ഈ കൂട്ടമരണങ്ങളിൽ ചിലതെങ്കിലും നമുക്ക് തടയാമായിരുന്നില്ലേ?

parayathe-vayya05
SHARE

ഏറ്റവും പ്രിയപ്പെട്ടവരെ 14 വര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്താന്‍  മനുഷ്യര്‍ക്ക് കഴിയുമോ? പിഞ്ചുകുഞ്ഞടക്കം ആറു പേരെ ഒന്നരപതിറ്റാണ്ട് കാത്തിരുന്നു കൊലപ്പെടുത്തി ജീവിതം കെട്ടിപ്പടുക്കാന്‍ തീരുമാനിക്കുന്ന മനുഷ്യര്‍ക്കിടയിലാണോ നമ്മള്‍ ജീവിക്കുന്നത്?  ​ഞെട്ടലുകള്‍ക്കും അപലപിക്കലുകള്‍ക്കുമപ്പുറം സമൂഹം ജാഗ്രത കാണിക്കേണ്ട ചില വശങ്ങള്‍ ഈ സംഭവം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്

കൊടുംക്രൂരതയെന്നും മനഃസാക്ഷി മരവിപ്പിക്കുന്നതെന്നും സാധാരണ മനുഷ്യര്‍ ഞെട്ടുന്ന കൊലപാതകപരമ്പര പുറത്തുവന്നിരിക്കുന്നത് കോഴിക്കോട് കൂടത്തായിയില്‍ നിന്നാണ്. ഒരു കുടുംബത്തിലെ ആറു പേര്‍ 14 വര്‍ഷത്തിനിടെ അസ്വഭാവികമായി മരണപ്പെട്ടു. 2002ലാണ് ആദ്യമരണം. പൊന്നാമറ്റം കുടുംബത്തിലെ റിട്ട. അധ്യാപിക അന്നമ്മയാണ് ആദ്യം മരിക്കുന്നത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ആറു വര്‍ഷങ്ങള്‍ക്കു ശേഷം 2008ല്‍ അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും കുഴഞ്ഞു വീണു മരിക്കുന്നു. 67 വയസുണ്ടായിരുന്ന ടോം തോമസിന്റെ മരണം വാര്‍ധക്യസഹജമെന്ന നിഗമനത്തില്‍ കൂടുതല്‍ അന്വേഷിക്കപ്പെടാതെ അവസാനിക്കുന്നു. തുടര്‍ന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ 2011ല്‍ ടോം തോമസിന്റെ മകന്‍ റോയ് തോമസും സമാനമായ രീതിയില്‍ കുഴ‍ഞ്ഞു വീണു മരിക്കുന്നു. റോയ് തോമസിന്റെ മരണത്തില്‍ പക്ഷേ ബന്ധുക്കളും നാട്ടുകാരും സംശയമുയര്‍ത്തി. പോസ്റ്റ്മോര്‍ട്ടവും നടത്തി. സയനൈ‍ഡ് ഉള്ളില്‍ച്ചെന്നതായി കണ്ടെത്തിയെങ്കിലും ആത്മഹത്യയെന്ന പേരില്‍ വിശദമായ അന്വേഷണത്തിലേക്കെത്തിയില്ല. അസ്വാഭാവികമരണത്തിന് കേസെടുത്തെങ്കിലും വ്യക്തമായ അന്വേഷണം നടന്നില്ല. 

രണ്ടു വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യുവും സമാനമായ ലക്ഷണങ്ങളാല്‍ മരിക്കുന്നു. പക്ഷേ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. നേരത്തെ നടന്ന മരണങ്ങളില്‍ പരസ്യമായി സംശയം പ്രകടിപ്പിച്ചിരുന്നു മാത്യു എന്ന് നാട്ടുകാര്‍ പറയുന്നു. മാത്യു മരിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ടോം തോമസിന്റെ സഹോദരന്‍റെ മകന്‍ ഷാജുവിന്റെ മകള്‍ ഒന്ന‌രവയസുള്ള ആല്‍ഫൈന്‍റെ മരണം. കുഞ്ഞ് രണ്ടു ദിവസം ആശുപത്രിയില്‍ ചികില്‍സിച്ചിരുന്നു. കുഞ്ഞ് മരിച്ച് രണ്ടു വര്‍ഷം തികയും മുന്‍പ്  അമ്മ ഫിലിയും മരണപ്പെടുന്നു. തുടര്‍ന്ന് ഷാജുവും ജോളിയും വിവാഹിതരായി. കുറ്റകൃത്യങ്ങളില്‍ തനിക്ക് മനസറിവില്ലെന്ന് സാക്ഷ്യപ്പെടുത്തിയ ഷാജു തെളിവുകളെ വിശ്വസിക്കാനും തയാറാണ്

ഇത്രയും മരണങ്ങള്‍ ഒരേ കുടുംബത്തില്‍ തുടര്‍ച്ചയായി സംഭവിച്ചിട്ടും കാര്യമായ അന്വേഷണമോ പരിശോധനകളോ നടന്നില്ല എന്നതാണ് ഏറ്റവും അസ്വാഭാവികം. ഒറ്റപ്പെട്ട സംശയങ്ങളിലും സംസാരങ്ങളിലും ഒതുങ്ങി സമൂഹത്തിന്റെ ഇടപെടല്‍. അസ്വാഭാവിക മരണങ്ങളിലുണ്ടാകേണ്ട ശാസ്ത്രീയപരിശോധനകളോ പോസ്റ്റ്മോര്‍ട്ടമോ പോലും നടന്നില്ല. 

കൊല്ലപ്പെട്ട റോയിയുടെ ഭാര്യ ജോളിയെ കേന്ദ്രീകരിച്ചാണ്  ക്രൈംബ്രാ‍ഞ്ച് സംഘത്തിന്റെ അന്വേഷണം . ബന്ധുവായ ജ്വല്ലറി ജീവനക്കാരനാണ്  പൊട്ടാസ്യം സയനൈഡ് എത്തിച്ചതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ജോളിയടക്കം മൂന്നു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കുടുംബസ്വത്തുക്കള്‍ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന സംശയത്തിലാണ് മറ്റു ബന്ധുക്കള്‍ ജോളിക്കെതിരെ പരാതിയുമായെത്തുന്നതും ദുരൂഹമരണങ്ങളിലേക്ക് അന്വേഷണം എത്തുന്നതും. സംശയവിധേയര്‍ കുറ്റക്കാരാാണോ എന്ന് അന്വേഷണഏജന്‍സികളാണ് തെളിയിക്കേണ്ടത്. പക്ഷേ കൂട്ടമരണങ്ങള്‍ തടയാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് അവരല്ല. 

എന്നുവച്ചാല്‍ കൃത്യമായി നേരത്തെ ഇടപെടലുണ്ടായിരുന്നെങ്കില്‍ മരണങ്ങളുടെ പരമ്പര തടയാന്‍ കഴിയുമായിരുന്നോ എന്നതാണ് സമൂഹത്തിനു നേരെയുള്ള ചോദ്യം. . ചില ജീവനുകളെങ്കിലും രക്ഷിക്കാനുമാകുമായിരുന്നുവെന്നു വിശ്വസിക്കേണ്ടി വരും. കുറ്റകൃത്യം തിരിച്ചറിയാനും കൂടുതല്‍ മരണങ്ങള്‍ തടയാനും കഴിയാതെ പോയത് സമൂഹത്തിന്റെ കൂടി  ഉത്തരവാദിത്തമല്ലേ?

റോയ് തോമസിന്റെ അസ്വാഭാവികമരണത്തില്‍ കണ്ടെത്തിയ പൊട്ടാസ്യം സയനെഡ് എവിടെ നിന്നു കിട്ടിയെന്നു പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ പോലും ദൂരുഹമരണങ്ങളുടെ പരമ്പര തടയാനാകുമായിരുന്നു. അതുണ്ടായില്ല. വലിയ ആസൂത്രണവും കുറ്റവാസനയും ഈ മരണങ്ങള്‍ക്കു പിന്നിലുണ്ടായിട്ടുണ്ടെന്നത് വ്യക്തം.  വിശദാംശങ്ങള്‍  പുറത്തു വരാനിരിക്കുന്നു. സയനെഡ് നേരിട്ടും സ്ളോ പോയിസനിങും ഉപയോഗിച്ചാണ് മരണപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. 

റോയ് തോമസിന്റെ സഹോദരിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ക്ക് വീട്ടിലേക്ക് പോകാന്‍ പോലും ഭയമായിരുന്നുവെന്നും പുറത്തു വരുമ്പോള്‍ നിസഹയാരായ ആറു മനുഷ്യര്‍ മരണത്തിനു കീഴടങ്ങിയ ദുരൂഹത ചോദ്യചിഹ്നമാകുന്നു. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട മാനസികാവസ്ഥയില്‍ സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്താന്‍ പൊലീസ് മടിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ സംശയങ്ങള്‍ ദൂരികരിക്കാന്‍ കൂടിയാണ് പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ നിയമവ്യവസ്ഥകള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. 

സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഓരോ മനുഷ്യനും പരസ്പരം ഒരു നീതി പ്രതീക്ഷിക്കുന്നുണ്ട്. തനിക്കു നേരെ അനീതിയെത്തിയാല്‍ സമൂഹം ഇടപെടുമെന്നും കവചം തീര്‍ക്കുമെന്നുമുള്ള സ്വാഭാവിക വിശ്വാസമാണ് കൂടത്തായിയില്‍ തകര്‍ന്നു പോയത്. കുറ്റവാളികള്‍ ആസൂത്രണം ചെയ്താല്‍ ഏതു രീതിയിലും എത്ര ഇടവേളയ്ക്കു ശേഷവും ഇതുപോലെ മനുഷ്യര്‍ കൊല്ലപ്പെടാം എന്നത് സമൂഹത്തിനാകെ ജാഗ്രതയും മുന്നറിയിപ്പുമാകേണ്ടതുണ്ട്. കുറ്റവാസന  തിരിച്ചറിയാനും മറ്റു മനുഷ്യര്‍ക്ക് ഭീഷണിയാകാതിരിക്കാനും മാനസികാരോഗ്യത്തെക്കുറിച്ച് വലിയ അവബോധം സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...