മനുഷ്യാവകാശം ഇല്ലാതാക്കുന്ന രാഷ്ട്രീയത്തോട് കേരളത്തിന്റെ സമീപനം എന്ത്?

periya-murder-peethambaran-
SHARE

രാജ്യം മുഴുവൻ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത് പോരാടുമ്പോള്‍ ജീവനോടെയിരിക്കുകയെന്ന അടിസ്ഥാന മനുഷ്യാവകാശം ഇല്ലാതാക്കുന്ന  രാഷ്ട്രീയത്തോട് കേരളത്തിന്റെ സമീപനം എന്തായിരിക്കണം?  ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ നിലപാട് എന്തായിരിക്കണം? ഈ ചോദ്യത്തിന് സി.പി.എം മറുപടി നല്‍കണം. 

ഒരു വര്‍ഷം മുന്‍പ്, 2018 ഫെബ്രുവരി 18ന് ,  മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. (zoom the text ).  കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ബാധിക്കില്ല. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. 

ഇതേ മുഖ്യമന്ത്രി കൃത്യം ഒരു വര്‍ഷത്തിനു ശേഷം ഈ ഫെബ്രുവരി 22ന്  ഇങ്ങനെ പറഞ്ഞു. കാസര്‍കോട് രണ്ടു യൂത്ത്കോണ്‍ഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയതാണ് പശ്ചാത്തലം. 

സമാധാനം ഉറപ്പിക്കാന്‍ സഹകരിക്കണമെന്ന്  ആരോടാണ്  ബഹുമാനപ്പെട്ട മുഖ്യമന്ത്രി താങ്കള്‍ ആവശ്യപ്പെടുന്നത്? ഷുഹൈബിനെ കൊന്ന് കൃത്യം ഒരു വര്‍ഷം തികതയുമ്പോള്‍ വീണ്ടും  സമാധാനത്തെ വെട്ടിക്കൊന്നതാരാണ്?  രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെക്കൂടി ആസൂത്രിതമായി വെട്ടിക്കൊന്നവര്‍ ആരാണ്? അവര്‍ക്ക് അതിന് ധൈര്യം നല്‍കിയ രാഷ്ട്രീയം ഏതാണ്.? അങ്ങനെ വെട്ടിക്കൊന്നവരെ ഇത്രകാലം പിന്തുണച്ച പാര്‍ട്ടിയേതാണ്?  പ്രാദേശികസംഘര്‍ഷങ്ങളുടെ പേരില്‍ മനുഷ്യരെ ആസൂത്രിതമായി വെട്ടിക്കൊല്ലുന്ന രാഷ്ട്രീയം  അവസാനിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടിയോടാവശ്യപ്പെടണം താങ്കള്‍. താങ്കള്‍ കൂടി പ്രോല്‍സാഹിപ്പിച്ച് ഈ നിലയിലെത്തിച്ച അക്രമരാഷ്ട്രീയത്തിന്റെ പ്രതിക്കൂട്ടില്‍ നിന്ന് സി.പി.എമ്മിനെ മോചിപ്പിക്കാന്‍ താങ്കള്‍ക്കു കൂടി ഉത്തരവാദിത്തമുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലേക്കു തന്നെയാണ് ചില വസ്തുതകള്‍ കൂടി മുന്നോട്ടു വയ്ക്കുന്നത്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ പ്രകാരം, പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് 20 രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പതിനാലിലും പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ് മുഖ്യമന്ത്രി. CPM ഭരിക്കുമ്പോള്‍, CPM ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍,  CPM പ്രവര്‍ത്തകര്‍ രാഷ്ട്രീയഎതിരാളികളെ കൊന്നൊടുക്കുന്നതെന്തിനെന്ന് ഗൗരവതരമായ ആത്മപരിശോധന നടത്തണം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. എന്നിട്ടു വേണം കാസര്‍കോട്ട് വെട്ടേറ്റു മരിച്ച യുവാക്കളുടെ വീട്ടിലേക്കെത്താന്‍.

കൊല്ലപ്പെട്ടത്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലുമാണ്. കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ  കല്യോട്ടാണ് ദാരുണമായ ഇരട്ടക്കൊല നടന്നത്. കല്യോട്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ആണ് കൊലപാതകം ആസൂത്രണം ചെയ്ത്, സി.പി.എം പ്രവര്‍ത്തകരുടെ സഹായത്തോടെ നടപ്പാക്കിയത് എന്നാണ് പൊലീസ് കണ്ടെത്തല്‍. 

എന്നാല്‍ ഇരട്ടക്കൊലയ്ക്കിടയാക്കിയ സാഹചര്യം പാര്‍ട്ടി ജില്ലാനേതൃത്വമടക്കം അറിഞ്ഞിരുന്നുവെന്നതിന് തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. 

ജില്ലാസെക്രട്ടേറിയറ്റ് അംഗം വി.പി.പി.മുസ്‍തഫ ആഹ്വാനം ചെയ്ത അക്രമമാണ് യുവാക്കളുടെ കൊലപാതകത്തിലെത്തിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രാദേശികസംഘര്‍ഷത്തെത്തുടര്‍ന്ന് പീതാംബരനെ ആക്രമിച്ച് കൈയൊടിച്ച സംഘത്തില്‍ കൊല്ലപ്പെട്ട യുവാക്കള്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് സി.പി.എം വാദം. കേസില്‍ അറസ്റ്റിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയതോടെ വധഭീഷണിയുണ്ടെന്ന് പൊലീസിന് പരാതി നല്‍കുകകയും ചെയ്തിരുന്നു.  സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ സ്ഥലം എം.എല്‍.എയുടെയും ജില്ലാ നേതൃത്വത്തിന്റെയും മുന്നില്‍ പ്രശ്നമെത്തി. ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന യുവാക്കളുടെ കുടുംബത്തിന്റെ കൂടി ആവശ്യം നിലനില്‍ക്കെയാണ്, ഞായറാഴ്ച രാത്രി ഇരുവരും ഹീനമായി വെട്ടേറ്റു മരിച്ചത്. പീതാംബരന്‍ വ്യക്തിപരമായ പ്രതികാരം തീര്‍ത്തതാണെന്നും കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയതെന്നും പൊലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. യുവാക്കള്‍ക്കെതിരെ പരസ്യമായി വധഭീഷണിയുയര്‍ത്തിയ സി.പി.എമ്മുകാരെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി ഓഫിസിലാണ് ഗൂഢാലോചന നടന്നതെന്നും സൂചനകള്‍ പുറത്തു വന്നു. 

ഇരട്ടക്കൊലയില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന പതിവ് വാദമാണ് പാര്‍്ടടി ആദ്യമുയര്‍ത്തിയതെങ്കിലും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇതുവരെ കേള്‍ക്കാത്ത ചിലത് സി.പി.എമ്മില്‍ നിന്ന് കേരളം കേട്ടു. ഇനി അക്രമരാഷ്ട്രീയം വേണ്ടെന്ന് സംസ്ഥാനസെക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു തുടങ്ങി. അപ്പോഴും   സി.പി.എം. ഒരു ചോദ്യം ആവര്‍ത്തിക്കുന്നു.  ഞങ്ങള്‍ മാത്രമാണോ കൊന്നത്,  ഞങ്ങളെയും കൊന്നിട്ടില്ലേ? ഏറ്റവും കൂടുതല്‍ സഖാക്കള്‍ കൊല്ലപ്പെട്ടത് ഞങ്ങളുടെ പ്രസ്ഥാനത്തിലല്ലേ എന്നാണ് ചോദ്യം.  ആചോദ്യം തന്നെയാണ് മറുപടി. അവര്‍ കൊല്ലപ്പെട്ടത് നിങ്ങള്‍ക്കു വേണ്ടിയാണ്. നിങ്ങള്‍ക്കു വേണ്ടി മാത്രമാണ്. നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജീവന്‍ നിങ്ങളുടെ പാര്‍ട്ടിയാണ് ബലികൊടുത്തത്. കൊല്ലാനും മരിക്കാനും തയാറായി നില്‍ക്കുന്ന പാവം പ്രവര്‍ത്തകരാണ് അത്  മനസിലാക്കേണ്ടത്. ജീവനും ജീവിതവും ഇല്ലാതാക്കുന്ന രാഷ്ട്രീയം ആര്‍ക്കാണ് നേട്ടമുണ്ടാക്കുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍  തിരിച്ചറിയണം.

കൊല്ലിന്റെയും കൊലയുടെയും  ചരിത്രപുസ്തകങ്ങള്‍ മതിയാകുമോ ഈ കണ്ണീരിന് മറുപടി പറയാന്‍? ഈ നിരാലംബരായ മനുഷ്യര്‍ക്കു മുന്നില്‍ ചെന്ന്, ​ഞങ്ങളിലും കൊല്ലപ്പെട്ടവരുണ്ടെന്ന ന്യായവാദം ഉയര്‍ത്താന്‍ സി.പി.എമ്മിന് ധൈര്യമുണ്ടാകുമോ? 

ചോരക്കളിയുടെ രാഷ്ട്രീയത്തില്‍ ജീവന്‍ പൊലിഞ്ഞ സ്വന്തം സഖാക്കളുടെ ഓര്‍മകള്‍  യഥാര്‍ഥത്തില്‍ നിങ്ങളെ വേദനിപ്പിച്ചിരുന്നെങ്കില്‍ ഇതവസാനിക്കുമായിരുന്നു . എല്ലാ മനുഷ്യരുടെയും കണ്ണീര് നിങ്ങള്‍ക്ക് ഒരുപോലെയായിരുന്നുവെങ്കില്‍ ഇത് അവസാനിക്കുമായിരുന്നു. ഇനിയൊരു സഖാവിന്റെയും ജീവന്‍ നഷ്ടപ്പെടരുതെന്നു കൂടിയാണ് സി.പി.എം തീരുമാനിക്കേണ്ടത്.  ഒരു മനുഷ്യനും നിങ്ങളാല്‍ കൊല്ലപ്പെടേണ്ടവരല്ല. ഒരു മനുഷ്യനും നിങ്ങള്‍ക്കു വേണ്ടി മരിക്കേണ്ടവരുമല്ല. നിങ്ങളുടെ പാര്‍ട്ടിയില്‍ ഒരാളെങ്കിലും പാര്‍ട്ടിയുടെ രാഷ്ട്രീയബലത്തില്‍ ഒരാളെ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍, 2019ലും  അത് ആവര്‍ത്തിക്കുന്നുവെങ്കില്‍ നിങ്ങളോട് ജനാധിപത്യം ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. ഈ പാര്‍ട്ടിയില്‍ ഒരാളും പാര്‍ട്ടിയുടെ ബലത്തില്‍ കൊല്ലില്ല,  പാര്‍ട്ടിക്കു വേണ്ടി അവര്‍ മരിക്കേണ്ടതുമില്ലെന്ന് സുവ്യക്തമായി സി.പി.എം പറയുന്നിടത്തു നിന്നേ രാഷ്ട്രീയചര്‍ച്ച സാധ്യമാകൂ.‌‌‌‌

പാര്‍ട്ടിയില്‍ വഴി തെറ്റിപ്പോയ ചിലര്‍ നടത്തിയ ഇരട്ടക്കൊലയുടെ പേരില്‍  പ്രസ്ഥാനത്തെ ആക്രമിക്കുന്നു, ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, വേട്ടയാടുന്നു തുടങ്ങിയ സി.പി.എം. വാദങ്ങള്‍ വെറും ഇരവാദമാണ്. ഇങ്ങനെയൊരു പാര്‍ട്ടിയുടെ ബലത്തില്‍ മനുഷ്യര്‍ കൊന്നു തള്ളപ്പെടുന്നുവെങ്കില്‍ ആ പാര്‍ട്ടി ചോദ്യം ചെയ്യപ്പെടണം. തിരുത്തിയെന്നുറപ്പു വരും വരെ ശരിയായ ചോദ്യങ്ങളാല്‍ വേട്ടയാടപ്പെടണം. ഇനിയീ കൊടി മറയാക്കി ജീവന്‍ നഷ്ടപ്പെടില്ലെന്ന ഉറപ്പ് പാലിക്കുമ്പോഴേ ജനാധിപത്യരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സി.പി.എമ്മിന് അര്‍ഹതയുള്ളൂ. ദയവായി ഇരവാദം ഉയര്‍ത്തി കൂടുതല്‍ അപഹാസ്യരാകരുത്. അക്രമരാഷ്ട്രീയത്തിന്റെ വെട്ടേറ്റ് തളര്‍ന്നുപോയ സ്വന്തം അനുഭാവികള്‍ക്ക് കരുത്തു പകരാനാണെങ്കില്‍ തിരുത്തുമെന്ന് അവരോട് പറയുക. ഇനിയാവര്‍ത്തിക്കില്ലെന്ന് നിങ്ങളെ വിശ്വസിച്ച, പാര്‍ട്ടിയാണ് പ്രാണനെന്നു കരുതുന്ന മനുഷ്യര്‍ക്കുറപ്പു കൊടുക്കുക.  തിരുത്തിയിരിക്കുന്നു എന്ന ബോധം താഴേത്തട്ടിലെത്താതെ സി.പി.എം ഈ പ്രതിസന്ധിയില്‍ നിന്ന്് രക്ഷപ്പെടില്ല. 

പാര്‍ട്ടിയുടെ പേരില്‍ കൊല്ലുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നതിന് സുതാര്യമായ ഉദാഹരണങ്ങള്‍ ഇപ്പോള്‍ കേരളത്തിനു മുന്നിലുണ്ട്. ടി.പി.കേസിലെ പ്രതികള്‍ ജയിലിനകത്തും പുറത്തും അനുഭവിക്കുന്ന വാല്‍സല്യം കോടതിയില്‍ വരെ ചോദ്യം ചെയ്യപ്പെട്ടത് ദിവസങ്ങള്‍ക്കു മുന്‍പാണ്. സി.പി.എമ്മിന് ഒരു പങ്കുമില്ലെന്നാവര്‍ത്തിക്കുന്ന ടി.പി.കേസിലെ പ്രതികള്‍ക്കു വേണ്ടിയാണ് കോടിയേരി ബാലകൃഷ്ണന്‍ സെന്‍ട്രല്‍ ജയിലില്‍ ഓടിയെത്തിയത്. കുഞ്ഞനന്തന്‍ പ്രതിയല്ലെന്ന പാര്‍ട്ടി ബോധ്യമാണ് പരോള്‍ സുഖവാസമായി നിയമത്തിന്റെ ശിക്ഷയെ അട്ടിമറിച്ചത്. ടി.പിയെ വെട്ടിക്കൊന്ന സംഘത്തിലൊരാള്‍ എന്ന് കോടതി വിധിച്ച മുഹമ്മദ് ഷാഫിയുടെ വിവാഹത്തിനാണ് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എ.എന്‍.ഷംസീര്‍ ആശീര്‍വദിക്കാനെത്തിയത്. പെരിയ ഇരട്ടക്കൊലയിലെന്ന പോലെ പാര്‍ട്ടി ശക്തമായി അപലപിച്ച ഷുഹൈബ് കേസിലെ പ്രതികളെയും സി.പി.എം പ്രാദേശികനേതൃത്വം പരിരരക്ഷിക്കുന്നതെങ്ങനെയെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. 

തിരഞ്ഞെടുപ്പായതുകൊണ്ടു മാത്രമുള്ള തിരുത്തലെന്ന് രാഷ്ട്രീയശത്രുക്കള്‍ മാത്രമല്ല, അഭ്യുദയകാംക്ഷികള്‍ക്കും സംശയിക്കാവുന്നതു തന്നെയാണ് സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയചരിത്രം. ഷുഹൈബ് കൊല്ലപ്പെട്ട ശേഷം 5 ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാന്‍ കൂട്ടാക്കിയിട്ടില്ല. ഒടുവില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോള്‍ അന്ന് നടത്തിയ ഔപചാരികപ്രതികരണമല്ല, ഇത്തവണയുണ്ടായതെന്നതിന് തിരഞ്ഞെടുപ്പല്ലാതെ മറ്റൊരു കാരണം അവകാശപ്പെടാനുണ്ടോ?

രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തെ കക്ഷിരാഷ്ട്രീയം നോക്കി നിങ്ങള്‍ നടത്തിയിരുന്ന പ്രതികരണങ്ങള്‍ കൂടിയാണ് ഈ ഹിംസയുടെ രാഷ്ട്രീയം വളര്‍ത്തിയത്. ഇതുവരെ നിങ്ങള്‍ പുലര്‍ത്തിയ മൗനം കൂടിയാണ് കൊല്ലാന്‍ സ്വന്തം പാര്‍്ടടിക്കാര്‍ക്ക് ധൈര്യം നല്‍കിയത്.    ഇതുവരെ നിങ്ങള്‍ തീരുമാനിക്കാന്‍ കൂട്ടാക്കാതിരുന്ന തിരുത്തലുകളാണ് പാര്‍ട്ടിയെ ഇന്ന് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അതുകൊണ്ട് ഈ തിരുത്തല്‍ അനുഭവത്തില്‍ വരാതെ വിശ്വസിക്കണമെന്ന് കേരളത്തോടാവശ്യപ്പെടരുത്. കേരളത്തിനറിയാം, ഇനി സി.പി.എമ്മിന്റെ മാധ്യമപാഠങ്ങള്‍ ആരംഭിക്കും. പാര്‍ട്ടി സ്വയം വെട്ടി വീഴുന്ന ഓരോ പ്രതിസന്ധിനേരത്തും ധാര്‍മികതയുടെ മാധ്യമപാഠങ്ങള്‍ നേതാക്കള്‍ സംപ്രേഷണം തുടങ്ങും. 

സി.പി.എമ്മുകാരാല്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ എത്ര സമയം ചര്‍ച്ച ചെയ്യണമെന്നും രണ്ടു പേര് കൊല്ലപ്പെട്ടാല്‍ എത്ര ദിവസം  ചര്‍ച്ച ചെയ്യാമെന്നും  ടി.വി.ചാനലുകള്‍ക്ക് ഉപദേശമെത്തും. വാര്‍ത്ത എങ്ങനെ എഴുതണമെന്നും എങ്ങനെ എഴുതരുതെന്നും പത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സൗജന്യസാരോപദേശം ഉടനുണ്ടാകും.  ഇത്തവണയും മാധ്യമോപദേശത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി തന്നെ നിര്‍വഹിച്ചു

മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി രാജ്യത്താകെ മുദ്രാവാക്യമുയര്‍ത്തുന്ന സി.പി.എം. കേരളത്തിലെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിര്‍ണയിക്കുന്നതെവിടെ വരെയെന്ന് ഇതാദ്യമായല്ല നമ്മള്‍ കാണുന്നത്. ടി.പി.കേസിന്റെ സമയത്തും മാധ്യമങ്ങളാണ് ആക്രമിക്കപ്പെട്ടത്. മാഷാ അല്ലാ സ്റ്റിക്കറും പ്രാദേശിക വ്യവസായത്തര്‍ക്കവും  പോലുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങളില്‍ നിന്ന്  നിന്ന് ടി.പി.കേസിന്റെ വസ്തുതകള്‍ പുറത്തു കൊണ്ടു വന്ന ഓരോ ദിവസവും മാധ്യമങ്ങള്‍ ആക്രമിക്കപ്പെട്ടു. പീതാംബരന്റെ മാനസികവൈകല്യത്തില്‍ ഒതുങ്ങില്ല ഇപ്പോഴത്തെ ഇരട്ടക്കൊലയെന്ന് മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വരുന്ന തെളിവുകള്‍ സ്ഥാപിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ ഇനിയും മാധ്യമങ്ങളിലേക്ക് ഉന്നം തിരിക്കുമെന്നുറപ്പാണ്. അഭിമന്യുവെന്ന എസ്.എഫ്.ഐക്കാരന്‍ കൊല്ലപ്പെട്ട നാളുകളില്‍  കേരളത്തിലെ മാധ്യമലോകം ആര്‍ക്കൊപ്പം നിന്നുവെന്നത് സൗകര്യപൂര‍്്‍വം മറക്കും. കൊലയ്ക്ക് കൊലയെന്ന കണ്ണൂര്‍ പ്രതികാരമോഡലിനെയും ടി.പി.ചന്ദ്രശേഖരന്റെ ആസൂത്രിത കൊലപാതകത്തെയും ഒരേ പോലെ കാണാത്ത ഇരട്ടത്താപ്പിനെ ശക്തിയുക്തം വിമര്‍ശിക്കും. അരിയില്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്തു കൊലപ്പെടുത്തിയ പൈശാചികതയെയും ഷുഹൈബിനെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ രാഷ്ട്രീയത്തെയും അടര്‍ത്തിമാറ്റുന്നതെന്തിന് എന്ന ചോദ്യങ്ങള്‍ ആവര്‍ത്തിക്കും. 

ഇതൊക്കെ മാധ്യമസ്വാതന്ത്ര്യത്തിന്റെ കേരളമാതൃകയായി തള്ളിക്കളയാനുള്ള ശേഷി കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്. പക്ഷേ തിരുത്തുകയെന്ന ഉത്തരവാദിത്തം ശരിയായി തിരിച്ചറിയുക. നിര്‍ണായകമായൊരു പൊതുതിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്നില്‍ എല്ലാ രാഷ്ട്രീയചര്‍ച്ചകളെയും പ്രതിസന്ധിയിലാക്കിയ കൊലപാതകരാഷ്ട്രീയം മുച്ചൂടും നുള്ളിക്കളയേണ്ടതെങ്ങനെയന്ന് സ്വയം പരിശോധിക്കുക. ഒരു ജനാധിപത്യ സമൂഹത്തിനും ഉൾകൊള്ളാൻ കഴിയാത്ത പ്രാകൃത കൊലപാതകശൈലി പിന്തുടരുന്ന രാഷ്ട്രീയത്തോട് മൃദു സമീപനം സ്വീകരിക്കാൻ ആവശ്യപ്പെടരുത്. അത് അംഗീകരിച്ചു തരില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭരണശൈലിയെ ചോദ്യം ചെയ്യേണ്ട കേരളത്തെയാകെ കൊലപാതകരാഷ്ട്രീയമെന്ന പ്രതിസന്ധിയിലാക്കിയത് ആരാണ് എന്ന ചോദ്യത്തിന് പ്രതിപക്ഷത്തു നിന്നോ മാധ്യമങ്ങളില്‍ നിന്നോ സി.പി.എമ്മിന് ഉത്തരം കിട്ടില്ല.

അതിപ്രധാനമായ പൊതുതിരഞ്ഞെടുപ്പാണ് തൊട്ടടുത്ത് നില്‍ക്കുന്നത്. ബി.ജെ.പിയുടെ ധ്രുവീകരണരാഷ്ട്രീയത്തെ ചെറുത്തു നിന്ന കേരളത്തിന് 20 സീറ്റുകളിലൊതുങ്ങാത്ത രാഷ്ട്രീയപ്രതിരോധം തീര്‍ക്കാനുണ്ടായിരുന്നു. പൗരന്റെ അടിസ്ഥാന ജീവല്‍പ്രശ്നങ്ങള്‍ മുതല്‍ ആഗോളരാഷ്ട്രീയപ്രശ്നങ്ങളിലടക്കം മോദിസര്‍ക്കാര്‍ തലനാരിഴ കീറി വിലയിരുത്തപ്പെടേണ്ട നേരമാണ്. രാജ്യത്തെ എല്ലാ പ്രതിപക്ഷപക്ഷികളും ചേര്‍ന്നു നിന്നും അതിജീവനത്തിന്റെ നല്ല മാതൃകകള്‍ കണ്ടെത്താനുള്ള രാഷ്ട്രീയശ്രമങ്ങളിലാണ്. അവിടെ ആര്‍ജവത്തോടെ ചോദ്യങ്ങളുന്നയിക്കാനുള്ള കേരളത്ത്ിന്റെ അവകാശങ്ങളില്‍ കൂടിയാണ് കാസര്‍കോട്ടെ ഇരട്ടക്കൊല കരിനിഴല്‍ വീഴ്ത്തിയത്. അതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്. കേരളത്തെ കൊലക്കളമാക്കുന്നുവെന്ന ആരോപണം ഏകപക്ഷീയമായി സി.പി.എമ്മിനു നേരെ ഉയര്‍ത്തി സംഘപരിവാര്‍ ആക്രമണമുയര്‍ത്തിയപ്പോള്‍ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ വസ്തുതകള്‍ നിരത്തി പ്രതിരോധിച്ചിട്ടുണ്ട്.  ആര്‍.എസ്.എസിന്റെ ആക്രമണരാഷ്ട്രീയം സി.പി.എമ്മിനുണ്ടാക്കിയ നഷ്ടങ്ങളും കോണ്‍ഗ്രസ് , ലീഗ്, SDPI പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആക്രമണക്കേസുകളുടെ ചരിത്രവും നിരത്തിയിട്ടുണ്ട്. പക്ഷേ ഇന്നാ പ്രതിരോധങ്ങളൊന്നും സി.പി.എമ്മിന് അവകാശപ്പെടാനാകില്ല.  സി.പി.എം കൊലക്കത്തി താഴെയിട്ടിരുന്നുവെങ്കില്‍ അക്രമത്തിന്റെ വക്താക്കളായ മറ്റു പാര്‍ട്ടികളെ തിരുത്തുക കേരളത്തിന് സാധ്യമാകുമായിരുന്നു . കേരളത്തെയാകെ ഒരു രാഷ്ട്രീയപ്രതിസന്ധിയിലെത്തിച്ചതിനു കൂടി സി.പി.എം മറുപടി പറയേണ്ടതുണ്ട്. കാരണം മൂന്നു വര്‍ഷം മുന്‍പ് കേരളം വിശ്വസിച്ചതും തിരഞ്ഞെടുത്തതും സി.പി.എമ്മിനെയാണ്.  

ഇടയ്ക്കിടെ മനുഷ്യരെ കൊല്ലുന്നതൊഴിച്ചാല്‍  ഏറ്റവും മികച്ച രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്നൊരു വിശേഷണം സാധ്യമല്ലെന്ന് മനസിലാക്കുക.ശക്തമായ സംഘടനാബലവും അച്ചടക്കവുമുള്ള കേഡര്‍ പ്രസ്ഥാനത്തിന് അണികളെ തിരുത്താനാകുന്നില്ലെന്നാണ് ഖേദമെങ്കില്‍ അതു തുറന്നു സമ്മതിക്കുക.   സി.പി.എമ്മി‍ല്‍ ഇന്നും നിര്‍ബാധം തുടരുന്ന കൊലപാതകരാഷ്ട്രീയ ശൈലിയോടാണ് കേരളത്തിന്റെ ചോദ്യം. തിരുത്തിയേ തീരൂ. സി.പി.എമ്മിന്റെ ജീവന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ആരുടെയും ജീവന്‍ സി.പി.എമ്മും ആവശ്യപ്പെടരുത്. ഇനിയിത് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. 

MORE IN PARAYATHE VAYYA
SHOW MORE