പ്രധാനമന്ത്രിക്ക് കേരളത്തോട് ഇത്ര വൈരാഗ്യം എന്തുകൊണ്ട്?

pm-modi
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തോട് ഇത്ര വൈരാഗ്യം എന്തുകൊണ്ടായിരിക്കാം? രാഷ്ട്രീയകാരണങ്ങള്‍ ഏറെ ചിന്തിക്കാമെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി എന്നതുപോലും മറന്നു കൊണ്ട് കേരളത്തിനെതിരെ ഇങ്ങനെ അസത്യങ്ങള്‍ആവര്‍ത്തിക്കാന്‍ നരേന്ദ്രമോദിയെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും? സ്വന്തം പദവിയുടെ വില തന്നെ തകര്‍ത്തുകൊണ്ട് പ്രധാനമന്ത്രി എന്തുകൊണ്ടാണിങ്ങനെ പെരുമാറുന്നത്? 

അന്ധമായ മോദി വിരോധം വച്ചു പുലര്‍ത്തുന്നവര്‍ എന്ന് എത്ര ആക്രോശിച്ചാലും നിശബ്ദമാക്കാന്‍ കഴിയുന്ന ചോദ്യങ്ങളാണോ  പ്രധാനമന്ത്രിയെക്കുറിച്ച് ഉന്നയിക്കേണ്ടിവരുന്നത്?   വസ്തുതകള്‍ക്കു പുല്ലുവില പോലും കല്‍പിക്കാത്ത നരേന്ദ്രമോദിയോട് ഇങ്ങനെ നുണ പറയാമോ എന്ന ചോദ്യം ഇനിയാരും ചോദിക്കില്ല. കാരണം, ഈ തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് ഏറ്റവുമധികം നുണകള്‍ ഒരു ലജ്ജയുമില്ലാതെ വിളിച്ചു പറഞ്ഞതാരെന്ന ചോദ്യത്തിന് ചരിത്രം ഉത്തരം രേഖപ്പെടുത്തിവച്ചു കഴിഞ്ഞു. പക്ഷേ ഒരു സംസ്ഥാനത്തിനോട് ഈ തീരാപക ഇങ്ങനെ ആവര്‍ത്തിച്ചു വിളിച്ചുപറയുന്ന ഒരു നേതാവ് കുറേക്കൂടി മനഃശാസ്ത്രപരമായ, സാമൂഹ്യവിശകലനം അര്‍ഹിക്കുന്നുണ്ട്. 

പ്രത്യേകിച്ചും ആ നേതാവ് ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭരണത്തലവനാണ് എന്നതുകൊണ്ട് ഗൗരവമേറിയ പഠനം തന്നെ അര്‍ഹിക്കുന്നുണ്ട്. കനത്ത പ്രതിരോധത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നത് മോദിയുടെ തന്നെ പ്രസ്താവനകള്‍ വ്യക്തമാക്കുമ്പോഴും വീണ്ടും ഇന്ത്യയുടെ ഭരണാധികാരിയായേക്കും എന്ന തള്ളിക്കളയാനാവാത്ത സാധ്യത മുന്‍നിര്‍ത്തിയും ട്രോളുകള്‍ക്കപ്പുറത്തുള്ള വിശകലനം ആവശ്യമാണ് .ഗുജറാത്ത് കലാപത്തിലെ ഇരയായ  ബില്‍ക്കീസ് ബാനുവിന് സുപ്രീംകോടതി നഷ്ടപരിഹാരം വിധിച്ച നാളുകളിലും ഹിന്ദുത്വഭീകരതയെന്ന് ഹിന്ദുവിനെ അപമാനിച്ചില്ലേ എന്നു പരിതപിക്കുന്ന  ഒരു രാഷ്ട്രീയനേതാവ് അതിസൂക്ഷ്മമായ സമീപനം അനിവാര്യമാക്കുന്നു.

ബില്‍ക്കീസ് ബാനു ഒന്നരപതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ നീതിയുടെ സമാശ്വാസം നേടിയെടുത്ത  അതേ ദിവസങ്ങളിലാണ് നരേന്ദ്രമോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദുത്വഭീകരതയെന്ന വാക്കുച്ചരിക്കുന്നതുപോലും പാപമായി പ്രഖ്യാപിച്ചത്. ബില്‍ക്കീസ് ബാനുവിനെ ഇന്ത്യന്‍ ചരിത്രം അടയാളപ്പെടുത്തുന്നതെങ്ങനെയാകും പ്രധാനമന്ത്രി?  ഗുജറാത്ത് കലാപത്തിലെ ആയിരക്കണക്കിന് ഇരകളുടെ നേര്‍സാക്ഷ്യമാണ് ബില്‍ക്കീസ് ബാനു. ഗുജറാത്ത് കലാപകാലത്ത് സ്വന്തം കുഞ്ഞടക്കം കൊല്ലപ്പെടുന്നത് നേരില്‍ കണ്ടു നില്‍ക്കേണ്ടി വന്ന, കൂട്ടബലാല്‍സംഗം അനുഭവിക്കേണ്ടി വന്ന ഒരു സാധാരണ വീട്ടമ്മ. കലാപകാരികളില്‍ നിന്നു രക്ഷപ്പെടാന്‍ പലായനം ചെയ്യുമ്പോഴാണ് മാര്‍ച്ച് മൂന്നിന് ഗോധ്ര ജില്ലയിലെ രണ്‍ധിക്പൂര്‍ ഗ്രാമത്തില്‍ വച്ച് ബില്‍ക്കിസും കുടുംബവും കലാപകാരികള്‍ക്കിരയായത്. കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു. ബില്‍ക്കീസിന്റെ മൂന്നരവയസുകാരി മകള്‍ കൊല്ലപ്പെട്ടത് അവരുടെ മുന്നില്‍വച്ചാണ്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് കൂട്ടബലാല്‍സംഘത്തിനിരയായി. 

അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി പരാതി പറ‍ഞ്ഞെങ്കിലും ഗുജറാത്ത് പൊലീസ് കേസ് വളച്ചൊടിച്ചു പ്രതികള്‍ക്ക് അനുകൂലമായി നീങ്ങി. ബില്‍ക്കീസിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതി 2003 മാര്‍ച്ച് 25ന് കേസ് അവസാനിപ്പിച്ചു.  അന്ന് 19 വയസുമാത്രമുണ്ടായിരുന്ന ബില്‍ക്കീസിന്റെ നിയമയുദ്ധം അവിടെ തുടങ്ങിയതാണ്. ബില്‍ക്കീസ് ദേശീയ മനുഷ്യാവകാശകമ്മിഷനെ സമീപിച്ചു. സുപ്രീംകോടതി 2003 ഡിസംബറില്‍ CBI അന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്റെ വിചാരണ ബില്‍ക്കീസിന്റെ ആവശ്യപ്രകാരം ബോംബെ കോടതിയിലേക്കു മാറ്റി. വിചാരണക്കോടതി 11 പേര്‍ക്ക് ജീവപര്യന്തം വിധിച്ചു, ഏഴുപേരെ വെറുതെ വിട്ടു. പ്രതികള്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വെറുതെ വിട്ട ഏഴുപേരെ കൂടി ശിക്ഷിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഗുജറാത്ത് സര‍്ക്കാര്‍ നഷ്ടപരിഹാരമായി അനുവദിച്ച അഞ്ചു ലക്ഷം രൂപ വര്‍ധിപ്പിക്കണമെന്ന ബില്‍ക്കീസ് ബാനുവിന്റെ ആവശ്യത്തിലാണ് സുപ്രീംകോടതി ഇപ്പോള്‍ ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

സംഭവത്തിനുത്തരവാദിയായ ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കീസിന് വീടും തൊഴിലും 50 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്നാണ് സുപ്രീംകോടതി വിധി.ബില്‍ക്കീസിന്‍റേതടക്കം ആയിരങ്ങളുടെ ജീവനും ജീവിതവുമെടുത്ത  കലാപകാലത്ത് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് ഇപ്പോള്‍ ഹിന്ദുത്വഭീകരതയ്ക്ക് തെളിവുണ്ടോ എന്നു ചോദിക്കുന്നത്. പ്രധാനമന്ത്രിക്ക് ബില്‍ക്കീസ് ബാനുവിനെ അറിയില്ലേ എന്നു ചോദിക്കരുത്. തിരഞ്ഞെടുപ്പു കാലത്തു പോലും അഞ്ചു വര്‍ഷം ഭരിച്ച പ്രധാനമന്ത്രി സ്വന്തം ഭരണനേട്ടങ്ങളെക്കുറിച്ചു മിണ്ടുന്നില്ലെന്നതു പോകട്ടെ. പകരം അദ്ദേഹം പറയുന്നത് സാമാന്യബോധമുള്ള ഇന്ത്യന്‍ ജനതയുടെ നെഞ്ചിടിപ്പേറ്റുന്ന വര്‍ത്തമാനങ്ങളാണ്. ദീപാവലിക്ക് പൊട്ടിക്കാനല്ല ഇന്ത്യയുെട ആണവബോംബെന്ന് തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയില്‍  മാത്രമല്ല, ലോകത്തെവിടെയുമുണ്ടായിട്ടില്ല

ആണവബോംബ് ഒരു തിരഞ്ഞെടുപ്പ് തമാശയാകുന്നത് ഇന്ത്യ ഉള്‍ക്കിടിലത്തോടെ കണ്ടു നില്‍ക്കുന്നു. ഇന്ത്യയിലെ മുന്‍നിരസംസ്ഥാനങ്ങളിലൊന്നായ കേരളത്തെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്നു

കേരളത്തിന് വിദേശരാജ്യങ്ങള്‍ നീട്ടിയ പ്രളയസഹായം പോലും അട്ടിമറിച്ച കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി വസ്തുതകള്‍ ഉദ്ധരിക്കാതെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു. ന്യൂനപക്ഷങ്ങളെ രണ്ടാം തരക്കാരാക്കുന്നു. സൈനികരുടെ പേരില്‍ വോട്ടു ചോദിക്കുന്നു. 

നോട്ടു നിരോധനത്തെക്കുറിച്ച് ഒരക്ഷരമില്ല. ജി.എസ്.ടി നേട്ടമായി ഉയര്‍ത്തുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ചോ കര്‍ഷകദുരിതത്തെക്കുറിച്ചോ മിണ്ടാട്ടമില്ല. പകരം സ്പോണ്‍സേഡ് അഭിമുഖങ്ങളില്‍ കുട്ടിക്കാലത്തെക്കുറിച്ച് കാല്‍പനിക ചിന്തകള്‍ പങ്കുവയ്ക്കുന്നു.

തിരഞ്ഞെടുപ്പില്‍ രാജ്യം തീ പാറും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ബറാക്ക് ഒബാമയുമായുള്ള അടുപ്പത്തിന് പരിഹാസ്യമായ തെളിവുകള്‍ നിരത്തുന്നു. 

വ്യക്തിപരമായ സൗഹൃദപ്രകടനങ്ങള്‍ പൊതുസമക്ഷം  ചര്‍ച്ചയാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭരണാധികാരിക്ക് അഞ്ചു വര്‍ഷം രാജ്യം ഭരിച്ച ശേഷം ലോകത്തോടു പറയാനുള്ളതെന്തെന്നു കേട്ടാല്‍ അമ്പരക്കുക വിമര്‍ശകര്‍ മാത്രമാകില്ല. 

പൊതുതിരഞ്ഞെടുപ്പില്‍ അടുത്ത ഭരണകൂടത്തെ തിരഞ്ഞെടുക്കാന്‍ ഗൗരവത്തോടെ ഒരുങ്ങിയിരിക്കുന്ന ജനങ്ങളോട് പ്രധാനമന്ത്രി രാഷ്ട്രീയം പോലും സംസാരിക്കുന്നില്ല. പൊങ്ങച്ചവും അല്‍പത്തവും വര്‍ഗീയതയും അപരവിദ്വേഷവും നിറയുന്ന ഏകമുഖ ഭാഷണങ്ങള്‍‍ കേട്ടു കേട്ട് 

ഇന്ത്യയുടെ തല കുനിയുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യ എന്ന  മഹത്തായ രാഷ്ട്രത്തെക്കുറിച്ചാണ്, രാഷ്ട്രീയത്തെക്കുറിച്ചാണ്  സം‌സാരിക്കേണ്ടതെന്ന് ആരാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുക? അല്ലെങ്കില്‍ അതുള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയുള്ളയാളല്ല പ്രധാനമന്ത്രിയെന്ന് ജനതയെ ആരാണ് ഓര്‍മിപ്പിക്കുക? 

എന്തുകൊണ്ടാണ് പ്രധാനമന്ത്രി  ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത്? അഞ്ചുവര്‍ഷത്തിനിടെ തന്നെ സാമൂഹ്യശാസ്ത്രവിദഗ്ധര്‍ നിരവധി നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിവൈകാരികത അസംബന്ധമാകുന്ന സുപ്രധാനസാമ്പത്തികതീരുമാനങ്ങളില്‍ പോലും പ്രധാനമന്ത്രി കൂട്ടുപിടിച്ചത് വൈകാരികഭീഷണിയായിരുന്നു, അത് രാജ്യം നോട്ടു നിരോധന സമയത്ത് കണ്ടതുമാണ്. 

മോദി എന്നു പേരുള്ളവരെല്ലാം കള്ളന്‍മാരാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കുള്ള മറുപടി സമുദായത്തെ ആക്ഷേപിച്ചുവെന്നായിരുന്നു. ഏറ്റവുമൊടുവില്‍ അഞ്ചു വര്‍ഷം കാര്യമായ ഒരു വെല്ലുവിളിയും ചൂണ്ടിക്കാണിക്കാനില്ലാതെ രാജ്യം ഭരിച്ച ശേഷം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രധാനമന്ത്രിക്കുണ്ടാകേണ്ട ആത്മവിശ്വാസവും അഭിമാനവുമല്ല നമ്മുടെ പ്രധാനമന്ത്രി ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭരണകാലത്തെക്കുറിച്ച് പരിതപിക്കുന്നു.  അവനവനെക്കുറിച്ചു മാത്രം വാചാലമാകുന്ന അഭിമുഖങ്ങള്‍ക്ക് അരങ്ങൊരുക്കുന്നു. ദുരൂഹമായ തലങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയുടെ പേരില്‍ ഒരു ടി.വി.ചാനല്‍ മോദി പ്രഘോഷണവുമായി അവതരിക്കുന്നു. കൃത്യം തിരഞ്ഞെടുപ്പു സമയം നോക്കി സ്വന്തം ജീവിതം പ്രചോദനകഥയായി അവതരിപ്പിക്കുന്ന ഒരു സിനിമ ജനങ്ങള്‍ക്കു മുന്നിലെത്തുന്നു. ഒരൊറ്റ തവണ പോലും സ്വതന്ത്രമായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഒരു വാര്‍ത്താസമ്മേളനത്തെ അഭിമുഖീകരിക്കാത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കുന്നു. 

പ്രധാനമന്ത്രിയുടെ ആത്മവിശ്വാസക്കുറവാണ് അദ്ദേഹത്തിന്റെ ആത്മഭാഷണം മാത്രമായ അഭിമുഖങ്ങളില്‍ പ്രകടമാകുന്നത്. അമേരിക്കന്‍ പ്രസിഡന്റുമായി ആത്മബന്ധമുണ്ടായിരുന്ന മഹത്തായ വ്യക്തിത്വമാണ് എന്ന് അദ്ദേഹത്തിന് ജനങ്ങളെ കേള്‍പ്പിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയമായി ശക്തമായി ചോദ്യം ചെയ്യുന്ന മമതാദീദി വ്യക്തിപരമായി തന്നോടിപ്പോഴും സ്നേഹമാണ് പ്രകടിപ്പിക്കുന്നത് എന്നു മാലോകരെ അറിയിക്കാന്‍ തോന്നുന്നതും സ്വന്തം വ്യക്തിത്വത്തിലുള്ള വിശ്വാസക്കുറവുകൊണ്ടു മാത്രമാണ്. അധികാരം അദ്ദേഹത്തെ അത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു. അതിനുള്ള അര്‍ഹത ചോദ്യം ചെയ്യപ്പെടുന്നത് അദ്ദേഹത്തെ അരക്ഷിതനാക്കുന്നു. വൈകാരികതയില്‍ വീഴാത്ത, വര്‍ഗീയതയില്‍ കുരുങ്ങാത്ത, എന്നാല്‍  രാഷ്ട്രീയമായി ചോദ്യം ചെയ്യുന്ന േകരളത്തെ അദ്ദേഹം ഭയപ്പെടുന്നു. ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായി മറുപടിയില്ലാത്ത നേതാവ് കേരളത്തോടുള്ള അസഹിഷ്ണുത കിട്ടുന്ന എല്ലാ അവസരങ്ങളിലും പ്രകടിപ്പിക്കുന്നു. 

ജീവിതാവസ്ഥകള്‍ കൊണ്ട് അരക്ഷിതരായ ആള്‍ക്കൂട്ടങ്ങളില്‍ ഏറ്റവും നന്നായി വിറ്റഴിക്കാവുന്ന പ്രചാരണമുദ്രാവാക്യം വൈകാരികതയാണെന്ന് അരക്ഷിതനായ പ്രധാനമന്ത്രിക്ക് കൃത്യമായി അറിയാം. ഈ തിരഞ്ഞെടുപ്പിലും അത് ഫലവത്താകില്ലെന്നു പറയാന്‍ നമുക്കു മുന്നില്‍ ശക്തമായ രാഷ്ട്രീയപ്രതിരോധത്തിന്റെ ആത്മവിശ്വാസവുമില്ല. പക്ഷേ അത് ഇന്ത്യയോട് ചെയ്യുന്നതെന്താകുമെന്നും വരും തലമുറകളുടെ ജീവിതം എങ്ങനെ ചുരുങ്ങുമെന്നും തിരിച്ചറിയാനെങ്കിലും നമുക്ക് ബാധ്യതയുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE