ഗോഡ്‌‌സെയെ ദേശസ്നേഹിയെന്ന് വിളിക്കുന്നവര്‍ രാജ്യസ്നേഹികളോ? പ്രജ്ഞയുടെ ഗൂഢദൗത്യം

pragya-orginal
SHARE

കുറച്ചു കാലമായി രാജ്യദ്രോഹികളെ കണ്ടെത്തുന്നതും പ്രഖ്യാപിക്കുന്നതും ഏറ്റെടുത്തിരിക്കുന്ന പ്രസ്ഥാനമാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി. രാഷ്ട്രപിതാവിനെ മതവിദ്വേഷത്താല്‍ കൊലപ്പെടുത്തിയ തീവ്രവാദിയെ ദേശഭക്തനെന്നു പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുന്നത്  രാജ്യസ്നേഹമാണോ രാജ്യദ്രോഹമാണോ? അങ്ങനെ ചെയ്യുന്ന വ്യക്തി തന്നെ തീവ്രവാദസ്ഫോടനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കില്‍  അവരെ പാര്‍ലമെന്റ് അംഗമാക്കിയ  പ്രസ്ഥാനത്തിനു  രാജ്യസ്നേഹം  അവകാശപ്പെടാന്‍ കഴിയുമോ? 

പ്രജ്ഞ സിങ് ഠാക്കൂര്‍ ഗാന്ധിജിയെ വീണ്ടും വീണ്ടും അവഹേളിക്കുന്നത് നിശബ്ദമായി പിന്തുണയ്ക്കുകയും ഒടുവില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ പേരിനൊരു നടപടിയെടുക്കുകയും ചെയ്യുന്ന ബി.ജെ.പിയാണ്  ഇന്ത്യക്കാരെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വടിയുമായി ഇറങ്ങിയിരിക്കുന്നത്.  അണിയറയില്‍ ഒരുങ്ങുന്നത് ചെറിയ അജന്‍ഡകളല്ലെന്ന വ്യക്തമായ മുന്നറിയിപ്പു കൂടിയാണ് പ്രജ്ഞ സിങിന്റെ സ്ഥാനാരോഹണ അവരോഹണ നാടകങ്ങള്‍. 

പ്രജ്ഞ സിങ് ഠാക്കൂര്‍  ഗോഡ്സെയെ ദേശഭക്തനെന്നു വിശേഷിപ്പിക്കുന്നത് ഇതാദ്യമായാണോ? പരീക്ഷണമാണ് നടക്കുന്നത്. ആദ്യം അപലപിക്കുന്നു. പിന്നെ പാര്‍ലമെന്റിലേക്ക് സീറ്റു നല്‍കുന്നു. പ്രജ്ഞ   വീണ്ടും അതാവര്‍ത്തിക്കുന്നു. വീണ്ടും ബി.ജെ.പി നടപടിയെടുക്കുന്നു. ഇനിയും പ്രജ്ഞ അതാവര്‍ത്തിക്കും. അപ്പോഴേക്കും ഇന്ത്യ ആ വിശേഷണത്തോട് പൊരുത്തപ്പെടുന്നുണ്ടോ എന്നു നോക്കിയിരിക്കുകയാണ് ബി.ജെ.പി. ഇത്തവണ പ്രഗ്യയുടെ പ്രഖ്യാപനത്തെ അപലപിക്കുന്നുവെന്നാണ് ബി.ജെ.പി അറിയിച്ചത്.

ആ ചിന്താഗതിയെ പിന്തുണയ്ക്കുന്നില്ലെന്നുമാണ് ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചത്. ശ്രദ്ധിക്കുമല്ലോ, ബി.ജെ.പി ഞെട്ടിയിട്ടില്ല. ലോക്സഭയില്‍  ഗോഡ്സേയെ ദേശഭക്തനെന്നു വിശേഷിപ്പിച്ചിട്ടും ബി.ജെ.പി ഞെട്ടിയില്ലല്ലോയെന്നു പറയുന്നതിലും അര്‍ഥമില്ല. പ്രജ്ഞ സിങ്  ഠാക്കൂര്‍ പ്രതിനിധീകരിക്കുന്നതും പറയുന്നതും ബി.ജെ.പിയുടെ രാഷ്ട്രീയമാണ്. ബി.ജെ.പിയുടെ ലോക്സഭാംഗമാണവര്‍. പറയുന്നത് ഇതാദ്യമായല്ല താനും. ലോക്സഭാതിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലും കണിശമായി അവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. 

അന്ന് പ്രധാനമന്ത്രിയുടെ പ്രകടനവും രാജ്യം കണ്ടതാണ്. 

പ്രതിഷേധം അതിശക്തമായപ്പോള്‍ അന്നും ബി.ജെ.പി നിര്‍ദേശപ്രകാരം പ്രജ്ഞ സിങ്  ഖേദം പ്രകടിപ്പിച്ചു. പ്രശ്നം തീര്ന്നുവെന്നു ബി.ജെ.പി പ്രഖ്യാപിച്ചു. പക്ഷേ പ്രജ്ഞ സിങ്  പറയാനുള്ളതെല്ലാം പറ‍ഞ്ഞുകൊണ്ടേയിരുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ വീരമൃത്യു വരിച്ച ഹേമന്ദ് കര്‍ക്കരെ തന്റെ ശാപം കൊണ്ടാണ് അവസാനിച്ചതെന്നു പ്രഖ്യാപിച്ചു. ബാബറി മസ്ജിദ് തകര്‍പ്പെട്ടതില്‍ അഭിമാനിക്കുന്നയാളാണ് താനെന്നു തുറന്നു പറഞ്ഞു. അതിനെല്ലാം കയ്യടിച്ചു തന്നെ ബി.െജ.പി അവരെ ഭോപ്പാല്‍ ലോക്സഭാമണ്ഡലത്തില്‍ നിന്നു  പാര്‍ലമെന്റില്‍ എത്തിച്ചു. ബി.ജെ.പിയുടെ നിര്‍ണായകവേദികളിലും സുപ്രധാന ‌ഔദ്യോഗികസമിതികളിലും സാന്നിധ്യമാക്കി. 2008ല്‍ നടന്ന മാലേഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായി വിചാരണ നേരിടുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയതു മുതല്‍ ഉയര്‍ന്ന വിവാദങ്ങള്‍ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് ബി.ജെ.പി അടുത്ത ചുവട് വച്ചത്. ഭീകരവാദക്കേസില്‍ വിചാരണ നേരിടുന്ന UAPA ചുമത്തപ്പെട്ട പ്രതിയെ പാര്‍ലമെന്റിന്റെ പ്രതിരോധകാര്യസമിതിയില്‍ ഉള്‍പ്പെടുത്തി. 

കേരളത്തിലൊക്കെ UAPA ചുമത്തപ്പെട്ടതിന്റെ പേരില്‍ രാജ്യദ്രോഹികളെ വേട്ടയാടുന്ന ബി.ജെ.പിയ്ക്ക് സ്വന്തമായി ഒരു UAPA പ്രതി ലോക്സഭാംഗമായുണ്ട് എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്? പ്രജ്ഞ സിങ്ങിന് പൂര്‍ണമായും മാപ്പു നല്‍കാനാകില്ലെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെയാണ്  UAPA പ്രതിയെ പ്രതിരോധകാര്യസമിതിയില്‍ അംഗമാക്കിയത് എന്നോര്‍ക്കണം.   പ്രജ്ഞ സിങ്  ഠാക്കൂര്‍ അന്നേ വ്യക്തമായി പറഞ്ഞതാണ്. ഗോഡ്സേ ദേശഭക്തനാണ്. എന്നും ദേശഭക്തനായിരിക്കുകയും ചെയ്യും. പിന്നെ ആരെ ബോധിപ്പിക്കാനാണ് ഭാരതീയ ജനതാപാര്‍ട്ടി ഇപ്പോള്‍ നടപടിയെടുത്തുവെന്നു വരുത്തിത്തീര്‍ക്കുന്നത് ? ബി.ജെ.പി. കരുതിവച്ചിരിക്കുന്ന രാഷ്ട്രീയപദ്ധതികളുടെ ടെസ്റ്റ് ഡോസ് തന്നെയാണ് പ്രജ്ഞ സിങ് ലോക്സഭയില്‍ നടത്തിയ പ്രസ്താവന. 

രാഷ്ട്രപിതാവിന്റെ കൊലപാതകിയെ ലോക്സഭയില്‍ ദേശഭക്തനാണ് എന്നു പ്രഖ്യാപിച്ച സന്ദര്‍ഭം കൂടി നോക്കുക. SPG ബില്‍ ഭേദഗതി ചര്‍ച്ചയ്ക്കിടെ  ഡി.എം.കെ.നേതാവ് എ.രാജ, ഗോഡ്സേ ഗാന്ധിജിയോടുള്ള പക പതിറ്റാണ്ടുകളായി വളര്‍ത്തിയെടുത്തതാണെന്നു പ്രസംഗിക്കുകയാണ്. ഇടയ്ക്ക് തടസപ്പെടുത്തി എണീറ്റ പ്രജ്ഞ സിങ്  ഠാക്കൂര്‍ അതിനെതിരെ പ്രതിഷേധിക്കുന്നു. ഒരു ദേശഭക്തനെക്കുറിച്ച് ഇത്തരത്തില്‍ ഉദാഹരിക്കരുതെന്നാവശ്യപ്പെട്ടാണ് പ്രജ്ഞ സിങ്  രംഗത്തെത്തിയത്. ഗോഡ്സേ ഇന്ത്യന്‍ ജനതയ്ക്ക് രാഷ്ട്രപിതാവിന്റെ ഘാതകനാണ്. പക്ഷേ ഗോഡ്സേയാണ് യഥാര്‍ഥ ദേശഭക്തന്‍ എന്ന് പ്രജ്ഞ സിങ്  ഠാക്കൂര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. രാഷ്ട്രീയസാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാല്‍ തിരഞ്ഞെടുപ്പു കാലത്ത് ഖേദം പ്രകടിപ്പിച്ചെങ്കിലും തന്റെ നിലപാടില്‍ നിന്ന് പ്രജ്ഞ സിങ്  പിന്നോട്ടു പോയിട്ടില്ല. 

പ്രതിഷേധം ശക്തമായപ്പോള്‍ ഒടുവില്‍ ബി.ജെ.പി നടപടിയെടുത്തിരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നു. രാഷ്ട്രപിതാവിന്റെ ഘാതകനെ ദേശഭക്തനെന്നു ലോക്സഭയില്‍ പ്രഖ്യാപിച്ചതിന് കര്‍ശനമായ ശിക്ഷയാണല്ലോ നല്‍കിയിരിക്കുന്നത്. പ്രതിരോധസമിതിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഈ സമ്മേളനത്തില്‍ ഇനി ബി.ജെ.പി എം.പിമാരുടെ യോഗത്തിലേക്ക് വിളിക്കുകയുമില്ലെന്ന്. ബി.ജെ.പി. എം.പിയായ സാക്ഷി മഹാരാജും മുന്‍പൊരിക്കല്‍ ഗോഡ്സേയെ ദേശഭക്തനായി ചിത്രീകരിച്ചിരുന്നു. ഗുരുതരമായ പ്രശ്നം ഗോഡ്സേയെ ദേശഭക്തനാക്കുന്നത് എത്ര ആസൂത്രിതമായാണ് എന്നതാണ്. സാക്ഷിമഹാരാജും പ്രജ്ഞ സിങ്ങും ബി.ജെ.പി നേതാക്കള്‍ മാത്രമല്ല, അവരെ ലോക്സഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി പാര്‍ലമെന്റില്‍ എത്തിച്ചതിലൂടെ സൂക്ഷ്മമായി മറ്റൊരു ഗൂഢദൗത്യം കൂടി ബി.ജെ.പി നിര്‍വഹിക്കുന്നുണ്ട്. ഗോഡ്സേയുടെ ജനാധിപത്യവല്‍ക്കരണം. ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ കൂടി അംഗീകരിക്കുന്നതാണ് ഗോഡ്സേ ഭക്തിയെന്നു സാമാന്യവല്‍ക്കരിക്കാന്‍ ഇനി എളുപ്പമാണ്. പതിയെ പതിയെ ഗാന്ധിയും ഗോഡ്സേയും ദേശഭക്തരാണ് എന്ന്  ഗുജറാത്തിലെ RSS നേതാവ് പറഞ്ഞതുപോലെയുള്ള വ്യാഖ്യാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ആസൂത്രിതനീക്കം തന്നെയാണ് നടക്കുന്നത് . 

പാവം പ്രജ്ഞ സിങ്, ഇനിയൊരിക്കലും ഇതാവര്‍ത്തിക്കാന്‍ ധൈര്യപ്പെടില്ല എന്ന്...ആരു കരുതിക്കോളും എന്നാണ് ബി.ജെ.പി ഇന്ത്യയോട് പറയുന്നത്?  ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രജ്ഞ സിങിന്റെ ദൗത്യം എന്താണെന്ന് പ്രജ്ഞ സിങ്  ഠാക്കൂറിനും ബി.ജെ.പിക്കും  പരസ്പരം കൃത്യമായി അറിയാം. ആകെ ഒരു സംശയമേയുള്ളു. അടുത്തിടെയായി ടെസ്റ്റ് ഡോസുകള്‍ക്കു പോലും സമയം പാഴാക്കാറില്ല ബി.െജ.പി.  നേരെയങ്ങ് പ്രയോഗിക്കുകയാണ് പതിവ്. ഇവിെട ലക്ഷ്യം ഗാന്ധിജിയായതുകൊണ്ട്,  ഒരല്‍പം റിസ്കുണ്ടെന്ന് തോന്നുന്നതുകൊണ്ടു മാത്രമാകണം, ഗോഡ്സേയെ രാഷ്ട്രപിതാവായി  നേരെയങ്ങ് പ്രഖ്യാപിക്കാത്തത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...