ബിനീഷ് തല ഉയർത്തിയപ്പോൾ കുനിഞ്ഞുപോയ അഭിമാനങ്ങൾ; വലിയ പാഠം

bineesh-bastin-issue
SHARE

ഒരു കലാകാരന്‍ അപമാനിക്കപ്പെട്ട കാഴ്ച  കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടു. ക്ഷണിക്കപ്പെട്ട വേദിയില്‍  നിലത്തിരുന്ന്, നെഞ്ചിടറി സംസാരിച്ചിറങ്ങിപ്പോയ ആ മനുഷ്യന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ അനില്‍ രാധാകൃഷ്ണ മേനോനെ മാത്രം  തിരുത്തിയാല്‍ പോര.  ബിനിഷ് ബാസ്റ്റ്യന്‍ അപമാനിക്കപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിനുത്തരം പാലക്കാട് മെഡി.കോളജിനുള്ളില്‍ നിന്നു മാത്രം കിട്ടുകയുമില്ല. 

സംഭവം നടന്നത് പാലക്കാട് ഗവ.മെഡി.കോളജില്‍. അപമാനത്തില്‍ നിന്നുരുകി പ്രതിഷേധിക്കേണ്ടി വന്ന നടന്‍ ബിനീഷ് ബാസ്റ്റ്യന്‍. കോളജ് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട് പാലക്കാട്ടെത്തിയ ബിനീഷിനെ പരിപാടിക്കു മണിക്കൂറുകള്‍ക്കു മുന്‍പ് സംഘാടകര്‍ തന്നെയാണ് ആദ്യം അപമാനിച്ചത്

ജീവിതത്തില്‍ ഏറ്റവും അപമാനിക്കപ്പെട്ട ദിനം എന്ന് തിരിച്ചറിഞ്ഞ ബിനീഷ് പക്ഷേ തളര്‍ന്നു പിന്‍മാറുകയല്ല ചെയ്തത്. കോളജില്‍ പോയി. പരിപാടിയില്‍ സ്റ്റേജില്‍ കയറി, പറയാനുള്ളത് പറഞ്ഞ് തലയുയര്‍ത്തി നിന്നിറങ്ങിപ്പോന്നു

അപ്പോള്‍ തല കുനിച്ചത് നമ്മളാണ്. വെള്ളിത്തിരയില്‍ ഇപ്പോഴും നരസിംഹതാണ്ഡവങ്ങളാടിക്കൊണ്ടേയിരിക്കുന്ന ജാതീയതയും വംശീയതയും പച്ചയ്ക്ക് ഇറങ്ങിവന്ന് യഥാര്‍ഥ ജീവിതത്തില്‍ തനിനിറം കാണിച്ചു. അനില്‍ രാധാകൃഷ്ണ മേനോന് അങ്ങനെ പറയാനും, അത് അനുസരിക്കാമെന്നു യൂണിയന്‍ ഭാരവാഹികള്‍ക്കു തോന്നാനും അതിഥിക്കു നേരെ കൈചൂണ്ടാന‍് പ്രിന്‍സിപ്പലിനും സാധിക്കുന്ന ഒരിടം കേരളത്തില്‍ നിവര്‍ന്നു കിടക്കുന്നുണ്ടെന്ന് നമുക്ക് സമ്മതിക്കേണ്ടി വരുന്നു. ആ ജീര്‍ണതയുടെ വളക്കൂറില്‍  തഴച്ചു വളരുന്നവരെ ഒറ്റയ്ക്ക് കല്ലെറിഞ്ഞതുകൊണ്ട് ഫലപ്രാപ്തിയുണ്ടാകില്ല. ബിനീഷ്  നേരിട്ട അപമാനമെന്താണ് എന്നു പോലും മനസിലാകാത്ത നിഷ്കളങ്കര്‍ക്ക് സ്വയം തിരുത്താനും അതു പ്രേരണയാകില്ല. 

ഇത്രയും ഉപാധികള്‍ വയ്ക്കാന്‍  അനില്‍ രാധാകൃഷ്ണമേനോനും അവകാശമുണ്ട്. പക്ഷേ എന്തുകൊണ്ട് ബിനീഷ് ബാസ്റ്റ്യനൊപ്പം വേദി പങ്കിടില്ല എന്നതിന് അദ്ദേഹം സംഘാടകരോട് പറഞ്ഞ ഒരൊറ്റ വാചകം യഥാര്‍ഥ കാരണം വെളിപ്പെടുത്തുന്നു. 

താരമൂല്യത്തിന്റെ പൊലിമയുടെ ആഘോഷത്തിലേക്ക് ഞാനില്ല എന്നു പറയാന്‍ ഏതു മനുഷ്യനെയും പോലെ അനിലിനും അവകാശമുണ്ട്. പക്ഷേ പരിപാടിയുടെ സ്വഭാവം മാറിയപ്പോള്‍, മുഖ്യാതിഥിയായി എത്തുന്നത് ബിനീഷ് ബാസ്റ്റ്യനാണെന്നറിഞ്ഞപ്പോള്‍ പറഞ്ഞ കാരണത്തില്‍ ഒരു ആധുനികസമൂഹത്തിന് പ്രശ്നമുണ്ടായേ പറ്റൂ. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടക്കുന്നൊരാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന പ്രഖ്യാപനത്തില്‍ വംശീയതയും ജാതീയതയും വിവേചനവുമുണ്ട്. അങ്ങനെ നിലപാടെടുക്കുന്ന മനുഷ്യര്‍ എത്ര പൊള്ളയാണെന്നു തിരിച്ചറിയാതെ അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ യൂണിയനെയും പ്രിന്‍സിപ്പലിനെയും പ്രേരിപ്പിക്കുന്നതിന്റെ  പേരാണ് ജാതിബോധം. ഇത് പാലക്കാട് മെഡി.കോളജിലെ വേദിയില്‍ കണ്ടതു മാത്രമാണെന്നൊരു തെറ്റിദ്ധാരണയൊന്നും കേരളത്തിനു വേണ്ട. എത്രയെത്ര മനുഷ്യര്‍ ഈ എലീറ്റ് പുച്ഛത്തിനിരയായി ഉള്ളുരുകി വേദികളില്‍ നിന്നിറങ്ങിപ്പോയിട്ടുണ്ടാകും? ആരും കാണാതെ കരഞ്ഞു തീര്‍ത്ത അപമാനങ്ങളില്‍ നിന്ന് ആദ്യമായി തിരിഞ്ഞു നിന്നു പ്രതികരിച്ചതിനാണ് ബിനീഷ് ബാസ്റ്റിന്‍ കൈയടി അര്‍ഹിക്കുന്നത്. 

ആ വിവേചനത്തിനു നേരെ ഏറ്റവും ഉജ്വലമായ പ്രതിരോധമാണ് ബിനീഷ് ബാസ്റ്റ്യന്‍ കാണിച്ചു തന്നത്.  വിവേചനമനോഭാവത്തില്‍ എനിക്കും നിങ്ങള്‍ക്കും , എല്ലാവര്‍ക്കും ഒരു തിരുത്തല്‍ ആവശ്യമുണ്ടെന്നു കൂടിയാണ് ആ ചൂണ്ടുവിരല്‍ കാണിച്ചു തരുന്നത്. പക്ഷേ അനിലും ബിനീഷും തമ്മിലുള്ള വ്യക്തിപരമായ തലത്തില്‍ അവസാനിക്കാത്ത മറ്റു ചില ചോദ്യങ്ങള്‍ കൂടി പാലക്കാട്ടെ സംഭവത്തിലുണ്ട്. 

പാലക്കാട് കണ്ടതില്‍ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യം ഒരു മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പല്‍ അതിഥിയാെയത്തിയ മനുഷ്യനോടു സ്വീകരിച്ച പെരുമാറ്റമാണ്. 

പ്രിന്‍സിപ്പല്‍ ഡോ.കുലാസ് പിന്നീട് ബീനിഷിനോട് മാപ്പു പറഞ്ഞു. പക്ഷേ എന്താണ് ചെയ്തതെന്നു പോലും തിരിച്ചറിയാത്ത ഒരാളാണ് നാളെ സമൂഹത്തില്‍ നിര്‍ണായകപങ്കു വഹിക്കേണ്ട മെഡിക്കല്‍ വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്ന ഒരു സ്ഥാപനത്തിനു നേതൃത്വം നല്‍കുന്നത്. അതിനേക്കാള്‍ പ്രശ്നവല്‍ക്കരിക്കേണ്ടത് കോളജ് യൂണിയന്റെ സമീപനമാണ്. ഒരു മെ‍ഡിക്കല്‍ കോളജ് യൂണിയന്‍ ഉദ്ഘാടനച്ചടങ്ങില്‍ ഒരു സിനിമാസംവിധായകനും ഒരു സിനിമാതാരത്തിനുമുള്ള പ്രസക്തിയെന്താണ് എന്ന ചോദ്യത്തില്‍ നിന്നേ ഈ പ്രശ്നത്തിനുള്ള ഉത്തരം തുടങ്ങൂ. വിദ്യാര്‍ഥികളുടെ സര്‍വതോന്‍മുഖമായ സര്‍ഗാത്മകത പ്രോല്‍സാഹിപ്പിക്കേണ്ട ജനാധിപത്യവേദിയാണ് കോളജ് യൂണിയന്‍. രാഷ്ട്രീയം ചുരുങ്ങിച്ചുരുങ്ങി ജനകീയതയിലേക്കൊതുങ്ങുന്ന ക്യാംപസ് സമീപനത്തെ തിരുത്താനും ബാധ്യതയുണ്ട് വിദ്യാര്‍ഥി യൂണിയനുകള്‍ക്ക്. പക്ഷേ അടുത്തിടെയായി, കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍  പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന വാഗ്ദാനം പോലും സിനിമാതാരങ്ങളെ ക്യാംപസിലെത്തിക്കുമെന്നതാണ്. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ തീര്‍ച്ചയായും ഏറ്റവും ജനകീയ മാധ്യമമായ സിനിമയ്ക്കും വലിയ സ്ഥാനമുണ്ട്.  പക്ഷേ സമഗ്രസാംസ്കാരികതയിലേക്കു വികസിക്കാതെ സിനിമയിലേക്കു ചുരുങ്ങുന്നത് ശരിയായ പ്രവണതയല്ല. മെഡിക്കല്‍ വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനത്തിന് സിനിമാപ്രവര്‍ത്തകര്‍ തന്നെ വേണമെന്നത് ആലോചിച്ചെടുത്ത തീരുമാനമാണെങ്കില്‍ അവിടെ ചോദ്യമില്ല. സിനിമാതാരങ്ങളുടെ സാന്നിധ്യം വിദ്യാര്‍ഥികളുടെ കൈയടിയും അംഗീകാരവും കാര്യമായ അധ്വാനമില്ലാതെ നേടിത്തരുമെന്ന കുറുക്കുവഴിക്കു കൂടിയാണ് ഇവിടെ തട്ടു കിട്ടിയത്. 

പക്ഷേ വളരെ എളുപ്പത്തില്‍ ലക്ഷ്യമിട്ട കൈയടികള്‍ SFI വിദ്യാര്‍ഥിയൂണിയനെ എത്തിച്ചിരിക്കുന്ന പ്രതിസന്ധി സ്വയം ഒരു പാഠമാകേണ്ടതാണ്. എളുപ്പത്തില്‍ നേടാവുന്ന കൈയടികളിലേക്കു ചുരുങ്ങേണ്ടവരല്ല, ഭാവിയുടെ കരുത്താകേണ്ട വിദ്യാര്‍ഥികള്‍. സംവാദവും രാഷ്ട്രീയവും സിനിമയും സാഹിത്യവും ചേര്‍ന്നു നല്‍കേണ്ട സമഗ്രവികാസത്തിന്റെ കരുത്ത് ആ യൂണിയന്‍ നേതൃത്വത്തിനു പോലും അന്യമായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഒരു മനുഷ്യനെ അപമാനിക്കുന്നതില്‍ കലാശിച്ചത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...