ആ ഒരാള്‍ ഞാനാകില്ലെന്ന് നമ്മള്‍ ഒരോരുത്തരും ഉറപ്പിക്കണം; നിസംഗത വേണ്ട

Parayathe-Vayya12
SHARE

ആശങ്ക വേണ്ടെന്നു മുന്‍പു പറഞ്ഞിട്ടുണ്ട്. പരിഭ്രമിക്കാതെ നേരിടാം എന്നും പറഞ്ഞിട്ടുണ്ട്. പൂര്‍ണഉത്തരവാദിത്തത്തോടെ തിരുത്തിപ്പറയുന്നു. ആശങ്ക വേണം, പരിഭ്രമിച്ചാണെങ്കിലും പല വട്ടം മുന്‍കരുതലുകള്‍ ഉറപ്പാക്കണം. കോവിഡ് കേരളത്തിലും രാജ്യത്തിലും നിര്‍ണായകഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഒരു മനുഷ്യന്‍ മതി, ഈ പ്രതിരോധത്തിന്റെ കരുതല്‍ നശിപ്പിക്കാന്‍. ആ ഒരു മനുഷ്യന്‍ ഞാനാകില്ലെന്ന് നമ്മള്‍ ഓരോരുത്തരും ഉറപ്പിക്കണം. സ്വയം സുരക്ഷിതനാകുന്നതിനൊപ്പം മറ്റു മനുഷ്യരെ അപായത്തിലാക്കാതിരിക്കുകയെന്നതാണ് ഇപ്പോള്‍ മനുഷ്യത്വത്തിന്റെ അടയാളം.  മറ്റു മനുഷ്യര്‍ക്കു വേണ്ടി സ്വയം നിയന്ത്രിക്കുകയാണ് ഈ കോവിഡ് കാലത്തെ ഏറ്റവും വലിയ മനുഷ്യത്വം. കേന്ദ്രം എന്തു ചെയ്തു, സംസ്ഥാനം എന്തു ചെയ്തുവെന്നു ചോദിക്കാം, പക്ഷേ അതിനു മനുഷ്യന്‍ ബാക്കിയുണ്ടാകണം. ഒന്നു മാത്രം മനസിലാക്കുക, കോവിഡിനെ നേരിടുന്നതില്‍ ഒരു സര്‍ക്കാരും പൂര്‍ണമായും വിജയിച്ചിട്ടില്ല. അഥവാ കോവിഡിനെ നേരിടേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്നു മാറിയിരിക്കരുത്. അപകടമാണത്. കോവിഡിനെ നേരിടാന്‍ ഒരു സര്‍ക്കാരിന്റെയും കൈയില്‍ മാന്ത്രികവടികളില്ലെന്നു മറക്കാതിരിക്കുക.

ഇപ്പോള്‍ നമ്മള്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാരുകളോട് പരാതി പറയുന്നത് നിര്‍ത്തുക. പകരം പ്രതിരോധം ഉറപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ഇനിയും ചെയ്യാവുന്നതെന്തെന്നു തിരിച്ചറിയുക, പ്രവര്‍ത്തിക്കുക. കാരണം സര്‍ക്കാരിന് മാത്രമായി എന്തെങ്കിലും ചെയ്യാവുന്ന ഘട്ടം കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ എല്ലാ മനുഷ്യരും, എല്ലാ മലയാളികളും ഒരേ ലക്ഷ്യത്തില്‍ ചിന്തിക്കുകയും ഇടപെടുകയും ചെയ്താല്‍ മാത്രമേ കോവിഡിനെ ഇനി നേരിടാനാകൂ.

മനുഷ്യസാധ്യമായ നടപടികള്‍ കേരളം സ്വീകരിച്ചു കഴിഞ്ഞതാണ്.   കേന്ദ്രസര്‍ക്കാരും രാജ്യാന്തരയാത്രാനിയന്ത്രണങ്ങളടക്കം കര്‍ക്കശ നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞു. വീഴ്ചകളും പാളിച്ചകളുമുണ്ടെന്ന് അഭിപ്രായമുണ്ടായാലും ചൂണ്ടിക്കാണിക്കുകയല്ലാതെ പിന്തിരിഞ്ഞു നില്‍ക്കാന്‍ നേരമില്ല. ലോകം മുന്നറിയിപ്പിന്റെ സാക്ഷ്യമായി മുന്നിലുണ്ട്.

ഞങ്ങള്‍ക്കു സംഭവിച്ചത് നിങ്ങള്‍ക്കുണ്ടാകരുത് എന്ന് ഇറ്റലിയില്‍ ഇപ്പോഴും ജീവന്‍മരണപോരാട്ടം നടത്തുന്നവര്‍ നമ്മളോടു പറയുന്നത് കേള്‍ക്കണം.

കേള്‍ക്കാന്‍ കൂട്ടാക്കാത്ത ഓരോ മുന്നറിയിപ്പും പിന്നീട് തിരുത്താനാകാത്ത ഖേദമായി മാറുമെന്നോര്‍ക്കുക. രോഗം വന്നാലെന്താ സര്‍ക്കാര്‍ ചികില്‍സിച്ചു ഭേദമാക്കിക്കൊള്ളും എന്ന അമിത ആത്മവിശ്വാസമുണ്ടെങ്കില്‍ മനസിലാക്കുക. നൂറോ ഇരുനൂറോ, അഞ്ഞൂറോ പേര്‍ വരെ രോഗബാധിതരായാല്‍ നമ്മുടെ ആരോഗ്യസംവിധാനത്തിനു രക്ഷിച്ചെടുക്കാനായേക്കും. പക്ഷേ അതിനപ്പുറം പോയാല്‍  ഒന്നും ആരുടെയും നിയന്ത്രണത്തില്‍ നില്‍ക്കില്ല. എനിക്കു മരിക്കാന്‍ പേടിയില്ല എന്നാണെങ്കില്‍ ആ അഹന്തയുമായി വീട്ടിലിരിക്കുക. ഈ പ്രതിരോധത്തോടു ചേര്‍ന്നു നില്‍ക്കാന്‍ മടിക്കുന്നവര്‍ ആരാണെങ്കിലും അവര്‍ സാമൂഹ്യവിരുദ്ധരാവുകയാണ് എന്ന് പറയാതെ വയ്യ.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നായ ഇറ്റലിയാണ് ഇതെവിടെ, എങ്ങനെ അവസാനിക്കുമെന്നറിയാതെ തകര്‍ന്നടിഞ്ഞു നില്‍ക്കുന്നത്. ഫെബ്രുവരി 20ന് ലോംബാര്‍ഡി പ്രദേശത്തെ ഒരു 38കാരനാണ് ഇറ്റലിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.  ഒരു മാസം പിന്നിട്ട് ഇന്ന് ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ഇറ്റലിയില്‍ ഇതുവരെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 4,032 ആണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 627 പേര്‍ മരണത്തിന് കീഴടങ്ങി. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളാണുള്ളതെങ്കില്‍ ഇറ്റലി എന്ന രാജ്യത്തിലാകെ ആറു കോടി ജനങ്ങളേ ഉള്ളൂ എന്നതാണ് വസ്തുത. മികച്ച ആരോഗ്യസംവിധാനങ്ങളുള്ള രാജ്യമാണ്. ഓരോ ആയിരം പേര്‍ക്കും കിടത്തിചികില്‍സിക്കാന്‍ 3 ലധികം സംവിധാനങ്ങള്‍ ലഭ്യമാണെന്നാണ് പൊതുകണക്ക്. എന്നിട്ടും ഇറ്റലിക്ക് ഒന്നും ചെയ്യാനാകുന്നില്ല. ആയിരം രോഗികളില്‍ 8 പേര്‍ക്ക് എന്ന കണക്കിന് കിടത്തിച്ചികില്‍സാ സൗകര്യമുള്ള ജര്‍മനിയിലോ 12 പേര്‍ക്ക് സൗകര്യമുള്ള ദക്ഷിണകൊറിയയിലോ കോവിഡിനെ പിടിച്ചു കെട്ടാനായില്ല. ഇന്ത്യയില്‍ ആയിരത്തില്‍ ഒരാള്‍ക്കെന്ന തോതില്‍ പോലും കിടത്തിച്ചികില്‍സാ സൗകര്യമില്ല. കേരളത്തില്‍ പരമാവധി രണ്ടു പേര്‍ക്ക് ഉറപ്പിക്കാനായാലായി.

അതായത് ഇപ്പോഴത്തെ നിലയിലാണെങ്കില്‍ പ്രശ്നമാകില്ല. പക്ഷേ  ആയിരങ്ങളിലേക്കും പതിനായിരങ്ങളിലേക്കും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നാല്‍ ഒരു സര്‍ക്കാരിനും ഒന്നും ചെയ്യാനാകില്ല. ആറു കോടി ഇറ്റലിക്കാരില്‍ അമ്പതിനായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ നാലായിരത്തിലധികം പേരെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നു. മൂന്നരക്കോടി ജനങ്ങളുള്ള കൊച്ചുകേരളവും 133 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യവും എത്രമേല്‍ നിസഹായരാകും എന്നു മനസിലാക്കിയേ പറ്റൂ. അതുകൊണ്ട് കോവിഡ് ആയിരങ്ങളിലേക്കു പടരില്ല എന്നുറപ്പിച്ചേ പറ്റൂ. അത് സര്‍ക്കാരിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. നമ്മളളോരോരുത്തരും തീരുമാനിച്ചാല്‍ മാത്രമേ സമൂഹവ്യാപനം  തടയാനാകൂ.

ഇന്ത്യയില്‍ ഇതുവരെ ഭയാനകമാം വിധം സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്നാണ് ഐ.സി.എം.ആര്‍. നിഗമനം. പക്ഷേ ഏതു നിമിഷവും സാഹചര്യങ്ങള്‍ മാറാം എന്നു ആരോഗ്യവിദഗ്ധരെല്ലാം മുന്നറിയിപ്പു നല്‍കുന്നു.  കാസര്‍കോട് മാത്രം സംഭവിച്ചതെന്താണെന്നു നോക്കുക. മാര്‍ച്ച് മാസം തുടക്കം മുതല്‍ അതിജാഗ്രതയോടെ രാവും പകലും കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു പുല്ലുവില കല്‍പിച്ച് ഒരേയൊരു വ്യക്തി ഇറങ്ങി നടന്നു. ഒരു ജില്ല മുഴുവന്‍ നിശ്ചലമാക്കുന്ന അവസ്ഥയുണ്ടായി. മാര്‍ച്ച് 12നാണ് ഈ വ്യക്തി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയത്. 12ാം തീയതി മുതല്‍ 17 വരെ സ്വതന്ത്രമായി ഇറങ്ങി നടന്നു. ദുബായില്‍ നിന്നെത്തിയവര്‍ക്ക് കര്‍ശനനിരീക്ഷണത്തേക്കാള്‍ സ്വയം നിയന്ത്രണമാണ് ആ ദിവസങ്ങളില്‍ നിഷ്കര്‍ഷിച്ചിരുന്നത്. പക്ഷേ ഒരാള്‍ ആ നിര്‍ദേശങ്ങള്‍ക്കും അഭ്യര്‍ഥനകള്‍ക്കും ചെവി കൊടുത്തില്ല. 12 ന് കോഴിക്കോട് തങ്ങി. 13ന് മാവേലി എക്സ്പ്രസില്‍ കാസര്‍കോട്ടേക്കു പോയി. രണ്ടു വിവാഹച്ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു. ഒട്ടേറെ പൊതുപരിപാടികളില്‍ പങ്കെടുത്തു. രണ്ട് എം.എല്‍.എമാരുമായി അടുത്ത് ഇടപഴകി. മൂന്നു കുടുംബാംഗങ്ങളടക്കം നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.  ഇപ്പോള്‍ അവരെല്ലാവരും സമ്പര്‍ക്കവിലക്കിലാണ്.

മുഖ്യമന്ത്രി ഈ പറഞ്ഞതിനു ശേഷവും നിര്‍ദേശിക്കപ്പെട്ട സമ്പര്‍ക്കവിലക്ക് പാലിക്കാത്തതിന് കാസര്‍കോട് ജില്ലയില്‍ തന്നെ പൊലീസിന് കേസെടുക്കേണ്ടി വന്നു എന്നത് ഞെട്ടിക്കുന്ന അലംഭാവമാണ്.

മുഖ്യമന്ത്രി തന്നെ വ്യക്തമായി നിര്‍ദേശങ്ങള്‍ പറഞ്ഞിട്ടും കാസര്‍കോട് കടകള്‍ സമയക്രമം പാലിക്കാതെ തുറന്ന കടകള്‍ അടയ്്ക്കാന്‍ കലക്ടര്‍ നേരിട്ട് ഇറങ്ങേണ്ടി വന്നു. കാസര്‍കോട്ടും കണ്ണൂരും കൊടുങ്ങല്ലൂരും കോട്ടയത്തും  എറണാകുളത്തും എന്നു വേണ്ട കേരളത്തില്‍ പലയിടത്തും നിര്‍ദേശങ്ങള്‍ ലംഘിച്ച് ഉല്‍സവങ്ങള്‍ നടക്കുന്നു, കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നു, നമസ്കാരങ്ങള്‍ നടക്കുന്നു. എല്ലാ മതസാമുദായിക നേതാക്കന്‍മാരും വ്യക്തമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടും ചെറിയ  ഒരു വിഭാഗം മനുഷ്യര്‍ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാതെ ഇപ്പോഴും പെരുമാറുന്നു. അവനവനെ മാത്രമല്ല, എല്ലാവരെയും അപകടത്തിലേക്കു വലിച്ചിഴക്കുന്നു. ഇതിനൊരു അവസാനമുണ്ടായേ പറ്റൂ.

എത്ര തിരിച്ചടി കിട്ടിയാല്‍ നമ്മള്‍  പഠിക്കും എന്നു ചോദിക്കുന്നില്ല. കാരണം പാഠങ്ങള്‍ പഠിക്കാന്‍ സമയം കിട്ടുമെന്ന് ഒരുറപ്പുമില്ല.  ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന് കോവിഡ് 19 നമ്മളെ പഠിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ 166 രാജ്യങ്ങള്‍ പഠിച്ചുകഴിഞ്ഞ പാഠം നമുക്കു മനസിലായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം എഴുതേണ്ടത്. ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം തെറ്റിയാല്‍ തിരുത്താന്‍ അവസരമില്ല എന്നു മാത്രം ഓര്‍മിപ്പിക്കുന്നു. സര്‍ക്കാരിനെ നിങ്ങള്‍ക്ക് കബളിപ്പിക്കാനാകും,  വൈറസിനെ പറ്റിക്കാനാകുമോയെന്ന് സ്വയം ചോദിച്ചു നോക്കണം.

ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ജീവന്‍ പണയം വച്ച് കേരളത്തിന് കാവല്‍ ഉറപ്പിക്കുകയാണെന്നോര്‍ക്കുക. വിദേശത്തു നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമെത്തുന്നവരെ പരിശോധിച്ച് രോഗബാധയില്ലെന്നുറപ്പിക്കുകയെന്നതു തന്നെ അക്ഷീണപ്രയത്നമാണ്. തുടര്‍ന്ന് അവരെയെല്ലാം നിരീക്ഷിക്കുകയും തുടര്‍നടപടികള്‍ ഉറപ്പിക്കുകയും വേണം. ചികില്‍സയിലുള്ളവരുടെ ജീവന്‍ അപകടത്തിലാകാതെ പരിചരണം ഉറപ്പാക്കണം.  20 ദിവസത്തോളമായി കേരളത്തിലെ ഡോകര്‍മാരും നഴ്സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും നിലം തൊടാതെ പരിശ്രമിക്കുന്നത് ഒരേയൊരു ലക്ഷ്യത്തിനാണ്. സമൂഹവ്യാപനം ഉണ്ടാകുന്നില്ലെന്നുറപ്പിക്കാന്‍. ആ വലിയ ലക്ഷ്യത്തിനു വേണ്ടി അവരുടെ സമയം പൂര്‍ണമായും സമര്‍പ്പിക്കേണ്ട നേരത്ത് ഒരുത്തരവാദിത്തവുമില്ലാതെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ ചെയ്യുന്നത് സാമൂഹ്യദ്രോഹമാണ്. പൊലീസ് കേസില്‍ ഒതുങ്ങാത്ത  മനുഷ്യത്വവിരുദ്ധതയാണത്. പത്തനംതിട്ടയിലും മാഹിയിലും കാസര്‍കോട്ടും മാത്രമല്ല, സമൂഹത്തിന്റെ ഉന്നതങ്ങളില്‍ കഴിയുന്ന മനുഷ്യര്‍ പോലും ഉത്തരവാദിത്തമില്ലാതെ പെരുമാറി വന്‍ഭീഷണി സൃഷ്ടിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നമ്മള്‍ കണ്ടു. രാജ്യാന്തരപ്രശസ്തയായ ഗായിക കനിക കപൂര്‍ ചെയ്തതും മാപ്പര്‍ഹിക്കാത്ത തെറ്റാണ്.

ലണ്ടനില്‍ നിന്ന് കനികകപൂര്‍ തിരിച്ചെത്തിയത് മാര്‍ച്ച് 9നാണ്. സ്വയം സമ്പര്‍ക്കവിലക്കിനുള്ള ഒരു നിര്‍ദേശവും പാലിക്കാതെ മന്ത്രിമാരും ഉന്നത നേതാക്കളും പങ്കെടുത്ത വിരുന്നുകളിലെല്ലാം കനികയെത്തി. ഒടുവില്‍ കനികയ്ക്ക് കോവിഡ് സ്ഥിരീച്ചതോടെ ഉത്തര്‍പ്രദേശിലെ ആരോഗ്യമന്ത്രിയടക്കം സമ്പര്‍ക്കവിലക്കില്‍ പ്രവേശിക്കേണ്ടി വന്നു.  ഇവര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെയും മകനും എം.പിയുമായ ദുഷ്യന്ത് സിങ് അടക്കം ഒട്ടേറെ പേര്‍ നിരീക്ഷണത്തിലാണ്. ഗുരുതരമായ കാര്യം ദുഷ്യന്ത് സിങ് എം.പി. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിക്കൊപ്പം വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. ലോക്സഭയില്‍ ദുഷ്യന്ത് സിങിന് അടുത്തിരിക്കുന്ന വരുണ്‍ഗാന്ധിയും ഡെറിക് ഒബ്രയാനുമടക്കം ആറ് എം.പിമാര്‍ സ്വയം നിരീക്ഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.  ശ്രീചിത്രയില്‍ കോവിഡ് പോസിറ്റീവായ ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇതിനോടകം തന്നെ വീട്ടില്‍ സമ്പര്‍ക്കവിലക്കിലാണ്. യു.പിയിലെ ആരോഗ്യമന്ത്രി ജയ്പ്രതാപ് സിങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മന്ത്രിസഭായോഗത്തിലും പങ്കെടുത്തിട്ടുണ്ട്.

നിങ്ങള്‍ ആരാണെന്ന് വൈറസിനറിയില്ല. ഏതു ജാതിയാണ്, ഏതു മതമാണെന്ന് വൈറസിനറിയില്ല. ഏതു പാര്‍ട്ടിയാണ്, എത്ര സ്വാധീനമുണ്ട് എന്നതുമറിയില്ല. നിങ്ങള്‍ ആരായാലും കോവിഡിന് അതു വെറുമൊരു ശരീരമാണ്. വൈറസ് ബാധയേറ്റാല്‍ രോഗിയും രോഗവാഹകനും മാത്രമാണ്. ചികില്‍സിച്ചു ഭേദമാക്കാന്‍ ഇനിയും മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഒരു രോഗത്തിന് ജീവിതം വിട്ടുകൊടുക്കണോയെന്നു തീരുമാനിക്കാന്‍ ഇനിയും കേരളത്തിനും രാജ്യത്തിനും മുന്നില്‍ അല്‍പംകൂടി സമയം കിട്ടിയേക്കും. അവിടെ കേരളത്തിന്റെ ബ്രേക്ക് ദ് ചെയ്ന്‍ ക്യാംപെയിനും പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവുമെല്ലാം ചെവിക്കൊള്ളേണ്ട പ്രതിരോധനിര്‍ദേശങ്ങളാണ്. ഒന്നു പോലും പുച്ഛിച്ചു തള്ളേണ്ട സാഹചര്യമല്ല ഇതെന്ന് നമ്മള്‍ മനസിലാക്കിയേ പറ്റൂ.

കേരളത്തിന്റെ ബ്രേക്ക് ദ് ചെയിന്‍ ക്യാംപെയിന്റെ പ്രധാന്യം ഇനിയും ഭൂരിപക്ഷവും ശരിയായി മനസിലാക്കിയിട്ടുണ്ടോയെന്നു സംശയമാണ്.

കൈകള്‍ എപ്പോഴും ശുചീകരിക്കുക എന്ന നിര്ദേശത്തിന് ഇപ്പോള്‍ കോവിഡ് കൊണ്ടുപോയ പന്ത്രണ്ടായിരത്തോളം ജീവന്റ വിലയുണ്ട്.  ശാരീരികമായ അകലം പാലിക്കുക, സാമൂഹ്യമായി ഒന്നിച്ചു നില്‍ക്കുക എന്നത് ശരിയായ അര്‍ഥത്തില്‍ സമൂഹം ഉള്‍ക്കൊണ്ടേ മതിയാകൂ.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്ന പൊതു നിര്‍ദേശം കേരളം വളരെ മാനുഷികമായി പുനര്‍ നിര്‍വചിച്ചിരിക്കുന്നു. കൊറോണ ഭീതിയില്‍  കടുത്ത പ്രതിസന്ധിയിലായ ജനജീവിതം തിരിച്ചുപിടിക്കാന്‍ വലിയ മുന്‍കരുതല്‍ പ്രഖ്യാപിച്ചിരിക്കുന്നു കേരളം. പ്രതിരോധനടപടികള്‍ക്കൊപ്പം കേരളം സ്വീകരിക്കുന്ന സാമ്പത്തികഉത്തേജന നടപടികളും രാജ്യാന്തരസമൂഹത്തില്‍ വരെ ശ്രദ്ധ നേടിയിരിക്കുന്നു. കൊറോണയില്‍ ഉലഞ്ഞ സാമൂഹ്യജീവിതം നേരെയാക്കാന്‍ ഇരുപതിനായിരം കോടിയുെട സാമ്പത്തികപാക്കേജാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തെ സൗജന്യറേഷന്‍ അടക്കമുള്ള പിന്തുണയാണ് കേരളത്തിന്റെ സാമ്പത്തികപാക്കേജ്. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. കൊറോണ, പ്രതിരോധ ചികില്‍സയ്ക്കായി 500 കോടിയുടെ ആരോഗ്യപാക്കേജും ഇതില്‍ പെടുന്നു. അസംഘടിത ചെറുകിട മേഖലകളുടെ തകര്‍ച്ചയൊഴിവാക്കാന്‍ വിവിധ ഇളവുകള്‍ അടക്കമുള്ള പാക്കേജ് കൊറോണ കാലത്ത് സ്വീകരിക്കാവുന്ന വലിയ മുന്‍കരുതലാണ്. രോഗപ്രതിരോധനടപടികള്‍ക്കൊപ്പം തന്നെ ജീവിതങ്ങള്‍ പാളം തെറ്റിപ്പോകുന്നില്ലെന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനേ നിര്‍വഹിക്കാനാകൂ. അതുപോലെ തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ജനതാകര്‍ഫ്യൂവും പരിഹസിക്കപ്പെടേണ്ട ആശയമല്ല.

ഈ അസാധാരണ കാലത്ത്  പ്രതിരോധത്തിനായി പ്രഖ്യാപിക്കപ്പെടുന്ന ഏതു നടപടിയും സ്വാഗതാര്‍ഹമാണ്. േകരളത്തിലെ അവബോധം  മുന്‍നിര്‍ത്തി രാജ്യത്താകമാനം പ്രഖ്യാപിച്ച ഒരു നടപടിയെ  വിലയിരുത്തരുത്.  പക്ഷേ കര്‍ഫ്യൂവും പിന്തുണയുമല്ലാതെ കേന്ദ്രം ഈ സാഹചര്യത്തില്‍ എന്തെല്ലാം നടപടികള്‍ പ്രഖ്യാപിക്കുന്നുവെന്നത് ചോദ്യം തന്നെയാണ്. അതിനുള്ള വ്യക്തമായ ഉത്തരം കേന്ദ്രസര‍്ക്കാര്‍ തന്നെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കേണ്ടതുമാണ്.

ഒരു കാര്യം സമ്മതിക്കുന്നു. ഈ സാമൂഹ്യഅകലം പാലിക്കല്‍ അത്ര എളുപ്പമല്ല. നിരന്തരം ഇടപഴകി ജീവിച്ച മനുഷ്യര്‍ക്ക് പെട്ടെന്ന് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങുമ്പോള്‍ ശ്വാസം മുട്ടുന്നതായി തോന്നിയേക്കാം. അങ്ങനെ വിരസത തോന്നുമ്പോള്‍ കണ്ണുകള്‍ തുറന്നു ലോകം കാണുക. എവിടെയും ആരും സാധാരണജീവിതത്തിലല്ല. ലോകത്തെവിടെയും ആഘോഷങ്ങളില്ല. ഒത്തുചേരലുകളില്ല. അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് മനുഷ്യര്‍. ജീവിച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രധാനം, സുരക്ഷിതരായിരിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. പ്രയാസമേറിയ ഈ ഘട്ടം കഴിഞ്ഞാല്‍, നമ്മള്‍ വീണ്ടും സ്വതന്ത്രരായി കണ്ടുമുട്ടും. ആലിംഗനം ചെയ്യും. സന്തോഷത്തോടെ ജീവിക്കും. അതിനു വേണ്ടി ഈ ദിവസങ്ങളില്‍ കരുതല്‍ വേണമെന്നോര്‍ക്കുക. മനുഷ്യരായി മടങ്ങിയെത്താന്‍ മനുഷ്യത്വത്തോടെ മാറിനില്‍ക്കണം നമ്മള്‍.

സാമൂഹ്യജീവിതം സാധാരണ നിലയില്‍ പോകേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറയുന്നു. അത് അനിവാര്യമാണ്. കരുതലോടെ പൊതുജീവിതം മുന്നോട്ടു പോകണം. പക്ഷേ ആള്‍ക്കൂട്ടം എവിടെയുമുണ്ടാകരുത്. അനിവാര്യമായ ആവശ്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങിയാല്‍ മതിയാകും.വിവാഹങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കാന്‍ ഉപേക്ഷ കാണിക്കരുത്. പേടിച്ചു വീട്ടിലിരിക്കേണ്ട സാഹചര്യം ഇപ്പോഴും കേരളത്തില്‍  ഇല്ല.   പക്ഷേ അടുത്ത ഘട്ടത്തിനും കേരളം മാനസികമായി തയാറെടുക്കണം. അപായങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ നല്ലത്. പക്ഷേ ഈ വൈറസ് താണ്ഡവമാടിയ ചരിത്രമാണ് മറ്റു രാജ്യങ്ങളിലെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിച്ചു പറയുന്നത് കേള്‍ക്കാതിരിക്കാനാകില്ല. മാനസികമായും ഒരുങ്ങണം. ശാസ്ത്രീയനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയെന്നതു തന്നെയാണ് പ്രധാനം. എന്തും സംഭവിക്കാം എന്നറിയുമ്പോഴും നേരിടാം എന്ന ആത്മവിശ്വാസമാണ് പ്രധാനം. ശാസ്ത്രീയമായ പ്രതിരോധമാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ കേരളാപൊലീസില്‍ ഒരു സംഘം തയാറാക്കിയ ഒരു വിഡിയോ കാണുക.

കോവിഡ് തകര്‍ത്തു കളഞ്ഞ ഇറ്റലിയില്‍ നിന്നൊരു ദൃശ്യം കൂടി കാണാം. ഏതു മഹാമാരിയില്‍ വീണടിഞ്ഞാലും അതിജീവിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ മനുഷ്യനുള്ള സ്വാഭാവിക ശേഷി ബാല്‍ക്കണിയില്‍ കൈയടിച്ച് പരസ്പരം പിന്തുണയ്ക്കുന്ന ഈ ജനത സാക്ഷ്യപ്പെടുത്തുന്നു. ‌‌

ഇനിയും ചില ദൃശ്യങ്ങളുണ്ട്. മനുഷ്യന്‍ വീടുകളിലേക്കൊതുങ്ങിയപ്പോള്‍, പ്രകൃതിയുടെ മറ്റു ചില അവകാശികള്‍ തിരിച്ചുവരുന്ന ചിത്രങ്ങള്‍.

വൈറസും മനുഷ്യനും തമ്മിലുള്ള ഈ പോരാട്ടത്തില്‍ എത്ര നിസാരനാണ് മനുഷ്യന്‍ എന്ന ഒരു ഓര്‍മപ്പെടുത്തലുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള ഭൂമി എത്ര ആര്‍ത്തിയോടെയാണ് മനുഷ്യന്‍ കൈകാര്യം ചെയ്തതെന്ന ചോദ്യമുനയുണ്ട്. എങ്കിലും തിരുത്താന്‍ ഒരവസരം കിട്ടിയാല്‍,  ജീവനാണ്  പ്രധാനമെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കാം. മനുഷ്യന്‍ മനുഷ്യത്വത്തിലേക്കു തിരിച്ചെത്താന്‍ കോവിഡ് പ്രേരണയായേക്കാം.  ഇനിയെങ്കിലും വലിയ വിപത്തില്ലാതെ കോവിഡ് പിന്‍വാങ്ങിയാല്‍ ജീവിതത്തോടുള്ള സമീപനം നവീകരിക്കുമെന്നും കൂടുതല്‍ നല്ല മനുഷ്യരാകുമെന്നും നമുക്ക് സ്വയം വാക്കുകൊടുക്കാം.  ഈ പ്രതിസന്ധി നമുക്ക് അതിജീവിച്ചേ മതിയാകൂ.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...