ഇന്ത്യ തിരിച്ചുചോദിക്കുന്നു: ഇപ്പോള്‍ വേഷം കണ്ടാല്‍ തിരിച്ചറിയാമോ പ്രധാനമന്ത്രി..?

parayathevayya
SHARE

ആശങ്കകള്‍ക്കിടയിലും  ജനാധിപത്യത്തിന്റെ ആഴമേറിയ കരുത്ത് കാണിച്ചു തരുന്നു നമ്മുടെ രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യജനതയെ, ഭരണകൂടം തന്നെ  ഭിന്നിപ്പിക്കാന്‍  ശ്രമിക്കുന്ന അവിശ്വസനീയമായ സമീപനം ലോകം കാണുന്നു. പക്ഷേ  ഇന്ത്യയുടെ ആത്മാവറിയുന്ന മനുഷ്യര്‍ തെരുവിലിറങ്ങി പ്രതിരോധം തീര്‍ക്കുകയാണ്. പൗരത്വഭേദഗതി നിയമം പിന്‍വലിച്ചാലും ഇല്ലെങ്കിലും ബി.ജെ.പി. രാഷ്ട്രീയത്തിന്റെ ഹീനമായ ലക്ഷ്യങ്ങള്‍ ജനം തിരിച്ചറിയാന്‍ ഈ ചരിത്രസന്ദര്‍ഭം ഉപകരിക്കപ്പെട്ടു. സ്വന്തം ജനതയില്‍ ഒരു വിഭാഗത്തെ വേഷം കൊണ്ട് ചൂണ്ടിക്കാട്ടി ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിയോട് ഇന്ന്  ജനത തിരിച്ചു ചോദിക്കുന്നു. ഇപ്പോള്‍ വേഷം കണ്ടാല്‍ പ്രതിഷേധക്കാരെ തിരിച്ചറിയാമോ പ്രധാനമന്ത്രി?

ഒരു ചൂണ്ടുവിരല്‍ കൊണ്ട് ചുരുങ്ങിപ്പോകുന്നവരല്ല ഇന്ത്യന്‍ ജനതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചറിഞ്ഞില്ല. ഒരു മതേതരരാജ്യത്തിന്റെ ഭരണാധികാരിയില്‍  നിന്ന് ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന നടത്തുമ്പോള്‍ പ്രധാനമന്ത്രി മോദി ഒരിക്കലും കരുതിയിരിക്കില്ല, ജനാധിപത്യത്തിന് ഇത്രമേല്‍ കരുത്തും പ്രതിരോധശേഷിയുമുണ്ടെന്ന്.  ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഡിലെയും പ്രശ്നക്കാരുടെ ഗൂഢനീക്കം എന്ന് അമര്‍ച്ച ചെയ്യാന്‍ പൊലീസിനെ അഴിച്ചു വിട്ട ഭരണകൂടത്തോട് രാജ്യം മുഴുവന്‍ നിരന്ന് നിന്ന് ജനങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. നീതിനിഷേധം പിന്‍വലിക്കണമെന്ന് കൂടുതല്‍ ഉച്ചത്തില്‍ ആവശ്യപ്പെടുന്നു. 

പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും രാജ്യതലസ്ഥാനത്തു പോലും ഫോണും ഇന്റര്‍നെറ്റും നിരോധിച്ചും പ്രതിഷേധം നേരിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.

വടക്കേയിന്ത്യയിലും തെക്കേയിന്ത്യയിലും മനുഷ്യര്‍ കൂട്ടമായി തെരുവുകളിലേക്കൊഴുകിയതോടെ ബി.ജെ.പി. ഭരിക്കുന്ന  സംസ്ഥാനങ്ങളിലെ സുപ്രധാനനഗരങ്ങളിെലല്ലാം നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. ലോകത്തിനു മുന്നില്‍ ഇന്ത്യയെ അവതരിപ്പിച്ച ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പൊലീസ് വലിച്ചിഴച്ചു പോകുന്നത് ഇന്ത്യ കണ്ടു.  

മുതിര്‍ന്ന പ്രതിപക്ഷനേതാക്കള്‍ അറസ്റ്റു വരിച്ചു പ്രക്ഷോഭം ശക്തമാക്കി. ലാത്തി വീശിയ പൊലീസിനു നേരെ പൂക്കള്‍ നീട്ടി ഇന്ത്യയുടെ യുവത്വം തലസ്ഥാനത്തിന്റെ തെരുവുകളില്‍ വിദ്വേഷരാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ചു. 

കൂട്ടം ചേര്‍ന്നാല്‍ തടങ്കലിലിടും എന്നു ബി.ജെ.പി. സര്‍ക്കാരുകള്‍ നിലപാടെടുത്തപ്പോള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് അവര്‍ അതേ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചു വിളിച്ചു.  

എന്നിട്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഒരു നിയമത്തെയും ബഹുമാനിക്കാതെ പൊലീസ് സമരങ്ങളെ ചോരയില്‍ മുക്കി. എട്ടുവയസുകാരനടക്കം പതിമൂന്നു പേരെ പൊലിസ് കൊലപ്പെടുത്തി. പ്രതിഷേധം നേരിടാനാകാതെ, നിരോധനാജ്ഞ പ്രഖ്യാപിച്ചു മനുഷ്യരെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നു. ജനാധിപത്യമര്യാദകളോട് കൂറോ ബഹുമാനമോ ഇല്ലാത്ത പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് ഭരിക്കുന്ന ഓരോ സംസ്ഥാനത്തും ബി.ജെ.പി. തെളിയിച്ചു. കര്‍ണാടക ഹൈക്കോടതിക്കു പോലും ആ സംശയം ഉച്ചത്തില്‍ ചോദിക്കേണ്ടി വന്നു. 

ഒറ്റപ്പെട്ട പ്രതിഷേധമെന്നു പുച്ഛിച്ചു തള്ളിയ അതേ ബി.ജെ.പിയുടെ ഭരണകൂടങ്ങളാണ് നാടൊട്ടൊക്കും പാഞ്ഞു നടന്ന് നിരോധനാജ്‍ഞ പ്രഖ്യാപിച്ചത്. പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ പൊലീസിനോടാവശ്യപ്പെട്ടത്. മനുഷ്യര്‍ തമ്മില്‍ ബന്ധപ്പെടാതിരിക്കാന്‍ രാജ്യതലസ്ഥാനത്തടക്കം ഇന്റര്‍നെറ്റ്, ഫോണ്‍ ശൃംഖലകള്‍ വിച്ഛേദിച്ചു.  പക്ഷേ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞു തന്നെ പ്രതിഷേധം ശക്തമായും സൂക്ഷ്മമായും മുന്നോട്ടു പോയതോടെ ഇന്നേവരെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത നടപടികളുമായാണ് ബി.ജെ.പി. സര്‍ക്കാരുകള്‍ മുന്നോട്ടു പോയത്. മംഗളുരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ അറസ്റ്റു ചെയ്തു.  

എന്തു കുറ്റത്തിനെന്ന ചോദ്യത്തിന് ജനാധിപത്യനിയമങ്ങളെ കൊഞ്ഞനം കുത്തി ബി.ജെ.പി നേതാക്കള്‍ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു.  

ബി.ജെ.പിക്ക് ഹിതകരമായത്, ഹിതകരമല്ലാത്തത് എന്ന ഒരൊറ്റ നിയമവാഴ്ചയാണ് ഇന്നത്തെ ഇന്ത്യയില്‍ നടപ്പാകുന്നതെന്ന് രാജ്യം മാത്രമല്ല ലോകവും കണ്ടു. ഇന്ത്യന്‍ ഭരണകൂടം ജനാധിപത്യവിരുദ്ധമായ , വിവേചനപരമായ ഒരു നിയമത്തിനു വേണ്ടി സ്വന്തം വിദ്യാര‍്ഥികളെയും ജനങ്ങളെയും അടിച്ചൊതുക്കുന്നതെന്തിനെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ അതിശയം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ലോകമാധ്യമങ്ങള്‍ ആശങ്കയോടെ ചൂണ്ടിക്കാട്ടി.  

ഈ രാജ്യത്തോട് സ്നേഹവും കരുതലും ഉള്ള ആര്‍ക്കും  ഭരണകൂടത്തിന്റെ  പോക്കില്‍ ആശങ്കപ്പെടാതിരിക്കാനാകില്ല. നിശബ്ദത കുറ്റമാകുന്ന കാലമാണിത്. അടിച്ചൊതുക്കിയും തടങ്കലിലിട്ടും നേരിടാന്‍ കഴിയാത്ത വിധം ബഹുജനങ്ങള്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുകയാണ്. ബി.ജെ.പിയൊഴികെ ഭരണപക്ഷത്തുള്ള പാര്‍ട്ടികള്‍ പോലും ഈ നീക്കത്തെ കയ്യൊഴിഞ്ഞു കഴിഞ്ഞു. എന്നിട്ടും ഒരിഞ്ചു പോലും പിന്‍മാറില്ലെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാടെടുക്കുന്നതെന്തുകൊണ്ടാണ്? ഒരേയൊരു കാരണം. ഈ നിയമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബി.ജെ.പിയാണ്. ജനാധിപത്യ ഇന്ത്യയെ കുരുതികൊടുത്തും ഈ നിയമം നടപ്പാക്കിയേ അടങ്ങൂവെന്ന് അമിത് ഷാ വാശിപിടിക്കുന്നത് രാജ്യത്തിനോ ഭൂരിപക്ഷത്തിനോ വേണ്ടിയാണെന്ന് തെറ്റിദ്ധരിച്ചുവെങ്കില്‍ തിരുത്തുക. സ്വന്തം അധികാരത്തിനും അജന്‍ഡകള്‍ക്കും വേണ്ടി മാത്രമാണ്  ഈ ഹീനതന്ത്രങ്ങളില്‍ ഇന്ത്യയെ ബലികൊടുക്കുന്നത്.  

നിലവില്‍ ഇന്ത്യന്‍ പൗരനായ ഒരാള്‍ക്കും ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഈ പൗരത്വഭേദഗതിയില്‍ എന്തിനാണീ പ്രതിഷേധം എന്ന് അതിശയം കൂറുന്ന നിഷ്കളങ്കര്‍ക്ക് അസം എന്ന സംസ്ഥാനമാണ് മറുപടി. ഞാന്‍ ഇന്ത്യന്‍ പൗരനാണല്ലോ പിന്നെന്തിന് പേടിക്കണം എന്ന് ഇടംവലം തിരിയും മുന്‍പ് അസമില്‍ സംഭവിച്ചതെന്താണെന്ന് ശരിയായി മനസിലാക്കണം. അനധികൃതകുടിയേറ്റത്തിനെതിരെ കാലങ്ങളായി ശക്തമായ പ്രക്ഷോഭം നടക്കുന്ന അസമില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പൗരത്വറജിസ്റ്റര്‍ തയാറാക്കിയപ്പോള്‍ സംസ്ഥാനത്തെ 19 ലക്ഷം പേര്‍ക്ക് പട്ടികയില്‍ ഇടം കിട്ടിയില്ല. എന്നുവച്ചാല്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം തെളിയിക്കാനായില്ല. ബി.െജ.പിയുടെ പ്രതീക്ഷകള്‍ അട്ടിമറിച്ചുകൊണ്ട് ഈ 19 ലക്ഷം പേരില്‍ 11 ലക്ഷം മുതല്‍ 14 ലക്ഷം വരെ ഹിന്ദുക്കളാണെന്നാണ് അനൗദ്യോഗിക കണക്ക്. ഈ ഹിന്ദു വിഭാഗക്കാരെ ബി.ജെ.പിക്ക് കയ്യൊഴിയാന്‍ വയ്യ. കാരണം സമീപകാലതിരഞ്ഞെടുപ്പുകളിലെല്ലാം അസം ബി.ജെ.പിക്കൊപ്പമാണ് നിന്നത്. ലോക്സഭാതിരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ ഒന്‍പതും ബി.ജെ.പി നേടി. അതിനു പിന്നില്‍ വ്യക്തമായ മറ്റൊരു സാമൂഹ്യസാഹചര്യവും ഉണ്ടായിരുന്നു. അസമിലെ 3 കോടി 12 ലക്ഷം വരുന്ന ജനങ്ങളില്‍  പൗരത്വരേഖകളില്‍ അവ്യക്തതയുള്ളവരെയെല്ലാം വോട്ടര്‍പട്ടികയില്‍ നിന്നു നീക്കിയിരുന്നു. അങ്ങനെ ലോക്സഭാതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകാതെ പുറത്തുനില്‍ക്കേണ്ടി വന്നത് 40 ലക്ഷം പേര്‍ക്കാണ്. ആ 40 ലക്ഷത്തില്‍ 25 ലക്ഷവും മുസ്‌ലിങ്ങളായിരുന്നു. ഇപ്പോഴും ഈ ഡിവോട്ടര്‍മാരുടെ പട്ടിക തയാറാകുന്നത് തുടരുകയാണ്. അതിനിടയിലാണ് പൗരത്വരജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയായതും അപ്രതീക്ഷിതട്വിസ്റ്റുണ്ടാകുന്നതും. 

പൗരത്വറജിസ്റ്റര്‍ നടപടിക്രമങ്ങളില്‍ പിഴവുണ്ടായെന്നും തിരുത്തുമെന്നുമാണ് ബി.ജെ.പി സര്‍ക്കാര്‍ പറയുന്നത്. പക്ഷേ പൗരത്വം നഷ്ടപ്പെട്ട 14 ലക്ഷം വരെ വരുന്ന ഹിന്ദുക്കളെ അങ്ങനെ തെറ്റുതിരുത്തല്‍ നടപടികള്‍ക്കുവിട്ടുകൊടുത്താലുണ്ടാകുന്ന നഷ്ടം ബി.ജെ.പിക്ക് ചിന്തിക്കാനാകില്ല. ഏറെ പാടുപെട്ടാണ് ബി.ജെ.പി വടക്കുകിഴക്കന്‍ മേഖലയില്‍ കാലൂന്നിയത്. പൗരത്വപട്ടിക കൂടി വരുന്നതോടെ കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ പുറത്താകുമെന്നും നില കൂടുതല്‍ ഭദ്രമാകുമെന്നും കാത്തിരുന്ന ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് പൗരത്വപട്ടിക നല്‍കിയത്. അതു തിരുത്താന്‍ വേണ്ടി മാത്രമാണ് ഇത്ര ധൃതിയില്‍ ബി.ജെ.പി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്.   

അതായത് രാജ്യവ്യാപകമായി പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്നു, ശേഷം, പൗരത്വപട്ടികയും  നടപ്പാക്കുന്നു. പൗരത്വത്തിന് യോഗ്യതയില്ലാതായ ഭൂരിപക്ഷസമുദായാംഗങ്ങള്‍ക്കെല്ലാം പൗരത്വനിയമഭേദഗതി സുരക്ഷ ഉറപ്പാക്കുന്നു. മുസ്‍ലിം വിഭാഗത്തിനു മാത്രം ആ പരിരക്ഷയില്ലാതെ  പൗരത്വപട്ടികയില്‍ നിന്നു പുറത്താകേണ്ടി വരുന്നു. അതിലൂടെ ബി.ജെ.പി.  ലക്ഷ്യമിടുന്നത് പ്രതിരോധമില്ലാത്ത  അധികാരമാണ്. അതിനു വേണ്ടി   അപരവിദ്വേഷവും ന്യൂനപക്ഷവിരോധവും ആളിക്കത്തിച്ചു വിതരണം ചെയ്യുകയാണ്. അങ്ങനെ ബി.ജെ.പിയുടെ അധികാരം ചോദ്യംചെയ്യാനാകാത്ത  കാലം ഉറപ്പിക്കുന്നതിനു വേണ്ടിയാണ്, ഈ  അപ്രഖ്യാപിത അടിയന്തരാവസ്ഥയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.  പൗരത്വഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവരെല്ലാം ഈ കഥയറിയാതെ ആട്ടം കാണുകയാണ്. ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്‍മാരാക്കിയ ശേഷം, തങ്ങള്‍ക്കു വേണ്ടി വാഗ്ദത്ത ഭൂമിയൊരുക്കുന്ന മോദിസര്‍ക്കാരിനെ നോക്കിയിരിക്കുന്ന ആരാധകര്‍ അറിയുന്നില്ല, കാത്തിരിക്കുന്നതെന്താണെന്ന്. കാരണം മോദി സര്‍ക്കാരിനും ബി.ജെ.പിക്കും ഭൂരിപക്ഷജനതയോടും പ്രതിബദ്ധതയില്ലെന്നതിന് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയടക്കം ഒട്ടേറെ തെളിവുകളുണ്ട്. 

മോദി ഭരണകൂടത്തിന് ഈ പൗരത്വഭേദഗതി നിയമത്തില്‍ ദുരുദ്ദേശങ്ങളില്ലെന്നു തെളിയിക്കാന്‍ ഒരെളുപ്പ വഴിയുണ്ട്. പൗരത്വപ്രശ്നത്തില്‍ പിന്നോട്ടില്ലെന്നുറച്ചാണെങ്കില്‍ ആദ്യം പൗരത്വപട്ടിക തയാറാക്കുക. എത്ര ഇന്ത്യക്കാര്‍ക്ക് പൗരത്വപട്ടികയില്‍ ഇടം കിട്ടുമെന്നു രാജ്യംകാണട്ടെ. അതില്‍ ഏതേതു വിഭാഗക്കാരാണ് കൂടുതല്‍ ഉള്‍പ്പെടുന്നതെന്നും സുതാര്യമായി രാജ്യം അറിയട്ടെ.  ആരൊക്കെയാണ് ഇന്ത്യന്‍ പൗരന്‍മാരെന്ന് തീരുമാനിച്ച ശേഷമാകാം പുറത്തു നിന്നെത്തിയവര്‍ക്കു വേണ്ടിയുള്ള പൗരത്വഭേദഗതി. ബി.ജെ.പി. സര്‍ക്കാര്‍ അതിനു തയാറാകുമോ? ഒരിക്കലുമില്ല.  

കേന്ദ്രമന്ത്രി അമിത് ഷാ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഈ ക്രമമാണ് പ്രശ്നം. ആദ്യം പൗരത്വഭേഗദഗതി. പിന്നെ പൗരത്വപട്ടിക. കാരണം അസം മാത്രം മാതൃകയായി കണ്ടാല്‍ രാജ്യവ്യാപകമായി പൗരത്വപട്ടിക വരുമ്പോള്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍ ഉള്‍പ്പെടുമെന്നുറപ്പ്. അന്ന്  അവര‍്ക്കു മാത്രം പൗരത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമാവില്ലെന്ന് ബി.ജെ.പിക്കറിയാം. കാരണം ആ ഘട്ടത്തില്‍ മുസ്‍ലിങ്ങളെ മാത്രമായി പുറത്താക്കാനാകില്ല. അതിനു പകരം  ആദ്യം പൗരത്വഭേദഗതി നടത്തി ഉറപ്പിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ബി.ജെ.പിയുടെ വോട്ടു ബാങ്കായ ഭൂരിപക്ഷസമുദായങ്ങള്‍ സുരക്ഷിതരാകും. രണ്ട്  പൗരത്വപട്ടിക വരുമ്പോള്‍ മുസ്‍ലിം വിഭാഗത്തില്‍ പെടുന്നവര്‍ മറ്റൊരാശ്രയവുമില്ലാതെ പട്ടികയ്ക്കു പുറത്തു പോകും. ഉറപ്പിക്കപ്പെടുന്നത് ബി.ജെ.പിയുടെ അധികാരത്തുടര്‍ച്ചയാണ്. അസം മാതൃകയില്‍ നിന്നു തന്നെ വ്യക്തമാണ്. 

സ്ത്രീകള്‍, ദുര്‍ബല,പിന്നാക്ക വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ തുടങ്ങിയവരാണ് മതിയായ രേഖകളില്ലെന്ന ഒറ്റക്കാരണത്താല്‍ പട്ടികയില്‍ ഇടം കിട്ടാതെ പോകുന്ന ഇന്ത്യക്കാര്‍. ജീവിതത്തിലൊരിക്കല്‍ പോലും ഔദ്യോഗികസംവിധാനങ്ങളുമായി ബന്ധപ്പെടേണ്ടി വന്നിട്ടില്ലാത്തവര‍്ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാനാവില്ലെന്നു മനസിലാക്കുന്ന മാനവികസമീപനമുള്ള വ്യവസ്ഥയാണ് ഇന്ത്യയിലുണ്ടാകേണ്ടത്. എനിക്ക് ആധാറുണ്ട്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, പാസ്പോര്‍ട്ടുണ്ട് എന്നൊക്കെ ആത്മവിശ്വാസം ഉറപ്പിക്കുന്നവര്‍ ദയവായി മനസിലാക്കുക. ഇതൊക്കെ തിരിച്ചറിയല്‍ രേഖകള്‍ മാത്രമാണെന്നും പൗരത്വം തെളിയിക്കുന്ന രേഖകളല്ലെന്നും ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു വ്യക്തമാക്കി.  ഇതൊക്കെയുണ്ടായിരുന്നവരാണ് ഇന്ന് അസമില്‍ പൗരത്വപട്ടികയ്ക്കു പുറത്ത് കനിവും കാത്തു കഴിയുന്നത്. ജനനം, ജനിച്ച കാലം, കുടുംബം ഇതെല്ലാം തെളിയിക്കുന്ന രേഖകളുണ്ടാകണം പൗരത്വപട്ടികയില്‍ സ്ഥാനം ഉറപ്പിക്കാന്‍.  

അതുകൊണ്ട് ഒരിന്ത്യക്കാരനെയും ബാധിക്കില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവാസ്തവം ആവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ തിരിച്ചുചോദിക്കേണ്ടത് ഒരേയൊരു കാര്യമാണ്. പൗരത്വഭേദഗതിക്കു മുന്‍പ് പൗരത്വപട്ടിക പൂര്‍ത്തിയാക്കട്ടെ എന്നു പറയാന്‍ ബി.ജെ.പിക്കു ധൈര്യമുണ്ടോ? പൗരന്‍ ആരെന്നു തീരുമാനിച്ചതിനു ശേഷം പൗരത്വ  നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ തീരുമാനിക്കാം. ഭേദഗതിക്കു മുന്‍പ് പൗരന്‍മാര്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ തയാറാണോ? ബി.ജെ.പി. തയാറാവില്ല. കാരണം ഈ കുടിലനീക്കം ഒരു അബദ്ധമായി വന്നു ഭവിച്ചതൊന്നുമല്ല. കാലങ്ങളായി തയാറാക്കപ്പെട്ട സംഘപരിവാര്‍ അജന്‍ഡയിലെ കൃത്യമായ ആസൂത്രണമാണ്. ലക്ഷ്യം മറ്റൊരു മതരാഷ്ട്രവുമാണ്. മതാധിപത്യം വഴി സംഘപരിവാറില്‍എത്തിച്ചേരുന്ന സമഗ്രാധിപത്യ ഫാസിസ്റ്റ് ഭരണാധികാരത്തിലേക്കുള്ള ഒരു സുപ്രധാന ചുവടാണ് ഈ പൗരത്വഭേദഗതി നിയമം. അത് ഈ പ്രതിഷേധം കണ്ടൊന്നും ഉപേക്ഷിച്ചു പോകാന്‍ സംഘപരിവാര്‍ തയാറാകുമെന്ന് ആരും കരുതേണ്ടതില്ല.  

എല്ലാ പൗരന്‍മാരെയും പൗരത്വഭേദഗതി ബാധിക്കുന്നതെവിടെ എന്നു ചോദിച്ചാല്‍  ഉത്തരം ലളിതമാണ്. ഭൂരിപക്ഷവിഭാഗത്തില്‍പെട്ടവരും മനസിലാക്കിയിരിക്കേണ്ട ചോദ്യമാണ് അത്.  ഒരു മതരാഷ്ട്രത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ തയാറാണോ? ഭൂരിപക്ഷത്തിന് ആധിപത്യമുള്ള ഭരണ–സാമൂഹ്യക്രമമുണ്ടാകണം എന്നു മനസിലെങ്കിലും ആഗ്രഹിക്കുന്നവര്‍ തൊട്ടപ്പുറത്ത് പാക്കിസ്ഥാനിലേക്കു നോക്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. മാനവികതയ്ക്കു മേല്‍ മതത്തിന് ആധിപത്യം കിട്ടിക്കഴിഞ്ഞാല്‍ സാധാരണ പൗരന് സംഭവിക്കുന്ന ദുരന്തം വ്യക്തമാക്കി തരുന്ന ലോകരാജ്യങ്ങള്‍ ഇനിയുമേറെയുണ്ട്. എന്റെ മതത്തിന് ആധിപത്യമുള്ള സമൂഹമാണിതെന്ന അഭിമാനബോധം കൊണ്ട് ജീവിതം മുന്നോട്ടു പോകില്ല. പെട്രോള്‍–ഡീസല്‍ വില കുറയില്ല. തൊഴിലില്ലാതെ ജീവിക്കാനാവില്ല. തല്‍ക്കാലം എനിക്കൊരു തൊഴിലുണ്ടല്ലോ എന്നു സമാധാനപ്പെടുന്നവര്‍ അറിയണം, രാജ്യം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്കാണ് നേരിടുന്നത്. ജോലിയും വരുമാനവും നഷ്ടപ്പെടാവുന്ന സാമ്പത്തികാവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. ഓഹരിവിപണിയില്‍ ഒഴികെ മറ്റെല്ലാ വിപണികളും കടുത്ത മാന്ദ്യം നേരിടുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഏറ്റവും മോശം തോതിലാണ് മുന്നോട്ടു പോകുന്നത്. ചെറുതും വലുതുമായ കമ്പനികള്‍ മാന്ദ്യം നേരിടാനാകാതെ ചെലവു വെട്ടിച്ചുരുക്കുകയാണ്. സമഗ്രാധിപത്യമുണ്ടായിരുന്ന ആറു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ഈ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എങ്ങനെ താറുമാറാക്കിയെന്നതോര്‍ക്കുക.  നോട്ടു നിരോധനം റദ്ദാക്കിയപ്പോഴും അപരവിദ്വേഷത്തിന്റെ തണലില്‍ സമാധാനിക്കാനാണ് മോദി സര്‍ക്കാര്‍ ജനങ്ങളോടാവശ്യപ്പെട്ടത്.  

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാകും വഴി ചില വിഭാഗങ്ങളുടെ അപ്രമാദിത്വം അവസാനിക്കും എന്നു പ്രചരിപ്പിച്ചത് സര്‍ക്കാര്‍ കൂടി ചേര്‍ന്നാണ് . പക്ഷേ ദുരന്തം അനുഭവിച്ചത് ഇന്ത്യന്‍ ജനത ഒന്നാകെയാണ്. അവരും അനുഭവിച്ചു എന്നാശ്വസിക്കുന്ന നോട്ടുനിരോധനത്തിന്റെ ആരാധകര്‍ ഇപ്പോഴുമുണ്ട്. അവനവന്റെ ജീവിതം എത്രമാത്രം പിന്നോട്ടു പോയിരിക്കുന്നുവെന്നു തിരിച്ചറിയാതെ, വിദ്വേഷരാഷ്ട്രീയത്തിന്റെ ആള്‍ക്കൂട്ട ആനന്ദങ്ങളില്‍ പെട്ടിരിക്കുന്ന മനുഷ്യരോട് ഇതുവരെ സഹതാപം മാത്രം മതിയായിരുന്നു. 

പക്ഷേ പൗരത്വഭേദഗതി നിയമം അവിടെയും നില്‍ക്കുന്നതല്ല. അത് ഇന്ത്യയുടെ ഭരണഘടനയുടെ അന്തഃസത്ത അട്ടിമറിക്കുന്ന നഗ്നമായ മതവിവേചനമാണ്. മോദി ഭരണകൂടം അത് നടപ്പാക്കിയിരിക്കുന്നത് ഇന്ത്യയുടെ ഇന്നത്തെ മതേതരസാമൂഹ്യഘടന അട്ടിമറിക്കാനും അധികാരത്തുടര്‍ച്ച ഉറപ്പാക്കാനും വേണ്ടിയാണ്.മറുചോദ്യങ്ങളും പ്രതിരോധങ്ങളുമില്ലാത്ത മതാധിപത്യ ഭരണക്രമം നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ മനുഷ്യാവകാശങ്ങളില്ല. മതത്തിന്റെ പേരിലുള്ള അവകാശങ്ങളേയുള്ളൂ. ആ അവകാശം ഭരണകൂടത്തിനു മാത്രമായിരിക്കുമെന്നും പൗരന്റെ ജീവല്‍ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ ആ ഭരണകൂടത്തിന് ബാധ്യതയോ പ്രതിബദ്ധതയോ ഇല്ലെന്നും ഓര്‍ക്കേണ്ടത് രാജ്യത്തെ ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷവും കൂടിയാണ്. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് അധികാരം മാത്രമാണ് പ്രശ്നം, ജനതയല്ല. സമഗ്രാധികാരത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ വെറുമൊരു ഉപകരണം മാത്രമായി ഉപേക്ഷിക്കപ്പെടും ഭൂരിപക്ഷജനതയുമെന്ന് ന്യൂനപക്ഷങ്ങളേക്കാള്‍ കൂടുതല്‍ തിരിച്ചറിയാനുള്ള ബാധ്യത ചിന്താശേഷിയുള്ള എല്ലാ മനുഷ്യര്‍ക്കുമുണ്ട്. സോദാഹരണങ്ങള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇഷ്ടം പോലെയുണ്ട്, കണ്ണു തുറന്നു നോക്കാമെങ്കില്‍. 

മോദി ഭരണകൂടം ജനാധിപത്യത്തിന് എന്തു വില കല്‍പിക്കുന്നുവെന്നറിയാന്‍ രണ്ടാഴ്ചയോളമായി നടക്കുന്ന പ്രതിഷേധങ്ങളോടുള്ള പ്രതികരണം മാത്രം നോക്കിയാല്‍ മതി. പ്രതിഷേധക്കാരോട് സംസാരിക്കാനോ, ബോധ്യപ്പെടുത്താനോ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. ഇന്ത്യക്കാരല്ലാത്തവരെ ഇന്ത്യക്കാരാക്കാന്‍ കൊണ്ടുവരുന്ന നിയമത്തിന്റെ പേരില്‍  പത്തിലേറെ ഇന്ത്യക്കാര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. വേഷത്തിന്റെ പേരില്‍ പ്രതിഷേധക്കാരെ മതവാദികളാക്കിയ പ്രധാനമന്ത്രി അര്‍ഹിക്കുന്ന മറുപടി രാജ്യത്തെ യുവാക്കള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നത് മോദി ഭരണകൂടത്തിനേ ഗുണം ചെയ്യൂ. അതുണ്ടാകരുത്. ഈ പ്രതിഷേധങ്ങള്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിനു വേണ്ടിയല്ല, ഇന്ത്യയ്ക്കാകെ വേണ്ടിയാണ്.   എന്തു സംഭവിച്ചാലും  ഈ നിയമം നടപ്പാക്കും എന്ന ഉരുക്കുമുഷ്ടിയില്‍ തെളിയുന്നുണ്ട്, ഭ്രാന്തു പിടിച്ചിരിക്കുന്നത് തെരുവിലിറങ്ങിയിരിക്കുന്ന ലക്ഷോപലക്ഷം പ്രതിഷേധക്കാര്‍ക്കല്ല.  

അതുകൊണ്ട് പൗരത്വനിയമഭേദഗതിയിലെ മതപരിഗണന സര്‍ക്കാര്‍ പിന്‍വലിക്കണം. ഇതിനോടകം അപ്രായോഗികമെന്നു തെളിഞ്ഞ പൗരത്വപട്ടികയുടെ പേരില്‍ അരക്ഷിതാവസ്ഥ പടര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കണം. അധികാരത്തിനു വേണ്ടി മാത്രമാണ് ഹീനമായ രാഷ്ട്രീയനാടകമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മുസ്‍ലിങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നത് ഭൂരിപക്ഷസമുദായങ്ങളെ  തല്‍ക്കാലം പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. അവരുടെ വോട്ടുറപ്പിക്കാന്‍ മാത്രം. അതല്ലാതെ ഒരു ഭൂരിപക്ഷത്തോടും സ്നേഹമോ ആത്മാര്‍ഥതയോ ഉള്ളതുകൊണ്ടല്ല. 

ഭൂരിപക്ഷ സമുദായങ്ങളും ഒരുകാര്യം മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. ജനതയോട് സ്നേഹവും കരുതലുമുള്ള ഒരു ഭരണകൂടവും അവരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും നോക്കില്ല. പകരം സമൂഹത്തെ ഒന്നായി കണ്ട് ആധുനികലോകത്തിലേക്ക് മുന്നില്‍ നിന്ന് നയിക്കുകയാണ് ചെയ്യുക.  ഈ രാജ്യത്തിനു ഈ കെണിയില്‍  തോറ്റു കൊടുക്കാനാകില്ല. മോദി സര്‍ക്കാരിനും ബി.ജെ.പിക്കും ഇത് വെറും അധികാരത്തിന്റെ പ്രശ്നമാണ്. ഇന്ത്യയ്ക്ക് ഇത് അതിജീവനത്തിന്റെ പ്രശ്നമാണ്. നിലനില്‍പിന്റെയും ആത്മാഭിമാനത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രശ്നമാണ്. ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...