തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടോ..? അന്യോന്യം വിരല്‍ചൂണ്ടിയാല്‍ മായുമോ കളങ്കം..?

iuml-bogus-vote-3
SHARE

മെയ് 23ന് ജനവിധി പ്രഖ്യാപിക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിനെ ഏറ്റവും രാഷ്ട്രീയമായി നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആ കേരളത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ? വെറും ആരോപണമല്ല കളളവോട്ടെന്നു തെളിയുമ്പോള്‍  ചോദ്യത്തിന് ഗൗരവമേറുന്നു. മറുപടി പറയേണ്ട രാഷ്ട്രീയനേതൃത്വം അന്യോന്യം വിരല്‍ ചൂണ്ടി രക്ഷപ്പെടുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധത തന്നെ പരിഹാസ്യമാകുന്നു. സി.പി.എമ്മിന്റെ കള്ളവോട്ടു തടയാന്‍ സുപ്രീംകോടതി വരെ പോകുമെന്ന് ആണയിട്ട യു.ഡി.എഫുകാര്‍ പിടിവീണപ്പോള്‍ മൗനവ്രതമാചരിക്കുന്നു. ഞങ്ങളുടേതു നല്ല വോട്ടും എതിര്‍ പക്ഷത്തിന്റേത് കള്ളവോട്ടും എന്ന അപഹാസ്യമായ വാദമുയര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കേരളത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. 

മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ ഈ െചയ്തതും കള്ളവോട്ടാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ കള്ളവോട്ടിനെതിരായ പ്രതിബദ്ധതാ മുദ്രാവാക്യങ്ങള്‍ നിശബ്ദമായി. കള്ളവോട്ട് ചെയ്തവരില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പുറത്താക്കുമെന്ന് മുസ്‍ലിംലീഗ് വിനയാന്വിതരായി. 

ഈ കള്ളവോട്ടുകള്‍ പ്രവര്‍ത്തകരുടേതു മാത്രമാണെന്നും മുസ്‍ലിംലീഗിന്റേതെന്നു പറയരുതെന്നുമാണ് ഇപ്പോള്‍ വിശദീകരണം. പാര്‍ട്ടിക്കു വേണ്ടിയല്ലാതെ, വ്യക്തിപരമായ സന്തോഷത്തിനാരെങ്കിലും കള്ളവോട്ട് ചെയ്യുമോയെന്ന ചോദ്യത്തിന് മുസ്‍ലിം ലീഗിനും കോണ്‍ഗ്രസിനും ഉത്തരമില്ല. പാര്‍ട്ടിയറിയാതെ കള്ളവോട്ട് സംസ്കാരം നിലനില്‍ക്കില്ലെന്നുറപ്പായിട്ടും വീണിടത്തു കിടന്നുരുളുന്നു മുസ്‍ലിംലീഗ്. 

മുസ്‍ലിംലീഗിന്റെ കള്ളവോട്ടുകള്‍ പുറത്തുകൊണ്ടുവന്നത് സി.പി.എമ്മാണ്. അതു പക്ഷേ സുതാര്യമായ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത കൊണ്ടാണെന്ന് സി.പി.എം പോലും അവകാശപ്പെടില്ല. ഞങ്ങള്‍ മാത്രമല്ല, അവരുമുണ്ടെന്നു സ്ഥാപിക്കാന്‍ മാത്രം. കേരളത്തിന് കാര്യം ബോധ്യമായിട്ടുണ്ട്. ഇനി അറിയേണ്ടത് ഓരോ മണ്ഡലത്തിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ശരിയായ വോട്ടുകളാണോ, കളളവോട്ടുകളാണോ എന്നു മാത്രമാണ്.

കള്ളവോട്ടില്‍ കുരുങ്ങിയപ്പോള്‍ വിചിത്രവാദങ്ങളാണ് സി.പി.എമ്മും ഉയര്‍ത്തിയത്. ഓപ്പണ്‍വോട്ടെന്ന വാദങ്ങള്‍ ആവര്‍ത്തിച്ച പാര്‍ട്ടി കള്ളവോട്ടെന്നു സ്ഥിരീകരിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ വെല്ലുവിളിക്കുകയാണ് ചെയ്തത്. 

എന്നാല്‍ മുസ്‍ലിംലീഗിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കള്ളവോട്ടെന്ന് സ്ഥിരീകരിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നേരെ സി.പി.എമ്മിന് ചോദ്യങ്ങളില്ല. മുസ്‍ലിംലീഗുകാര്‍ക്ക് വിശദീകരിക്കാന്‍ നല്‍കിയ അവസരം സി.പി.എമ്മിന് നല്‍കിയില്ലെന്ന പരാതി മാത്രമാണ് പ്രശ്നം. 

സി.പി.എം തന്നെയാണ് മുസ്‍ലിംലീഗുകാര്‍ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇത് തുടങ്ങിവച്ചത് ഞങ്ങളല്ലെന്ന മുന്നറിയിപ്പോടെ തന്നെയായിരുന്നു നടപടി. അതുകൊണ്ടാണ് മുസ്‍ലിംലീഗും കള്ളവോട്ടില്‍ കുടുങ്ങിയത്. പക്ഷേ ഇതൊന്നും ഇരുപക്ഷവും സ്വമനസോടെ ജനാധിപത്യം സുതാര്യമാക്കാന്‍ െചയ്തതല്ലെന്ന് കേരളം അറിഞ്ഞു. കള്ളവോട്ട് നടക്കുന്നുണ്ടെന്ന പരസ്യമായ രഹസ്യമാണ്. എന്നാല്‍ സത്യസന്ധമായ വോട്ടെടുപ്പ് ഉറപ്പാക്കാനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നറിഞ്ഞും കള്ളവോട്ടു ചെയ്യാനുള്ള നീക്കം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. 

പുരോഗമിച്ചുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ പങ്കാളിത്തം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. 77.68 ശതമാനം പേരാണ് കേരളത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. അതിനിടെയുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളെ വിവാദമാക്കുന്ന മാധ്യമങ്ങളെയാണ് സി.പി.എം പ്രതിസ്്ഥാനത്തു നിര്‍ത്തുന്നത്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നു കോടി മുസ്‍ലിങ്ങളെയും നാലു കോടി ദളിതരെയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതു പോലുള്ള ജനാധിപത്യഅട്ടിമറിയാണ് ചര്‍ച്ചയാകേണ്ടതെന്നും സി.പി.എം വാദിക്കുന്നു. അതേ സി.പി.എമ്മിനോട് ഇവിടെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന സമാനമായ ഒരു ചോദ്യം സര്‍ക്കാരും മുന്നണിയും അവഗണിക്കുകയാണ്. 

രണ്ടു കോടി മുപ്പത്തൊന്നു ലക്ഷം പേര്‍ വോട്ടു ചെയ്തിടത്ത് മൂന്ന് എല്‍.‍ഡി.എഫുകാര്‍ കള്ളവോട്ടു ചെയ്തെന്ന വാര്‍ത്ത ഭൂകമ്പം സൃഷ്ടിക്കുന്നതെന്തിന് എന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം. പക്ഷേ മുസ്‍ലിംലീഗുകാരുടെ മൂന്ന്് വോട്ടിനോട് കേരളം നിസംഗത പുലര്‍ത്താന്‍ പാടില്ലെന്ന് സി.പി.എമ്മിനു നിര്‍ബന്ധമുണ്ട് . വോട്ടര്‍പട്ടികയില്‍ നിന്ന് രാജ്യത്തെമ്പാടുമായി കോടിക്കണക്കിനു മുസ്‍ലിങ്ങളെയും ദളിതരെയും ഒഴിവാക്കിയതാണ് യഥാര്‍ഥ അട്ടിമറിയെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഈ പൊതുതിരഞ്ഞെടുപ്പിലെ ഗുരുതരമായ ചോദ്യം തന്നെയാണത്. പക്ഷേ അതേ ചോദ്യം കേരളത്തില്‍ ഉയരുന്നതിനെ സി.പി.എം ഗൗരവമായി പരിഗണിക്കുന്നുണ്ടോ?

ഇതേ പരാതി ആലപ്പുഴയില്‍ നിന്നു മാത്രമല്ല, മറ്റു പല മണ്ഡലങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എല്‍.ഡി.എഫ് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം മറ്റു കക്ഷികളോട് അനുഭാവമുള്ളവരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പരാതി. 

ഒരു ലോക്സഭാമണ്ഡലത്തിലെ 1300 ബൂത്തുകളില്‍ പകുതി ബൂത്തുകളില്‍ മാത്രം ബൂത്തൊന്നില്‍ 20 കള്ളവോട്ടു ചെയ്താല്‍ 13000 വോട്ടുകളാകും. അന്തിമഫലത്തെ സ്വാധീനിക്കാന്‍ അതു ധാരാളമാണ്. ചുരുക്കത്തില്‍ ഈ പൊതുതിരഞ്ഞെടുപ്പില്‍ കേരളവും തിരഞ്ഞെടുപ്പിലെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു നടുവിലാണ്. അന്തിമഫലത്തെ സ്വാധീനിക്കാന്‍ മാത്രം ഈ ഇടപെടലുകള്‍ക്ക് വ്യാപ്തിയുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണം. കര്‍ശനമായ നടപടികളിലൂടെ അതില്‍ തിരുത്തലുണ്ടാകണം. 

വോട്ടര്‍മാര്‍  തീരുമാനിക്കുന്നവരാണ് ജനപ്രതിനിധികളാകേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളുടെ അറിവോ സമ്മതമോ ഇല്ലാതെ കള്ളവോട്ട് നടക്കില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. വോട്ടര്‍പട്ടികയിലും രാഷ്ട്രീയതാല്‍പര്യത്തോടെയുള്ള വെട്ടിനിരത്തലുകള്‍ അട്ടിമറിയാണ്. വസ്തുതകള്‍ കണ്ടെത്തണം, കുറ്റക്കാര്‍ മാതൃകാപരമായി നടപടി നേരിടണം. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കെതിരെ അവിശ്വാസം ഉയര്‍ത്തുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ ജനാധിപത്യസംവാദം ഉയരണം. രാഷ്ട്രീയനേതൃത്വങ്ങള്‍ സ്വയംവിമര്‍ശനവിധേയമായി തിരുത്തലുകള്‍ വരുത്തണം. ജനാധിപത്യം അട്ടിമറിക്കപ്പെടുന്നില്ലെന്ന്  തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പു വരുത്തണം. 

MORE IN PARAYATHE VAYYA
SHOW MORE