കള്ളവോട്ട് രാഷ്ട്രീയത്തിന് മറുപടി വേണം

fake-vote45
SHARE

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലും ഫാസിസത്തെ ചെറുക്കുന്നതിലും കള്ളവോട്ടുകളുടെ പ്രാധാന്യം എന്താണ്? രാഷ്ട്രീയകേരളത്തിന് താത്വികമായ ഒരുത്തരം കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. ഈ കള്ളവോട്ട് രാഷ്ട്രീയത്തിന് മറുപടിയില്ലെങ്കില്‍  ജനാധിപത്യത്തെക്കുറിച്ചും ചില പുതുനിര്‍വചനങ്ങള്‍ ആവശ്യമായി വരും. പുറത്തു വന്ന ദൃശ്യങ്ങള്‍ രാഷ്ട്രീയകേരളത്തിന് അപമാനമാണ്. ജനാധിപത്യവിശ്വാസികളെ അവഹേളിക്കുന്നതും ജനാധിപത്യം അട്ടിമറിക്കുന്നതുമാണ്. 

വടക്കന്‍ കേരളത്തില്‍ വ്യാപകകള്ളവോട്ടെന്ന യു.ഡി.എഫ് വിലാപങ്ങള്‍ ഗൗനിക്കേണ്ടതില്ലാത്ത തിരഞ്ഞെടുപ്പ് ആചാരങ്ങളില്‍ ഒന്നായാണ് കേരളം ഇതുവരെ കണ്ടു പോന്നിരുന്നത്. പക്ഷേ ഇത്തവണ ക്യാമറ ചതിച്ചു. 

കാസര്‍കോട് ലോക്സഭാമണ്ഡലത്തില്‍പെടുന്ന കണ്ണൂര്‍ പിലാത്തറയിലെ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കള്ള വോട്ട് ചെയ്തവരില്‍ സി.പി.എമ്മിന്റെ  വനിതാ പഞ്ചായത്ത് അംഗവും മുന്‍ പ‍ഞ്ചായത്ത് അംഗവും വരെയുണ്ട്. പ്രശ്നസാധ്യതാബൂത്തുകളിലെ തല്‍സമയ ഇന്റര്‍നെറ്റ് സംപ്രേഷണദൃശ്യങ്ങള്‍ ആണ് പുറത്തു വന്നത്. കൂടുതല്‍ തെളിവുകള്‍ പുറത്തു വരുമെന്ന് udf   അവകാശപ്പെടുന്നു. ഒരാള്‍ തന്നെ രണ്ടു തവണ വോട്ടു ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യം പുറത്തു വന്ന ദൃശ്യങ്ങളില്‍ കുടുങ്ങിയത് ആറുപേരാണ്. . ഇവര്‍ കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടയ്ക്കുന്നതും കാണാം. ആറു പേരും ഒരു ബൂത്തില്‍ മാത്രം കള്ളവോട്ടു ചെയ്തെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു. കല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍പെട്ട മൂന്ന് ബൂത്തുകളിലെ ദൃശ്യങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു.  

ഗുരുതരമായ സംഭവമാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ പോളിങ് ഓഫിസര്‍മാര്‍ തന്നെ ഒത്താശ ചെയ്ത കള്ളവോട്ടുകള്‍ക്കെതിരെ എന്തു നടപടിയുണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കേണ്ടത്? പുറത്തു വന്ന ദൃശ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എമ്മിന് ബാധ്യതയുണ്ട്. രാഷ്ട്രീയധാര്‍മികതയ്ക്കപ്പുറം ഗുരുതരമായ കുറ്റകൃത്യം കൂടിയാണ് കള്ളവോട്ട്. നടപടി ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനും ഉത്തരവാദിത്തമുണ്ട്. 

മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തിലുള്‍പ്പെടെ സി.പി.എം സ്വാധീനമേഖലകളില്‍ വന്‍തോതില്‍ കള്ളവോട്ട് നടന്നുവെന്നാണ് യു.ഡി.എഫ് ആരോപണം. മണ്ഡലങ്ങളിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കാവുന്നത്ര വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് പരാതി. പല ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രശ്നസാധ്യതയുള്ളിടത്തൊഴികെ എല്ലാ ബൂത്തുകളിലും ക്യാമറാനിരീക്ഷണമുണ്ടായിരുന്നില്ല. പഴുതടച്ച ക്രമീകരണങ്ങള്‍, ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക തുടങ്ങിയ അവകാശവാദങ്ങളോടെയാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 

നടപടിയെന്ന പ്രഹസനവും കേരളത്തില്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. എന്നാല്‍ ഇതാദ്യമായി ക്യാമറാദൃശ്യങ്ങള്‍ തെളിവായെത്തുന്നു. ഇതിനു മുന്‍പ് 2014ല്‍ കെ.സുധാകരനും ടി.സിദ്ദിഖും നല്‍കിയ കള്ളവോട്ടിനെതിരായ പരാതികള്‍ ഇപ്പോഴും കോടതി പരിഗണനയിലാണ്. ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നല്‍കിയ കേസിലെ നടപടികള്‍ നിലവിലെ എം.എല്‍.എയുടെ മരണത്തോടെയാണ് പിന്‍വലിച്ചത്. 

തിരഞ്ഞെടുപ്പു ജയപരാജയങ്ങള്‍ മാത്രമല്ല. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഗുരുതരമായ കുറ്റമാണ് കള്ളവോട്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 171 D വകുപ്പു പ്രകാരം,രണ്ടു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ജനപ്രാതിനിധ്യനിയമത്തിന്റെ 32ാം വകുപ്പു പ്രകാരവും ഗുരുതര കുറ്റമാണ് കള്ളവോട്ട്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ല. തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ടു ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും നടപടി നേരിടണം. 

കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ 90 ശതമാനത്തിലേറെ പോളിങ് നടന്നുവെന്ന കണക്കുകള്‍ അഭിമാനത്തോടെയാണ് സി.പി.എം അവതരിപ്പിച്ചത്. ആ അഭിമാനം സുതാര്യമാണെന്നും ജനാധിപത്യപരമാണെന്നും തെളിയിക്കാന്‍ കൂടിയുള്ള ഉത്തരവാദിത്തം സി.പി.എമ്മിനും സര്‍ക്കാരിനുണ്ട്. 

ഭരണകൂടത്തിന്റെ ഒത്താശയും മൗനാനുവാദവുമില്ലാതെ ഇത്തരം ക്രമക്കേടുകള്‍ നടക്കില്ലെന്നതും ഉറപ്പാണ്. 

ഈ ഏപ്രില്‍ 15ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന് ഒരു പരാതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടവോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും കമ്മിഷന്‍ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ബംഗാളിലും ത്രിപുരയിലും ആന്ധ്രപ്രദേശിലും വ്യാപകമായ അട്ടിമറി നടന്നുവെന്നാണ് യെച്ചൂരി ആരോപണമുന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള വിശ്വാസം ഇല്ലാതാകുകയാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍ കേരളത്തിലെ ഈ കള്ളവോട്ടുദൃശ്യങ്ങള്‍  കൂടി ഉള്‍പ്പെടുത്തണം. 95 ശതമാനം വരെ പോളിങ് ഉണ്ടായ ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളിലുണ്ടായിട്ടുണ്ട്.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് രണ്ടു ബൂത്തുകളില്‍ 95 ശതമാനത്തിനു മുകളിലാണ് പോളിങ്. 20 ബൂത്തുകളില്‍ 90 ശതമാനമത്തിനു മുകളിലും. ഇവിടെയെല്ലാം കള്ളവോട്ട് നടന്നെന്നാണ് യു.ഡി.എഫ് ആരോപണം.  എന്നാല്‍ പ്രത്യേകമായ വിലയിരുത്തലോ വിശദീകരണമോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇപ്പോള്‍ യു.ഡി.എഫ് വെല്ലുവിളിക്കുന്നത് കാലാകാലമായി ഇത്തരത്തില്‍ തന്നെയാണ് ജനാധിപത്യപ്രക്രിയ അട്ടിമറിക്കുന്നത് എന്നാണ്. 

കണ്ണൂരിലെ കള്ളവോട്ട് ആരോപണം പരാജയം മുന്നില്‍ കണ്ടാണെന്നും വോട്ടര്‍മാരെ അപമാനിക്കുന്നതാണെന്നുമാണ് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍ പ്രതികരിച്ചത്. കള്ളവോട്ട് ആരോപണം യു.ഡി.എഫിന്റെ പരാജയഭീതിയാണെന്നാണ് സി.പി.എം എന്നും പ്രതിരോധിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ല. കള്ളവോട്ടില്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ 11 നിയമസഭാമണ്ഡലങ്ങളില്‍ രണ്ടെണ്ണത്തിലൊഴികെ ഒന്‍പതിലും  എല്‍.ഡി.എഫ് വിജയിക്കില്ലെന്നാണ് കെ.സുധാകരന്റെ  വെല്ലുവിളി .  പുറത്തു വന്ന ദൃശ്യങ്ങള്‍ ജനാധിപത്യവിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്നതാണ്.  

ഈ തിരഞ്ഞെടുപ്പില്‍ വ്യാപകമായി വോട്ടിങ് മെഷിനുകളിലും പ്രശ്നങ്ങളുണ്ടായിരുന്നു. താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിക്കല്ല, മെഷിന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് പരാതി പറഞ്ഞവരെ അറസ്റ്റ് ചെയ്തു നിയമം കര്‍ശക്കമാക്കിയ തിരഞ്ഞെടുപ്പ് സംവിധാനമാണ് കേരളത്തിലേത്. ഈ കള്ളവോട്ടുകള്‍ എങ്ങനെ നടന്നുവെന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനും മറുപടി പറയണം. നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിലാണ് കഴിഞ്ഞ ചൊവ്വാഴ്ച കേരളം വോട്ടു രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ജനാധിപത്യഭാവി പടുത്തുയര്‍ത്തുന്നത് പിന്‍വാതിലിലൂടെ ജനാധിപത്യം അട്ടിമറിച്ചു കൊണ്ടാവരുത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ തന്നെയാണ് ജനപ്രതിനിധികളാകുന്നത് എന്നുറപ്പുവരുത്തേണ്ടത് ജനാധിപത്യത്തിന്റെ ബാധ്യതയാണ്. ഇന്ത്യന്‍ പൗരന്റെ അവകാശമാണത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് അത്. 

MORE IN PARAYATHE VAYYA
SHOW MORE