വിജയം വസ്തുതകളെ ഇല്ലാതാക്കുന്നില്ല; വിനാശകാരിയായ രാഷ്ട്രീയം പ്രതിരോധിക്കപ്പെടണം

modi4
SHARE

രാജ്യം വീണ്ടുമൊരിക്കല്‍ കൂടി നരേന്ദ്രമോദിയെ അധികാരമേല്‍പിച്ചു. സംശയങ്ങളോ സന്ദേഹമോ പ്രകടിപ്പിക്കാത്ത വന്‍ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ ജനാധിപത്യം നരേന്ദ്രമോദിയെ തിരഞ്ഞെടുത്തിരിക്കുന്നു. ജനവിധി മാനിക്കപ്പെടണം. അതിന്റെ കാരണങ്ങള്‍ ശരിയായി, സൂക്ഷ്മമായി വിലയിരുത്തപ്പെടണം. പക്ഷേ ഈ വന്‍വിജയം വസ്തുതകളെ, യാഥാര്‍ഥ്യങ്ങളെ ഒന്നും ഇല്ലാതാക്കുന്നില്ല. ഏതു വന്‍വിജയത്തിനു മുന്നിലും വിനാശകാരിയായ രാഷ്ട്രീയം, പ്രതിലോമകരമായ രാഷ്ട്രീയം പ്രതിരോധിക്കപ്പെടേണ്ടതു തന്നെയാണ്. 

കണക്കുകളില്‍ ഒരു ചെറുതരി വിമര്‍ശനത്തിന്റെയും സാധ്യത നല്‍കാത്ത വിജയമാണ് നരേന്ദ്രമോദിക്കും പാര്‍ട്ടിക്കും ഇന്ത്യ 2019ല്‍ നല്‍കിയത്. 2014ലേതു പോലെ ചില മേഖലകള്‍ കേന്ദ്രീകരിച്ചു മാത്രം നേടിയ മുന്നേറ്റമല്ല. ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ  ഇന്ത്യയുടെ ഭൂരിഭാഗവും അംഗീകരിച്ച വിജയം. 

നരേന്ദ്രമോദിയുടെ ചരിത്രനേട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ദുര്‍ബലപ്രതിപക്ഷത്തിന്റെ സംഭാവന ചെറുതല്ല. പൊരുതിപരാജയപ്പെട്ടു എന്നു സമാധാനിക്കാന്‍ പോലും കഴിയാവുന്ന സാഹചര്യമില്ല. 

എന്നാല്‍ പോലും 2019ലെ ജനവിധി പ്രതിപക്ഷത്തിന്റെ പ്രകടനത്തിന്റെ പേരില്‍ മാത്രം വിലയിരുത്തേണ്ടതല്ല. ഇന്ത്യ മാറിയിരിക്കുന്നുവെന്ന്  അംഗീകരിക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല. ആ മാറ്റത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ കൃത്യമായ രാഷ്ട്രീയവിശകലനവും സമഗ്രമായ സമീപനവും ആവശ്യപ്പെടുന്നുണ്ട്. രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സൂചികയായേക്കാം. 1. എന്തായിരുന്നു മോദിയുടെ അഞ്ചു വര്‍ഷത്തെ ഇന്ത്യ? 2. എങ്ങനെയാകും മോദിയുടെ പുതിയ ഇന്ത്യ?

പുതിയ ഇന്ത്യയിലേക്കു വിളിക്കുന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷവും രാജ്യം പുതിയൊരു ഇന്ത്യയായിരുന്നു. കരുത്തന്‍ എന്നു സ്വയം വിളിച്ച ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനെന്നും എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയെന്നും ആവര്‍ത്തിച്ചവകാശപ്പെട്ട പ്രധാനമന്ത്രിയുടെ രാഷ്ട്രീയം ധ്രുവീകരണവും അതിദേശീയതയും അടിസ്ഥാനമാക്കിയാണ് കേന്ദ്രീകരിച്ചത്. ഭരണകാലം തൃപ്തികരമായിരുന്നില്ല. ഒരു വികസനസൂചികയും മുകളിലേക്കു പോയില്ല. തൊഴിലില്ലായ്മയും ഇന്ധനവിലവര്‍ധനയും ജനതയ്ക്കു മേല്‍ സുസ്ഥിരബാധ്യതയായിരുന്നു. മുന്നൊരുക്കങ്ങളില്ലാത്ത ജി,.എസ്.ടിയും വീണ്ടു വിചാരമില്ലാത്ത നോട്ടു നിരോധനവും ജനജീവിതം കൂടുതല്‍ തകിടം മറിച്ചിരുന്നു. മുന്‍പൊരിക്കലുമില്ലാത്ത വിധം ഒരിന്ത്യക്കാരന്റെ ജീവിതം ജനിച്ച മതത്തിനു ചുറ്റും കേന്ദ്രീകരിച്ചിരുന്നു. മതത്തിന്റെ പേരില്‍ അഭിമാനിക്കാനും, മറ്റു മതസ്ഥരെ വിലയിരുത്താനും വെല്ലുവിളിക്കാനും ഭരണകൂടം തന്നെ ഇന്ത്യന്‍ ജനതയെ പ്രേരിപ്പിച്ചിരുന്നു. എവിടെ വച്ചും ഏതു നേരത്തും ദേശീയത തെളിയിക്കാന്‍ ഇന്ത്യന്‍ പൗരന്‍ പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗക്കാര്‍ ബാധ്യസ്ഥരായിരുന്നു. ഭൂരിപക്ഷങ്ങളെ പേടിച്ച് രാഹുല്‍ഗാന്ധി ന്യൂനപക്ഷങ്ങളെ തേടി ഓടിപ്പോയെന്നു പരിഹസിച്ച പ്രധാനമന്ത്രി തന്നെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ തുല്യരല്ലെന്ന് വ്യക്തമായി വിളിച്ചു പറഞ്ഞിരുന്നു. 

പക്ഷേ ആ  കാലവും കാരണങ്ങളും ഇനി ചരിത്രമാണ്. അതെല്ലാം നിലനില്‍ക്കേ തന്നെ ഇന്ത്യ നരേന്ദ്രമോദിയെ വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു. പുതിയ ഇന്ത്യയില്‍ ഇതൊന്നും ആവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കുമോ? ഇന്ത്യ മാത്രമല്ല, ലോകവും അതറിയാന്‍ കാത്തിരിക്കുന്നു. 

ഭൂരിപക്ഷധ്രുവീകരണവും അതിദേശീയതയും. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെട്ട രണ്ട് ആയുധങ്ങള്‍. പക്ഷേ അതുകൊണ്ടു മാത്രമാണ് രാജ്യം ഇത്ര ഭൂരിപക്ഷത്തോടെ നരേന്ദ്രമോദിയെ തിരിച്ചുകൊണ്ടുവരുന്നതെന്നു വിലയിരുത്തുന്നത് യഥാര്‍ഥ ചിത്രത്തെ തിരസ്കരിക്കലാകും. . ജനത കരുത്തുറ്റ നേതൃത്വം ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ പ്രഖ്യാപനം കൂടിയാണ് ജനവിധി. കരുത്ത് എന്നത് വസ്തുതാപരമായി വിശകലനം ചെയ്യപ്പെട്ടാല്‍ എന്താകുമെന്നത് രണ്ടാം ചോദ്യം മാത്രമാണ്. മനുഷ്യരുടെ സാമാന്യജീവിതത്തെ സ്പര്‍ശിക്കുംവിധത്തില്‍ ചില പദ്ധതികളും പ്രഖ്യാപനങ്ങളും അവസാനകാലത്തുണ്ടായിരുന്നു. ഗ്രാമീണഇന്ത്യയുടെ അവഗണിക്കപ്പെട്ട ഓരുകളില്‍ വൈദ്യുതിയെത്തിയിരുന്നു, ശൗചാലയങ്ങളും ഗ്യാസ് അടുപ്പുകളും എത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ഏറ്റവുമധികം ശ്വാസം മുട്ടി മരണാസന്നരായ കര്‍ഷകര്‍ക്കു പോലും ഒടുവിലായി ഒരു കിസാന്‍ സമ്മാന്‍ കൈകളില്‍ കിട്ടിയിരുന്നു. മുന്നാക്കവിഭാഗങ്ങള്‍ക്കാകട്ടെ സാമ്പത്തികസംവരണമെന്ന സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തലോടലും കിട്ടിയിരുന്നു. എല്ലാത്തിനുമൊപ്പം പ്രത്യാശയേതും സൃഷ്ടിക്കാനാകാത്ത പ്രതിപക്ഷത്തോടുള്ള വിശ്വാസക്കുറവും ചേര്‍ത്താണ് ജനവിധി. അനുഭവിച്ചതിനെല്ലാം മാപ്പു കൊടുത്ത് വീണ്ടുമൊരവസരം കൂടി നല്‍കുകയല്ലാതെ ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ ആശ്രയിക്കാവുന്ന ഒരു ബദലും തിരഞ്ഞെടുക്കാനുണ്ടായിരുന്നില്ല

അതുകൊണ്ട് ഈ ജനത അപഹാസമോ, അവിശ്വാസമോ അര്‍ഹിക്കുന്നില്ല. തിരുത്തപ്പെടേണ്ടത് പ്രതിപക്ഷരാഷ്ട്രീയസമീപനം തന്നെയാണ്. അതല്ലെങ്കില്‍ പുതിയ ബദലുകള്‍ സൃഷ്ടിക്കപ്പെടണം. നെഹ്റു കുടുംബാംഗങ്ങളുടെ രാഷ്ട്രീയവിധിപ്രഖ്യാപനങ്ങള്‍ക്കു കാതോര്‍ത്തിരിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ മാത്രം കാത്തിരുന്നാല്‍ ആ പ്രതിരോധം രൂപപ്പെട്ടുവരില്ല. ജനതയുടെ പൊതുതാല്‍പര്യത്തേക്കാള്‍ പാര്‍ട്ടിയുടെ കാലഹരണപ്പെട്ട സിദ്ധാന്തങ്ങളില്‍ മുറുകെ പിടിച്ചിരിക്കുന്നവര്‍ക്കായും കാത്തിരിക്കാന്‍ നേരമുണ്ടാകില്ല. പിന്നെയാര് എന്ന ചോദ്യത്തിന് തല്‍ക്കാലം ഉത്തരമില്ല. ആ പ്രതിസന്ധിയുടെ ഉത്തരമേ ഇന്ത്യയുടെ പരിഹാരമാകൂ എന്നത് ഉറപ്പാണ്.

കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ രാജ്യമാകെ കിട്ടിയ വോട്ടുകള്‍ പത്തൊന്‍തര ശതമാനമാണ്. അതില്‍ നല്ല പങ്കും കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ സംഭാവനയാണ്.  2014ലെ ലോക്സഭയില്‍ നിന്ന് വെറും എട്ടു സീറ്റധികമാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. പ്രതിപക്ഷനേതൃസ്ഥാനം ഇത്തവണയും കിട്ടില്ല. ഈ ലോക്സഭയിലും രാജ്യത്തിനൊരു പ്രതിപക്ഷനേതാവില്ലെന്നു ചുരുക്കം. പക്ഷേ കോണ്‍ഗ്രസ് നാമാവശേഷമായിട്ടില്ല. ദുര്‍ബലമായ സംഘടനാസംവിധാനമെങ്കിലും രാജ്യം മുഴുവന്‍ ഇപ്പോഴും സാന്നിധ്യമുള്ള ദേശീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞങ്ങള്‍ പ്രതിപക്ഷത്തെ നയിക്കും എന്ന പ്രഖ്യാപനം ആത്മാര്‍ഥമെങ്കില്‍ പല ചോദ്യങ്ങള്‍ക്കും കോണ്‍ഗ്രസ് ആദ്യമേ ഉത്തരം കണ്ടെത്തേണ്ടി വരും. എന്താണ് പ്രതിരോധ പരിപാടി? തളര്‍ന്ന സംഘടനയ്ക്കുള്ള വീണ്ടെടുക്കല്‍ പദ്ധതി എന്താണ്? സംഘപരിവാറിന്റെ കരുത്തുറ്റ പിന്തുണയോടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബി.ജെ.പിയുടെ നയങ്ങള്‍ക്ക് രാഷ്ട്രീയമായും സംഘടനാപരമായും എന്തു പ്രതിരോധം തീര്‍ക്കാനാണ് പരിപാടി? മൃദുഹിന്ദുത്വം തീവ്രഹിന്ദുത്വത്തെ ജയിക്കുമെന്ന തെറ്റിദ്ധാരണ ഇനി ഇന്ത്യയില്‍ പുലര്‍ത്താനാകുമോ? കളങ്കമില്ലാത്ത, കപടമല്ലാത്ത മതനിരപേക്ഷത പുലര്‍ത്താന്‍ കോണ്‍ഗ്രസ് തയാറാകുമോ? നെഹ്റു കുടുംബാംഗങ്ങളുടെ കാര്യക്ഷമതയെയും കെടുകാര്യസ്ഥതയെയും മാത്രം ആശ്രയിക്കുന്ന കോണ്‍ഗ്രസിന് ഈ രീതിയില്‍ ഈ ഇന്ത്യയില്‍ ഇനിയൊരു നിലനില്‍പുണ്ടാകുമോ? ജനാധിപത്യപരമായി സ്വയം പുതുക്കാനും തിരുത്താനും കോണ്‍ഗ്രസിന് കഴിയുമോ? സമാനമായ ചോദ്യങ്ങള്‍ 

ഇടതുപക്ഷമടക്കമുള്ള മറ്റു പാര്‍ട്ടികളോടും മതനിരപേക്ഷ ജനതയുടെ മനസിലുണ്ടാകും. 

അപ്പോള്‍ എന്താണ് ഈ സര്‍വാധിപത്യ, സമഗ്രാധിപത്യ രാഷ്ട്രീയമാറ്റത്തോടുള്ള പ്രതിരോധം? ചരിത്രവും ലോകവര്‍ത്തമാനവും ശരിയായ മറുപടികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നുണ്ട്. നിരാശയില്‍ ആഴ്ന്നു പോകാതെ, ശരിയായ രാഷ്ട്രീയപ്രതിരോധത്തിലൂടെ യഥാര്‍ഥ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള സംയമനമാണ് ഇന്ത്യന്‍ ജനതയില്‍ ഇനിയുണ്ടാകേണ്ടത്. പ്രതിരോധം എളുപ്പമല്ല, പക്ഷേ അസാധ്യവുമല്ല. 

ലോകം മുഴുവന്‍ സമാനമായ രാഷ്ട്രീയമാറ്റങ്ങള്‍ അനുഭവിച്ചറിയുന്നുണ്ട്. അമേരിക്കയില്‍ ട്രംപിനെ പിന്തുണയ്ക്കുന്ന ജനതയും ബ്രിട്ടനില്‍ ബ്രെക്സിറ്റിനു വേണ്ടി ആര്‍ത്തുവിളിക്കുന്ന ജനതയും തുര്‍ക്കിയില്‍ എര്‍ദോഗന് ജയ് വിളിക്കുന്ന ഭൂരിപക്ഷവുമെല്ലാം ഒരേ രാഷ്്ട്രീയ കാലഘട്ടത്തെ അടയാളപ്പെടുത്തിക്കഴിഞ്ഞതാണ്. അതുകൊണ്ട്, അതു കൊണ്ടു മാത്രം പ്രതിരോധമില്ലെന്നാണോ? പ്രതിരോധമുണ്ട്. അത് സൂക്ഷ്മമായി, അടുക്കും ചിട്ടയോടെയും രൂപമാര്‍ജിക്കേണ്ടതാണ്. മാനസികമായി കീഴടങ്ങാതിരിക്കുക എന്നതു തന്നെയാണ് ഒന്നാമത്തെ പ്രതിരോധം. പൗരസമൂഹത്തിന്റെ സാംസ്കാരികപ്രതിരോധമാണ് ലോകത്ത് സമഗ്രാധിപത്യ ഭരണകൂടങ്ങളെ ചെറുത്തിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ സ്വന്തം നാടിന് മറ്റെവിടെ നിന്നും അതിനു മാതൃകകള്‍ തേടേണ്ട കാര്യവുമില്ല. മതേതര ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്താന്‍ ഇനിയും ഭരണകൂടം തുനിഞ്ഞാല്‍ പൗരസമൂഹം തന്നെ പ്രതിരോധിക്കണം. സ്വന്തം പൗരന്‍മാരോട് ഭരണകൂടം വിവേചനം പ്രകടിപ്പിച്ചാല്‍ ചെറുക്കാന്‍ മതഭേദമില്ലാത്ത മനുഷ്യരുടെ കൂട്ടായ്മകളുണ്ടാകുമെന്ന്  ഭരണാധികാരികളെ ഓര്‍മപ്പെടുത്തണം. മതത്തിന്റെയും ദേശത്തിന്റെയും പേരു പറഞ്ഞ് മനുഷ്യരെ തമ്മില്‍ വിഭജിപ്പിക്കാന്‍ ഭരണകൂടം തന്നെ ശ്രമിച്ചാല്‍ അത് ഈ രാജ്യത്ത് സാധ്യമല്ലെന്ന് ശക്തിയുക്തം ബോധ്യപ്പെടുത്തുന്ന പൗരശക്തി ഭരണകൂടം അറിയും വിധം ചെറുത്തുനില്‍പുണ്ടാകണം. രാജ്യം ഒറ്റപ്പെട്ട പ്രതിരോധങ്ങള്‍ ഈ അഞ്ചു വര്‍ഷത്തിനിടെയും കണ്ടിട്ടുണ്ട്. കര്‍ഷകരുടെ ലോങ്മാര്‍ച്ച് അത് കാണിച്ചു തന്നിട്ടുണ്ട്. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ അത് കാണിച്ചു തന്നിട്ടുണ്ട്. 

അതുകൊണ്ട് ഒരു തിരഞ്ഞെടുപ്പ് ഒന്നിനും അവസാനം കുറിക്കുന്നില്ല. പ്രതിരോധത്തിന്റെ ഉജ്വലമാതൃകകള്‍ ഉയര്‍ന്നു തന്നെ വരും. മതത്തിന്റെ പേരില്‍ മനുഷ്യത്വം മറക്കാന്‍‌ പ്രേരിപ്പിക്കുന്ന രാഷ്ട്രീയം മുന്നോട്ടു നയിക്കില്ലെന്ന് ഇന്ന് ആ പ്രലോഭനത്തില്‍ പെട്ടു പോയ മനുഷ്യര്‍ തന്നെ തിരിച്ചറിയും. മറ്റു മതസ്ഥരോടും സമൂഹവിഭാഗങ്ങളോടും വിദ്വേഷമില്ലാതെ അന്തസോടെ ജീവിക്കുന്നതിന്റെ മനുഷ്യത്വം ഇന്ത്യയിലെ പൗരന്‍മാര്‍ അര്‍ഹിക്കുന്നുണ്ട്. അതിനാവശ്യമായ പ്രതിരോധം അവര്‍ തന്നെ തീര്‍ത്തെടുക്കും. ഈ തിരഞ്ഞെടുപ്പില്‍ തന്നെ കേരളം എന്ന നമ്മുടെ നാട് മാതൃകയായി തെളിഞ്ഞു നില്‍ക്കുന്നുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE