തിരുത്തപ്പെടാതെ പോയ വാർത്തകളുടെ ഇരകൾ; മാധ്യമങ്ങളും തിരുത്തണം

omanakuttann
SHARE

തെറ്റ് ആര്‍ക്കും പറ്റാം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് തെറ്റു പറ്റിയാലും അത് തിരിച്ചറിയുകയും തിരുത്തപ്പെടുകയും വേണം. സി.പി.എമ്മുകാരനായ  ഓമനക്കുട്ടന്‍ ഇന്ന് തലയുയര്‍ത്തിനില്‍ക്കുമ്പോള്‍ മാധ്യമങ്ങളുടെ ശിരസു കുനിയുന്നുണ്ടെന്ന് പറയാതെ വയ്യ. മാധ്യമപ്രവര്‍ത്തനത്തിന്റെ അര്‍ഥവും ആഴവും വീണ്ടും വീണ്ടും സ്വയമുറപ്പിക്കാനുള്ള അവസരമാകണം ഈ വീഴ്ച. 

ആ രാഷ്ട്രീയപ്രവര്‍ത്തകനോട് സമൂഹം ചെയ്ത അനീതി അങ്ങനെ തിരുത്തപ്പെടുകയാണ്. പക്ഷേ ഒരു ദിവസം മുഴുവന്‍ അയാള്‍ കള്ളനെന്നും കുറ്റവാളിയെന്നുമുള്ള വിളി കേട്ടു. അയാളുടെ പാര്‍ട്ടി പോലും അതു ശരിവച്ചു നടപടിയെടുത്തു. പക്ഷേ ഈ പാതകത്തിലെ ഒന്നാം പ്രതി മാധ്യമങ്ങള്‍ തന്നെയാണ്. ഞങ്ങള്‍ തിരുത്തിയിരുന്നെന്ന് മേനി നടിക്കുന്നില്ല. വാര്‍ത്തകള്‍ ഓരോ ജീവിതത്തിലും ചെലുത്തുന്ന സ്വാധീനവും ആഘാതവും സൂക്ഷ്മമായി മനസിലാക്കേണ്ടതുണ്ടെന്ന് സ്വയം തിരിച്ചറിയുന്നു. ഓരോ മനുഷ്യനെയും എത്ര ജാഗ്രതയോടെയാണ് സമീപിക്കേണ്ടതെന്ന് സ്വയം ഓര്‍മപ്പെടുത്തുന്നു

പറഞ്ഞു നില്‍ക്കാന്‍ പഴുതുകള്‍ അന്വേഷിച്ചാല്‍ ഇനിയും കിട്ടിയേക്കും. പല ഉന്നതരെയും പ്രതിരോധിച്ച പാര്‍ട്ടിയുടെ പൊടുന്നനെയുള്ള നടപടി, സര്‍ക്കാര്‍ സംവിധാനമുള്ളപ്പോള്‍ നീതിക്കു വേണ്ടി പണം പിരിക്കാന്‍ ഓമനക്കുട്ടന്‍ ആരാണ്? മന്ത്രി സുധാകരന്റെ 

സാക്ഷ്യം,.... അങ്ങനെ പഴുതുകള്‍ ഇനിയും കണ്ടെത്താന്‍ പറ്റിയേക്കും. പക്ഷേ ശരി, മാധ്യമങ്ങള്‍ തെറ്റു പറ്റിയെന്നു  സമ്മതിക്കുകയാണ്. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുമെന്ന വാക്കു പറയലാണ്. അത് പാലിക്കലാണ്. തിരുത്തപ്പെടാതെ പോയ വാര്‍ത്തകളുടെ ഇരകളായ ഓമനക്കുട്ടന്‍മാരോടു കൂടി ക്ഷമ ചോദിച്ചുകൊണ്ട് സ്വയം പറയുന്നു, ഉത്തരവാദിത്തമാധ്യമപ്രവര്‍ത്തനത്തിനേ വിശ്വാസ്യത അവകാശപ്പെടാനാകൂ. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...