ആർക്കുമില്ല ഉപാധികളില്ലാത്ത പിന്തുണ; വിവേകത്തോടെ ജനം പറഞ്ഞത്

parayathe-new
SHARE

രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്ന ഒരു ജനതയുണ്ടായാല്‍ ജനാധിപത്യം അവിടെ തോറ്റു. ജനാധിപത്യരാഷ്ട്രീയപ്രക്രിയയെ   സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും തിരുത്തുകയും ചെയ്യേണ്ടത് ജനതയുടെ ഉത്തരവാദിത്തമാണ്. ഒരിക്കല്‍കൂടി ആ ഉത്തരവാദിത്തത്തില്‍ അഭിനനന്ദാനര്‍ഹമായ സൂക്ഷ്മത പുലര്‍ത്തുന്നുവെന്ന് കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തെളിയിച്ചിരിക്കുന്നു.

ആര്‍ക്കുമില്ല കുത്തകമണ്ഡലങ്ങള്‍, ആര്‍ക്കുമില്ല ഉപാധികളില്ലാത്ത പിന്തുണ. ആരോടൊപ്പവുമില്ല അന്ധമായ വിധേയത്വം. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലം ജനാധിപത്യത്തിന് കരുത്തു കൂട്ടുന്ന കാഴ്ച ആശ്വാസകരമാണ്. 

ഇടതുമുന്നണിക്ക് വട്ടിയൂര്‍ക്കാവും കോന്നിയും അഭിമാനനേട്ടം സമ്മാനിച്ചു, നേരത്തെ പിടിച്ചെടുത്ത പാലായ്ക്കൊപ്പം  പിണറായി സര്‍ക്കാരിനും ഇടതുമുന്നണിക്കും ‌രാഷ്ട്രീയപിന്തുണയുടെ പേരില്‍ തലയുയര്‍ത്താം. പക്ഷേ അമിതാഹ്ളാദം വേണ്ടെന്ന് അരൂര്‍ കര്‍ക്കശമായി പറഞ്ഞു. ഇരട്ടത്താപ്പിലും വിശ്വാസമില്ലെന്ന് മഞ്ചേശ്വരംകാരും പറഞ്ഞു. 

യു.ഡി.എഫിനാകട്ടെ കനത്ത മുന്നറിയിപ്പു തന്നെ നല്‍കാന്‍ ജനങ്ങള്‍ മടിച്ചില്ല. കുത്തകപ്പട്ടത്തിന്റെ പേരില്‍ തമ്മില്‍ തല്ലാന്‍ ധൈര്യപ്പെടരുതെന്ന് കോന്നിയും വട്ടിയൂര്‍ക്കാവും വന്‍ഭൂരിപക്ഷത്തില്‍ തിരിച്ചടിച്ചു. പാര്‍ട്ടി മനസുവച്ചില്ലെങ്കിലും അര്‍ഹതയ്ക്കൊപ്പം നില്‍ക്കുമെന്ന അരൂര്‍ നേട്ടത്തില്‍ മാത്രം ആശ്വസിക്കേണ്ടെന്ന് എറണാകുളം വിറപ്പിച്ചു. 

വിശ്വാസികള്‍ ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ബി.െജ.പിക്ക് ഗംഭീര മറുപടി തന്നെ നല്‍കി വട്ടിയൂര്‍ക്കാവ്. പക്ഷേ കോന്നിയിലോ മഞ്ചേശ്വരത്തോ പ്രചരിപ്പിക്കപ്പെട്ട തിരിച്ചടി ഉണ്ടായില്ലെന്ന് ബി.ജെ.പിക്ക് ആശ്വസിക്കാം. 

വിശ്വാസത്തിന്റെയോ മതത്തിന്റെയോ പേരില്‍ വിലയ്ക്കെടുക്കാന്‍ ശ്രമിക്കരുതെന്ന് കേരളത്തിലെ വോട്ടര്‍മാര്‍  ഈ ഉപതിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രഖ്യാപിച്ചു . ഒപ്പം ഇരിക്കേണ്ടിടത്തിരുന്നാല്‍ മതിയെന്ന് സമുദായനേതാക്കന്‍മാര്‍ക്ക് ശക്തമായ താക്കീതും നല്‍കി. കേരളത്തിന്റെ രാഷ്ട്രീയം എന്താണെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള ആശയക്കുഴപ്പം ജനങ്ങള്‍ക്കില്ലെന്നും ഉപതിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു

ശരിദൂരം ശരിയാണെന്ന് ആവര്‍ത്തിച്ചു പറയാമെന്നല്ലാതെ എന്‍.എസ്.എസിന് വേറെന്തു ചെയ്യാന്‍ കഴിയും. അധികാരത്തിന്റെയും സംഘബലത്തിന്റെയും ധാര്‍ഷ്ട്യം പ്രകടിപ്പിക്കാന്‍ ചെന്നവര്‍ക്കെല്ലാം അതത് വിഭാഗങ്ങള്‍ തന്നെ നല്ല മറുപടി കൊടുത്തു വിട്ട തിരഞ്ഞെടുപ്പാണിത്. അത് തിരിച്ചറിഞ്ഞ് മൂന്നു വഞ്ചിയിലേക്കും കാലു നീട്ടിയവര്‍ക്കും അഹങ്കരിക്കാന്‍ വകുപ്പൊന്നുമില്ല. 

എന്നുവച്ചാല്‍ ഇത് എന്‍.എസ്.എസിന് മാത്രം ബാധകമായ ആപ്തവാക്യമല്ല. അത് തിരിച്ചറിഞ്ഞ് സുരക്ഷിത അകലം പാലിച്ചവര്‍ക്ക് പുറമേ

വലിയ പരുക്കില്ലെന്നു മാത്രം.സഭാമേലധ്യക്ഷന്‍മാര്‍ക്കും വിശ്വാസികള്‍ ഉചിതമായ മറുപടികള്‍ വോട്ടായി വിതരണം ചെയ്തിട്ടുണ്ട്. 

ജാതി മതചിന്തകള്‍ക്കതീതമായ വോട്ടെന്ന് ഇപ്പോള്‍ സമാശ്വസിക്കുന്ന ഇടതുപക്ഷം എറണാകുളത്തെയും മഞ്ചേശ്വരത്തെയും വോട്ടര്‍മാര്‍ക്കു മുന്നില്‍ ഒന്നു തലകുനിച്ച ശേഷം മതനിരപേക്ഷത പഠിപ്പിക്കുകയാണ് ഉചിതം.കേരളത്തിലെ രാഷ്ട്രീയവോട്ടുകളെ വിശ്വസിക്കാന്‍  മുന്നണികള്‍ക്ക് ധൈര്യം നല്‍കേണ്ടതുണ്ട് ഈ ഉപതിരഞ്ഞെടുപ്പു ചിത്രം. ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ ഇനി അവസരങ്ങള്‍ കുറവായിരിക്കുമെന്നു തന്നെ കോണ്‍ഗ്രസിനെയും പഠിപ്പിക്കണം ജനവിധി

വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും അട്ടിമറി ജയത്തിനിടയിലും മഞ്ചേശ്വരം ഇടതുപക്ഷത്തിനു നല്‍കിയ താക്കീത് കണ്ടില്ലെന്നു നടിക്കാനാകില്ല. കനത്ത ലോക്സഭാപരാജയത്തിനു ശേഷവും  ഒരു തിരിച്ചടിയും അന്തിമമല്ലെന്ന് ഉള്‍ക്കൊണ്ട് ഊര്‍ജത്തോടെ തന്നെയാണ് ഇടതുപക്ഷം ഉപതിരഞ്ഞെടുപ്പുകളില്‍ രംഗത്തിറങ്ങിയത്. ഒരു കോട്ടയും കുത്തകയല്ലെന്നു വ്യക്തമാക്കി പാലാക്കാരും ഇടതുമുന്നണിക്കു പിന്തുണ നല്‍കി. വട്ടിയൂര്‍ക്കാവിലും കോന്നിയിലും നിലമറിഞ്ഞ്  ചുവടുവച്ച ഇടതുപക്ഷം രാഷ്ട്രീയമായി തന്നെ പോരാടി. എറണാകുളവും അന്തിമവിജയം നല്‍കിയില്ലെങ്കിലും തിളക്കമേറ്റുന്ന പിന്തുണയുടെ പ്രത്യാശ പങ്കുവച്ചു. പക്ഷേ കണ്‍കെട്ടു വിദ്യകളിലും വിശ്വാസമില്ലെന്ന് മഞ്ചേശ്വരത്തുകാര്‍, വിശ്വാസിയായ ഇടതുസ്ഥാനാര്‍ഥിയോടു പറ‍ഞ്ഞു. സി.എച്ച്. കുഞ്ഞമ്പു 2006ല്‍ ജയിച്ച മണ്ഡലത്തില്‍ ശങ്കര്‍ റൈയെ പിന്നെയും പിന്നോട്ടാക്കി മൂന്നാമതിരുത്തിയ രാഷ്ട്രീയസന്ദേശം ഇടതുപക്ഷം ഗൗരവത്തോടെ വിലയിരുത്തണം.

ഒപ്പം സ്ത്രീപക്ഷ പുരോഗമനം തിരഞ്ഞെടുപ്പു പടിവാതിലില്‍ വീണു തനിനിറം കാണിക്കുന്നതും പാര്‍ട്ടി വിലയിരുത്തേണ്ടതുണ്ട്. ആലത്തൂരില്‍ രമ്യാഹരിദാസിനും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും ഈ തനിനിറം നല്‍കിയ സംഭാവന കേരളരാഷ്ട്രീയചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞതാണ്. 

പാര്‍ട്ടിക്കുളളിലെ കുതികാല്‍വെട്ടലല്ല, രാഷ്ട്രീയപ്രവര്‍ത്തനം എന്നാണ് കോണ്‍ഗ്രസിനെ ഈ ജനവിധി ആദ്യം ഓര്‍മിപ്പിക്കേണ്ടത്. സംസ്ഥാന അധ്യക്ഷന്‍ മുതല്‍ ബൂത്തുകമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവര്‍ അത് തിരിച്ചറിയാതെ കോണ്‍ഗ്രസിന്  മുന്നോട്ടു പോകാനാകില്ല. 

ബി.ജെ.പി ഒരുക്കിയ വിശ്വാസനിലത്തില്‍ നിന്ന് ഇനിയും മേലനങ്ങാതെ ഏറെ വിളവെടുപ്പ് കാത്തിരിക്കേണ്ടെന്നും പാര്‍ട്ടി പഠിച്ചാല്‍ നല്ലത്. ഒപ്പം തോല്‍ക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ളവരല്ല പാര്‍ട്ടിയിലെ വനിതകളെന്ന് അരൂരില്‍ ഇരുന്ന് നൂറാവര്‍ത്തി പ്രായശ്ചിത്തജപം നടത്തുന്നതും നന്നായിരിക്കും. എറണാകുളം പറയുന്നത് കേള്‍ക്കാം, കേള്‍ക്കാതിരിക്കാം. പക്ഷേ മഞ്ചേശ്വരം പോലും ദീര്‍ഘനിശ്വാസത്തിന്റെ ആശ്വാസമാകില്ലെന്ന് ബി.ജെ.പിയുടെ ഉറച്ച നില്‍പ് കണ്ടു തിരിച്ചറിയാതിരിക്കുന്നത് അബദ്ധമാകും. 

ശബരിമലയെ സുവര്‍ണാവസരമാക്കിയ അവസരവാദരാഷ്ട്രീയം വിശ്വാസികള്‍ പോലും തിരിച്ചറിഞ്ഞുവെന്ന് ബി.ജെ.പിക്കും മനസിലാക്കാം. പക്ഷേ  നേതാക്കളെ മിസോറമിലേക്കു നാടുകടത്തുന്ന ജനാധിപത്യസംഘടനയ്ക്ക് കേരളത്തെ ശരിയായി മനസിലാക്കാനാകുന്നില്ലെന്ന് വ്യക്തമാണ്. പക്ഷേ ഈ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. പ്രകടനം ഇടതു–വലതുമുന്നണികള്‍ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.

ഇതും ജനാധിപത്യവഴികളെന്ന് സമാധാനിച്ച് ശ്രീധരന്‍ പിള്ളയ്ക്ക് മിസോറം ലക്ഷ്യമാക്കി വിമാനം കയറാം. അടുത്ത ഊഴം ആര്‍ക്കെന്ന് പാര്‍ട്ടി അണികള്‍ സാകൂതം കാത്തിരിക്കുന്നു. പക്ഷേ ജാതിയും മതവും വിശ്വാസവും മുതലെടുത്തു കേരളത്തില്‍ മുന്നേറാനാകുമോ എന്നൊരു ചോദ്യം ബി.ജെ.പിക്കു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു. കോന്നിയിലും മഞ്ചേശ്വരത്തും പ്രതീക്ഷിച്ച തിരിച്ചടിയുണ്ടായില്ലെങ്കിലും വട്ടിയൂര്‍ക്കാവിലെ ജനവിധി സംസ്ഥാനനേതൃത്വത്തിന്റെ വീഴ്ച മാത്രമായിരുന്നോ? ഡല്‍ഹിയിലെ കടിഞ്ഞാണുകള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതാണോ കേരളരാഷ്ട്രീയം? മഞ്ചേശ്വരത്തൊഴികെ  ഉപതിരഞ്ഞെടുപ്പു നടന്ന എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്കു തിരിച്ചു വീണു ബി.ജെ.പി. അതില്‍ വിജയപ്രതീക്ഷ പുലര്‍ത്തിയ വട്ടിയൂര്‍ക്കാവിലെ വീഴ്ച പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. പക്ഷേ കോന്നിയില്‍ കെ.സുരേന്ദ്രന്‍ നാലു ശതമാനം തിരിച്ചടിയില്‍ പിടിച്ചുനിന്നുവെന്നത് ഇടതുമുന്നണിയും യു.ഡി.എഫുമാണ് വിലയിരുത്തേണ്ടത്. 

എല്ലാ മുന്നണികള്‍ക്കും കൊടുക്കേണ്ടതു കൊടുത്തും, തിരുത്തേണ്ടതു തിരുത്തിയുമാണ് കേരളം വോട്ടു കുത്തിയതെന്ന് സമാധാനിക്കാമെങ്കിലും കോന്നിയിലെയും മഞ്ചേശ്വരത്തെയും വോട്ടുകണക്കുകള്‍ കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയവോട്ടര്‍മാരാണ് തങ്ങളെന്ന ജനതയുടെ പ്രഖ്യാപനം തന്നെയാണ് പ്രതീക്ഷയുടെ കാഴ്ച. പിന്തുണയെന്നത് സകല ഉപാധികളോടെയുമാണ് എന്ന് വോട്ടര്‍മാര്‍ വ്യക്തമായി പ്രഖ്യാപിക്കുന്നിടത്താണ് ജനാധിപത്യം പ്രത്യാശയോടെ മുന്നോട്ടു പോകുന്നത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...