മാധ്യമസ്വാതന്ത്ര്യം ജനങ്ങളുടെ അവകാശം; ആരുടെയും ഔദാര്യമല്ല

pva-107
SHARE

എന്താണ് വാര്‍ത്തയെന്ന് ആരാണ് തീരുമാനിക്കേണ്ടത്? ജനം എന്തറിയണമെന്ന് ഭരണകൂടം തീരുമാനിക്കാന്‍ തുടങ്ങിയാല്‍ ആ സമൂഹത്തിന്റെ അവസ്ഥ എന്താകും? മാധ്യമസ്വാതന്ത്യം മാധ്യമങ്ങളുടെ സ്വാതന്ത്ര്യമല്ല, ജനാധിപത്യത്തിന്റെ അവകാശമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് രണ്ട് മലയാളം വാര്‍ത്താചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്തു. അഹിതസത്യങ്ങളെ മോദി ഭരണകൂടം എങ്ങനെ നേരിടുമെന്നതിന്റെ വ്യക്തമായ അപായസൂചനയാണ്  സ്വേച്ഛാധിപത്യ നടപടിയില്‍ തെളിഞ്ഞു കാണുന്നത്. തെറ്റു പറ്റിപ്പോയി എന്ന ഏറ്റുപറച്ചിലും പ്രധാനമന്ത്രി ഇടപെട്ടു തിരുത്തി എന്ന വരുത്തിത്തീര്‍ക്കലും കൃത്യമായും ഒരു ടെസ്റ്റ് ഡോസാണ് നടന്നത് എന്ന് വ്യക്തമാക്കുന്നു.  

വെള്ളിയാഴ്ച രാത്രിയാണ് മലയാളം വാര്‍ത്താചാനലുകളായ ഏഷ്യനെറ്റിനെയും മീഡിയാവണിനെയും രണ്ടു ദിവസം വാര്‍ത്താസംപ്രേഷണത്തില്‍ നിന്നു വിലക്കിക്കൊണ്ട് കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച രാത്രി 7.30നാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു ചാനലുകള്‍ക്കുമെതിരായ നടപടി മന്ത്രാലയം തന്നെ പിന്‍വലിക്കുകയും ചെയ്തു. േകബിള്‍ ടി.വി. നെറ്റ്‍വര്‍ക്ക് റൂള്‍സിലെ രണ്ടു ചട്ടങ്ങള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ദേശവിരുദ്ധവും കലാപത്തിനു പ്രേരിപ്പിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കം പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന വകുപ്പുകളാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയത്.  

ഏകപക്ഷീയമായ റിപ്പോര്‍ട്ടിങ്ങാണ് ഡല്‍ഹി കലാപത്തില്‍ നടത്തിയതെന്നാരോപിച്ചാണ് വാര്‍ത്താവിതരണമന്ത്രാലയം കടുത്ത നടപടി സ്വീകരിച്ചത്. എങ്കില്‍ പിന്നെ എന്തുകൊണ്ട് നടപടി പിന്‍വലിച്ചുവെന്നതിന് വിശദീകരണമില്ല. കലാപകലുഷിത സാഹചര്യങ്ങളില്‍ ആളിക്കത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കരുതെന്ന മാര്‍ഗനിര്‍ദേശം എക്കാലത്തും മാധ്യമങ്ങള്‍ക്കു മുന്നിലുണ്ട്. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവ‍ര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ അത് പിന്തുടരുന്നുമുണ്ട്.   പക്ഷേ  മാധ്യമവിലക്കേര്‍പ്പെടുത്തുന്ന നടപടിക്ക് ഒരൊറ്റ അര്‍ഥവും ഒരൊറ്റ സന്ദേശവുമേയുള്ളൂ. സര്‍ക്കാര്‍ ഇച്ഛിക്കാത്ത വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചാല്‍ അധികാരം പ്രയോഗിച്ച് അടിച്ചമര്‍ത്തും. വിമര്‍ശിക്കുന്ന ഏതു സ്ഥാപനവും പൂട്ടിക്കെട്ടും എന്ന ഭീഷണി തന്നെയാണിത്. ജനാധിപത്യവിരുദ്ധമാണ്, ജനതയുടെ അവകാശങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്.  

ഡല്‍ഹി കലാപദിനങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് കേന്ദ്രസര്‍ക്കാരാണ്. ബി.ജെ.പിയുടെ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാണ് കലാപത്തിന് തിരി കൊളുത്തിയതെന്ന പരാതികള്‍ കോടതികള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ സ്വന്തം നേതാക്കള്‍ക്കെതിരെ ഒരു ശാസന പോലും നടത്താന്‍ തയാറാകാതെ മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ബി.ജെ.പി.  

ഡല്‍ഹി പൊലീസിനെയും   ആര്‍.എസ്.എസിനെയും വിമര്‍ശിച്ചു തുടങ്ങിയ പരാമര്‍ശങ്ങളാണ് കുറ്റം. വിമര്‍ശനം ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് കുറ്റമാക്കിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. പകരം വന്നിരിക്കുന്ന മറുപടി ഇതാണ്. സര്‍ക്കാരിനാണ് തെറ്റുപറ്റിയത് എന്ന ഏറ്റുപറച്ചിലാണ് മന്ത്രി ഒടുവില്‍ നടത്തുന്നത്. എന്നുവച്ചാല്‍ അസാധാരണ വേഗത്തില്‍ സ്വന്തം വകുപ്പ് ഉത്തരവിറക്കി, വിലക്ക് പ്രാബല്യത്തിലാക്കിയ ശേഷമുണ്ടായ വീണ്ടുവിചാരം.  

മിണ്ടാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത് എന്ന പച്ചയായ പ്രഖ്യാപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത് . മാധ്യമങ്ങളോടു മാത്രമല്ല, വിമര്‍ശകരോടെല്ലാം സര്‍ക്കാര്‍ പറയുന്നത് അതാണ്. നിയമങ്ങളും ചട്ടങ്ങളും മാനിക്കാതെയാണ് വാര്‍ത്താവിതരണമന്ത്രാലയം അതിനു കരുക്കള്‍ നീക്കിയത് എന്നു വ്യക്തമാണ്. അതുകൊണ്ടു തന്നെയാണ് വൈകാതെ വിലക്ക് പിന്‍വലിക്കേണ്ടി വന്നതും. പക്ഷേ ടെസ്റ്റ് ഡോസാണ്. ഇങ്ങനെ ചെയ്യാനും മടിക്കില്ലെന്ന് എല്ലാവരും മനസിലാക്കിയാല്‍ നല്ലത് എന്ന് കേന്ദ്രം പറയുന്നു. ആ ഭീഷണി ഇന്ത്യന്‍ ജനാധിപത്യമാണ് കേള്‍ക്കേണ്ടത്. ചെറുക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് ജനാധിപത്യവിശ്വാസികളുടെയെല്ലാം കര്‍ത്തവ്യമാണ്.  

ടെലിവിഷന്‍ സംപ്രേഷണത്തിനുള്ള കേബിള്‍ ടിവി ആക്റ്റില്‍ ദുരുപയോഗത്തിനു സാധ്യതയുള്ള ഒരുപാട് വകുപ്പുകളും പഴുതുകളുമുണ്ട്. ദേശവിരുദ്ധമനോഭാവം വളര്‍ത്തുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തെന്നാരോപിച്ച് കേന്ദ്രസര്‍ക്കാരിന് നടപടിയെടുക്കാം. ദേശവിരുദ്ധമെന്ന വ്യാഖ്യാനം  എത്ര ഗുരുതരമായി ദുരുപയോഗം ചെയ്യാനാകുമെന്നതിന്റെ ഉദാഹരണം കനയ്യകുമാറിന്റെ കേസില്‍ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് മതധ്രുവീകരണവും അപകടകരമായ ദേശീയതയും വളര്‍ത്തുന്ന എന്ന ആരോപണം നേരിടുന്ന  രാഷ്ട്രീയനേതൃത്വം തന്നെ മാധ്യമങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിന് മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്ന അതി സങ്കീര്‍ണമായ അവസ്ഥയാണ് ഇന്ന് ഇന്ത്യന്‍ സമൂഹം നേരിടുന്നത്.   സമീപകാലത്ത് ഭരണകൂടം മാധ്യമസ്വാതന്ത്ര്യത്തില്‍ നഗ്നമായ ലംഘനം നടത്തുന്നത് ഇതാദ്യമായല്ല. ഭരണപക്ഷനേതാക്കളും വക്താക്കളും തന്നെ മാധ്യമപ്രവര്‍ത്തകരെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് രാജ്യം വര്‍ഷങ്ങളായി കണ്ടുകൊണ്ടേയിരിക്കുകയാണ്. വിശ്വാസ്യതയുള്ള, ഭരണകൂടത്തിനു വഴങ്ങാത്ത എല്ലാവരെയും ഇകഴ്ത്തിയും രാജ്യവിരുദ്ധരായി ചിത്രീകരിച്ചും ഭരണകൂടരാഷ്ട്രീയം മുന്നോട്ടു പോകുന്നു. ഡല്‍ഹി കലാപത്തിനു പിന്നില്‍  ദുരൂഹമായ നിലപാടുകളുണ്ടെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല, രാജ്യാന്തരമാധ്യമങ്ങളെല്ലാം വസ്തുതകള്‍ നിരത്തി ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. ആ വസ്തുതകള്‍ക്ക് കൃത്യമായ പ്രതിരോധം നിരത്തുകയോ, വിശദീകരണം നല്‍കുകയോ ചെയ്യാതെ രാജ്യത്തിനകത്തുള്ള പരമാധികാരം ഉപയോഗിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അസ്വീകാര്യമാണ്. സമൂഹത്തിന്റെ സംശയങ്ള്‍ക്ക് വ്യക്തമായ മറുപടിയുണ്ടെങ്കില്‍ പാര്‍ലമന്റില്‍ അതു പറയാന്‍ സാഹചര്യമുണ്ടായിട്ടും ഹോളി കഴിഞ്ഞാകാം എന്നു തള്ളിനീക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.  

പൗരസ്വാതന്ത്ര്യത്തെ  മാനിക്കാത്ത ഒരു ഭരണകൂടം മാധ്യമസ്വാതന്ത്ര്യത്തെ വെറുതെവിടും എന്നു പ്രതീക്ഷിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യത്തിന് പ്രത്യേക ഭരണഘടനാപരിരക്ഷ കൊണ്ടുവരാന്‍ ഇന്നേവരെ ഒരു ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടിയും തയാറായിട്ടില്ല എന്നത് വസ്തുതയാണ്. അടിയന്തരവസ്ഥാക്കാലത്ത് മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതിന് സാക്ഷ്യം വഹിച്ചിട്ടും ഇന്ത്യന്‍ രാഷ്ട്രീയത്തിന് മാധ്യമസ്വാതന്ത്ര്യം ഭരണഘടനയുടെ ഭാഗമാക്കണമെന്ന് ബോധമുണ്ടായിട്ടില്ല. ഭരണകൂടത്തിന്റെ രാഷ്ട്രീയം മാറുന്നതിനനുസരിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്ന സാഹചര്യം തുറന്നു കിടക്കുന്നത് ഭരണഘടനാ പരിരക്ഷയുടെ കൂടി അഭാവത്തിലാണ്.  

കഴിഞ്ഞ ദിവസം കേരളത്തിലെ നിയമസഭയില്‍ നടന്ന  ചര്‍ച്ച മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമായി അവതരിപ്പിക്കുന്നതായിരുന്നു. 

ഈ പറയുന്ന മുഖ്യമന്ത്രിയുടെ സര്‍ക്കാര്‍ അടുത്തിടെയുണ്ടായ പൊലീസ് അഴിമതി വിവാദത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്താന്‍ അസാധാരണമായ അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എന്നത് മറ്റൊരു വൈരുധ്യം. മാധ്യമങ്ങളെ സുതാര്യമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയെന്നത് ഒരു സര്‍ക്കാരിന്റെയും ഔദാര്യമാകരുത്. ജനങ്ങളുടെ അറിയാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന സ്വതന്ത്രമായ അവകാശമായി അതു നിലനില്‍ക്കണം. മാധ്യമസ്വാതന്ത്ര്യസൂചികയില്‍ 2019ലെ കണക്കനുസരിച്ച് 140 സ്ഥാനത്തേക്ക് ഇടിഞ്ഞു ഇന്ത്യയിലെ അവസ്ഥ. ആകെ 180 രാജ്യങ്ങളിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം 140ാം സ്ഥാനത്തേക്കു വീണതെന്നോര്‍ക്കണം. ജീവനും ജീവിതവും മുള്‍മുനയില്‍ നിര്‍ത്തി ജനങ്ങളെ സത്യമറിയിക്കാന്‍ വേണ്ടി പോരാടേണ്ടി വരുന്ന സാഹചര്യം ഒരു ആധുനികസമൂഹത്തിന് ഭൂഷണമേയല്ല. ഈ കഴിഞ്ഞ ഡല്‍ഹി കലാപത്തിനിടെ മാധ്യമപ്രവര‍്ത്തകര്‍ മുന്‍പൊരിക്കലുമില്ലാത്ത വിധം ആക്രമണം നേരിട്ടു. ജാതിയും മതവും വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരോടാവശ്യപ്പെട്ടത് . കലാപകാരികളാണ്. ഇന്ത്യയില്‍ തങ്ങളോടു വിയോജിക്കുന്ന  മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചുകൊണ്ടേയിരിക്കുന്നത് ഭരണപക്ഷരാഷ്ട്രീയമാണ്.  

പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിലുണ്ടെന്ന് ആദ്യം അംഗീകരിക്കുകയാണ് വേണ്ടത്. അത് ബി.ജെ.പിക്ക് സാധിക്കുമോ? പ്രധാനമന്ത്രിക്ക് സാധിക്കുമോ? പിന്നെങ്ങനെയാണ് വിയോജിക്കുന്നവരെ രാജ്യവിരുദ്ധരാക്കുക? സര്‍ക്കാരിന്റെ ഏകപക്ഷീയനടപടികളെ വിമര്ശിക്കുന്നവരെ ഒറ്റുകാരെന്നു വിളിച്ച് ഒറ്റപ്പെടുത്താനാകുക? ഇതു രണ്ടുമല്ലാതെ വിമര്‍ശനങ്ങളോട്  ക്രിയാത്മകമായി പ്രതികരിക്കുന്ന ഏതെങ്കിലുമൊരു സന്ദര്‍ഭം ഈ ഭരണകൂടത്തിന്റെ കാലത്ത് രാജ്യം കണ്ടിട്ടില്ല.  

ഭീതി പടര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കില്‍ ഇപ്പോള്‍ തിരുത്തിയെങ്കിലും ഇനിയും ജനാധിപത്യവിരുദ്ധനടപടികളുടെ പരമ്പര പ്രതീക്ഷിക്കാം. ഇതൊരു ദശാസന്ധിയാണ്.  കീഴടങ്ങാന്‍ എളുപ്പമാണ്.  ജനാധിപത്യ ഇന്ത്യയ്ക്കു വേണ്ടി, തലമുറകള്‍ക്കു വേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി നിവര്‍ന്നു നില്‍ക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ബാധ്യതയുണ്ട്. സ്വാതന്ത്ര്യം സ്വതന്ത്ര ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും അവകാശമാണ്. ഒരു ഭരണകൂടത്തിന്റെയും ഔദാര്യമല്ല. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...