വയനാട് കേരളത്തിന്റെ പുറമ്പോക്കാണോ?

Parayathe05
SHARE

വയനാട്ടിലെ ജനങ്ങള്‍ കേരളത്തിലെ പുറമ്പോക്കുകാരാണോ? വയനാട്ടിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളാണോ? രാത്രിയാത്രാനിരോധനത്തോടു പൊരുത്തപ്പെട്ടു ജീവിക്കുന്ന വയനാടന്‍ ജനതയുടെ വഴി പൂര്‍ണമായി അടച്ചു കളയാമെന്ന് ആരു തീരുമാനിച്ചാലും അത് അംഗീകരിക്കാവുന്നതാണോ? ഒരു ജനതയുടെ അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്ന നടപടി കേരളം നിസംഗമായി നോക്കിനില്‍ക്കുന്നതെന്തുകൊണ്ടാണ്? 

യാത്രാനിരോധനമെന്ന് കേരളത്തില്‍ മറ്റുള്ളവര്‍ കേള്‍ക്കുന്നതുപോലെയല്ല, വയനാട്ടിലെ ജനത കേള്‍ക്കുന്നത്. വയനാട്ടുകാര്‍ക്ക് നിരോധിക്കപ്പെടുന്നത് യാത്രയല്ല, ജീവിതം തന്നെയാണ്. പത്തു വര്‍ഷമായി രാത്രിയാത്രാനിരോധനം നേരിടുന്നവരാണ് വയനാട്ടുകാര്‍. വയനാട്് മുത്തങ്ങയിലൂടെ കടന്നുപോകുന്നവരെല്ലാം ഏറെക്കുറെ രാത്രിയില്‍ യാത്ര പറ്റില്ലെന്ന അവസ്ഥയോട് പൊരുത്തപ്പെട്ടിരുന്നു. പ്രകൃതിയും മനുഷ്യനും പൊരുത്തപ്പെട്ടു ജീവിച്ചേ തീരൂവെന്ന വസ്തുത ഉള്‍ക്കൊണ്ടാണ് ഈ മനുഷ്യര്‍ ഇക്കാലം ജീവിച്ചത്. ഈ മനുഷ്യരോടാണ് ഇനി പൂര്‍ണമായും ആ വഴി നിരോധിച്ചുകൂടേ എന്നു സുപ്രീംകോടതി ചോദിക്കുന്നത്. ചോദ്യമുന്നയിക്കുന്നവരെല്ലാം ചൂണ്ടിക്കാണിക്കുന്നത് പരിസ്ഥിതി മൃഗസംരക്ഷണമാണ്. വയനാട്ടുകാര്‍ക്ക് തിരിച്ചൊരു ചോദ്യമേയുള്ളൂ. വയനാട്ടിലെ മനുഷ്യര്‍ക്ക് അവകാശങ്ങളില്ലേ? ഈയൊരു പാതയും വയനാടിന്റെ ജീവിതവുമായുള്ള ബന്ധം നിങ്ങള്‍ക്കറിയാമോ?

ബന്ദിപ്പൂര്‍ വനമേഖലയിലെ സമ്പൂര്‍ണഗതാഗതനിരോധനം എന്ന ആശങ്കയ്ക്ക് വലിയൊരു പശ്ചാത്തലമുണ്ട്. പത്തു വര്‍ഷം മുന്‍പ് 2009 ജൂണ്‍ 14നാണ് രാത്രിയാത്ര നിരോധിച്ചുകൊണ്ട് ആദ്യത്തെ ഉത്തരവിറങ്ങുന്നത്. വനംവകുപ്പിന്റെ ആവശ്യം പരിഗണിച്ച് കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലാകലക്ടര്‍ കേരളാ അതിര്‍ത്തി വരെ രാത്രിയാത്ര നിരോധിച്ചു. രാത്രി 9 മുതല്‍ രാവിലെ ആറു മണിവരെയായിരുന്നു നിരോധനം. ബന്ദിപ്പൂര്‍ വനമേഖലയിലെ 19.4 കിലോമീറ്ററിലാണ് നിരോധനം. കലക്ടറുടെ ഉത്തരവ് ജനകീയപ്രതിഷേധത്തെത്തെ തുടര്‍ന്ന് അന്നത്തെ യെഡിയൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചു. പക്ഷേ പരിസ്ഥിതിസംഘടനകള്‍ കോടതിയെ സമീപിച്ചു. ഒടുവില്‍ കര്‍ണാടക ഹൈക്കോടതി രാത്രിയാത്രാനിരോധനം ശരിവച്ചു. അതിനെതിരെ കേരളം നല്‍കിയ പരാതിയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഏറ്റവുമൊടുവില്‍ യാത്രാനിരോധനം പകലും നടപ്പാക്കിക്കൂടേ എന്ന സുപ്രീംകോടതിയുടെ ചോദ്യമാണ് ഇപ്പോള്‍ വയനാടിനെ പിടിച്ചു കുലുക്കിയത്. സുപ്രീംകോടതി ഒരു സാധ്യത മുന്‍നിര്‍ത്തിയെന്നു കരുതി സമാധാനിക്കാനാകില്ല വയനാട്ടുകാര്‍ക്ക്. കാരണം മുന്‍ അനുഭവങ്ങളില്‍ നിന്ന് കാര്യങ്ങള്‍ എങ്ങോട്ടു പോകുമെന്ന ആശങ്ക തീര്‍ത്തും ന്യായമാണ്. ബദല്‍ പാതയെന്നും മുഴുനീള മേല്‍പാലമെന്നുമുള്ള ആവശ്യങ്ങള്‍ അപ്രായോഗികമാണെന്ന് വയനാട്ടുകാരേക്കാള്‍ നന്നായി അറിയാവുന്നവരില്ല. 

മാനന്തവാടി–കുട്ട– ഗോണിക്കുപ്പ –ഹുന്‍സൂര്‍ വഴി മൈസൂരിലെത്തുന്ന ബദല്‍പാത വീതികൂട്ടി ഉപയോഗപ്പെടുത്താമോ എന്നാണ് സുപ്രീംകോടതി കേന്ദ്രത്തോട് ആരാഞ്ഞത്.  എന്നാല്‍ മാനന്തവാടി–കുട്ട– ഗോണിക്കുപ്പ റോഡില്‍ ഇരുപത്തഞ്ച് കിലോമീറ്റര്‍ വനമുണ്ട്. ഇത്രയും സ്ഥലത്ത് വീതി കൂട്ടേണ്ടിവരും. കാട്ടിക്കുളം മുതല്‍ തോല്‍പ്പെട്ടി വരെ വയനാട് വന്യജീവി സങ്കേതത്തിന്റെ ഉള്ളിലൂടെയാണ് യാത്ര. വനത്തിന് നടുവിലൂടെ 13 കിലോമീറ്റര്‍ സഞ്ചരിക്കണം. കുട്ടയെത്തുമ്പോള്‍ ഇരുവശവും സ്വകാര്യവ്യക്തികളുടെ എസ്റ്റേറ്റുകളും തോട്ടങ്ങളുമാണ് . ഗോണിക്കുപ്പയില്‍ നിന്ന്  അല്‍പം മുന്നോട്ട് പോയാല്‍ തിത്തുമത്തി. അവിടെ മുതല്‍ നാഗര്‍ഹോള കടുവാസങ്കേതം ആരംഭിക്കും. വീണ്ടും 12 കിലോമീറ്റര്‍ കാട്ടിനുള്ളിലൂടെയാണ് യാത്ര. അതായത് ബദല്‍പാതയെന്നു സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്ന മേഖല ഇതിനേക്കാള്‍ ദൂരത്തില്‍ വന്യമൃഗസങ്കേതങ്ങളാണ്. ഈ റോഡ് വീതി കൂട്ടി ബദല്‍ സംവിധാനമാക്കിയാലും ദേശീയപാത 766നു ബാധകമായ അതേ കാരണങ്ങള്‍ ഇവിടെയും നാളെ ഉയര്‍ന്നു വരുമെന്നുറപ്പ്. പ്രശ്നം വയനാടിന്റെ താല്‍പര്യം മുന്‍നിര്‍ത്തി പരിഹരിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര‍്ത്തിക്കുന്നതല്ലാതെ എങ്ങനെ എന്ന് ഒരു നിശ്ചയവും സര്‍ക്കാരിനുമില്ല. തീരുമാനം പറയാന്‍ പോകുന്നത് സുപ്രീംകോടതിയാണെന്നതാണ് വയനാടിന്റെ ഉറക്കം കെടുത്തുന്നത്. സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കോടതിയെ ചാരി എളുപ്പത്തില്‍ കൈകഴുകാം. പക്ഷേ വയനാടിന്റെ ജീവിതം തീരുമാനിക്കാന്‍ സുപ്രീംകോടതിക്ക് വിട്ടുകൊടുത്തതാരാണ്? ഈ ചോദ്യത്തിന് ആദ്യം മറുപടി പറയേണ്ടത് നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും മറുപടി പറയാന്‍ ബാധ്യസ്ഥരുമാണ്. 

ദേശീയ പാത 212 ആണ് പേരു മാറി ദേശീയ പാത 766 ആയത്. ഈയൊരു പാതയ്ക്ക് വയനാടിന്റെ ജീവിതത്തിലുള്ള സ്വാധീനമറിഞ്ഞുകൊണ്ടു മാത്രമേ യാത്രാനിരോധനം എന്ന പ്രശ്നത്തെ സമീപിക്കാനാകൂ. വയനാട് ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് അതിന്റെ സവിശേഷതയും പരിമിതിയും. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ എവിടെ നിന്നായാലും ചുരം കയറിയല്ലാതെ വയനാട്ടില്‍ എത്താനാകില്ല. നാലു ചുരങ്ങളുണ്ടെങ്കിലും ഇതേ ദേശീയപാതയിലുള്ള താമരശേരി ചുരമാണ് പ്രധാന പ്രവേശനകവാടം.  ചുരമിടിഞ്ഞാല്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ഗതാഗതബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലെത്തുന്ന ഭൂപ്രദേശമാണ് വയനാട്. ചുരത്തിലൂടെയല്ലാതെ വയനാട്ടിലെത്താവുന്ന വഴികളെല്ലാം അയല്‍സംസ്ഥാനങ്ങളിലേക്കുള്ളതാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് ദേശീയപാത 766.

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായുമെല്ലാം കേരളം ഏറ്റവുമവസാനം പരിഗണിക്കുന്ന ജില്ലയാണ് വയനാടെന്നതിന് സാക്ഷ്യങ്ങള്‍ ഏറെയുണ്ട്. സ്വാഭാവികമായിക്കൂടി സംഭവിക്കുന്ന ഈ വികസനമുരടിപ്പിലും വയനാട് പിടിച്ചു നിന്നത് കര്‍ണാടകയുമായുള്ള , പ്രത്യേകിച്ച് ബെഗളൂരുവും മൈസുരുവുമായുള്ള ഗതാഗത വ്യാപാര ബന്ധങ്ങളിലൂടെയാണ്. വിദഗ്ധചികില്‍സ ലഭിക്കണമെങ്കില്‍ കര്‍ണാടകയിലേക്ക്, വ്യാപാരത്തിന് കര്‍ണാടകയിലേക്ക്, വിദ്യാഭ്യാസത്തിനും ആശ്രയം കര്‍ണാടകയിലേക്ക്. തിരിച്ച് കര്‍ണാടകയിലെ വന്‍നഗരങ്ങളില്‍ നിന്നുള്ള വ്യാപാരികളും വിനോദസഞ്ചാരികളും വയനാടിന്റെ സമ്പദ്ഘടനയെയും സഹായിക്കുന്നു. കൃഷിനാശവും പ്രളയവും തകര്‍ത്തു കളഞ്ഞ വയനാട് ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത് ഈയൊരു പാതയിലൂടെ എളുപ്പത്തില്‍ സാധ്യമാകുന്ന യാത്രയുടെ ബലത്തിലാണ്. അവിടേക്കാണ് രാത്രി കൂടി യാത്ര നിരോധിച്ചാലോ എന്ന ചോദ്യവുമായി സുപ്രീംകോടതി എത്തുന്നത്. ഒരു ജനതയുടെ മനുഷ്യാവകാശങ്ങളപ്പാടെ ലംഘിക്കുന്ന ചോദ്യമാണ് സുപ്രീംകോടതി ചോദിച്ചത്. അത് സുപ്രീംകോടതിക്കറിയില്ലെങ്കില്‍ അതു ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടവരെല്ലാം പരാജയപ്പെട്ടു എന്നാണര്‍ഥം. ആ ചോദ്യം സുപ്രീംകോടതി ഉത്തരവായെത്തിയാല്‍ ഒന്നോര്‍ക്കുക, കേരളത്തിന്റെ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളോട് വയനാടിന് പൊറുക്കാനാകില്ല.

രാഹുല്‍ഗാന്ധി മറന്നതാണെങ്കില്‍ ഒന്നു മാത്രം ഓര്‍മിപ്പിക്കുന്നു. വയനാട് രാത്രിയാത്രാനിരോധനം നേരിട്ട ഈ പത്തുവര്‍ഷത്തിനിടയില്‍ കേന്ദ്രത്തിലും കേരളത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന കാലമുണ്ട്. അന്ന് ഇതേ ആത്മാര്‍ഥത തോന്നിയിരുന്നെങ്കില്‍ ഇന്ന് സുപ്രീംകോടതിയില്‍ വാദിച്ച് ജയിക്കാന്‍ പാര്‍ട്ടി അഭിഭാഷകരെ പറഞ്ഞയക്കേണ്ടി വരില്ലായിരുന്നു. ബി.ജെ.പി നിലപാടാണ് മറ്റൊരു വൈരുധ്യം. വയനാട്ടില്‍ ബി.െജ.പിക്കാരും നിരാഹാരസമരം കിടക്കുന്നു. പരിസ്ഥിതിയെ തകര്‍ക്കുന്ന ഒരു നീക്കത്തിനുമില്ലെന്ന് കര്‍ണാടകയില്‍ യെഡിയൂരപ്പ പ്രഖ്യാപിക്കുന്നു. 

ജനജീവിതത്തെ ഇത്രമേല്‍ ബാധിക്കുന്ന ഒരു ജീവല്‍പ്രശ്നം കോടതികള്‍ക്കു വിട്ടുകൊടുത്തിടത്തു തുടങ്ങുന്നു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പരാജയം. പരിസ്ഥിതിയെയും ജീവജാലങ്ങളെയും ബാധിക്കാതിരിക്കാന്‍ ഏതു തരത്തിലുള്ള നിയന്ത്രണവും ക്രമീകരിക്കാമായിരുന്നു. ശാസ്ത്രീയമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ വേഗനിയന്ത്രണവും സമയക്രമീകരണവും സാധ്യമായിരുന്നു. പൂര്‍ണമായി യാത്ര നിരോധിക്കുക എന്ന സാധ്യതയൊഴിവാക്കാന്‍ ഏതു ക്രമീകരണത്തിനും വഴികള്‍ തേടാമായിരുന്നു. ഈ പത്തു വര്‍ഷത്തിനിടയില്‍ പക്ഷേ ഒരു രാഷ്ട്രീയപാര്‍ട്ടിയും വയനാടിന്റെ ആധി ശരിയായി മനസിലാക്കിയില്ല. വയനാടിന്റെ സ്പന്ദനങ്ങള്‍ ഈയൊരു ദേശീയപാതയുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നു പോലും രാഷ്ട്രീയഭരണനേതൃത്വം ഉള്‍ക്കൊണ്ടിട്ടില്ല. പല തവണ ശ്രമിച്ചിരുന്നു, കര്‍ണാടക വഴങ്ങിയില്ല, കേന്ദ്രം സഹകരിച്ചില്ല എന്നീ ന്യായങ്ങള്‍ UDF–LDF സര്‍ക്കാരുകള്‍ക്കുണ്ടാകും. രാത്രിയാത്രാനിരോധനം നീക്കാനായിരുന്നു അന്നാ നടത്തിയ ശ്രമങ്ങളെങ്കില്‍ ഇന്ന് പൂര്‍ണമായും വഴിയടഞ്ഞു പോയേക്കും എന്ന ഇടിത്തീയാണ് വയനാടിനുമേല്‍ തൂങ്ങിനില്‍ക്കുന്നത്. കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇപ്പോഴും വയനാട് നേരിടുന്ന ഭീഷണിയെ ഗൗരവമായി കണക്കിലെടുത്ത് രംഗത്തിറങ്ങിയിട്ടില്ല. യുവജനസംഘടനകളുടെ നിരാഹാരസമരമാകട്ടെ ഇനിയെങ്ങോട്ട് എന്നറിയാതെ പ്രതിസന്ധിയിലാണ്. യാത്രാനിരോധനം വന്നാല്‍ വയനാടിനെ  ബാധിക്കുന്ന പ്രശ്നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനായോ എന്നതാണ് ഇപ്പോഴത്തെ  പ്രശ്നം. പിണറായി സര്‍ക്കാരാണ് അത് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്തിട്ടുണ്ടോ? 

രാത്രിയാത്രാനിരോധനം ചോദ്യം ചെയ്തെത്തിയ ഹര്‍ജിയിലാണ് സുപ്രീംകോടതി പൂര്‍ണനിരോധനത്തിന് സാധ്യത തേടുന്നത് എന്നതാണ് വിരോധാഭാസം. കോടതിയുടെ മുന്നിലെത്തിയ നിയമപ്രശ്നത്തിന്റെ പരിധിക്കപ്പുറം കോടതി ഇടപെടുകയാണ്. മരട് ഫ്ളാറ്റ് പ്രശ്നത്തിലും അതു കേരളം കണ്ടതാണ്. പരിസ്ഥിതിക്കു വേണ്ടിയെന്ന വ്യാഖ്യാനം വരുന്നതേോടെ മറുചോദ്യങ്ങള്‍ ഉയര്‍ത്താനാകാതെ മനുഷ്യര്‍ നിസഹായരാകുന്നു. പരിസ്ഥിതിയെന്നാല്‍ മനുഷ്യനും ചേര്‍ന്നതല്ലേ എന്ന സ്വാഭാവിക ചോദ്യം പോലും ഉയരുന്നില്ല. കോടതിയുടെ തീരുമാനത്തിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കാന്‍ വയനാടിനെ വിട്ടുകൊടുത്തതാരാണ്? നിയമപരിശോധനയിലേക്കെത്തിയ ഒരു വിഷയത്തില്‍ ഇനി സമരം നടത്തിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ? . ജനവികാരം ഇളക്കിവിട്ട് കോടതിയെ നേരിടാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം മരടില്‍ നേരിട്ടതല്ലേ കേരളം?  സമരവും പ്രതിരോധവും നടത്താന്‍ പോലും വൈകിയിരിക്കുന്നുവെന്ന് അംഗീകരിക്കുമോ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍?  വയനാടിന്റെ യാത്രാപ്രശ്നത്തില്‍ സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ പരാജയപ്പെടുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് യുവജനങ്ങള്‍ 

സമരത്തിനിറങ്ങിയത്. പക്ഷേ ഇനി സമരം കൊണ്ടും എന്തു ഫലം എന്ന ചോദ്യത്തിന് സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും മറുപടി പറയണം. എല്ലാം കോടതിക്ക് വിട്ടു കൊടുത്തിട്ട് വിധി വരുമ്പോള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്ന് പറയുന്നതു കേട്ടുനില്‍ക്കണോ കേരളം? സത്യസന്ധതയില്ലാത്ത സമീപനമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ വയനാട്ടില്‍ സ്വീകരിച്ചത്. 

ജനകീയ പ്രശ്നങ്ങള്‍ കോടതിയുടെ മുന്നിലെത്തുന്നതുമുന്‍പ് പരിഹരിക്കുകയെന്നത് ജനാധിപത്യരാഷ്ട്രീയത്തിന്റെ ബാധ്യതയാണ്. നിയമപ്രശ്നങ്ങളാണ് കോടതികളില്‍ തീര്‍ക്കേണ്ടത്. രാഷ്ട്രീയഭരണകൂടങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ നിയമനിര്‍മാണത്തിലൂടെ തന്നെ പരിഹരിക്കാമായിരുന്നതാണ് വയനാടിന്റെ പ്രശ്നം. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ നിലനില്‍ക്കുന്ന പാതയാണിത്. ‌‌ 2004 നും 2007 നും ഇടയില്‍ ബന്ദിപ്പൂര്‍ ഭാഗത്ത്  215 വന്യജീവികള്‍ കൊല്ലപ്പെട്ടു എന്നാണ് വിവിധ പരിസ്ഥിതി സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിവരം. ഇത് പെരുപ്പിച്ച് കാട്ടുന്ന കണക്കാണെന്ന്  സമരസമിതി ആരോപിക്കുന്നു. 2000 മുതല്‍ 2010 വരെ 12 മൃഗങ്ങളാണ്  കൊല്ലപ്പെട്ടത് എന്നാണ് ബന്ദിപ്പൂര്‍ കടുവാ സങ്കേതം തലവനില്‍ നിന്നും സമരക്കാരിലൊരാള്‍ക്ക് വിവരാവകാശ രേഖ പ്രകാരമുള്ള കണക്ക്. യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയ കാലയളവില്‍പ്പെട്ട 2010 മുതല്‍ 2019 വരെ ഏഴ് മൃഗങ്ങള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന വിവരാവകാശരേഖയും ലഭിച്ചിട്ടുണ്ടെന്ന് സമരസമിതി പറയുന്നു. വയനാട്ടുകാര്‍ ഇതിനോടു കൂട്ടിച്ചേര്‍ക്കുന്ന ഒരു ചോദ്യമുണ്ട്. 

രാത്രിയാത്രാനിരോധനം പിന്‍വലിക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നെങ്കിലും അത് പ്രായോഗികമായേക്കില്ല. എന്നാല്‍ പൂര്‍ണനിരോധനം വരുന്നത് അംഗീകരിക്കാവുന്നതല്ല. വന്യമൃഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇനിയും ക്രമീകരണങ്ങള്‍ കൊണ്ടുവരാം. പകല്‍ സമയത്ത് തന്നെ കര്‍ശനമായ വേഗനിയന്ത്രണം നടപ്പാക്കാം. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാം. ക്യാമറകള്‍ വച്ച് കര്‍ശനമായി നിരീക്ഷണം നടത്താം. ഇതു കൂടാതെ ഇതിനേക്കാള്‍ വന്യമൃഗസാന്ദ്രതയുള്ള വിദേശരാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയിട്ടുള്ള വൈൽഡ് ലൈഫ് ക്രോസിങ്സ് സ്ഥാപിച്ച് സ്വാഭാവികമായി പരിപാലിച്ചു വികസിപ്പിച്ചെടുക്കാം. വന്യമൃഗങ്ങളുടെ സുരക്ഷയ്ക്കായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഏതു മാര്‍ഗവും അവലംബിക്കാവുന്നതേയുള്ളു. പക്ഷേ അതിന്റെ പേരില്‍ ഒരു ജനതയെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്ന തീരുമാനങ്ങള്‍ വയനാട്ടുകാരോടുള്ള കടുത്ത മനുഷ്യാവകാശലംഘനമാണ്. 

വയനാടിന്റെ അതിര്‍ത്തിയിലെ പ്രകൃതിയും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. അത് ഈ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ മനുഷ്യരെ പുറത്താക്കി എങ്ങനെയാണ് പരിസ്ഥിതി മാത്രമായി സംരക്ഷിക്കുക? മനുഷ്യര്‍ മാത്രമാണ് പ്രശ്നം, അവര്‍ പുറത്തു നില്‍ക്കട്ടെ, നമുക്ക് പ്രകൃതിയെ ഒറ്റപ്പെടുത്തി സംരക്ഷിക്കാമെന്ന് എങ്ങനെയാണ് ഒരു ആധുനികസമൂഹത്തിന് അംഗീകരിക്കാനാകുക? മനുഷ്യനും പ്രകൃതിയും പരസ്പരബഹുമാനത്തോടെ, സഹവര്‍ത്തിത്തത്തോടെ ചേര്‍ന്നു പോകുന്ന വ്യവസ്ഥയാണ്  ഉണ്ടാകേണ്ടത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...