സാധാരണക്കാരനെ കുരുക്കി വലക്കുന്ന പൊലീസ്; ഉന്നതരുടെ നരഹത്യ പോലും കുറ്റമല്ല

sreeram-parayathe-vayya
SHARE

കര്‍ശനമായി നിയമം പാലിച്ചതിന്റെ പേരില്‍ കൊണ്ടാടപ്പെട്ട സിവില്‍സര്‍വീസുകാരന്‍ സ്വന്തം ജീവിതത്തില്‍ ഒരു നിയമവും പാലിക്കാന്‍ തയാറല്ല. ഒരു നിയമത്തെയും ബഹുമാനിക്കുന്നില്ല. സാധാരണക്കാരന്റെ ജീവിതത്തെ നിസാര നിയമലംഘനങ്ങളുടെ പേരില്‍ കുരുക്കി വലയ്ക്കുന്ന പൊലീസ് സംവിധാനത്തിനും ഉന്നതരുടെ നരഹത്യ പോലും ഒരു കുറ്റമല്ല

ശ്രീറാം വെങ്കിട്ടരാമനെ കേരളം പിന്തുണച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കിയതിന്. വലിപ്പച്ചെറുപ്പമില്ലാതെ നിയമലംഘകരെ നേരിടുമെന്ന് ആ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളം ഒപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമം പാലിക്കുകയെന്ന സാധാരണ മനുഷ്യരുടെ ഒബ്സഷന്‍ മുതലെടുക്കുക മാത്രമാണ് ശ്രീറാം അടക്കം കൈയടി നേടിയ കര്‍ക്കശക്കാരെല്ലാം ചെയ്തതെന്ന് കേരളം ഒരിക്കല്‍കൂടി നടുക്കത്തോടെ മനസിലാക്കി. 

ആര്‍ക്കു വേണ്ടിയുള്ളതാണ് നിയമം? ആരാണത് പാലിക്കേണ്ടത്? നിയമം നടപ്പാക്കാനുളള അധികാരം സാധാരണ മനുഷ്യരുടെ മേല്‍ പ്രയോഗിക്കുന്നവര്‍ക്ക് എന്തുമാകാമെന്ന് ഇന്ത്യന്‍ ഭരണഘടനയിലുണ്ടോ?നിയമത്തിനു മുന്നിലെത്തുമ്പോള്‍ ഒരു സാധാരണക്കാരനും സ്വാധീനമുള്ളവനും തമ്മിലുള്ള വ്യത്യാസം എത്ര ഭീകരമാണെന്നാണ് തിരുവനന്തപുരത്ത്  മാധ്യമപ്രവര്‍ത്തകന്റെ ദാരുണ മരണത്തില്‍ കേരളം കണ്ടത്. 

അതായത് മദ്യപിച്ച് വാഹനമോടിച്ച് ഒരു യുവമാധ്യമപ്രവര്‍ത്തകന്റെ  ജീവനെടുത്ത ശ്രീറാം വെങ്കിട്ടരാമന്‍ നമ്മളോട് പറയുന്നത് ഒന്നു മാത്രമാണ്. നിയമം സാധാരണക്കാര്‍ക്കു മാത്രം പാലിക്കാനുള്ളതാണ്. നിയമത്തെ ബഹുമാനിക്കേണ്ടത്, ലംഘിക്കാതിരിക്കേണ്ടത് സ്വാധീനമില്ലാത്തവരുടെ മാത്രം ഉത്തരവാദിത്തമാണ്. അഥവാ ലംഘിച്ചാലും ശിക്ഷ അനുഭവിക്കാന്‍ തയാറാകേണ്ടതും നിഷ്കളങ്കമായി ചിന്തിക്കുന്ന സാധാരണക്കാരന്‍ മാത്രമാണ്.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിനു സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്. ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. അമിത വേഗതയിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നും കാല്‍ നിലത്തുറയ്ക്കാത്ത നിലയിലാണ് വാഹനത്തില്‍ നിന്നിറങ്ങിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു

ഇത്രയും സംഭവിക്കുന്നതു തന്നെ ഗുരുതരമായ കുറ്റകൃത്യമാണ്. മദ്യപിച്ചു വണ്ടിയോടിക്കുന്നത് കുറ്റകരമാക്കിയിരിക്കുന്നതെന്തിനാണെന്ന് ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് അറിയാം. ആ കുറ്റം സമൂഹത്തിലുണ്ടാക്കുന്ന ഭീഷണി എന്താണെന്നും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റായിരുന്ന സിവില്‍സര്‍വീസുകാരന് അറിയാം. എന്നിട്ടും നിയമവ്യവസ്ഥയോട് ഒരു ബഹുമാനവുമില്ലാതെ  ആ കുറ്റം ചെയ്തുവെന്നു മാത്രമല്ല, കുറ്റം ചെയ്തത് താനല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ സമൂഹത്തെ കബളിപ്പിക്കാനും ശ്രമിച്ചു. അതിന് ഒരു മറയുമില്ലാതെ കേരളപൊലീസ് കൂട്ടുനില്‍ക്കുകയും ചെയ്തു.  ശ്രീറാം വെങ്കട്ടരാമനും അപകടമുണ്ടാക്കിയ കാറിന്റെ ഉടമ വഫ ഫിറോസും അപകടത്തിനു പിന്നാലെ പൊലീസിനെയും നിയമത്തെയും കബളിപ്പിക്കാന്‍ ശ്രമിച്ചു.

വാഹനമോടിച്ചത് വഫയെന്ന് അപകടമുണ്ടാക്കിയവര്‍ തന്നെ പറഞ്ഞിട്ടും അവരെ പരിശോധനയ്ക്കു വിധേയയാക്കാനല്ല പൊലീസ് ശ്രമിച്ചത്. ഉടന്‍ തന്നെ സുരക്ഷിതമായി അവരെ വീട്ടിലെത്താന്‍ സഹായിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ബഹളമുണ്ടാക്കിയതോടെയാണ് വീണ്ടും വിളിച്ചു വരുത്തി വൈദ്യപരിശോധന നടത്താന്‍ പൊലീസ് തയാറായത്. വണ്ടിയോടിച്ചത് ശ്രീറാമെന്ന് ദൃക്സാക്ഷികള്‍ ആവര്‍ത്തിച്ചുറപ്പിച്ചിട്ടും പൊലീസ് അത് അവഗണിച്ചു. അതു മാത്രമല്ല, അപകടത്തില്‍ പരുക്കേറ്റ ശ്രീറാമിന്റെ രക്തപരിശോധന നടത്താതെ പൊലീസും ഉന്നതഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. 

ആര്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത വിചിത്രന്യായങ്ങളാണ് രക്തപരിശോധന നടത്താത്തതിന് പൊലീസ് വിശദീകരിച്ചത്. മദ്യപിച്ചു വാഹനമോടിച്ചുണ്ടാക്കിയ അപകടക്കേസുകളില്‍ ഏറ്റവും നിര്‍ണായകമായ, അട്ടിമറിക്കാനാകാത്ത ഒരേയൊരു തെളിവ് രക്തപരിശോധനയാണ്. എന്നിട്ടും 9 മണിക്കൂര്‍ പിന്നിടും വരെ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമുന്നയിക്കും വരെ ഒരു നിരപരാധിയായ ചെറുപ്പക്കാരന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയാറായില്ല. 

മനസിലാക്കേണ്ടതെന്താണ്? കര്‍ശനമായി നിയമം പാലിച്ചതിന്റെ പേരില്‍ കൊണ്ടാടപ്പെട്ട സിവില്‍സര്‍വീസുകാരന്‍ സ്വന്തം ജീവിതത്തില്‍ ഒരു നിയമവും പാലിക്കാന്‍ തയാറല്ല. ഒരു നിയമത്തെയും ബഹുമാനിക്കുന്നില്ല. സാധാരണക്കാരന്റെ ജീവിതത്തെ നിസാര നിയമലംഘനങ്ങളുടെ പേരില്‍ കുരുക്കി വലയ്ക്കുന്ന പൊലീസ് സംവിധാനത്തിനും ഉന്നതരുടെ നരഹത്യ പോലും ഒരു കുറ്റമല്ല

നിയമലംഘനവും നരഹത്യയും മൂടിവയ്ക്കാന്‍ പരമാവധി ഒത്തുകളിച്ച പൊലീസിനെ നിയന്ത്രിക്കുന്നവരാണ് സുതാര്യമായ നടപടി ഉറപ്പു പറയുന്നത്. കൊല്ലപ്പെട്ട കെ.എം.ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫാണ്. 35 കാരന്‍, ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. അദ്ദേഹത്തോട് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന മതിപ്പും സ്നേഹവും കരുതലും തീര്‍ത്ത പ്രതിഷേധം കൊണ്ടു മാത്രമാണ് പൊലീസ് ഒടുവില്‍ നടപടികളിലേക്ക് കടക്കാന്‍ തയാറായത്.  

സ്വാധീനമോ സംഘമായ പിന്തുണയോ ലഭിക്കാനില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു കൊല്ലപ്പെട്ടതെങ്കില്‍ എന്താകുമായിരുന്നു കേസ് എന്ന് കേരളം ഇന്നു നേരെ കണ്ടതാണ്. സംഘടിതമായ പ്രതിഷേധത്തിനൊടുവില്‍ ഗത്യന്തരമില്ലാതെ നടപടികളിലേക്കു കടന്ന പൊലീസ് ,കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോഴുണ്ടായ ബഹുജനശ്രദ്ധ മാറിക്കഴിഞ്ഞാല്‍, പഴുതുകളിലൂടെ പുറത്തെത്തിക്കാന്‍ ഭരണകൂടവും മുന്നില്‍ നില്‍ക്കുമെന്നത് ചരിത്രസാക്ഷ്യമാണ്. അറിയാതെ പറ്റിപ്പോയ അബദ്ധമായല്ല ഉന്നതഉദ്യോഗസ്ഥന്റെ നരഹത്യ കൈകാര്യം ചെയ്യപ്പെടേണ്ടത് എന്ന ബോധ്യം പൊതുസമൂഹത്തിനു മാത്രമുണ്ടായാല്‍ പോര. 

കൊല്ലാന്‍ ഉദ്ദേശിച്ചതല്ല, അബദ്ധത്തില്‍ സംഭവിച്ചതാണ് തുടങ്ങിയ ന്യായീകരണങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്. സാധാരണഗതിയില്‍ ആളെ കൊല്ലാന്‍ ആരും വണ്ടിയോടിക്കാറില്ല. എന്നാല്‍ ആരും ആളെ കൊല്ലരുത് എന്ന നിഷ്കര്‍ഷയോടെ ഉണ്ടാക്കിവച്ചിരിക്കുന്ന നിയമങ്ങളുണ്ട്. അതു പാലിക്കേണ്ടതിന്റെ ആവശ്യകത അറിയാത്തയാളല്ല ശ്രീറാം . ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദവും ബിരുദാന്തരബിരുദവും നേടിയിട്ടുള്ള ‍ഡോക്ടര്‍ ആണ്. മദ്യപിച്ച അവസ്ഥയില്‍ ശരീരത്തിനോ മനസിനോ കൃത്യമായി തീരുമാനമെടുക്കാനാവില്ലെന്നോ കാഴ്ചശക്തിയെയും ഏകാഗ്രതയെയും ബാധിക്കുമെന്നോ അറിഞ്ഞല്ല സാധാരണ മനുഷ്യര്‍ മദ്യച്ചു ഡ്രൈവ് ചെയ്യാതിരിക്കുന്നത്. തനിക്കു മാത്രമല്ല, റോഡിലുള്ള മറ്റു മനുഷ്യരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന നിയമം അനുശാസിച്ചു കൊണ്ടാണ്.ഒരു ഡോക്ടര്‍ക്ക്, ഒരു സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന് ഇതെല്ലാമറിഞ്ഞും ആ കുറ്റം ചെയ്യാന്‍ മടിയില്ലെങ്കില്‍ അത് നിസാരകുറ്റമല്ല. സിവിൽ സർവീസ് പെരുമാറ്റചട്ടം അനുസരിച്ച് ഉദ്യോഗസ്ഥർ 24/7 സർവീസിലുള്ളവരാണ്. അവർ മദ്യപിച്ചോ ലഹരിക്കടിമയായോ പൊതുസമൂഹത്തിന്റെ മുന്നിൽച്ചെല്ലാൻ പാടില്ല എന്നൊരു നിയമം പെരുമാറ്റച്ചട്ടം അനുശാസിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം കൂടിയാണിത്. 

കൈയില്‍ കിട്ടിയൊരാളെ മാത്രം ക്രൂശിക്കുകയല്ല. തിരുത്തണം, മാതൃകാപരമായ നടപടിയുണ്ടാകണം. നിയമം പാലിക്കേണ്ട ബാധ്യത സ്വാധീനങ്ങളില്ലാത്ത മനുഷ്യരുടേതു മാത്രമാണെന്ന ധാരണയോടെ പെരുമാറുന്ന ഏതൊരു സംവിധാനത്തിനും താക്കീതാകുന്ന നടപടിയുണ്ടാകണം.  ഭൂരിപക്ഷവും വീഴ്ചകളില്ലാതെ നിയമത്തെ മാനിക്കുന്നതുകൊണ്ടാണ് സമൂഹം സമാധാനത്തോടെ, സുരക്ഷിതമായി നിലനില്‍ക്കുന്നതെന്ന് ഉള്‍ക്കൊള്ളേണ്ടവരെല്ലാം ഉള്‍ക്കൊള്ളുന്ന തിരുത്തലും വേണം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...