അന്തമില്ലാത്ത ധ്രുവീകരണ നയങ്ങള്‍; പിന്നിലേക്ക് ഓടുന്ന ഇന്ത്യ..!

pv-new2
SHARE

അന്തമില്ലാത്ത ധ്രുവീകരണ നയങ്ങള്‍; പിന്നിലേക്ക് ഓടുന്ന ഇന്ത്യ..! പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം എന്താണെന്ന് മനസിലാകാത്തവര്‍ ഇനിയുമുണ്ടോ? മതേതരഇന്ത്യയില്‍ ഈ ഭരണകൂടത്തിന്റെ നയസമീപനം എന്താണെന്ന് ഇനിയും സംശയമുള്ളവര്‍ ഉണ്ടായിരുന്നോ? യാഥാര്‍ഥ്യബോധത്തിലെത്താതെ ഇനിയും നമ്മുടെ രാജ്യത്തിന് മുന്നോട്ടു പോകാനാകുമോ? 

മാറിയ രാഷ്ട്രീയവും മാറിയ ജനതയെയും തിരിച്ചറിയാതെ ഇനിയും പരിതപിക്കുന്നതില്‍ അര്‍ഥമുണ്ടോ?

എന്താണ് ഫാസിസം? പല ഭാഷകളില്‍ പല നിര്‍വചനങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ സമകാലീനഇന്ത്യയ്ക്ക് കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുണ്ടാകില്ല. തീവ്രവലതുപക്ഷം, അതിദേശീയം, സ്വേച്ഛാധിപത്യപരം, അടിച്ചമര്‍ത്തപ്പെട്ട പ്രതിപക്ഷം, പരിപൂര്‍ണ വിധേയരാക്കപ്പെട്ട സമൂഹം... എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരു സാമൂഹ്യകാലാവസ്ഥ ഇന്ത്യ നേരില്‍ കാണുകയാണ്. അതില്‍ ചേരുംപടി ചേരാത്തത് ഒന്നു മാത്രമേയുള്ളൂ. അവിശ്വസനീയത. 

ഇനിയും കാര്യങ്ങള്‍ മനസിലാകാത്ത നിഷ്കളങ്കത. മതേതരഇന്ത്യയില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന ആശ്ചര്യചിഹ്നം. ഇന്ത്യന്‍ ഭരണഘടനയെയും സുപ്രീംകോടതിയെയും നോക്കുകുത്തിയാക്കി എങ്ങനെ ഒരു ഭരണകൂടത്തിന് ഇത്രയും കടന്നു ചിന്തിക്കാനാകുന്നുവെന്ന വേവലാതി.  

സത്യത്തില്‍ ഇത്തരം വേവലാതികളാണ് ഈ കാലത്ത് അരോചകം. ഇനിയും നേരം വെളുത്തിട്ടില്ലാത്ത ജനതയാണ് നമ്മളെന്ന കുറ്റസമ്മതമാണ് അത്. നരേന്ദ്രമോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയപ്പോഴെ നിലപാടുകള്‍ വ്യക്തമായിരുന്നു. അത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചവര്‍ക്കും വേണ്ടി 2019ല്‍ അവര്‍ തന്നെ പ്രകടനപത്രികയില്‍ വ്യക്തമായി എഴുതിവച്ചിരുന്നു. എന്നിട്ടും മനസിലായിട്ടില്ലാത്തവര്‍ വീണ്ടും ജനാധിപത്യബഹുമാനവും 

മാനവികരാഷ്ട്രീയവുമൊക്കെ പ്രതീക്ഷിച്ചെങ്കില്‍ അത് അവരുടെ കുറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ആരെങ്കിലും തെറ്റിദ്ധരിച്ചുവെങ്കില്‍ അത് അവരുടെ മാത്രം കുറ്റമാണ്്. ഒരര്‍ഥത്തില്‍ ആഭ്യന്തരമന്ത്രിയും ബി.െജ.പി. അനുകൂലികളും പറയുന്നത് വാസ്തവമാണ്. ഈ 

അജന്‍ഡകളൊന്നും ഒളിച്ചു കടത്തിയതല്ല. മറച്ചു വച്ചിട്ടുമില്ല. ന്യൂനപക്ഷങ്ങളോടുള്ള സമീപനമെന്താണെന്ന് ആരെങ്കിലും  എന്നെങ്കിലും മറച്ചു വച്ചിരുന്നോ?

ഔദാര്യവും കാരുണ്യവും ഉണ്ടായിരുന്നില്ല എന്നല്ല. ഈ പൗരത്വഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടയില്‍ തന്നെ അമിത് ഷാ അങ്ങനെയൊരു ഔദാര്യപൂര്‍വമായ പ്രഖ്യാപനം നടത്തിയിരുന്നു. 

ആരോടാണ് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി സംസാരിക്കുന്നതെന്നു നോക്കൂ. അദ്ദേഹത്തിന്റെ അതേ അവകാശങ്ങളുള്ള,  പൗരാവകാശങ്ങളില്‍ ഏറ്റക്കുറച്ചിലില്ലാത്ത ഇന്ത്യക്കാരില്‍ ഒരു വിഭാഗത്തോടാണ് നിങ്ങള്‍ ഇവിടം വിട്ടു പോകേണ്ടിവരില്ലെന്ന ഔദാര്യപ്രഖ്യാപനം നടത്തുന്നത്. 

ഞങ്ങള്‍ തരുന്ന ഔദാര്യങ്ങളിലാണ് നിങ്ങള്‍ക്കു നിലനില്‍പ് എന്ന് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പരസ്യമായി പാര്‍ലമെന്റില്‍ ഒരു സമുദായത്തോട് സംസാരിക്കുന്നതു കേട്ടിട്ടും വര്‍ത്തമാനകാലഇന്ത്യയില്‍ ആരും അസ്വസ്ഥരാകാത്തതെന്തുകൊണ്ടാണ്?

അസ്വസ്ഥരാകില്ല. കാരണം ഇതാണ്  ഇപ്പോഴത്തെ സ്വാഭാവിക ഇന്ത്യ. അത്തരം പ്രസ്താവനകളും നിലപാടുകളുമൊക്കെ ഇപ്പോള്‍ വളരെ സാധാരണമായേ നമ്മുടെ രാജ്യത്തു വിലയിരുത്തപ്പെടൂ. ന്യൂനപക്ഷങ്ങളെ ആക്രമിച്ചൊന്നുമില്ലല്ലോ, അവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലല്ലോ, അവരെയും ഉള്‍ക്കൊള്ളുന്നു എന്നു തന്നെയല്ലേ പറഞ്ഞത്, എന്ന ന്യായീകരണങ്ങള്‍ നമുക്കോരോരുത്തര്‍ക്കും തോന്നുന്നുണ്ടെങ്കില്‍ അതു തന്നെയാണ് നമ്മുടെ പുതിയ ഇന്ത്യ.

പൗരത്വഭേദഗതി ബില്ലില്‍ മുസ്‍ലിങ്ങളോടു മതപരമായ വിവേചനം കാണിച്ചതെന്തിന് എന്ന യുക്തിസഹമായ ചോദ്യത്തിന് ഇതുവരെ കിട്ടിയ മറുപടികള്‍ എന്താണെന്നു നോക്കൂ. ഏതു മുസ്‍ലിങ്ങളെയാണ് മോദി ഭരണകൂടം പുറന്തള്ളാന്‍ ശ്രമിക്കുന്നത് എന്നു നോക്കൂ. അമിത് ഷാ ധ്വനിപ്പിക്കുന്നതു പോലെ ഇനി  കടന്നു വരുന്നവരല്ല. 2014 ഡിസംബറിനു മുന്‍പേ ഇവിടെയുണ്ടായിരുന്നവരാണ്. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലുമായി ഇന്ത്യയാണ് സ്വന്തം രാജ്യമെന്നു തീരുമാനിച്ച് ഇവിടെ ജീവിച്ചവരാണ്. അവരില്‍ നിന്ന് ഒരു മതവിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ച് മുസ്‍ലിമാണ് എന്ന ഒറ്റക്കാരണത്താല്‍ പുറത്തു പോകാന്‍ 

ആവശ്യപ്പെടുകയാണ്. നിങ്ങളോട് നിങ്ങള്‍ ജീവിതം കരുപ്പിടിച്ച ഒരിടത്തു നിന്ന് പുറത്തുപോകൂ എന്നു പറഞ്ഞാല്‍ എന്തു സംഭവിക്കും എന്നതല്ല  പ്രശ്നം. നിങ്ങളുടെ പേരും മതവും നോക്കി നിങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരല്ല എന്നു പറയുന്നുവെന്നാണ്. അതും ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ മതേതരരാജ്യമെന്ന് സുവ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യയെന്ന മഹത്തായ രാജ്യത്തു നിന്ന്. 

ഏതു നീതിയുടെയും ന്യായത്തിന്റെയും പേരിലാണ് ഈ മതവിവേചനം ന്യായീകരിക്കപ്പെടുക? പക്ഷേ സത്യത്തില്‍ ഈ അന്യായം സ്ഥാപിക്കാന്‍ ഇത്രയും പാടുപെടേണ്ടി വരുന്നതു പോലും 

അന്യായമാണ്. മനുഷ്യര്‍ക്കെല്ലാം മനസിലാകുന്ന അനീതി, അനീതിയാണെന്നു വീണ്ടും വീണ്ടും സമര്‍ഥിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? അവിടെയാണ് അടുത്ത പ്രശ്നം. നമ്മുടെ ഭരണാധികാരികളെക്കുറിച്ചു നമുക്ക് തെറ്റിദ്ധാരണകള്‍ വേണ്ട. അതേ പോലെ തന്നെ ജനതയെക്കുറിച്ചും തെറ്റിദ്ധാരണകളുണ്ടാകരുത്. ഇന്ത്യന്‍ സമൂഹത്തിനും ജനങ്ങളുടെ ചിന്താഗതിയിലും അടിച്ചേല്‍പിച്ച മാറ്റങ്ങള്‍ മനസിലാക്കാതെ ഭരണകൂടത്തെക്കുറിച്ചു മാത്രം 

സംസാരിച്ചതുകൊണ്ട് പ്രയോജനമുണ്ടാവുകയില്ല.ഇന്ത്യന്‍ ജനത അനീതികള്‍ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെറുക്കുകയും ചെയ്യുന്ന 

അവസ്ഥയിലാണോ ഇന്ന്? ചെറിയ ഒരു  ഉദാഹരണമെടുക്കാം. നോട്ടു നിരോധനം. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഇന്ത്യന്‍ ജനത നേരിട്ട ഏറ്റവും വലിയ അനീതികളില്‍ ഒന്നാണ് അത്. നല്ലതെന്തോ വരാനിരിക്കുന്നു എന്ന തെളിവില്ലാത്ത വിശ്വാസത്തില്‍ കാലങ്ങളോളം ഇന്ത്യക്കാരെ നട്ടം തിരിച്ചു കളഞ്ഞ ഒരു വങ്കത്തം. മുന്നോട്ടു കുതിക്കുകയായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച, ഇനിയും പുറത്തുകടക്കാനാകാത്ത വിധം തകര്‍ത്തു കളഞ്ഞ സാമ്പത്തികദുരന്തം. ഇന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും അതൊരു ജനവഞ്ചനയായിരുന്നുവെന്നറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പോലും നോട്ടു നിരോധനത്തെക്കുറിച്ചു മിണ്ടിയിട്ടില്ല. 

ഒരൊറ്റ ബി.ജെ.പി. നേതാവു പോലും ആ നടപടിയുടെ മാഹാത്മ്യത്തിനു വോട്ടു ചോദിച്ചിട്ടില്ല. പക്ഷേ ജനത പ്രതികരിച്ചിട്ടില്ല. ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. പ്രധാനമന്ത്രിയെയോ ഭരണകൂടത്തെയോ അതിന് മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മിപ്പിച്ചിട്ടില്ല. അഥവാ അതിനു കഴിയാത്ത  നിര്‍ജീവത അടിച്ചേല്‍പിക്കപ്പെട്ടിട്ടുണ്ട്. ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന, അനീതികളോടു പ്രതികരിക്കുന്ന ജനതയുണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധി പല പല തലങ്ങളില്‍  സൂക്ഷ്മമായി പ്രവര്‍ത്തിക്കപ്പെടുന്നുണ്ട്. 

അത് ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തി നിശബ്ദരാക്കാന്‍ പല വിധത്തിലുള്ള ആയുധങ്ങള്‍ മറകളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയക്കാരെങ്കില്‍ അഴിമതിക്കേസുകള്‍. വ്യവസായികളെങ്കില്‍ കാണാച്ചരടുകള്‍, സ്വാധീനമില്ലാത്തെ വെറും പൗരനെങ്കില്‍ ഇല്ലാക്കേസുകള്‍. അതുകൊണ്ട് നീതിബോധത്തിനു പകരം നിശബ്ദവിധേയത്വം ശീലിക്കുന്നതിന്റെ തിരക്കിലാണ് ജനത. അതിന് പലതരം നരേറ്റീവുകള്‍ സൃഷ്ടിച്ച് ശ്രദ്ധ തിരിച്ചുകൊണ്ടേയിരിക്കുന്നതില്‍ മോദി 

ഭരണകൂടം കൃത്യമായി വിജയിക്കുകയും ചെയ്യുന്നു. നോട്ടുനിരോധനത്തെക്കുറിച്ചു ചോദിച്ചാല്‍ പാക്കിസ്ഥാന്‍, പാക്കിസ്ഥാനെക്കുറിച്ചു ചോദിച്ചാല്‍ ബാലാക്കോട്ട്, തൊഴിലില്ലായ്മയെക്കുറിച്ചു ചോദിച്ചാല്‍ കശ്മീര്‍, കശ്മീരിനെക്കുറിച്ചു ചോദിച്ചാല്‍ പൗരത്വബില്‍. ഒന്നില്‍ നിന്ന് ഒന്നിലേക്ക്, സ്വന്തം ജീവിതത്തിന് എന്തു സംഭവിക്കുന്നുവെന്നറിയാതെ ഒഴുകയാണ് നിസംഗജനത. കൃത്യമായും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. ഈ പൗരത്വബില്‍ നിങ്ങളെ എങ്ങനയെങ്കിലും ബാധിക്കുന്നുണ്ടോ, പിന്നെന്തിനാണീ ബഹളം എന്നാണ് ഭരണകൂടത്തെ അനുകൂലിക്കുന്നവരുടെ ആശ്ചര്യം. അവനവനെ ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രം ഇടപെടുകയെന്ന യുക്തി ജനങ്ങളില്‍ കുത്തിവയ്ക്കുക. ഒരൊറ്റ മനുഷ്യനു പോലും നേരിടേണ്ടി വരുന്ന അനീതി ആധുനികസമൂഹത്തില്‍ ഓരോ മനുഷ്യനെയും ബാധിക്കുന്നതാണെന്ന അടിസ്ഥാനതത്വം കുഴിച്ചുമൂടി മറുചോദ്യങ്ങള്‍ ഉയര്‍ത്തുക. ലക്ഷ്യവും മാര്‍ഗവും 

എങ്ങോട്ടാണെന്ന ചോദ്യം പോലുമില്ലാതെ അതു ശരിയാണല്ലോയെന്ന് സമാധാനപ്പെടാന്‍ അല്‍പമെങ്കിലും നീതിബോധമുള്ളവരെയും നിര്‍ബന്ധിക്കുക. അത് ഇന്ത്യയില്‍ എന്നേ നടപ്പായിക്കഴിഞ്ഞ വ്യവസ്ഥയാണ്. നോട്ടു നിരോധനം എന്റെ രാജ്യത്തോട് എന്താണ് ചെയ്തതെന്ന ചോദ്യമുന്നയിക്കാന്‍ 

ജനതയ്ക്കു ശേഷിയുമുണ്ടായില്ല, അതിനൊത്ത ഒരവസരം ഭരണകൂടം നല്‍കിയതുമില്ല. ഇത് ശരിയല്ലല്ലോയെന്നു ചിന്തിച്ചു വരും മുന്‍പ് അടുത്ത അദൃശ്യശത്രുവിനു പിന്നാലെയോടാന്‍ മോദി ഭരണകൂടം ജനതയോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ അതില്‍ ഏറ്റവും 

മനുഷ്യത്വവിരുദ്ധമായ, സംസ്കാരശൂന്യമായ അവസരമാണ്. മുസ്‍ലിം ജനതയെ രണ്ടാം തരം 

പൗരന്‍മാരാക്കി പ്രഖ്യാപിക്കുന്ന ചടങ്ങിനാണ് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള അനൗദ്യോഗിക പ്രയാണത്തിനുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് പൗരത്വഭേദഗതി ബില്‍ . 

ശരിയാണ് മോദി സര്‍ക്കാരിന് അതിന് ജനാധിപത്യം നല്‍കിയ അധികാരമുണ്ട്. മൃഗീയഭൂരിപക്ഷത്തോടെ ഇന്ത്യന്‍ ജനത തന്നെ കൈമാറിയ അധികാരമാണ്. പക്ഷേ അതു മാത്രമല്ല ഈ അനീതികള്‍ ധൃതിയില്‍ നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ധൈര്യം. ജനതയില്‍ നല്ലൊരു ശതമാനത്തിന്റെയും മനസില്‍ പാകിയ അപരവിദ്വേഷത്തിന്റെ വിത്തുകള്‍ കരുത്തുള്ള മൂലധനമായി വളരുന്നത് തിരിച്ചറിയാനുള്ള കുടില ബുദ്ധി ഈ 

സര്‍ക്കാരിനുണ്ട്. ഓരോ തിരഞ്ഞെടുപ്പുകളിലും വര്‍ധിക്കുന്ന പിന്തുണ ആ രാഷ്ട്രീയത്തിേലക്കുള്ള വിധേയത്വത്തിന്റെ അടയാളമെന്ന് ഉത്തമ ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്.

ജനതയുടെ അരക്ഷിതാവസ്ഥകളെ മതം എന്ന ഇരുതലമൂര്‍ച്ചയുള്ള വാളുകൊണ്ടാണ് മോദി ഭരണകൂടം സ്പര്‍ശിക്കുന്നത് എന്നത് യാഥാര്‍ഥ്യമാണ്. അത് ഒരേ സമയം തരുന്ന പല ഫലങ്ങള്‍ ഈ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രത്തെ ഊട്ടിവളര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്. 

ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ എന്തിനു പേടിക്കണം എന്ന ചോദ്യം ആ പ്രത്യയശാസ്ത്രത്തിന്റെ ആദ്യത്തെ വിജയമാണ്. കിട്ടുന്ന ഔദാര്യത്തില്‍ ജീവിക്കേണ്ടവര്‍ എന്ന അപരവല്‍ക്കരണം ജനസാമാന്യത്തിന്റെ മനസില്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നതിനെയാണ് പൗരത്വബില്ലിനെക്കാള്‍ പ്രതിപക്ഷവും ജനാധിപത്യവിശ്വാസികളും പേടിക്കേണ്ടത്അടിസ്ഥാനപൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് കടിഞ്ഞാണുകളില്ലാത്ത തേരോട്ടം നടത്താന്‍ മോദി ഭരണകൂടത്തിന് ധൈര്യം നല്‍കുന്നതില്‍  ഏറ്റവും പ്രധാനഘടകങ്ങളില്‍ ഒന്ന് പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വമാണ്. 80 ലക്ഷത്തോളം ജനങ്ങളും മൂന്നു മുന്‍മുഖ്യമന്ത്രിമാരും  നാലരമാസമായി തടവില്‍ കഴിയുന്ന കശ്മീര്‍  ഈ ഭരണകൂടത്തിന്റെ ആത്മവിശ്വാസത്തിന്റെ 

അടിത്തറയാണ്. ലോകത്തില്‍ ഏറ്റവും വലിയ സൈനികവല്‍ക്കരണം നടത്തി ഒരു സംസ്ഥാനത്തെ തടങ്കലില്‍ വച്ചാലും നമുക്ക് സമാധാനം കിട്ടുന്നുണ്ടല്ലോ എന്നാശ്വസിച്ച് മാറിനടക്കാന്‍ ഇന്ത്യന്‍ ജനത ശീലിച്ചുകഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷം നിസഹായതയുടെ കൈകള്‍ മലര്‍ത്തിക്കാണിക്കുന്നു. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ വരുതിയിലാക്കാന്‍ ശ്രമിച്ച് തല്‍ക്കാലം ഒരു തിരിച്ചടി നേരിട്ടെങ്കിലും തടസങ്ങള്‍ ഏറെയൊന്നും മുന്നിലില്ലെന്ന് 

ബി.ജെ.പിക്കറിയാം. തടുക്കാന്‍ ശേഷിയുള്ള ഒരു പ്രതിപക്ഷത്തെയും തല്‍ക്കാലം പേടിക്കാനില്ല. കോണ്‍ഗ്രസാണ് വിഭജനത്തിന് വഴിവച്ചതെന്ന് പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടു മുന്നോട്ടുപോകാവുന്ന രാഷ്ട്രീയകാലാവസ്ഥ രാജ്യത്തുണ്ട്. പ്രതിപക്ഷത്തിന് രാജ്യത്തിന്റെ മതേതരഘടനയില്‍ ആശങ്കയില്ലെന്നല്ല. പക്ഷേ ഒന്നിച്ചു നിന്ന് ഭരണകൂടത്തെ ചെറുക്കേണ്ടി വരുമ്പോള്‍ രാജ്യതാല്‍പര്യത്തേക്കാള്‍ വലിയ താല്‍പര്യങ്ങള്‍ ചെറുതും വലുതുമായ എല്ലാ പ്രതിപക്ഷകക്ഷികള്‍ക്കുമുണ്ട്. അതറിയാവുന്നിടത്തോളം അജന്‍ഡകള്‍ തിടുക്കത്തില്‍ നടപ്പാക്കാന്‍ ഒരു പ്രയാസവും ബി.െജ.പിക്കുണ്ടാവുകയുമില്ല. ജനാധിപത്യത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചു തന്നെയാണ് ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത് . ജനാധിപത്യം ഇപ്പോഴും പ്രതിരോധത്തിന്റെ സാധ്യതകള്‍ അവശേഷിപ്പിക്കുന്നുണ്ട് എന്ന 

തിരിച്ചറിവു മാത്രമേ തുണയ്ക്കാനുള്ളൂ. ശബരിമലയില്‍ സ്വയം തുറന്നുവിട്ട ഭരണഘടനാസാധ്യതയെ പേടിച്ച് ഓടിയൊളിക്കുന്ന സുപ്രീംകോടതിയേക്കാള്‍ ഇന്നും എന്നും ആശ്രയിക്കാവുന്ന ശേഷി ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ട്. ഈ പൗരത്വബില്ലിനെതിരായ ജനകീയപ്രതിഷേധം ഫലം കാണുമോ ഇല്ലയോ എന്നത് ജനാധിപത്യഇന്ത്യയുടെ ഭാവിയിലെ നിര്‍ണായകചോദ്യമാണ്. ഓരോ ഇന്ത്യന്‍ പൗരനും തിരിച്ചറിയേണ്ട അടിസ്ഥാനവസ്തുതയാണത്. 

എന്തായാലെന്താ, എന്നെ ബാധിക്കുന്നില്ലല്ലോ എന്ന് എനിക്കും നിങ്ങള്‍ക്കും ഒഴിഞ്ഞുമാറാം. അടുത്ത അജന്‍ഡയില്‍ നമ്മുടെ തലകുരുങ്ങുന്നില്ലെന്നു മാത്രം ഉറപ്പാക്കിയാല്‍ മതി. ഭരണകൂടം എന്തു ചെയ്താലും അതില്‍  ഭൂരിപക്ഷത്തിന് പേടിക്കേണ്ട കാര്യമെന്താണ് എന്നാണോ? വേറാരാണ് സര്‍, ഈ സര്‍ക്കാരിന്റെ സാമ്പത്തികനയത്തിന്റെ രക്തസാക്ഷികള്‍? വേറാരാണ്, 

തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും നേരിട്ട് ജീവിതത്തിനു മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്നത്? വേറാരുെട ഭാവിതലമുറയെയാണ്, ഈ അന്തമില്ലാത്ത ധ്രുവീകരണ നയത്തിന്റെ ദുരന്തങ്ങള്‍ കാത്തിരിക്കുന്നത്? ഭരിച്ചു ഭരിച്ച് ഇന്ത്യയെത്ര കാതം പിന്നിലേക്കോടുന്നുവെന്ന് 

ഓര്‍ക്കേണ്ട, തല്‍ക്കാലം മറ്റാരോ അനുഭവിക്കുന്നുണ്ടല്ലോ എന്ന സാഡിസ്റ്റ് സന്തോഷം മതിയെങ്കില്‍ ആയിക്കോട്ടെ. ഐതിഹ്യങ്ങളില്‍ ഭസ്മാസുരന്‍ എന്നൊരു 

കക്ഷിയുണ്ടായിരുന്നല്ലോ എന്നോര്‍ത്തുവരുമ്പോഴേക്കും ബാക്കിയെന്തുണ്ടാകുമെന്ന് കാലം തെളിയിക്കട്ടെ.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...