി മുതല്‍ ഒരു കുടുംബമായി വന്നവരിലും ഒരു സംഘമായി വന്നവരിലും ചിലര്‍ക്കു മാത്രം പാസില്ലാത്ത അവസ്ഥയുണ്ടായി.  പല വാഹനങ്ങളിലായി എങ്ങനെയെങ്കിലും അതിര്‍ത്തി വരെയെത്തിയവരും കുടുങ്ങി.. സര്‍ക്കാര്‍ സംവിധാനങ്ങളോ വാഹനങ്ങളോ ഇല്ലാതെ  ആഴ്ചകളായി മറ്റു നാടുകളില്‍ കുടുങ്ങിയ മനുഷ്യര്‍ വല്ലവിധേനയും നാട്ടിലേക്കെത്താന്‍ ശ്രമിക്കുമ്പോഴാണ് ഈ പ്രശ്നമുണ്ടായത്. 

സാഹചര്യം രൂക്ഷമായതോടെയാണ് ജനപ്രതിനിധികള്‍ വാളയാറിലെത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ മനുഷ്യര്‍ക്ക് അത് എത്തിച്ചു കൊടുക്കുകയും ചെയ്തു. വൈകിട്ട് 5 മണിയോടെ എം.പിമാരായ രമ്യ ഹരിദാസും, ടി.എന്‍.പ്രതാപനും, എം.എല്‍.എമാരായ അനില്‍ അക്കരയും ഷാഫി പറമ്പിലും സ്ഥലത്തെത്തി. അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന ജനങ്ങള്‍ കൂട്ടമായി അവരോട് പരാതി ബോധിപ്പിക്കാനുമെത്തി. ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും മന്ത്രിമാരോടും ചീഫ് സെക്രട്ടറിയോടും സംസാരിച്ചു. പരിഹാരത്തിന് ശ്രമിച്ചു.  എന്നാല്‍ പാസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ വീണ്ടും പ്രതിസന്ധിയായി.  മന്ത്രിമാരായ എ.കെ.ബാലനും കെ.കൃഷ്ണന്‍ കുട്ടിയും വല്ല വിധേനയും പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തി.  ഇവര്‍ ഇടപെട്ട് കോയമ്പത്തൂര്‍ കലക്ടര്‍ വഴി തമിഴ്നാട്ടില്‍ തന്നെ ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയാണ് സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ളവരെ മാറ്റിയത്. . അന്ന് രാത്രി തന്നെ കോടതി കേസ് പരിഗണിക്കുന്നു. ഒന്‍പതാം തീയതി കോടതി ഇടപെടല്‍ കൂടി ഉണ്ടായതോടെ സര്‍ക്കാര്‍ 9,10 തീയതികളില്‍ എത്തിയവരെ പാസ് നല്‍കി കടത്തിവിടുന്നു. പാസില്ലാതെ ആളുകള്‍ അതിര്‍ത്തിയില്‍ എത്തുന്നുവെന്ന ഒറ്റവാചകത്തില് സംസ്ഥാനസര്‍ക്കാര്‍ ഒഴിഞ്ഞു മാറിയത് തീര്‍ത്തും തെറ്റായ സമീപനമാണ്. . മറ്റു സംസ്ഥാനങ്ങളില്‍ അടിസ്ഥാനജോലി ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകള്‍ മറ്റുള്ളവരുടെ കൂടി സഹായത്തോടെയാണ് പാസിന് അപേക്ഷിക്കുന്നതും കിട്ടിയ പാസിലെ പ്രശ്നങ്ങള്‍ അറിയാതെ വാളയാറിലേക്കെത്തിയതും. സ്വന്തം വാഹനമുള്ള, വിദ്യാസമ്പന്നരായ, സാങ്കേതികപരിജ്ഞാനമുള്ളവര്‍ ഒരു പ്രയാസവുമില്ലാതെ അതിര്‍ത്തി കടന്നു പോരുന്നു. ഒപ്പം ആദ്യദിവസങ്ങളിലുണ്ടായിരുന്ന സ്വാഭാവികആശയക്കുഴപ്പവും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. 

വാളയാറിലുണ്ടായ സാഹചര്യം സര്‍ക്കാര്‍ മനസിലാക്കിയില്ല.  ഇടപെട്ടില്ല. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതിനപ്പുറവും ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം എന്ന് അംഗീകരിക്കാന്‍ തന്നെ കൂട്ടാക്കിയില്ല. പാസില്ലാതെ വന്നു എന്ന ഒറ്റ ന്യായത്തില്‍ സര്‍ക്കാര്‍ വന്നെത്തിയ മലയാളികളുടെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറി. എങ്ങനെ പാസില്ലാതെ ആളുകള്‍ അതിര്‍ത്തിയിലെത്തി. എന്താണ് അവരുടെ സാഹചര്യം എന്ന് സംസ്ഥാനസര്‍ക്കാരല്ലാതെ മറ്റാരാണ് വിലയിരുത്തേണ്ടത്. സഹായം ആവശ്യമുള്ളവരെ സര്‍ക്കാര്‍ അല്ലാതെ ആരാണ് സഹായിക്കേണ്ടത്? സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടച്ചാല്‍ അത് തിരുത്തേണ്ടതും അവരെ സഹായിക്കാനെത്തേണ്ടതും ജനപ്രതിനിധികളല്ലാതെ മറ്റാരാണ്? അങ്ങനെ ഇടപെടുന്ന ജനപ്രതിനിധികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയല്ല. പ്രതിപക്ഷത്തു നിന്നുള്ള ജനപ്രതിനിധികളെ ശത്രുപക്ഷത്തു നിര്‍ത്തുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ഏതു മുന്നണിയായാലും പഞ്ചായത്ത് അംഗം മുതല്‍ മുഖ്യമന്ത്രി വരെ ഓരോ ജനപ്രതിനിധിയും പരമാവധി പങ്കാളിത്തത്തോടെ ഇടപെട്ടാല്‍ മാത്രമേ ഈ ദൗത്യം വിജയിപ്പിക്കാനാകൂ. 

വാളയാറില്‍ മാത്രമല്ല, എവിടെയായാലും  ആളുകള്‍ കൂട്ടം കൂടുന്നതൊഴിവാക്കാനും മതിയായ വ്യക്തിസുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാനും ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ട്.  പ്രത്യേകിച്ച് കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുമായി ഇടപെടുമ്പോള്‍. കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടപഴകിയെങ്കില്‍ അതിലൊരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചുവെങ്കില്‍ സ്വാഭാവികമായും ആ മേഖലയിലുണ്ടായിരുന്ന എല്ലാവരും ക്വാറന്റീനില്‍ പോകണം. 

എന്നാല്‍ വിദേശത്തു നിന്നെത്തി പിന്നീട് കോവിഡ് ബാധിതരായവരെ സന്ദര്‍ശിച്ച  മന്ത്രി എ.സി.മൊയ്തീനെയും തൃശൂര്‍ ജില്ലാ കലക്ടറെയും ക്വാറന്റീനിലാക്കാന്‍ നിര്‍ദേശവുമുണ്ടായില്ല. .യു.ഡി.എഫ് നേതാക്കള്‍ ക്വാറന്റീനിലായതുകൊണ്ടു മാത്രമാണ് മന്ത്രിയും ക്വാറന്റീന്‍ പാലിക്കാന്‍ തയാറായത് എന്നതും ചര്‍ച്ചയാകേണ്ട കാര്യമാണ്. ജനപ്രതിനിധികള്‍ക്ക് ആരോഗ്യവകുപ്പിന്റെ പൊതുനിര്‍ദേശങ്ങള്‍ ബാധകമല്ലേ? നെന്‍മാറ എം.എല്‍.എ കെ.ബാബുവും നിര്‍ദേശത്തോട് ആദ്യം പ്രതികരിച്ചത് സമ്പര്‍ക്കമുണ്ടായിട്ടില്ല, നിരീക്ഷണത്തില്‍ പോകേണ്ടതില്ല എന്നാണ്്. ഇതിനു മുന്‍പ് ഇ.എസ്.ബിജിമോള്‍ എം.എല്‍.എയും നിരീക്ഷണ നിര്‍ദേശത്തോട് നിഷേധാത്മകമായാണ് പ്രതികരിച്ചത്. 

പക്ഷേ ബിജിമോള്‍ എം.എല്‍.എ പിന്നീട് 14 ദിവസം ക്വാറന്റീന്‍ പാലിച്ചു. കാസര്‍കോട്ടെ രണ്ട് എം.എല്‍.എമാര്‍ 

ആദ്യഘട്ടത്തില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചതാണ്.  ഇപ്പോള്‍ കേരളത്തിന്റെ മുന്‍കരുതലിനെയും കര്‍ശനനടപടികളെയും നിരന്തരം വിമര്‍ശിക്കുന്നുണ്ടെങ്കിലും കേന്ദ്രസഹമന്ത്രി വി.മുരളീധരനും സമ്പര്‍ക്കസാധ്യത ഉയര്‍ന്നപ്പോള്‍ തന്നെ ക്വാറന്റീന്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയില്ല. ​ഞങ്ങള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല എന്ന് ഒരു നേതാവിനും സ്വയം തീരുമാനിക്കാനാവില്ല. ഭരണപക്ഷനേതാക്കള്‍ക്കായി പ്രത്യേക ആരോഗ്യചട്ടങ്ങളുമില്ല. വ്യക്തിപരമായ സുരക്ഷമാത്രമല്ല പ്രശ്നം. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുമായി ഇടപെടുന്നവരാണ് പൊതുപ്രവര്‍ത്തകര്‍. രോഗസാധ്യത മാത്രമല്ല, രോഗവാഹകരാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ആളുകള്‍ ക്വാറന്റീന്‍ കൃത്യമായി പാലിക്കണം എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിഷ്കര്‍ഷിക്കുന്നത്. കൂട്ടം കൂടുന്നത് ഇപ്പോള്‍ പോലും നിയമപരമായി കുറ്റകരമാണ് എന്നിരിക്കേ മന്ത്രിമാര്‍ തന്നെ അത്തരം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതും പങ്കെടുക്കുന്നതും ന്യായീകരണമില്ലാത്ത വീഴ്ചകളാണ്. മന്ത്രി വി.എസ്.സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും മുന്‍പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിയുമൊക്കെ കേരളത്തിനു മുന്നിലുണ്ട്. 

ആരെയും അകത്തിരുത്താനല്ല, എല്ലാവരെയും സ്വതന്ത്രമായി പുറത്തിറക്കാനാണ് നമ്മളീ പാടുപെടുന്നത്. പക്ഷേ പൊതുപ്രവര്‍ത്തകര്‍ ഈ ഘട്ടത്തില്‍ അകത്തിരിക്കേണ്ടി വരുന്നത് അവര്‍ തന്നെ ഒഴിവാക്കേണ്ടതാണ്. ഇടപെടുന്നിടത്തെല്ലാം മാതൃകാപരമായ അകലം പാലിക്കണം. രോഗസാധ്യതയുള്ളവരില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കേണ്ടവരാണ് പൊതുപ്രവര്‍ത്തകര്‍. ഈ നിര്‍ണായകഘട്ടത്തില്‍ ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ നേതാക്കള്‍ വീട്ടിലിരിക്കേണ്ടി വരരുത്. പക്ഷേ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നു ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ തന്നെ അക്കാര്യം പാലിച്ചോയെന്നതും പരിശോധിക്കേണ്ടതാണ്. 

ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രോഗബാധിതനായപ്പോള്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണിത്. രോഗബാധിതനാണെന്ന് അറിയുന്നതിനു മുന്‍പ് ലോക്ക്ഡൗണ്‍ പോലും നിലവില്‍ വരും മുന്‍പ് എ.പി.ഉസ്മാന്‍ പുറത്തിറങ്ങി നടന്നത് വലിയ അപരാധമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് കോവിഡിന്റെ ഭീകരത കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാവുന്ന ഘട്ടത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രാദേശികനേതാവ് ബോധപൂര്‍വം വരുത്തിവച്ച വിനയെക്കുറിച്ച് മുഖ്യമന്ത്രിക്കോ അനുയായികള്‍ക്കോ ഒന്നും പറയാനില്ല. തെറ്റായിപ്പോയി, ന്യായീകരിക്കുന്നില്ല, തള്ളിപ്പറയുന്നു എന്നൊക്കെ പറയുന്നതുപോലും പാടുപെട്ടാണ്. രോഗപ്രതിരോധത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഇത്തരത്തില്‍ ബോധപൂര്‍വം വീഴ്ചകള്‍ വരുത്തിയ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്താനുകൂല്യമാണ് അര്‍ഹിക്കുന്നത്? കോവിഡ് സാന്ദ്രത കൂടുതലുള്ള മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ അതിര്‍ത്തിയില്‍ പോയി കൂട്ടിക്കൊണ്ടുവന്നയാള്‍ സ്വയം ക്വാറന്റീനില്‍ പോകേണ്ടതാണ്. പക്ഷേ നിരീക്ഷണത്തിലിരുന്നില്ലെന്നു മാത്രമല്ല, ജില്ലാ ആശുപത്രിയടക്കം പല പ്രധാനകേന്ദ്രങ്ങളിലും അദ്ദേഹം സ്വതന്ത്രമായി ഇടപഴകി. ഇതിനോടകം ഭാര്യക്കും രണ്ടു മക്കള്‍ക്കും ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫര്‍ക്കും രോഗം വന്നുകഴിഞ്ഞു. 80 പേരെങ്കിലും നിരീക്ഷണത്തിലാണ്. രോഗവ്യാപനം വരുത്തിവയ്ക്കാന്‍ വാളയാറില്‍ കോണ്‍ഗ്രസ് മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയെന്നാരോപിക്കുന്ന സി.പി.എമ്മും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു. അപ്പോള്‍  രാഷ്ട്രീയസാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ ഭരണപക്ഷവും സംശയിച്ചിട്ടില്ല എന്നത് വ്യക്തമാണ്. പക്ഷേ അപ്പോഴും ഇതേ മുഖ്യമന്ത്രി തന്നെ കടുത്ത പ്രകോപനമുണ്ടാക്കുന്ന ആരോപണങ്ങള്‍ക്കു മുന്നില്‍ സംയമനം പാലിച്ചിട്ടുമുണ്ട്

ഈ ആരോപണപ്രത്യാരോപണങ്ങള്‍ക്കു പകരം കേരളത്തില്‍ മറിച്ചൊരു അവസ്ഥയുണ്ടായിരുന്നെങ്കില്‍ എന്ന് സങ്കല്‍പിച്ചു നോക്കിയിട്ടുണ്ടോ? സര്‍ക്കാര്‍  രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായി ഇടപെടുന്നു. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചും ബോധവല്‍ക്കരണത്തില്‍ ഒപ്പം നിന്നും പ്രതിപക്ഷം മാതൃക കാണിക്കുന്നു. പ്രവാസികള്‍ കൂടുതലുള്ള കേരളത്തിന് കൂടുതല്‍ യാത്രാക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി കേന്ദ്രത്തില്‍ ഒപ്പം നില്‍ക്കുന്നു. ഇതിനോടകം ശ്രദ്ധേയമായ കേരളമാതൃക എത്രമാത്രം വികസിപ്പിച്ചെടുക്കാന്‍ നമുക്ക് സാധിക്കുമായിരുന്നു. ഇനിയാണെങ്കില്‍ പോലും മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് ആര്‍ജിത പ്രതിരോധമുണ്ടാകുമെങ്കില്‍ അതിജീവിക്കട്ടെ എന്നു കരുതി ജനജീവിതം തുറന്നു കൊടുക്കണോ, അതോ ഇനിയും സാധ്യമാകുന്നത്ര ഇതുവരെ പിന്തുടര്‍ന്ന ഫലപ്രദമായ മാതൃക തുടരണോ എന്നതാണ് ആരോഗ്യവകുപ്പിനു മുന്നിലുള്ള വെല്ലുവിളി. 

പ്രതിപക്ഷം തന്നെ വ്യക്തമായും കൃത്യമായും ചൂണ്ടിക്കാണിക്കേണ്ട ചില വീഴ്ചകള്‍ ഇതിനോടകം തന്നെ മൂന്നാം ഘട്ട പ്രതിരോധത്തിലുണ്ടായിട്ടുണ്ട്. എപ്രില്‍ 26ന് വയനാട്ടില്‍  കോയമ്പേടു നിന്ന് മടങ്ങിയെത്തിയ ട്രക്ക് ഡ്രൈവറെ കൃത്യമായി നിരീക്ഷണത്തിലാക്കാനായിരുന്നെങ്കില്‍ വയനാട് ജില്ലയില്‍ ഇപ്പോഴുണ്ടായ രോഗവ്യാപനം ഒഴിവാക്കാനാകുമായിരുന്നു. 15 പേര്‍ക്കാണ് ഈ ട്രക്ക് ഡ്രൈവറില്‍ നിന്നു ഇതേ വരെ രോഗം പകര്‍ന്നത്. രണ്ടാം തല സമ്പര്‍ക്കപ്പട്ടികയില്‍ ജില്ലാ പൊലീസ് മേധാവി പോലും ക്വാറന്റീനില്‍ പോകേണ്ടിവന്നു. പൊലീസ് സേനയും ജനങ്ങളുമെല്ലാം മുള്‍മുനയിലായ സാഹചര്യമുണ്ടായി. ഏപ്രില്‍ 26ന് ജില്ലയിലെത്തിയ ഡ്രൈവര്‍ 29ാം തീയതി പരിശോധനയ്ക്കു വിധേയനായി മെയ് 2ന് ഫലം വരുന്നതുവരെ സ്വതന്ത്രമായി ഇടപഴകുന്ന സാഹചര്യമുണ്ടായത് എങ്ങനെയാണ്? അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന ഡ്രൈവര്‍മാര്‍ക്ക് അന്ന് അത്ര കര്‍ശക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദീകരണം

ആദ്യദിവസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ നേരെ വീടുകളിലേക്കു പോയ സാഹചര്യമുണ്ടായതെങ്ങനെയെന്നതും ചോദ്യമാണ് . വാളയാറില്‍ തന്നെ 9ാം തീയതി ആളുകള്‍ കൂട്ടം കൂടിയതിന്റെ പേരില്‍ നേതാക്കളടക്കം 

 ഇരുന്നൂറിലേറെ പേര്‍ ക്വാറന്റീനില്‍ പോയ സാഹചര്യമുണ്ടായെങ്കില്‍ അതിനു പോലും മറുപടി പറയേണ്ടത് തീരുമാനമെടുക്കുന്നത് വൈകിച്ച ഭരണനേതൃത്വമാണ്. പാസില്ലാതെ വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റീനിലാക്കും എന്ന് ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയ സര്‍ക്കാര്‍ തന്നെ 

അതു പോലും പരിഗണിക്കാതെ കടത്തിവിടില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് കോവിഡ് ബാധിതനടക്കം കൂട്ടം കൂടുന്ന സാഹചര്യം വാളയാറിലുണ്ടായത്. പക്ഷേ ഈ വീഴ്ചകളൊന്നും മനഃപൂര്‍വമല്ലെന്നു ജനങ്ങള്‍ ഉള്‍ക്കൊള്ളും. ഈ ഘട്ടത്തിലുണ്ടാകുന്ന  വീഴ്ചകള്‍ ആഘോഷിക്കാനുള്ളതല്ല, തിരുത്താനും പരിഹരിക്കാനുമുള്ളതാണ്. കാരണം പ്രതിരോധദൗത്യം ഇപ്പോഴും  അതിനിര്‍ണായകഘട്ടത്തിലാണ്. 

കേരളത്തിലേക്ക് മടങ്ങിയെത്തേണ്ടവരെ കൊണ്ടുവരാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല എന്ന രാഷ്ട്രീയ ആരോപണത്തിലേക്ക് പ്രതിപക്ഷം എത്തുമ്പോഴാണ് പ്രശ്നം. ഇതുവരെ ഫലപ്രദമായി കൊണ്ടുപോകാനായ പ്രതിരോധപരിപാടിയനുസരിച്ച് ഒരു സമയക്രമം സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. ഓരോ ദിവസവും എത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കി നിരീക്ഷണകേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയെന്നത് ശ്രമകരമായ അധ്വാനം ആവശ്യമുള്ളതാണ്. അതിനാല്‍ ആരോഗ്യവകുപ്പ് തന്നെ പ്രവാസികളുടെ മടങ്ങിവരവിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും കര, കടല്‍, വ്യോമമാര്‍ഗത്തില്‍ വരുന്നവരുടെ എണ്ണം നിജപ്പെടുത്തുകയും പരമാവധി പരിശോധിക്കാനാവുന്നവരുടെ എണ്ണമനുസരിച്ച് ക്രമീകരിക്കുകയും വേണമെന്ന് വ്യക്തമായി പറയുന്നത് ആരോഗ്യമന്ത്രിയാണ്. അതും ഫലപ്രദമായി തന്നെ മുന്നോട്ടു കൊണ്ടുപോകുകയാണ് കേരളം. അതിനിടെ ഞങ്ങള്‍ വേണമെങ്കില്‍ എല്ലാ വിമാനങ്ങളിലും കൂടി ആളുകളെ കൊണ്ടുവരാം. എല്ലാ ട്രെയിനും ഒന്നിച്ചോടിച്ച് ആളുകളെ ഒന്നിച്ച് തിരിച്ചെത്തിക്കണം എന്നൊക്കെ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നത് ബാലിശമാണ്. കാത്തിരിക്കുന്നവരില്‍ അവിശ്വാസവും അസ്വസ്ഥതയും സൃഷ്ടിച്ച് മുതലെടുപ്പിനു ശ്രമിക്കുന്നത് തീര്‍ത്തും തെറ്റായ സമീപനവുമാണ്. കേരളത്തില്‍ ഇതുവരെ കര്‍ശന നിയന്ത്രണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത സുരക്ഷ മടങ്ങിവരുന്നവര്‍ക്കും ഉറപ്പാക്കേണ്ടതാണ്. മടങ്ങിവരുന്നവരും ഇവിടെയുള്ളവരും ആ സുരക്ഷയില്‍ സമാധാനിക്കാവുന്ന സാഹചര്യമുണ്ടാകണമെങ്കില്‍ ആരോഗ്യവകുപ്പിന്റെ ചിട്ടയായ ക്രമീകരണങ്ങള്‍ക്ക് അവസരം കൊടുക്കണം. അതല്ലാതെ എല്ലാവരെയും ഒന്നിച്ച് എങ്ങനെയെങ്കിലും ഇവിടെയെത്തിച്ച് കേരളത്തിന്റെ ശേഷി ഒന്നു കാണട്ടെ എന്ന സമീപനം ശത്രുതാപരമാണ്. 

ഏറ്റവും മികവു പ്രകടിപ്പിക്കുമ്പോള്‍ മികച്ചത് എന്ന് പറഞ്ഞാലേ ഏറ്റവും മോശമാകുമ്പോള്‍ പറയുന്നതും ജനം വിശ്വസിക്കൂ.  പ്രതിസന്ധി ഘട്ടത്തില്‍ വിശ്വാസ്യത വളരെ വിലയേറിയ ഘടകമാണ്. കേരളം ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് മുന്നില്‍. വൈറസിന് തിര‍ഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല. വൈറസിന്റെ തിരഞ്ഞെടുപ്പിന് കേരളത്തെ വിട്ടുകൊടുക്കാതിരിക്കുകയെന്നത് ഭരണപ്രതിപക്ഷഭേദമില്ലാതെ നിര്‍വഹിക്കപ്പെടേണ്ട ദൗത്യമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...