വൈറസ് കേരളം വിട്ടുപോയിട്ടില്ല; ജയിച്ചെന്ന ഭാവത്തില്‍ അലസരാവരുത്

parayathe-covid
SHARE

കോവിഡ് പോരാട്ടത്തില്‍ നമ്മള്‍ അടുത്ത ഘട്ടത്തില്‍. ഇത് തീരാറായില്ലേ എന്നാണോ? ധൃതി പാടില്ലെന്നാണ് ശാസ്ത്രം ലോകത്തോടു പറയുന്നത്. കോവിഡ് കാലത്തിനു മുന്‍പും ശേഷവും എന്ന് ലോകം മാറുകയാണ്.  ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെങ്കിലും അതിന് തയാറാവുക. ജീവിതം അതിനനുസരിച്ച് മാറ്റിയെടുക്കുക. അതൃപ്തിയും അക്ഷമയും തോന്നുമ്പോള്‍ കോവിഡില്‍ ജീവന്‍ പോയ ലക്ഷങ്ങളെയോര്‍ക്കുക. ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് നന്ദിയോടെ സ്വയം തിരിച്ചറിയുക. അതിജീവിക്കാന്‍ ഇനിയും നമ്മള്‍ പാലിക്കേണ്ടതെന്തെന്ന് സ്വയം അന്വേഷിച്ചറിയുക. ഈ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളാവുക. രോഗപ്രതിരോധത്തില്‍ രാജ്യത്തിനും ലോകത്തിനും മാതൃക തീര്‍ത്ത കേരളത്തില്‍ വലിയ രാഷ്ട്രീയവിവാദങ്ങളും ചൂടുപിടിച്ചു. അതും ഒരു കേരളാ മോഡലാണെന്ന് സമാധാനിക്കാന്‍ ശ്രമിക്കണോ, അതോ ഈ കോവിഡ് കാലത്ത് ഈ മോഡലും തിരുത്തപ്പെടണോ?   

രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം ‌കടന്നു. ലോകത്ത് 28 ലക്ഷവും. രാജ്യം അടച്ചു പൂട്ടലില്‍ ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇന്ത്യയില്‍ രോഗവ്യാപനം എങ്ങനെ പോകുമെന്നത് ഇപ്പോഴും ആശങ്കയാണെങ്കിലും ഇങ്ങനെയെങ്കിലും പിടിച്ചു നിര്‍ത്താനായത് ലോക്ക് ഡൗണ്‍ ഒന്നു കൊണ്ടു മാത്രമാണെന്നത് യാഥാര്‍ഥ്യം. പ്രധാനമന്ത്രി മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 500 നടുത്ത് കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ അത് 25000 കടന്നിരിക്കുന്നു. കേസുകളുടെ എണ്ണം മുന്‍പത്തേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുകയാണ്. പക്ഷേ ആശ്വാസകരമായ കാര്യം  രോഗവ്യാപനത്തോതിലുള്ള ഇടിവാണ്. മാര്‍ച്ച് 24ന് അതായത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരു ദിവസം ശരാശരി 22 ശതമാനത്തിനടുത്ത് വര്‍ധന രോഗവ്യാപനത്തിലുണ്ടായെങ്കില്‍ ഏപ്രില്‍ 25ന് ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ദൈനംദിന വര്‍ധന 8 ശതമാനത്തില്‍ ഒതുങ്ങിയിരിക്കുന്നു. മാര്‍ച്ച് 24ന്റെ അതേ വേഗത്തില്‍ വര്‍ധനയുണ്ടായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷത്തില്‍ പരം കേസുകളുണ്ടാകുമായിരുന്നു. അവിടെ കാല്‍ലക്ഷത്തിലൊതുങ്ങിയത് ലോക്ക്ഡൗണ്‍ ഒന്നു കൊണ്ടു മാത്രമാണ്.  133 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്തിന് ഒരു സാഹസിക പരീക്ഷണത്തിനുള്ള ഒരു സാധ്യതയും മുന്നിലില്ല. അതുകൊണ്ടു തന്നെ മെയ് 3ന് പ്രഖ്യാപിച്ച ലോക് ഡൗണ്‍ തീരുന്നതോടെ എല്ലാം സാധാരണനിലയിലാകുമെന്ന പ്രതീക്ഷ വേണ്ട. പകരം ജീവന്‍ സുരക്ഷിതമായിരിക്കുന്നുവല്ലോ എന്ന പ്രത്യാശയില്‍ കുറച്ചു കാലത്തേക്കെങ്കിലും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറെടുക്കാം.  

സാധാരണക്കാരുടെ ജീവിതാവസ്ഥകള്‍ മനസിലാക്കി കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ട്. ചെറിയ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയായി. 50 ശതമാനം ജീവനക്കാരുമായി അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. പക്ഷേ സുപ്രധാന വസ്തുത ലോക്ക്ഡൗണായിട്ടു പോലും ദിവസവും ശരാശരി 8 ശതമാനം കേസുകള്‍ വര്‍ധിക്കുന്നുവെങ്കില്‍ അടുത്ത ആഴ്ച അവസാനമാകുമ്പോഴേക്കും ഇന്ത്യ നാല്‍പതിനായിരം കേസില്‍ എത്തും. മേയ് മാസം അവസാനിക്കുമ്പോഴേക്കും അത് രണ്ടര ലക്ഷം കടക്കും. 

അതിനിടെ നമ്മള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം തീരും. ജനങ്ങള്‍ പുറത്തിറങ്ങും. അകത്തിരുന്നിട്ടും ഇത്രയും വര്‍ധനയുണ്ടെങ്കില്‍ എത്രയും വേഗം പഴയ പടി എന്നല്ല, എത്ര കാത്തിരുന്നാലും രോഗഭീഷണിയൊഴിഞ്ഞ കാലം എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. പറയുന്നതുപോലെ എളുപ്പമല്ല, അറിയാം. എന്നും വരുമാനമില്ലാതെ വീട്ടിലിരിക്കാനാവില്ല. പുറത്തിറങ്ങണം. ജീവിതം മുന്നോട്ടു പോകണം. പക്ഷേ വൈറസ് ഒപ്പമുണ്ടെന്ന ബോധ്യത്തിലേ പുറത്തിറങ്ങാവൂ. കോവിഡ് ചുറ്റിലുമുണ്ടാകാം. പക്ഷേ ഞാന്‍ സ്വയം രക്ഷിക്കും എന്നു തീരുമാനിച്ചേ പറ്റൂ. ഓരോ മനുഷ്യനും അതു പാലിക്കുന്നിടത്തു മാത്രമേ നമുക്ക് അതിജീവിക്കാനാകൂ.  

കോട്ടയം മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവി ഡോ.സജിത് കുമാര്‍ പറയുന്ന ഈ വാചകങ്ങള്‍ ആപ്തവാക്യമായി സ്വീകരിക്കുക. ലോകത്തില്‍ എല്ലാവര്‍ക്കും കോവിഡ് ബാധിച്ചേക്കാം. പക്ഷേ എനിക്ക് രോഗം വരാതെ എങ്ങനെ സൂക്ഷിക്കാം? എത്രയാവര്‍ത്തിച്ചാലും മടുക്കാതെ വീണ്ടും വീണ്ടും കേട്ട് ഉറപ്പു വരുത്തുക, ആരോഗ്യസുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. കൈകള്‍ ശുദ്ധമാക്കുക, മാസ്ക് ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക. പൊതു ഇടങ്ങളില്‍ നിന്ന് സാധ്യമാകുന്നത്ര വിട്ടു നില്‍ക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. ഇറങ്ങും മുന്‍പ് അത് അത്യാവശ്യം തന്നെയാണോ എന്ന് ഒന്നുകൂടി ആലോചിച്ചു തീരുമാനിക്കുക.  

വൈറസ് കേരളം വിട്ടുപോയിട്ടില്ല. വിട്ടുപോയെന്നു നമ്മള്‍ ആശ്വസിച്ച ഇടുക്കിയിലും കോട്ടയത്തും എങ്ങനെ തിരിച്ചുവന്നുവെന്നു കാണുക. കോവിഡിനെ പൂര്‍ണമായും തുരത്തുകയെന്നത് അത്ര നിസാരമല്ല. പക്ഷേ അസാധ്യവുമല്ല. കോവിഡ് എവിടെയുമുണ്ട് എന്ന മുന്‍കരുതലോടെയേ ഇനിയും ഏറെക്കാലം നമുക്ക് ജീവിക്കാനാകൂ. അതിനിടയില്‍ ആശ്രയമില്ലാത്ത ഭൂരിഭാഗം മനുഷ്യരുടെയും ജീവിതം വലിയ പ്രയാസങ്ങളിലായിപ്പോകുമെന്നു നമ്മള്‍ കാണണം. അപരനോടും കരുതലില്ലാതെ ഇനിയൊരു സാമൂഹ്യജീവിതം സാധ്യമല്ല. ജീവിതത്തിന് ഇതു വരെ നിശ്ചയിച്ചിരുന്ന ബാലന്‍സ് ഷീറ്റ് മാറ്റിയെഴുതണം. ലാഭനഷ്ടങ്ങളുടെ പഴയ തുലാസുകള്‍ തൂക്കം മാറ്റിപ്പണിയണം.  

ഇടുക്കിയിലും കോട്ടയത്തും പടികടത്തിവിട്ടുവെന്ന ആശ്വാസത്തിലേക്കു കോവിഡ് വീണ്ടും ആശങ്കയായെത്തി. കോട്ടയത്ത് തിരക്കേറിയ ചന്തയില്‍ പ്രവര്‍ത്തിച്ചിരുന്ന ലോഡിങ് തൊഴിലാളി. ഇടുക്കിയില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ നാലു പേര്‍. കോവിഡിന്റെ സ്വഭാവം അങ്ങനെയാണ്. ഏതു വഴിയും തിരിച്ചു വരാം. ഏതു നേരത്തും എവിടെയും രോഗസാധ്യതയുണ്ടെന്നു കരുതിയിരിക്കാനേ പറ്റൂ. ആ യാഥാര്‍ഥ്യം മനസിലാകുന്നവര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയാലും കരുതലോടെ വീട്ടിലിരിക്കും. പുറത്തിറങ്ങുമ്പോഴും കര്‍ശനമായ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കും.  ലോകത്തെയാകെ നിശ്ചലമാക്കിയെന്നാണ് ചരിത്രം കോവിഡ് കാലത്തെ അടയാളപ്പെടുത്തുക. അതിനര്‍ഥം പരസ്പരം  കൈപിടിച്ചുയര്‍ത്താന്‍ ലോകരാജ്യങ്ങള്‍ക്കു പോലും കഴിയാത്ത അവസ്ഥയാണ് എന്നുകൂടിയാണ്. മറ്റാരെയും  ആശ്രയിക്കാത്ത അതിജീവന മാതൃകകളിലേക്കു പോകണമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഓര്‍മിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്.  

ലോക്ക്ഡൗണ്‍ കഴിഞ്ഞ് രാജ്യത്തെ മനുഷ്യര്‍ പുറത്തിറങ്ങുന്നത് അറ്റമില്ലാത്ത അനിശ്ചിതാവസ്ഥകളിലേക്കാണ്. അവര്‍ എങ്ങനെ ജീവിക്കുമെന്ന് സര്‍ക്കാര്‍ അറിഞ്ഞേ പറ്റൂ. പറഞ്ഞേ പറ്റൂ. തീര്‍ത്തും മാറിപ്പോയ ജീവിതങ്ങള്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്ന് ഗൗരവത്തോടെ ആലോചിച്ചു തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരാണ്. അപ്പോഴും ജീവിതം ഇനിയൊരിക്കലും മുന്‍പത്തേതുപോലെയായിരിക്കില്ല എന്ന് നല്ല അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാം നമുക്ക്. അതിനനുസരിച്ച് ജീവിത–സ്വഭാവരീതികളില്‍ മാറ്റം വരുത്താം. നമുക്കു വേണ്ടിയുള്ള നല്ല മാറ്റങ്ങളാകാം. വൈറസിന്റെ താണ്ഡവം അവസാനിക്കും വരെ പരസ്പരം കരുതലോടെ കാത്തിരിക്കാം. ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയേണ്ടി വരുന്നത് അക്ഷമ കൊണ്ടുമാത്രം. ഗ്രീന്‍ സോണില്‍ നിന്നു റെഡ് സോണുകളിലേക്കു കുരുങ്ങിപ്പോകരുത് എന്നോര്‍മിപ്പിക്കാനാണ്.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...