നെടുങ്കണ്ടം ഉരുട്ടിക്കൊല; ജുഡീഷ്യല്‍ അന്വേഷണമെന്ന പരിച

nedumkandam
SHARE

ജു‍ഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനത്തിന് ഇനിയും കേരളം തലവച്ചുകൊടുക്കണോ ? ഭരണപക്ഷവും പ്രതിപക്ഷവും കള്ളക്കളി കളിക്കുന്ന ഈ  പരസ്പരസഹായസഹകരണസംഘത്തില്‍ കേരളവും ഭാഗഭാക്കാകണോ? ഒരു മനുഷ്യനെ പച്ചയ്ക്ക് ഉരുട്ടിക്കൊന്നിട്ട്, എല്ലാ തെളിവുകളും ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും പിണറായി സര്‍ക്കാരിന് പ്രതിപക്ഷം തന്നെ ജുഡീഷ്യല്‍ അന്വേഷണമെന്ന പരിച പിടിച്ചുകൊടുത്തതെന്തിനാണ്? ജനങ്ങളുടെ പണത്തിനും വിശ്വാസത്തിനും ഇത്രവിലയേ ഉള്ളൂവെന്ന് ഇരുമുന്നണികളും പരസ്യമായി നിന്ന് നമ്മളെ വെല്ലുവിളിക്കുന്നതെന്തുകൊണ്ടാണ്?

‌മനുഷ്യരായി പിറന്നവര്‍ക്കെല്ലാം ഞെട്ടലുണ്ടാക്കുന്ന ക്രൂരതയുടെ തെളിവുകളാണ് നെടുങ്കണ്ടം ഉരുട്ടിക്കൊലയില്‍ ഓരോ ദിവസവും പുറത്തു വരുന്നത്. ഒരു സാമ്പത്തികതട്ടിപ്പു കേസിലെ പ്രതിയെ, പണം കൈക്കലാക്കാന്‍ മാത്രം ലക്ഷ്യമിട്ട് ദിവസങ്ങളോളം കസ്റ്റഡിയില്‍ വച്ച് ഉരുട്ടിക്കൊന്നതിന്റെ വിശദമായ തെളിവുകള്‍. ഉരുട്ടിച്ചതച്ച ശേഷം പുറത്തുകാണാതിരിക്കാന്‍ കുഴമ്പു തേച്ചു തിരുമ്മിയെന്ന മനം മടുപ്പിക്കുന്ന സാക്ഷ്യങ്ങള്‍. ഒടുവില്‍ ചികില്‍സ നല്‍കാതെ, കുടിവെള്ളം പോലും നല്‍കാതെ കൊന്നു കളഞ്ഞ ശേഷം പോസ്റ്റ്മോര്‍ട്ടത്തില്‍ പോലും കൃത്രിമം കാണിക്കാന്‍ നടന്ന സംഘടിത പൊലീസ് കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍. എല്ലാത്തിനും നേതൃത്വം നല്‍കിയത് ജില്ലയിലെ പൊലീസ് മേധാവി തന്നെയെന്നതിന്റെ സാക്ഷിമൊഴികളും തെളിവുകളും. 

ക്രൈംബ്രാഞ്ച് സംഘം വഴിയും മാധ്യമങ്ങള്‍ വഴിയും കേസില്‍ നടന്നതെന്താണെന്ന് പുറത്തു വന്നു കഴിഞ്ഞു. ഇനിയുണ്ടാകേണ്ടത്, പഴുതടച്ച അന്വേഷണവും കുറ്റപത്രവും നിയമനടപടിയുമാണ്. പക്ഷേ പറഞ്ഞു പറഞ്ഞ് പ്രതിപക്ഷത്തിന്റെയും അന്തിമമായ ലക്ഷ്യം എന്തെന്നറിഞ്ഞപ്പോഴാണ് ബോധമുള്ളവര്‍ അമ്പരന്നത്. ഇതിലും ഗംഭീരമായൊരു സഹായം പ്രതിപക്ഷത്തിന് ഈ സമയത്ത് ചെയ്യാനാകില്ലെന്ന് നന്ദിയോടെ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പ്രഖ്യാപിക്കാന്‍ ഒട്ടും വൈകിയില്ല.

അപ്പോള്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും പ്രശ്നം രമ്യമായി ഒത്തുതീര്‍ന്നു. പൊലീസിന്റെ തല്ലുകൊണ്ടു മരിക്കുന്ന മനുഷ്യര്‍ ആരുടെയെങ്കിലും പ്രശ്നമാണോ? ഈ ജുഡീഷ്യല്‍ അന്വേഷണതീരുമാനം വെറും പ്രഹസനമാണെന്നു മാത്രമല്ല, കേരളത്തിന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണ്, പരിഹസിക്കുന്നതാണ്. നീതി നടപ്പാക്കുന്നതിന് പുല്ലുവിലയെന്ന പരസ്യമായ പ്രഖ്യാപനമാണ് പ്രതിപക്ഷവും ഭരണപക്ഷവും കൈകോര്‍ത്തു നടത്തിയിരിക്കുന്നത്

കാരണം ജുഡീഷ്യല്‍ അന്വേഷണകമ്മിഷനുകള്‍ എന്നാല്‍ എന്താണര്‍ഥമാക്കുന്നതെന്ന് കേരളത്തിന് അത്രമേല്‍ ബോധ്യമായിക്കഴിഞ്ഞു. കേരളചരിത്രത്തില്‍ ഏതു ഭരണകൂടം പ്രതിസന്ധിയിലായാലും പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആവശ്യമാണ് ജുഡീഷ്യല്‍ അന്വേഷണം. 

ഈ സോളര്‍ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടികള്‍ പ്രാവര്‍ത്തികമായി? ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇടതുപക്ഷത്തിന് രാഷ്ട്രീയമുതലെടുപ്പിനുള്ള ഉറവിടം മാത്രമായി അവശേഷിക്കുന്ന സോളര്‍ റിപ്പോര്‍ട്ടിനു വേണ്ടി കേരളം ചെലവഴിച്ച സമയവും തുകയും എത്രയാണ്?  സോളര്‍ കേസുകളിലാകെ നടന്നത് ആറേ മുക്കാല്‍കോടിയുടെ തട്ടിപ്പാണെങ്കില്‍ സോളര്‍ കമ്മിഷനു ചെലവായത് ഏഴു കോടിയിലേറെ. കമ്മിഷനു മുന്‍പാകെ ഒന്നിലധികം തവണ ഹാജരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബാറ്റയും ചെലവും കൂടി കണക്കിലെടുത്താല്‍ ഇതിലും ഇരട്ടിയാണ് ചെലവ്. എന്തെങ്കിലും ഗുണം കേരളത്തിനുണ്ടായോ? സോളര്‍ കേസില്‍ ഉത്തരവാദിത്തമുള്ള ഏതെങ്കിലുമൊരു രാഷ്ട്രീയനേതാവിന് കുറ്റം നേരിടേണ്ടി വന്നോ, നിയമനടപടി നേരിടേണ്ടി വന്നോ? മറിച്ച് സി.ബി.ഐ അന്വേഷണമോ, മറ്റേതെങ്കിലും അന്വേഷണഏജന്‍സിയോ സ്വതന്ത്രമായി കേസന്വേഷിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സാഹചര്യം?

ചുരുക്കിപ്പറഞ്ഞാല്‍ നീ പ്രതിസന്ധിയിലാകുമ്പോള്‍ ഞാന്‍ രക്ഷിക്കാം, എന്ന പരസ്പരധാരണയാണ് ജുഡീഷ്യല്‍ അന്വേഷണസാധ്യത. കേരളത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഇക്കാലമത്രയും നിറവേറ്റിപ്പോന്നത് ഈയൊരു ധര്‍മം മാത്രമാണ്. അതറിയാതെയല്ല, നേരിട്ടുള്ള അന്വേഷണത്തിലൂടെ കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കാവുന്ന നെടുങ്കണ്ടം കേസിലും ഒടുവില്‍ കമ്മിഷന്‍ അവതരിക്കുന്നത്. ആവശ്യപ്പെടുന്ന യു.ഡി.എഫിനും സന്തോഷം, അംഗീകരിക്കുന്ന എല്‍.ഡി.എഫിനും സമാധാനം. പരിഹാസ്യമാകുന്നത് നീതിയും പൊതുബോധവും മാത്രം.

 കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരേയൊരു കമ്മിഷന്‍ നടപടിയേ കുറ്റക്കാരെ വ്യക്തമായി കണ്ടെത്തി ശിക്ഷാനടപടിക്ക് സഹായിച്ചിട്ടുള്ളൂ. അതും വി.എസ്.അച്യുതാനന്ദന്റെ പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടം കൊണ്ടു മാത്രം.  ഇടമലയാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസത്തിലേക്ക് നയിച്ചത് ജസ്റ്റിസ് കെ.സുകുമാരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ്. വിജിലന്‍സ് കമ്മിഷന്‍ കണ്ടെത്തലും സമാനമായിരുന്നതുകൊണ്ടാണ് തുടര്‍നടപടികള്‍ സാധ്യമായത്. പക്ഷേ അപ്പോള്‍ പോലും ജുഡീഷ്യല്‍ അന്വേഷണകമ്മിഷന്‍ കണ്ടെത്തലിന് നിയമപരമായ ഒരു സാധുതയുമില്ലെന്നും ഓര്‍ക്കണം. കമ്മിഷന്‍ എന്തു കണ്ടെത്തിയാലും വീണ്ടും എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്ത്, സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ച് അന്വേഷണം നടക്കണം. കമ്മിഷന്‍ കണ്ടെത്തലുകള്‍ കോടതിയില്‍ തെളിവായിപ്പോലും അംഗീകരിക്കില്ല. എന്നിട്ടും കേരളത്തില്‍ ഇങ്ങനെ അനര്‍ഗളനിര്‍ഗളം ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്കായി ആവശ്യമുയരുന്നത് എന്തുകൊണ്ടാണ്?

ഉത്തരം വ്യക്തമാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടില്ല എന്നുറപ്പാക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് ജുഡീഷ്യല്‍ അന്വേഷണം. കേരളത്തിെല ഭരണപ്രതിപക്ഷ അവിശുദ്ധസഖ്യത്തിന്റെ ഏറ്റവും പ്രകടമായ സാക്ഷ്യപത്രങ്ങളാണ് ഇന്നോളമുള്ള കമ്മിഷന്‍ പ്രഖ്യാപനങ്ങള്‍. നല്ല രീതിയില്‍ സമഗ്രനിര്‍ദേശങ്ങളുമായി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള കമ്മിഷനുകളുണ്ട്. പക്ഷേ ആ റിപ്പോര്‍ട്ടുകളെല്ലാം ഇപ്പോഴും സെക്രട്ടേറിയറ്റിന്റെ അന്തരാളങ്ങളില്‍ നിതാന്തവിശ്രമം കൊള്ളുകയാണ്. 

നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യം മുന്നിലെത്തിയപ്പോള്‍ അന്നത്തെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സി.എസ്. രാജന്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ പ്രസക്തമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വര്‍ഗീസിന്റെ കൊലയ്ക്കിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനേ കമ്മിഷനു കഴിയൂ. ആ നിര്‍േദശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയുമില്ല താനും. ജുഡീഷ്യല്‍ അന്വേഷണം പണത്തിന്റെയും സമയത്തിന്റെയും ഒരു അധികച്ചെലവു മാത്രമാണ്. ഒടുവില്‍ ജസ്റ്റിസ് രാജന്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. ആ സി.ബി.ഐ അന്വേഷണത്തിലാണ് മുന്‍ ഐ.ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് തെളിയികയും ശിക്ഷിക്കപ്പെടുകയും ചെയ്തത് എന്നോര്‍ക്കണം. മറിച്ച് ജുഡീഷ്യല്‍ അന്വേഷണമാണ് നടന്നിരുന്നതെങ്കിലോ? ഇനി കസ്റ്റഡിമരണങ്ങള്‍ തടയാന്‍ എന്തു ചെയ്യണമെന്നറിയാനാണെങ്കില്‍ ഒന്നിലേറെ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ഇതേ വിഷയത്തിലുണ്ടെന്നു കൂടി അറിയണം. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷനും ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷനും നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൊടിപിടിച്ചിരിക്കുന്നത് മുഖ്യമന്ത്രിക്കോ പ്രതിപക്ഷത്തിനോ അറിയാതെയല്ലല്ലോ. 

 നെടുങ്കണ്ടം കേസില്‍ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് സര്‍ക്കാര്‍ എന്താണ് അറിയാന്‍ ആവശ്യപ്പെടുന്നത്? കുറ്റക്കാരെ ശിക്ഷിക്കണമെങ്കില്‍ ഒന്നുകില്‍ സി.ബി.ഐയ്ക്കു വിടണം. അല്ലെങ്കില്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങില്ലെന്ന് സര്‍ക്കാരിന് ഉറപ്പുള്ള ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പിക്കണം. അരലക്ഷത്തിലേറെ അംഗബലമുള്ള പൊലീസ് സേനയില്‍ കേരളത്തിനു വിശ്വസിക്കാവുന്ന  ഉദ്യോഗസ്ഥരില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് പിരിച്ചുവിടണം ബഹുമാനപ്പെട്ട മുഖ്യമന്ത്രി. അഡ്വ.ഡി.ബി. ബിനുവിന് സര്‍ക്കാര്‍ തന്നെ കൈമാറിയ ഒരു വിവരാവകാശരേഖയുണ്ട്. കേരളാപൊലിസില്‍ ഗുരുതരക്രിമിനല്‍ കേസുകള്‍ നേരിടുന്ന 1129 പൊലീസുകാരുണ്ട്. എന്തു നടപടിയെടുത്തു സര്‍ക്കാര്‍? പൊലീസ് സേനയുടെ മനോവീര്യം തകരാതിരിക്കാന്‍ ഇടയ്ക്കിടെ ജനങ്ങളെ തല്ലിക്കൊല്ലാന്‍ അവസരമുണ്ടാവണം എന്നാണോ? 

അതിന് കുറ്റക്കാരെ ആര്‍ക്കു വേണം? ഭരണപക്ഷത്തിനു മാത്രമല്ല, പ്രതിപക്ഷത്തിനും കുറ്റക്കാരെ വേണ്ട. അന്വേഷണം മാത്രം മതി. 

അഞ്ചഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണം മാറുന്ന കേരളത്തില്‍ പൊലീസിനെ വെറുപ്പിക്കാന്‍ പ്രതിപക്ഷം തയാറാകുമോ? ഉരുട്ടപ്പെട്ടോ, ഇടികൊണ്ടോ മരിക്കാന്‍ ജനങ്ങള്‍ തയാറെടുക്കുക. ഈ ഭരണപക്ഷവും പ്രതിപക്ഷവും പൊലീസ് മര്‍ദനം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് ഒരു കേരളീയനും പ്രതീക്ഷിക്കേണ്ട. കാരണം ഇടതുപക്ഷം തന്നെ നിരന്തരം പറഞ്ഞു തരാറുണ്ട്.  അധികാരത്തിലിരിക്കുമ്പോള്‍ ഭരണകൂടത്തിന്റെ ഏറ്റവും വലിയ മര്‍ദനോപകരണമാണ് പൊലീസ്. ആ മര്‍ദനവീര്യത്തിന് പരുക്കേല്‍പിക്കുന്ന ഒരു നടപടിയും ഇവിടെയുണ്ടാകില്ല. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...