ഭിന്നിപ്പിക്കല്‍ മതിയാക്കൂ; ഇനിയെങ്കിലും ഭരിക്കാനറിയാമെന്ന് തെളിയിക്കൂ..!

parayathevayya
SHARE

എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത് എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നമ്മളോടു പറയുന്നു. ഏത് ഇന്ത്യക്കാരനോടാണ് പ്രധാനമന്ത്രി  ഇത് പറയുന്നത്? ഏത്് ഇന്ത്യക്കാരനാണ് ഈ രാജ്യത്തെ വെറുക്കുന്നുവെന്ന് പ്രധാനമന്ത്രീ,  അങ്ങ് സംശയിക്കുന്നത്? പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും ഏല്‍പിച്ചത്ര പരുക്കുകള്‍ ഇന്ത്യക്കേല്‍പിച്ച ഏത് ഇന്ത്യക്കാരനെയാണ് അങ്ങേയ്ക്ക് ചൂണ്ടിക്കാണിക്കാനാകുക? 

ഒത്തൊരുമിച്ചു മുന്നോട്ടു പോയിരുന്ന ഒരു ജനതയെ പിടിച്ചുകെട്ടി, ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകര്‍ത്താവിന് ഇങ്ങനെയൊരു പ്രസ്താവന നടത്താനുള്ള അര്‍ഹതയെന്താണ്? പ്രധാനമന്ത്രിയും ഭരണകൂടവും ഈ ഗൂഢനീക്കങ്ങള്‍ അവസാനിപ്പിക്കണം. ഇന്ത്യയുടെ ആത്മാവും അന്തസത്തയും തകര്‍ക്കാനുള്ള ഏതു നീക്കവും ചെറുത്തുനില്‍ക്കാനുള്ള കരുത്ത് ഈ രാജ്യം വിഭാവന ചെയ്ത ദീര്‍ഘദൃഷ്ടിയുള്ള സ്ഥാപകനേതാക്കള്‍ ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ടെന്നു തിരിച്ചറിയണം. ഇത്രയും കാലം ജനങ്ങളെ വൈകാരികമായി പ്രതിസന്ധിയിലാക്കാന്‍ ബി.ജെ.പി ഉപയോഗിച്ച അതേ വാചകം, ബി.ജെ.പിക്ക് മനസിലാകാത്ത അര്‍ഥത്തില്‍ ജനം തിരിച്ചു പറയുകയാണ്. ഇന്ത്യയാണ് വലുത്. 

ഇന്ത്യയോടും ഈ ജനതയോടും അല്‍പമെങ്കിലും കരുതലുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍.ഡി.എ സര്‍ക്കാരും ഇപ്പോള്‍ ഈ ബഹളങ്ങള്‍ക്കു തുനിയുക പോലുമുണ്ടായിരുന്നില്ല. അത്രയേറെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് രാജ്യം. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കനത്ത തകര്‍ച്ച നേരിട്ടു ദൃശ്യമാണ്. 4.5 ശതമാനമാണ് ഈ വര്‍ഷത്തിന്റെ രണ്ടാംപാദം രാജ്യം എത്തിച്ചേര്‍ന്ന വളര്‍ച്ചാനിരക്ക്. 

അയല്‍രാജ്യമായ ബംഗ്ലദേശിനേക്കാള്‍ താഴെയാണ് ഇന്ന് ആഭ്യന്തര ഉല്‍പാദന വളര്‍ച്ച. ഏഴരശതമാനം ആര്‍.ബി.ഐ പ്രവചിച്ച സ്ഥാനത്ത് വെറും അഞ്ചു ശതമാനം വളര്‍ച്ചയേ പ്രതീക്ഷിക്കേണ്ടതുള്ളതുള്ളൂ എന്നാണ് ഇപ്പോള്‍ ആര്‍.ബി.ഐ തന്നെ സമ്മതിക്കുന്നു. അതിലെങ്കിലും എത്തിയാല്‍ ഭാഗ്യം എന്നാണ് സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം.  കഴിഞ്ഞ ആറുവര്‍ഷത്തെ എറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. വളര്‍ച്ചയുടെ അടിസ്ഥാന സൂചികകളായ ഉപഭോഗവും നിക്ഷേപവും കയറ്റുമതിയും അഭൂതപൂര്‍വമായ തകര്‍ച്ച നേരിടുന്നത്. ഉപഭോഗസൂചിക കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ തോതിലെത്തിയിരിക്കുന്നു. ഗ്രാമീണ ഉപഭോഗത്തിലെ ഇടിവ് ഇന്ത്യയുടെ ആത്മാവായ ഗ്രാമീണ ജനത നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ വ്യക്തമായ പ്രഖ്യാപനമാണ്.  സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിടുകയാണ് രാജ്യം. 

സാമ്പത്തികപ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന മുന്നറിയിപ്പുകളാണ് ഇന്ന് നമ്മുടെ രാജ്യം ചുറ്റും കേള്‍ക്കുന്നത്. പക്ഷേ രാജ്യത്തിന്റെ ഭരണാധികാരി അതേക്കുറിച്ച്  എന്തെങ്കിലും ഉരിയാടുന്നത് നമ്മള്‍ കേട്ടിട്ടില്ല. പകരം അദ്ദേഹം അവാസ്തവങ്ങള്‍ ഒരു മടിയുമില്ലാതെ ആവര്‍ത്തിച്ച് ഇന്ത്യയുടെ വ്യക്തിത്വത്തെക്കൂടി അപമാനിക്കുകയാണ്.  ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നമ്മുടെ രാജ്യത്തിന് അടിയന്തരമായി വേണ്ടത് പൗരത്വഭേദഗതിയും പുറത്താക്കേണ്ടവരുടെ പട്ടികയുമല്ല. ആ ഗൂഢനീക്കത്തിനുവേണ്ടി സ്വന്തം ജനങ്ങളെ വെടിവച്ചുകൊല്ലുന്നതു ബി.ജെ.പി സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം. ഈ രാജ്യം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനറിയാമെന്നു തെളിയിക്കണം. അവിടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മിപ്പിക്കും. ഈ പ്രതിസന്ധിയില്‍ വ്യക്തിപരമായ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന മനുഷ്യരെയും മേഖലകളെയും തിരികെ ജീവിതത്തിലേക്കെത്തിക്കാന്‍ ഭരണപരമായും വ്യക്തിപരമായും പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അത് നിര്‍വഹിക്കാന്‍ അറിയാത്തതുകൊണ്ടു കൂടിയാണ് ജനതയെ ഭിന്നിപ്പിച്ചു ശ്രദ്ധ തിരിക്കുന്നതെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ പ്രധാനമന്ത്രിക്ക് നിശ്ചയമായും ഉത്തരവാദിത്തമുണ്ട്.  

നോട്ടുനിരോധനമെന്ന വാക്കില്‍ നടുവൊ‍ടിഞ്ഞു വീണ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി ഇന്നു വരെ മിണ്ടിയിട്ടില്ല. അതില്‍ നിന്നു കരകയറാന്‍ കാലിട്ടടിക്കുന്ന മേഖലകളെക്കുറിച്ച് എന്തെങ്കിലും കരുതലുള്ളതായി സര്‍ക്കാര്‍ തോന്നിപ്പിച്ചിട്ടുമില്ല. ഇന്ത്യയെ മനസിലായിരുന്നെങ്കില്‍  2016ല്‍, തുടര്‍ച്ചയായി രണ്ടു വര്‍ഷത്തെ വരള്‍ച്ചയില്‍ തകര്‍ന്നിരിക്കുന്ന ഗ്രാമീണസമ്പദ്‍വ്യവസ്ഥയിലേക്ക് ഇതുപോലൊരു സ്ഫോടനം നടത്താന്‍ പ്രധാനമന്ത്രിക്കു കഴിയുമായിരുന്നില്ല. സ്വയം വരുത്തിവച്ച ആഘാതം മനസിലാക്കാതെയാണ് തൊട്ടടുത്ത വര്‍ഷം ഒരു ആസൂത്രണവുമില്ലാത്ത ജി.എസ്.ടി പരിഷ്കാരം എന്ന വിനാശവും എടുത്തു പ്രയോഗിച്ചത്.

വീണ്ടു വിചാരമില്ലാത്ത, ഭരണനിര്‍വഹണത്തില്‍ കാര്യശേഷിയില്ലാത്ത ഒരു സര്‍ക്കാരിന് വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ എങ്ങനെ പിടിച്ചുകെട്ടാനാകുമെന്നാണ് മോദി സര്‍ക്കാര്‍ തെളിയിക്കുന്നത്. ഇപ്പോള്‍ ഇന്ത്യ നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്ക് പരമ്പരാഗത കാരണങ്ങളേക്കാള്‍ വലിയ പങ്ക് വഹിച്ചത് മോദി സര്‍ക്കാരിന്റെ നയസമീപനങ്ങളാണെന്നത് കടുത്ത ബി.ജെ.പി. ആരാധകര്‍ക്കു പോലും നിഷേധിക്കാനാകില്ല. മോദി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തികഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തന്നെ സര്‍ക്കാരിന്റെ സമീപനങ്ങള്‍ ഇന്ത്യയ്ക്കുണ്ടാക്കിയ പ്രതിസന്ധികള്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.  

എങ്ങനെയെല്ലാം ന്യായീകരിച്ചാലും അവനവന്റെ ജീവിതത്തില്‍ അനുഭവപ്പെടുന്ന സാമ്പത്തികമാന്ദ്യം മോദി ആരാധകര്‍ക്കു പോലും നിഷേധിക്കാനാകില്ല. നല്ല നിലയില്‍ മുന്നോട്ടു പോകുകയായിരുന്ന ഒരു രാജ്യത്ത് തലതിരിഞ്ഞ സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കി തകര്‍ച്ചയിലെത്തിച്ചതിന് പ്രായശ്ചിത്തം ചെയ്യൂവെന്നാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍  മോദി ഭരണകൂടത്തോട് ആവശ്യപ്പെടേണ്ടത്. കാരണം കാലിനടിയിലെ മണ്ണ് വഴുതിപ്പോകുന്നത് ആരാണ് തിരിച്ചറിയാത്തത്?  പക്ഷേ ആരാധകരെയടക്കം അനുയായികളെയെല്ലാം പൗരത്വമില്ലാത്തവരെ കണ്ടു പിടിക്കാന്‍ പറഞ്ഞുവിട്ടിരിക്കുകയാണ് ഭരണകൂടം. പറ്റിക്കാന്‍ ഏറ്റവും എളുപ്പം  കണ്ണുമടച്ചു ന്യായീകരിക്കുന്ന സ്വന്തം ആരാധകരെയാണെന്ന് പ്രധാനമന്ത്രിക്കും ഭരിക്കാനറിയാത്ത മറ്റു ഭരണകര്‍ത്താക്കള്‍ക്കും നന്നായറിയാം. 

സത്വരശ്രദ്ധയും സമഗ്രപരിപാലനവും അടിയന്തരമായി ആവശ്യപ്പെടുന്ന അത്യാസന്ന നിലയിലാണ് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ. വിദേശനാണ്യ കരുതല്‍ശേഖരം റെക്കോര്‍ഡ് നിലവാരത്തിലാണെന്നതും നാണ്യപെരുപ്പം നിയന്ത്രണവിധേയമായി തുടരുന്നതും മാത്രമാണ് പിടിച്ചുകയറാനൊരു കച്ചിത്തുരുമ്പായി മുന്നിലുള്ളത്. മാന്ദ്യം അകറ്റാന്‍ 

അടിയന്തരനടപടികള്‍ ആവശ്യമാണെന്നാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ്.  അതത്ര എളുപ്പമല്ലെന്നും ഐ.എം.എഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. നാലു പാടും നോക്കി, ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി, ധ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കേണ്ട സമയത്താണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി രാംലീല മൈതാനത്ത് ജനതയെ നിരത്തി നിര്‍ത്തി പൗരത്വപ്രശ്നം വിശദീകരിക്കുന്നത്. അതും വിശ്വാസ്യതയില്‍ പ്രതിബദ്ധതയുള്ള ഒരു നേതൃത്വവും ചെയ്യാത്ത മട്ടില്‍ വസ്തുതകളില്‍ വൈരുധ്യം കലര്‍ത്തി സംസാരിക്കുന്നത്.  

ഇപ്പോള്‍ പ്രധാനമന്ത്രിയോട് രാജ്യത്തിന് ആവശ്യപ്പെടേണ്ടി വരും. പ്രധാനമന്ത്രി,  അങ്ങ് ഒരു രാജ്യസ്നേഹിയാണെന്നതിനാണ് സത്യത്തില്‍ രാജ്യത്തിനിപ്പോള്‍ തെളിവു വേണ്ടത്.  രാജ്യത്തിന്റെ പേരില്‍  ആവര്‍ത്തിച്ചു

മുതലെടുപ്പു നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയോടു തന്നെയാണ്, ഇന്ത്യ ഇന്നീ നേരിടുന്ന കടുത്ത പ്രതിസന്ധികളില്‍ വ്യക്തിപരമായി തന്നെ 

ഉത്തരവാദിത്തമുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. നോട്ടു നിരോധനമെന്ന ഹിമാലയന്‍ മണ്ടത്തരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതാണ്. വീണ്ടുവിചാരമില്ലാത്ത ജി.എസ്.ടി നടപ്പാക്കിയത് അദ്ദേഹത്തിന്റെ സര്‍ക്കാരാണ്. ഇത്ര സങ്കീര്‍ണമായ, ബൃഹദ് രാജ്യം ഭരിക്കാനറിയുമോയെന്നാണ് മോദി സര്‍ക്കാര്‍ ജനതയ്ക്കു മുന്നില്‍ തെളിയിക്കേണ്ടത്. തകര്‍ക്കാനറിയാമെന്നു പല തവണ തെളിയിച്ചു കഴിഞ്ഞതാണ്. ഇനി ഒരിക്കലെങ്കിലും ഈ രാജ്യം ഭരിക്കാനറിയുമെന്ന് പ്രധാനമന്ത്രി തെളിയിക്കേണ്ടതുണ്ട്.  

ഒരിക്കല്‍ പോലും ഭരണനിര്‍വഹണശേഷിയുടെ പേരില്‍ വിലയിരുത്തപ്പെടേണ്ടി വന്നിട്ടില്ല എന്ന മഹാഭാഗ്യം ലഭിച്ചിട്ടുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം അതിനു തുനിയുമ്പോഴെല്ലാം നിഗൂഢനീക്കങ്ങളില്‍ ജനതയുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം പലപ്പോഴും വിജയിച്ചിട്ടുമുണ്ട്. ഏറ്റവും പുതിയ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ് കരസേനാമേധാവിയുടെ രാഷ്ട്രീയപ്രസ്താവന. 

കരുത്തുറ്റ രാഷ്ട്രീയഭരണകൂടമാണ് രാജ്യം നിയന്ത്രിക്കുന്നതെങ്കില്‍ ഒരിക്കലും ഒരു സേനാധിപന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടു സംസാരിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് ഇന്ത്യയുടെ അനുഭവം. അക്രമത്തിലേക്കും കലാപത്തിലേക്കും ജനക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളെല്ലെന്ന് ബിപിന്‍ റാവത്ത് പറഞ്ഞതില്‍ ഒരു ബൂമറാങിനും സാധ്യതയുണ്ട്. ഇന്ന് ഇന്ത്യ നേരിടുന്ന പ്രതിഷേധങ്ങളിലേക്ക് രാജ്യത്തെ നയിച്ചതാരാണ്? പ്രധാനമന്ത്രി മോദിയിലേക്കോ, ആഭ്യന്തരമന്ത്രി അമിത് ഷായിലേക്കോ അല്ലാതെ മറ്റാരിലേക്കാണ് ആത്യന്തികമായി ആ വിമര്‍ശനത്തിന്റെ മുനകള്‍ ചെന്നെത്തേണ്ടത്? ഈ സൈനികമേധാവിയെയാണ് സര്‍വസൈന്യാധിപന്‍ എന്ന പുതിയ പദവിയിലേക്ക് മോദി സര്‍ക്കാര്‍ കണ്ടു വച്ചിരിക്കുന്നതെന്ന് വ്യക്തമായ സൂചനകളുണ്ട്.  

ഒന്നുകില്‍ ജനാധിപത്യത്തിന്റെ കരുത്ത് ഈ ഭരണകര്‍ക്കാത്തക്കള്‍ക്കറിയില്ല. അല്ലെങ്കില്‍ ഇതേ ജനാധിപത്യത്തെ ഈ ഭരണകൂടം പേടിക്കുന്നു, അത് തകര്‍ക്കാന്‍ സകലസാധ്യതകളും തേടുന്നു. ഏതു തലത്തിലും അമിതാധികാരം കുമിഞ്ഞു കൂടുന്നത് തടയാന്‍ ഭരണഘടനയുടെ സ്രഷ്ടാക്കള്‍ ദീര്‍ഘവീക്ഷണത്തോടെ സാധ്യതകള്‍ ഒരുക്കിവച്ചിരിക്കുന്നുവെന്നതാണ് ബി.ജെ.പി. നേരിടുന്ന യഥാര്‍ഥ വെല്ലുവിളി. അതുകൊണ്ട് ഈ ഭരണകൂടത്തിനൊപ്പം നില്‍ക്കുന്ന സര്‍വസൈന്യാധിപന്‍ വേണമെന്ന് മോദി സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇത്ര വ്യാപകമായ ജനകീയ പ്രതിഷേധത്തെ സേനാബലം കൊണ്ട് അടിച്ചമര്‍ത്തുന്നു. ഉത്തര്‍പ്രദേശില്‍ നടക്കുന്നത് വംശഹത്യയെന്നു പേടിക്കേണ്ട ഭീകരമായ ഭരണകൂടവാഴ്ചയാണെന്ന് സ്വതന്ത്ര നിരീക്ഷകര്‍ വസ്തുതകള്‍ ചൂണ്ടിയാണ് പറയുന്നത്. 

ജാര്‍ഖണ്ഡിലെ ജനത നല്‍കിയ തിരിച്ചടിയില്‍ നിന്ന് ജനവികാരം ഉള്‍ക്കൊള്ളാനല്ല മോദി സര‍്ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. അധികാരത്തിന്റെ ബലത്തില്‍ പ്രതിഷേധത്തെ നേരിടാമെന്നും അടിച്ചമര്‍ത്താമെന്നും ജനാധിപത്യം ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂടവും തീരുമാനിക്കില്ല. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധികള്‍ മറന്ന് വര്‍ഗീയഅജന്‍ഡകള്‍ക്ക് പിന്നാലെ പോകില്ല. ഇന്ത്യ അസാധാരണമായ രാഷ്ട്രീയാനുഭവങ്ങളിലൂടെ തന്നെയാണ് കടന്നു പോകുന്നത്. രാഷ്ട്രീയപ്രതിരോധത്തിന് ശേഷിയുള്ള ഒരു പ്രതിപക്ഷത്തെപ്പോലും കാണാനില്ല. പക്ഷേ ജനങ്ങള്‍ ചെറുത്തുനില്‍പ് തുടരുമെന്ന് ഇച്ഛാശക്തിയോടെ പ്രഖ്യാപിക്കുന്നു.  പൗരത്വനിയമഭേദഗതി എന്തിനെന്നും രാജ്യത്തെ എങ്ങോട്ടു കൊണ്ടുപോകാനെന്നും ജാതിമതഭേദങ്ങളില്ലാതെ തിരിച്ചറിഞ്ഞു വിളിച്ചു പറയുന്ന ജനക്കൂട്ടങ്ങള്‍ ഒരു ജനാധിപത്യരാജ്യത്തിന്് എന്നേക്കുമുള്ള പ്രത്യാശയാണ്. 

ഇങ്ങനെ ചുരുക്കാം. പൗരത്വത്തിന് മതം മാനദണ്ഡമാകരുത് എന്നാണ് ഇന്ത്യന്‍ ജനത  പറയുന്നത്. രാജ്യത്തിനകത്തുള്ളവര്‍ക്കായാലും പുറത്തുള്ളവര്‍ക്കായാലും പൗരത്വം നിര്‍ണയിക്കുമ്പോള്‍ മതം യോഗ്യതയാകരുത്. ഇന്ത്യ മതേതരരാജ്യമാണ്. ഇന്ത്യയെ ആ മഹത്വത്തില്‍ നിലനിര്‍ത്താനാണ് പ്രതിഷേധക്കാര്‍ ക്രൂരമായ ഭരണകൂടഭീകരത നേരിട്ടും സമരം  ശക്തിപ്പെടുത്തുന്നത്. 

ഇന്ത്യയെ വലുതായി നിലനിര്‍ത്താന്‍ സമരം ചെയ്യുന്നവരും, ഇന്ത്യയെ ചെറുതായി ചുരുക്കാന്‍ ഗൂഢലക്ഷ്യങ്ങളുള്ളവരുമാണ് ഇന്ന് മുഖാമുഖം നില്‍ക്കുന്നത്. ജയിക്കേണ്ടത്, ഇന്ത്യ എന്ന ആശയമാണ്. ഇന്നുവരെ ഇന്ത്യ എന്ന ആശയം വിശാല മാനവികതയുടെ പ്രതിനിധാനമാണ്. നാളെ അതെന്തായിരിക്കണം എന്ന ചോദ്യത്തിന് മനുഷ്യത്വപരമായ ഉത്തരം ഉറപ്പിച്ചുവയ്ക്കാന്‍ ഓരോ ഇന്ത്യക്കാരനും ബാധ്യതയുണ്ട്. ആദ്യം ഇന്ത്യയെന്ന വിശാല മതേതര സാമ്പത്തിക ശക്തിയായ രാജ്യം ഭരിക്കാനറിയാമെന്നു തെളിയിക്കൂ പ്രധാനമന്ത്രി. തകര്‍ക്കാന്‍ വളരയെളുപ്പമാണ്. പക്ഷേ അതു ചെറുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹവും  കരുതലുമുണ്ടാകണം. ഈ രാജ്യത്തിനു വേണ്ടി, ഭാവിതലമുറകള്‍ക്കു വേണ്ടി നിലകൊള്ളുന്നത് ആരെന്ന് ലോകം കാണുകയാണെന്ന് മനസിലാക്കണം പ്രധാനമന്ത്രി. ഇന്ത്യയെ ഇനിയുമിനിയും തോല്‍പിക്കാമെന്നു കരുതരുത്.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...