മരടിലെ ഈ കർക്കശ സമീപനം നിയമലംഘകർക്ക് താക്കീത്; മുന്നറിയിപ്പ്

pva1
SHARE

മരടിലെ ഫ്ളാറ്റുകള്‍ക്ക് ഇളവില്ല. പൊളിച്ചേ മതിയാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. കോടതിയുടെ നിലപാട് നീതിയുക്തമാണോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും ഈ കര്‍ക്കശസമീപനം നിയമലംഘകര്‍ക്ക് എന്നേക്കും ഒരു താക്കീതാണ്. മുന്നറിയിപ്പാണ്. 

മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് ഇടക്കാലനഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നല്‍കി കെട്ടിടങ്ങള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. നാലാഴ്ചയ്ക്കകം സംസ്ഥാനസര്‍ക്കാരാണ് പണം നല്‍കേണ്ടത്. അനധികൃതനിര്‍മാണം നടത്തിയ നിര്‍മാതാക്കളില്‍ നിന്ന് ഈ പണം ഈടാക്കാനാണ് കോടതി നിര്‍ദേശം. 2020 ഫെബ്രുവരി 9നകം ഈ ബഹുനിലക്കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു മാറ്റുമെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. 

മരടിലെ ഫ്ളാറ്റുടമകളെ പെട്ടെന്ന് മോശമായ സാഹചര്യത്തിലേക്കു തള്ളിവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തിരുന്നു. തീരസംരക്ഷണവും അതിന്റെ ലംഘനത്തെത്തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളുമാണ് കോടതിയുടെ ആശങ്കയെന്നും ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അര്‍ഹമായ നഷ്ടപരിഹാരം നല്‍കി, ഫ്ളാറ്റുടമകളെ ഒഴിപ്പിച്ച് കെട്ടിടങ്ങള്‍ പൊളിക്കാനാണ് കോടതി നിര്‍ദേശം.  വിധി ഫ്ളാറ്റുടമകള്‍ അംഗീകരിക്കുന്നില്ലെങ്കിലും നടപ്പാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. 

ഈ വിധി 5 ഫ്ളാറ്റുടമകള്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഒതുങ്ങിപ്പോകരുത്. വിധി മാതൃകാപരമല്ല, പക്ഷേ മാതൃകയാക്കി മാറ്റാവുന്നതാണ്. ജസ്്റ്റിസ് അരുണ്‍മിശ്ര വിശദീകരിക്കുന്ന കാരണങ്ങള്‍ കേരളം കേള്‍ക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമാണ്. കേരളത്തെ വീണ്ടെടുക്കാന്‍ തന്നെ ഈ വിധി ഒരു സുവര്‍ണാവസരമാക്കാവുന്നതാണ്

ഫ്ളാറ്റുകള്‍ പൊളിച്ചുകളയാനുള്ള കോടതി വിധി മാതൃകാപരമല്ല എന്നു പറഞ്ഞതിന് ഒരൊറ്റ കാരണമേയുള്ളൂ. 2007 മുതല്‍ കേരളാഹൈക്കോടതിയുടെ കൂടി ഉത്തരവുകളുടെ ബലത്തിലാണ് ഈ വന്‍കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തിയത്. ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും നല്‍കിയ അനുകൂല ഉത്തരവുകളുടെ ബലത്തിലാണ് ഈ സമുച്ചയങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ സുപ്രീംകോടതിയുടെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്, ഈ നിയമലംഘനത്തിനു കൂട്ടുനിന്നവരെക്കുറിച്ചും പ്രത്യേക സമിതി അന്വേഷിച്ചു കണ്ടെത്തണം. അപ്പോള്‍ ഈ രണ്ടു കോടതി ഉത്തരവുകളുടെ പശ്ചാത്തലം കൂടി അന്വേഷണവിധേയമാക്കുന്നത് സുപ്രീംകോടതി പരിഗണിക്കേണ്ടതാണ്. നിര്‍മാണാനുമതി നല്‍കിയ ഉദ്യോഗസ്ഥരും അതിന് സമ്മര്‍ദം ചെലുത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്ത ഭരണസമിതി നേതാക്കളും നിയമത്തിനു മുന്നില്‍ വരണം. 

ഉത്തരം പറയേണ്ടവരെല്ലാം ഉത്തരം പറയണം. ഓരോ ഘട്ടത്തിലും നടന്ന നിയമലംഘനങ്ങള്‍ക്കു കൂട്ടുനിന്നവരും പുറത്തു വരണം. മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അടിസ്ഥാനപരമായി നിയമം ലംഘിച്ച ഒരു കേസില്‍ എത്ര കാലം കഴിഞ്ഞായാലും നിയമം തേടിയെത്തിയേക്കാം എന്നും ഈ വിധി കേരളത്തെ ഓര്‍മിപ്പിക്കണം. ഇനിയും നിയമലംഘനങ്ങള്‍ക്ക് തുനിയുന്നവര്‍ക്കുള്ള കനത്ത മുന്നറിയിപ്പാകണം ഈ നടപടി

മരടിലെ നാലു ഫ്ളാറ്റുകള്‍ മാത്രമല്ല,  സംസ്ഥാനത്ത് 1800ലേറെ കെട്ടിടങ്ങള്‍ നിയമം ലംഘിച്ച് നിര്‍മിച്ചതാണെന്നാണ് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിച്ചത്. യഥാര്‍ഥ നിയമലംഘനങ്ങളുടെ ഒരറ്റം മാത്രമാണിതെന്നുറപ്പ്. ഈ കെട്ടിടങ്ങള്‍ക്കും ഭാവിയില്‍ പൊളിക്കല്‍ ഭീഷണി നേരിട്ടേക്കാം എന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ ഈ നിയമലംഘനങ്ങളിലെയെല്ലാം ഒന്നാംപ്രതി അതതു സര്‍ക്കാരുകളാണ്. കണ്ണടച്ചും കൂട്ടുനിന്നും എല്ലാം ശരിയാക്കിക്കൊടുത്ത പ്രാദേശികഭരണകൂടങ്ങളാണ്.  ലംഘനമാണെന്നറിഞ്ഞിട്ടും നിയമം സൗകര്യപൂര്‍വം വളച്ചൊടിച്ച് ഉദ്ദിഷ്കാര്യം സാധിച്ചെടുത്തവരെല്ലാം എപ്പോഴെങ്കിലും പിടികൂടപ്പെട്ടേക്കാം എന്നൊരു സന്ദേശമെങ്കിലും ഈ വിധി കൈമാറുന്നുണ്ട്. 

നാട്ടുനടപ്പായി പാലിച്ചു പോരുന്ന നിയമലംഘനങ്ങളെന്ന ന്യായം നമുക്കെല്ലാവര്‍ക്കുമുണ്ടാകാം. ഇനി മുതല്‍ നിയമലംഘനങ്ങള്‍ ന്യായീകരിക്കപ്പെടില്ല എന്ന ഉറച്ച നിലപാട് ആദ്യം സ്വീകരിക്കേണ്ടത് ഭരണകൂടമാണ്. അത് പ്രഖ്യാപിക്കേണ്ടതും നടപ്പാക്കേണ്ടതും വഴികാട്ടേണ്ടതും സര്‍ക്കാരാണ്. എന്തിനു വേണ്ടിയാണീ നിയമങ്ങളെന്നും അതെന്തുകൊണ്ടു പാലിക്കണമെന്നും ചിന്തിക്കേണ്ടത് സമൂഹമാണ്. 

സത്യത്തില്‍ ഇങ്ങനെ പരത്തിപ്പറഞ്ഞു പോകാവുന്ന ഒന്നല്ല പരിസ്ഥിതിനിയമലംഘനങ്ങള്‍. 2018ലെ പ്രളയം കേരളത്തിന്റെ കണ്ണു തുറപ്പിച്ചില്ലേ എന്ന് ജസ്്റ്റിസ് അരുണ്‍മിശ്ര ചോദിക്കുമ്പോള്‍ അവിശ്വസിക്കാന്‍ കാരണങ്ങളുണ്ടാകാം. പക്ഷേ കേരളത്തിന്റെ നിലനില്‍പിനു വേണ്ടിയുള്ള നിയമങ്ങള്‍ എന്നതില്‍ നിന്ന് ഇനി കേരളത്തെ രക്ഷിക്കാനുള്ള ഒരേയൊരു സാധ്യത എന്നതിലേക്ക് മാറുന്നുണ്ട് പരിസ്ഥിതി സംരക്ഷണനിയമങ്ങളുടെ പ്രധാന്യം. ഫ്ളാറ്റുടമകളുടെ വൈകാരികപ്രശ്നമായല്ല ഈ പ്രശ്നം ഇനി കൈകാര്യം ചെയ്യപ്പെടേണ്ടത്. ഓരോ പരിസ്ഥിതി നിയമവും ആ ഭൂമിയുടെയും ജനതയുടെയും അതിജീവനത്തിനു വേണ്ടിയുണ്ടാക്കിയതാണ്. അത് പാലിക്കപ്പെടേണ്ടത് അവിടെ താമസിക്കുന്ന സാധാരണ മനുഷ്യരുടെ കൂടി അവകാശമാണ്. പണം കൂടുതലുള്ളവര്‍ക്കു മുന്നില്‍ നിയമം പൊളിഞ്ഞു വീഴുന്ന കാഴ്ചകള്‍ ഇനി കേരളത്തില്‍ ആവര്‍ത്തിക്കരുത്. പരിസ്ഥിതിനിയമങ്ങളില്‍ ഇളവു തേടി സാധാരണക്കാരും അപേക്ഷകരാകുന്ന സാഹചര്യം ഭരണകൂടങ്ങള്‍ ഒഴിവാക്കണം. ചിന്നക്കനാല്‍ കൈയേറ്റങ്ങള്‍ അന്വേഷിച്ചിരുന്ന സംഘത്തെയാകെ സ്ഥലം മാറ്റി, പിന്നീട് വിമര്‍ശനം ശക്തമാകുമ്പോള്‍ നടപടി തിരുത്തുന്ന അതേ സര്‍ക്കാരാണ് തീരസംരക്ഷണത്തിന് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടി വരുന്നത് എന്നത് യാദൃശ്ചികമായ വൈരുധ്യം മാത്രമല്ല. 

കേരളത്തില്‍ പരിസ്ഥിതി നിയമങ്ങള്‍ നേരിടുന്ന പ്രധാന െവല്ലുവിളി രാഷ്ട്രീയനേതൃത്വത്തിന്റെ പുച്ഛം നിറഞ്ഞ സമീപനമാണ്. പരിസ്ഥിതി നിയമങ്ങള്‍ മനുഷ്യരെ ഉപദ്രവിക്കാന്‍ വേണ്ടിയുണ്ടാക്കിയതാണെന്ന് ആദ്യം പ്രചരിപ്പിക്കുന്നത് കക്ഷിഭേദമില്ലാതെ ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളാണ്. പരിസ്ഥിതിയോടാണെങ്കില്‍ ഇനിയും കൈയേറാമെന്നും നിയമങ്ങള്‍ ലംഘിക്കാമെന്നും കാണിച്ചു കൊടുക്കുന്നതും രാഷ്ട്രീയപാര്‍ട്ടികളാണ്. തല്‍ക്കാലലാഭം മാത്രം നോക്കിയുള്ള ഈ വോട്ട്ബാങ്ക്  സമീപനം ആദ്യം അവസാനിപ്പിക്കണം. നിയമങ്ങള്‍ നടപ്പാക്കാനുദ്ദേശിച്ചു തന്നെ സൃഷ്ടിച്ചതാണ് എന്നു ബോധ്യപ്പെട്ടാല്‍ സാധാരണ ജനത ഉറപ്പായും നിയമങ്ങള്‍ പാലിക്കാന്‍ മുന്നിലുണ്ടാകും. മരട് ഫ്ളാറ്റ് കേസില്‍ നിന്ന് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ആ  വഴിക്കാണെങ്കില്‍ ഈ വിധി കേരളത്തിനാകെ മാതൃകയാക്കാനാകും. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...