ജനങ്ങളെ ചെറുതായി കാണരുത്; പാലായിലെ പാഠം

pva
SHARE

കുത്തകരാഷ്ട്രീയത്തിന്റെ കെട്ടു പൊട്ടിച്ച് പാലാ മാണി സി.കാപ്പനെ തിരഞ്ഞെടുത്തു. ശബരിമല സുപ്രീംകോടതി വിധിയ്ക്ക് ഒരു വര്‍ഷം തികയുന്ന വേളയിലെത്തിയ  പാലാ ജനവിധി മുന്നണികള്‍ക്കും ജനതയ്ക്കും ഉള്‍ക്കൊള്ളാന്‍ പാഠങ്ങള്‍ ഏറെ മുന്നോട്ടു വയ്ക്കുന്നുണ്ട്

54 വര്‍ഷത്തിനു ശേഷം പാലാ ജനപ്രതിനിധിയുടെ പേര് ചെറുതായൊന്നു മാറി. കെ.എം.മാണിക്കു പകരം മാണി സി.കാപ്പനെ പാലാക്കാര്‍ എം.എല്‍.എ ആയി തിരഞ്ഞെടുത്തു. പേരില്‍ വലിയ മാറ്റമില്ലെങ്കിലും പാലായുടെ രാഷ്ട്രീയത്തില്‍ ചരിത്രപരമായ അട്ടിമറിയാണ് മാണി സി.കാപ്പനിലൂടെ ഇടതുമുന്നണി നടത്തിയത്.

 വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്ന ആത്മവിശ്വാസത്തിന് പാലായിലെ ജനങ്ങള്‍ തന്നെ ശക്തമായ തിരിച്ചടി കൊടുത്തു. പക്ഷേ കേരളാകോണ്‍ഗ്രസിലെ തമ്മിലടി മാത്രമല്ല ഇടതുസ്ഥാനാര്‍ഥിയുടെ വിജയകാരണമെന്നു വ്യക്തമാണ്. കാരണം തമ്മില്‍ പോരില്‍ മുന്നില്‍ നിന്ന ജോസഫ് വിഭാഗത്തിന് ആയിരത്തില്‍ താഴെ വോട്ടുകളേ മണ്ഡലത്തിലുള്ളൂവെന്ന് യു.ഡി.എഫുകാര്‍ തന്നെ പറയുന്നു. കെ.എം.മാണി അരനൂറ്റാണ്ട് അടക്കിവാണ മണ്ഡലം അദ്ദേഹത്തിന്റെ മരണം കാരണമുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ തന്നെ കേരളാകോണ്‍ഗ്രസിനെ കൈവിട്ടെങ്കില്‍ അതിന് ചെറുതല്ലാത്ത രാഷ്ട്രീയകാരണങ്ങളുണ്ട്. 

ജനങ്ങളെ മുഖവിലയ്ക്കെടുക്കേണ്ടതില്ല എന്ന യു.ഡി.എഫ് സമീപനത്തിനു  കിട്ടിയ തിരിച്ചടിയാണ് പാലായിലെ തിരിച്ചുകുത്ത്. പരസ്യമായ വാഗ്വാദങ്ങളും തൊഴുത്തില്‍ക്കുത്തും കണ്ടില്ലെന്നു നടിച്ച് വോട്ടര്‍മാര്‍ കൂടെനിന്നോളുമെന്ന അമിത ആത്മവിശ്വാസത്തിനു കിട്ടിയ പ്രഹരം. കേരളാകോണ്‍ഗ്രസിനു മാത്രമല്ല, യു.ഡി.എഫിനും വേണമെങ്കില്‍ തിരുത്താം. അതല്ലാതെ വീണ്ടും ശബരിമല മന്ത്രം ഉരുവിട്ടതുകൊണ്ട് ഫലമില്ലെന്ന് പാലാ പറഞ്ഞു തരുന്നുണ്ട് .

പാലായിലെ തിരിച്ചടി വിശദമായൊന്നു വിലയിരുത്തും മുന്‍പേ തന്നെ ശബരിമലയിലേക്കു കയറുന്നു കോണ്‍ഗ്രസ് നേതൃത്വം. പൊന്‍മുട്ടയിടുന്ന താറാവാണ് ശബരിമലയെന്ന കോണ്‍ഗ്രസ് വിശ്വാസത്തിനുള്ള മറുപടിയും പാലാക്കാര്‍ എഴുതിവച്ചിട്ടുണ്ട്. വെറും അഞ്ചു മാസം മുന്‍പു നടന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 ഉം നല്‍കിയ കേരളം അന്നെന്തു പറഞ്ഞു, ഇന്നെന്തു പറയുന്നു എന്നു വേറിട്ടറിയാനുള്ള രാഷ്ട്രീയപക്വത യു.ഡി.എഫ് നേതൃത്വം കാണിക്കേണ്ടതുണ്ട്. 

കേരളാകോണ്‍ഗ്രസിന്റെ ഭാവി കേരളാകോണ്‍ഗ്രസിന്റെ മാത്രം പ്രശ്നമാകുന്നതാണ് പാലായ്ക്കു ശേഷം കാണുന്നത്. തമ്മിലടി മുന്നോട്ടു പോകും, കേരളാകോണ്‍ഗ്രസ് മുന്നോട്ടു പോകുമോയെന്നതിന് ജോസും ജോസഫും തന്നെ ഉത്തരം കണ്ടെത്തും. അവനവനേക്കാള്‍ വലിയ രാഷ്ട്രീയലക്ഷ്യമില്ലാത്ത നേതാക്കളുടെ പാര്‍ട്ടികള്‍ക്ക് സംഭവിക്കുന്ന അനിവാര്യദുരന്തം  കേരളാകോണ്‍ഗ്രസിനേയും കാത്തിരിക്കുന്നു.

ജോസ് കെ.മാണിക്ക് നേതൃഗുണം തെളിയിക്കാനാകും വരെ കേരളാകോണ്‍ഗ്രസിന് കാത്തിരിക്കാനാകുമോ എന്നതാണ് ചോദ്യം . പാലായും പാര്‍ട്ടിയും പിടിക്കാന്‍ ജോസ് കെ.മാണി സ്വീകരിച്ച സമീപനം പാലാക്കാര്‍ തള്ളിക്കളഞ്ഞു. സ്ഥാനാര്‍ഥി നിര്‌ണയത്തില്‍ പോലും വിജയസാധ്യതയല്ല, വിധേയത്വമാണ് പരിഗണിച്ചത്. കെ.എം.മാണി കേരളരാഷ്ട്രീയത്തില്‍ അതികായനായി മാറിയത് മെയ്‍വഴക്കം കൊണ്ടു മാത്രമാണെങ്കില്‍ മാണിയുടെ മകന്‍ എന്ന ഒരൊറ്റ യോഗ്യത പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകില്ലെന്നതിന്റെ ആദ്യസൂചനയാണ് പാലാ. പി.ജെ. ജോസഫിന് കേരളാകോണ്‍ഗ്രസിന്റെ ഭാവി ഒരു പ്രശ്നവുമല്ല, ഇറങ്ങിച്ചെന്നാല്‍ ഇടതുമുന്നണി വാതിലുകള്‍ അടഞ്ഞുകിടക്കില്ലെന്ന ഉറപ്പും ജോസഫിന് ഇനിയും ആത്മവിശ്വാസമാകുകയേയുള്ളൂ. കേരളാകോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ തങ്ങള്‍ക്കു വേണ്ടിയുള്ളതേയല്ലെന്ന് ജനം തിരിച്ചറിഞ്ഞുവെന്നു മനസിലാക്കുന്നില്ലെങ്കില്‍ കേരളാകോണ്‍ഗ്രസ് ചരിത്രത്തിലേക്കു നടന്നു തുടങ്ങുന്ന ശബ്ദം ഇപ്പോഴേ കേള്‍ക്കാം. അധികാരവടംവലികളുടെ ഇരകളായി വോട്ടര്‍മാര്‍ എപ്പോഴും നിശബ്ദം നിന്നു തരില്ല. 

കോണ്‍ഗ്രസിന് ചെറുതായെങ്കിലും സാഹചര്യം മനസിലായിത്തുടങ്ങിയെന്ന സൂചനയാണ് അരൂരില്‍ ഷാനിമോള്‍ തിരികെ വന്നതിന്റെ പിന്നിലെങ്കില്‍ നല്ലത്. ലോക്സഭയിലേറ്റ കനത്ത തിരിച്ചടിക്ക് ആശ്വാസമായെത്തിയ പാലാ ഇടതുമുന്നണിക്കും നല്ലപാഠങ്ങള്‍ നല്‍കുന്നുണ്ട്.  വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാം എന്നതു മാത്രമല്ല പാല ഇടതുമുന്നണിക്കു നല്‍കുന്ന സമാശ്വാസം.  കൂടെപ്പോന്നത് പാലായാണ് എന്നതു തന്നെ ആത്മവിശ്വാസമാകും. ഭരണപക്ഷമെന്ന സ്വാധീനം, ചിട്ടയായ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം എന്നതിനൊപ്പം സമീപനങ്ങളില്‍ പ്രഖ്യാപിച്ച തിരുത്തലും വോട്ടര്‍മാര്‍ ഉള്‍ക്കൊണ്ടുവെന്ന് അവകാശപ്പെടാം. ശബരിമലയില്‍ അടിപതറി എന്ന ലോക്സഭാവിലയിരുത്തല്‍ ഒന്നുകൂടി വിശകലനം അര്‍ഹിക്കുന്നുവെന്നും പാലാ പറയുന്നുണ്ട്. 

അമിതാഹ്ളാദ പ്രകടനങ്ങള്‍ക്ക് പാലാ പ്രേരിപ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പോലും കരുതല്‍ പ്രകടമാണ്. തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളല്ല നിലപാടുകള്‍ നിര്‍ണയിക്കേണ്ടത് എന്നാവര്‍ത്തിച്ചു പറ‍ഞ്ഞിട്ടുള്ള ഇടതുപക്ഷത്തിനു സ്വയം അതു ബോധ്യമാകാന്‍  അഞ്ച് മണ്ഡലങ്ങള്‍ കൂടി വിധി നിര്‍ണയിക്കേണ്ടി വരരുത്. അഴിമതിക്കെതിരായ പോരാട്ടം ഉപതിരഞ്ഞെടുപ്പ് ദിനങ്ങളിലൊതുങ്ങേണ്ടതുമല്ല. 

വോട്ടര്‍മാരെ ചെറുതായി കാണരുത് എന്നു തന്നെയാണ് പാലാ എഴുതിയ അടിസ്ഥാനപാഠം. കാപട്യങ്ങളും ഒത്തുകളിയും മുതലെടുപ്പുകളുമെല്ലാം മനസിലാകുന്ന രാഷ്ട്രീയപ്രബുദ്ധതയുള്ള മനുഷ്യരോടാണ് വോട്ടു ചോദിക്കേണ്ടതെന്ന് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ആവര്‍ത്തിച്ചോര്‍മിപ്പിക്കണം. തിരഞ്ഞെടുപ്പുകളില്‍ ജയിപ്പിച്ചു വിടാന്‍ മാത്രമുള്ളവരല്ല ഞങ്ങളെന്ന പ്രതിരോധം പാലായില്‍ കേള്‍ക്കേണ്ടത് തോറ്റുപോയവര്‍ മാത്രമല്ല.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...