പശുവിനെക്കുറിച്ച് ചോദ്യം; തെങ്ങിനെക്കുറിച്ച് മറുപടി; തിരഞ്ഞെടുപ്പ് വൈകാരികമാകണോ?

rahul-gandhi-narendra-modi-
SHARE

ഈ വരുന്ന പൊതുതിരഞ്ഞെടുപ്പിനെ ഇന്ത്യ  സമീപിക്കേണ്ടത് വൈകാരികമായാണോ വസ്തുതാപരമായാണോ? പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വസ്തുതകള്‍ വിശദീകരിച്ച് മറുപടി നല്‍കുന്ന ഭരണപക്ഷത്തെയാണോ ഇന്ത്യ ഈ തിരഞ്ഞെടുപ്പിനു മുന്‍പ് കാണുന്നത്? റഫേല്‍ ഇടപാടിലെ കൃത്യമായ ചോദ്യങ്ങള്‍ക്കു പോലും മോദി സര്‍ക്കാര്‍ വൈകാരികതയുടെ മറ തേടുന്നതെന്തിനാണ് ? രാഷ്ട്രീയം വൈകാരികചൂഷണമായതിന്റെ വില ഈ അഞ്ചു വര്‍ഷത്തിനു ശേഷമെങ്കിലും ഇന്ത്യന്‍ ജനത തിരിച്ചറിയേണ്ടതാണ്. 

ദ് ഹിന്ദു ദിനപത്രം കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്ന ഔദ്യോഗിക രേഖ റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും തകര്‍ത്തു കളയുന്നതാണ്. റഫാല്‍ പോര്‍വിമാന ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടിരുന്നുവെന്നതിന്റെ വ്യക്തമായ ഔദ്യോഗിക സാക്ഷ്യം. ഇടപെട്ടുവെന്നതു മാത്രമല്ല, പ്രതിരോധമന്ത്രാലയത്തെ ഇരുട്ടിലാക്കി, പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരചര്‍ച്ചകള്‍ നടത്തിയെന്ന് പ്രതിരോധ സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് വ്യക്തമാക്കുന്നു. ഇത് രാജ്യതാല്‍പര്യത്തെ ബാധിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ഇത്തരത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും പ്രതിരോധസെക്രട്ടറി കൃത്യമായി ചൂണ്ടിക്കാട്ടിയിരുന്നു. 

റഫാല്‍ ഇടപാടിലെ ദുരൂഹതകള്‍ രാഷ്ട്രീയായുധമാക്കിയ പ്രതിപക്ഷത്തിന് ഈ രേഖ വീണു കിട്ടിയ സുവര്‍ണാവസരമായി. എന്നാല്‍ ഗുരുതരമായ ഈ ചോദ്യത്തിന് ഭരണപക്ഷത്തിന്റെ പ്രതികരണം നോക്കുക. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍, ഈ വിയോജനക്കുറിപ്പിനെഴുതിയ മറുപടി മറച്ചുവെച്ചുവെന്നാണ് പ്രതികരണം. 

പശുവിനെക്കുറിച്ചുള്ള ചോദ്യത്തിന് അതിനെ കെട്ടിയിട്ടിരിക്കുന്ന തെങ്ങിനെക്കുറിച്ച് മറുപടിയെഴുതുകയെന്നത് ഒന്നാംക്ലാസിലെ തമാശയാണ്. പക്ഷേ ഇന്ന് നമ്മുടെ രാജ്യത്ത് , ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ ആ തമാശയെടുത്താണ് അതിഗൗരവമുള്ള ‍ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.  ചോദ്യം, പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതെന്തിന്? ഉത്തരം അതൊരു പ്രശ്നമാക്കേണ്ടെന്ന് പ്രതിരോധമന്ത്രി അന്നേ പറഞ്ഞത് നിങ്ങള്‍ എന്തിനു മറച്ചു വയ്ക്കുന്നു? നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ദുഃഖകരമാണ്. 

പ്രതിരോധസെക്രട്ടറിയുടെ ഗുരുതരമായ വിയോജിപ്പിന് പ്രതിരോധമന്ത്രി എഴുതിയ മറുപടി കണ്ടില്ലേയെന്നാണ് ബി.ജെ.പി. മന്ത്രിമാരുടെയും അനുഭാവികളുടെയും വാദം. എന്തായിരുന്നു ആ മറുപടി? പ്രതിരോധവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചത്, റഫാല്‍ ഇടപാടില്‍ കീഴ്്‍ വഴക്കങ്ങള്‍ തെറ്റിച്ച പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടല്‍, അത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതിലെ അപകടം. മോദിയുടെ ഓഫിസ് സമാന്തരവിലപേശലില്‍ നിന്ന് അകലം പാലിക്കണമെന്ന മുന്നറിയിപ്പ്. അതിന് പരീക്കര്‍ നല്‍കിയ മറുപടി, അമിത പ്രതികരണം വേണ്ട, ശാന്തമായിരിക്കണം എന്നാണ്. 

ചോദ്യത്തിന് മറുപടിയില്ല, പക്ഷേ വൈകാരികതയുടെ പ്രതിരോധപ്രവാഹം വൈകാതെയെത്തി. ചത്ത കുതിരയെ തല്ലുകയാണ് പ്രതിപക്ഷം. പ്രധാനമന്ത്രി മോദിക്ക് റഫാല്‍ ചര്‍ച്ചകളില്‍ മനസറിവില്ല. രാജ്യത്തിനു വേണ്ടി ഇത്രമേല്‍ സ്വയം ഹോമിക്കുന്ന പ്രധാനമന്ത്രിയെ ഇനിയും കല്ലെറിയുന്ന പ്രതിപക്ഷം നശിച്ചു പോകും തുടങ്ങിയ ശകാരവാക്കുകളാണ് മറുപടി. ഇത് ഈ അഞ്ചു വര്‍ഷം സര്‍ക്കാര്‍ വിമര്‍ശിക്കപ്പെട്ട ഓരോ സന്ദര്‍ഭത്തിലും നമ്മള്‍ കണ്ടതാണ്. വൈകാരികമായ കുരുക്കുകളിലാണ് നോട്ടു നിരോധനവും ജി.എസ്.ടിയും തൊഴിലില്ലായ്മയും രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അപരമതവിദ്വേഷവും ഭൂരിപക്ഷവര്‍ഗീയതയുമെല്ലാം ന്യായീകരിക്കപ്പെടുന്നത് വൈകാരികതയുടെ ചതിക്കുഴികളിലാണ്. 

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ പാര്‍ലമെന്റില്‍ ഈ ഭരണകാലത്തെ അവസാനത്തെ പ്രസംഗം നടത്തുകയാണ് നമ്മുടെ പ്രധാനമന്ത്രി. അഞ്ചുവര്‍ഷത്തെ നേട്ടങ്ങളുടെ പട്ടിക രാജ്യത്തിനു  മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിക്കാനുള്ള സുപ്രധാനസന്ദര്‍ഭം. 

പക്ഷേ അദ്ദേഹം വീണ്ടും ഊന്നിയത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന രാഷ്ട്രീയസ്വപ്നത്തിലാണ് .  ഉറപ്പായും മറുപടി പറയേണ്ട ചോദ്യങ്ങളുടെ വന്‍നിര പ്രധാനമന്ത്രി മോദിക്കു മുന്നിലുണ്ട്.  പക്ഷേ മറുപടികള്‍ അദ്ദേഹത്തിന്റെ ശൈലിയല്ല. ഏകപക്ഷീയമായ പ്രസംഗങ്ങള്‍ മാത്രമാണ് പരിചയം. പാര്‍ലമന്റിലും അദ്ദേഹം നോട്ടു നിരോധനമെന്ന തന്റെ ഏറ്റവും വലിയ മിന്നലാക്രമണത്തെക്കുറിച്ച് വിശദീകരിക്കാന്‍ സമയം കള‍ഞ്ഞില്ല. പകരം കോണ്‍ഗ്രസ് ഈ രാജ്യത്തു നിന്നു തുടച്ചു നീക്കപ്പെടേണ്ടതിനെക്കുറിച്ച് വൈകാരികമായി വിശദീകരിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിലും ആറു പതിറ്റാണ്ടിലൂടെ ഈ പുരോഗമനരൂപത്തിലെത്തിക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ച ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ പൂര്‍ണമായും നശിപ്പിക്കുക എന്നതിലൂന്നിയായിരുന്നു ആ നിര്‍ണായക സന്ദര്‍ഭം പ്രധാനമന്ത്രി വിനിയോഗിച്ചത്. 

ലോക്സഭയില്‍ തന്നെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തിയതും അതു തന്നെയാണ്. മനസു മുഴുവന്‍  വിദ്വേഷമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനാകുന്നില്ല. ‌

കോണ്‍ഗ്രസ് വിമര്‍ശിക്കപ്പെടണം. വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടണം. പക്ഷേ അത് സ്വയം നേരിടുന്ന ചോദ്യങ്ങള്‍ മറയ്ക്കാനാകരുത് പ്രധാനമന്ത്രി. വസ്തുതകളും ചരിത്രവും നിഷേധിക്കാനുമാകരുത്.  കോണ്‍ഗ്രസിനു ചുറ്റും കറങ്ങുന്നതല്ല, ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യമെന്ന് പ്രധാനമന്ത്രി മനഃപൂര്‍വം വിട്ടു കളയുന്നതാണെന്നു വ്യക്തം. പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയശൈലിക്ക് ഒരൊറ്റ ശത്രു മുന്നില്‍ വേണം. ആ ശത്രു വേട്ടയാടുന്ന ഇരയായി സ്വയം സ്ഥാപിച്ചു നിര്‍ത്തണം. 

സത്യത്തില്‍ പ്രധാനമന്ത്രിയുടെ മറുപടികളെല്ലാം കോണ്‍ഗ്രസിനെ മാത്രം ഉന്നമിടുന്നതാണ്. രാജ്യത്തെ പ്രതിപക്ഷമെന്നതില്‍ കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്നത്  ചെറിയ ശതമാനമാണെന്നതു പോലും പ്രധാനമന്ത്രിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചു മാത്രം ചിന്തിച്ച്, സ്വന്തം ചിന്തകള്‍ ഒരിക്കലും കോണ്‍ഗ്രസ് മുക്തമാകുന്നില്ലെന്ന് പ്രധാനമന്ത്രി തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ ആ പ്രചാരണത്തിലുള്ള വലിയ സാധ്യതകള്‍ മോദി വ്യക്തമായി തിരിച്ചറിയുന്നുണ്ട്. 

രാഷ്ട്രീയത്തില്‍ മാനവികതയ്ക്കും വൈകാരികതയ്ക്കും വലിയ പ്രാധാന്യമുണ്ട്. പക്ഷേ  വൈകാരികത ആരുടെയും  നിരന്തര രക്ഷാകവചമാകരുത്. വൈകാരികരാഷ്ട്രീയത്തിന്റെ  അമിതപ്രയോഗത്തിന് ഗുരുതരപ്രത്യാഘാതങ്ങളുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ പല പഠനങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വൈകാരികരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് വസ്തുതകളോട് മതിപ്പില്ലാതാകും. എന്നും സ്വയം  ഇരയായി സങ്കല്‍പിക്കും.  വേട്ടയാടപ്പെടുകയാണെന്ന് സ്ഥാപിക്കുന്നതിലാകും ഊന്നല്‍. ശുഭപ്രതീക്ഷകളിലൂടെ മുന്നോട്ടു നയിക്കുന്നതിനേക്കാള്‍ ശത്രുവിനെ തകര്‍ക്കുന്നതിലാകും ശ്രദ്ധ. ക്രിയാത്മകമായ നേതൃശേഷിയും സംവാദാത്കമതയും പ്രതിപക്ഷബഹുമാനവും ഇല്ലാതാകും. അത് ഒരു രാഷ്ട്രീയശൈലിയായി മാറിക്കഴിഞ്ഞാല്‍ ഇടപെടുന്ന സമൂഹത്തിലും ജനതയിലും ഗുണകരമല്ലാത്ത സ്വാധീനമുണ്ടാക്കും. 

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസംഗിച്ച അതേ സമയം കോണ്‍ഗ്രസ്   അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്നോട്ടു വച്ച വാഗ്ദാനമാണ്. രാജ്യത്തെ പൊതിഞ്ഞു നില്‍ക്കുന്ന വെറുപ്പ് കോണ്‍ഗ്രസ് ഇല്ലാതാക്കും. ഏതെങ്കിലും മതത്തിന്റെയോ വര്‍ഗത്തിന്റെയോ ഭാഷയുടെയോ അല്ല ഈ രാജ്യം. എല്ലാവരുടേതുമാണ്.  രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷേ ഇതേ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ മധ്യപ്രദേശില്‍ ഗോവധമെന്ന സംശയത്തില്‍ മൂന്നു മനുഷ്യര്‍ക്കെതിരെ ദേശീയസുരക്ഷാനിയമപ്രകാരം കേസെടുത്തിരിക്കുന്നു. വൈകാരികതയുടെ രാഷ്ട്രീയം നരേന്ദ്രമോദിയുടെ മാത്രം കുത്തകയല്ലെന്നു തെളിയിക്കലാവരുത് ഈ വരുന്ന തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. അത് മറക്കാതിരിക്കേണ്ടത് ഇന്ത്യന്‍ വോട്ടര്‍മാരാണ്.

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.