ലൗ ജിഹാദ് ആരോപണത്തിന് പിന്നിലെ വിശ്വാസവഞ്ചനയും അവസരവാദവും

PVA_Love_Jihad
SHARE

ഗുരുതരമായ വര്‍ഗീയ അജന്‍ഡകളെ ഒരു സമൂഹമാകെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനിടെ  ഗൂഢതാല്‍പര്യങ്ങളുമായി അവസരവാദം പ്രകടിപ്പിക്കുന്നവരെ ഒറ്റുകാരെന്നു വിളിക്കാമോ? ഭരണകൂടം ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ തെളിവുകളില്ലാത്ത, വസ്തുതകളുടെ പിന്‍ബലമില്ലാത്ത നിഗൂഢസംശയങ്ങള്‍ വിളിച്ചു പറയുന്നവരെ എന്താണ് വിശേഷിപ്പിക്കേണ്ടത്? ചരിത്രം അത്തരം ഇടപെടലുകളെ രേഖപ്പെടുത്തുന്നത് എങ്ങനെയായിരിക്കും? മതനിരപേക്ഷ ഇന്ത്യയുടെ ഭാവിക്കു വേണ്ടിയാണ് ഈ പോരാട്ടം എന്നു തിരിച്ചറിയാത്തവരെ കാത്തിരിക്കുന്നതെന്തായിരിക്കും?

ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചില സംശയങ്ങള്‍ അവതരിപ്പിച്ചതാണ്. പത്തനംതിട്ട വകയാർ സെന്റ മേരീസ് പളളിയിലായിരുന്നു ഫാ.ജോസഫ് പുത്തൻപുരയ്ക്കലിന്റെ വിവാദ പ്രസംഗം. പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്ന ഘട്ടത്തില്‍ ഫാ. പുത്തൻപുരയ്ക്കല്‍ ഖേദപ്രകടനവും നടത്തി. പക്ഷേ ചരിത്രത്തിനോ വസ്തുതകള്‍ക്കോ നിരക്കാത്ത ചില പ്രഖ്യാപനങ്ങള്‍ കേട്ടറിവെന്ന ന്യായീകരണം അദ്ദേഹം ആവര്‍ത്തിച്ചു. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ ഒരു വന്‍പ്രശ്നമാകേണ്ടതില്ല, തൊട്ടുമുന്‍പ് സിറോമലബാര്‍ സഭ ലൗജിഹാദിനെക്കുറിച്ച് അതിശക്തമായ ആരോപണം ഉന്നയിച്ചില്ലായിരുന്നെങ്കില്‍. ലൗ ജിഹാദ് സത്യമാണെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ അതിന്റെ പേരില്‍ ഐ.എസിലെത്തി കൊല്ലപ്പെടുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പിറക്കിയത് സിറോ മലബാര്‍ സിനഡാണ്. 21 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്ന് ഐ.എസിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നും അതില്‍ പാതിയും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നും സിനഡ് പറയുന്നു. നടപടിയെടുക്കാത്ത പൊലീസിനെയും സര്‍ക്കാരുകളെയും കുറ്റപ്പെടുത്തിയിട്ടുമുണ്ട്

പറയുന്നത് വൈകാരികമാണ് എന്നു മാത്രമല്ല വസ്തുതാവിരുദ്ധവുമാണ് എന്നതാണ് ഗുരുതരമായ പ്രശ്നം. ഏതു കാലത്ത് എപ്പോള്‍ നടന്നുവെന്നതിന് വ്യക്തമായ കണക്കോ വസ്തുതകളോ സഭ ചൂണ്ടിക്കാണിക്കുന്നില്ല. എന്നു മാത്രമല്ല, കേന്ദ്രഭരണകൂടം ഒരു വിഭാഗത്തിനെതിരെ മതവിവേചനം നടത്തുന്നു എന്ന പരാതിയുമായി രാജ്യത്താകെ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നതിനിടെ ഒരു കാരണവും തെളിവുമില്ലാതെ അതേ വിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന ഒരു പ്രസ്താവന  പുറത്തു വിടുന്നു. അനൗചിത്യവും വിശ്വാസവഞ്ചനയും മാത്രമല്ല അവസരവാദവും കൂടിയാണ് ആ വാര്‍ത്താക്കുറിപ്പിലും നിലപാടിലും തെളിയുന്നത്. 

ഹാദിയ  കേസിന്റെ പശ്ചാത്തലത്തില്‍ ലൗ ജിഹാദ് എന്ന ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ സുപ്രീംകോടതി എന്‍.ഐ.എയ്ക്ക് നിര്‍ദേശം നല്‍കി. വിവിധ കോടതികളിലായി  89 കേസുകളില്‍ മിശ്രവിവാഹം നടത്തിയവരുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി കൂടി പശ്ചാത്തലത്തിലുണ്ടായിരുന്നു. അതില്‍ ലൗ ജിഹാദെന്ന് പരാതി ഉയര്‍ന്ന 11 കേസുകള്‍ വിശദമായി തന്നെ എന്‍.ഐ.എ അന്വേഷിച്ചു. ഈ കേസുകളിലെല്ലാം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മതപരിവര്‍ത്തനം നടത്താന്‍ സഹായവും കേസ് നടത്താന്‍ നിയമപിന്തുണയും നല്‍കിയെന്ന് എന്‍.ഐ.എ പരാമര്‍ശിച്ചു.. എന്നാല്‍ ഏതെങ്കിലും കുറ്റമാരോപിക്കാവുന്ന തരത്തില്‍ സംശയകരമായ ഒന്നും ഈ മതംമാറ്റവിവാഹങ്ങള്‍ക്കു പിന്നിലില്ലെന്നാണ് എന്‍.ഐ.എ കണ്ടെത്തിയത്. പ്രണയം നടിച്ച് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്ന ഒരു സംഘടിതകുറ്റകൃത്യമായി ചിത്രീകരിക്കാന്‍ ഒരു തെളിവുമില്ലെവന്ന്. 

ഈ കണ്ടെത്തലുണ്ടായത് 2018 ഒക്ടോബറിലാണ് എന്നോര്‍ക്കുക. മോദിസര്‍ക്കാര്‍ തന്നെയായിരുന്നു അധികാരത്തില്‍. ബി.ജെ.പി. ഭരണകൂടത്തിനു കീഴിലുള്ള എന്‍.ഐ.ഐയാണ് വിശദമായ അന്വേഷണത്തിനൊടുവില്‍ ലൗ ജിഹാദ് എന്ന ആരോപണം തള്ളിയത്. അതിനര്‍ഥം കേരളത്തില്‍ മതതീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നല്ല. ഐ.എസിലും കശ്മീര്‍ അതിര്‍ത്തിയിലും  കേരളത്തില്‍ നിന്ന് തീവ്രവാദവുമായി എത്തിയവരുണ്ട്. അതില്‍ മതം മാറിയ സ്ത്രീകളുടെയും സാന്നിധ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും ലൗ ജിഹാദ് എന്ന പേരില്‍ സംഘടിതമായ ആസൂത്രിത പദ്ധതിയാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ട്. 

അതായത് ഇടതു–വലതുമുന്നണികള്‍ മാറി മാറി വന്ന കേരളത്തിലെ സര്‍ക്കാരിന്റെ പൊലീസല്ല, മോദി സര്‍ക്കാരിന്റെ കീഴിലുള്ള എന്‍.ഐ.എ തന്നെയാണ് കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കണ്ടെത്തിയത്. സിറോ മലബാര്‍ സിനഡ് ആരോപിച്ചതുപോലെ ലൗ ജിഹാദ് എന്ന പരാതി കേരളപൊലിസും അവഗണിച്ചിട്ടില്ല, കേന്ദ്ര ഏജന്‍സികളും അവഗണിച്ചിട്ടില്ല. വിശദമായി അന്വേഷിച്ചു തന്നെയാണ് അതൊരു രാഷ്ട്രീയഅജന്‍ഡയാണ് എന്ന് സമൂഹം മനസിലാക്കിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ സംഭവങ്ങളടക്കം ഇപ്പോള്‍, ഈ രാഷ്ട്രീയസാഹചര്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ഉന്നവും ഉദ്ദേശവും സഭാവിശ്വാസികള്‍ തന്നെ മനസിലാക്കി ചെറുക്കുന്നുവെന്നതാണ് പ്രതീക്ഷയേകുന്ന യാഥാര്‍ഥ്യം. 

മലബാറിലെ വിശ്വാസികള്‍ ആരോ പറഞ്ഞതുകൊണ്ട് ലൗ ജിഹാദുണ്ടെന്ന് വിശ്വസിക്കുന്ന ജനകീയനായ വൈദികനും ആരോ പറഞ്ഞുള്ള അറിവു വച്ച് വാര്‍ത്താക്കുറിപ്പിറക്കുന്ന സിറോമലബാര്‍ സിനഡും മറന്നു കളയുന്നത് അവര്‍ കൂടി ജീവിക്കുന്ന വര്‍ത്തമാനരാഷ്ട്രീയസാഹചര്യമാണ്. പക്ഷേ സഭാവിശ്വാസികള്‍ പ്രതിരോധിച്ചു. എന്തടിസ്ഥാനത്തിലെന്ന് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അവര്‍ ചോദ്യങ്ങളുന്നയിച്ചു. രാജ്യം മുഴുവന്‍ കടുത്ത പ്രതിസന്ധിയിലൂടെ , പ്രക്ഷോഭങ്ങളിലൂടെ മുന്നോട്ടു പോകുമ്പോള്‍ ഭരണകൂടം ആദ്യം ഉന്നം വച്ചിരിക്കുന്ന വിഭാഗത്തെ  ധാര്‍മികതയില്ലാതെ ഒറ്റുകൊടുക്കുന്ന സമീപനമാണിതെന്ന് വിശ്വാസിസമൂഹം ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പി നേതാവ് നേതൃത്വം നല്‍കുന്ന ന്യൂനപക്ഷ കമ്മിഷനും വനിതാകമ്മിഷനും ലൗ ജിഹാദിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടെത്തിയിട്ടുണ്ട്. അത് നടക്കട്ടെ. തീവ്രവാദആശയങ്ങള്‍ പുലര്‍ത്തുന്ന ഇസ്‍ലാമികസംഘടനകളുടെ പ്രവര‍്ത്തനങ്ങള്‍ സംശയത്തില്‍ നിര്ത്തുന്നതിനു പകരം അവരെ വെളിച്ചത്തുകൊണ്ടുവരട്ടെ. അരക്ഷിതാവസ്ഥയും ആശങ്കയും പരത്താന്‍ ഇത്തരം സംഘടനകള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന തരത്തിലാണ് കേന്ദ്രഭരണകൂടത്തിന്റെ സമീപനമെന്നത് ഇതിനിടയിലും ശ്രദ്ധയോടെ കാണേണ്ട വസ്തുതയാണ്

തീവ്രവാദത്തെ നേരിടാന്‍ ലൗ ജിഹാദ് എന്ന വാക്കുപയോഗിക്കുന്നിടത്താണ് പ്രശ്നം. തീവ്രവാദം ഗുരുതരമായ , കടുത്ത നടപടികളും സൂക്ഷ്മമായ പ്രതിരോധവും ആവശ്യമുള്ള വിപത്താണ്. അതേതു മതത്തിന്റെ പേരിലായാലും ശക്തമായി നേരിടേണ്ടതാണെന്നു പറയേണ്ട സന്ദര്‍ഭത്തിലാണ്, മതവിവേചനം പാടില്ലെന്ന് ഉറക്കെ പറയേണ്ട നേരത്താണ് സിറോമലബാര്‍ സിനഡ്  ഒറ്റുകാരുടെ വേഷത്തിലെത്തിയത്. ധാര്‍മികതയും നീതിബോധവുമൊക്കെ വേദപാഠങ്ങളില്‍ മാത്രമേയുള്ളൂവെന്ന് സമീപകാലത്തു തന്നെ പലവട്ടം തെളിയിച്ചിട്ടുള്ള മതാധികാരികളോട്  ഒരേയൊരു ചോദ്യം. പ്രണയിച്ചതിന്റെ പേരില്‍ ഒരു സഭാവിശ്വാസിയും ഒരാളോടും മതം മാറാന്‍ ആവശ്യപ്പെടരുത് എന്നു പറയാന്‍ നിങ്ങള്‍ തയാറുണ്ടോ? അത്തരത്തില്‍ മതബോധം കുത്തിവച്ചതിന് സഭാവിശ്വാസികളോടും സമൂഹത്തോടും മുന്‍കാലപ്രാബല്യത്തോടെ മാപ്പു പറയാന്‍ നിങ്ങള്‍ തയാറാണോ?

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...