അണികള്‍ കാനത്തെ അന്വേഷിക്കുന്നു; ഈ മലക്കം മറിച്ചിലിന്റെ അർത്ഥങ്ങൾ

kanam-cpi
SHARE

സി.പി.ഐയ്ക്കും കാനം രാജേന്ദ്രനും എവിടെ വച്ചാണ് തലയ്ക്കടി കിട്ടിയത്? കേരളം ഇപ്പോള്‍ ഉത്തരം തേടുന്ന ഒരു വലിയ ചോദ്യമാണത്. രാഷ്ട്രീയകൃത്യതയുടെയും യഥാര്‍ഥ ഇടതുപക്ഷത്തിന്റെയും വാചാടോപങ്ങള്‍ക്കിടയില്‍ സി.പി.ഐയ്ക്ക് എവിടെയാണ് സ്വയം നഷ്ടപ്പെട്ടത്?  സി.പി.ഐയെ കണ്ടുകിട്ടുന്നവര്‍ ദയവായി അണികളെ അറിയിക്കുക. അതല്ല, ഈ കാണുന്നതാണ് യഥാര്‍ഥ സി.പി.ഐ എന്ന് തിരിച്ചറിയുകയാണെങ്കില്‍ അതു ജനങ്ങളെയും അറിയിക്കുക. 

ആരാണീ പറയുന്നത്? പിണറായി സര്‍ക്കാരിനെ തുടക്കം മുതല്‍ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്ത ഘടകകക്ഷി നേതാവ്. ഇതുവരെയെടുത്ത നിലപാടുകളെല്ലാം തെറ്റായിരുന്നുവെന്നും ഇടതുപക്ഷഐക്യത്തിനെതിരായിരുന്നുവെന്നുമുള്ള കുറ്റസമ്മതമാണോ കാനത്തിന്റെ ഇപ്പോഴത്തെ വാക്കുകള്‍? 

ഞങ്ങളെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ് , ക്ലീഷേ ആകുന്നില്ല ഈ വാചകമെന്ന് സി.പി.ഐ ഒരിക്കല്‍ കൂടി കേരളത്തിനു കാണിച്ചു തന്നു. പൊലീസിന്റെ ലാത്തിചാര്‍ജില്‍ പരുക്കേറ്റ് ആശുപത്രിയിലായത് ഭരണകക്ഷി എം.എല്‍.എ എല്‍ദോ അബ്രഹാം,. തലപൊട്ടി പരുക്കേറ്റത് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനും . ജില്ലാ അസി.സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ക്കും സാരമായി മര്‍ദനമേറ്റു ആശുപത്രിയിലായി. 

നടന്നതിന്റെ ഗൗരവം ഉള്‍ക്കൊണ്ട  മുഖ്യമന്ത്രി തന്നെ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് തുറന്നു പറഞ്ഞ് കൈകഴുകി. കലക്ടറെ അന്വേഷിക്കാനും ചുമതലപ്പെടുത്തി. 

പക്ഷേ അതിശയിപ്പിച്ചത് സി.പി.ഐയുടെ തന്നെ പ്രതികരണമാണ്. കേരളത്തിലെ ഒന്നാം നമ്പര്‍ സര്‍ക്കാര്‍ വിമര്‍ശകനും മനുഷ്യാവകാശവാദിയുമായ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പഠിച്ചിട്ടു പറയാമെന്നു പറഞ്ഞ് ആദ്യം ഒഴി‍ഞ്ഞുമാറി. പാര്‍ട്ടിക്കാരുടെ തന്നെ നിര്‍ബന്ധം കനത്തപ്പോള്‍  പ്രതികരിച്ചെന്നു വരുത്തി കാനം രക്ഷപ്പെട്ടു. എന്തൊരു മറിമായമാണിതെന്ന് തീര്‍ച്ചയായും സംശയിക്കാം.  ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വിശാലതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള കരുതലെന്നൊക്കെ പറഞ്ഞാല്‍ അത് വെള്ളം തൊടാതെ വിഴുങ്ങാനാകുമോ? സി.പി.ഐ തെറ്റു തിരുത്തുകയാണോ, അതോ ഇതു തന്നെയായിരുന്നോ സി.പി.ഐ?

കാനം രാജേന്ദ്രന്‍. കേരളത്തിലെ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ നേതാവ്.  അനീതിക്കെതിരെ ഒരു തരി ക്ഷമയില്ലാത്ത നേതാവ്. എവിടെയെങ്കിലും മനുഷ്യാവകാശം ലംഘിക്കപ്പെട്ടുവെന്നറിഞ്ഞാല്‍ പൊറുക്കാത്ത ജനകീയ മുഖം. ഈ സര്‍ക്കാരിന്റെ ആദ്യരണ്ടു വര്‍ഷം പ്രതിപക്ഷത്തേക്കാള്‍ പിണറായി പേടിച്ചത് കാനത്തെയാണ്. യഥാര്‍ഥ ഇടതുപക്ഷം ആരെന്ന ചോദ്യത്തിന് നെഞ്ചുറപ്പോടെ നിവര്‍ന്നു നിന്ന ആ മനുഷ്യനെയാണ് ഇന്ന് സി.പി.ഐക്കാര്‍ അന്വേഷിക്കുന്നത്. കാണാതെപോയത് എവിടെ വച്ചാണെന്ന് കേരളീയരെ പോലെ തന്നെ സി.പി.ഐക്കാര്‍ക്കും മനസിലായിട്ടില്ല. സ്വന്തം ഭരണമാണെങ്കിലും തരാതരം പോലെ സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടതും  തിരുത്തേണ്ടതും നമ്മളാണെന്ന് സി.പി.ഐയെ പറഞ്ഞു വിശ്വസിപ്പിച്ച കാനത്തെയാണ്  അണികള്‍ അന്വേഷിക്കുന്നത്. 

നേതാവിന്റെ അത്യുജ്വല നിലപാടുകള്‍ വിശ്വസിച്ച് ഭരണത്തിനൊപ്പം സമരവും ശീലമാക്കിയതാണോ എറണാകുളത്തെ സി.പി.ഐക്കാര്‍ ചെയ്ത തെറ്റ്? വെറും ഒരു സി.ഐയെ തല്‍സ്ഥാനത്തു നിന്നു മാറ്റാന്‍ ജില്ലാനേതൃത്വത്തിന്റെ വാക്കു വിശ്വസിച്ച് തെരുവിലിറങ്ങി, പൊലീസിന്റെ അടി വാങ്ങി ആശുപത്രിയിലായ എം.എല്‍.എ ദിവസം നാലു നേരം പൊലീസിനെതിരെ പരാതി പറഞ്ഞിട്ടും കേള്‍ക്കാന്‍ സ്വന്തം നേതാവു പോലും ഇല്ലാതെ പോയതെന്താണ്?

തമാശകളെല്ലാം മാറ്റിനിര്‍ത്തിയാലും ഗൗരവമുള്ള ചോദ്യമാണ്. സി.പി.ഐ തിരുത്തല്‍ ശക്തി സ്ഥാനത്തു നിന്നു രാജിവച്ചോ? എങ്കില്‍ എന്തുകൊണ്ട്? ഇതാണ് ശരിയായ ശൈലിയെന്നാണ് ഇപ്പോള്‍ ബോധ്യമെങ്കില്‍ ഇതുവരെ പരസ്യമായി വിമര്‍ശിച്ച് സര്‍ക്കാരിനെ ചോദ്യമുനയില്‍ നിര്‍ത്തിയത് തെറ്റായിരുന്നോ? സര്‍ക്കാരിനെ അനാവശ്യമായി പ്രതിസന്ധിയിലാക്കിയത് തെറ്റായിപ്പോയെന്ന കുമ്പസാരമാണോ സ്വന്തം എം.എല്‍.എയുടെ കൈയൊടിഞ്ഞിട്ടും പാലിച്ചു പോരുന്ന മൗനം?

2016 മെയില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍, ഭരണകൂടത്തിന് പാളിച്ചയുണ്ടായപ്പോഴെല്ലാം ഏറ്റവുമാദ്യം ചോദ്യം ചെയ്തത് കാനം രാജേന്ദ്രനായിരുന്നു. ഭരണപക്ഷത്തിരുന്നുതന്നെ തിരുത്തല്‍ശക്തിയായി ജനപക്ഷത്തു നില്‍ക്കുന്നുവെന്നാണ് അന്ന് സി.പി.ഐ തോന്നിപ്പിച്ചത്. ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടതുമുന്നണിയെ ആക്രമിക്കുകയാണ് വേണ്ടതെന്ന് പതം പറയുന്ന സഖാവ് കാനം തന്നെ എത്ര തവണ ഇടതുമുന്നണി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഘടകകക്ഷി മന്ത്രിയെ രാജിവയ്പിക്കാന്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പാര്‍ട്ടിയാണ് ഇന്ന് കേരളത്തെ ഐക്യരാഷ്ട്രീയം പഠിപ്പിക്കാനിറങ്ങിയിരിക്കുന്നത്. 

ഭൂമി കൈയേറ്റത്തിന്റെ പേരില്‍ ആരോപണവിധേയനായ തോമസ്ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്നു കൈവിടാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നപ്പോള്‍ കടുത്ത നിലപാടെടുത്ത് അതു തിരുത്തിച്ച പാര്‍ട്ടിയാണ് സി.പി.ഐ. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തില്‍ തങ്ങളില്ലെന്ന് നാലു മന്ത്രിമാരെക്കൊണ്ട് തീരുമാനമെടുപ്പിച്ച അതേ കാനമാണ് ഇന്ന് ഇടതുപക്ഷഐക്യത്തിന്റെ മറ പിടിച്ച്

നിശബ്ദനായത്. തുടക്കം മുതലേ സര്‍ക്കാരിന്റെ പല വിവാദനീക്കങ്ങളും തിരുത്തിച്ചത് സി.പി.ഐയാണ്. അല്ലെങ്കില്‍ അങ്ങനെ ഭാവിച്ചത് സി.പി.ഐയാണ്. മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി തുടങ്ങിയതാണ് പരസ്യവിമര്‍ശനം. ലോ അക്കാദമി സമരത്തിലെല്ലാം അത് മൂര്‍ച്ഛിച്ചതും കേരളം കണ്ടു

വിലക്കയറ്റം, സ്വാശ്രയകോളജ് പ്രശ്നം, സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരുടെ ഇടയിലുണ്ടായ അതൃപ്തി, അതിരപ്പിള്ളി ജലവൈദ്യുതിപദ്ധതി, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു കേസിലെ പൊലീസ് അതിക്രമം, മാവോയിസ്റ്റുകളുടെ കൊലപാതകം തുടങ്ങി നിരവധി, അനവധി വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടിനെതിരെ ആദ്യം രംഗത്തു വന്നത് സി.പി.ഐ ആണ്. ഒരു ഘട്ടത്തില്‍ പ്രതിപക്ഷത്തല്ലെന്നു തന്നെ സി.പി.ഐയെ പ്രകാശ് കാരാട്ടിന് ഓര്‍മിപ്പിക്കേണ്ടി വന്നു. 

ഇന്ന് കാനം പറയുന്നത് ഇങ്ങനെയാണ് 

കാനം പറയുന്നതില്‍ ഒരു കാര്യം ശരിയാണ്. ഇടതുപക്ഷം അതിനിര്‍ണായകമായ ഒരു രാഷ്ട്രീയസാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അതിജീവനമാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാന പരിഗണന. വരാനിരിക്കുന്ന ആറ് ഉപതിരഞ്ഞെടുപ്പുകള്‍ അതിപ്രധാനമാണ്. ഇതൊക്കെ ശരിയാണെന്നു വച്ചാലും ഒരു കാര്യത്തിന് ഉത്തരമില്ല. പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞതുപോലും കാനത്തിനു പറയാനാവാത്തത് ഇടതുപക്ഷരാഷ്ട്രീയത്തിനു വേണ്ടിയാണെന്നു പറയാനാകുമോ?

എറണാകുളത്തെ സി.പി.ഐ നേതൃത്വം ചെയ്തു കൂട്ടിയതെല്ലാം ഗംഭീരമായിരുന്നു എന്ന് ആര്‍ക്കും പറയാനാകില്ല. വൈപ്പിനിലെ പ്രാദേശികപ്രശ്നം പൊലിപ്പിച്ചു വഷളാക്കിയതില്‍ സി.പി.ഐ ജില്ലാനേതൃത്വത്തിന്റെ പങ്ക് ചെറുതല്ല.  സി.ഐയ്ക്കെതിരെ നടപടിയെടുക്കണമന്നാവശ്യപ്പെട്ട് ജില്ലാസെക്രട്ടറിയും എം.എല്‍.എയുമടക്കം തെരുവിലിറങ്ങി സംഘര്‍ഷസാഹചര്യമുണ്ടാക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യതയും ജില്ലാനേതൃത്വത്തിനു തന്നെയാണ്. പക്ഷേ ആ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിക്കോ ലാത്തിച്ചാര്‍ജിനോ ന്യായീകരണമില്ല. 

മുഖ്യമന്ത്രിയും കോടിയേരിയും വരെ പരസ്യമായി തള്ളിക്കളഞ്ഞ പൊലീസ് നടപടിയാണെന്നതാണ് ഇടതുപക്ഷഐക്യമെന്ന ന്യായത്തെ ദുര്‍ബലമാക്കുന്നത്. എറണാകുളത്തു മാത്രമല്ല, നെടുങ്കണ്ടത്തും പഴയ ശൈലിയില്‍ പ്രതികരിച്ച  ജില്ലാ സെക്രട്ടറിയെയാണ് കാനം തിരുത്തിയത്. സി.പി.ഐയുടെ നിലപാടുകളില്‍ അവസരവാദം ചൂണ്ടിക്കാണിക്കാനാകും. എങ്കിലും സര്‍ക്കാരിന്റെ ഏകപക്ഷീയസമീപനങ്ങളെ പലപ്പോഴും തിരുത്തിയിട്ടുള്ളതും സി.പി.ഐ നിലപാടാണ് എന്നത് മറക്കാനാകില്ല. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്‍മാറേണ്ടി വന്നതും സി.പി.ഐയുടെ ശക്തമായ നിലപാടുകൊണ്ടാണെന്നത് ഏറ്റവുമൊടുവിലത്തെ ഉദാഹരണം

കലക്ടര്‍മാരില്‍ നിന്ന് മജിസ്റ്റീരിയില്‍ ചുമതല മാറ്റി പൊലീസിന് അമിതാധികാരം നല്‍കുന്നത് ശരിയല്ലെന്നാണ് സി.പി.ഐ എടുത്ത നിലപാട്. അതിന്റെ ആദ്യത്തെ ഗുണഭോക്താവ് സി.പി.ഐ തന്നെയായതും പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വിധിയുടെ വിളയാട്ടമാകാം. പക്ഷേ ഇടതുപക്ഷഐക്യമെന്ന ന്യായത്തില്‍ സി.പി.ഐ പൊടുന്നനെ ശൈലി തിരുത്തിയത് സി.പി.എം അണികളെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നത് സത്യമാണ്. എന്തായാലും അടിത്തറ കണ്ടെത്താന്‍ സി.പി.എം നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ സി.പി.ഐ കൂടി  മുന്‍കൂറായി ചേരുന്നത് നന്നായിരിക്കും. അസ്തിത്വവും അന്തസും രാഷ്ട്രീയനിലപാടും  പുതുക്കിപ്പണിഞ്ഞ സ്ഥിതിക്ക്  അടിത്തറയന്വേഷിച്ച് വേറൊരു ഗൃഹസമ്പര്‍ക്കം നാട്ടുകാര്‍ സഹിക്കേണ്ടതില്ലല്ലോ.