എന്താണ് വ്യക്തിപരമായ പ്രശ്നം? എവിടെ നീതി?

cpm-23
SHARE

രാഷ്ട്രീയവിമര്‍ശനങ്ങള്‍ ഉയരുമ്പോഴെല്ലാം സി.പി.എം അണികളും അനുഭാവികളും ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. സി.പി.എമ്മിനെ മാത്രം നന്നാക്കാനുള്ള ഈ വ്യഗ്രത കുടിലലക്ഷ്യത്തോടെയല്ലേ? സി.പി.എം മാത്രം കുറ്റമറ്റതായിരിക്കണമെന്ന വാശി ആ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ളതല്ലേ? ഇന്നുയരുന്നത് ആ ചോദ്യങ്ങള്‍ക്കുള്ള മറുചോദ്യങ്ങളല്ല. എല്ലാ ന്യായീകരണങ്ങളെയും മറികടക്കുന്ന മൂര്‍ച്ചയേറിയ ചോദ്യശരങ്ങളാണ്. സി.പി.എമ്മിനോടു മാത്രമുള്ള ചോദ്യങ്ങള്‍. സി.പി.എം എന്ന പ്രസ്ഥാനം ഇന്നു നേരിടുന്ന ഗുരുതരമായ സ്വത്വപ്രതിസന്ധിയുടെ പല  തലങ്ങള്‍ വെളിപ്പെടുത്തുന്ന ചോദ്യങ്ങള്‍. പാര‍്‍ട്ടിയെ വിശ്വസിച്ച ഒരു പ്രവാസിയുടെ ജീവനെടുത്തോ നേതാക്കളുടെ സമീപനം? ലിംഗഅസമത്വത്തിനെതിരെ പോരാടുന്ന പാര്‍ട്ടിയില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി പ്രതീക്ഷിക്കാമോ? ലോകം എങ്ങനെ ചിന്തിക്കണമെന്നും പെരുമാറണമെന്നും വ്യക്തതയുള്ള പാര്‍ട്ടിക്ക് സ്വന്തം നീതിബോധത്തില്‍ തരിമ്പും ആത്മനിന്ദ തോന്നുന്നില്ലേ?

എന്താണ്  ഇവിടെ വ്യക്തിപരമായ പ്രശ്നം?  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ മുംബൈയില്‍ ഒരു വനിത പരാതി നല്‍കിയിരിക്കുന്നു. വിവാഹവാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതി. ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നും മൂന്നു വര്‍ഷമായി അവരെ സംരക്ഷിക്കാന്‍ തയാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ബ്ലാക്ക് മെയിലിങ് മാത്രമാണ് പരാതിയെന്നും പണമാണ് ലക്ഷ്യമെന്നുമാണ് ബിനോയ് കോടിയേരി പ്രതികരിച്ചത്. 

പ്രശ്നം തീര്‍ച്ചയായും വ്യക്തിപരമാണ്. പക്ഷേ വ്യക്തിപരമായ തലത്തില്‍  വഞ്ചിക്കപ്പെട്ടുവെന്നാരോപിച്ച് സമൂഹത്തിന്റെയും നിയമത്തിന്റെയും സഹായം തേടി വന്നിരിക്കുകയാണ് ഒരു സ്ത്രീ. സാമ്പത്തിക പിന്നാക്കാവസ്ഥ മുന്‍നിര്‍ത്തി ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതി. വര്‍ഷങ്ങളോളം നീണ്ട ചൂഷണത്തിനൊടുവില്‍ നടന്നത് വഞ്ചനയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ സമൂഹത്തിനു മുന്നിലെത്തിയിരിക്കുന്നത്. ഇപ്പോഴത് ലിംഗരാഷ്ട്രീയത്തിന്റെ ആത്മാര്‍ഥമായ ഇടപെടല്‍ ആവശ്യപ്പെടുന്ന പ്രശ്നമായി മാറിയിരിക്കുന്നു. അത്തരത്തിലൊരു ജീവിതപ്രശ്നം മുന്നിലെത്തിയാല്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന ശക്തമായ ചോദ്യമായി മാറിയിരിക്കുന്നു. മറുപടി പറയാന്‍ സമൂഹത്തിനുള്ളതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്. 

ബിനോയ് കോടിയേരിയും യുവതിയും തമ്മിലുള്ള പ്രശ്നത്തില്‍ രാഷ്ട്രീയമില്ലെന്നും, അതുകൊണ്ടുതന്നെ സി.പി.എമ്മിന് ഇടപെടാനുള്ള ഉത്തരവാദിത്തമില്ലെന്നുമാണ് പാര്‍ട്ടി വിശദീകരണം. അപ്പോള്‍  എന്താണ് ഈ രാഷ്ട്രീയം? ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ ഞങ്ങള്‍ക്ക് ഒരു 

രാഷ്ട്രീയപ്രശ്നമല്ലെന്ന് സി.പി.എം വിശദീകരിക്കുന്നത് എന്തുകൊണ്ടാണ്? പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ക്രിമിനല്‍ കേസില്‍ ഒളിവില്‍ പോകേണ്ടി വരുന്ന സാഹചര്യത്തിലും ഇതില്‍ രാഷ്ട്രീയമില്ലെന്ന് പറയുന്ന പാര്‍ട്ടി പിന്നെന്തു രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? നേതാവും വ്യക്തിയും രണ്ടാണെന്ന് എന്നു മുതലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചത്?

അടിസ്ഥാന പ്രശ്നം അതു തന്നെയാണ്. എന്നുമുതലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതാവും വ്യക്തിയും ഒന്നല്ലാതായത്? ജീവിതമാണ് കമ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും  രണ്ടാകാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന, നിയതമായ ഭരണഘടനയും നയപരിപാടികളുമുള്ള പ്രസ്ഥാനമാണ് സി.പി.എം. പാര്‍ട്ടിയിലെ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗം പോലും എങ്ങനെ ജീവിക്കണമെന്ന് ഭരണഘടനയില്‍ നിര്‍ദേശിക്കുന്ന പ്രസ്ഥാനം. മദ്യപാനികള്‍ക്കു പാര്‍ട്ടി അംഗത്വമില്ലാത്ത പ്രസ്ഥാനം. ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന, മാതൃകാലളിതജീവിതം നയിക്കുന്നവരാകണം പാര്‍ട്ടി അംഗങ്ങളെന്നു കണിശതയോടെ എഴുതിവച്ചിരിക്കുന്ന പാര്‍ട്ടിയാണത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍ തിരുത്താന്‍ പ്ലീനത്തില്‍ പ്രത്യേക സമയം കണ്ടെത്തുന്ന പാര്‍ട്ടി. പാര്‍ട്ടി കുടുംബവും മാതൃകാകുടുംബമാകണമെന്ന് സമീപനം പുലര്‍ത്തുന്ന പാര്‍ട്ടി. അവിടെയാണ് സംസ്ഥാനത്തെ ഏറ്റവും സമുന്നതനായ നേതാവിന്റെ മകന്‍ ക്രിമിനല്‍കേസില്‍, ലൈംഗികാരോപണക്കേസില്‍  നടപടി നേരിടുമ്പോള്‍ അതിനെ വ്യക്തിപരമായ പ്രശ്നം മാത്രമാണെന്നു വിലയിരുത്താന്‍ സി.പി.എം നമ്മളോട് ആവശ്യപ്പെടുന്നത്. 

അപ്പോള്‍ സി.പി.എം ഒരു കാര്യം കൂടി പറഞ്ഞു തരണം. എവിടെ വച്ചാണ് സി.പി.എമ്മിന്റെ നേതാവും വ്യക്തിയും രണ്ടാകുന്നത്? ഒരു സ്ത്രീ നീതി ആവശ്യപ്പെട്ട് മുന്നില്‍ നില്‍ക്കുമ്പോള്‍ അതിനെ സി.പി.എമ്മുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുത് എന്ന നിലപാട് അപഹാസ്യമാണ്. അത് കോടിയേരിയുടെ മകന്റെ കാര്യത്തിലായാലും പി.കെ.ശശി. എം.എല്‍.എയ്ക്കെതിരായ ആരോപണത്തിലായാലും അനീതിയാണ്. സി.പി.എം നേതാക്കള്‍ പ്രതിക്കൂട്ടിലാകുന്ന കേസുകളില്‍ സ്ത്രീപക്ഷരാഷ്ട്രീയം പരിഗണിക്കുന്നതല്ല എന്ന് സി.പി.എം പ്രഖ്യാപിക്കുന്നത് നന്നായിരിക്കും. 

സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച്, അതിലെ വര്‍ഗരാഷ്ട്രീയ, സാമൂഹ്യസ്വാധീനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ പ്രഖ്യാപിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. സത്യത്തില്‍ അങ്ങനെ കൃത്യമായ സ്ത്രീപക്ഷകാഴ്ചപ്പാട് പുലര്‍ത്തുന്ന അപൂര്‍വം രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ ഒന്ന്. സി.പി.എം. സംസ്ഥാനസെക്രട്ടറിയും കുടുംബവും പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ് ഇന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉഭയസമ്മതപ്രകാരം നീതിപൂര്‍വമായ ഒത്തുതീര്‍പ്പുണ്ടാകണമെന്ന് സെക്രട്ടറിക്കും ബോധ്യമുണ്ടായിരുന്നുവെന്നത് വ്യക്തം. അതുകൊണ്ടാണോ, അതോ പുറത്തുവന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെയും പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നുവെന്ന ബോധ്യത്തിലാണോ എന്നറിയില്ല, കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത ശനിയാഴ്ച രാവിലെ മാധ്യമങ്ങളിലെത്തി. മണിക്കൂറുകള്‍ കഴിഞ്ഞും അത് നിഷേധിക്കപ്പെട്ടുമില്ല.  കുടുംബത്തിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവ് നേരിടേണ്ടി വരുന്ന സാഹചര്യം ഖേദകരമാണ്. പക്ഷേ അതൊരു യാഥാര്‍ഥ്യവുമാണ്. 

കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍, ജീവിതത്തില്‍ പാലിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനാണ്  സി.പി.എമ്മിനും സെക്രട്ടറിക്കും ഉത്തരം കണ്ടെത്തേണ്ടി വരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്നു മാറിയാല്‍ തീരുന്നതല്ല, സി.പി.എം നേരിടുന്ന ചോദ്യങ്ങള്‍. അത്  ആന്തൂരിലേക്കും തലശേരിയിലേക്കുമടക്കം പടര്‍ന്നു വ്യാപിക്കുകയാണ്. നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍  ശക്തമായ  രാഷ്ട്രീയപ്രതിരോധം തീര്‍ക്കേണ്ട പാര്‍ട്ടി, പാര്‍ട്ടി അനുഭാവിയുടെ ആത്മഹത്യയിലടക്കം ഉത്തരം കണ്ടെത്താനാകാതെ പതറിനില്‍ക്കുയാണ്. പി.കെ.ശ്യാമളയോ എ.എന്‍.ഷംസീറോ മാത്രം മറുപടി പറയേണ്ടതുമല്ല. സംഭവിക്കുന്നതെന്താണെന്നും എന്തുകൊണ്ടാണെന്നും തിരിച്ചറിഞ്ഞ് സമഗ്രമായ തിരുത്തല്‍ വരുത്താനായില്ലെങ്കില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് ശത്രുക്കളുടെ പോലും സഹായം വേണ്ടി വരില്ല

ആന്തൂര്‍‌ സമം സി.പി.എം എന്നാണ് രാഷ്ട്രീയഭൂപടം. ആന്തൂര്‍ നഗരസഭയില്‍ അത്രമേല്‍  മേധാവിത്തമുള്ള പാര്‍ട്ടിയാണ് സി.പി.എം. അവിടെയാണ് ഒരു പ്രവാസി സംരംഭകന്‍ നഗരസഭാധികൃതരുടെ നിലപാടില്‍ മനം നൊന്ത് ജീവനൊടുക്കിയെന്ന ആരോപണമുയര്‍ന്നത്.

ആരോപണം ഉയര്‍ന്നത് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയാണ് പി.കെ.ശ്യാമള.

പാര്‍ട്ടിക്ക് എതിര്‍ശബ്ദം പോലുമില്ലാത്ത ആന്തൂരില്‍ പാര്‍ട്ടി അനുഭാവി കൂടിയായ സാജന് നേരിടേണ്ടി വന്ന ദുരന്തം സി.പി.എമ്മിനെ തീര്‍ത്തും പ്രതിക്കൂട്ടിലാക്കി. ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കി സംഭവം ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിയില്‍ തന്നെ അമര്‍ഷം പുകഞ്ഞതോടെ കൂടുതല്‍ നടപടികള്‍ക്ക് നിര്‍ബന്ധിതരായി. 

രാഷ്ട്രീയവിശദീകരണയോഗത്തില്‍ ഒതുക്കാനാകുന്ന പ്രതിസന്ധിയല്ല ആന്തൂരില്‍ പാര‍്്‍ട്ടി നേരിടുന്നത്. കണ്ണൂര്‍ സി.പി.എമ്മിലെ വിഭാഗീയതയാണ്  വ്യവസായിയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നു വ്യക്തമാണ്.  പി.ജയരാജന്‍ ഇടപെട്ടുവെന്ന പേരിലാണ് അര്‍ഹമായ സഹായം പോലും നിഷേധിച്ചതെന്ന് മരിച്ച സാജന്റെ ബന്ധുക്കള്‍ പറയുന്നു. 

ആന്തൂരില്‍ നഗരസഭാധ്യക്ഷയെ മാറ്റി തല്‍ക്കാലം സി.പി.എമ്മിന് മുഖം രക്ഷിക്കാം. വടകരയില്‍ സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എം.എല്‍.എയ്ക്കെതിരായ പരാതികള്‍ പൊലീസിനെ ഉപയോഗിച്ചും ഒതുക്കാം. പക്ഷേ പ്രതിസന്ധി ഈ മൂന്നു പ്രശ്നങ്ങളില്‍ തീരുന്നതാണോ അതോ തുടര്‍ച്ചയാണോ?

ലോക്സഭാതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വസ്തുനിഷ്ഠമായി വിലയിരുത്തേണ്ട സമയത്താണ് സ്വയം തീര്‍ത്ത കുരുക്കുകളില്‍ സി.പി.എം വീണ്ടും വീണ്ടും കുരുങ്ങി മറിയുന്നത്. തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്ത് തിരുത്തല്‍ വരുത്തേണ്ട നേരത്താണ് പല നേതാക്കള്‍ പല തട്ടിലായി പാര്‍ട്ടിയെ കുരുക്കിലാക്കിയത്. നേരിട്ടു പറഞ്ഞാല്‍, പ്രശ്നം പാര്‍ട്ടിയല്ല, നേതാക്കളുണ്ടാക്കിയതാണ്. പാര്‍ട്ടി ഇപ്പോള്‍ എവിടെ നില്‍ക്കുന്നു, എന്തെല്ലാം വെല്ലുവിളികള്‍ നേരിടുന്നു, അതിലേക്ക് ഈ ആന്തരികപ്രശ്നങ്ങള്‍ കൂടി എന്തു സംഭാവന ചേര്‍ക്കും എന്നു കൃത്യമായി മനസിലാക്കി തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സി.പി.എമ്മിനെയും ഇടതുപക്ഷരാഷ്ട്രീയത്തെയും കാത്തിരിക്കുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല. 

ലോക്സഭാതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ നഷ്ടം 19 മണ്ഡലങ്ങള്‍ മാത്രമല്ല. നിയമസഭാതിരഞ്ഞെടുപ്പില്‍ നിന്ന് ഏഴു ശതമാനത്തിലേറെ ജനങ്ങളുടെ പിന്തുണ കൂടി നഷ്ടമായതാണ്. ദേശീയ രാഷ്ട്രീയസാഹചര്യവും ശബരിമലയുമെല്ലാം ചൂണ്ടിക്കാട്ടി ന്യായീകരിക്കാമെങ്കിലും കേരളത്തിലെ വോട്ടര്‍മാരുടെ അവിശ്വാസത്തിന്റെ കൃത്യമായ കാരണങ്ങള്‍ പാര്‍ട്ടിയും പഠിക്കുന്നതേയുള്ളൂ. ഏറ്റവും ശക്തമായ സംഘടനാസംവിധാനമുള്ള പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ഇടപെടലില്‍ സംഭവിക്കുന്നതെന്താണ്? 

ആന്തൂര്‍ ഉദാഹരണമായെടുത്താല്‍ വ്യവസ്ഥാപിതമായ സംഘടനാസംവിധാനത്തെയോ പാര്‍ട്ടി താല്‍പര്യത്തെയോ മറികടന്ന് വ്യക്തിതാല്‍പര്യങ്ങള്‍ മാത്രമാണ് നടപ്പായതെന്നത് വ്യക്തമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാകുമോ? സി.പി.എം സംഘടനാ സംവിധാനത്തില്‍ ഈ സംസ്കാരം വളര്‍ന്നു വരുന്നതെങ്ങനെയാണ്? അത്തരത്തിലുള്ള വ്യതിയാനങ്ങള്‍ക്കു മുന്നില്‍ സുശക്തമായ സംഘടനാസംവിധാനം നിസംഗവും നിശബ്ദവുമാകുന്നതെന്തുകൊണ്ടാണ്? മേല്‍ഘടകങ്ങളുടെ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ചും പ്രാദേശിക, വ്യക്തിഗത താല്‍പര്യങ്ങളുമായി നേതാക്കള്‍ക്കു പാര്‍ട്ടിയെ ഉപയോഗപ്പെടുത്താനാകുന്നതെങ്ങനെയാണ്? 

ശക്തമായ തിരുത്തല്‍ എന്നുറപ്പു പറയുന്ന സംസ്ഥാനനേതൃത്വം ലുക്കൗട്ട് നോട്ടീസുമായി മുംബൈ പൊലീസ് സംസ്ഥാനകമ്മിറ്റി ഓഫിസിനു ചുറ്റും പരതുന്ന സാഹചര്യം എങ്ങനെയാണ് വിശദീകരിക്കുക? എവിടെനിന്ന് എങ്ങോട്ടാണ് സി.പി.എം തിരുത്തല്‍ വരുത്തേണ്ടത്?

എതിരാളികളില്ലെങ്കില്‍, തിരുത്താന്‍ നിര്‍ബന്ധിതരാകുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വയം തോല്‍പിക്കാന്‍ തുടങ്ങും. ആന്തൂരില്‍ സംഭവിച്ചത് അതാണ്. കണ്ണൂരില്‍ സംഭവിക്കുന്നത് അതാണ്. സി.പി.എമ്മിലും അതു സംഭവിക്കില്ല എന്ന് ഉറപ്പു വരുത്തേണ്ടത് പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും ചേര്‍ന്നാണ്.  ആഭ്യന്തരപ്രശ്നങ്ങളുടെ പേരില്‍ നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ പോലും കഴിയാത്ത സാഹചര്യം നിശിതമായ സ്വയംവിമര്‍ശനം അനിവാര്യമാക്കുന്നു. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...