മുസ്‍‌‌ലിം സ്ത്രീ എന്ത് ധരിക്കുന്നുവെന്നതല്ല; അത് ആരുടെ തീരുമാനം എന്നതാണ് പ്രശ്നം

dress-code3
SHARE

മുഖം മറയ്ക്കുന്ന വസ്ത്രധാരണം ഒരു സമൂഹത്തിന് പ്രോല്‍സാഹിപ്പിക്കാവുന്നതാണോ? വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും പ്രതിരോധമാക്കി, മുഖം മറയ്ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന സംസ്കാരത്തിനൊപ്പം നില്‍ക്കണോ പുരോഗമനസമൂഹം? എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം വിലക്കുന്ന സര്‍ക്കുലര്‍ സങ്കീര്‍ണമായ ചോദ്യങ്ങളും ചര്‍ച്ചകളും ഉയര്‍ത്തുമെന്നുറപ്പാണ്. പക്ഷേ ഒടുവില്‍ എത്തിച്ചേരുന്ന ഉത്തരം മുസ്‍ലിം സ്ത്രീകളെയും സമൂഹത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതു തന്നെയാകണം.  മുസ്‍ലിം സ്ത്രീ എന്തു ധരിക്കുന്നുവെന്നതിലല്ല കേരളം ആശങ്കപ്പെടേണ്ടത്. അവര്‍ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നതിലാണ്. സ്വന്തം ജീവിതം, തീര്‍ത്തും സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് എന്നുറപ്പു വരുത്താനാണ് സമൂഹം മുസ്‍ലിം സ്ത്രീകള്‍ക്കൊപ്പവും നില്‍ക്കേണ്ടത്. 

ഇതേ പരിപാടിയില്‍ ഇതിനു മുന്‍പും മുഖം മറയ്ക്കുന്ന മുസ്‍ലിംസ്ത്രീകളുടെ വസ്ത്രധാരണ രീതി അഥവാ നിഖാബിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. സംഗീത‍ജ്ഞന്‍ എ.ആര്‍.റഹ്മാന്റെ മകള്‍ ഖദീജ കണ്ണുകള്‍ മാത്രം കാണാനാകുന്ന വസ്ത്രവുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചായിരുന്നു അത്. നിഖാബ് സ്ത്രീവിരുദ്ധവും പുരോഗമനവിരുദ്ധവുമാണെന്ന് ഉറപ്പിച്ചു പറയുമ്പോള്‍ തന്നെ ഏതു വസ്ത്രവും തിരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതായിരുന്നു നിലപാട്. ഇപ്പോള്‍ ഈ വിഷയം വീണ്ടും കടന്നു വരുന്നത് എം.ഇ.എസ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം നിരോധിച്ചു കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പശ്ചാത്തലത്തിലാണ്. 

ഈ വര്‍ഷം മുതല്‍ എം.ഇ.എസ്. കോളജുകളില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ ഇസ്‍ലാം മതവിശ്വാസികള്‍ക്കിടയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നു. 

പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എം.ഇ.എസ്. നിലപാട്. മുഖം മറച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പു വരുത്തണം. മുഖം മറയ്ക്കല്‍ പുതിയ സംസ്കാരമാണെന്നും എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാണിക്കുന്നു. 

99 ശതമാനം സ്ത്രീകളും മുഖം മറയ്ക്കുന്ന വസ്ത്രധാരണം പിന്തുടരുന്നില്ല. എന്നാല്‍ സമീപകാലത്തായി ഇത്തരം വസ്ത്രധാരണരീതിക്ക് കേരളത്തിലും പിന്തുണ വര്‍ധിച്ചുവരുന്നത് വ്യക്തമാണ്.

എം.ഇ.എസിന്റെ നിലപാട് കാലോചിതവും പുരോഗമനപരവുമാണെന്ന കാര്യത്തില്‍ സംശയമില്ല.  എന്നാല്‍ സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിച്ചാല്‍ വര്‍ധിച്ചു വരുന്ന മതാത്മകതയെ പിന്തിരിപ്പിക്കാനാകുമോ?  എന്തുകൊണ്ടാണ് ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ശേഷം മുസ്‍ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിലേക്കു മാത്രം സമൂഹത്തിന്റെ ശ്രദ്ധ ചെന്നെത്തുന്നത്? അതുകൊണ്ട്  ലക്ഷ്യം വയ്ക്കുന്നതെന്താണ്? മതാത്മകതയുടെ സ്വാധീനത്തിനെതിരായ അസ്വസ്ഥതയ്ക്കുള്ള താല്‍ക്കാലികശമനമാകേണ്ടതാണോ മുസ്‍ലിം സ്ത്രീയുടെ വസ്ത്രധാരണം?

 മുസ്‍ലിം സ്ത്രീയെ ഒരു കറുത്ത വസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കുമ്പോള്‍ തൃപ്തിപ്പെടുന്നത് മതപുരുഷന്റെ ഈഗോ മാത്രമാണ്. മതം അത്തരം വസ്ത്രങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് മതാധികാരികള്‍ തന്നെ പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. എങ്കിലും അത്തരം വസ്ത്രങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതും ഇതേ മതനേതൃത്വം തന്നെയാണ്. മതനേതൃത്വങ്ങളുടെ അധികാരം ഉറപ്പിക്കുന്ന അറേബ്യന്‍ വസ്ത്രങ്ങള്‍ കേരളത്തില്‍ വ്യാപകമായി പ്രചരിക്കുന്നതും ഈ പിന്തുണയിലാണ്. ഇത്തരം വസ്ത്രങ്ങള്‍ നമുക്കാവശ്യമില്ലെന്ന് പിന്തിരിപ്പിക്കുന്നതിനു പകരം, മതച്ചട്ടകള്‍ക്കുള്ളിലേക്ക് ഒളിക്കുന്ന സ്ത്രീകള്‍ കൂടുതല്‍ പുണ്യത്തിനര്‍ഹരാണ് എന്ന പ്രചരിപ്പിക്കുന്നു മതപ്രഭാഷകര്‍.  അതിനോടു ന്യായമായ മറുചോദ്യങ്ങള്‍ക്കു പോലും തിരി‍ഞ്ഞു നില്‍ക്കാതെ മുസ്‍ലിം  കുലസ്ത്രീകള്‍ വിശ്വാസപ്രകടനത്തിന്റെ ബാധ്യത ഏറ്റെടുക്കുന്നു. 

ഇസ്‍ലാമിലെ സ്ത്രീകള്‍ എന്തു ധരിക്കണമെന്ന് എം.ഇ.എസും പൊതുസമൂഹവും തീരുമാനിക്കേണ്ട എന്നാണ് പ്രതിഷേധവുമായെത്തിയ മതപണ്ഡിതരുടെ നിലപാട്. പിന്നാരു തീരുമാനിക്കും. ഞങ്ങള്‍, എന്നുവച്ചാല്‍ മതപണ്ഡിതരായ പുരുഷന്‍മാര്‍ സംസാരിക്കും, തീരുമാനിക്കും. അത് സ്ത്രീകള്‍ അനുസരിക്കും  എന്നാണ്  പറഞ്ഞുവയ്ക്കുന്നത്.   കേരളത്തിലെ മുസ‍്‍ലിങ്ങള്‍ക്കു പരിചിതമല്ലാത്ത പുതിയ മുഖം മറയ്ക്കല്‍ രീതികള്‍ പിന്തുടരേണ്ടതുണ്ടോയെന്ന് ഇസ്‍ലാം മതവിശ്വാസികളായ സ്ത്രീകള്‍ മാത്രമാണ് തീരുമാനിക്കേണ്ടത്. ആ വസ്ത്രധാരണശൈലി മതാധികാരത്തിന്റെ കുരുക്കാണെന്ന ജനാധിപത്യസംവാദം ഉയരുക തന്നെ വേണം. പക്ഷേ അടിസ്ഥാനപ്രശ്നത്തിലേക്ക് വിരല്‍ ചൂണ്ടാതെ,  മതതീവ്രനിലപാടുകള്‍ വളരുന്നത് തിരിച്ചറിയാതെ സംവാദങ്ങള്‍ മുഴുവന്‍ നിഖാബിലേക്കു ചുരുക്കുന്നതും വിമര്‍ശകരുടെ അരക്ഷിതബോധത്തെ മാത്രം തൃപ്തിപ്പെടുത്തുകയേ ഉള്ളൂ. 

ഏതു മതവിശ്വാസിയായാലും വ്യക്തികളുടെ വസ്ത്രധാരണം സമൂഹത്തിന്റെ പ്രശ്നമാകുന്നതെന്തിനാണ്? പ്രശ്നം വ്യക്തിയുടെ വസ്ത്രത്തിലല്ല, അതു പ്രകടമാക്കുന്ന മതാത്മകതയുടെ സ്വാധീനമാണ്.  ഒരു വ്യക്തിയുടെ സ്വത്വത്തിലെ പല സ്വാധീനങ്ങളില്‍ ഒന്നു മാത്രമാണ് മതം. മതത്തിന്റെ അഥവാ മതാധികാരികളുടെ അരക്ഷിതാവസ്ഥകള്‍ മറികടക്കാനുള്ള വിശ്വാസപ്രകടനം നടത്തേണ്ടവരല്ല സ്ത്രീകള്‍. അവര്‍ക്ക് സ്വതന്ത്രമായ സ്വത്വവും വ്യക്തിത്വവും ജീവിതവും ഉണ്ടാകണം. മതം പിടിമുറുക്കുന്നിടത്തു നിന്ന്  സ്വന്തം സ്വപ്നങ്ങളിലേക്കു പറന്നുയരാന്‍ സ്ത്രീകളെ സജ്ജമാക്കുകയാണ് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തം. അത് കേവലം വസ്ത്രധാരണത്തില്‍ കേന്ദ്രീകരിക്കുന്നത് ഉപരിപ്ലവവും സങ്കുചിതവുമായിപ്പോകും. സ്ത്രീയുടെ സമഗ്രമായ വ്യക്തിത്വവികസനത്തിലേക്കുള്ള സാധ്യതകള്‍ ഒരുക്കുകയും അവസരങ്ങള്‍ തീര്‍ക്കുകയും ചെയ്യേണ്ട സമൂഹം അവരെന്തു ധരിക്കുന്നുവെന്നതിലേക്കു ചുരുങ്ങുന്നത് ,അതു മാത്രമാണ് മതത്തിന്റെ പിടിയെന്നു തെറ്റിദ്ധരിക്കുന്നത് യഥാര്‍ഥ പ്രശ്നപരിഹാരത്തിനു സഹായിക്കുന്നതേയില്ല. ഇടുങ്ങുന്ന, ശ്വാസം മുട്ടിക്കുന്ന മതങ്ങളില്‍ നിന്നു പുറത്തു കടക്കാന്‍ സ്ത്രീയെ മാത്രമല്ല പുരുഷനെയും തുണയ്ക്കേണ്ടത് വിദ്യാഭ്യാസവും ലോകപരിചയവുമാണ്. അതിനുള്ള വഴികള്‍ കൂടുതല്‍ കൂടുതല്‍ വിശാലമാക്കുകയാണ് കേരളവും ചെയ്യേണ്ടത്. 

എല്ലാ മതങ്ങളും ശക്തിപ്രകടനത്തിന് തിരഞ്ഞെടുക്കുന്ന ആദ്യ ഉപകരണങ്ങളിലൊന്നാണ് സ്ത്രീകള്‍ .  ഞങ്ങളുടെ സ്വാതന്ത്ര്യമാണ് എന്നുറക്കെ പറ‍ഞ്ഞു കൊണ്ട് അഭിമാനത്തോടെ മതചിഹ്നങ്ങള്‍ ശരീരത്തിലേന്തുന്ന സ്ത്രീകള്‍ അതു തിരിച്ചറിയാറുമില്ല. പുരുഷന്‍മാരുടെ വസ്ത്രധാരണശൈലിയില്‍ കടുംപിടിത്തങ്ങളില്ലാത്ത മതങ്ങള്‍ പോലും സ്ത്രീകള്‍ എന്തു ധരിക്കണമന്നതില്‍ തീട്ടൂരങ്ങള്‍ പുറപ്പെടുവിക്കാന്‍ ഒരു ലജ്ജയും പ്രകടിപ്പിക്കാറില്ല. വിവാഹത്തിന് സാരി തന്നെ ധരിക്കണമെന്ന് ഉത്തരവിറക്കുന്ന പള്ളി വികാരിമാരും ചുരിദാര്‍ ധരിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുതെന്ന് നോട്ടീസ് എഴുതിവയ്ക്കുന്ന അമ്പലക്കമ്മിറ്റികളും ആശങ്കപ്പെടുന്നത് സ്ത്രീകളുടെ ശരീരത്തെക്കുറിച്ചു തന്നെയാണെന്നതില്‍ സംശയമില്ല. 

മതാത്മകത വളരുന്നു എന്ന മതനിരപേക്ഷവാദികളുടെ ആശങ്കയ്ക്ക് തല്‍ക്കാലാശ്വാസമല്ല ആവശ്യം എന്നു ചുരുക്കം. ചര്‍ച്ചകള്‍ വികസിക്കേണ്ടത് വളരുന്ന മതാത്മകതയെക്കുറിച്ചാണ്.  എതിര്‍ക്കേണ്ടത് മതങ്ങളിലേക്കു ചുരുങ്ങുന്ന മനുഷ്യരെയാണ്. മതങ്ങള്‍ക്കു പുറത്തേക്ക്, മനുഷ്യരിലേക്കു വളരാ‍ന്‍ ആവശ്യപ്പെടുകയാണ് പൊതു ഉത്തരവാദിത്തം. കേരളത്തിലെ സാഹചര്യത്തില്‍  അത് എല്ലാ മതവിഭാഗങ്ങള്‍ക്കും ഇപ്പോള്‍ ബാധകമാണ്. മതധ്രുവീകരണം സമൂഹത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ് എന്നതാണ് പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒളിച്ചുകളി അവസാനിപ്പിച്ച് പോയന്റിലേക്കു വരിക. രാജ്യസുരക്ഷയ്ക്ക്  ഭീഷണിയുയര്‍ത്തുന്നത് വര്‍ഗീയതയും മതവിദ്വേഷ‌വുമാണ്.  അത് ഏതു വിഭാഗത്തില്‍ നിന്നുണ്ടായാലും തള്ളിപ്പറയുക. അതിശക്തമായി നേരിടുക. 

ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ശേഷമാണ് നിഖാബ് രാജ്യാന്തരസമൂഹത്തിനിടയില്‍ വീണ്ടും ചര്‍ച്ചാകേന്ദ്രമായത്. ശ്രീലങ്ക മുഖം മറയ്ക്കുന്ന വസ്ത്രധാരണത്തിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. ഒരു വ്യക്തിയെ തിരിച്ചറിയുന്നതിന് തടസം നില്‍ക്കുന്ന ഏതു വസ്ത്രവും നിരോധിക്കുന്നുവെന്നാണ് ഉത്തരവ്. എന്നാല്‍ വസ്തുതകളനുസരിച്ച് ഈ നിഖാബ് നിരോധനവും ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല. ശ്രീലങ്കയിലെ ഏഴ് ഐ.എസ്. ചാവേറുകളില്‍ ഒരാള്‍ പോലും ബുര്‍ഖയോ നിഖാബോ ധരിച്ചിട്ടില്ല. എല്ലാവരും ആധുനിക വസ്ത്രങ്ങളില്‍ മുഖം മറയ്ക്കാതെയാണ് എത്തിയ പുരുഷന്‍മാരായിരുന്നു. അപ്പോള്‍ നിഖാബ് നിരോധനം പൊതുബോധത്തെ തൃപ്തിപ്പെടുത്തി ശ്രദ്ധ തിരിക്കല്‍ മാത്രമാണെന്ന് വ്യക്തമാണ്. ഇതിനോടകം തന്നെ 13 ലോകരാജ്യങ്ങള്‍ മുഖാവരണം നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലും ശിവസേന ഇതേ ആവശ്യമുയര്‍ത്തി, പ്രതികരണം നേരിട്ടപ്പോള്‍ പിന്‍വാങ്ങുകയും ചെയ്തു. സത്യത്തില്‍ ലോകത്തുണ്ടായ  ഏതെല്ലാം ഭീകരാക്രമണങ്ങളില്‍ മുഖം മറച്ചുളള വസ്ത്രധാരണം ഉപയോഗിച്ചിട്ടുണ്ട്? മുഖം മറയ്ക്കുന്ന വസ്ത്രധാരണം സമൂഹസുരക്ഷയ്ക്ക് ഏതെല്ലാം രീതിയിലാണ് ഭീഷണി ഉയര്‍ത്തുക? മതത്തിന്റെ പേരിലുള്ള തീവ്രവാദചിന്തകളില്‍, ഭീകരപ്രവൃത്തികളില്‍ സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും എത്രയാണ്? 

അതുകൊണ്ട് സ്ത്രീവിരുദ്ധവും പുരോഗമനവിരുദ്ധവുമായത് എന്ന നിലയില്‍ മുഖം മറയ്ക്കുന്ന വസ്ത്രത്തെ നിരുല്‍സാഹപ്പെടുത്തുക. മതനേതൃത്വങ്ങള്‍  അതിന് മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ മുസ്‍ലിം സ്ത്രീകള്‍ ആ ചര്‍ച്ച നയിക്കണം.മതത്തിന്റെ ആവരണമിട്ടെത്തുന്ന പുരുഷന്‍മാരുടെ  അരക്ഷിതബോധത്തിന്    ബലിയാടുകളാകുകയല്ല വ്യക്തിത്വമെന്ന് സ്ത്രീകള്‍ തിരിച്ചറിയണം. ആ അര‍്ഥത്തില്‍ എം.ഇ.എസിന്റെ സര്‍ക്കുലര്‍ സ്വാഗതം ചെയ്യപ്പെടേണ്ടതും തുടക്കം കുറിക്കേണ്ടതുമാണ്

വസ്ത്രം വ്യക്തിസ്വാതന്ത്ര്യമാണ് എന്നു വാദിക്കുന്നവരോട്. അതു തന്നെയാണ് ശരി. എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തിയാണ്, മതമല്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ മതമല്ല സ്ത്രീകളുടെ വേഷം തീരുമാനിക്കേണ്ടത്. വ്യക്തിജീവിതത്തില്‍ മത്തിന്റെ   മതത്തിന്റെ പിടിമുറുക്കല്‍ ചെറുക്കുക. ഏതു മതവിഭാഗത്തില്‍ നിന്നാണെങ്കിലും   മതധ്രുവീകരണവും തീവ്രവാദവും ആശയപരമായ പ്രചാരണത്താല്‍ ജനാധിപത്യപരമായി നേരിടുക. മതങ്ങള്‍ക്കകത്തെ ആണിന്റെയും പെണ്ണിന്റെയും ജീവിതം നവീകരിക്കുക. മതവിദ്വേഷം മുളയിലേ നുള്ളിക്കളയുക. ഇന്നത്തെ ഇന്ത്യയില്‍  അത്തരമൊരു നിലപാട്  ആരെടുക്കുംഎന്നതാണ് പ്രശ്നം. അതല്ലാതെ മുസ്ലിം സ്ത്രീകളുടെ വേഷം നിയന്ത്രിക്കുമ്പോള്‍ തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്കകളില്‍  ആശ്വാസം തോന്നുന്നുവെങ്കില്‍ അതില്‍ വര്‍ഗീയതയുടെ അംശങ്ങളുണ്ടെന്നു സ്വയം തിരിച്ചറിയുക. 

MORE IN PARAYATHE VAYYA
SHOW MORE