'മഹാ'നാടകത്തിന്റെ ആന്റിക്ലൈമാക്സ്; നടക്കാനിരുന്നതോ നടന്നതോ?

payathevayya
SHARE

പ്രതിപക്ഷത്തിന്റെ പതനം പൂര്‍ണമാക്കി മഹാരാഷ്ട്രയിലെ അര്‍ധരാത്രി അട്ടിമറി. രാഷ്ട്രീയധാര്‍മികതയെക്കുറിച്ച് വാചകമടിക്കാന്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അവസാന അവസരവും കൂടി നഷ്ടപ്പെട്ടു എന്നതാണ് മഹാനാടകത്തിന്റെ ആന്റിക്ലൈമാക്സ്. ബി.ജെ.പിയുടെ അഴിമതിവിരുദ്ധത എവിടെപ്പോയി എന്ന ചോദ്യമൊന്നും ഇന്നത്തെ ഇന്ത്യയില്‍ തമാശയ്ക്കു പോലും ആരും ചോദിക്കില്ല. അത് ബി.ജെ.പിക്കും എന്‍.സി.പിക്കും മാത്രമല്ല, കോണ്‍ഗ്രസിനും നന്നായറിയാം.

നടക്കാനിരുന്നതാണോ നടന്നതാണോ കൂടുതല്‍ വലിയ അട്ടിമറിയെന്ന് ജനാധിപത്യവിശ്വാസികള്‍ അന്തിച്ചുനിന്നു പോകുന്ന അവസ്ഥയാണ് മഹാരാഷ്ട്രയിലേത്. ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിന് വേണമെങ്കില്‍ ഒന്നുകൂടി ഉച്ചത്തില്‍ അപലപിക്കാം‌മെന്നു മാത്രം. ജനവിധിയെയും ജനാധിപത്യത്തെയും വഞ്ചിച്ചുവെന്നു കോണ്‍ഗ്രസ് പറയുന്നതുകേള്‍ക്കുക കൂടി വേണമെന്നതാണ് പൗരന്റെ ദൈന്യത.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനങ്ങള്‍ തിരഞ്ഞെടുത്തത് ബി.ജെ.പിയെയാണ്. ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നല്‍കിയത് ബി.ജെ.പി.-ശിവസേന സഖ്യത്തിനുമാണ്. ശിവസേനയുടെ മലക്കം മറിച്ചിലിനൊടുവില്‍ സേനയടക്കം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവസരവാദവും അധികാരവും മുന്‍നിര്‍ത്തി കളത്തിലിറങ്ങി . ബി.ജെ.പി.വിരുദ്ധതയുടെ ചരിത്രകാരണം പോലും അട്ടിമറിച്ച് കോണ്‍ഗ്രസ് ശിവസേന സര്‍ക്കാരിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. പക്ഷേ കേന്ദ്രാധികാരം എന്ന യഥാര്‍ഥ ആയുധം കൈയില്‍ വച്ചാണ് ബി.ജെ.പി. ഈ നീക്കങ്ങളെല്ലാം എവിടെ വരെ പോകുന്നുവെന്നു നിരീക്ഷിക്കുന്നതെന്നു മാത്രം കളി കാണുന്നവരും ഓര്‍ത്തില്ല.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയനീക്കങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ജനത ഓര്‍ത്തില്ലെങ്കിലും ഓരോ രാഷ്ട്രീയനേതാവിനും ഓര്‍മയുണ്ട്. പി.ചിദംബരം എന്ന മുന്‍ ആഭ്യന്തരമന്ത്രി മൂന്നു മാസമായി തിഹാര്‍ ജയിലിലാണെന്നും അവര്‍ ഓര്‍ക്കുന്നുണ്ടാകണം. കശ്മീര്‍ നേതാക്കള്‍ നാലു മാസത്തോളമായി തടങ്കലിലാണെന്നും പുറംലോകം കണ്ടിട്ടില്ലെന്നതും സത്യമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടായോ ജനതയ്ക്ക്? മുന്‍മുഖ്യമന്ത്രിമാരടക്കം മുതിര്‍ന്ന നേതാക്കളെ തടങ്കലിലാക്കി 100 ദിവസം കഴിഞ്ഞിട്ടും സുപ്രീംകോടതി പോലും ഇടപെടാന്‍ വിസമ്മതിച്ച രാജ്യമാണിതെന്ന് പവാര്‍ കുടുംബം മാത്രമായെങ്ങനെ മറക്കും? ഇത്രയും അനീതികള്‍ അരങ്ങു വാഴുമ്പോഴും മുഖ്യപ്രതിപക്ഷമെന്ന് വീമ്പു മാത്രം ബാക്കി നിര്‍ത്തുന്ന കോണ്‍ഗ്രസ് പ്രതിരോധത്തിന്റെ പോലും ശബ്ദമാകുന്നില്ലെന്ന് ഇനിയാരു തിരിച്ചറിയാതിരിക്കണം?

‌മടിയില്‍ കനമില്ലാത്തവര്‍ പോലും ഭയക്കേണ്ട നാട്ടില്‍ പവാര്‍ പാര്‍ട്ടി പവര്‍ പാര്‍ട്ടിയായി ചാവേറായി നില്‍ക്കുമെന്ന് എന്തടിസ്ഥാനത്തില്‍ പ്രതീക്ഷിക്കണം? അഴിമതിയുടെ മടിത്തട്ടില്‍ വീണുരുണ്ടവരെങ്കില്‍ ബി.ജെ.പി വിളിക്കും മുന്‍പേ ഓടിച്ചെന്നു കീഴടങ്ങുമെന്ന് അറിയാത്ത അതിശയഭാവം ഇന്നത്തെ ഇന്ത്യയ്ക്ക് ചേരാത്തതാണ്. മുന്‍മുഖ്യമന്ത്രിമാര്‍ പോലും മാസങ്ങളായി വീട്ടുതടങ്കലില്‍ കഴിയുന്ന രാജ്യത്ത് സ്വന്തം നിലനില്‍പിനേക്കാള്‍ വലുതൊന്നുമില്ലെന്ന് പവാര്‍ പാര്‍ട്ടിക്കാര്‍ തീരുമാനിക്കുന്നതില്‍ നേരിയം അല്‍ഭുതം പോലും ആവശ്യമില്ല. പ്രത്യേകിച്ചും എളുപ്പം പിടിവീഴുന്ന അഴിമതിക്കറകള്‍ മുന്നിലുള്ള പ്രാദേശികനേതാക്കള്‍ക്ക്. ബി.ജെ.പി. അജന്‍ഡകള്‍ ഒന്നുപോലും തെറ്റുന്നില്ലെന്ന് നിരാശപ്പെടുന്നവരോട് പറയേണ്ടതും ഒന്നുമാത്രം. തോല്‍ക്കാനാണെങ്കില്‍ പോലും രാഷ്ട്രീയപ്രവര്‍ത്തനത്തിന് അജന്‍ഡകള്‍ ഉണ്ടായിരിക്കണം. അതല്ലാതെ ഒരു പദ്ധതിയും മുന്നിലില്ലാതെ എങ്ങോട്ടോ ലക്ഷ്യം നോക്കിയിരിക്കുന്ന കോണ്‍ഗ്രസിനെ വിശ്വസിച്ച് ശരദ്പവാറിന്റെ പാര്‍ട്ടി മാത്രമല്ല, ഇനി ശേഷിക്കുന്നവരും ഏറെക്കാലം പ്രതിപക്ഷത്തു നോക്കിയിരിക്കില്ല.

ഒരു സംസ്ഥാനത്തെ രാഷ്ട്രപതിഭരണം പുലര്‍ച്ചെ പിന്‍വലിച്ചതെങ്ങനെയെന്ന് ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയില്‍ ആരും ചോദിക്കില്ല. അങ്ങനെ ചെയ്യാന്‍ കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ എപ്പോഴെത്തിയെന്നും ആരും സംശയിക്കില്ല. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് രേഖകള്‍ സഹിതം ബി.ജെ.പി. ആരോപിച്ച അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതിന്റെ സാംഗത്യവും ബി.ജെ.പി നേരിടേണ്ടി വരില്ല. 30000 കോടിയുടെ ജലസേചനഅഴിമതിയാണ് അജിത് പവാറിനെതിരെ ബി.ജെ.പി ഉയര്‍ത്തിയതും അന്വേഷണം നടക്കുന്നതും. ഉപമുഖ്യമന്ത്രിയാക്കിയ നേതാവിനെതിരെ അന്വേഷണം സത്യസന്ധമായി നടക്കുമെന്നു ബി.ജെ.പി പറയുമ്പോഴും ആരും ചിരിക്കില്ല. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ് കര്‍ണാടകയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കിയതെന്ന് ബി.ജെ.പി മുഖ്യമന്ത്രിയുടെ ശബ്ദം തന്നെ പുറത്തുവന്നിട്ടും ഇലയനങ്ങിയിട്ടില്ലാത്ത നാട്ടില്‍ ബി.ജെ.പിയോട് തല്‍ക്കാലം ചോദ്യങ്ങള്‍ പോലുമുണ്ടാകില്ലെന്നുറപ്പ്. രാഷ്ട്രീയത്തിന്റെ നല്ല പാഠങ്ങളുടെ ചരിത്രപട്ടികയുമായി ബി.ജെ.പിയുടെ മുന്നിലേക്ക് ചെല്ലാന്‍ വിമര്‍ശകര്‍ പോലും അവശേഷിക്കുന്നില്ല.

ബി.ജെ.പിയെ ധാര്‍മികത പഠിപ്പിക്കാനും കോണ്‍ഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കാനും സമയം വ്യര്‍ഥമാക്കേണ്ടതില്ല. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തന്നെ ജനങ്ങള്‍ വോട്ടില്‍ കുത്തിയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷമുണ്ട്. രാജ്യത്തെ സമ്പദ്‍വ്യവസ്ഥ പുറത്തു വിടുന്ന കണക്കുകളില്‍ പ്രതിപക്ഷരാഷ്ട്രീയമുണ്ട്. ഇനി രാജ്യമൊട്ടുക്കും എന്നു ബി.ജെ.പി. പ്രഖ്യാപിച്ച പൗരത്വറജിസ്റ്ററിലുമുണ്ടാകും പ്രതിരോധത്തിന്റെ രാഷ്ട്രീയം. ജെ.എന്‍.യുവിലെ സമരയൗവനങ്ങളിലും ചെന്നൈ ഐ.ഐ.ടിയിലെ മുദ്രാവാക്യങ്ങളിലും ചോരാത്ത രാഷ്ട്രീയമുണ്ട്.

ആ രാഷ്ട്രീയത്തെ പ്രതിപക്ഷശബ്ദമായി ഉയര്‍ത്താന്‍ യോഗ്യതയുണ്ടോയെന്ന് കോണ്‍ഗ്രസ് തന്നെ തെളിയിക്കേണ്ട ചരിത്രസന്ദര്‍ഭമാണ് ഈ വന്നുനില്‍ക്കുന്നത്. ദിശാബോധമില്ലാത്ത, രാഷ്ട്രീയപദ്ധതികളില്ലാത്ത പ്രത്യാശകള്‍ നഷ്ടപ്പെട്ട ആള്‍ക്കൂട്ടങ്ങളായി പ്രതിപക്ഷം കൂട്ടം തെറ്റിപ്പോകുന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് നിരാശയുണ്ടാക്കുന്നതാണ്. പക്ഷേ അതിജീവനത്തിനുള്ള ശേഷി ഇന്ത്യന്‍ ജനാധിപത്യം സംശയാതീതമായി തെളിയിച്ചിട്ടുള്ളതാണ്. പ്രതിപക്ഷം തോറ്റു പോയാലും ജനാധിപത്യം കരുത്തു കാണിക്കുമെന്ന ചരിത്രബോധ്യമാണ് ഇന്ത്യന്‍ ജനതയെ മുന്നോട്ടു നയിക്കുന്നത്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...