സ്വന്തം മുദ്രാവാക്യങ്ങൾക്ക് മുന്നിൽ തല കുനിക്കുന്ന എസ്എഫ്ഐ; സിപിഎമ്മിനുണ്ടോ മറുപടി?

SFI - Police clash
SHARE

സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ഥമെന്താണ്? ജനാധിപത്യം എന്ന വാക്കിന്റെ അര്‍ഥമെന്താണ്? ശരിയായ അര്‍ഥം ഇപ്പോള്‍ എസ്.എഫ്.ഐ തിരിച്ചറിയുന്നുണ്ടെങ്കില്‍ നല്ലത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതെന്തും ഫാസിസമാണെന്ന് എസ്.എഫ്.ഐ മാത്രമല്ല, തിരിച്ചറിയേണ്ടതെന്നും ഓര്‍മിപ്പിക്കുന്നുണ്ട് യൂണിവേഴ്സിറ്റി കോളജ്. സ്വന്തം മുദ്രാവാക്യങ്ങള്‍ക്കു മുന്നില്‍ തന്നെ കീഴടങ്ങേണ്ടി വരുന്ന രാഷ്ട്രീയം ഇടതുപക്ഷരാഷ്ട്രീയത്തിനാകെയുള്ള മുന്നറിയിപ്പാണ്.

മാധ്യമങ്ങള്‍ വളച്ചൊടിച്ചതല്ല, സ്വന്തം സഖാക്കളാണ്. ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ഒരേ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുന്നവര്‍. ചോദ്യം ചെയ്യുന്നത് കൂട്ടത്തിലൊരുവനെ കുത്തിയ എസ്.എഫ്.ഐ നേതാക്കളെയാണ്. കോളജിലെ രാഷ്ട്രീയസംഘര്‍ഷത്തില്‍ ഒപ്പം നടന്നു രാഷ്ട്രീയം പറഞ്ഞ ഒരു വിദ്യാര്‍ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിനെക്കുറിച്ചാണ്. 

ഒറ്റപ്പെട്ട സംഭവമല്ല. അറിയാതെ പറ്റിയ കൈത്തെറ്റല്ല. ഈ കാംപസില്‍ ഇതാണ് വിപ്ലവവിദ്യാര്‍ഥിസംഘടനയുടെ ശൈലിയെന്ന് ഏറ്റുപറയുന്നത് അതേ എസ്.എഫ്.ഐക്കാരാണ്. 

അക്രമരാഷ്ട്രീയമെന്നു വിളിക്കാമോ, ജനാധിപത്യവിരുദ്ധമെന്നു വിളിക്കാമോ? ഫാസിസ്റ്റ് ശൈലിയെന്നു വിശേഷിപ്പിക്കാമോ? ഏതു വാക്കാണ് കൂടുതല്‍ ചേരുന്നതെന്ന് എഫ്.എഫ്.ഐ സ്വയം തീരുമാനിക്കട്ടെ.  പക്ഷേ ഇതിന്റെ പേരില്‍ എസ്.എഫ്.ഐയെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കാമെന്നൊന്നും ആരും കരുതേണ്ടതില്ല. കാരണം, ഈ രാഷ്ട്രീയശൈലി അസ്വീകാര്യമാണെങ്കില്‍ അത് കണ്ടുപിടിച്ചത് എസ്.എഫ്.ഐയല്ല. ആ ശൈലി പിന്തുടരുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും ആരെന്നതിനുള്ള മറുപടി സി.പി.എം നേതൃത്വം തന്നെ തരേണ്ടതാണ്. 

കഠാരയിറക്കിയത് സ്വന്തം സഖാവിന്റെ നെഞ്ചിലാണ് എന്നതു പോലെ തന്നെ ഞെട്ടിക്കുന്നതാണ്, അതു ചെയ്തത് ഒരു കലാലയത്തിലെ സംഘടനാനേതാക്കളാണ് എന്നത്. വൈകാരികപ്രകോപനമല്ല, കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് കത്തിയിറക്കിയതെന്ന് പൊലീസിന്റെ എഫ്.ഐ.ആറിലും വ്യക്തമായി പറയുന്നു. 

നെഞ്ചില്‍ മാരകമായി കുത്തേറ്റ അഖില്‍ തലനാരിഴയ്ക്ക് ജീവനോടു പൊരുതിക്കയറുകയാണ്. ഹൃദയത്തിനേറ്റ കുത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ തുറന്ന ഹൃദയശസ്ത്രക്രിയ വേണ്ടിവന്നു ഈ കൗമാരക്കാരന്. കോളജിലെ ഏകാധിപത്യരാഷ്ട്രീയശൈലിയോട് പൊരുത്തപ്പെടാനാകാതെ ജീവനൊടുക്കാന്‍ ശ്രമിച്ച നിഖില എന്ന പെണ്‍കുട്ടി പറയുന്നതു കൂടി കേള്‍ക്കണം

എസ്.എഫ്.ഐ യൂണിറ്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരെ അടയാളപ്പെടുത്തി കൈകാര്യം ചെയ്തിരുന്നുവെന്ന് എഫ്.ഐ.ആര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയാണ് എസ്.എഫ്.ഐ.  സംസ്ഥാനത്തെ മൃഗീയഭൂരിപക്ഷം കോളജുകളിലും യൂണിയന്‍ ഭരണം കൈയിലുള്ള സംഘടന. വിദ്യാര്‍ഥികളുടെ ഉറച്ച പിന്തുണയും രാഷ്ട്രീയവിശ്വാസവുമുള്ള പ്രസ്ഥാനം. പക്ഷേ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ ഒരു ജനാധിപത്യമര്യാദയും പുലര്‍ത്തുന്നില്ലെന്ന ശക്തമായ ആരോപണം നേരിടുന്നതും ഇതേ പ്രസ്ഥാനമാണ് എന്നതാണ് വൈരുധ്യം. 

എസ്.എഫ്.ഐയുടെ ഗുണ്ടായിസത്തിനെതിരെയാണ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയത്. ഇതേ കോളജിലാണ് എഫ്.എഫ്.ഐ പ്രവര്‍ത്തകര്‍ പഠിക്കാനനുവദിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചത്. രണ്ടു മാസം മുന്‍പുണ്ടായ ആ സംഭവം മാധ്യമങ്ങള്‍ വളച്ചൊടിക്കുകകയാണെന്ന് ആരോപിച്ച അതേ നേതൃത്വത്തിന് ഇന്ന് നടപടിയെടുക്കാതെ നിര്‍വാഹമില്ലാതെ വന്നിരിക്കുന്നു

ഇപ്പോഴുണ്ടായ വധശ്രമത്തിനു ശേഷവും സംഘടനയ്ക്ക് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. ഒടുവില്‍ വിദ്യാര്‍ഥികള്‍ ശക്തമായി സംഘടിച്ചതോടെ നിലപാടില്‍ മലക്കം മറിഞ്ഞ് യൂണിറ്റിനെതിരെ നടപടിയെടുക്കുകയായിരുന്നു. സംഭവങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്ന് അഖിലേന്ത്യാപ്രസിഡന്റ് വി.പി.സാനു ഫേസ്ബുക്കില്‍ കുറിക്കുമ്പോഴും പ്രതിരോധവും ന്യായീകരണവും ചമയ്ക്കുകയാണ് പ്രാദേശിക, സംസ്ഥാന നേതാക്കള്‍. 

യൂണിവേഴ്സിറ്റി കോളജിലെ സംഭവവികാസങ്ങളില്‍ ലജ്ജാഭാരം കൊണ്ട് ശിരസു കുനിയുന്നുവെന്ന് ഏറ്റുപറഞ്ഞത് കേരളത്തിന്റെ സ്പീക്കറാണ്. ഇത് എവിടെയെത്തിക്കുമെന്ന് ആശങ്കപ്പെടുന്നവര്‍ ഇടതുപക്ഷരാഷ്ട്രീയത്തില്ഡ പ്രതീക്ഷയര്‍പ്പിക്കുന്നവരുമാണ്. അപ്പോള്‍  പിന്നെ ആരാണ് ഈ സമഗ്രധിപത്യപ്രവണതയെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടേയിരിക്കുന്നത്? ഓരോ സംഘര്‍ഷത്തിലും ന്യായീകരണത്തിന്റെ പരിചകള്‍ ഉയര്‍ത്തി ജനാധിപത്യവിരുദ്ധശൈലിയെ പൊതിഞ്ഞുപിടിച്ചതാരാണ്? ഉത്തരം സി.പി.എമ്മില്‍ നിന്നു തന്നെയാണുണ്ടാകേണ്ടത്.

കാരണം, എസ്.എഫ്.ഐ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നത് സി.പി.എമ്മാണ്. എങ്ങനെ പ്രവര്‍ത്തിച്ചാലും സംരക്ഷിക്കുന്നതും സി.പി.എമ്മാണ്. വടിയെടുക്കുന്നതും വെട്ടി വീഴ്ത്തുന്നതും എസ്.എഫ്.ഐക്കാര്‍ മാത്രമാണോ? എതിര്‍ശബ്ദങ്ങള്‍ കുത്തിവീഴ്ത്തുന്നതിനു ഇരട്ടസാക്ഷ്യം കാസര്‍ക്കോട്ടെ പെരിയയില്‍ കണ്ടിട്ട് നാളുകള്‍ ഏറെയായോ? വരമ്പത്തു തന്നെ കൂലിയെന്ന് ആഹ്വാനം ചെയ്ത സംസ്ഥാന സെക്രട്ടറി ഇനി വേണ്ടെന്നു തിരുത്തിയാലുടന്‍ അക്രമരാഷ്ട്രീയത്തിന് അറുതിയാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കൊല്ലരുത് എന്നു ചൂണ്ടിക്കാണിച്ചാലുടന്‍ രക്തസാക്ഷിപ്പട്ടികകള്‍ ഉയര്‍ത്തി പ്രത്യാക്രമണത്തില്‍ പ്രകടിപ്പിക്കുന്ന വീര്യം കായികരാഷ്ട്രീയത്തിനുള്ള സാധൂകരണമായിരുന്നില്ലേ? വീഴ്ത്തിയവരുടേതു മാത്രമല്ല, സ്വന്തം അണികളുടെ ജീവനും ഉത്തരവാദിത്തമുണ്ട് ഈ രാഷ്ട്രീയശൈലിക്ക്. കൊല്ലാനും മരിക്കാനുമുള്ളവരല്ല ഞങ്ങളുടെ അണികളെന്ന് സി.പി.എം തീരുമാനിച്ചാല്‍ നടക്കില്ലെന്ന് പറയരുത്. എതിര്‍രാഷ്ട്രീയം ജീവനെടുത്ത അഭിമന്യുവിനു വേണ്ടി കേരളം ഒന്നാകെ ഇടതുപക്ഷത്തിനൊപ്പം നിന്നത് എന്തിനു വേണ്ടിയായിരുന്നുവെന്ന് മറക്കരുത്. ഇതവസാനിപ്പിക്കാന്‍ വേണ്ടിയാണ്. 

അഭിമന്യുവിന് ഇപ്പോഴും നീതി കിട്ടിയിട്ടില്ല. ഒന്നാം ചരമവാര്‍ഷികത്തില്‍ അഭിമന്യുവിനെ സ്മരിക്കാന്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച എസ്.എഫ്.ഐ മനഃപൂര്‍വം മൗനം പാലിച്ച ഒരു കാര്യമുണ്ട്. അഭിമന്യുവിനെ കുത്തിയ പ്രതിയെ അടക്കം പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. കേസില്‍ വിചാരണ തുടങ്ങിയിട്ടും പ്രധാന പ്രതിയടക്കം രണ്ടു പേര്‍ ഒളിവിലാണെന്നത് സൗകര്യപൂര്‍വം എസ്.എഫ്.ഐ വിട്ടു കളഞ്ഞു. അഭിമന്യുവിനു വേണ്ടി അന്ന് സമരം നടത്തിയത് എസ്.എഫ്.ഐ അല്ല, കെ.എസ്.യു ആണ്

കേസന്വേഷണത്തില്‍ അഭിമന്യുവിന്റെ കുടുംബം പ്രകടിപ്പിച്ച ചെറിയ അതൃപ്തി പോലും അമര്‍ത്തിക്കളഞ്ഞു ക്ഷുഭിതയൗവനവിപ്ലവവീര്യം. സ്വാതന്ത്ര്യവും ജനാധിപത്യവും എസ്.എഫ്.ഐയ്ക്കുള്ളില്‍ പുനര്‍നിര്‍വചിക്കപ്പെടുകയാണ്. വേറിട്ട ചിന്തകള്‍ക്ക് ഇടമില്ല. വിയോജിപ്പിന്റെ ചോദ്യങ്ങള്‍ അനുവദനീയമല്ല.  എന്തിനേറെ പറയുന്നു കേരളത്തെ ഇളക്കിമറിച്ച സ്വാശ്രയസമരക്കാര്‍ സ്വന്തം സര്‍ക്കാരിന്റെ ദുരൂഹമായ സ്വാശ്രയനയതീരുമാനങ്ങളില്‍ പരിപൂര്‍ണ നിശബ്ദരും വിധേയരുമാണ്. വീര്യം എതിരാളികളോടല്ലാതെ പ്രകടിപ്പിക്കാന്‍ അവസരങ്ങളില്ല എന്നു ചുരുക്കം. 

സി.പി. എമ്മിന്റെ അനുബന്ധസംഘടനകളിലെല്ലാം ഇതേ വൈരുധ്യവും ആശയക്കുഴപ്പവും  പ്രകടമാണെന്ന് വിസ്മരിച്ച് വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. നേതാവിനെതിരെ  പരാതിപ്പെട്ട യുവതിക്ക് ഡി.വൈ.എഫ്.ഐയില്‍ നിന്നുണ്ടായ അനുഭവമെന്താണ്? സമൂഹത്തിന്റെ ഓഡിറ്റിങ് ഞങ്ങള്‍ക്കു ബാധകമല്ലെന്ന ശൈലി ഒരു രാഷ്ട്രീയപ്രവര്‍ത്തനത്തിലും അംഗീകരിക്കാവുന്നതല്ല. 

വിയോജിപ്പിന്റെ രാഷ്ട്രീയത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന്  സി.പി.എമ്മും വര്‍ഗബഹുജനസംഘടനകളും ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് തന്നെയാണ് യൂണിവേഴ്്സിറ്റി കോളജും ഓര്‍മ്മിപ്പിക്കുന്നത്. കോളജ് ക്യാംപസുകള്‍ ആയുധപ്പുരകളാക്കിയും ക്വട്ടേഷന്‍ സംഘങ്ങളെ രാഷ്ട്രീയത്തിലിറക്കിയും അതിനു തുനിഞ്ഞാല്‍ കേരളം അത് അനുവദിച്ചു തരില്ല. ഇടതുപക്ഷരാഷ്ട്രീയം എവിടെ നില്‍ക്കുന്നുവെന്ന ബോധ്യമുള്ളവരാരും ഇനിയും ഈ ശൈലിയെ ന്യായീകരിക്കില്ലെന്നു മാത്രമല്ല, തിരുത്തപ്പെടേണ്ടതെന്ന് ആര്‍ജവത്തോടെ പറയുകയും ചെയ്യും. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...