പറഞ്ഞതെല്ലാം മറന്ന് മാവോയിസ്റ്റുകളെ കൊല്ലുന്ന സർക്കാർ; യുഎപിഎ ചുമത്തുന്ന സർക്കാർ

Parayathe-Vayya-02pg
SHARE

വൈരുധ്യങ്ങളിലും ഒന്നാമതെത്തുന്നു കേരളം. അഭിമാനിക്കുക. കേരളത്തിലെ  ഇടതുമുന്നണി സര്‍ക്കാരിന്റെ കാര്യം മാത്രമെടുക്കുക. ഒരേ സമയം രാഷ്ട്രീയസ്വാതന്ത്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കു  ക്ലാസെടുക്കണം. അതേ സമയം മാവോയിസ്റ്റുകളെന്ന പേരില്‍ മനുഷ്യരെ വെടിവച്ചു കൊല്ലണം. ഉത്തരേന്ത്യയിലെ നിയമവാഴ്ചയുടെ തകര്‍ച്ചയില്‍ ബി.ജെ.പിക്കെതിരെ ആശയപോരാട്ടം വ്യാപിപ്പിക്കണം. അതേസമയം ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരുടെ കേസിലുണ്ടായ വീഴ്ചയെ ന്യായീകരിച്ചു വെളുപ്പിക്കണം. അങ്ങനെ കടുത്ത വൈരുധ്യങ്ങളുടെ ചുഴിയില്‍ സ്വയം ന്യായീകരിച്ചു ക്ഷീണിച്ചു പോകുന്ന കേരളത്തെ കാണാതെ പോകരുത്.

ഇതൊരു അപൂര്‍വരാഷ്ട്രീയസന്ദര്‍ഭമാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍  കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ പിന്തുണയ്ക്കാനുണ്ടായ ഒരേയൊരു രാഷ്ട്രീയപാര്‍ട്ടി രാജ്യം ഭരിക്കുന്ന ബി.ജെ.പി.യാണ് എന്നത് രാഷ്ട്രീയചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. 

ആരാണ് മാവോവാദികള്‍ക്ക് വീരപരിവേഷം നല്‍കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി? സങ്കല്‍പലോകത്തിനു വേണ്ടി സായുധപോരാട്ടമെന്നു സങ്കല്‍പിച്ച് നിഷ്ഫലമായ സമരം നയിക്കുന്നവരെന്ന സഹതാപമല്ലാതെ മാവോവാദികളോട് എപ്പോഴാണ് കേരളം അനുഭാവം പോലും പ്രകടിപ്പിച്ചിട്ടുള്ളത്?

അവരെ വെടിവച്ചുകൊന്നത് എന്തിനാണെന്നാണ് മുഖ്യമന്ത്രിയോട് കേരളം ചോദിച്ചത്. അവരെ മാത്രമല്ല, ഇതുവരെ അത്തരത്തില്‍ കൊലപ്പെടുത്തിയ ഏഴു പേരുടെ കാര്യത്തിലും. എന്തിനാണവരെ വെടിവച്ചുകൊന്നത്? പൊലീസിനെ വെടിവച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത് ഒപ്പമിരുന്നു ഭരിക്കുന്ന സി.പി.ഐ പോലും വിശ്വസിക്കുന്നില്ലെങ്കില്‍ അതാരുടെ പ്രശ്നമാണ് മുഖ്യമന്ത്രി? പൊലീസിന്റെ ഏറ്റുമുട്ടല്‍ ഭാഷ്യങ്ങള്‍ ഭരണകക്ഷി പോലും വിശ്വസിക്കുന്നില്ലെങ്കില്‍ അതാരുടെ പരാജയമാണ്?

എന്നുമാത്രമല്ല, പൊലീസ്  വ്യാജവീഡിയോ  ഉണ്ടാക്കി ഏറ്റുമുട്ടല്‍ കൊല സാധൂകരിക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നതും സി.പി.ഐ ആണ്. 

എന്തുകൊണ്ട് കേരളാപൊലീസിന്റെ ഏറ്റുമുട്ടല്‍ ഭാഷ്യങ്ങള്‍ വിശ്വസിക്കരുതെന്ന് ഏറ്റവും ബോധ്യമുള്ളതാര്‍ക്കെന്നറിയാമോ?

പക്ഷേ ആഭ്യന്തരമന്ത്രി പിണറായി വിജയനാണെങ്കില്‍ കേരളത്തിലെ പൊലീസിനെ കണ്ണടച്ചു വിശ്വസിക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. മറുചോദ്യങ്ങള്‍ പാടില്ല. വെടിവച്ചുകൊല്ലുന്നത് ന്യായമാണോ എന്നു ചോദിച്ചാല്‍ കൊല്ലപ്പെട്ടവരെ വീരന്‍മാരാക്കരുത് എന്നു മറുപടി. വ്യാജഏറ്റുമുട്ടലല്ലേ എന്നു ചോദിച്ചാല്‍ മറുചോദ്യങ്ങള്‍ മാത്രം മറുപടി

വ്യാജഏറ്റുമുട്ടലാണോ കേരളത്തിലെ വനാനന്തരങ്ങളില്‍ മാവോയിസ്റ്റുകളെ കൊല്ലാന്‍ സംഘടിപ്പിക്കപ്പെടുന്നത് എന്ന സംശയത്തിന് പല പശ്ചാത്തലങ്ങളുണ്ട്. 

മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സി.പി.ഐ ആവര്‍ത്തിക്കുന്നത് സ്ഥലം സന്ദര്‍ശിച്ച് പ്രാദേശികവിവരങ്ങള്‍ കൂടി ശേഖരിച്ച ശേഷമാണ്. 

ഇത് ഭരണകൂട ഭീകരതയാണെന്ന് ഭരണപക്ഷത്തിരുന്നു തന്നെ സി.പി.ഐ പറയുന്നത് മറ്റൊരു വൈരുദ്ധ്യം. പ്രതിപക്ഷം  ശക്തമായ ചോദ്യങ്ങളുയര്‍ത്തിയെങ്കിലും ഒരു നിയമസഭാവാക്കൗട്ടിനു പോലും അര്‍ഹമായ വിഷയമാണെന്ന് ഗൗനിച്ചിട്ടില്ല. 

കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളായതുകൊണ്ട് രാഷ്ട്രീയതാല്‍പര്യത്തിന് സാധ്യതയില്ല. ആരും ചോദ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകില്ല. അഥവാ ചോദിക്കുന്നവരെ എങ്ങനെ ഭീഷണിപ്പെടുത്തണമെന്ന് പിണറായി സര്‍ക്കാരിനറിയാം. ആരാണ് മാവോയിസ്റ്റുകളെന്ന് ചുളുവില്‍ ഒരു ലേബല്‍ ആഗ്രഹിക്കുന്നത്. പക്ഷേ പറ‍ഞ്ഞു വച്ച വര്‍ത്തമാനങ്ങളെങ്കിലും സി.പി.എം മറക്കാന്‍ പാടില്ല. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുമ്പോള്‍ മാത്രമല്ല, ലഘുരേഖകളുടെ പേരില്‍ UAPA ചുമത്തുമ്പോഴും. 

നിലമ്പൂര്‍, ലക്കിടി ഏറ്റുമുട്ടലുകളിലും സംഭവിച്ചത് ഇതേ പ്രവര്‍ത്തനപരിപാടിയാണ്. വധശിക്ഷയെ എതിര്‍ക്കുന്ന സി.പി.എമ്മിന്റെ  സര്‍ക്കാര്‍ തന്നെ വധശിക്ഷ നടപ്പാക്കി. വിചാരണയുമില്ല, വാദവുമില്ല. പൊലീസിനെ വെടിവച്ചുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് തന്നെ തിരിച്ചുവെടിവച്ച് ആ ഭീഷണി മുളയിലേ നുള്ളി. മുഖ്യമന്ത്രി ന്യായീകരിച്ചു. ഭരണകക്ഷി ഏറ്റു പറഞ്ഞു. പ്രതിപക്ഷവും പതിയേ ശബ്ദം പിന്‍വലിച്ചു. ഇനിയിപ്പോള്‍ അട്ടപ്പാടി മഞ്ചിക്കണ്ടിയിലും അതാവര്‍ത്തിച്ചാല്‍ സര്‍ക്കാരിനെ സംശയിക്കുന്നതെന്തിന്?

മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാല്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാരിന് ചാരിതാര്‍ഥ്യമുണ്ട്. സര്‍ക്കാരിന്റെ ക്രൈംബ്രാഞ്ച് അന്വേഷിച്ചു.  തണ്ടര്‍ബോള്‍ട്ടിനെ കുറ്റവിമുക്തരാക്കി. മജിസ്റ്റീരിയല്‍ അന്വേഷണവും നടത്തി. റിപ്പോര്‍ട്ട് മഞ്ചേരി കോടതിയില്‍ കൊടുക്കുന്നതിനു പകരം ആഭ്യന്തരവകുപ്പിനാണ് കൊടുത്തതെന്നു മാത്രം. 

സി.പി.എം മൗനം പാലിക്കുന്നുവെന്നു പറയുന്നത് തെറ്റാണ്. സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്നു പറഞ്ഞ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകെര യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിബദ്ധത മറ്റേതു പാര്‍ട്ടിയില്‍ കാണാനാകും? മാവോയിസ്റ്റുകള്‍ കേരളത്തിന് സുരക്ഷാഭീഷണി ഉയര്‍ത്തിയോ എന്ന ചോദ്യം വിഡ്ഢിത്തമാണ്. രാജ്യസുരക്ഷയില്‍ കൈകോര്‍ത്തു നില്‍ക്കുകയന്ന സുപ്രധാന ദൗത്യത്തിനു വേണ്ടിയാണ് പറഞ്ഞ രാഷ്ട്രീയമെല്ലാം മറന്ന് സി.പി.എം. സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് എന്നത് കാണാതെ പോകരുത്

മാവോയിസ്റ്റുകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോഴും കനത്ത സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. നിരപരാധികളെ വരെ ക്രൂരമായി കൂട്ടക്കൊലയ്ക്കിരയാക്കുന്നുണ്ട്. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യസുരക്ഷയ്ക്കും വന്‍വെല്ലുവിളിയാണ് മാവോയിസ്റ്റ് പ്രവര്‍ത്തനം. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ മുന്‍ സര്‍ക്കാരുകളുടേതിന് സമാനമായ ഉന്‍മൂലനനയത്തിലൂന്നി മാവോയിസ്റ്റുകളെ നേരിടുകയാണ്. പക്ഷേ ഇക്കാര്യത്തില്‍ സി.പി.എം പറ‍ഞ്ഞുകൊണ്ടിരുന്ന നയമാണോ ഇന്ത്യയിലെ ഒരേയൊരു ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്?

ഈ നയമനുസരിച്ച് അഗളി എസ്.പിയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റുകളുമായി കീഴടങ്ങാന്‍ ചര്‍ച്ച നടന്നു വരികയായിരുന്നുവെന്ന് പ്രാദേശിക ആദിവാസിനേതാക്കള്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. 

ഇത് അനീതിയാണെന്നു ലഘുരേഖകള്‍ പ്രചരിപ്പിച്ചതിന് സ്വന്തം പാര്‍്ടടി പ്രവര്‍ത്തകരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തതെന്തിനാണ്?

ചോദ്യങ്ങള്‍ ചുരുക്കുന്നു.  മാവോയിസ്റ്റുകളെ നേരിടാന്‍ രാഷ്ട്രീയനയമുള്ള ഒരു സര്‍ക്കാര്‍ അവരെ വെടിവച്ചുകൊല്ലുന്നതെന്തിനാണ്? യു.എ.പി.എ. കരിനിയമമാണെന്ന് ഉറച്ച ബോധ്യമുള്ള സി.പി.എം. സ്വന്തം സഖാക്കളെ ആ തുറുങ്കിലടയ്ക്കുന്നതെങ്ങനെയാണ്? കേരളം ഭരിക്കുന്നത് പൊലീസാണോ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി നല്‍കേണ്ടത്.

മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുന്നതില്‍ തീരുന്നില്ല പൊലീസിന്റെ വീരസാഹസങ്ങള്‍ എന്നും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. വാളയാറിലെ സഹോദരിമാര്‍ നേരിടേണ്ടി വന്ന ദാരുണാന്ത്യത്തില്‍ സംഭവിച്ചത് കേരളത്തിനു തന്നെ അവിശ്വസനീയമായ കാര്യങ്ങളാണ്. കൊലപാതകമാണോ എഃ്നു പരിശോധിക്കണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എഴുതിവച്ച ഏഴുവയസുകാരി ആത്മഹത്യ ചെയ്തെന്ന് ഒരു സംശയവുമില്ലാതെ  കോടതിയില്‍ കുററപത്രം സമര്‍പ്പിച്ച പൊലീസാണ്. ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടികളെക്കുറിച്ച് ഹീനമായ നിയമവിരുദ്ധവര്‍ത്തമാനം പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്ന പൊലീസാണിത്. ആ പൊലീസുദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ നേരം കിട്ടിയിട്ടില്ല ഇടതുസര്‍ക്കാരിന്. കുറ്റകരമായ അനാസ്ഥ കാണിച്ച പ്രോസിക്യൂഷന്‍ മാത്രമല്ല, പ്രതിഭാഗം വക്കീലിനെ ശിശുക്ഷേമസമിതി അധ്യക്ഷനാക്കാന്‍ ഒത്തുകളിച്ച സര്‍ക്കാരാണ്. 

വാളയാറിലെ മാതാപിതാക്കളെ ഒത്തുതീര്‍പ്പിലെത്തിച്ചതുകൊണ്ടു തീരുന്നതല്ല, കേസിന്റെ വിധിയിലൂടെ കേരളത്തിനേറ്റ അപമാനം. തിരുത്താന്‍ ഞങ്ങളുടെ മുഖ്യമന്ത്രിക്കറിയാം എന്ന് ആശ്വാസം കൊള്ളുന്ന ആരാധകര്‍ പോലും വിങ്ങിപ്പൊട്ടുന്ന വൈരുധ്യമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. 

അതുകൊണ്ട് നമുക്ക് സൗകര്യപൂര്‍വം ഗുജറാത്തിലെ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് വിശകലനം തുടരാം. കത്വയിലെ പെണ്‍കുട്ടിക്കും ഉന്നാവിലെ പെണ്‍കുട്ടിക്കും നീതി ലഭിക്കാന്‍ വേണ്ടി പ്രകടനങ്ങള്‍ തുടരാം. കേരളത്തില്‍ അനീതികള്‍ പരമ്പരയായി നിരന്നു നില്‍ക്കുമ്പോളും പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴും  തിരുത്താന്‍ കരുത്തുള്ള സര്‍ക്കാരിന്റെ ഇച്ഛാശേഷിയില്‍ പുളകം കൊണ്ട് മുദ്രാവാക്യങ്ങള്‍ നിരത്താം. ഒരല്‍പം മനഃസാക്ഷി അവശേഷിക്കുന്നുണ്ടെങ്കില്‍ ആരുമറിയാതെ ഒന്നു പശ്ചാത്തപിച്ചാല്‍ മതിയാകും.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...