ഇന്ത്യ ആക്രോശക്കാരുടെ തറവാട്ട് സ്വത്തല്ല; അവഗണിക്കണം ഈ അതിവിഡ്ഢിത്തം

adoor
SHARE

അടൂര്‍ ഗോപാലകൃഷ്ണനോട് ഇന്ത്യ വിട്ടു പോകാന്‍ പറയാന്‍ ബി.ഗോപാലകൃഷ്ണനാരാണ്? സത്യത്തില്‍ അത്രയും ധാര്‍മികരോഷത്തിന്റെ പോലും ആവശ്യമില്ല. കൊടുക്കേണ്ട മറുപടി കൃത്യമായി അടൂര്‍ തന്നെ കൊടുത്തു കഴിഞ്ഞു. ആള്‍ക്കൂട്ടത്തിനിടെ ആളാകാനുള്ള ആക്രോശങ്ങള്‍ അവഗണിക്കാന്‍ വേണ്ട മനഃസംയമനം ആര്‍ജിക്കാതെ ഇന്നീ നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല. ശ്രീരാമചന്ദ്രന്‍മാരെ ഒന്നിച്ച് അവഹേളിച്ചുകൊണ്ടുള്ള ആക്രമണത്തില്‍ വിശ്വാസികള്‍ക്കു പോലും പരാതിയില്ലാത്തതാണ് വിചിത്രം.

ജയ് ശ്രീറാം വിളികളുമായി നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്കു കത്തയച്ച 42 സാംസ്കാരികപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മലയാളത്തിന്റെ ലോകോത്തരസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഈ നടപടിക്കെതിരെ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ കടുത്ത ആക്രമണവുമായി രംഗത്തെത്തി. അടൂര്‍ ഗോപാലകൃഷ്ണന്‍ അതിനൊരു മറുപടിയും ഉടന്‍ നല്‍കി. 

സത്യത്തില്‍ അതോടെ കഥ കഴിഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ ആരാണെന്നും ബി.ഗോപാലകൃഷ്ണന്‍ ആരാണെന്നും മലയാളികള്‍ക്ക് ഒന്നുകൂടി ബോധ്യമായി, അത്രയേ സംഭവിച്ചുള്ളൂ.

ഒരു ലജ്ജയുമില്ലാതെ എഴുന്നള്ളിക്കുന്ന അതിവിഡ്ഢിത്തരങ്ങള്‍  അവഗണിക്കുകയാണ് കേരളം ചെയ്യേണ്ടത്. ചര്‍ച്ച ചെയ്ത് വലുതാക്കാന്‍ മാത്രമുള്ള ബോധം പോലും ആ ആക്രോശത്തിലില്ല. ബി.ജെ.പിയുടെ നിലവാരം പോലുമില്ലാത്ത ഒരു അഭിപ്രായമായാണ് പാര്‍ട്ടിയും അതിനെ കണ്ടതെന്ന് മറ്റു നേതാക്കളുടെ മൗനം വിളിച്ചു പറയുന്നു

പറഞ്ഞ് പറഞ്ഞ് ശ്രീരാമനെപ്പോലും അവഹേളിച്ചു കളഞ്ഞു ഗോപാലകൃഷ്ണന്‍. ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളില്‍ പോലും ഈ സമയത്ത് ജയ് ശ്രീറാം ഉയരുമെന്നായിരുന്നു ഒരു ഡയലോഗ്. അത് കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ചന്ദ്രനിലേക്കു പോകാമെന്നായിരുന്നു ആഹ്വാനം. അപ്പോള്‍ ചന്ദ്രനില്‍ ശ്രീരാമനില്ലെന്നാണോ ബി.ജെ.പി.വക്താവ് പറഞ്ഞു വരുന്നത്. 

അതോ ഇഷ്ടമില്ലാത്തവരെ പറഞ്ഞയക്കാനുള്ള സ്ഥലമാണോ ചന്ദ്രന്‍. ഹൈന്ദവവിശ്വാസമനുസരിച്ച് ശ്രീരാമനും ചന്ദ്രനും ദൈവസാന്നിധ്യമാണ്. വിശ്വാസികള്‍ക്ക് ഈ മാതിരി പ്രസ്താവനകളിലൊന്നും വികാരം വ്രണപ്പെടാത്തത് നല്ല കാര്യം. 

അതിനിടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സെലക്റ്റീവ് പ്രതികരണക്കാരനാണെന്നാണ് ചില നിഷ്പക്ഷരുടെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിനെതിരെ അതായത് സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ മാത്രമേ അടൂര്‍ പ്രതികരിച്ചിട്ടുള്ളൂവെന്നാണ് വിലയിരുത്തല്‍. അറിയാതിരിക്കുന്നത് കുറ്റമല്ല, പക്ഷേ അറിയാതെ പുറത്തുവരുന്ന വിധേയത്വം എങ്ങോട്ടാണെന്ന് ഒന്നു വിലയിരുത്തുന്നത് നല്ലതാണ്. കാരണം അടൂര്‍ ഗോപാലകൃഷ്ണന്‍ കേരളത്തില്‍ ഏറ്റവുമൊടുവില്‍ പങ്കെടുത്ത പരിപാടി യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമത്തിനെതിരായ പ്രതിരോധസംഗമമാണ്. 

അടൂരിനെ അവിടെ കണ്ടില്ലല്ലോ, ഇവിടെ കണ്ടില്ലല്ലോ എന്നു സമീകരണപ്പട്ടിക തുറക്കുന്നവര്‍ക്കുള്ള മറുപടി അദ്ദേഹം തന്നെ നല്‍കിയിട്ടുണ്ട്. 

രാഷ്ട്രീയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താതെ സ്വയം സുരക്ഷിതനാകുന്ന വ്യക്തിയല്ല അടൂര്‍ എന്നതിന് ഒടുവിലത്തെ സാക്ഷ്യം രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്ത് തന്നെ നടന്ന പരിപാടിയാണ്. കോണ്‍ഗ്രസ് അനുകൂല സാംസ്കാരികസംഘടനയായ സംസ്കാരസാഹിതി സംഘടിപ്പിച്ച പരിപാടി യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ ഗുണ്ടായസത്തിനെതിരെയായിരുന്നു. 

അടൂര്‍ അവിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ അരാഷ്ട്രീയവാദങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് വിമര്‍ശിക്കാം. അഭിപ്രായത്തോട് വിയോജിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. ഇതിനു മുന്‍പ് മലയാളത്തില്‍ നിന്ന് ദേശീയപുരസ്കാരം നേടിയവര്‍ ചടങ്ങ് ബഹിഷ്കരിച്ചപ്പോഴും അടൂര്‍ അവരെ പിന്തുണച്ചിരുന്നു

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയുടെ ആരാധകനാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച സമയത്തും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാവുന്ന അഭിപ്രായങ്ങള്‍ അടൂര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. 

അതുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ജീവിതത്തിലാദ്യമായി നടത്തിയ പ്രതികരണമാണ് ആള്‍ക്കൂട്ടക്കൊലപാതകത്തിനെതിരായ നീക്കമെന്ന് വ്യാഖ്യാനിക്കുന്നത് വസ്തുതാവിരുദ്ധമാണ്. അതിനിടെ മറ്റൊരു സാംസ്കാരികസംഘവും ഇത് സെലക്റ്റീവ് പ്രതികരണമാണെന്നാരോപിച്ച് രംഗത്തു വന്നിട്ടുണ്ട്. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തും നടി കങ്കണ റണാവത്തടക്കമുള്ളവര്‍ കൈമാറിക്കഴിഞ്ഞു. 

അതിലും ഒരു അതിശയവുമില്ല. മനുഷ്യരോട് കൂറുള്ളവര്‍ അതു കാണിക്കും. അധികാരത്തോടു കൂറുള്ളവര്‍ അതു പ്രകടിപ്പിക്കും. ഇന്നത്തെ ഇന്ത്യയില്‍ അധികാരത്തെ ചോദ്യം ചെയ്ത് മനുഷ്യത്വത്തോടൊപ്പം നില്‍ക്കുന്നവരുടെ പേരുകള്‍ക്ക് ഒരു സവിശേഷതയുണ്ടെന്നു മാത്രം.  അവര്‍ വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് .  പിന്നെ അഭിപ്രായം പറയുന്നവരെയൊക്കെ പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും പറഞ്ഞുവിടാന്‍ നടക്കുന്ന ബി.ജെ.പിക്കാരോട്. നിങ്ങള്‍ക്ക്് ഈ  ഇന്ത്യ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ? അഭിപ്രായം പറയുന്നവരെ എങ്ങോട്ടെങ്കിലും പറഞ്ഞു വിടാന്‍ ബി.ജെ.പിക്കാരുടെ തറവാട്ടു സ്വത്തല്ലല്ലോ  സര്‍ ഇന്ത്യ. ഇന്ത്യ ഇന്ത്യക്കാരുടേതല്ലേ?

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...