കോടതിക്കും സ്ഥിരത ഇല്ലാതായാൽ വിശ്വാസത്തിലോ വിശ്വസിക്കേണ്ടത്..?

vayya
SHARE

നമ്മുടെ പരമോന്നതകോടതിയെ ഒരു പൗരന് എത്രത്തോളം വിശ്വസിക്കാം? എത്രമാത്രം ആശ്രയിക്കാം? നീതിയും നിയമവും തമ്മില്‍ പരസ്പരബന്ധമില്ലാതെയാകുമ്പോഴാണ് സാധാരണ ഈ ചോദ്യം ശക്തമായി ഉയര്‍ന്നു വരുന്നത്. പക്ഷേ കോടതി തന്നെ ഞങ്ങള്‍ പറഞ്ഞ വിധിയില്‍ ‍ഞങ്ങള്‍ക്കുറപ്പില്ലെന്നു പറയുമ്പോഴോ? ഭരണഘടനയും വിശ്വാസവും തമ്മിലുള്ള വൈരുധ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി വിശാലബെഞ്ചിനെ ഏല്‍പിക്കുമ്പോള്‍ ഇക്കാലമത്രയും പുറപ്പെടുവിച്ച വിധികള്‍ അപ്പോള്‍ ഏതടിസ്ഥാനത്തിലായിരുന്നു എന്ന ചോദ്യം സ്വാഭാവികമല്ലേ? അതുമാത്രമല്ല, ഭരണകൂടവും പരമോന്നതകോടതിയും ഒരേ മനസോടെ, ഒരേ പൊരുത്തത്തില്‍ സഞ്ചരിക്കുന്ന കാഴ്ചയും ജനാധിപത്യത്തെ ആശങ്കപ്പെടുത്തണം. അയോധ്യയിലായാലും ശബരിമലയിലായാലും റഫേലിലായാലും, ഭരണകൂടം ഇച്ഛിക്കുന്ന  വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായത് തീര്‍ത്തും യാദൃശ്ചികമായിരിക്കാം. പക്ഷേ അത് ജനാധിപത്യവിശ്വാസികളെ ജാഗ്രതപ്പെടുത്തേണ്ട സ്ഥിതിവിശേഷമാണ് എന്നതില്‍ സംശയമില്ല.

ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയില്‍ നിയമവ്യാഖ്യാനത്തിലെ അവസാനവാക്ക് എന്നാണ് സുപ്രീംകോടതി തീരുമാനത്തിന് ഇതുവരെയുണ്ടായിരുന്ന അര്‍ഥം. കഴിഞ്ഞയാഴ്ച അയോധ്യഭൂമിതര്‍ക്കക്കേസില്‍ വിധി വന്നപ്പോഴും രാജ്യം ആ അര്‍ഥം ഉള്‍ക്കൊണ്ടാണ് വിധി സ്വീകരിച്ചതും അംഗീകരിച്ചതും. അയോധ്യവിധിയില്‍ നടപ്പായത് നീതിയാണോ എന്ന ചര്‍ച്ച പോലും നടത്താന്‍ മുതിര്‍ന്നില്ല. കാരണം യോജിക്കാനായാലും ഇല്ലെങ്കിലും സുപ്രീംകോടതിയുടെ തീര്‍പ്പ് അന്തിമമായി കാണുകയെന്നത് വ്യവസ്ഥയുടെ നിലനില്‍പിനും അനിവാര്യമാണ്. പക്ഷേ സുപ്രീംകോടതിക്ക് സ്വയം ആ ബോധ്യമില്ലാതെ വരുന്നത് ആശങ്കയും നിരാശയുമുണ്ടാക്കുന്നതാണ്. ശബരിമലയില്‍ യുവതീപ്രവേശമാകാം എന്ന് 2018 സെപ്റ്റംബര്‍ 28ന് എന്ന് വിധിയെഴുതിയത് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം അന്ന് വിയോജിച്ചുകൊണ്ട് വിധിയെഴുതിയപ്പോള്‍  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടക്കം ബെഞ്ചിലെ മറ്റു നാലംഗങ്ങളും സ്ത്രീപ്രവേശനം അനുവദിക്കുന്നുവെന്ന് അസന്നിഗ്ധമായി വിധിയെഴുതി. ഇന്ന് അതേ വിധിയെ ചോദ്യം ചെയ്ത് റിവ്യൂ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി തുറന്നു സമ്മതിക്കുന്നു, കോടതിക്ക് തന്നെ ഇക്കാര്യത്തില്‍ സംശയങ്ങളുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ തന്നെ പുതിയ ബഞ്ചിന് തീര്‍ച്ച പോരാ. ഏഴംഗവിശാലബെഞ്ച് ഈ പ്രശ്നം വിശദമായി പരിശോധിച്ച് ഒരു നിലപാടിലെത്തണം. ഇതിനായി ഏഴ് സുപ്രധാന ചോദ്യങ്ങളും കോടതി ഏഴംഗബെഞ്ചിലേക്കു വിട്ടിരിക്കുകയാണ്. 

കോടതിക്ക് തെറ്റു പറ്റിക്കൂടാ എന്നില്ല. തെറ്റെന്നു തിരിച്ചറിഞ്ഞാല്‍ അതു തിരുത്തുകയും വേണം. പക്ഷേ 12 വര്‍ഷം വിശദമായി വിലയിരുത്തി ഭരണഘടനാബെഞ്ചാണ് ശബരിമലയില്‍ വിധി പറഞ്ഞത്. ആ വിധിയില്‍ തെറ്റു പറ്റിയോ എന്നല്ല, വിധിക്ക് ആധാരമാക്കിയ അടിസ്ഥാനസമീപനത്തില്‍ തന്നെ കോടതി ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നു. ഈ സുപ്രീംകോടതിയെ എങ്ങനെ ആശ്രയിക്കും? എത്രമാത്രം ഗൗരവത്തിലാണ് ഈ ന്യായാധിപന്‍മാര്‍ 137 കോടി ജനങ്ങള്‍ക്കും അവസാനവാക്കായ തീരുമാനങ്ങള്‍  പുറപ്പെടുവിക്കുന്നത്?

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജികളി‍ല്‍ കോടതി ഇപ്പോഴെടുത്ത തീരുമാനം നോക്കുക. അഞ്ചംഗബെഞ്ചില്‍ ദീപക് മിശ്രയ്ക്കു പകരമെത്തിയ ചീഫ് ജസ്റ്റിസ് അടക്കം മൂന്നു പേര്‍ വിശ്വാസവും തുല്യതയെന്ന മൗലികാവകാശവും നേര്‍ക്കു നേര്‍ വരുമ്പോള്‍ എന്തു ചെയ്യണമെന്ന തീര്‍ച്ചയ്ക്ക് വിശാലബെഞ്ചിന്റെ മറുപടിക്കായി കാത്തിരിക്കുന്നു. അതേ ബെഞ്ചിലെ രണ്ടു മുതിര്‍ന്ന ന്യായാധിപര്‍  ഭരണഘടനയെന്ന വിശുദ്ധപുസ്തകം മുന്നിലുള്ളപ്പോള്‍ അത്തരം സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ഒടുവില്‍ നടപ്പായത് നേരത്തെ ശബരിമലയില്‍ സ്ത്രീപ്രവേശമാകാമെന്ന് വിധിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെ നിലപാടു മാറ്റം മൂലം മാത്രം സാധ്യമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലും. എന്നാലോ യുവതീപ്രവേശം അനുവദിച്ച വിധി സ്റ്റേ ചെയ്തിട്ടുമില്ല. അപ്പോള്‍ ശബരിമലയിലെ യുവതീപ്രവേശത്തിന്റെ കാര്യത്തില്‍ എന്താണിപ്പോഴത്തെ നിയമാവസ്ഥ? യുവതികള്‍ക്ക് ശബരിമലയില്‍ കയറാമോ, അതോ വിലക്കുണ്ടോ? യുവതീപ്രവേശം നിലനില്‍ക്കുന്നുവെന്നാണെങ്കില്‍ അതിനെതിരെ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയപ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ നടപടികള്‍ കോടതിയലക്ഷ്യമാണോ അല്ലയോ. ഏഴംഗബെഞ്ച് വിശാലമായ ഉത്തരങ്ങള്‍ കണ്ടെത്തും വരെ യുവതീപ്രവേശത്തിന്റെ പേരില്‍ കേരളത്തില്‍ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി ഉത്തരവാദിത്തം കാണിക്കാതിരുന്നത് ശരിയാണോ?

ഈ ചോദ്യങ്ങളൊക്കെ ആരോടു ചോദിക്കുമെന്നാണ്? സുപ്രീംകോടതി തീര്‍ച്ച വരുത്താന്‍ പോയതേയുള്ളൂ. ശബരിമലയില്‍ മാത്രമല്ല, മറ്റു മതങ്ങളിലെ ആചാരങ്ങളിലും സ്ത്രീകള്‍ക്ക് ഭരണഘടനാവകാശമുണ്ടോയെന്നു കോടതിക്ക് ഇനിയും അന്വേഷിച്ചു കണ്ടെത്തണം. അതിന് മാസങ്ങളോ വര്‍ഷങ്ങളോ കാലങ്ങളോ എടുത്തേക്കാം. അതുവരെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്ന പൗരന്‍മാര്‍ എന്തു ചെയ്യണം? സുപ്രീംകോടതി ഭരണഘടനാബെഞ്ചിനു പോലും സ്ഥിരതയില്ലാതെ വരുന്നത് രാജ്യത്തെ നീതിന്യായവ്യവസ്ഥയെ  എങ്ങനെയെല്ലാം സ്വാധീനിക്കും?

സമവായം സാധ്യമാകാത്ത അവസ്ഥയില്‍ നിയമപരമായ തീര്‍പ്പില്‍ ആശ്രയിച്ചു  പിന്തുടരേണ്ടിവരുന്ന ഒരു രാജ്യത്താണ് സുപ്രീംകോടതി ഇത്തരത്തില്‍ നിലപാടുകളില്‍ മാറിമറിയുന്നത് എന്നതാണ് പ്രശ്നം. സങ്കീര്‍ണമായ വിശ്വാസ–സാംസ്കാരികവൈവിധ്യങ്ങളുള്ള രാജ്യത്ത് അതു തന്നെയാണ് സാധ്യമായ പരിഹാരം. പക്ഷേ വിശ്വാസങ്ങളും സംസ്കാരവും ഒരു വ്യക്തിക്ക് രാജ്യം നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളോട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്തിന്റെ ഭരണഘടനയാണ് അന്തിമമാകേണ്ടത്. അങ്ങനെയാണോ, അതോ വിശ്വാസങ്ങള്‍ക്ക് പ്രത്യേകാവകാശങ്ങളുണ്ടോ എന്നു കോടതികള്‍ക്ക് സംശയമുണ്ടാകുന്നത് ഫലത്തില്‍ നീതിന്യായവ്യവസ്ഥയെ സ്വയം ദുര്‍ബലപ്പെടുത്തലാണ്. ഇന്ത്യയെന്ന രാജ്യത്തിന്റെ പരമാധികാരത്തെ വിശ്വാസങ്ങള്‍ക്കു താഴെ നിര്‍ത്തലാണ്. ഇനി ഇക്കാര്യത്തില്‍ കോടതിക്ക് ആശയക്കുഴപ്പങ്ങളുണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കേണ്ടത് ഭരണാഘടനാബെഞ്ച് ഒരു വിധി പുറപ്പെടുവിക്കും മുന്‍പാണ്. ബെഞ്ചിലെ ജഡ്ജിമാര്‍ മാറുന്നതനുസരിച്ചു മാറുന്നതാണ് നിയമവ്യവസ്ഥയ്ക്ക് ഭരണഘടനയിലുള്ള വിശ്വാസമെന്നു വരുന്നത് ആശ്വാസ്യമല്ല. വിശാലബെഞ്ചിന് വിട്ട ന്യായാധിപരുടെ സംശയങ്ങളോടു വിയോജിച്ചു കൊണ്ട് വിധിയെഴുതിയ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡിനും ഭരണഘടനയുടെ പരിഹാരനിര്‍ദേശങ്ങളില്‍ അര്‍പ്പിക്കുന്ന അചഞ്ചല വിശ്വാസം നിസഹായമായിപ്പോകുന്നതും സങ്കീര്‍ണമായ കാഴ്ചയാണ്. 

പല വലിപ്പച്ചെറുപ്പങ്ങളുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് ഒരേ ഉയരം നല്‍കിയത് ഇന്ത്യന്‍ ഭരണഘടനയാണ്. മതങ്ങളുടെ കോട്ട കൊത്തളങ്ങളിലെ അടിമയും ഇരയുമായിരുന്ന ഇന്ത്യന്‍ സ്ത്രീക്ക് തുല്യത നല്‍കിയതും നമ്മുടെ ഭരണഘടനയാണ്. ആ തുല്യമായ അവകാശങ്ങള്‍ ലംഘിക്കാമെന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ തിരുത്തിയിരുന്നത് നമ്മുടെ സുപ്രീംകോടതിയാണ്. കാലാകാലങ്ങളായി പല അനാചാരങ്ങളില്‍ നിന്നും മതവാദികളെ തിരുത്തിയെടുത്തതിലും ഇന്ത്യന്‍ സുപ്രീംകോടതിയുടെ പങ്ക് ചരിത്രത്തില്‍ തിളങ്ങുന്ന ഏടുകളാണ്. ആ സുപ്രീംകോടതി മതിയായ കാരണങ്ങള്‍ പോലും തുറന്നുപറയാതെ വിശ്വാസസംശയങ്ങളിലേക്കു മടങ്ങുന്നതാണ് കാണുന്നത്. കോടതിക്കു തന്നെ  സംശയമുള്ള ഒരു കാര്യം തീര്‍പ്പായിട്ടില്ലെന്ന് വ്യക്തമാക്കി സ്റ്റേയെങ്കിലും അനുവദിക്കേണ്ടതല്ലേ? അതൊന്നും ചെയ്യാതെ  കേരളത്തെ കുരുക്കില്‍ ഉപേക്ഷിക്കുക കൂടിയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നതെന്ന് പറയാതെ വയ്യ. 

കോടതിയില്‍ തുടങ്ങിയതാണ് ശബരിമലയിലെ യുവതീപ്രവേശം എന്ന പ്രശ്നം. കോടതിയാണ് തീരുമാനിച്ചത്. കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വിശ്വാസത്തോടോ നിയമവ്യവസ്ഥയോടോ കൂറില്ലാത്ത സുവര്‍ണാവസരക്കാര്‍ ശബരിമല വിധിയുടെ പേരില്‍ കേരളത്തെ പ്രതിഷേധഭൂമിയാക്കിയതും കോടതി അറിഞ്ഞ മട്ടു നടിച്ചിട്ടില്ല. കോടതി തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ച ഒരു വിധിയില്‍ നിന്ന് പിന്നോട്ടു പോകുകയാണോ, വിധി പ്രകാരം യുവതികള്‍ക്ക് ലഭിച്ച അവകാശം നിലനില്‍ക്കുമോ എന്നൊന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം കോടതി കാണിച്ചിട്ടില്ല. കേരളാസര്‍ക്കാരും സമൂഹവും സ്വയം സംയമനത്തോടെ കാര്യങ്ങള്‍ നീക്കുകയല്ലാതെ കോടതിയുണ്ടാക്കിയ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയാനേ ബാധ്യത തോന്നിയിട്ടില്ല കോടതിക്ക്. അന്തിമതീരുമാനം വരും വരെ ഇക്കാര്യത്തില്‍ ഇടപെടാതിരിക്കുകയാണ് സംസ്ഥാനസര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും ഉചിതമായ മാര്‍ഗം.

വിശ്വാസികളുടെ പേരില്‍ മുതലെടുപ്പിനു ശ്രമിക്കുന്നവരെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇത്തരം സമീപനം സ്വീകരിക്കുന്നതും പരിഹാസ്യമാണ്.  ശബരിമലയും വിശ്വാസവും മാത്രം മുന്‍നിര്‍ത്തി പ്രതിഷേധത്തിനിറങ്ങിയവര്‍ സമരക്കാരില്‍ ന്യൂനപക്ഷമാണെന്ന് തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായതാണ്. ശബരിമല ഒരു പ്രശ്നബിന്ദുവായി നിലനില്‍ക്കേണ്ടത് സ്ഥാപിതതാല്‍പര്യക്കാരുടെ ആവശ്യമാണ്. അവിടെ സര്‍ക്കാര്‍ കരുതലോടെ സമീപിക്കേണ്ടത് അത്യാവശ്യവുമാണ്. പ്രശ്നങ്ങള്‍ക്കായി കാത്തിരിക്കുന്നവരാരെന്നും എന്തെന്നും എന്തിനെന്നുമുള്ള ബോധം സംസ്ഥാന സര്‍ക്കാരിനുണ്ടാകണം. പ്രകോപനങ്ങളുടെ കെണിയില്‍ വീണുകൊടുക്കുന്നത് മിടുക്കല്ല, മണ്ടത്തരമാണ്. . കോടതിവിധിയോടെ തുടങ്ങിയ പ്രശ്നം, കോടതിക്കു തന്നെ വിട്ടുകൊടുക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതി തീര്‍പ്പാക്കും വരെ മനുഷ്യര്‍ അവരുടെ ജീവിതവുമായി മുന്നോട്ടു പോകട്ടെ. ശബരിമലയിലെ യുവതീപ്രവേശം കേരളത്തിന്റെ ആവശ്യമോ, കേരളത്തിനു മുന്നിലുണ്ടായിരുന്ന പ്രശ്നമോ അല്ല. പ്രത്യേക ആചാരത്തെ മാനിച്ചുകൊണ്ടും, അകലംപാലിച്ചുകൊണ്ടും കേരളത്തിന്റെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമായാണ് കേരളസമൂഹം ശബരിമലയെ കണ്ടു പോന്നിരുന്നത്. പ്രത്യേകാചാരങ്ങളുള്ള ഒരു ക്ഷേത്രത്തില്‍ അതു തുടര്‍ന്നു പോരട്ടെയെന്നോ, അതല്ല ഭരണഘടനാവകാശമാണ് പ്രധാനം എന്നോ കോടതിക്ക് ഇനിയും തീര്‍പ്പിലെത്താം. പക്ഷേ ഒരു പ്രശ്നത്തെ തുറന്നുവിട്ട്, ഒരു സമൂഹത്തെ അതിലുപേക്ഷിച്ച്, കോടതി അടിത്തറയിലെ സംശയങ്ങളിലേക്കു മടങ്ങുന്നത് തീര്‍ച്ചയായും ആശാസ്യമല്ല. 

ശബരിമലയിലെ യുവതീപ്രവേശം എന്ന ചെറിയ ചോദ്യമല്ല, ഈ രാജ്യത്തെ ആണിനെയും പെണ്ണിനെയും വിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിക്കാമോ എന്ന വലിയ ചോദ്യമാണ് വിശാലബെഞ്ചിലേക്കു പോയിരിക്കുന്നത് എന്നു വെറുതേ പ്രതീക്ഷിക്കാം. ആ ചോദ്യത്തിനു തന്നെ ഉത്തരം കിട്ടുമെന്നും.   അപ്പോഴും ആവര്‍ത്തിച്ചു പറയുന്നു. മതങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും ചുരുങ്ങേണ്ടവരല്ല സ്ത്രീകള്‍. മതങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ചു പുറത്തേക്കു വരേണ്ടവരാണ് സ്ത്രീകള്‍. മതങ്ങള്‍ നിലനില്‍ക്കുന്നത് സ്ത്രീവിരുദ്ധതയുടെ മുകളില്‍ പടുത്തുയര്‍ത്തിയ അധികാരഘടന കൊണ്ടു മാത്രമാണ്. സ്ത്രീവിരുദ്ധമായ ആചാരങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുന്നുവെന്നും ദയവായി മതങ്ങളിലേക്കു തിരിച്ചുവരൂവെന്നും മതാധികാരികള്‍ സ്ത്രീകള്‍ക്കു മുന്നില്‍ അഭ്യര്‍ഥിക്കുന്ന കാലമാണുണ്ടാകേണ്ടത്.   അടിച്ചമര്‍ത്തി, തുല്യത നിേഷധിച്ച് രണ്ടാം തരം മനുഷ്യന്‍മാരായി കണക്കാക്കുന്ന ഒരിടത്തേക്കും കൈനീട്ടി ചെല്ലേണ്ടവരല്ല സ്ത്രീകള്‍. ഒരു സ്ത്രീയുടെയും അവകാശവും വ്യക്തിത്വവും ആചാരങ്ങളുടെ കാരുണ്യത്തിലാകരുതെന്നുറപ്പിക്കേണ്ട ബാധ്യത ഈ രാജ്യത്തിനാകെയുള്ളതാണ്.

നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ദുര്‍ബലപ്പെടുകയെന്നത് ഇന്ത്യയെ പോലെ ഒരു ജനാധിപത്യരാജ്യത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. അതുണ്ടാകരുത്.  കോടതികള്‍ നടപ്പാക്കുന്നത് നീതിയാണെന്ന് സമൂഹത്തിനു ബോധ്യപ്പെടുമ്പോള്‍ കൂടിയാണ് വ്യവസ്ഥയെ ജനത ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് .  കോടതി ഒരു വിധി പറയുമ്പോള്‍ അതിലുള്ള മികവും പോരായ്മയും ചര്‍ച്ച ചെയ്തു തന്നെയാണ് നിയമവും നീതിയും സമൂഹവും മുന്നോട്ടു പോകേണ്ടത്.  എന്നാല്‍ അയോധ്യവിധിയോടു രാജ്യത്തു രൂപപ്പെടുത്തിയെടുത്ത പ്രതികരണം, ജനാധിപത്യചരിത്രത്തില്‍ രേഖപ്പെടുത്തിവയ്ക്കേണ്ട ഒരധ്യായമാണ്. 

അയോധ്യ ഭൂമിതര്‍ക്കക്കേസിന് പരിഹാരമായതില്‍ ദീര്‍ഘനിശ്വാസമുതിര്‍ക്കുകയാണ് രാജ്യം. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന അതിസങ്കീര്‍ണമായ ഒരു പ്രശ്നത്തിന് പൂര്‍ണമായും സമാധാനപരമായി തീര്‍പ്പുണ്ടായിരിക്കുന്നതിന് പരസ്പരം അഭിനന്ദിക്കുന്ന തിരക്കിലുമാണ് നമ്മള്‍.  അതങ്ങനെ തന്നെയാണു വേണ്ടതും. നിസാര കാര്യങ്ങളില്‍ പോലും പ്രകോപിതരായി കലാപവിളികള്‍ ഉയരുന്ന സമൂഹത്തില്‍ ഏതു വിധേനയും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഏവരും ചേര്‍ന്നെടുത്ത സമീപനം ശ്ളാഘനീയവുമാണ് . പക്ഷേ കോടതിയുടെ മുന്നിലെത്തിയ ചോദ്യവും കോടതി നല്‍കിയ ഉത്തരവും നീതിയുക്തമാണ് എന്ന പൂര്‍ണബോധ്യത്തില്‍ കൂടിയുണ്ടാകേണ്ടതാണ് സ്വാഭാവികമായ സമാധാനം. നീതിപൂര്‍വമായ തീരുമാനമാണോ സുപ്രീംകോടതിയില്‍ നിന്നുണ്ടായത് എന്നു മറ്റാരും ചോദിച്ചില്ലെങ്കിലും കോടതിയും നിയമവ്യവസ്ഥയും അതു സ്വയം വിലയിരുത്തേണ്ടതുണ്ട്. പകരം ആ ചോദ്യം ആരും ഉയര്‍ത്താന്‍ പാടില്ലെന്നും നീതിയെവിടെ എന്നു ചോദിക്കുന്നത് രാജ്യതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ആദ്യമേ അടിച്ചേല്‍പിക്കപ്പെട്ടു. നിശബ്ദമായി അംഗീകരിക്കുകയെന്ന നിബന്ധന ഇന്ത്യയുടെ ജനാധിപത്യചരിത്രത്തില്‍ പുതിയ കീഴ്‍വഴക്കമാണ്. 

നീതിയാണോ നടപ്പായത് എന്ന ചോദ്യം ഒരു രാജ്യത്തിന്റെ സമാധാനം കെടുത്താന്‍ പാടില്ല. ആ ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹികളുമാക്കരുത്. അനിവാര്യമായ തീരുമാനം എന്നു വിശദീകരിക്കാം.   എന്തുകൊണ്ട് ഈ നീതിയിലേക്കെത്തിച്ചേര്‍ന്നുവെന്ന് ഓരോ പൗരനും ബോധ്യമാകുന്ന ചര്‍ച്ചകളിലൂടെയാണ് സമാധാനമുണ്ടാകേണ്ടത്. കലാപം ഭയന്ന് ചോദ്യങ്ങള്‍ കുഴിച്ചുമൂടേണ്ട അവസ്ഥ ഇന്ത്യ പോലൊരു ജനാധിപത്യരാജ്യത്തുണ്ടാകരുത്. ചോദ്യങ്ങള്‍ അശാന്തി വിതക്കുമെന്നു ഭീഷണിപ്പെടുത്തി ഒരു ജനതയും നിശബ്ദരാക്കപ്പെടരുത്. പൂര്‍ണനിശബ്ദതയുടെ പേരല്ല സമാധാനം.

അയോധ്യവിധിയുടെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നതേയില്ല. അത്തരം വിശകലനങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്കുള്ളില്‍ തന്നെ നടക്കട്ടെ. പക്ഷേ അയോധ്യവിധിക്കു മുന്‍പായി രാജ്യത്ത് സൃഷ്ടിക്കപ്പെട്ട ഭീഷണിയുടെ അന്തരീക്ഷം ആശാവഹമല്ല. കോടതി വിധി എന്തായാലും അംഗീകരിക്കുക എന്നതിനര്‍ഥം വിയോജിപ്പുകളെക്കുറിച്ച് ശബ്ദിക്കരുത് എന്നായത് ആശാവഹമല്ല. വിയോജിപ്പുകള്‍ അന്തസോടെ, ജനാധിപത്യപരമായി രേഖപ്പെടുത്തിയും ചോദ്യങ്ങള്‍ക്കുത്തരം തേടിയും തന്നെയേ ഒരു സമൂഹത്തിന് മുന്നോട്ടു പോകാനാകൂ.  സമാധാനം  അടിച്ചേല്‍പിക്കുകയല്ല, ഉരുത്തിരിയുകയാണ് വേണ്ടത്. അതിന്റെ അര്‍ഥം മനസിലാകണമെങ്കില്‍ സമാധാനം ഇതിനു മുന്‍പ് ഭഞ്ജിക്കപ്പെട്ടത് എപ്പോഴായിരുന്നുവെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെല്ലാമായിരുന്നുവെന്നും കൂടി വിലയിരുത്തേണ്ടി വരും. തങ്ങള്‍ ഇച്ഛിക്കാത്തത് ഒരു നീതിയുടെയും നിയമത്തിന്റെയും പേരില്‍ അനുവദിക്കില്ലെന്ന് നിലപാടെടുത്തവരെയെല്ലാം ചരിത്രം ഓര്‍മിക്കുന്നുണ്ടാകണം. അതുകൊണ്ട് നിയമവ്യവസ്ഥയുടെ പരമാധികാരം അംഗീകരിച്ചുതന്നെ വിയോജിക്കാനും വിമര്‍ശിക്കാനും ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. എന്നും അതുണ്ടാകണം. 

തങ്ങള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ വിമ‍ര്‍ശിക്കപ്പെടാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഇതുവരെ വിധിപുറപ്പെടുവിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുമ്പോള്‍ അങ്ങനെ വിധിക്കാനും കോടതിക്ക് കഴിയില്ല. വിധേയത്വമല്ല ഇന്ത്യന്‍ പൗരനില്‍ നിന്ന് ആവശ്യപ്പെടേണ്ടത്. ഉത്തരവാദിത്തമാണ്. നടപ്പാക്കുന്നത് നീതിയാണെന്ന ഉത്തരവാദിത്തബോധത്തോടെ കോടതികള്‍ പെരുമാറുന്നിടത്ത് പൗരനും ആ ചുമതല സ്വാഭാവികമായി കൈമാറപ്പെടുകയാണ്. ഭൂരിപക്ഷവികാരം, പൊതുബോധസ്വീകാര്യത ഇതൊന്നും കോടതി തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് ജനതയ്ക്ക് ബോധ്യമാകുന്നിടത്തു കൂടിയാണ് സമാധാനം സത്യമാകുന്നത്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...