സിപിഎം അറിയുക, ഈ കപടരാഷ്ട്രീയനിലപാട് കേരളത്തിന് പരുക്കേല്‍പിക്കും

Parayathe-Vayya-uapa845
SHARE

ഒരു രാഷ്ട്രീയനിലപാടില്‍ ആത്മാര്‍ഥതയില്ലെങ്കില്‍ അതെത്ര പരിഹാസ്യവും കാപട്യവുമായി മാറുമെന്നതിന് വലിയൊരു ഉദാഹരണം സി.പി.എം കാണിച്ചു തരികയാണ്. യു.എ.പി.എ കരിനിയമമാണ് എന്നു ഉച്ചത്തില്‍ ആവര്‍ത്തിച്ചു പഠിപ്പിച്ച പാര്‍ട്ടി സ്വന്തം ഭരണത്തില്‍ സ്വന്തം പാര്‍ട്ടിക്കാരെ സ്വന്തക്കാര്‍ക്കുപോലും മനസിലാകാത്ത കുറ്റങ്ങളാരോപിച്ച് അതേ കരിനിയമം ചാര്‍ത്തുന്നു. 

പാര്‍ട്ടിയുടെ പി.ബി. അംഗമായ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയില്‍ ഒരു വിഭാഗവും ആവര്‍ത്തിച്ച് നടപടി ന്യായീകരിക്കുന്നു. ജില്ലാകമ്മിറ്റി അതു ശരിയല്ലെന്നു പേടിച്ചും പരുങ്ങിയും ആവര്‍ത്തിക്കുന്നു. ഇതിലും ദയനീയമായി ഒരു രാഷ്ട്രീയനിലപാടിലെ പൊള്ളത്തരം തുറന്നു കാണിക്കപ്പെടാനില്ല. കേന്ദ്രനിയമം നടപ്പാക്കാതിരിക്കാനാകില്ലെന്ന  ന്യായം പറയുന്നവര്‍ തന്നെ, പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയുന്നത് വിശ്വസിക്കേണ്ടി വരുന്ന കേരളത്തിന്റേത് ഒരു പ്രത്യേക അവസ്ഥയാണെന്നു പറയാതെ വയ്യ. 

ഇതേ ജില്ലാ സെക്രട്ടറി ഇതിനു മുന്‍പും ചിലത് മാറിയും മറിഞ്ഞും പറഞ്ഞിട്ടുണ്ട്. ഇത്തവണയും മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുന്നത് ഒരേ കാര്യമാണെന്ന തിരുത്തലുമായി ജില്ലാസെക്രട്ടറി വീണ്ടുമെത്തി. ഇവിടെ വ്യക്തമാകുന്നത് ഒരൊറ്റ കാര്യമാണ്. ഇവര്‍ കരിനിയമം ചുമത്തപ്പെടാന്‍ അര്‍ഹതയുള്ളവരാണെന്ന് മുഖ്യമന്ത്രിക്കുറപ്പുണ്ട്. 

എന്നാല്‍ പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിക്ക് ഇനിയും അതു ബോധ്യമായിട്ടില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കരിനിയമം ചാര്‍ത്തിയതിന്റെ പേരില്‍ കരുണയര്‍ഹിക്കുന്ന പരിശുദ്ധരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടും പാര്‍ട്ടിക്ക് അക്കാര്യം ബോധ്യമായിട്ടില്ല. അത് കോഴിക്കോട് ജില്ലാഘടകത്തിന്റെ മാത്രം ബോധ്യക്കേടല്ലെന്ന് ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏതൊരു പാര്‍ട്ടി നേതാവിന്റെയും വിശദീകരണം കേട്ടിട്ടുള്ളവര്‍ക്കറിയാം.

അലന്റെ മാതാവ് മാത്രമല്ല ആ ചോദ്യത്തിന് ഉത്തരം തേടുന്നത്. പാര്‍ട്ടി നേതാക്കള്‍ക്കു പോലും ഉത്തരമറിയില്ല. സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി അറിയാത്ത കുറ്റങ്ങള്‍ കണ്ണൂര്‍ മുന്‍ ജില്ലാസെക്രട്ടറി ആരോപിക്കുന്ന വിചിത്രമായ രാഷ്ട്രീയാവസ്ഥയും സി.പി.എമ്മിലുണ്ട്. പക്ഷേ പി.ജയരാജന് കോഴിക്കോട് ജില്ലാസെക്രട്ടറിയുടെ സംശയങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നുമുണ്ട് 

ആശയക്കുഴപ്പം തീര്‍ക്കാനാണ് പാര്‍ട്ടി സെന്ററില്‍ നിന്ന് കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ കൂടിയെത്തിയത്. വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമായ വിശദീകരണമാണ് അടുത്ത വാചകം. 

അപ്പോള്‍ എന്താണീ മാവോയിസ്റ്റുകളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാത്തത്? പാര്‍ട്ടിയുടെ പി.ബി.അംഗമായ മുഖ്യമന്ത്രിക്കും കേന്ദ്രകമ്മിറ്റി അംഗത്തിനുമൊക്കെ മാവോയിസ്റ്റുകളാണെന്നു ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് അവര്‍ക്കെതിരെ പാര്‍ട്ടി ഒരു നടപടി പോലുമെടുക്കാത്തത്?  നവംബറില്‍ അറസ്റ്റു ചെയ്യപ്പെട്ട മാവോയിസ്റ്റുകളെ ജനുവരി തീരുമ്പോഴും പാര്‍ട്ടി പുറത്താക്കാത്തതെന്താണ്?

എന്നുവച്ചാല്‍ അലന്‍, താഹ എന്നീ രണ്ടു യുവാക്കള്‍ സി.പി.എം കരിനിയമം എന്നു വിളിക്കുന്ന ഒരു നിയമത്തിന്റെ ഇരകളായതെങ്ങനെയെന്ന ചോദ്യത്തിനുത്തരം വ്യക്തമായി അറിയാവുന്നത് മുഖ്യമന്ത്രിയടക്കം സി.പി.എമ്മില്‍  ഒരു വിഭാഗം നേതാക്കള്‍ക്കു മാത്രമാണ്.  കരിനിയമത്തില്‍ കുരുക്കാന്‍ മാത്രം അവര്‍ ചെയ്ത തെറ്റെന്താണെന്നു മുഖ്യമന്ത്രി കേരളത്തോടു പറയണം. 

ഈ നിയമം അവര്‍ അര്‍ഹിക്കുന്നതെങ്ങനെയെന്ന് സുതാര്യമായി വെളിപ്പെടുത്താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തയാറാകണം.  കാരണം ഭരണകൂടങ്ങള്‍ നിരപരാധികളെ കുരുക്കാന്‍ ഉണ്ടാക്കിവച്ചിരിക്കുന്ന കരിനിയമമെന്ന് നിങ്ങളാണ് കേരളത്തോടു പറഞ്ഞത്. നിങ്ങള്‍ പറഞ്ഞത് വിശ്വാസത്തിലെടുക്കാമെങ്കില്‍ ആ കരിനിയമത്തോട് ഇപ്പോഴുള്ള നിലപാടെന്തെന്നും നിങ്ങള്‍ തന്നെ പറയണം. 

അങ്ങനെ നമ്മള്‍ ആവശ്യപ്പെട്ടാല്‍ വ്യക്തയില്ലാത്ത പല ന്യായങ്ങള്‍ പല വഴി കേള്‍ക്കും. അവര്‍ മാവോയിസ്റ്റുകളായതുകൊണ്ട് യു.എ.പി.എ ചുമത്തി എന്നത് ആദ്യത്തെ ന്യായം. മാവോയിസ്റ്റായാല്‍  കരിനിയമം ചുമത്താമോ? അപ്പോള്‍ വേറെ വഴിയില്ലെന്നു കൈമലര്‍ത്തി സി.പി.എം കേന്ദ്രത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഈ കരിനിയമം ചുമത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടോ, നിയമം ആവശ്യപ്പെട്ടോ? ഈ ‌കേസില്‍ യു.എ.പി.എ ഒഴിവാക്കാനാകാത്ത ഏതു സമ്മര്‍ദമാണ് പൊലീസിനു മുകളിലുള്ളത്? 

കേരളത്തിന് ഇത് അലന്റെയും താഹയുടെയും മാത്രം പ്രശ്നമല്ല. രാഷ്ട്രീയസത്യസന്ധതയുടെ ചോദ്യമാണ്. ഏത് പൗരത്വനിയമപ്രതിഷേധത്തിനിടയിലും അവഗണിക്കാനാകാത്ത കാപട്യമാണ് സി.പി.എം ഈ കേസില്‍ വച്ചു പുലര്‍ത്തുന്നത്. കേന്ദ്രനിയമത്തെ എതിര്‍ക്കാനാകില്ലെന്ന ന്യായം പറയുന്ന സി.പി.എമ്മിനോട്,  പിന്നെന്തു വര്‍ത്തമാനമാണ് നിങ്ങളീ പൗരത്വനിയമഭേദഗതിയില്‍ ഇപ്പോള്‍ കേരളത്തോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. കേന്ദ്രനിയമം ചോദ്യം ചെയ്യപ്പെടാനാകാത്തതാണ് എന്ന് നാളെ പൗരത്വനിയമഭേദഗതിയിലും നിങ്ങള്‍ പറയില്ലെന്ന് എന്താണുറപ്പ്?

നിയമവിരുദ്ധ പ്രവര്‍ത്തനനിരോധന നിയമമാണ് യു.എ.പി.എ. എന്നുവച്ചാല്‍ അത്രമേല്‍ വിശാലമായ നിര്‍വചനപരിധിയുള്ള, ദുരുപയോഗ സാധ്യതയുള്ള നിയമം. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ മറ്റു നിയമങ്ങളില്ലേ? ഓരോ നിയമലംഘനത്തിനും വ്യക്തമായി നിര്‍വചിക്കപ്പെട്ട നിയമങ്ങളുണ്ട്. പക്ഷേ നിയമലംഘനം വ്യക്തമാകുന്നില്ലെങ്കില്‍, കുറ്റം ചെയ്തതായി നേരിട്ട് ആരോപിക്കാന്‍ പോലും പറ്റാത്ത സാഹചര്യങ്ങളില്‍ എടുത്തു പ്രയോഗിക്കാന്‍ ഉണ്ടാക്കിവച്ചിരിക്കുന്ന അമിതാധികാരമാണ് യു.എ.പി.എ. അതുകൊണ്ടാണ് സി.പി.എം. അടക്കമുള്ള പ്രതിഷേധക്കാര്‍ ആ നിയമത്തെ കരിനിയമം എന്നു വിളിക്കുന്നതും

സമൂഹത്തെ നിയന്ത്രിക്കാനും ഭയപ്പെടുത്താനുമായി  ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രമുപയോഗിക്കാന്‍ സൃഷ്ടിച്ചിരിക്കുന്ന നിയമത്തെയാണ് രണ്ടു വിദ്യാര്‍ഥികള്‍ക്കു നേരെ ആ നിയമത്തെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം എടുത്തുപ്രയോഗിച്ചിരിക്കുന്നത്. അലനും താഹയും നിയമപരിശോധനകള്‍ അനിവാര്യമാക്കുന്ന സംശയകരമായ സാഹചര്യങ്ങളുമായി ബന്ധമുള്ളവര്‍ തന്നെയാണ്. പക്ഷേ ഇതുവരെ ഇവര‍്ക്കെതിരെ പൊലീസ് കോടതിയില്‍ അറിയിച്ചിരിക്കുന്ന വസ്തുതകള്‍ എന്താണ്?

കഴിഞ്ഞ നവംബര്‍ 2ന് പന്തീരാങ്കാവില്‍ നിന്ന് അലനെയും താഹയെയും പൊലീസ് അറസ്റ്റു ചെയ്തു. കുറ്റം മാവോയിസ്റ്റ് ബന്ധം. പാലക്കാടുണ്ടായ മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ ഇവര്‍ ലഘുരേഖകള്‍ വിതരണം ചെയ്തുവെന്നാണ് പൊലീസ് വിശദീകരിച്ചത്. നാനാവിധം വിശദീകരണങ്ങള്‍ പിന്നീടു വന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ആദ്യം ഒരു നിലപാടെടുത്തു. 

പിന്നെ മലക്കം മറിഞ്ഞ് സര്‍ക്കാരിനു പിന്നില്‍ ഒളിച്ചു. തെറ്റായി ചുമത്തിയതാണെങ്കില്‍ അത് ഇവിടെ തന്നെ പുനഃപരിശോധിക്കാമല്ലോ എന്നു ന്യായീകരിച്ചു. വിശ്വസിപ്പിച്ചു. പക്ഷേ സ്വാഭാവികമായും UAPA ചുമത്തിയ കേസ് NIA  നിയമത്തിന്റെ പരിധിയിലാണ്. എന്‍.ഐ.എ കേസ് ഏറ്റെടുത്തു. ഇപ്പോള്‍ സി.പി.എം കൈമലര്‍ത്തുന്നു. ഞങ്ങള്‍ എന്തു ചെയ്യാനാണ് എന്നാണ് ഇപ്പോള്‍ നിലപാട്.  ഈ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് ഇപ്പോള്‍ വെളിപ്പെടുത്തുന്ന കുറ്റങ്ങള്‍ ഇനി പറയുന്നു. 

* ഇവര്‍ രണ്ടു പേരും നിരോധിക്കപ്പെട്ട സായുധമായി ജനാധിപത്യത്തിനു മേല്‍ ആധിപത്യം നേടണമെന്ന് പോരാടുന്ന മാവോയിസ്റ്റ് സംഘടനയില്‍ അംഗങ്ങളോ, സജീവമായി പ്രവര്‍ത്തിക്കുന്നവരോ ആണ്.

* മാവോയിസ്റ്റ് രേഖകള്‍ കൈവശം വച്ചിട്ടുണ്ട്. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒട്ടേറെ ഇടപെടലുകള്‍ സംശയിക്കാം

* കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സി.പി.ഐ മാവോയിസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നടപ്പാക്കുന്നവരാണ്.

* മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും സി.പി.എം. അംഗത്വം ഇതിനു മറയായി ഉപയോഗിക്കുകയായിരുന്നുവെന്നും അറസ്റ്റിലായവര്‍ തന്നെ പൊലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്

ഇതെല്ലാം വസ്തുതകളാണ് എന്നു തന്നെ കരുതുക. അപ്പോഴും യു.എ.പി.എയുടെ നിര്‍വചനം നിയമവിരുദ്ധപ്രവര്‍ത്തനനിരോധന നിയമം എന്നു തന്നെയാണ്. സി.പി.എമ്മിനെ വിശ്വസിച്ചവര്‍ക്ക് അത്  കരിനിയമമാണ്. ഈ യുവാക്കള്‍ ചെയ്തുവെന്ന് പൊലീസ് ആരോപിക്കുന്ന ഈ കുറ്റങ്ങള്‍ക്ക് ഈ കരിനിയമമാണ് പ്രയോഗിക്കേണ്ടതെന്ന് സി.പി.എം ഭരണകൂടത്തിന് ഉത്തമബോധ്യമുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍.  

ഒന്നുകില്‍ ഇനിമേലില്‍ കരിനിയമമെന്നു കണ്ണീരൊഴുക്കരുത്. അല്ലെങ്കില്‍ കരിനിയമം ഞങ്ങളുടെ ഭരണത്തിനും ആവശ്യമുണ്ടെന്ന് തുറന്നങ്ങു സമ്മതിക്കണം. ജനാധിപത്യവിരുദ്ധതയുടെയും മുതലക്കണ്ണീരിന്റെയും പീഡനം ഒരുമിച്ചു സഹിക്കാന്‍ ജനങ്ങളോടാവശ്യപ്പെടരുത്. 

യു.എ.പി.എ കേസുകള്‍ ഭരണകൂടങ്ങള്‍ തങ്ങളെ എതിര്‍ക്കുന്നവരെ നിയന്ത്രിക്കാനും പേടിപ്പിക്കാനും വേണ്ടി വ്യാജമായി ചുമത്തുന്നുവെന്നതിന് ഇതുവരെയുള്ള വസ്തുതകളാണ് സാക്ഷ്യം. ഈ നിയമം ചുമത്തിയ കേസുകളില്‍ വിചാരണയ്ക്കു ശേഷം ശിക്ഷിക്കപ്പെടുന്നത് 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണെന്ന് നീതിന്യായചരിത്രം. 70 ശതമാനം കേസുകളിലും കുറ്റാരോപിതര്‍ വര‍്ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിനു ശേഷം മോചിപ്പിക്കപ്പെടുകയോ വ്യാജമായ കേസായിരുന്നുവെന്ന് കോടതികള്‍ തന്നെ കണ്ടെത്തുകയോ ചെയ്തിരിക്കുന്നു.  

എന്നുവച്ചാല്‍ പ്രത്യേകിച്ച് കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിലും പിടിച്ച് അകത്തിടാന്‍ പൊലീസിന് സൗകര്യം നല്‍കുന്ന നിയമമാണെന്നതിന് ചരിത്രം സാക്ഷി. ഇതെല്ലാം മറ്റാര്‍ക്കുമറിയില്ലെങ്കിലും സി.പി.എമ്മിനറിയാം. കാരണം അവര്‍ ഈ നിയമത്തിനെതിരെ ചരിത്രവസ്തുതകള്‍ ഉയര്‍ത്തി പോരാടുന്നവരാണ്.  പക്ഷേ ആ പോരാട്ടം കേരളത്തിനകത്തു ബാധകമല്ല. കേരളത്തിലെ പൊലീസ് പ്രയോഗിക്കുമ്പോള്‍ യു.എ.പി.എ കരിനിയമമല്ല. 

അഥവാ കരിനിയമമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കേന്ദ്രത്തിന്റെ നിയമമാണ്. നിയമം കൊണ്ടുവന്ന 2012 വരെ ഭേദഗതികള്‍ വരുത്തി കൂടുതല്‍  മനുഷ്യവിരുദ്ധമാക്കിയ കോണ്‍ഗ്രസാണ് മറുപടി പറയേണ്ടതെന്നും ഉറച്ച ബോധ്യമുണ്ട് സി.പി.എമ്മിന്.

കോണ്‍ഗ്രസ് ഇങ്ങനെയൊക്കെ പറഞ്ഞാല്‍, ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. മറുപടി പറയട്ടെയെന്നു മാറിനില്‍ക്കുന്നു സി.പി.എം. 

മാവോയിസ്റ്റാണെന്നു സംശയം തോന്നിയാലുടന്‍ യു.എ.പി.എ ചുമത്തണമെന്ന് ബി.ജെ.പി. സര്‍ക്കാരാണോ പിണറായി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്? അങ്ങനെയൊരു നിര്‍ദേശമുണ്ടെങ്കില്‍ തന്നെ അതു പാലിക്കാന്‍ അടിമ ഉടമ ബന്ധമാണോ കേന്ദ്രവും സംസ്ഥാനവും തമ്മില്‍? അങ്ങനെയെങ്കില്‍ പൗരത്വനിയമത്തില്‍ ഇപ്പോള്‍ സി.പി.എം നേതൃത്വം നല്‍കുന്ന പ്രതിഷേധങ്ങളുടെ സാംഗത്യമെന്താണ്? 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ തള്ളിക്കളയുകയാണ് ചെയ്തത്. നിയമമല്ല, നീതിയാണ് നടപ്പാകേണ്ടത് എന്നതില്‍ സംശയമില്ലാതെ ഒന്നിച്ചു നിന്നതാണ് കേരളം. പൗരത്വനിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് സി.പി.എം പറയുമ്പോള്‍ അതിലെ സാങ്കേതികനയപരമായ പ്രശ്നങ്ങള്‍ നോക്കാതെ കേരളം രാഷ്ട്രീയനിലപാടില്‍ വിശ്വസിക്കുകയാണ്. പൗരത്വ നടപടിക്രമങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന് കാര്യമൊയ ഇടപെടല്‍ സാധ്യമല്ലെന്നു ബോധ്യമുള്ളവരാണ് കേരളീയര്‍. 

പക്ഷേ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം രാഷ്ട്രീയനയങ്ങളുടെ അടിസ്ഥാനത്തിലാണെന്ന പരമാര്‍ഥത്തിലാണ് കേരളത്തിലെ പ്രതിഷേധക്കാരുടെ പ്രത്യാശ. പൗരത്വനിയമം പോലെയല്ല യു.എ.പി.എ.  കേരളത്തിലെ പൊലീസ് സേന ആ കേന്ദ്രനിയമം എങ്ങനെ പ്രയോഗിക്കണമെന്നും ഉപയോഗിക്കണമെന്നും തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാനസര്‍ക്കാരിനുണ്ട്. 

കേരളപൊലീസ് നടപ്പാക്കുന്നത് കേരളത്തിലെ ഇടതുപക്ഷഭരണകൂടത്തിന്റെ നയമാണ്. അങ്ങനെയല്ലെങ്കില്‍ ആ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ രാഷ്ട്രീയമായ ധാര്‍മികതയില്ല. പക്ഷേ എം.വി.ഗോവിന്ദന്റെ ന്യായീകരണമൊന്നും തനിക്കാവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മോദി ഭരണകൂടത്തിന്റെ നയമായതു കൊണ്ട് നടപ്പാക്കുന്നുവെന്നല്ല മുഖ്യമന്ത്രി പറഞ്ഞത്. തനിക്ക് ബോധ്യമുണ്ട് എന്നു തന്നെയാണ്. 

ചുരുക്കത്തില്‍ സി.പി.എമ്മുകാര്‍ മോദിയുടെ നയമായതുകൊണ്ടെന്നും, മുഖ്യമന്ത്രി എന്റെ നയം തന്നെയെന്നും കോഴിക്കോട് ജില്ലാകമ്മിറ്റി ആരുടേതായാലും ശരിയല്ലെന്നും പറയുന്ന യു.എ.പി.എ കേരളത്തില്‍ ചോദ്യം ചെയ്യപ്പെടില്ലെന്നു  സി.പി.എം വ്യക്തമാക്കിയിരിക്കുന്നു. 

ജനാധിപത്യബോധം അവശേഷിക്കുന്ന സി.പി.എമ്മുകാര്‍ ഇപ്പോഴും പിണറായി സര്‍ക്കാരില്‍, പൗരാവകാശങ്ങളില്‍, പ്രത്യാശ പുലര്‍ത്താന്‍ ആവശ്യപ്പെടുന്നു. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം പുലര്ത്തിയാല്‍ UAPA പ്രകാരം കേസെടുക്കാതിരിക്കാനാകില്ല എന്നതുകൊണ്ടു മാത്രമാണ് പിണറായി സര്‍ക്കാരിന് ഇങ്ങനെയൊരു കടുംകൈ ചെയ്യേണ്ടി വന്നതെന്ന് അവര്‍ നമ്മളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. അതെ, ആ കുരുക്കുണ്ടെന്നതുകൊണ്ടാണല്ലോ അതിനെ കരിനിയമമെന്നു വിളിക്കുന്നത്.  പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന് അങ്ങനെയൊരു ജനാധിപത്യകുറ്റബോധവുമില്ലെന്നു പ്രത്യേകം ഓര്‍ക്കുക.

സംശയമൊന്നുമില്ല,  സി.പി.എമ്മിന്റെ മുഖ്യമന്ത്രിക്ക് ഈ കരിനിയമം വേണം. അപ്പോള്‍ ഒരു വഴിയേ ഉള്ളൂ.   സി.പി.എം സ്വന്തം രാഷ്ട്രീയനിലപാട് പുതുക്കി , ആവശ്യമായ ഭേദഗതികളോടെ പുനഃപ്രസിദ്ധീകരിക്കുക. നിലവിലെ ഇന്ത്യന്‍ കാലാവസ്ഥയില്‍ ഈ കപടരാഷ്ട്രീയനിലപാട് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് കേരളത്തിനു പല തലങ്ങളില്‍ പരുക്കേല്‍പിക്കും.  ഭരണകൂടത്തിന് ജനതയെ നിയന്ത്രിക്കാന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍  കരിനിയമങ്ങള്‍ ആവശ്യമുണ്ട് എന്ന് തുറന്നങ്ങു പ്രഖ്യാപിക്കുക. 

പാര്‍ലമെന്ററി രാഷ്ട്രീയത്തിലൂടെയല്ലാതെ, വ്യവസ്ഥാപിത രാഷ്ട്രീയവഴികളിലൂടെയല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാവരും രാഷ്ട്രസുരക്ഷയ്ക്കു വെല്ലുവിളിയാണെന്നും പ്രഖ്യാപിക്കുക.  പൗരാവകാശങ്ങളേക്കാള്‍ പ്രധാനമാണ് രാജ്യസുരക്ഷയെന്നറിയാത്ത മണ്ടന്‍മാര്‍ അനുഭവിക്കട്ടെ. ഒന്നുമില്ലെങ്കിലും എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ച സത്യം കേരളീയര്‍ മറക്കരുതല്ലോ. നരേന്ദ്രമോദിയുടെ ഭരണകൂടമാണ് കേരളത്തിലും. ഇനിയും പ്രത്യാശകളുണ്ടാകുമ്പോള്‍ അതോര്‍മയിലിരിക്കട്ടെ. 

അതു തന്നെയാണ് പ്രശ്നവും. രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്താണ്? കേന്ദ്രഭരണകൂടത്തിന്റെ രാഷ്ട്രീയനയമാണ്. ധ്രുവീകരണസമീപനങ്ങളും ജനാധിപത്യവിരുദ്ധതയുമാണ്. കേരളവും ആ നയങ്ങള്‍ക്കെതിരെ കര്‍ശനമായ പ്രതിരോധമുയര്‍ത്തുകയാണ്. ഭരണഘടന നല്‍കുന്ന തുല്യാവകാശങ്ങളില്‍ വിവേചനം അനുവദിക്കില്ലെന്ന് സര്‍വശക്തിയുമെടുത്ത് പോരാടുകയാണ്. 

ജനാധിപത്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളീയര്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ആത്മവഞ്ചനയുടെ സ്വരം കലരാന്‍ പാടുണ്ടോ? ജനാധിപത്യത്തിനും ഭരണഘടനാവകാശങ്ങള്‍ക്കും അങ്ങനെ സെലക്റ്റീവായൊരു തിരഞ്ഞെടുപ്പു സാധ്യമാണോ? കേന്ദ്രഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധത മാത്രം കണ്ടാല്‍ മതിയോ? സുപ്രീംകോടതി പോലും പൗരത്വനിയമഭേദഗതിയിലെ അനീതിക്കു നേരെ നിസംഗതയോടെയുള്ള സമീപനം സ്വീകരിക്കുന്ന കാലമാണ്. 

വിദ്യാര്‍ഥിസമരങ്ങള്‍ ദാക്ഷിണ്യമില്ലാതെ അടിച്ചമര്‍ത്താന്‍ കായികബലം പ്രയോഗിക്കുന്നത് ഇന്ത്യ കാണുന്നു. ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ മതം ഒരു പരിഗണനയായി വരുന്നത് മതേതര ജനത അവിശ്വസനീയതയോടെ തിരുത്താന്‍ ആവശ്യപ്പെടുകയാണ്. 

പ്രതിസന്ധിയുടെ അങ്ങേയറ്റത്തും മുഖ്യപ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രതിരോധത്തില്‍ എന്തു പങ്കു വഹിക്കണമെന്നു തീരുമാനിക്കാനാകാതെ വലയുന്നതും നമ്മള്‍ കാണുകയാണ്. മോദി ഭരണകൂടം സമഗ്രാധിപത്യം സ്ഥാപിക്കാന്‍ ഭരണഘടനയുടെ അന്തഃസത്തയില്‍ തന്നെ പിടിമുറുക്കുമ്പോള്‍ ആരു പ്രതിരോധിക്കുമെന്ന അങ്കലാപ്പ് ഒളിപ്പിച്ചു ജനങ്ങള്‍ തന്നെ അങ്ങോളമിങ്ങോളം സമരനായകന്‍മാരില്ലാതെ തെരുവിലിറങ്ങുകയാണ്. ആ പ്രതിരോധത്തിന്റെ ആണിക്കല്ല് മനുഷ്യന്റെ നീതിബോധമാണ്. നേട്ടവും കോട്ടവും വിലയിരുത്താതെ ആ നീതിബോധത്തിന്റെ പേരിലാണ് ജനത ഒന്നിച്ചു നില്ക്കുന്നത്.  പ്രതിരോധത്തില്‍ നിര്‍ണായകപങ്കുവഹിക്കേണ്ട ഇടതുപക്ഷം കേരളത്തില്‍, ആ  അടിസ്ഥാനനീതിബോധത്തില്‍ വിട്ടുവീഴ്ചയാവശ്യപ്പെടുന്നത് അപലപനീയമാണ്. 

ജനാധിപത്യവിരുദ്ധതയെ മറ്റൊരു ജനാധിപത്യവിരുദ്ധത ഒളിപ്പിച്ചു കൊണ്ടു നേരിടാനാകില്ല.നീതിനിഷേധം തിരുത്താനേ കഴിയൂ, ന്യായീകരിച്ചു വെളുപ്പിക്കാനാകില്ല.  അലനും താഹയും മാവോയിസ്റ്റാണോ എന്നതല്ല കേരളത്തിന്റെ പ്രശ്നം. അവരെ ഭരണകൂടം കൈകാര്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമായാണ്. സി.പി.എമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയനയത്തിനു കടകവിരുദ്ധമായാണ്. പരസ്പരവിശ്വാസത്തിന്റെയും രാഷ്ട്രീയസത്യസന്ധതയുടെയും പ്രശ്നമാണത്.  ജനാധിപത്യവിരുദ്ധതയ്ക്കെതിരെ പോരാടുന്ന  ഇന്ത്യയൊന്നാകെ പറയുന്നത് ഒരൊറ്റ വാചകമാണ്. നിയമമല്ല, നീതിയാണ് നടപ്പാകേണ്ടത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...