അശാന്തി ഒഴിയാതെ തീരങ്ങൾ; ഈ കണ്ണീര്‍മഴ ഇനി ആവര്‍ത്തിക്കാമോ?

parayathe-vayya2
SHARE

കേരളം ഇപ്പോള്‍ കേള്‍ക്കുന്നത് അശാന്തമായ തീരങ്ങളുടെ ആകുലതതയാണ്. കലികൊണ്ടു കയറുന്ന തിരമാലകളില്‍ മുങ്ങിപ്പൊങ്ങുമ്പോഴും  കടലാക്രമണം എന്നു വിളിക്കരുതെന്ന് ആദ്യം പറയുന്ന ഒരു കൂട്ടം മനുഷ്യര്‍ കേരളത്തോടു ചോദ്യമുയര്‍ത്തുകയാണ്. തീരദേശജനതയെക്കുറിച്ച് നമ്മള്‍ പറഞ്ഞതും പുകഴ്ത്തിയതും ആത്മാര്‍ഥമായിരുന്നോയെന്ന ചോദ്യത്തിനു മുന്നില്‍ ചൂളിപ്പോകുന്നുണ്ട് കേരളം. ഈ കണ്ണീര്‍മഴ ഇനി ആവര്‍ത്തിക്കാമോ?

തീരത്തിന്റെ കരച്ചിലാണ്. കടലേറ്റത്തില്‍ കുതിര്‍ന്നൊലിച്ചു പോകുന്ന ജീവിതം നോക്കി ആശയറ്റുള്ള നിലവിളി. വലിയതുറയിലും ചെല്ലാനത്തും മാത്രമല്ല, പൊന്നാനിയിലും കരുനാഗപ്പള്ളിയിലും ആലപ്പാടുമെല്ലാം ആധികളുടെ വേലിയേറ്റവും വേലിയിറക്കവും ഒഴിയാതെ പെയ്യുന്നുണ്ട്. 

ഒരല്‍പം പിന്നോട്ടു പോകാം. ഒരാണ്ട് തികഞ്ഞിട്ടില്ല. ഇന്ന് തീരം തുടച്ചെടുക്കുന്ന ജലം നമ്മളെയും  തേടിവന്നിരുന്നു. നമുക്ക് വെള്ളത്തിന്റെ ആ രൗദ്രഭാവം പരിചയമുണ്ടായിരുന്നില്ല. തിരിച്ചുവരവില്ലാതെമുങ്ങിത്താഴുകയാണെന്ന് നമ്മള്‍ ഭയപ്പെട്ടിരുന്നു. അന്ന് നമ്മളെ, കേരളത്തെ ആ പ്രളയത്തില്‍ നിന്ന് വലിച്ചുകയറ്റിയത് അവരാണ്. ജീവനും ജീവിതവും തിരികെ തന്നത് അവരാണ്. അന്ന് നമ്മളവരെ കേരളത്തിന്റെ സൈന്യമെന്ന് വിളിച്ചിരുന്നു. മറക്കിലൊരിക്കലും എന്നു വാക്കു പറഞ്ഞിരുന്നു. വാക്കു പാലിച്ചോ കേരളം?

ഞങ്ങളുളളപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് തീരദേശജനത പ്രളയത്തില്‍ മുങ്ങിയ കേരളത്തിനു കാണിച്ചു തന്നു. പതിനായിരത്തിലധികം മനുഷ്യരെ തെങ്ങിനൊപ്പം  പൊങ്ങിയ വെള്ളത്തില്‍ നിന്ന് അവര്‍ തിരികെ കൊണ്ടുവന്നു. 

ഓര്‍മയില്‍ ഒരൊറ്റ മഴക്കാലത്താണ് മലയാളി  അങ്ങനെയൊരു ദുരിതക്കയത്തില്‍ മുങ്ങിപ്പോയത്. പൊക്കിയെടുത്തവരില്‍ ഏറ്റവും മുന്നില്‍ നിന്നത് മല്‍സ്യത്തൊഴിലാളികളാണ്. ഇനിയും കേരളത്തിന് എന്നെങ്കിലും പ്രളയജലവുമായി എതിരിടേണ്ടി വന്നാല്‍ നമ്മുടെ ധൈര്യം  മല്‍സ്യത്തൊഴിലാളികളാണ്. അവരുണ്ടെന്ന് നമുക്കറിയാം. അവര്‍ നമ്മുടെ രക്ഷാസൈന്യമാകും. 

നമ്മള്‍ ഒരൊറ്റത്തവണ നിലവിളിച്ചപ്പോള്‍ അവര്‍ വന്നു. എന്നാല്‍ ഓരോ മഴയത്തും കാറ്റത്തും അവരുടെ നിലവിളി കേരളം കേള്‍ക്കുന്നതെങ്ങനെയാണ്? ചെല്ലാനത്തെ മനുഷ്യര്‍ക്കും വലിയതുറയിലെ ജനങ്ങള്‍ക്കും ഈ മഴക്കാലത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ കലക്ടറെയും മന്ത്രിയെയുമൊക്കെ തടയേണ്ടി വന്നതെന്തുകൊണ്ടാണ്്? ഞങ്ങളുണ്ട് കൂടെയെന്ന് അവരോട് നമുക്കിനിയും പറയാനാകാത്തതെന്താണ്? ഉത്തരം കടല്‍ പോലെ സങ്കീര്‍ണവും ചുഴികള്‍ നിറഞ്ഞതുമാണ്. പക്ഷേ പരിഹാരമുണ്ടായേ പറ്റൂ. 

ഈ മഴക്കാലത്തിന്റെ ആദ്യദിവസങ്ങളില്‍ കേരളത്തിന്റെ രണ്ടു പ്രധാന തീരങ്ങളിലുണ്ടായ പ്രതിഷേധമാണിത്. വലിയതുറയിലും ചെല്ലാനത്തും. പെട്ടെന്നുണ്ടായ പ്രകോപനമോ പൊട്ടിത്തെറിയോ ആയിരുന്നില്ല. ജീവിതസമ്പാദ്യം കൊണ്ടു സ്വരുക്കൂട്ടിയ വീട് കടലെടുത്തുപോകുന്നത് നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നവരും  കാലങ്ങളായി ദുരിതാശ്വാസക്യാമ്പുകളില്‍ കുടുങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. കടലില്‍ കല്ലിടും പോലെ ആവര്‍ത്തിക്കുന്ന വാഗ്ദാനങ്ങള്‍ കേട്ടു മടുത്തവരാണ് എന്നതു മാത്രമാണ് അവരെ ഒന്നിപ്പിക്കുന്നത്.

മന്ത്രി പറയുന്നതു ശരിയാണ്. ഓരോ തീരത്തും കോടികളുടെ പദ്ധതികളുടെ കണക്ക് കടലാസുകളിലുണ്ട്. അതൊന്നും തീരത്തിന് ആശ്വാസം പകരുന്നില്ല എന്നതാണ് സത്യം. ചെല്ലാനത്തെ കാര്യം മാത്രമെടുക്കാം. മഴയ്ക്കൊപ്പം, കാറ്റിനൊപ്പം തന്നെ കടല്‍ കയറിയെത്തുന്ന ചെല്ലാനത്ത് ഇരുനൂറോളം കുടുംബങ്ങള്‍ ദുരിതക്കയത്തിലാണ്. കടല്‍വെള്ളം കയറി നശിക്കുന്നിടത്ത്, കടല്‍ഭിത്തിക്കു പുറമേ ജിയോ ട്യൂബുകളും സ്ഥാപിച്ച് പ്രതിരോധം തീര്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എട്ടരക്കോടി രൂപയും അനുവദിച്ചു. പക്ഷേ പദ്ധതി നടപ്പാക്കേണ്ട ജലസേചനവകുപ്പ് അനങ്ങിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

അഞ്ചിടത്തായി 145 ജിയോട്യൂബുകള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ രണ്ടെണ്ണമാണ്, അതും ഭാഗികമായി സ്ഥാപിച്ചത്. ഇപ്പോള്‍  മഴക്കാലത്ത് വറുതിയിലായ തീരവാസികളെക്കൂടി ഉള്‍പ്പെടുത്തി, ജിയോബാഗുകളില്‍ മണല്‍ നിറച്ചു വയ്ക്കാനുള്ള പരിപാടിയാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത്.  ജിയോബാഗുകള്‍ താല്‍ക്കാലികപരിഹാരം മാത്രമാണ്. ചെല്ലാനത്ത് ചെറിയ ആശ്വാസവുമുണ്ടായിട്ടുണ്ടെന്നത് വാസ്തവം. 2108 മെയില്‍ ജിയോ ട്യൂബ് പദ്ധതി ഫിഷറീസ് വകുപ്പ് മന്ത്രിയാണ്  ഉദ്ഘാടനം ചെയ്തത് . എന്നാല്‍ കരാറുകാരന് വേണ്ട ശാസ്ത്രീയഅവബോധമില്ലെന്നും 

എന്തിനാണിത് ചെയ്യുന്നതെന്നോ അറിയാതെയാണ് പദ്ധതി ചെയ്യുന്നതെന്നു നാട്ടുകാര്‍ പറയുന്നു. 

ജിയോ ട്യൂബിനൊപ്പം തന്നെ സംരക്ഷണഭിത്തിയും കെട്ടുമെന്നാണ് ചെല്ലാനത്തുകാര്‍ക്ക് കിട്ടിയ ഉറപ്പ്. എന്നാല്‍ ജിയോട്യൂബും പൂര്‍ത്തിയായില്ല. സംരക്ഷണഭിത്തിയുമായില്ല. 

മഴ ജൂണില്‍ തന്നെ വരുമെന്നും കടല്‍ കയറുമെന്നും അറിയാത്തവരല്ല താല്‍ക്കാലികപദ്ധതികളെങ്കിലും അടിയന്തരമായി നടപ്പാക്കേണ്ടവര്‍. അതുകൊണ്ടുതന്നെ ദുരിതാശ്വാസക്യാംപ് തുറന്നു അങ്ങോട്ട് വിളിക്കുന്ന പതിവ് നടപടിക്ക് വഴങ്ങേണ്ടെന്ന് ചെല്ലാനത്തുകാര്‍ ഇത്തവണ തീരുമാനിച്ചു. ലോങ്മാര്‍ച്ച് അടക്കമുള്ള സമരവഴികളിലേക്ക് നീങ്ങേണ്ട അവസ്ഥയിലേക്ക് തീരങ്ങളെ തള്ളിവിടുന്നതാരാണ്? അതു മാത്രമല്ല കടലില്‍ അനന്തമായി കല്ലിടുന്ന പതിവൊന്നു നിര്‍ത്തി, ചാക്കില്‍ മണല്‍ നിറച്ചാല്‍ തീരുന്ന കാലാവസ്ഥാപ്രതിഭാസമാണോ കേരളത്തിലെ തീരങ്ങള്‍ നേരിടുന്നത്?

അറുനൂറ് കിലോമീറ്റര്‍ തീരദേശമുണ്ട്, കേരളത്തിന്. കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു വലിയ ജനവിഭാഗവുമുണ്ട്. ആകെ 12 ലക്ഷത്തിലേറെ മല്‍സ്യത്തൊഴിലാളികളുണ്ട്. 2 ലക്ഷത്തോളം വരുന്ന അനുബന്ധതൊഴിലാളികളും ചേര്‍ന്ന് 14 ലക്ഷത്തിലേറെ തൊഴിലാളികളുടെ ജീവിതപ്രശ്നമാണിതെന്നോര്‍ക്കണം.  മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍ കൂടി കണക്കിലെടുത്താല്‍ പരിഗണിക്കപ്പെടേണ്ടവരുടെ സംഖ്യം അത്രമേല്‍ വലുതാണ്. കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക മുന്നറിയിപ്പു പ്രകാരം  കേരളത്തിന്‍റെ തീരദേശത്തിന്റെ 63 ശതമാനവും കടലേറ്റ ഭീഷണിയിലാണ്. 

ആഗോളതാപനത്തിന്റെ ഫലമായി ലോകത്താകെ സമുദ്രനിരപ്പ് മൂന്ന് ഇഞ്ചോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് ശാസ്ത്രീയനിരീക്ഷണം. 3.84 ഇഞ്ച് ജലനിരപ്പുയര്‍ന്നാല്‍ തീരത്ത് അത് അനുഭവപ്പെടുന്നത് പത്തിരട്ടി തീവ്രതയുള്ള തിരമാലകളുടെ പ്രഹരമായിട്ടാണ്. അറബിക്കടലില്‍ മാത്രം സമീപകാലത്തുണ്ടായ ന്യൂനമര്‍ദങ്ങളുടെ സ്വഭാവം വിലയിരുത്തിയാല്‍ മാത്രം മതി, തുടര്‍ന്നങ്ങോട്ടും കേരളത്തിന്റെ തീരം കാത്തിരിക്കേണ്ട സമ്മര്‍ദങ്ങള്‍ എത്രയാണെന്നു വ്യക്തമാകും. തീരശോഷണമാണ് സംഭവിക്കുന്നത്. തീരം ഇല്ലാതാകുന്നു. അതു കൂടാതെ തെറ്റായ നിര്‍മാണപ്രവൃത്തികള്‍ കാരണം തീരങ്ങളുടെ സ്വഭാവവും ജൈവഘടനയും മാറുന്നു. 

അതായത് പ്രകൃതി സ്വാഭാവികമായി ഉയര്‍ത്തുന്ന വെല്ലുവിളികള്‍  അതിജീവിക്കുക തന്നെ ദുഷ്കരമാണ്. അതിനൊപ്പം കേരളത്തിന്റെ തീരങ്ങളില്‍ വികസനത്തിന്റെയും കൈയ്യേറ്റത്തിന്റെയും കൈക്രിയകള്‍ തീര്‍ത്ത പരുക്കുകള്‍ അതിലേറെ ഗുരുതരവുമാണ്. കല്ലിട്ടു തീര്‍ക്കാവുന്നതല്ല, ഈ കയത്തിന്റെ ആഴമെന്ന് തിരിച്ചറിഞ്ഞുള്ള സമീപനം അനിവാര്യമാണ്. 

തീരത്തിന്റെ വികസനമെന്ന പേരില്‍ കേരളത്തിന്റെ തീരങ്ങളില്‍ നടന്ന ഓരോ പദ്ധതിയുടെയും പാരിസ്ഥിതികാഘാതം മാത്രം വിലയിരുത്തിയാല്‍ കടലിന്റെ കലി മനസിലാക്കാവുന്നതേയുള്ളൂ.  മല്‍സ്യബന്ധനതുറമുഖങ്ങളുടെ നിര്‍മാണം മാത്രമെടുക്കുക. 

ചെല്ലാനത്ത് എട്ടുവര്‍ഷം മുമ്പാണ് മല്‍സ്യബന്ധനതുറമുഖം നിര്‍മിച്ചത്. അതിനു ശേഷം ആ മേഖലയിലെ കടല്‍കയറ്റത്തിന്റെ സ്വഭാവത്തിലുണ്ടായ വ്യതിയാനം ശാസ്ത്രീയമായി വിലയിരുത്തണം. അവിടെ മാത്രമല്ല, ഏറ്റവുമധികം മല്‍സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിച്ചിട്ടുള്ള കേരളത്തില്‍ ഓരോ തീരത്തും അതുണ്ടാക്കിയ മാറ്റം വിശകലനം ചെയ്യണം. പുലിമുട്ടുകള്‍ ഉയര്‍ത്തിയും ജിയോട്യൂബുകള്‍ സ്ഥാപിച്ചും കടലിനെ തടുക്കാനാകുന്നില്ലെന്ന് അനുഭവം ഉറപ്പിക്കുന്നുവെങ്കില്‍ സ്ഥിരമായ പുനരധിവാസപദ്ധതികള്‍ക്ക് അമാന്തമുണ്ടാകരുത്. 

പുനരധിവാസപദ്ധതികളില്‍ മാതൃകയാക്കാവുന്ന പദ്ധതികള്‍ ഇപ്പോള്‍ തന്നെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. മുട്ടത്തറയില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി LDF സര്‍ക്കാര്‍ നിര്‍മിച്ചു കൈമാറിയ ഫ്ലാറ്റ് സമുച്ചയം പുതിയൊരു ചരിത്രം കുറിക്കുന്ന മാറ്റമായിരുന്നു. 

സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് ആദ്യമായാണ് ഇങ്ങനെയൊരു ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. തിരുവനന്തപുരത്ത് ബീമാപള്ളി, കാരോട്, ആലപ്പുഴയിലെ തോട്ടപ്പിള്ളി, പൊന്നാനി, കൊല്ലം QSS കോളനി എന്നിവിടങ്ങളിലും സമാനമായ ഭവനസമുച്ചയ പദ്ധതികള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.

അപ്പോള്‍ കാര്യങ്ങള്‍ക്കൊരു തീരുമാനമായില്ലേ? എല്ലാ തീരങ്ങളിലും ഇതുപോലെ സമുച്ചയങ്ങളുണ്ടാക്കി മാറ്റിപ്പാര്‍പ്പിച്ചാല്‍ പോരേ എന്നൊരു ലളിതയുക്തി ആര്‍ക്കും തോന്നാം. പക്ഷേ എളുപ്പമല്ല, പ്രായോഗികവുമല്ല. തീരങ്ങളുടെ സമഗ്രസംരക്ഷണമാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം. സുരക്ഷിതമായി കിടക്കാനൊരിടം കിട്ടിയാല്‍ തീരമുപേക്ഷിച്ചു പോകാന്‍ അവര്‍ തയാറാകില്ല. കാരണം തിരയും തീരവും അവരുടെ ജീവിതമാണ് . 

കേരളത്തിലുടനീളം കടല്‍കയറ്റത്തിന്റെ ആവര്‍ത്തനരീതി വിലയിരുത്തി, സമഗ്രമായ പുനരധിവാസപദ്ധതി ആവിഷ്കരിക്കണം. അത് നടപ്പാകാത്തതിനു പിന്നില്‍ പല താല്‍പര്യങ്ങളുടെയും ഇടപെടലുണ്ട്. ഒരിക്കലും പണി തീരാത്ത തീരസംരക്ഷണഭിത്തികളുടെ നിര്‍മാണക്കരാര്‍ മുതല്‍ കണ്ണീരുണങ്ങാത്ത വോട്ടുബാങ്കുകളുടെ വിലപേശല്‍ മൂല്യം കുറയാതെ സൂക്ഷിക്കുന്ന ഗൂഢരാഷ്ട്രീയം വരെയുണ്ട്. ഓരോ മഴയ്ക്കും തീരത്തിന്റെ തേങ്ങല്‍ മുതലെടുന്നവര്‍ക്ക് സ്ഥായിയായ പരിഹാരം താല്‍പര്യമില്ല. ശാസ്ത്രീയമായി തീരത്തിന്റെ സ്വഭാവം ജനതയെ മനസിലാക്കി, മറ്റിടങ്ങളിലേക്കു മാറുക മാത്രമാണ് പരിഹാരമന്ന് അവരെ ബോധ്യപ്പെടുത്താന്‍ പോലും ശ്രമിക്കാത്ത പ്രാദേശികനേതാക്കളുണ്ട്. ശാസ്ത്രം മാത്രമല്ല,  പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ അനുഭവവും പരിചയവും സമന്വയിപ്പിച്ചുള്ള പുനരധിവാസപദ്ധതികള്‍ വേണം. കടലില്‍ നിന്ന് ഏറെ മാറി ജീവിതം പറിച്ചുനടാന്‍ മല്‍സ്യത്തൊഴിലാളികളോട് ആവശ്യപ്പെടാനാകില്ല. കാരണം കടലില്‍ നിന്ന് വേറിട്ടു മാറിയൊരു ജീവിതം അവര്‍ക്കില്ല.  തീരം സംരക്ഷിക്കപ്പെടുമെന്ന വ്യക്തമായ ഉറപ്പുകള്‍ അവര്‍ക്കു ലഭിക്കണം. തീരഭൂമിയില്‍ അവരുടെ അവകാശം നിയമപരമായി ഉറപ്പിക്കുന്ന പദ്ധതികളുണ്ടാകണം. കുടിയൊഴിപ്പിക്കപ്പെടുന്നത് റിസോര്‍ട്ട് മാഫിയകള്‍ക്കും കൈയേറ്റ വ്യവസായങ്ങള്‍ക്കും വേണ്ടിയല്ലെന്ന് അവര്‍ക്ക് സമൂഹത്തിന്റെ സാക്ഷ്യപത്രം കിട്ടണം. കാരണം, കേരളത്തിന്റെ തീരങ്ങള്‍ ഇപ്പോഴും ഇങ്ങനെയെങ്കിലും േശഷിക്കുന്നുവെങ്കില്‍ അതിനു കാരണം തീരദേശജനതയുടെ കാവലാണ്. 

അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റെ സേനയാണ്. തീരദേശസേന. കടല്‍ ഇനിയും കയറിക്കയറി വന്നേക്കാം. അത് കടലിന്റെയും അതിജീവനമാണ്. ശാസ്ത്രീയമായ വിശകലനങ്ങള്‍ പരിഗണിച്ച്, മല്‍സ്യത്തൊഴിലാളികളുടെ ജീവിതശൈലി കൂട്ടിയിണക്കി, സമഗ്രമായ  സമീപനം രൂപപ്പെടുത്തിയെടുക്കണം. അടുത്ത മഴക്കാലത്തെങ്കിലും ഈ കണ്ണീര്‍മഴ പെയ്യാതിരിക്കണം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...