നീതി നിഷേധിക്കപ്പെടുന്ന ഫ്ലാറ്റ് ഉടമകൾ; രക്ഷപ്പെടുന്ന പ്രതികൾ

parayathevayay
SHARE

നിയമലംഘനം നടത്തിയെന്നു കണ്ടെത്തി സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്ളാറ്റുകളുടെ ഉടമകള്‍ മാനുഷികപരിഗണന അര്‍ഹിക്കുന്നവരാണോ? പൊതുസമൂഹത്തിനു മുന്നില്‍ രണ്ടഭിപ്രായം വരാവുന്ന ഒരു ചോദ്യമാണത്. പക്ഷേ കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. ഫ്ളാറ്റുടമകളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത് കേരളം ഭരിക്കുന്ന പാര്‍ട്ടി സി.പി.എം ആണ്. ഫ്ളാറ്റുടമകള്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്തു സമീപനം സ്വീകരിച്ചാലും പൂര്‍ണപിന്തുണയെന്ന് മുന്‍കൂര്‍ കൈപൊക്കിയിരിക്കുന്നത്  പ്രതിപക്ഷനേതാവ്. ഫ്ളാറ്റുകാര്‍ക്കു വേണ്ടി സമരം നടത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ മല്‍സരം. മരട് ഫ്ളാറ്റ് പ്രശ്നത്തില്‍ നടപ്പാകേണ്ട നീതിയെന്താണ്? വികാരപ്രകടനങ്ങളല്ല, വസ്തുതകളാകണം അടിസ്ഥാനം

മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയമലംഘനം നടത്തി നിര്‍മിച്ചതാണെന്ന് അടിവരയിട്ട്, അഞ്ചും പൊളിച്ചു കളയാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. തീരദേശപരിപാലനനിയമപ്രകാരം ഒരു നിര്‍മാണവും പാടില്ലാത്ത സോണ്‍ ത്രീയിലാണ് അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങളും എന്നു കണ്ടെത്തിയാണ് നടപടി. ഈ വര്‍ഷം മെയ് മാസം കോടതി പുറപ്പെടുവിച്ച ഉത്തരവ് കേരളം നടപ്പാക്കുന്നില്ലെന്ന് സ്വമേധയാ കേസ് പരിഗണിച്ചു കണ്ടെത്തിയ സുപ്രീംകോടതി കടുത്ത അന്ത്യശാസനവും പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ മാസം 20നകം ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കിയിരിക്കണമെന്നാണ് ഉത്തരവ്. നടപ്പാക്കിയില്ലെങ്കില്‍  23ാം തീയതി ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകണം. ഇത്രയും നാള്‍ വിധി നടപ്പാക്കുന്നത് തട്ടിമുട്ടി നീട്ടിക്കൊണ്ടുപോയ കേരളാസര്‍ക്കാര്‍ ഗത്യന്തരമില്ലാതെ നടപടി തുടങ്ങി. താമസക്കാര്‍ക്ക് ഒഴിയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മരട് നഗരസഭയും നോട്ടീസ് നല്‍കി. 

എന്നാല്‍ ഒരു കാരണവശാലും ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കില്ലെന്ന് ഫ്ളാറ്റുടമകള്‍ പറയുന്നു. നിയമവിധേയമായി, എല്ലാ ചട്ടങ്ങളും നോക്കിയാണ് തങ്ങള്‍ ഫ്ളാറ്റുകള്‍ വാങ്ങിച്ചതെന്നാണ് അവരുടെ വാദം. 

ഫ്ളാറ്റുടമകള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ മരട് നഗരസഭയും സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ മല്‍സരമാണ്. സത്യത്തില്‍ ഫ്ളാറ്റുടമകള്‍ നീതി അര്‍ഹിക്കുന്നവരല്ലേ? ആണ് എന്നു തന്നെയാണുത്തരം. കാരണം സംഭവിച്ച നിയമലംഘനങ്ങളില്‍ ഏറ്റവും കുറവ് ഉത്തരവാദിത്തമുള്ളവരാണ് ഫ്ളാറ്റ് വാങ്ങി താമസിക്കുന്ന മനുഷ്യര്‍. പ്രത്യേകം ശ്രദ്ധിക്കുക, തീര്‍ത്തും നിഷ്കളങ്കര്‍ എന്നല്ല, നിയമലംഘകരുടെ ശ്രേണിയില്‍ ഏറ്റവും താഴെ വരുന്നവര്‍ എന്നാണ് പറയേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ നഷ്ടം സഹിക്കേണ്ടി വരുന്ന ഒരേയൊരു വിഭാഗം ഈ ഫ്ളാറ്റുടമകളാണ്. അത് നീതിയല്ല. സംഘടിതമായി ഒരു വലിയ കുറ്റകൃത്യം നടക്കുക, അത് കണ്ടുപിടിക്കപ്പെടുമ്പോള്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കില്ലാത്തവര്‍ മാത്രം ശിക്ഷിക്കപ്പെടുക, യഥാര്‍ഥ പ്രതികളെല്ലാം ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെടുക  എന്ന അസംബന്ധ നാടകമാണ് മരടില്‍ നടക്കുന്നത. അതുകൊണ്ട് ഫ്ളാറ്റുടമകള്‍ക്ക് നീതി ലഭിക്കണം എന്ന ആവശ്യം ന്യായമാണ്. 

മരട് ഫ്ളാറ്റുകളുടെ നിയമലംഘനത്തില്‍ ഒന്നാം പ്രതി മരട് നഗരസഭ അഥവാ തദ്ദേശഭരണസ്ഥാപനമാണ്. അങ്ങനെ പറയേണ്ടി വരുന്നത്  ഒരു സാങ്കേതികപ്രശ്നം കാരണമാണ്. ഈ ഫ്ളാറ്റുകള്‍ക്ക് നിര്‍മാണാനുമതി നല്‍കുന്നത് അന്നത്തെ മരട് പഞ്ചായത്താണ്. നിലവിലുണ്ടായിരുന്ന എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തി, ഈ വന്‍ കിട നിര്‍മാണം മുന്നോട്ടു പോയത് അന്നത്തെ മരട് പഞ്ചായത്തിന്റെ പൂര്‍ണ അനുമതിയോടെയാണ്. പിന്നീട് മരട് പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തപ്പെട്ടു. 

ഇന്ന് സര്‍ക്കാരിനോട് പൂര്‍ണവിധേയത്വം പാലിക്കുന്നതുപോലെയല്ല അന്ന് മരട് പഞ്ചായത്ത് നിലപാടെടുത്തത്. നിലവിലുള്ള തീരദേശപരിപാലനച്ചട്ടപ്രകാരം നിര്‍മാണം അനുവദിക്കാവുന്ന മേഖലയല്ലെന്നറ‍ിഞ്ഞിട്ടും അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കും  നിര്‍മാണാനുമതി നല്‍കി. സത്യത്തില്‍ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കും മുന്‍പ് തീരദേശപരിപാലന അതോറിറ്റിയില്‍ നിന്ന് അനുമതി ലഭ്യമാക്കേണ്ട പഞ്ചായത്ത് അതൊന്നും നോക്കാതെ ബില്‍ഡര്‍മാരുടെ ചൂഷണത്തിനു കൂട്ടുനിന്നു. എന്നാല്‍ 2006ല്‍ ടൗണ്‍പ്ലാനിങ് വിഭാഗത്തിന്റെ വിജിലന്‍സ് പരിശോധനയില്‍ അനധികൃതനിര്‍മാണം കണ്ടെത്തി. സര്‍ക്കാരിന് റിപ്പോര്‍ട്ട് പോയി. മരട് പഞ്ചായത്തിനോട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍േദശിച്ചു. അങ്ങനെ പഞ്ചായത്ത് കണ്ണടിച്ചിട്ടും വിജിലന്‍സ് കണ്ടെത്തിയ നിയമലംഘനം അവഗണിക്കാനാകാതെയാണ് അന്ന് നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.

പറ‍ഞ്ഞു വന്നത്, കേരളത്തില്‍ ആര്‍ക്കും ഈ നിയമലംഘനം പൊളിക്കണമെന്ന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. തീരദേശപരിപാലന അതോറിറ്റി പോലും ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നു ചുരുക്കം. സംസ്ഥാന സര്‍ക്കാരിനോ മരട് നഗരസഭയ്ക്കോ ഒന്നും ഈ ഫ്ളാറ്റുകള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. അങ്ങനെ ആര്‍ക്കും ഇല്ലാതിരുന്ന ഒരു ആവശ്യം സ്വമേധയാ പ്രഖ്യാപിച്ചു എന്നതിലാണ് സുപ്രീംകോടതി വിധിയിലെ അനീതി തുടങ്ങുന്നത്. 

ഫ്ളാറ്റ് ഉടമകളുടെ ഭാഗം സുപ്രീം കോടതി കേട്ടില്ല. കോടതി നിയോഗിച്ച കമ്മിറ്റിയും കേട്ടില്ല. അങ്ങനെ വിധി നടപ്പാക്കിയാല്‍ വീട് നഷ്ടപ്പെടുന്നവരുടെ ഭാഗം കോടതിയില്‍ ഉന്നയിക്കപ്പെട്ടില്ല.  പറഞ്ഞു വരുമ്പോള്‍ ഫ്ളാറ്റ് ഉടമകളുടെ ചില ചോദ്യങ്ങള്‍ ന്യായമാണ്.  ഇവിടെയുള്ള 356 ഫ്ളാറ്റുകളില്‍ താമസക്കാരായുള്ള 240 കുടുംബങ്ങളും നിയമപരമായി വസ്തു റജിസ്ട്രേഷന്‍ നടത്തിയവരാണ്. മരട് നഗരസഭ ഇവരില്‍ നിന്ന് കരവും കൈപ്പറ്റുന്നുണ്ട്. അങ്ങനെ ബില്‍ഡര്‍മാര്‍ പണ്ട് നിയമം ലംഘിച്ചുവെങ്കില്‍ അതറിയാതെ ഫ്ളാറ്റ് വാങ്ങിയ തങ്ങള്‍ എങ്ങനെ കുറ്റക്കാരാകും എന്നാണ് ഫ്ളാറ്റുടമകള്‍ ചോദിക്കുന്നത്. എന്നാല്‍ 2006ല്‍ തുടങ്ങിയ കേസാണ്. ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ നിന്ന് ഡിവിഷന്‍ ബഞ്ച് വഴി സുപ്രീംകോടതിയിലെത്തി വിശദമായ വാദം കേള്‍ക്കലിനു ശേഷമാണ് അന്തിമവിധിയുണ്ടായത്. നിയമനടപടി അറിഞ്ഞിരുന്നില്ല എന്നത് പൂര്‍ണമായും വിശ്വസനീയമായ വാദമല്ല, നിയമം അംഗീകരിക്കുന്നതുമല്ല. പക്ഷേ കരം സ്വീകരിച്ചിരുന്നു. കേസില്‍ എതിര്‍കക്ഷിയായ അതേ നഗരസഭ തന്നെ ഇടപാട് സാധൂകരിക്കുന്ന ഭരണനടപടികള്‍ സ്വീകരിച്ചിരുന്നു എന്നത് പ്രസക്തമായ പോയന്റാണ്. 

മാത്രമല്ല, ഫ്ളാറ്റുടമകളില്‍ എല്ലാവരും കോടീശ്വരന്‍മാരുമല്ല. ജീവിതസമ്പാദ്യം ചേര്‍ത്തു വച്ച് സുരക്ഷിതമായ ഒരു വാസസ്ഥലം വാങ്ങിയ വയോധികരും കൂട്ടത്തിലുണ്ട്.  അവര്‍ക്കു കിട്ടേണ്ട മാനുഷികപരിഗണനയില്‍ സംശയമുണ്ടാകേണ്ടില്ല. പക്ഷേ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നു ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മറുപടി പറയേണ്ട ചോദ്യങ്ങളുമുണ്ട്. അവരെ പ്രതിസന്ധിയിലാക്കിയ നിയമലംഘനത്തിന് രാഷ്ട്രീയനേതൃത്വത്തിനും ഉത്തരവാദിത്തമില്ലേ?  ഇനിയേതു നടപടി സ്വീകരിച്ചും ഫ്ളാറ്റ് പൊളിക്കാന്‍ അനുവദിക്കില്ല എന്നുറപ്പു പറയുമ്പോള്‍ വ്യക്തമായി ആവര്‍ത്തിക്കണം. നടന്നത് നിയമലംഘനം തന്നെയാണ്. മാനുഷികപരിഗണന മാത്രം മുന്‍നിര്‍ത്തിയുള്ള ഇളവുകളാണ് അവര്‍ക്ക് ലഭിക്കേണ്ടത്. മറിച്ച് നിയമം ലംഘിച്ചു നിര്‍മിച്ച കെട്ടിട ഉടമകളുടെ അവകാശമായല്ല. അങ്ങനെ വരുന്നത് ശരിയായ മാതൃകയുമല്ല

കേരളത്തെ അതിശയിപ്പിക്കുന്ന ഒറ്റക്കെട്ടായ പിന്തുണയാണ് മരടിലെ ഫ്ളാറ്റുടമകള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നു ലഭിക്കുന്നത്. പ്രശ്നം കൈകാര്യം ചെയ്തതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സംസ്ഥാനസര്‍ക്കാരോ ക്രമക്കേടിന് അടിസ്ഥാനമിട്ട മുന്‍ നഗരസഭാ അധികാരികളോ ഒന്നും ഇപ്പോള്‍ ചിത്രത്തിലില്ല. പാവം ഫ്ളാറ്റുടമകളും കണ്ണില്‍ച്ചോരയില്ലാത്ത കോടതിയും മാത്രമേയുള്ളൂ. 

സി.പി.എം സംസ്ഥാനസെക്രട്ടറി മാത്രമല്ല, ആദ്യമോടിയെത്തിയ പ്രതിപക്ഷനേതാവിനും ഒറ്റക്കാര്യമേ പറയാനുള്ളൂ. നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ഫ്ളാറ്റുടമകള്‍ വേദനിക്കാനിട വരരുത്. 

ഞങ്ങളും നിങ്ങളും നിയമലംഘനങ്ങള്‍  സാധൂകരിച്ചു കൊടുത്തിട്ടില്ലേ എന്നു ചോദിക്കുന്നത് മുന്‍ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷനേതാവാണ്. ബി.ജെ.പിയും ഒട്ടും വിടാതെ ഫ്ളാറ്റുടമകള്‍ക്കു വേണ്ടി രംഗത്തുണ്ട്. ഗവര്‍ണറും ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും ഫ്ളാറ്റുടമകളെ കൈവിടാന്‍ ഇടയില്ല. 

അപ്പോള്‍ എല്ലാ രാഷ്ട്രീയനേതാക്കളോടും ഒരേയൊരു ചോദ്യമേയുള്ളൂ. മരട് പ്രശ്നത്തില്‍ നിങ്ങളാവശ്യപ്പെടുന്ന പരിഹാരം എന്താണ്?നിയമലംഘനം നടന്നുവെന്ന് നിങ്ങളെല്ലാവരും സമ്മതിക്കുന്നുണ്ടല്ലോ. അപ്പോള്‍ നിയമലംഘനം മറികടന്ന് ഇതേ കെട്ടിടങ്ങളില്‍ ഇവര്‍ക്കെല്ലാം അവരാഗ്രഹിക്കുന്നതുപോലെ തന്നെ ജീവിതം തുടരാനുള്ള സാഹചര്യമുണ്ടാകണം എന്നാണോ? അതോ നിയമലംഘനത്തിന് നടപടിയും ഇവര്‍ക്ക് നഷ്ടപരിഹാരവും കിട്ടണമെന്നാണോ? ഫ്ളാറ്റുടമകള്‍ക്ക് നീതിയെന്നാല്‍ എന്താണ് കേരളത്തിലെ രാഷ്ട്രീയനേതൃത്വം ഉദ്ദേശിക്കുന്നത്? നേരിട്ടു മറുപടിയുണ്ടോ?

ഫ്ളാറ്റുടമകള്‍ ഇരകള്‍ തന്നെയാണ്. സംശയമില്ല. അവര്‍ക്ക് നീതി കിട്ടണം. അപ്പോള്‍ നിയമലംഘനത്തിനുള്ള പരിഹാരമെന്താണ്? 

അപ്പോള്‍ തെറ്റു ചെയ്ത ബില്‍ഡേഴ്സ് ശിക്ഷ അനുഭവിക്കണോ സി.പി.എം സംസ്ഥാന സെക്രട്ടറി? 

അത് ചെയ്യേണ്ടത് സുപ്രീംകോടതിയല്ല എന്നെങ്കിലും സി.ി.എം സംസ്ഥാനസെക്രട്ടറി അറിയേണ്ടതാണ്. അഥവാ ബില്‍ഡേഴ്സിനെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ആരും കോടതിയെ സമീപിച്ചിട്ടില്ല എന്നെങ്കിലും അദ്ദേഹം മനസിലാക്കണം. ബില്‍ഡേഴ്സിനും ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കും എതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. ഇപ്പോഴും സാധ്യമാണ്. പരിസ്ഥിതി നിയമം ലംഘിച്ചതിന് ഗൂഢാലോചന നടത്തിയതിന്, ക്രമക്കേട് നടത്തിയതിന് എല്ലാം ഗുരുതരമായ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസ് എടുക്കാം. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം.

അന്ന് നടപടിയെടുക്കേണ്ടതാരായിരുന്നുവെന്നറിയില്ലെങ്കില്‍ ഒന്ന് ഇടംവലം നോക്കിയാല്‍ മതി 

സി.പി.എം സെക്രട്ടറി . ക്രമക്കേട് നടത്തിയ ഫ്ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും സമരപ്പന്തലില്‍ കോടിയേരിക്കൊപ്പമുണ്ടായിരുന്നു. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ പണിയാന്‍ അനുമതി കൊടുത്തത്. ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ ഇനിയും കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും ആവശ്യപ്പെടാം സംസ്ഥാനസര്‍ക്കാരിനോട്. 

യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്താന്‍ സുപ്രീംകോടതി ഒന്നും ചെയ്തില്ലെന്ന് വിലപിക്കുന്നവരോട് ഒരു ചോദ്യം. സംസ്ഥാനസര്‍ക്കാര്‍ അതിനു തയാറാകണമെന്ന് ആവശ്യപ്പെടാന്‍ നിങ്ങള്‍ തയാറാകാത്തതെന്താണ്? അന്നത്തെ ഭരണപക്ഷമായ സി.പി.എം മടിക്കുന്നതു മനസിലാക്കാം. പക്ഷേ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമൊക്കെ വിറയലെന്തിനാണ്? ചോദ്യങ്ങള്‍ യഥാര്‍ഥ കുറ്റക്കാരിലേക്കു നീളുമ്പോള്‍ ഉരുണ്ടുകളിക്കുന്നവരെല്ലാം തന്നെയാണ് മരട് ഫ്ളാറ്റ് പ്രശ്നം ഒറ്റപ്പെട്ടതല്ലെന്ന സാക്ഷ്യം

അങ്ങനെ നിയമം ലംഘിച്ചതിന് പൊളിക്കാന്‍ നോക്കിയാല്‍ കേരളത്തില്‍ എത്ര കെട്ടിടങ്ങള്‍ ബാക്കിയുണ്ടാകുമെന്ന ന്യായമാണ് ഐക്യദാര്‍ഢ്യക്കാരുടെയെല്ലാം പ്രതിരോധം. ഇപ്പോള്‍ പൊളിച്ചാലും ഇവിടെത്തന്നെ വീണ്ടും നിര്‍മിക്കാം എന്നും നിയമങ്ങള്‍ വിലയിരുത്താതെ വീരവാദം മുഴക്കുന്നുണ്ട് നേതാക്കള്‍

ന്യായീകരണം പോലെ അത്ര എളുപ്പമൊന്നുമല്ല പുതിയ നിയമങ്ങള്‍ എന്നത് വസ്തുത. സോണ്‍ 2 വിലേക്ക് പുനര്‍വിജ്ഞാപനം ചെയ്തുവെന്നതിന്റെ പേരിലാണെങ്കില്‍ കേന്ദ്രത്തിന്റെ 2010ലെ വെറ്റ്ലാന്‍ഡ് നിയമങ്ങള്‍ അടക്കം ഇതേ മേഖലയിലെ നിര്‍മാണങ്ങള്‍ ഇപ്പോഴും അനുവദിക്കുന്നില്ല. അതുകൊണ്ട് ന്യായീകരിക്കുമ്പോള്‍ ഒന്നു സൂക്ഷിക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും. എന്നിരിക്കിലും  ഈ ഫ്ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ മാര്‍ഗമുണ്ടെങ്കില്‍ അതു തന്നെയാണ് നടപ്പാകേണ്ടത്. ഒരുപാടു കുറ്റവാളികളുള്ള കേസില്‍ ഫ്ളാറ്റുടമകള്‍ മാത്രം അനുഭവിക്കേണ്ടിവരുന്നത് ശരിയായ ശിക്ഷാരീതിയല്ല . പക്ഷേ മാതൃകാപരമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഈ പാര്‍ട്ടികള്‍ക്ക് ഏതിനെങ്കിലും ഉദ്ദേശമുണ്ടോ? എല്ലാവരും ഒത്തുപിടിച്ചാല്‍ സുപ്രീംകോടതിയെ സ്വാധീനിക്കാനായേക്കും. ഇല്ലെങ്കില്‍ പ്രത്യേക നിയമനിര്‍മാണത്തിനു ശ്രമിക്കാം.

കുടിയൊഴിപ്പിക്കല്‍ എന്ന വാക്ക് കോടിയേരി വെറുതെ പ്രയോഗിച്ചതാവില്ലെന്നുറപ്പ്. അതൊരു സൂക്ഷ്മമായ ചുവടുമാറ്റത്തിന്റെ കൂടി പ്രഖ്യാപനമാണ്. ഒന്നേ പറയാനുള്ളൂ. ഈ കരുണയും കനിവും കിടപ്പാടം നഷ്ടപ്പെടുന്ന എല്ലാവരോടുമുണ്ടാകണം. എല്ലാവര്‍ക്കും അവരാഗ്രഹിക്കുന്നയിടങ്ങളില്‍ തന്നെ ജീവിതം തുടരാനുള്ള അവകാശമുണ്ടാകുമോ, അതോ ഈ വന്‍കിട ഫ്ളാറ്റുടമകള്‍ക്കു മാത്രമാണോ അത്തരം മനുഷ്യാവകാശങ്ങളുണ്ടാകുക എന്നു കൂടി രാഷ്ട്രീയനേതാക്കള്‍ വ്യക്തമാകണം. മൂലമ്പിള്ളിയിലും വൈപ്പിനിലും ചെങ്ങറയിലുമെല്ലാം മറ്റു മാര്‍ഗങ്ങളില്ലാത്ത മനുഷ്യര്‍ തീര്‍ക്കുന്നപ്രതിരോധത്തിനു മുന്നിലേക്ക് പൊലീസിനെ ലാത്തിയും കൊടുത്തു വിടുമ്പോള്‍ അവരും മനുഷ്യരാണെന്ന് ഇനിയെങ്കിലും ഓര്‍മയുണ്ടാകുമോ എന്നു കൂടി വ്യക്തമാക്കണം. ആശിക്കുന്നതുപോലെ ജീവിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശങ്ങളുണ്ടാകണമല്ലോ. 

അതുകൊണ്ട് നിയമം ലംഘിച്ചു നിര്‍മിച്ച  സ്വപ്നഭവനങ്ങളിലേക്ക് അറിയാതെ ചെന്നുപെടുന്നവരോട്  , ധൈര്യമായി മുന്നോട്ടു പോകുക. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാ നേതാക്കളും പാര്‍ട്ടി, മുന്നണി വ്യത്യാസമില്ലാതെ നിങ്ങള്‍ക്കൊപ്പമുണ്ടാകും. അങ്ങനെ നിങ്ങളുടെ കണ്ണീരു കാണാതെ പോകാന്‍ നിങ്ങള്‍ മൂലമ്പിള്ളിയിലോ വൈപ്പിനിലോ ഉള്ള പട്ടിണിപ്പാവങ്ങളൊന്നുമല്ലല്ലോ. ധൈര്യമായിരിക്കുക. നിങ്ങള്‍ക്കാ ഫ്ളാറ്റുകളില്‍ നിന്ന് ഇറങ്ങേണ്ടി വരില്ല എന്നുറപ്പു വരുത്താന്‍ കൈയ്മെയ് മറന്ന്  കേരളം പോരാടും. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...