കേജ്‌രിവാൾ ഉത്തമ മാതൃകയല്ല; ബദലാണ്

Parayathe-Vayya_Delhi845
SHARE

വെറുപ്പ് വിതയ്ക്കുന്ന ഒരു രാഷ്ട്രീയത്തിന് നല്‍കാവുന്ന ഏറ്റവും നല്ല തിരിച്ചടിയെന്താണ്? അതാണ് ഡല്‍ഹിയിലെ ജനത ബി.ജെ.പിക്ക് നല്‍കിയ കനത്ത പരാജയം. 81 ശതമാനത്തിലേറെ ഹിന്ദു വിഭാഗത്തില്‍ പെടുന്ന ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ബി.ജെ.പിയുടെ വിദ്വേഷപ്രചാരണത്തിനു നല്‍കിയ പ്രതികരണം ജനാധിപത്യഇന്ത്യയുടെ പ്രത്യാശയാണ്. പക്ഷേ ഇന്ത്യന്‍ ജനാധിപത്യം ഇന്നു നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം അരവിന്ദ് കേജരിവാള്‍ മുന്നോട്ടു വയ്ക്കുന്നുണ്ടോ? കേജരിവാളിന്റെ വിജയവും ധ്രുവീകരണരാഷ്ട്രീയത്തിന്റെ വിജയമാണെന്ന വിമര്‍ശനത്തില്‍ അടിസ്ഥാനമുണ്ടോ? ഡല്‍ഹി മാതൃകയില്‍ ജനാധിപത്യ ഇന്ത്യക്കു പ്രതീക്ഷയര്‍പ്പിക്കാന്‍ എന്തുണ്ട്?

എഴുപതില്‍ അറുപത്തിമൂന്ന്. ഒരു സംശയവും ആരോപിക്കാനാകാത്ത ആധികാരികജയം. ജനക്ഷേമരാഷ്ട്രീയത്തിനുള്ള അംഗീകാരമെന്ന് കേജരിവാള്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമാകെ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വേളയില്‍ അതീവരാഷ്ട്രീയപ്രധാന്യമുള്ള ജനവിധിയാണ് ഡല്‍ഹിയിലേത്. ബി.ജെ.പിയുടെ സര്‍വസജ്ജമായ സംഘടനാസംവിധാനങ്ങളെയും മോദി ഭരണകൂടത്തിന്റെ അധികാരപ്രലോഭനങ്ങളെയും  അരവിന്ദ് കേജരിവാള്‍ ഒറ്റയ്ക്കു നേരിട്ടു. സമീപകാലചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത കടുത്ത വര്‍ഗീയപ്രചാരണം രാജ്യം അവിശ്വസനീയതയോടെ നോക്കിനിന്നു. മുന്‍കാലങ്ങളിലുണ്ടായിരുന്ന നേരിയ മറപോലും ഉപേക്ഷിച്ച് നേരിട്ടു തന്നെ കേന്ദ്രആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ വര്‍ഗീയധ്രുവീകരണം നടത്തി ബി.ജെ.പി.

 പക്ഷേ ഡല്‍ഹി ജനത ബി.ജെ.പിയുടെ വര്‍ഗീയകെണിയില്‍ കുരുങ്ങിയില്ല. രാജ്യതലസ്ഥാനത്തിന്റെ രാഷ്ട്രീയഉത്തരവാദിത്തം ഏറ്റെടുത്തു തന്നെ ഡല്‍ഹി ബി.ജെ.പിയെ നിരാകരിച്ചു. ആ തിരഞ്ഞെടുപ്പ് എളുപ്പമാക്കും വിധം ക്രിയാത്മകരാഷട്രീയവുമായി ആം ആദ്മി പാര്‍ട്ടി അവര‍്ക്കു മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ആ രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങള്‍ ഡല്‍ഹി നേരിട്ടനുഭവിക്കുകയും ചെയ്തതാണ്. ബി.ജെ.പിയെ ചെറുക്കാന്‍ കഴിയുന്ന ബദല്‍ ഏത് എന്ന ചോദ്യത്തിനുള്ള  ഉത്തരത്തിലേക്ക് ചില സൂചനകള്‍ അരവിന്ദ് കേജരിവാള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

സൗജന്യങ്ങളുടെ രാഷ്ട്രീയവിജയം എന്ന് കേജരിവാളിന്റെ മൂന്നാം വിജയത്തെ ചുരുക്കിക്കളയാനാവില്ല. വെള്ളമായാലും വൈദ്യുതിയായാലും സൗജന്യയാത്രയായാലും ജനങ്ങളുടെ അവകാശങ്ങള്‍ മാത്രമാണ് നീതിയുക്തമായി വിതരണം ചെയ്തതെന്ന് കേജരിവാള്‍ കണക്കു നിരത്തി വിശദീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്.  അത് ജനജീവിതത്തെ ശരിയായി സ്വാധീനിച്ചുവെന്നു തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നുമുണ്ട്. 

നല്ല ഭരണത്തിനും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ വോട്ടു ചെയ്തു. ഡല്‍ഹി അവര്‍ അര്‍ഹിക്കുന്ന, ആഗ്രഹിക്കുന്ന ഭരണം ഒരിക്കല്‍കൂടി തിരഞ്ഞെടുത്തു. പക്ഷേ ദേശീയ രാഷ്ട്രീയത്തെ ഡല്‍ഹി തിരഞ്ഞെടുപ്പ് ഉദ്വേഗജനകമാക്കിയത് ബി.ജെ.പിയുെട രാഷ്ട്രീയവെല്ലുവിളി കൊണ്ടാണ്. പൗരത്വനിയമഭേദഗതിക്കെതിരെ നിലകൊള്ളുന്നവരെല്ലാം രാജ്യവിരുദ്ധരാണെന്ന പ്രചാരണവുമായാണ് ബി.ജെ.പി. ഡല്‍ഹിയില്‍ ഇറങ്ങിയത്. ഷഹീന്‍ബാഗ്  പാക്കിസ്ഥാന്‍ പക്ഷമാക്കി. സമരക്കാരെല്ലാം വേഷം കൊണ്ടു തിരിച്ചറിയപ്പെടേണ്ട രാജ്യവിരുദ്ധരായി. 

ഡല്‍ഹിയില്‍ വോട്ടര്‍മാരില്‍ കൃത്യം 81 ശതമാനവും ഹിന്ദുവിഭാഗത്തില്‍ പെടുന്നവരാണെന്ന അമിത ആത്മവിശ്വാസത്തില്‍ വര്‍ഗീയകാര്‍ഡുകള്‍ തലങ്ങും വിലങ്ങും വീശി ബി.ജെ.പി. അതിനു വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ 200 എം.പിമാരെ ഡല്‍ഹിയില്‍ അണിനിരത്തി. എഴുപതോളം കേന്ദ്രമന്ത്രിമാരും 11 മുഖ്യമന്ത്രിമാരും ബി.ജെ.പിയുടെ നാടിളക്കിയുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കി. പക്ഷേ അവരാരും ക്രിയാത്മക രാഷ്ട്രീയമല്ല സംസാരിച്ചത്. ഷഹീന്‍ബാഗില്‍ വിതരണം ചെയ്യുന്ന ബിരിയാണിക്കഥകളിലും പൗരത്വസമരത്തിനെതിരെ അപരവിദ്വേഷം പരത്തിയും വിജയം നേടാമെന്ന് ബി.ജെ.പി അന്ധമായി വിശ്വസിച്ചു. രണ്ടു പൊതുതിരഞ്ഞെടുപ്പുകളിലും വന്‍ഭൂരിപക്ഷത്തോടെ ഇന്ത്യന്‍ ജനത നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചത് വര്‍ഗീയ ധ്രുവീകരണം സ്വീകരിച്ചു കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച മോദി – അമിത് ഷാ രാഷ്ട്രീയശൈലിക്കു നല്‍കാവുന്ന ഏറ്റവും കനത്ത പ്രഹരമായി ഡല്‍ഹി ജനവിധി

പക്ഷേ ഡല്‍ഹിയിലെ വിജയശില്‍പി അരവിന്ദ് കേജരിവാള്‍ രാഷ്ട്രീയമായി ബി.ജെ.പിയെ വെല്ലുവിളിക്കുന്നുണ്ടോ? അഥവാ കേജരിവാളിന്റെ വിജയം ബി.ജെ.പിയുടെ രാഷ്ട്രീയം പരാജയപ്പെടുന്നുവെന്നുറപ്പിക്കുന്നുണ്ടോ? പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള രാഷ്ട്രീയചര്‍ച്ചകളില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞു മാറിയ കേജരിവാളിനെ മതനിരപേക്ഷരാഷ്ട്രീയത്തിന് എത്ര മാത്രം വിശ്വാസത്തിലെടുക്കാന്‍ കഴിയും? പുതിയ കാല രാഷ്ട്രീയത്തിന് പുതുതന്ത്രങ്ങള്‍ കൂടി ആവശ്യമാണെന്ന് സാധൂകരിക്കുന്നോ ഡല്‍ഹി ജയം? 

രണ്ടു വര്‍ഷം മുന്‍പു വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റവും കടന്നാക്രമിച്ചിരുന്ന രാഷ്ട്രീയനേതാക്കളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു അരവിന്ദ് കേജരിവാള്‍. പക്ഷേ സമീപകാലത്ത് അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനശൈലിയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തി. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞത് സ്വാഗതം ചെയ്തു. അയോധ്യാവിധിയും സ്വീകാര്യമാണെന്നു പ്രഖ്യാപിച്ചു. പൗരത്വനിയമഭേദഗതിയെ പാര്‍ലമെന്റില്‍ എതിര്‍ത്തെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രക്ഷോഭങ്ങളുമായും അകലം പാലിച്ചു. ഒരിക്കല്‍ പോലും ഷഹീന്‍ബാഗിലേക്കു പോയില്ല. ഞാനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ ഒരൊറ്റ ദിവസം കൊണ്ട് റോഡ് ഉപരോധം അവസാനിപ്പിക്കുമെന്നായിരുന്നു പ്രതികരണം. 

രാജ്യതലസ്ഥാനം സ്തംഭിപ്പിച്ചു കൊണ്ട് ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭമാണ് കേജരിവാളിന്റെ രാഷ്ട്രീയ അടിത്തറയെന്നു മറക്കരുതെന്ന് സമരക്കാര്‍ക്ക് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടി വന്നു. പക്ഷേ അദ്ദേഹം സൂക്ഷ്മമായ നിലപാടില്‍ മാറ്റം വരുത്തിയില്ല. പൗരത്വനിയമഭേദഗതി സ്വീകാര്യമല്ലെന്നാവര്‍ത്തിച്ചു. പക്ഷേ കടന്നാക്രമിക്കാനോ, തിരഞ്ഞെടുപ്പിന്റെ കേന്ദ്രവിഷയമായി അത് മാറ്റാനോ തയാറായില്ല.  ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമെങ്കില്‍ വീണ്ടും അധികാരം തന്നാല്‍ മതിയെന്ന് ജനങ്ങളോടു പറഞ്ഞു. ജനങ്ങളും ബി.ജെ.പിയുടെ അജന്‍ഡയ്ക്കു പിന്നാലെ പോയില്ലെന്ന് ജനവിധി തെളിയിച്ചു. 

ചുരുക്കിപ്പറഞ്ഞാല്‍, കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിനോടു തോറ്റു. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ആഞ്ഞു പരിശ്രമിച്ചിട്ടും ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ അജന്‍ഡ മാറ്റാന്‍ മുഖ്യമന്ത്രി കേജരിവാള്‍ ഇടം കൊടുത്തില്ല. വാചകക്കസര്‍ത്ത് മാത്രമല്ല രാഷ്ട്രീയം എന്ന സ്വന്തം ട്രാക്ക് റെക്കോര്‍ഡും ഈ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കേജരിവാളിന് പിന്‍ബലമായി. തകര്‍ത്തു തരിപ്പണമാക്കിയ ദേശീയസമ്പദ്‍വ്യവസ്ഥയെ മറച്ചു പിടിച്ച് ഡല്‍ഹി ജനങ്ങളെ ഒപ്പം  നിര്‍ത്താനിറങ്ങിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അപഹാസ്യരായി. വിദ്വേഷരാഷ്ട്രീയത്തെ  നേരിട്ട് എതിര്‍ക്കണോ? അതോ കേജരിവാള്‍ ചെയ്തതു പോലെ ഒഴിഞ്ഞുമാറി സ്വന്തം അജന്‍ഡകളില്‍ കേന്ദ്രീകരിക്കണോ? വിദ്വേഷപ്രചാരണവും വിഭജനതന്ത്രങ്ങളും 

പൂര്‍ണമായി അവഗണിക്കണോ? സങ്കീര്‍ണമായ ചോദ്യമാണത്. 

പൗരത്വനിയമഭേഗദഗതി പാസാക്കിയ ശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പാണ് ഡല്‍ഹിയില്‍ നടന്നത്. അവിടെ ബി.ജെ.പി കനത്ത പരാജയം നേരിട്ടുവെന്നത് വസ്തുതയാണ്. കേജരിവാള്‍ വിജയിച്ചത് ആകെ വോട്ടു ചെയ്തതിന്റെ 54 ശതമാനം വോട്ടും സ്വന്തമാക്കിയാണ്.  2015ലേതിന് സമാനമായ ആധികാരികവിജയം. തുടര്‍ച്ചയായ രണ്ടു തവണ അമ്പത് ശതമാനത്തിലേറെ വോട്ടു നേടി വിജയം നേടിയ മറ്റൊരു പാര്‍ട്ടി ഇന്ത്യയിലെ നിര്‍ണായക സംസ്ഥാനങ്ങളില്‍ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. ഷഹീന്‍ബാഗ് പ്രക്ഷോഭത്തില്‍ സജീവ സാന്നിധ്യമായിരുന്ന AAP എം.എല്‍.എ, അമാനത്തുള്ള ഖാന്‍ 74  ശതമാനം വോട്ടുമായി വന്‍വിജയം നേടി. എഴുപതിനായിരം കടന്നു അമാനത്തുള്ള ഖാന്‍റെ ഭൂരിപക്ഷം. ഡല്‍ഹി ജനവിധിയില്‍ നിന്ന് കണ്ടെത്താവുന്ന പ്രധാന രാഷ്ട്രീയപാഠങ്ങള്‍ എന്താണ്?

1. വര്‍ഗീയധ്രുവീകരണം എന്ന ചൂണ്ടയില്‍ കൊത്താതിരിക്കാന്‍ ഇന്നത്തെ ഇന്ത്യയില്‍സാധ്യതകളുണ്ടോ?

ഉത്തരം. ഉണ്ടെന്നു തെളിയിച്ചിരിക്കുന്നു അരവിന്ദ് കേജരിവാള്‍. ബി.ജെ.പിയുടെ ചൂണ്ടയില്‍ കുരുങ്ങിയതേയില്ല എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയരഹസ്യം. ചര്‍ച്ച തിരിച്ചുവിടാന്‍ ശരിയായ ജീവിതപ്രശ്നങ്ങളില്‍ അവര്‍ക്ക് ആത്മവിശ്വാസവുമുണ്ടായിരുന്നു.  തിരഞ്ഞെടുപ്പു വിജയത്തിനായി ഏറ്റവും ഹീനമായ തന്ത്രങ്ങള്‍ പ്രയോഗിച്ച ബി.ജെ.പിയോട്, വിജയത്തില്‍ തന്നെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളിലൂടെ ആം ആദ്മി പാര്‍ട്ടി പിടിച്ചു നിന്നു. ബി.ജെ.പിക്ക് ഒരു പ്രത്യേകതയുണ്ട്. കേന്ദ്രഭരണത്തിലെ ആറു വര്‍ഷവും വൈകാരികരാഷ്ട്രീയത്തിലും വാചാടോപത്തിലും മാത്രമായിരുന്നു മോദി ഭരണകൂടത്തിന്റെ ശ്രദ്ധ. ഭരണം പരാജയമായിരുന്നു, ജനജീവിതത്തിന്റെ നിലവാരം കൂടുതല്‍ ഇടിഞ്ഞു താഴുകയാണുണ്ടായത്. ഭരണം കൈയിലുള്ള ഒരു പാര്‍ട്ടിക്ക്, മോദി രാഷ്്ട്രീയത്തിന് ഫലപ്രദമായ പ്രതിരോധമുണ്ടെന്നു കാണിച്ചു കൊടുക്കാനാകും. അത് അരവിന്ദ് കേജരിവാള്‍ ചെയ്തു .

2. ബി.ജെ.പി. ഭീകരനെന്നും പാക്കിസ്ഥാന്‍ പക്ഷമെന്നും വിളിച്ചപ്പോള്‍ ഹനുമാന്‍ മന്ത്രമോതി വിശ്വാസിയെന്ന പ്രഖ്യാപനം ശരിയായ രാഷ്ട്രീയപ്രതിരോധമാണോ?

രാഷ്ട്രീയപശ്ചാത്തലത്തില്‍ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ തെറ്റുണ്ടോ എന്നതാണ് ആ ചോദ്യമെങ്കില്‍ ഒറ്റനോട്ടത്തില്‍ ഒരു തെറ്റുമില്ലെന്നു എളുപ്പത്തില്‍ തോന്നാം. പക്ഷേ എന്റെ മതവിശ്വാസം കൂടി എന്റെ യോഗ്യതയായി നിരത്തുകയാണെങ്കില്‍ അത് ശരിയായ രാഷ്ട്രീയമല്ല. ഇന്നത്തെ ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തിനോടു പ്രതികരിക്കുകയല്ല, അതിനോട് വിധേയപ്പെടുകയാണ് അത്തരം പ്രകടനങ്ങള്‍. പക്ഷേ  ഒരു ജനകീയ നേതാവ് തന്റെ മതവിശ്വാസം മുന്‍പൊരിക്കലുമില്ലാത്ത വിധം പ്രകടിപ്പിക്കേണ്ടി വരുന്നുവെങ്കില്‍ രാഷ്ട്രീയസാഹചര്യം ശരിയല്ലെന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹം സ്വന്തം മതവിശ്വാസം പ്രകടിപ്പിച്ചതല്ലേയുള്ളൂ, മറ്റു വിഭാഗങ്ങളെ ഇകഴ്ത്തുകയോ അപരവല്‍ക്കരിക്കുകയോ ചെയ്തില്ലല്ലോയെന്ന് ആശ്വസിക്കേണ്ടി വരുന്നത് പരിഹാരമല്ല. 

3. രാഷ്ട്രീയചര്‍ച്ചകളുടെ അജന്‍ഡ ബോധപൂര്‍വം തിരിച്ചുവിടുന്ന ബി.ജെ.പിയോട് പറഞ്ഞു ജയിക്കുകയാണോ പ്രധാനം? പ്രവര്‍ത്തിക്കുകയാണോ?

ആറു വര്‍ഷമായി ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒരു വസ്തുതയുണ്ട്. അജന്‍ഡകള്‍ ബി.ജെ.പി തീരുമാനിക്കുന്നു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷപാര്‍ട്ടികളും പ്രതികരിക്കുന്നു, ആ അജന്‍ഡയ്ക്കു പിന്നാലെയോടിക്കുന്നു. കേന്ദ്രം ആ ചര്‍ച്ചകളെ ദേശീയതയും രാജ്യസ്നേഹവുമായി കൂട്ടിക്കെട്ടുന്നു. ചര്‍ച്ചകള്‍ ആ ഒരൊറ്റ കെണിയില്‍ കുരുങ്ങി അവസാനിക്കുകയോ പ്രതിസന്ധിയിലാവുകയോ ചെയ്യുന്നു. പ്രതിപക്ഷം വീണ്ടും നിസഹായരാകുന്നു. പൗരത്വനിയമഭേദഗതി കൊണ്ടുവരുമ്പോള്‍ ഇതൊരു പ്രക്ഷോഭത്തിനു തിരികൊളുത്തുമെന്നറിയാതെയല്ല കേന്ദ്രം ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. പക്ഷേ പൗരത്വഭേദഗതിയിലേക്ക് പ്രതിപക്ഷത്തെ ഓടിച്ചു കയറ്റിയതോടെ കനത്ത സാമ്പത്തികത്തകര്‍ച്ചയെക്കുറിച്ച്  വാ തുറക്കേണ്ടി വന്നില്ല മോദി ഭരണകൂടത്തിന്. നോട്ടു നിരോധനം പോലുള്ള ഹിമാലയന്‍ മണ്ടത്തരങ്ങള്‍ പോലും ശരിയായ രാഷ്ട്രീയ അജന്‍ഡയായി  രൂപപ്പെടുത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. പ്രവൃത്തിയിലും പ്രസ്താവനയിലും അജന്‍ഡകള്‍ തീരുമാനിക്കാന്‍ ആം ആദ്മി രാഷ്ട്രീയം ശ്രദ്ധ ചെലുത്തിയത് പ്രതിപക്ഷത്തിന് ശ്രദ്ധിക്കാവുന്ന മാതൃകയാണ്.  പക്ഷേ അതിനു വേണ്ടി നന്നായി അധ്വാനിക്കേണ്ടി വരും. 

4. ഒരു നേതാവിനെ നേരിടാന്‍ മറ്റൊരു നേതാവ് എന്ന  അനിവാര്യത വ്യക്തമാകുന്നുണ്ടോ? 

നേതൃഗുണം പ്രധാനമാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ ഇന്നേവരെ ഭരണമികവ് തെളിയിച്ചിട്ടില്ലെങ്കിലും നരേന്ദ്രമോദിക്ക് ആറാം വര്‍ഷത്തിലും ഗുണം ചെയ്യുന്നത് സൂക്ഷ്മായി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയാണ്. നാടകീയതയും ആസൂത്രണവും സമാസമം ചേര്‍ത്തു നിര്‍മിച്ച ആ പ്രതിഛായയ്ക്കു മുന്നില്‍ ആത്മാര്‍ഥതയുടെയും കാപട്യമില്ലായ്മയുടെയും ലാളിത്യവുമായാണ് കേജരിവാള്‍ ജയിച്ചു നില്‍ക്കുന്നത്. പക്ഷേ ഒരൊറ്റ നേതാവ് എന്ന പ്രതിയോഗിയല്ല പ്രധാനമന്ത്രിക്കു മുന്നില്‍ ദേശീയതലത്തില്‍ ഉയര്‍ന്നു വരേണ്ടത്. മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും മാനവികതയുടെയും പ്രതീകമായി ഒരു നേതാവ് സ്വാഭാവികമായി രൂപപ്പെടുന്നുണ്ടെങ്കില്‍ അത് ഒരു പ്രധാന ചുവടുവയ്പാകുമെന്നുറപ്പാണ്. കേജരിവാളിന് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ആ ദൗത്യം ഏറ്റെടുക്കാനാകുമോയെന്നതിന് ആത്മവിശ്വാസമേകുന്ന ഉറപ്പുകളൊന്നും ഇതുവരേയില്ല. 

5.എങ്ങനെയും അധികാരമെന്നത് പ്രധാനമാണോ?

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അധികാരം പ്രധാനമാണ്. അധികാരത്തിന്റെ മാത്രം ബലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയം അതിന്റെ അജന്‍ഡകള്‍ നടപ്പാക്കുന്നത്. അടുത്തത് ഏകപക്ഷീയമായി ഏകസിവില്‍കോഡിലേക്കുള്ള പ്രഖ്യാപനമാണെന്ന സൂചനകള്‍ ശക്തമാണ്. ബഹുവൈവിധ്യങ്ങളുടെ രാജ്യത്ത് എല്ലാ വിഭാഗത്തേയും ചേര്‍ത്തു നിര്‍ത്തി, അരക്ഷിതാവസ്ഥകളുടെ ചൂഷണത്തില്‍ അധികാരം ഉറപ്പിക്കുന്ന കാലത്ത് പ്രതിരോധത്തിന് അധികാരത്തിലാര് എന്ന ചോദ്യം ഏറ്റവും പ്രധാനമാണ്. പ്രധാനമന്ത്രി മോദി അധികാരത്തിലേറിയ ശേഷം  കോണ്‍ഗ്രസ് ഇതുവരെയും വിജയിക്കാനായി പ്രവര്‍ത്തിക്കുകയോ മല്‍സരിക്കുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷത്തിനും തിരഞ്ഞെടുപ്പ് വിജയം എന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒന്നിച്ചു നില്‍ക്കാനൊന്നും കഴി​ഞ്ഞിട്ടില്ല. ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യുന്ന അധികാരലക്ഷ്യങ്ങള്‍  ഇന്ത്യയെ മുന്നോട്ടു കൊണ്ടു പോകുന്ന ദിശയിലേക്കാണെങ്കില്‍ അധികാരത്തിനായുള്ള, വിജയത്തിനായുള്ള പോരാട്ടം പ്രധാനം തന്നെയാണ്. 

അഥവാ,  ഇന്നത്തെ രാഷ്ട്രീയം അധികാരം കൂടിയാണ്. ചുരുക്കിയാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇന്ത്യയും ജയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ വിഷലിപ്തമായ പ്രചാരണത്തെ ഡല്‍ഹി ജനത തള്ളിക്കളഞ്ഞു. പക്ഷേ കേജരിവാളിന്റെ ജയം ഇതുവരേക്കും ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹിക്കും മാത്രം പ്രയോജനപ്പെടുന്നതാണ്. ഡല്‍ഹിക്കു പുറത്തുള്ള ഇന്ത്യ, ആ വിജയത്തില്‍ നിന്ന് ചില പാഠങ്ങളെടുത്ത് അതിജീവനം ഇനിയും കണ്ടെത്തണം. ഇന്ത്യയ്ക്കുള്ള ഉത്തരമായിട്ടില്ല കേജരിവാള്‍ എന്നു  വ്യക്തം, പക്ഷേ  പ്രതിരോധത്തിലേക്കുള്ള വഴിയിലേക്ക്  ചില സൂചികകള്‍ കെജരിവാള്‍ എഴുതി വച്ചിരിക്കുന്നു. ഡല്‍ഹി വിജയം ഉത്തമമാതൃകയല്ല, പക്ഷേ തീര‍്ച്ചയായും ബദലാണ്. ബദല്‍ പ്രതിരോധങ്ങളിലൂടെയേ ഇന്ത്യയെ തിരിച്ചു പിടിക്കാനാകൂവെന്നു തിരിച്ചറിയേണ്ടത് പ്രധാനമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...