പണി പാലത്തിന് മാത്രം മതിയോ? പൊളിഞ്ഞു വീഴുന്ന വിശ്വാസ്യത

opv
SHARE

കേരളത്തിലെ അഞ്ചു മണ്ഡലങ്ങളില്‍ അടുത്ത മാസം 21ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്സഭാതിരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പ് വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒരു പാലം വലിയ പങ്കു വഹിക്കുമെന്നുറപ്പാണ്.  പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ രാഷ്ട്രീയപ്രാധാന്യമുള്ള സന്ദര്‍ഭത്തിലാണ്. പക്ഷേ പണി പാലത്തിനു മാത്രം മതിയോ എന്ന ചോദ്യം ഉപതിരഞ്ഞെടുപ്പുകളിലുയരുമെന്നുറപ്പ്. പാലാരിവട്ടം പാലത്തിന്റെ ദുരവസ്ഥയില്‍ കേരളത്തോടു മാപ്പു പറയേണ്ട യു.ഡി.എഫ്, അവരുടെ മുന്‍മന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ നെട്ടോട്ടമോടുകയാണ്. ആ ഓട്ടത്തിന്റെ പുകമറയില്‍ കേരളസര്‍ക്കാരിന്റെ പൊളിക്കല്‍ പ്രഖ്യാപനവും സുതാര്യമാണോ? പാലാരിവട്ടം പാലത്തിലെ സുപ്രധാന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയുള്ള മറുപടികള്‍ ആവശ്യമുണ്ട്. 

പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ച സമയവും സാഹചര്യവും സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ഭരണപക്ഷവും പ്രതിപക്ഷവും തന്നെ വ്യക്തമായി മറുപടി തരുന്നുണ്ട്. പക്ഷേ ഇരുമുന്നണിയുടെയും ചെളിവാരിയെറിയലില്‍ തീരുന്ന  വലിപ്പമല്ല പാലാരിവട്ടം പാലം എന്ന പുതിയ ചരിത്രസ്മാരകത്തിനുള്ളത് . 

അഴിമതിയുടെയും ക്രമക്കേടിന്റെയും നിതാന്തസ്മാരകമായി നിലനില്‍ക്കണം കേരളചരിത്രത്തില്‍ പാലാരിവട്ടം പാലമെന്ന പേര്. ഒരു ഭരണസംവിധാനം, വിശ്വാസമേല്‍പിച്ച ജനതയെ എങ്ങനെ വെല്ലുവിളിച്ചുവെന്നതിന്റെ കൂടി അടയാളമാണത്. കണ്‍മുന്നില്‍ നിലം പൊത്തിയത്  രാഷ്ട്രീയവിശ്വാസ്യത കൂടിയാണ്. 

നിരന്നു നിന്ന് എങ്ങനെ ന്യായീകരിച്ചാലും ഇടിഞ്ഞു വീണ വിശ്വാസ്യത പുതുക്കിപ്പണിയാനാകില്ലെന്ന് യു.ഡി.എഫ് നേതൃത്വം മനസിലാക്കുന്നുണ്ടാകണം. പാലാരിവട്ടം പാലത്തിന്റെ കേടുപാടുകള്‍ പുതുക്കിപ്പണിയാം. പക്ഷേ അത്  യു.ഡി.എഫിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്കേല്‍പിച്ച 

പരുക്കുകള്‍ ഏതു സിമന്റിട്ടാണ് ബലപ്പെടുത്താനാകുക? പകല്‍വെളിച്ചത്തില്‍ പൊളിഞ്ഞു നില്‍ക്കുന്ന പാലത്തിനു മുന്നില്‍ നിന്ന് വീണ്ടും ന്യായീകരിക്കാനുള്ള ചര്‍മശേഷിയും രാസപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ധാര്‍മിക ഉത്തരവാദിത്തം പോലും ഏറ്റെടുക്കാന്‍ തയാറല്ലാത്ത ആ നിലപാടിന്റെ അടിത്തറ ചെന്നൈ ഐ.ഐ.ടിക്കു പോലും കണ്ടെത്താനാകുമെന്നു തോന്നുന്നില്ല

39 കോടി മുഴുവനായി മുടക്കി പണിതുയര്‍ത്തിയ  750 മീറ്റര്‍ മേല്‍പാലമാണ് രണ്ടരക്കൊല്ലം തികയ്ക്കാതെ ഉപയോഗശൂന്യമായത്. രൂപകല്‍പന മുതല്‍ നടന്ന വീഴ്ചയുടെയും ക്രമക്കേടിന്റെയും വിശദാംശങ്ങള്‍ പല  പരിശോധനകളിലായി പുറത്തു വന്നു കഴിഞ്ഞു.  ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാത്തതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ചെന്നൈ ഐ.ഐ.ടിയുടെ പഠനറിപ്പോര്‍ട്ടിന്റെ ആകെ അടിസ്ഥാനം. അതോടൊപ്പം രൂപകല്‍പനയിലെ വീഴ്ചയും ചേര്‍ന്നതോടെ പാലം അപകടാവസ്ഥയിലായി. സുപ്രധാന ഘടനയില്‍ പലയിടത്തും സാരമായ വിള്ളലുകളും വീണു കഴിഞ്ഞു. 

ആവശ്യത്തിന് സിമന്റും കമ്പിയും ചേര്‍ക്കാതെ വാര്‍ത്തെടുക്കുന്നതിനെ എങ്ങനെയാണ് സാങ്കേതികവീഴ്ചയെന്ന് യു.ഡി.എഫ് നേതാക്കള്‍ വിശദീകരിക്കുന്നത്? മറ്റെല്ലാം  വീഴ്ചയായി വിശദീകരിച്ചാല്‍ പോലും കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ കാണിച്ച ക്രമക്കേടിന് എന്താണ് ന്യായം? സ്വകാര്യകമ്പനി കാണിച്ച വഞ്ചനയെന്നു വിശദീകരിക്കാനും വകുപ്പില്ല. കാരണം ആ സ്വകാര്യകമ്പനിക്കു തന്നെ കരാര്‍ കിട്ടാന്‍ വേണ്ടി ഉന്നതഉദ്യോഗസ്ഥരും പൊതുമരാമത്തു വകുപ്പും നടത്തിയ ഒത്തുകളിയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പുറത്തു വന്നിരിക്കുന്നത്. ഒരു കാര്യം ശരിയാണ്. പാലാരിവട്ടം പാലം പണിഞ്ഞ RDS കമ്പനി കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ നിര്‍മാണമേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ്. വന്‍പാലങ്ങളും ഹൈവേകളും നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ളവര്‍. അപ്പോള്‍ അവര്‍ പണിഞ്ഞ പാലാരിവട്ടം പാലത്തില്‍ മാത്രം സിമന്റും കമ്പിയും കുറഞ്ഞതെങ്ങനെ? പാലാരിവട്ടത്തിനു തയാറാക്കിയ രൂപരേഖ മാത്രം പാളിയതെങ്ങനെ? 

ആ ചോദ്യത്തില്‍ നിന്നാണ് പാലാരിവട്ടത്തിലെ രാഷ്ട്രീയ ഉത്തരവാദിത്തം ആരംഭിക്കുന്നത്.  യു.ഡി.എഫ് കാലത്തു പണിഞ്ഞ 145 പാലങ്ങളില്‍ ഒന്നു മാത്രം പൊളി‍ഞ്ഞതിന് എന്തിനാണീ ബഹളം എന്നാണ് നിഷ്കളങ്കതയെങ്കില്‍ അതു വേണ്ട. കാരണം ഈ പാലത്തിനും ഈ മന്ത്രിക്കും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. അതിന് തെളിവുകളുമുണ്ട്. ആ ബന്ധം പാലം പൊളിഞ്ഞപ്പോള്‍ ഇല്ല എന്നു പറഞ്ഞാല്‍ വെള്ളം തൊടാതെ വിഴുങ്ങാനാകില്ലല്ലോ. അതുകൊണ്ട് പാലാരിവട്ടം പാലത്തില്‍ യു.ഡി.എഫിനുള്ളതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ഇബ്രാഹിംകുഞ്ഞ് എന്ന മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ട്. 

മനോരമന്യൂസിന്റെ കൗണ്ടര്‍പോയന്റില്‍ ഉയര്‍ന്ന ചോദ്യമാണ്. കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി കൊച്ചി മേയറായിരിക്കേ ഈ പാലാരിവട്ടം പാലം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ പണിയാമെന്ന നിര്‍ദേശം അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞിനു മുന്നില്‍ വച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി കേള്‍ക്കുക. 

എന്നു വച്ചാല്‍ കൊച്ചി കോര്‍പറേഷനിലെ തന്ത്രപ്രധാനമേല്‍പാലത്തിന് സംസ്ഥാനസര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളിലെത്തിയിട്ടും പാവം മേയര്‍ അതൊന്നുമറിയാതെ മറ്റൊരു നിര്‍േദശം മുന്നോട്ടു വച്ചുവെന്ന്. അതു വിശ്വസിച്ചെന്നു വരുത്താം. എന്തായാലും ദേശീയപാതയിലെ പാലാരിവട്ടം പാലം സംസ്ഥാനസര്ക്കാര്‍ തന്നെ പണിയണമെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞിനുണ്ടായിരുന്ന നിര്‍ബന്ധം ഈ സാക്ഷ്യത്തില്‍ വ്യക്തമാണല്ലോ. ദേശീയപാതയിലെ മറ്റു പാലങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെന്നു പറഞ്ഞൊഴിയാന്‍ വരട്ട. പാലാരിവട്ടം പാലത്തിലാണ് ഒരു കമ്പനിക്കു തന്നെ നിര്‍മാണകരാര്‍ ലഭിക്കണമെന്ന ഗൂഢാലോചന നടപ്പായത്. ആ കമ്പനിക്ക് മുന്‍നിശ്ചയത്തില്‍ നിന്നു വ്യതിചലിച്ച് മന്ത്രിയുടെ കൂടി താല്‍പര്യത്തില്‍ അഡ്വാന്‍സ് തുക അനുവദിച്ചുവെന്ന് അന്നത്തെ വകുപ്പു സെക്രട്ടറി ഇപ്പോള്‍ വിളിച്ചു പറ​യുന്നത്. 

എല്ലാവര്‍ക്കും കൊടുക്കുന്ന അഡ്വാന്‍സ് അല്ല പാലാരിവട്ടത്തു പാസായതെന്ന സംശയം കൂടുതല്‍ വ്യക്തമാകുന്നത് എല്ലായിടത്തും പണിഞ്ഞതുപോലെയല്ല പാലാരിവട്ടത്തെ പാലത്തില്‍ തീരുമാനങ്ങളുണ്ടായതെന്നു കൂടി വ്യക്തമാകുമ്പോഴാണ്. അവിടെ മന്ത്രിയുടെ പ്രത്യേക താല്‍പര്യങ്ങളുണ്ടായിരുന്നു. ഇടപെടലുണ്ടായിരുന്നു. മന്ത്രിക്കും മുസ്‍ലിംലീഗിനും പ്രിയപ്പെട്ട ഉദ്യോഗസ്ഥരുടെ കൈകടത്തല്‍ കൂടിയാകുമ്പോഴാണ് പാലാരിവട്ടത്തിന്റെ ഗതി പൂര്‍ത്തിയായതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്

അപ്പോള്‍ ഉപ്പു തിന്നതാരായാലും വെള്ളം കുടിക്കണം. പക്ഷേ അതു ചെയ്യാന്‍ ഈ സര്‍ക്കാരിന് ഉദ്ദേശമുണ്ടോ? പാലായിലേക്കും ഇനി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്കും കരുതിവച്ചിരിക്കുന്ന ഒരു തീക്കൊളളി എന്നതിനപ്പുറമുള്ള ആത്മാര്‍ഥത അഴിമതിക്കെതിരെ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്നുണ്ടോ? പ്രത്യേകിച്ച് മുസ്‍ലിംലീഗിനെതിരെ കടുത്ത  നിലപാട് സി.പി.എം സ്വീകരിക്കുമെന്നൊക്കെ കേരളരാഷ്ട്രീയചരിത്രമറിയാവുന്നവര്‍ പച്ചവെള്ളം ചവച്ചു കുടിക്കണോ? 

കേട്ടാല്‍ വിശ്വസിച്ചു പോകും. അത്രയും ഉറപ്പോടെയുള്ള മുന്നറിയിപ്പാണ്. ഇച്ഛാശക്തിയുള്ള നേതാവായി ആരാധകര്‍ വാഴ്ത്തുന്ന മുഖ്യമന്ത്രി ഇതിനു മുന്‍പും തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ഇങ്ങനെ ആഞ്ഞടിച്ചിട്ടുണ്ട്. ഒരു സാംപിള്‍ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ അന്നു രാവിലെയായിരുന്നു 

2017 ഒക്ടോബറിലായിരുന്നു ഈ പ്രഖ്യാപനം. കൃത്യം രണ്ടു കൊല്ലം തികയുകയാണ്. സോളര്‍ അന്വേഷണമെവിടെ? നടപടിയെവിടെ? അകത്തായ യു.ഡി.എഫ് നേതാക്കള്‍ എവിടെ? മുസ്‍ലിംലീഗ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ച അനുഭാവം കൂടി ഓര്‍ത്താല്‍ ചിത്രം പൂര്‍ണമാണ്. അപ്പോള്‍ തിര‍ഞ്ഞെടുപ്പ് ഗിമ്മിക്കിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് സമകാലീനനിലപാടുകള്‍ സാക്ഷ്യം

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്നരവര്‍ഷമാകുന്നു. എത്ര യു.ഡി.എഫ്. നേതാക്കള്‍ സര്‍ക്കാര്‍ ഭക്ഷണം കഴിച്ച് അകത്തു കിടക്കുന്നുണ്ട്? അതോ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു അഴിമതിയും നടന്നില്ല എന്നാണോ? എന്തായാലും പാലാരിവട്ടം അങ്ങനെ ഒരു ഒത്തുകളിയിലും തീരില്ലെന്നുറപ്പാണ്. ജനത്തിന് മുറിവേറ്റിട്ടുണ്ട്. അതു മുതലെടുക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചിട്ടുമുണ്ട്. പക്ഷേ തിരുത്തല്‍പ്രക്രിയയിലെയും നഷ്ടം കേരളജനത സഹിക്കണമെന്നു പറയുന്നത് എവിടത്തെ ന്യായമാണ്? പാലാരിവട്ടം പാലം പുതുക്കിപ്പണിയാനുള്ള തീരുമാനവും സുതാര്യമാണോ?

അടിസ്ഥാനചോദ്യം, പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ നിര്‍ദേശിച്ചത് ഏതു പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ്. പാലത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് രണ്ട് റിപ്പോര്‍ട്ടുകളുണ്ട്. ഇ.ശ്രീധരന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നിയോഗിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടും. ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടില്‍ തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കണമെന്നാണ് ശുപാര്‍ശ.വ്യക്തമായി പറഞ്ഞാല്‍ വിള്ളലുകളും ബലക്ഷയവും പരിഹരിക്കാന്‍ കാര്‍ബണ്‍ റാപ്പിങ് ചെയ്യണമെന്നാണ് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. നാലു മാസത്തില്‍ താഴെ സമയമേ വേണ്ടൂ. പക്ഷേ സര്‍ക്കാര്‍ തീരുമാനിച്ചത് ഇ.ശ്രീധരന്റെ നിര്‍ദേശപ്രകാരം ഒരു വര്‍ഷം കൊണ്ട് പാലം പൊളിച്ചു പുതുക്കിപ്പണിയുകയാണ്. 

പതിനെട്ട് കോടിയിലേറെ രൂപ മുടക്കിയാണ് പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നത്. ഒരു വര്‍ഷം സമയമെടുക്കും. അങ്ങനെയാണ് ചെയ്യേണ്ടതെന്ന ഉത്തമബോധ്യമുണ്ടായെങ്കില്‍ അതിനടിസ്ഥാനമാക്കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടണം. ഏതു പാലവും പൊളിച്ചു പണിയും മുന്‍പ് ലോഡ് ടെസ്റ്റ് നടത്തണമെന്നാണ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിബന്ധന. IRC വ്യവസ്ഥകളാണ് കേന്ദ്രഉപരിതലമന്ത്രാലയവും സംസ്ഥാനവും പിന്തുടരുന്നത്. പാലത്തിന് എത്രമാത്രം ബലക്ഷയമുണ്ട് എന്ന് വിലയിരുത്തുന്ന ശാസ്ത്രീയ ഭാരപരിശോധനയാണത്. അതടക്കം വേണ്ടെന്നു വച്ചാണ് സര്‍ക്കാരും ഇ.ശ്രീധരനും മുന്നോട്ടു പോകുന്നത്. പുതുക്കിപ്പണി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പിച്ചതും ടെന്‍ഡര്‍ അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ്.  അതുമാത്രമല്ല, നിര്‍മാണകരാറില്‍ തന്നെ മൂന്നു വര്‍ഷം വാറന്റിയുള്ള പാലമാണ് പാലാരിവട്ടം. അതായത്് മൂന്നു വര്‍ഷത്തിനുള്ളിലുണ്ടാകുന്ന ഏതു തകരാറും പരിഹരിക്കാന്‍ നിയമപരമായി തന്നെ മുന്‍നിര്‍മാണകമ്പനിയായ ആര്‍.ഡി.എസിന് ബാധ്യതയുണ്ട്. അത് നിര്‍വഹിക്കാന്‍ അവര്‍ തയാറാണെന്ന് രേഖാമൂലം തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതുമാണ്. നിലവിലും ഒട്ടനവധി പദ്ധതികളുടെ നിര്‍മാണവുമായി മുന്നോട്ടു പോകുന്ന ആര്‍.ഡി.എസ്. കമ്പനിയെ സംസ്ഥാനം കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല. ഒരു രൂപ പോലും പൊതുഖജനാവില്‍ നിന്നു ചെലവാക്കാതെ ആര്‍.ഡി.എസിന് പണി പൂര്‍ത്തിയാക്കിത്തരാന്‍ ബാധ്യതയുള്ള പാലാരിവട്ടത്തില്‍ വീണ്ടും 18 കോടി പൊതുപണം കുഴച്ചുചേര്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? എന്താണ് ആ തീരുമാനത്തിനു പിന്നിലുള്ള ഉദ്ദേശം?

ചെന്നൈ ഐ.ഐ.ടിയുടെ സാങ്കേതികറിപ്പോര്‍ട്ടിനേക്കാള്‍ വിശ്വാസ്യത ഇ.ശ്രീധരനാണെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്യുന്നില്ല. കാരണം ഇ.ശ്രീധരന്റെ വൈദഗ്ധ്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ഇതേ ഇ.ശ്രീധരന്‍ കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തിന്റെ കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അശ്രദ്ധയും ആസൂത്രണപ്പിഴവും കാരണമുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണ് കേരളം അനുഭവിച്ചതെന്നാണ് ഇ.ശ്രീധരന്റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ കേരളം ശ്രീധരനെ വിശ്വസിക്കണോ, അതോ പിണറായി സര്‍ക്കാരിനെ വിശ്വസിക്കണോ എന്നു കൂടി വ്യക്തമാക്കണം. ക്രമക്കേടു നടന്നുവെന്നതുകൊണ്ട് പുതുക്കിപ്പണിയുമ്പോള്‍ സുതാര്യത വേണ്ടെന്ന ഒരു ചട്ടം കേരളത്തിലില്ല എന്നു മാത്രം സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുന്നു

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...