മരടില്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ കുറ്റക്കാരോ? ഈ ദൃശ്യങ്ങള്‍ പറയുന്നത്

parayathe-11
SHARE

ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു. പരിസ്ഥിതി നിയമലംഘനത്തിനുള്ള ശിക്ഷ എത്ര കനത്തതായിരിക്കുമെന്ന് ഇനി ലോകം ഓര്‍ക്കുന്നത് മരടിലെ ഫ്ളാറ്റുകള്‍ പൊളിഞ്ഞു വീഴുന്ന ദൃശ്യം മുന്‍നിര്‍ത്തിയാകും. ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഗൗരവമേറിയ ശിക്ഷാനടപടികള്‍ മാതൃകയാകണം. പക്ഷേ മരടില്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ കുറ്റക്കാരാണോ? ആ ചോദ്യം  മരടിലെ ഫ്ളാറ്റുകളുടെ അവശിഷ്ടത്തിനൊപ്പം ഉപേക്ഷിച്ചു കളയാവുന്നതാണോ?

ഉദ്വേഗജനകമായ ദിവസങ്ങള്‍ക്കൊടുവിലാണ് മരടിലെ ഫ്ളാറ്റുകള്‍ നിലം  പൊത്തിയത്. ഭരണകൂടത്തിന്റെയും  ജനതയുടെയും കഠിനമായ പരിശ്രമവും സഹകരണവും കൊണ്ടാണ് സുപ്രീംകോടതി വിധി നടപ്പാക്കാനായത്. 

കേരളത്തിനു മാത്രമല്ല, ലോകത്തിനും ഇതു പുതിയ കാഴ്ചയാണ്. പൂര്‍ണബലത്തോടെ നിലനില്‍ക്കുന്ന നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ കനത്ത സുരക്ഷാസന്നാഹത്തോടെ തകര്‍ക്കേണ്ടി വന്നതും ഇതാദ്യമാണ്. 

ഹോളിഫെയ്ത്ത് H20 ഫ്ളാറ്റാണ് മുന്‍നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റ് വൈകി ആദ്യം തകര്‍ത്തത്. ഹോളിഫെയ്ത്ത് ബില്‍ഡേഴ്സ് നിര്‍മിച്ച 19 നിലകളില്‍ 50 മീറ്ററിലേറെ ഉയരമുണ്ടായിരുന്ന  കെട്ടിടം  അഞ്ചു സെക്കന്റു  കൊണ്ട് നിലം പൊത്തി. കനത്ത ആശങ്കകളുണ്ടായിരുന്നെങ്കിലും സ്ഫോടനച്ചുമതല ഏറ്റെടുത്ത എഡിഫസ് എന്‍ജിനിയറിങ് കമ്പനി വിജയകരമായി നിയന്ത്രിതസ്ഫോടനം നടത്തി. 

16 നിലകളുള്ള രണ്ടു ടവറുകളുള്ള ആല്‍ഫ സെറിന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ സ്ഫോടനമാണ് കൂടുതല്‍ ആശങ്കയുയര്‍ത്തിയിരുന്നത്. അത്രയേറെ ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഫ്ളാറ്റ് സമുച്ചയം നിലനിന്നിരുന്നത്. സ്ഫോടനച്ചുമതലയുണ്ടായിരുന്ന വിജയ് സ്റ്റീല്‍സും നിയന്ത്രിത സ്ഫോടനം പൂര്‍ത്തിയാക്കി. സ്ഫോടനസമയത്ത് പരിസരത്തുള്ള രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടി വന്നു. സ്ഫോടനത്തിനു ശേഷം പരിസരം പൂര്‍ണസുരക്ഷിതമാണെന്നുറപ്പുവരുത്തിയ ശേഷമാണ് സ്ഫോടനം നടന്നത്. ഒരു നാടാകെ മുള്‍മുനയില്‍ നോക്കിനില്‍ക്കവേയാണ് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയത്. 

കേരളത്തിനു മാത്രമല്ല, ലോകത്തെവിടെയുമുള്ള നിയമലംഘനങ്ങള്‍ക്കുള്ള പാഠമാണ് മരടിലെ സ്ഫോടനദൃശ്യങ്ങള്‍. പക്ഷേ ആ പാഠം പഠിക്കേണ്ടവര്‍ പഠിക്കുന്നുവെന്നുറപ്പു വരുത്താന്‍ കേരളത്തിനു പോലും കഴിഞ്ഞിട്ടുണ്ടോ? സുപ്രീംകോടതി കര്‍ശനമായി ഉത്തരവിട്ടതുകൊണ്ടു മാത്രം കൃത്യം സമയപരിധിക്കുള്ളില്‍ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കി. പക്ഷേ ഈ വലിയ വെല്ലുവിളിക്കിടയാക്കിയ യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്തിയിട്ടില്ല. ലോകത്ത് പൂര്‍വമാതൃകകളില്ലാത്ത ഒരു വന്‍പ്രവൃത്തി സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടി വന്നു. പക്ഷേ അതിനിടവരുത്തിയ കുറ്റവാളികളെ കണ്ടെത്താന്‍ ഈ സമയം പോരെന്നോ? 

തീരദേശപരിപാലനനിയമം ലംഘിച്ചുവെന്ന് വ്യക്തമായി തെളിഞ്ഞതിന്റെ പേരില്‍ സുപ്രീംകോടതിയാണ് ഈ നാലു ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. 2019 മെയ് 8ന് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് നവീന്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഫ്ളാറ്റുകള്‍ പൊളിച്ചേ തീരൂവെന്ന് ഉത്തരവിട്ടത്., സംസ്ഥാനസര്‍ക്കാര്‍ പോലും പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രതിരോധമുയര്‍ത്തിയെങ്കിലും സുപ്രീംകോടതിയുടെ കര്‍ശനനിലപാട് കാരണമാണ് ഒടുവില്‍ ഈ പതനം സംഭവിച്ചത്. അപ്പോഴും ഓര്‍ക്കേണ്ടത് ഫ്ളാറ്റുകള്‍ പൊളിച്ചുകളയണം എന്നാവശ്യപ്പെട്ടല്ല, പരാതിക്കാരായ തീരദേശപരിപാലന അതോറിറ്റി  സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ അധികാരത്തെ ബാധിക്കുന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നു മാത്രമായിരുന്നു അതോറിറ്റിയുടെയും ആവശ്യം. സുപ്രീംകോടതിയില്‍ കേസെത്തിയതും നടപടിക്രമങ്ങള്‍ ഗൗരവം പ്രാപിക്കുന്നതും ഫ്ളാറ്റുടമകള്‍ അറിഞ്ഞില്ലെന്നും 

വാദമുയര്‍ത്തിയിരുന്നു . പറഞ്ഞുവരുന്നത് എല്ലാ പരിസ്ഥിതി നിയമലംഘനങ്ങളോടും കോടതിയുടെ നിലപാട് ഇതല്ലെന്ന് കേരളത്തില്‍ തന്നെ സമീപകാല സാക്ഷ്യങ്ങളുണ്ട്. മരട് ഫ്ളാറ്റ് കേസുകളിലാണെങ്കില്‍ കോടതി തന്നെ ആദ്യം അനുകൂലനിലപാട് സ്വീകരിച്ചിരുന്നുവെന്നത് വസ്തുതയാണ്.  ഹൈക്കോടതിയില്‍ സിംഗിള്‍ ബഞ്ചിലും ഡിവിഷന്‍ ബെഞ്ചിലും  കേസെത്തിയപ്പോള്‍ വിധി നിര്‍മാതാക്കള്‍ക്കനുകൂലമായിരുന്നു. ആ വിധിയുടെ ബലത്തിലാണ് നിയമലംഘനം മുന്നോട്ടു പോയതും ഫ്ളാറ്റുകള്‍ വാങ്ങിയ കുടുംബങ്ങള്‍ കൂടി വഴിയാധാരമാകുന്ന അവസ്ഥയുണ്ടായതും. 

പക്ഷേ ഈ അവസ്ഥയുടെ യഥാര്‍ഥ ഉത്തരവാദികള്‍ നിയമം ലംഘിക്കാന്‍ തീരുമാനിച്ച ബില്‍ഡര്‍മാരാണ്. അതിന് കൂട്ടുനിന്ന മരട് പഞ്ചായത്ത് അധികൃതരാണ്. അതിനൊത്താശ ചെയ്ത ഉദ്യോഗസ്ഥരും അതു കണ്ട് കണ്ണടച്ച വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമാണ്. ക്രൈംബ്രാഞ്ച് കേസന്വേഷണം തുടരുകയാണ്. പക്ഷേ ഭരണകക്ഷിനേതാക്കളിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന പരാതിയുമായി സമാന്തരമായി മരടില്‍ പ്രക്ഷോഭം നടക്കുന്നുണ്ടെന്നു കൂടി അറിയുക. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഫ്ളാറ്റുകള്‍ പൊളിച്ചു വീഴ്ത്തുന്നത്ര എളുപ്പമല്ല, യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയെന്നത്. 

സി.പി.എം ഭരണസമിതി അധികാരത്തിലിരിക്കുമ്പോഴാണ് ഇപ്പോള്‍ പൊളിച്ചിട്ട കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നിര്‍മാണാനുമതി നല്‍കിയത്. ക്രൈംബാഞ്ച്് രഹസ്യമൊഴി രേഖപ്പെടുത്തിയും മറ്റും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.  നാല് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിര്‍മാതാക്കളും ഉദ്യോഗസ്ഥരും  അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ രാഷ്ട്രീയനേതൃത്വത്തിനെ തൊട്ടിട്ടില്ല.  നിയമലംഘനം നടത്തിയ കെട്ടിടനിര്‍മാതാക്കളേക്കാള്‍ ഗുരുതരമായ തെറ്റു ചെയ്തത് അതിനു കൂട്ടുനിന്ന രാഷ്ട്രീയനേതൃത്വമാണ് എന്നറിയാത്തതുകൊണ്ടല്ല. കോടതിയുടെ പിടി വീഴുന്നതുവരെയും ഇവിടെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നടന്നു പോയിരുന്നത് എന്നറിയാവുന്നതുകൊണ്ടാണ് കുറ്റക്കാരെ പിടികൂടുന്നതില്‍ താമസമുണ്ടായിട്ടും കാര്യമായ അനക്കങ്ങളില്ലാത്തത്. 

മരടിലെ ദൃശ്യങ്ങള്‍ മുന്നറിയിപ്പായി മനസിലുണ്ടെങ്കില്‍ ഇനി വളരെ നഗ്നമായ നിയമലംഘനങ്ങള്‍ നടത്താന്‍ ചെറുതായെങ്കിലും മടിയുണ്ടാകും. പക്ഷേ കര്‍ശനമായ താക്കീതായി അതു മാറണമെങ്കില്‍ കുറ്റക്കാരായ എല്ലാവരും പുറത്തു വരണം. ഒപ്പം മരടില്‍ മാത്രമല്ല, കേരളത്തിലുടനീളം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന വേണം.  മരടിലെ വിധി നടപ്പാക്കുന്നതിനു തലേ ദിവസമാണ് വേമ്പനാട് കായലിലെ കാപ്പിക്കോ റിസോര്‍ട്ടും പൊളിച്ചു കളയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. കാപ്പിക്കോ റിസോര്‍ട്ടിനും രാഷ്ട്രീയഭരണനേതൃത്വങ്ങള്‍ ഒത്താശ ചെയ്തതാണ്. റിസോര്‍ട്ട് പൊളിക്കുമ്പോള്‍ മൂലധനം മുടക്കിയവരാണ് ശിക്ഷിക്കപ്പെടുന്നത് എന്നതില്‍ നീതിയുണ്ടെന്നു പറയാം. പക്ഷേ നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കൂട്ടുനില്‍ക്കുമ്പോള്‍ ഇരകളാകുന്നത് സര്‍ക്കാര്‍ അനുമതികള്‍ വിശ്വസിച്ച് , ജീവിതസമ്പാദ്യം ചെലവാക്കി വാസസ്ഥലം വാങ്ങുന്ന നിരപരാധികള്‍ കൂടിയാണ്. അത്തരം വഞ്ചനകള്‍ ആവര‍്ത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. സമൂഹം ഉറപ്പു വരുത്തേണ്ടത്. എല്ലാ നിയമലംഘനങ്ങളിലും കര്‍ശനമായ താക്കീതും ശിക്ഷാനടപടികളുമുണ്ടാകണം. 

പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കാന്‍ വേണ്ടി ഉണ്ടാക്കിവച്ചിരിക്കുന്നതാണെന്ന ധാരണയാണ് മരടിലെ ഫ്ളാറ്റുകള്‍ക്കൊപ്പം പൊളിഞ്ഞു വീണത്. പണവും സ്വാധീനവുമുണ്ടെങ്കില്‍ ഇനിയും നിയമലംഘനങ്ങള്‍ പടുത്തുയര്‍ത്താം എന്ന അഹന്തയെ പൊളിച്ചടുക്കണെങ്കില്‍ പക്ഷേ ഇനിയും ഒട്ടേറെ മുന്നോട്ടു പോകാനുണ്ട്. അങ്ങനെ കര്‍ശനമായി നിയമം നടപ്പാക്കാന്‍  സര്‍ക്കാരിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇച്ഛാശക്തിയുണ്ടോ എന്നറിയാന്‍ കേരളം കാത്തിരിക്കുകയാണ്.  ഇനിയൊരു കെട്ടിടം കേരളത്തില്‍ പൊളിക്കേണ്ടി വന്നാല്‍ ഒന്നാം പ്രതി സര്‍ക്കാരായിരിക്കും എന്നത് ഓര്‍മിപ്പിക്കാതെ വയ്യ. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...