വൈറസും മനുഷ്യരും തമ്മിലാണ് പോരാട്ടം; രാഷ്ട്രീയ പാർട്ടികൾ തമ്മിലല്ല

parayathe-vayya
SHARE

അസാധാരണ സാഹചര്യമാണ്.  പരിചിതമല്ലാത്ത സാഹചര്യങ്ങളിലൂടെ നമ്മള്‍ കടന്നു പോവുകയാണ്. കോവിഡ് 19 ഓരോ ദിവസവും ഓരോ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. പരിഭ്രമിച്ചതുകൊണ്ട് കാര്യമില്ലെന്ന് നമുക്കറിയാം. സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തിയാല്‍, ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ മറികടക്കാനാകുമെന്നും നമുക്കറിയാം. അതിജീവിച്ചേ മതിയാകൂവെന്ന് നമുക്കറിയാം. അതിജീവിക്കാനാകുമെന്നും നമുക്കറിയാം. ജാഗ്രതയുടെ അകലം പാലിച്ചു തന്നെ ഒറ്റക്കെട്ടായി മറികടക്കണം ഈ ആഗോളപരീക്ഷണം. ആശങ്കകള്‍ക്കിടയിലും പ്രതിരോധത്തിന് മാതൃക തീര്‍ക്കുന്നത് നമ്മുടെ കൊച്ചുകേരളമാണ് എന്നത് പ്രതീക്ഷയാണ്.  

ലോകം ഒന്നു വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആഗോളപകര്‍ച്ചവ്യാധിയെ നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ലോകരാജ്യങ്ങള്‍ പൊരുതുകയാണ്. ജീവിതം ഏറെക്കുറെ നിശ്ചലമായിരിക്കുന്നു.  

ചൈനയില്‍ തുടങ്ങിയതാണ്. ചൈനയെ വിറപ്പിച്ചു തുടങ്ങി, ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു കോവിഡ് 19 എന്ന കോറോണ വൈറസ്. കുടിയേറ്റക്കാര്‍ക്കും  ലോകരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കുമെല്ലാം രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. എയര്‍ലൈനുകള്‍ സര്‍വീസ് അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുന്നു. രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. ഓരോ രാജ്യവും സ്വദേശത്തെത്തുന്ന മനുഷ്യരെ ആരോഗ്യപരിശോധനകള്‍ക്കു ശേഷം പ്രവേശിപ്പിക്കേണ്ട അവസ്ഥ.  

പക്ഷേ പരിഭ്രാന്തിയല്ല പരിഹാരമെന്നും ജാഗ്രത കൊണ്ടു മാത്രമേ മഹാമാരിയെ നിയന്ത്രിക്കാനാകൂവെന്നും ഉറപ്പാണ്. മരണനിരക്ക് നോക്കിയാല്‍ മാരകരോഗമല്ല കോവിഡ് 19 രോഗബാധ. അതിദ്രുതം വ്യാപിക്കുന്നുവെന്നതാണ്, ലോകം മുഴുവന്‍ പിടിമുറുക്കുന്നുവെന്നതാണ് ഭീഷണി. അതിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം തന്നെയാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. രോഗബാധ പടര്‍ത്തുന്ന ശൃംഖലയ്ക്ക് തടയിടുക. തല്‍ക്കാലയാത്രാവിലക്കുകള്‍ സാഹചര്യം ആവശ്യപ്പെടുന്ന ഏറ്റവും സുപ്രധാന നടപടിയാണ്.  

കോവിഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചൈനയില്‍ നിന്നു കേരളത്തിലെത്തി സാന്നിധ്യമറിയിച്ചതാണ് കോവിഡ്. ചൈനയില്‍ നിന്നെത്തിയ മൂന്നു പേരില്‍ നിന്ന് മറ്റൊരാളിലേക്കു പകരാതെ രോഗികളെ ചികില്‍സിച്ചു ഭേദമാക്കി കേരളം ലോകത്തിനു തന്നെ മാതൃക കാട്ടി. രണ്ടാം ഘട്ടം പക്ഷേ അല്‍പം കൂടി വലിയ പരീക്ഷണമാണ്. അവിശ്വസനീയമായ കര്‍മനിരത പുലര്‍ത്തി കേരളത്തിന്റെ ആരോഗ്യവകുപ്പ് കോവിഡിനെതിരെ കാവല്‍ തീര്‍ക്കുന്ന ആത്മവിശ്വാസത്തിലാണ് കേരളം, അപ്പോഴും ജാഗ്രതയില്‍ ഒരിഞ്ചു വിട്ടുവീഴ്ച പാടില്ലെന്ന ബോധ്യത്തോടെ.  

ഒന്നാം വട്ടം  അതിജീവിച്ച മൂന്നു പേരാണ് ഇപ്പോഴും കേരളത്തിന്റെ ധൈര്യം. രണ്ടാം വട്ടം വൈറസിന്റെ ആദ്യവരവ് ഇറ്റലിയില്‍ നിന്നായിരുന്നു. റാന്നിയിലെ കുടുംബത്തില്‍ നിന്ന് ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും രോഗം പകര്‍ന്നു. ജാഗ്രതാനിര്‍ദേശങ്ങള്‍ അവഗണിച്ച് വിമാനത്താവളത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയവരാണ്  പത്തനംതിട്ടയെ ആകെ പരിഭ്രാന്തിയിലാക്കിയതെന്ന് ആരോഗ്യവകുപ്പിനു തന്നെ പരാതിയുണ്ട്.

പക്ഷേ അവരുടെയും ആരോഗ്യമാണ് മുഖ്യമെന്നു വ്യക്തമാക്കി കേരളം പരിചരണം ഉറപ്പിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ കുഞ്ഞിലൂടെ അടുത്ത രോഗബാധ കൊച്ചിയിലും സ്ഥിരീകരിച്ചു. തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും തിരുവനന്തപുരത്തും രോഗബാധ സ്ഥിരീകരിച്ചതോടെ എവിടെ നിന്നും എങ്ങനെയും കോവിഡ് കേരളത്തിലെത്താമെന്ന് കേരളം മനസിലാക്കുന്നു.

ഇനിയും റാന്നിയിലെ കുടുംബത്തെ പഴിക്കുന്നത് മനുഷ്യത്വരഹിതമാണ്. വിമാനത്താവളത്തില്‍ സുരക്ഷിതപരിശോധന നടന്നില്ലെങ്കില്‍ അതിന് സംവിധാനങ്ങള്‍ക്കു കൂടി തുല്യ ഉത്തരവാദിത്തമുണ്ട്. സാമൂഹ്യമായ ജാഗ്രത പിന്നീടുണ്ടായില്ല എന്നതിലും ഇനി രോഗബാധിതരെ ആക്രമിക്കുന്നത് ശരിയല്ല. ആരും സ്വന്തം ആരോഗ്യവും ജീവനും അപകടത്തിലാക്കി സമൂഹത്തെ കബളിപ്പിക്കാന്‍ മനഃപൂര്‍വം തുനിയില്ല. സാമൂഹ്യമായി ഒറ്റപ്പെട്ടിരിക്കുന്നവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നത് ആധുനികസമൂഹത്തിന് ചേര്‍ന്നതല്ല. കേരളം ഒപ്പമുണ്ട് എന്നൊരു വാക്കിന് ഇപ്പോള്‍ അവരുടെ ജീവിതത്തോളം വിലയുണ്ട്. റാന്നിയിലെ അനുഭവം സംസ്ഥാനത്തിനാകെ പാഠമായിട്ടുണ്ടോ എന്നതാണ് ഉറപ്പു വരുത്തേണ്ടത്.  സമ്പര്‍ക്കവിലക്ക് പാലിക്കണം എന്നാവശ്യപ്പെടുന്നവരെ പൊലീസ് നിരീക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകരുത്. എന്തുകൊണ്ട് പൊതുസമ്പര്‍ക്കം പാടില്ലെന്ന് വിദേശത്തു നിന്നെത്തുന്നവര്‍ ശരിയായി മനസിലാക്കുകയും പാലിക്കുകയും വേണം. കേരളം അവര്‍ക്കാവശ്യമായ മാനസികപിന്തുണ നല്‍കി ഒപ്പം നില്‍ക്കണം. ഇത്  കൂട്ടായ ഉത്തരവാദിത്തമാണ്. നമുക്കെല്ലാവര്‍ക്കും പങ്കാളിത്തമുള്ള സുപ്രധാനദൗത്യമാണ്. 

കോവിഡ‍ിനെ നേരിടുന്നതില്‍ പ്രതിപക്ഷം സ്വീകരിച്ച സമീപനം അങ്ങേയറ്റം അപലപനീയമാണ്. അപഹാസ്യമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ  രാഷ്ട്രീയവിമര്‍ശനവും ജാഗ്രതയും തമ്മിലുള്ള വ്യത്യാസം മനസിലാകുന്ന മനുഷ്യരാണ് നമ്മള്‍. വികസിതരാജ്യങ്ങള്‍ പോലും മുട്ടുമടക്കിയ ഒരു വൈറസിനോടാണ് കേരളം ഇപ്പോള്‍ യുദ്ധം ചെയ്യുന്നത്. അല്ലാതെ ഇത് അടുത്ത സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള രാഷ്ട്രീയപോരാട്ടമല്ല. കോവിഡ് 19നെ നേരിടുന്നതില്‍ കേരളം ഇതുവരെ പേടിച്ചിട്ടില്ല. പക്ഷേ പ്രതിപക്ഷം പരിഭ്രാന്തരായി സമനില തെറ്റിയ മട്ടില്‍ പെരുമാറുന്നത് ഖേദകരമാണ്.  

കാര്യം പ്രതിപക്ഷത്തിനു തന്നെ മനസിലായിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയപ്രസ്താവനകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നു മാത്രം. പ്രതിപക്ഷത്തെ ധാര്‍മികത പഠിപ്പിക്കാനും ഇപ്പോള്‍ നേരം കളയാനില്ല കേരളത്തിന്. 

പഴുതില്ലാത്ത ജാഗ്രത മാത്രമാണ് പ്രതിരോധമെന്ന് കേരളം മനസിലാക്കുന്നു. അതുറപ്പിക്കാന്‍ ആരോഗ്യവകുപ്പിനൊപ്പം മലയാളികള്‍ ഒന്നാകെ കൈകോര്‍ക്കുന്നു. 100 ശതമാനവും ഫലപ്രദമായ പ്രതിരോധമെന്ന് സര്‍ക്കാര്‍ പോലും അവകാശപ്പെടുന്നില്ലെന്നോര്‍ക്കുക. പക്ഷേ സാധ്യമായതെല്ലാം ചെയ്യുന്ന കേരളാമോഡലിനെ രാജ്യാന്തരമാധ്യമങ്ങള്‍ പോലും പരാമര്‍ശിക്കുന്നു.  

കേരളം സാധ്യമായതെല്ലാം ചെയ്യുന്നുവെന്നതിന് എല്ലാം തികഞ്ഞ പ്രതിരോധം എന്നര്‍ഥമില്ല. ചൂണ്ടിക്കാണിക്കാന്‍ പിഴവുകളുണ്ട്. അടച്ചു ഭദ്രമാക്കേണ്ട പഴുതുകളുണ്ട്. വീഴ്ചകള്‍, അഥവാ ആശയക്കുഴപ്പമുണ്ടാക്കുന്ന നടപടികള്‍ ഇതിനിടയിലുമുണ്ടായിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ കുഞ്ഞിന്റെ മാതാപിതാക്കള്‍ മാതൃകാപരമായി പെരുമാറിയ യാത്രക്കാരാണ്. വിമാനത്താവളത്തില്‍ എത്തിയയുടന്‍ അവര്‍ തന്നെ ഹെല്‍ത്ത് ഡസ്കില്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കുഞ്ഞിനൊപ്പം അമ്മയെയും ആശുപത്രിയില്‍ നിര്‍ത്തി. എന്നാല്‍ പിതാവിനെ പുറത്തു താമസിക്കാന്‍ അനുവദിച്ചു. പിതാവ് സമീപത്തെ സ്വകാര്യലോഡ്ജില്‍ താമസിച്ചു, പുറത്ത് സമ്പര്‍ക്കം നടത്തി. കന്റീനിലും മൊബൈല്‍ ഷോപ്പിലും പോയി. ഓട്ടോയിലും സഞ്ചരിച്ചു. രണ്ടു ദിവസത്തിനു ശേഷം പിതാവിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം നിരീക്ഷണത്തിലാക്കേണ്ടി വന്നു.   കുഞ്ഞിന് രോഗം സംശയിച്ച സമയത്ത് ഒപ്പമുണ്ടായിരുന്ന പിതാവിനെ പുറത്തു നിര്‍ത്തിയതിന് ന്യായമെവിടെയാണന്നത് വ്യക്തമല്ല. ഐസലേഷന്‍ നിര്‍ദേശിക്കപ്പെട്ടവരില്‍ പലരും അതു പാലിക്കാതെ പുറത്തിറങ്ങുന്നുണ്ട്. ഐസലേഷന്‍ പാലിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി അതുറപ്പാക്കേണ്ടതുണ്ട്.  

പക്ഷേ മുന്‍മാതൃകകളില്ലാത്ത സാഹചര്യമാണ് കേരളത്തിലെ ആരോഗ്യവകുപ്പ് നേരിടുന്നത്. ശാസ്ത്രം തരുന്ന സൂചനകള്‍ കൃത്യമായി പാലിച്ച് രാവും പകലും  കഠിനാധ്വാനം ചെയ്യുന്ന  ആരോഗ്യപ്രവര്‍ത്തകരില്‍ വിശ്വാസമര്‍പ്പിച്ചാണ് കേരളം ഇപ്പോഴും സമാധാനമായി ഉറങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവസ്ഥ അവിടത്തെ മലയാളികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമ്പന്ന വികസിത ഭരണകൂടങ്ങള്‍ പോലും പതറുമ്പോഴും കേരളം ഉറച്ചു  നേരിടുകയാണ്. വന്‍വെല്ലുവിളികളെ നേരിടുമ്പോള്‍ നേതൃത്വം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യത്തിന് പിന്തുണ നല്‍കുകയാണ് കേരളം ചെയ്യേണ്ടത്.  

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഒരു സമൂഹമാണ് കേരളം. ഓരോ ദിവസവും ആയിരക്കണക്കിനു പേര്‍ വന്നു പോകുന്ന സാഹചര്യം. രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്ന് റിസ്കൊഴിവാക്കാന്‍ നമ്മുടെ നാട്ടുകാരോട് ഇങ്ങോട്ടു വരരുത് എന്നു പറയാനാവില്ല. മാത്രമല്ല, സര്‍ക്കാര്‍ ആ വെല്ലുവിളി കൂടി മുന്നില്‍ കണ്ടു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 

കേരളത്തില്‍ ഇപ്പോഴുള്ള ആരോഗ്യജാഗ്രതയുടെ പരിരക്ഷ മടങ്ങിവരുന്ന പ്രവാസികള്‍ക്കു കൂടി ഉറപ്പിക്കുകയാണ് ശരിയായ മാര്‍ഗം. അവരെ ഒറ്റപ്പെടുത്തുകയല്ല. പക്ഷേ ഈ പ്രക്രിയയുടെ ഗൗരവം വിദേശത്തു നിന്നെത്തുന്നവരും അവരോട ്ഇടപെടുന്നവരും ശരിയായി മനസിലാക്കിയേ പറ്റൂ. 

എന്നുവച്ചാല്‍, ഇതിനു മുന്‍പൊരിക്കലും ലോകം നേരിട്ടിടില്ലാത്ത സാഹചര്യമാണ് നമ്മളും നേരിടുന്നത് എന്നോര്‍മ വേണം. പേടിക്കാനില്ല, പക്ഷേ ജാഗ്രതയില്‍ ഒരിഞ്ചു വിട്ടു വീഴ്ച പാടില്ല. എല്ലാ മനുഷ്യരും ഒരു പോലെ സാമൂഹ്യ ഉത്തരവാദിത്തം പാലിച്ചാലേ, ഈ വെല്ലുവിളിയെ നമുക്ക് അതിജീവിക്കാനാകൂ. രോഗബാധിതരെന്നു കണ്ടെത്തുന്നവരുടെ ചികില്‍സ ആരോഗ്യവകുപ്പ് ഉറപ്പാക്കും. രോഗം പടരാതിരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്നുറപ്പാക്കാനുള്ള ബാധ്യത നമുക്കുള്ളതാണ്.  

നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടവര്‍ അതു പാലിക്കാതിരിക്കുമ്പോഴുണ്ടാകുന്ന ഭീഷണി ഓര്‍ക്കുക. തല്‍ക്കാലം കുറച്ചു ദിവസങ്ങള്‍ പൊതുസമ്പര്‍ക്കം പാടില്ലെന്നു നിര്‍ദേശിക്കുന്നത് സ്വയം സുരക്ഷയ്ക്കു കൂടി വേണ്ടിയാണെന്നോര്‍ക്കുക. കബളിപ്പിക്കുന്നത് സ്വന്തം ജീവനെക്കൂടിയാണ് എന്നോര്‍ത്താല്‍ തീരുന്ന പ്രശ്നമേയുള്ളൂ. കൃത്യസമയത്ത് നിര്‍ണയിക്കാനായാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ പോലുമില്ലാതെ പരിചരണം കൊണ്ടു മാറിയ രോഗികളുടെ സാക്ഷ്യം ഓര്‍ക്കുക. ഒരാള്‍ ഉത്തരവാദിത്തമില്ലാതെ െപരുമാറിയാല്‍ പോലും സാഹചര്യം കൈവിട്ടു പോയേക്കാം.  

രോഗബാധിത മേഖലകളില്‍ നിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും ഒരു ലക്ഷണവുമില്ലെങ്കില്‍ പോലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണകാലത്ത് മറ്റു കുടുംബാംഗങ്ങളില്‍ നിന്നു പോലും അകലം പാലിക്കണം. അങ്ങനെ കഴിയാന്‍ തയാറാത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. അവരെ ബോധവല്‍ക്കരിക്കണം. പക്ഷേ സാമൂഹ്യമായി ഒറ്റപ്പെടുത്താനോ ആക്രമിക്കാനോ മുതിരരുത്. അത് വിപരീതഫലമേ ചെയ്യൂ. 

ഒറ്റപ്പെടുന്നവരും ഒറ്റപ്പെടുത്തുന്നവരും എന്ന വേര്‍തിരിവ് തന്നെ ആദ്യം അവസാനിപ്പിക്കാം. അനിവാര്യമായ സുരക്ഷാനടപടിയാണ് സംപര്‍ക്ക വിലക്ക്. അവനവനും സമൂഹത്തിനും  വേണ്ടിയുള്ള സമര്‍പ്പണം. അങ്ങനെ മാറിയിരിക്കുന്നവരെ സമൂഹം ബഹുമാനിക്കണം. അവര്‍ക്കു വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് തയാറാവേണ്ടത്. ഒറ്റപ്പെടുത്തുകയല്ല.  

തിരുവനന്തപുരത്ത് ഒടുവില്‍ പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്ന അതിജാഗ്രതാനടപടികള്‍ നോക്കുക. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ 15 ദിവസം വര്‍ക്കലയില്‍ ഉണ്ടായിരുന്നു. അയാള്‍ പ്രദേശത്തും കടകളിലുമെല്ലാം പോയിട്ടുമുണ്ട്.  തുടര്‍ന്ന് അത്യാവശ്യമില്ലാത്തവരാരും പുറത്തിറങ്ങരുതെന്ന അതിജാഗ്രതാനിര്‍ദേശമാണ് ജില്ലയില്‍ നല്‍കേണ്ടി വന്നിരിക്കുന്നത്. പൊതുചടങ്ങുകള്‍ പൂര്‍ണമായി മാറ്റിവയ്ക്കണം.  

വിദേശത്തു നിന്നു വരുന്നവരെല്ലാം സമ്പര്‍ക്കവിലക്ക് സ്വയം എര്‍പ്പെടുത്തണം. വീഴ്ച വരുന്ന സാഹചര്യങ്ങളെല്ലാം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തണം. ആരോഗ്യപ്രവര‍്ത്തനങ്ങളിലുണ്ടാകുന്ന പഴുതുകളും ചൂണ്ടിക്കാണിക്കണം. പക്ഷേ കുറ്റപെടുത്താനും രാഷ്ട്രീയമുതലെടുപ്പിനും ഈ നേരം ഉപയോഗിക്കരുത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഈ സമയം ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.   

അതിജീവിക്കുകയാണ്, അതു മാത്രമാണ് നമുക്ക് മുന്നിലുള്ള ലക്ഷ്യം. ഒരൊറ്റയൊരാള്‍ പിന്തിരിഞ്ഞു നിന്നാല്‍ ഈ ദൗത്യം പരാജയപ്പെടും എന്നോര്‍ക്കുക. കൈ കഴുകി തുടങ്ങുന്ന ജാഗ്രത, സ്വയം അകലം പാലിക്കാനും പക്ഷേ ഒറ്റപ്പെടുത്താതിരിക്കുന്നതിനും വേണം. പൊതുസുരക്ഷയ്ക്കായി സമൂഹത്തില്‍ നിന്നു മാറിനില്‍ക്കുന്നവരെ അപമാനിക്കുന്ന പ്രചാരണങ്ങള്‍ക്കും തയാറാകരുത്. മനുഷ്യത്വം നഷ്ടപ്പെടുത്തിയിട്ട് മനുഷ്യര്‍ അതിജീവിച്ചതുകൊണ്ട് എന്തു പ്രയോജനം? കേരളത്തിന് കോവിഡിനെയും നേരിടാനാകും, രാജ്യത്തിനും ലോകത്തിനും ഈ പോരാട്ടത്തില്‍ തോല്‍ക്കാനാകില്ല.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...