ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷം മാത്രമല്ല; പ്രതിപക്ഷബഹുമാനം കൂടിയാണ്..!

pav-07
SHARE

ജനാധിപത്യത്തില്‍ പരസ്പരബഹുമാനം ഏറ്റവും പ്രധാനമാണ്. എല്ലാവര്‍ക്കും ഒരേ അവകാശം വ്യവസ്ഥ ചെയ്യുന്ന ജനാധിപത്യസംവിധാനത്തിന് പ്രതിപക്ഷബഹുമാനമില്ലാതെ മുന്നോട്ടു പോകാനാകില്ല. നിര്‍ഭാഗ്യവശാല്‍ പാര്‍ലമെന്റിലും നിയമസഭയിലും ജനാധിപത്യവിരുദ്ധനടപടികളും പരാര്‍ശങ്ങളും ആവര്‍ത്തിക്കുന്നു. ഉന്നത ജനാധിപത്യബോധം പുലര്‍ത്തുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലെ നിയമസഭയില്‍ പോലും ജനാധിപത്യമര്യാദകള്‍ കാറ്റില്‍ പറക്കുന്നത് അംഗീകരിക്കാവുന്നതല്ല. നിയമസഭയിലെയും ലോക്സഭയിലെയും രാഷ്ട്രീയസാഹചര്യങ്ങള്‍ താരതമ്യമേ അര്‍ഹിക്കുന്നതല്ലെങ്കിലും ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ എവിടെയായാലും തിരിച്ചറിയുകയും തിരുത്തുകയും വേണം.  

പ്രതിപക്ഷാംഗത്തെ മന്ത്രിസഭയിലെ രണ്ടാമന്‍ വിശേഷിപ്പിച്ച വാക്ക് കേരളം കേട്ടു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം ഇങ്ങനെ പറയുമ്പോള്‍ തിരുത്തേണ്ട മുഖ്യമന്ത്രിയോ? വിടുവായത്തം എത്രയാവര്‍ത്തിച്ചാലും സ്വയം വിടുവായത്തമാകില്ലെന്നായിരിക്കും മുഖ്യമന്ത്രിയുടെ ധാരണ. മുഖ്യമന്ത്രിയെ ഇത്രമേല്‍ പ്രകോപിപ്പിച്ച പ്രതിപക്ഷത്തിന്റെ വാക്കുകള്‍ വിടുവായത്തമായിരുന്നോ? 

ഗുരുതരമായ ഒരു വിഷയമാണ് സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. പെരിയ ഇരട്ടക്കൊല ഗുരുതരമായ വിഷയമാണെന്ന് ഇതേ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും നേരത്തേ സമ്മതിച്ചതാണ്. കാരണം രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് സി.പി.എം പ്രാദേശികനേതാക്കളാണ്.  

പക്ഷേ ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തോട് സര്‍ക്കാരിന് യോജിപ്പില്ല. പെരിയ ഇരട്ടക്കൊല സി.ബി.ഐ അന്വേഷിക്കില്ലെന്നുറപ്പുവരുത്താന്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു. വേണ്ടിവന്നാല്‍ ഇനിയും ചെലവാക്കുമെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.  

കേരളാപൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രത്തില്‍ ഒറ്റനോട്ടത്തില്‍ തെളിഞ്ഞ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടി സിംഗിള്‍ ബഞ്ച് പൊലീസിനെ നിശിതമായി വിമര്‍ശിച്ചു. കുറ്റപത്രവും റദ്ദാക്കി. ഗൂഢാലോചന അന്വേഷിക്കാത്തതെന്താണെന്ന ചോദ്യവും ഉന്നയിച്ചുകൊണ്ടാണ് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. പക്ഷേ സി.ബി.ഐയെ ഇതുവരെ കേസ് ഡയറി പോലും തൊടീച്ചിട്ടില്ല കേരളാപൊലീസ്. ഇക്കാര്യം പുറത്തുവന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നല്‍കിയത്.  

എന്നുവച്ചാല്‍ തീര്‍ത്തും ന്യായമായ ഒരു ചോദ്യത്തിനോടാണ് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ജനാധിപത്യമര്യാദയില്ലാതെ പ്രതികരിച്ചത്. സ്വന്തം നിലപാടിനും നിലവാരത്തിനുമനുസരിച്ച് സംസാരിക്കാന്‍ ഏതു രാഷ്ട്രീയനേതാവിനും അവകാശമുണ്ട്. പക്ഷേ ഭാഷയിലൂടെ അമിതാധികാരപ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. തൊട്ടടുത്തു നിന്നുയര്‍ന്ന അസഭ്യപ്രയോഗത്തെ തിരുത്താന്‍ മുഖ്യമന്ത്രിക്കു കഴിയാതെ പോയത് ജനാധിപത്യമര്യാദ സ്വയം തിരിച്ചറിയാത്തതുകൊണ്ടുകൂടിയാണ്.  

നിയമസഭയില്‍ മോശം പരാമര്‍ശം നടത്തിയെന്ന പ്രതിപക്ഷത്തിന്റെ പരാതി തള്ളുകയാണ് മന്ത്രി ഇ.പി.ജയരാജന്‍ ചെയ്തത്. തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്താല്‍ ചെറുതായിപ്പോകുമെന്നാണ് അദ്ദേഹം കരുതുന്നത്. തിരിച്ച് അവകാശലംഘനത്തിനു നോട്ടീസും നല്‍കി. 

എല്ലാ കാലത്തും നിയമസഭകള്‍ അസഭ്യപ്രയോഗങ്ങളുടെയും മാന്യതയില്ലാത്ത പെരുമാറ്റത്തിന്റെയും പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സംസ്കാരമാതൃകകളായിക്കൊള്ളാമെന്ന് ഒരു നേതാവും വോട്ടു ചോദിക്കുമ്പോള്‍ വാക്കു തന്നിട്ടുമില്ല.  കാരണം അവര്‍ക്കത് അത്ര എളുപ്പമുള്ള കാര്യമല്ല.  പക്ഷേ ജനാധിപത്യമര്യാദയുടെ അര്‍ഥം ജനപ്രതിനിധികള്‍ ഉള്‍ക്കൊണ്ടേ പറ്റൂ. എതിര്‍പക്ഷത്തെ ബഹുമാനിക്കുകയെന്നത് ജനാധിപത്യത്തില്‍ അനിവാര്യമാണ്. 

അധികാരം കൈയാളുന്നവര്‍ അധികാരമില്ലാത്തവരോട് എങ്ങനെ പെരുമാറുന്നുവെന്നത് ഒരു സമൂഹത്തിന്റെ വികാസത്തിന്റെ ഏറ്റവും വലിയ അളവുകോല്‍ കൂടിയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ അനൗചിത്യം നിറഞ്ഞ ഇടപെടലുകള്‍ ഇടതുപക്ഷത്തുനിന്നുണ്ടായി.  

സംസ്ഥാനസര്‍ക്കാരിന്റെ വീടുദാനചടങ്ങിലായിരുന്നു ഈ പ്രകടനം. ഗുണഭോക്താവായ യുവതിയെയും ഭര്‍ത്താവിനെയും വേദിയില്‍ വച്ച് പരസ്യമായി അവഹേളിച്ചത് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായ മന്ത്രിയാണ്. തിരുവനന്തപുരത്ത് ദാരിദ്ര്യത്തെത്തുടര്‍ന്ന് കുട്ടി മണ്ണു തിന്നുവെന്ന വിവാദത്തിലായ കുടുംബത്തെയാണ് അവര്‍ക്ക് വീടു കൈമാറുന്ന ചടങ്ങില്‍ മന്ത്രി പരസ്യമായി ആക്ഷേപിച്ചത്. തൊട്ടടുത്ത ദിവസം KSRTC സമരത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ അടുത്തത്.  

തൊഴില്‍ ചെയ്തതിനുള്ള കൂലിയാണ് ഓരോ തൊഴിലാളിയും കൈപ്പറ്റുന്നതെന്ന ബോധമില്ലാതെയാണോ തൊഴിലാളി യൂണിയന്‍ നേതാവു കൂടിയായ മന്ത്രി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്? കെഎസ്ആര്‍ടിസിയിലുണ്ടായ മിന്നല്‍ പണിമുടക്ക് ന്യായീകരണങ്ങളില്ലാത്ത അക്രമമാണ്. പക്ഷേ അതിന് തീറ്റിപ്പോറ്റുന്നതിന്റെ ഔദാര്യം പറയുകയാണോ ഇടതുസര്‍ക്കാര്‍ ചെയ്യേണ്ടത്? അതേദിവസം നിയമസഭയിലായിരുന്നു അടുത്ത വലിപ്പച്ചെറുപ്പനിര്‍ണയം. 

അംഗീകരിക്കാനാകാത്ത പെരുമാറ്റം ആരില്‍ നിന്നുണ്ടായാലും അതു ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും വേണം. പറയുന്നത് പ്രതിപക്ഷത്തെയായതുകൊണ്ട് സ്വീകാര്യമാകുന്ന ജനാധിപത്യവിരുദ്ധതയുടെ അപകടങ്ങളാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. വിയോജിപ്പുള്ളവരോട് അധികാരമുള്ളവര്‍ക്ക് എങ്ങനെയും പെരുമാറാമെന്ന പുതിയ കീഴ്‍വഴക്കം അവിടെയും ഇവിടെയും സ്വീകാര്യമാകാന്‍ പാടില്ല. മര്യാദയുടെ ലംഘനങ്ങളിലും വലുതും ചെറുതുമെന്ന ന്യായീകരണം  പാടില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങളെ ഏകപക്ഷീയമായി പുറത്താക്കാന്‍ ഭരണപക്ഷത്തിന് ധൈര്യം നല്‍കുന്നത് ഈ ന്യായീകരണങ്ങളാല്‍ രൂപപ്പെടുത്തിയിരിക്കുന്ന മതിപ്പില്ലായ്മയാണ്.  

‌കേരളത്തില്‍ നിന്നുള്ള നാല് പേരടക്കം ഏഴ് എം.പിമാരെ മോശം പെരുമാറ്റത്തിന് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച തന്നെ ഉപാധികളോടെ നടപടി പിന്‍വലിക്കാന്‍ സ്പീക്കര്‍ തയാറായി. പക്ഷേ അങ്ങനെയൊരു സാഹചര്യത്തിന് പ്രകോപനമായ മോശം പെരുമാറ്റം  സ്പീക്കര്‍ക്കോ കേന്ദ്രത്തിനോ ഒരു പ്രശ്നമേ ആയിതോന്നിയില്ല. രാജസ്ഥാനില്‍ നിന്നുള്ള രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി അംഗം ഹനുമാന്‍ ബേനിവാള്‍ നടത്തിയ അനുചിതമായ പരാമര്‍ശമാണ് സഭയെ സംഘര്‍ഷഭരിതമാക്കിയത്.  

കോവിഡ് ബാധിതരില്‍ ഇറ്റലിക്കാരാണ് കൂടുതലെന്നും വെറസ് പടര്‍ത്തുന്നത് അവരാണെന്നും പറഞ്ഞുകൊണ്ടാണ് ഭരണപക്ഷാംഗമായ ഹനുമാന്‍ ബേനിവാള്‍ പ്രകോപനത്തിന് തുടക്കം കുറിച്ചത്. ഇറ്റലിക്കാരിയായ സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും പ്രത്യേക പരിശോധന വേണമെന്നും അവരെ പുറത്തിറക്കരുത് എന്നും ഹനുമാന്‍ ബേനിവാള്‍ പറഞ്ഞു. തുടര്‍ന്നാണ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തിയത്. പക്ഷേ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ സസ്പെന്‍ഷന്‍  പ്രമേയം കൊണ്ടു വന്ന കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തിന് തുടക്കമിട്ട ഹനുമാന്‍ ബേനിവാളിനെതിരെ ചെറുവിരല്‍ അനക്കിയില്ല. ആക്ഷേപം സഭാരേഖകളില്‍ നിന്നു നീക്കുക മാത്രം ചെയ്തു.  

അതായത് പാര്‍ലമെന്റില്‍ അച്ചടക്കമാണ് പ്രധാനം. ജനാധിപത്യമേയല്ല. പ്രതിപക്ഷം അഞ്ചു ദിവസമായി ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടിട്ടും ഭരണപക്ഷം അനുവദിച്ചില്ല. ലോകം മുഴുവന്‍ ഡല്‍ഹിയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഹോളി കഴിഞ്ഞിട്ടാവാം എന്നു പറയുന്ന ഒരു സര്‍ക്കാര്‍ പ്രതിപക്ഷത്തെ അച്ചടക്കം പഠിപ്പിക്കുകയാണ്.  ഡല്‍ഹിയെക്കുറിച്ച് രാജ്യത്തോട് വിശദീകരിക്കേണ്ടതുണ്ട് എന്നു പോലും മോദി ഭരണകൂടം കരുതുന്നില്ല.  ഡല്‍ഹി കലാപമോ, കോവിഡ് ഭീഷണിയോ  സാമ്പത്തികത്തകര്‍ച്ചയോ, എന്തിന് രാജ്യത്തെ ബാധിച്ച ഗുരുതരമായ പ്രശ്നങ്ങളൊന്നും മോദി ഭരണകൂടത്തിന് പ്രശ്നമേയല്ല. ബഹുമാനമില്ലാത്തത് പ്രതിപക്ഷത്തോടല്ല, ജനാധിപത്യത്തോടു തന്നെയാണ് എന്നു വ്യക്തം. 

മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ.മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്ന ഗുരുതരമായ ഒരു സാഹചര്യമുണ്ട്. രാജ്യം മൂന്ന് ഗുരുതര ഭീഷണികളിലൂടെയാണ് കടന്നു പോകുന്നത്. സമൂഹത്തിലുണ്ടായിരിക്കുന്ന അനൈക്യവും അസ്വസ്ഥതയും, സാമ്പത്തികമാന്ദ്യം, ഇപ്പോള്‍ കോവിഡ് പകര്‍ച്ചവ്യാധി ഭീഷണിയും. ഈ വെല്ലുവിളികള്‍ ഇന്ത്യയുടെ ആത്മാവ് തകര്‍ക്കുമെന്നു മാത്രമല്ല, ആഗോളസാമ്പത്തിക –ജനാധിപത്യശക്തി എന്ന ഇന്ത്യയുടെ പ്രതിഛായ നശിപ്പിക്കുമെന്നും ഡോ.സിങ് ചൂണ്ടിക്കാണിക്കുന്നു. ഈ ദുരിതാവസ്ഥയില്‍ നിന്ന്  കര കയറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനുറപ്പു നല്‍കണമെന്നും പ്രവൃത്തികളിലൂടെ അതുറപ്പിക്കണമെന്നും ഡോ.മന്‍മോഹന്‍സിങ് ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതാവെന്നാക്ഷേപിച്ച് ഡോ.മന്‍മോഹന്‍സിങിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ ബി.ജെ.പി. ശ്രമിച്ചാലും സാധിക്കില്ല. കാരണം ഭരണനിര്‍വഹണത്തിലുളള അനുഭവസമ്പത്തില്‍ നിന്ന് ഒരിക്കലൊരു മുന്നറിയിപ്പ് അവഗണിച്ചതിന്റെ അനന്തരഫലം രാജ്യം കണ്ടതാണ്.  

ചുരുക്കിപ്പറഞ്ഞാല്‍, ആഗോള, ആഭ്യന്തരഭീഷണികള്‍ വലയം ചെയ്യുമ്പോള്‍ പ്രതിപക്ഷത്തെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയാല്‍ പ്രശ്നം തീരില്ലെന്ന ചൂണ്ടുവിരല്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയുമോ എന്നതാണ് പ്രശ്നം.  

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധസമീപനം ദ്രവിപ്പിച്ചിരിക്കുന്നുവെന്നത്  ​ഞെട്ടിപ്പിക്കുന്ന സത്യമാണ്. ജഡ്ജിയെ സ്ഥലം മാറ്റിയും വിയോജിക്കുന്നവരെ അടിച്ചൊതുക്കിയും സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തിയും തീര്‍ത്തു കളയാവുന്ന ചോദ്യങ്ങളല്ല, ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നത്. സമഗ്രാധിപത്യം കൈപ്പിടിയിലൊതുക്കിയാലും യഥാര്‍ഥ വെല്ലുവിളികള്‍ കൈയിലൊതുങ്ങുന്നില്ലെന്ന് ജനത കാണുകയാണ്. ജനാധിപത്യത്തിന്റെ അന്തഃസത്തയിലേക്കു തിരിച്ചു പോകാതെ ഇന്ത്യ നേരിടുന്ന  ഭീഷണികള്‍ക്ക് പരിഹാരമാകില്ലെന്ന് തിരിച്ചറിയാതെ മുന്നോട്ടു പോകാനാകില്ല.  ജനാധിപത്യമെന്നാല്‍ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മാത്രമല്ല, പ്രതിപക്ഷബഹുമാനമാണ്, കൂട്ടായ പരിഹാരശ്രമങ്ങളാണ്, പരസ്പരവിശ്വാസമാണ്, ഇന്ത്യയുടെ ആത്മാവു തന്നെയാണത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...