ഖദീജ എന്ന പെണ്‍കുട്ടി എന്തു വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കേണ്ടത്?

freedom-to-choose-ar-rahman-responds-criticism-daughter-khatijas-dressing
SHARE

ഖദീജ എന്ന പെണ്‍കുട്ടി എന്തു വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കേണ്ടത്? ഖദീജ മാത്രമെന്നതാവണം മറുപടി. ഖദീജയുടെ പിതാവ് എ.ആര്‍.റഹ്മാനും,  ഖദീജ ധരിക്കുന്നത് മതവസ്ത്രമാണെങ്കിലും നിലപാട് അതുതന്നെയാകേണ്ടേ ? സംവാദവും ആക്രമണവും തമ്മിലുള്ള വ്യത്യാസം ഉള്‍ക്കൊള്ളാനാകാത്ത പുരോഗമനവാദവും തീവ്രവാദം തന്നെയാണ്. 

എ.ആര്‍.റഹ്മാന്‍ എന്ന അതുല്യകലാകാരന്റെ സംഗീതത്തില്‍ മാത്രമാണ് പൊതുസമൂഹത്തിന്  അവകാശം എന്ന് എന്നാണ് സമൂഹം മനസിലാക്കുക? വ്യക്തിസ്വാതന്ത്ര്യം എന്തെന്ന് മനസിലാകാത്തവര്‍ക്ക് ആ ചോദ്യത്തിന്റെ അര്‍ഥം പോലും മനസിലാകണം എന്നില്ല. ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്ല്യനെയറിന്‍റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേദിയില്‍ മൂന്നു മക്കളിലൊരാളായ ഖദീജയുടെ ചോദ്യത്തിന് എ.ആര്‍.റഹ്മാന്‍ ഒരു മറുപടി നല്‍കി. ഒൗദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്ന മൂന്ന് മക്കള്‍ക്കും എന്ത് ഉപദേശമാണ് നല്‍കുക എന്നായിരുന്നു പിതാവിനോടുള്ള ഖദീജയുടെ ചോദ്യം. 

ഈ ചോദ്യവും ഉത്തരവും ശ്രദ്ധിക്കാത്ത ചില മനുഷ്യര്‍ ആക്രമണം തുടങ്ങിയത് ഖദീജയുടെ വസ്ത്രധാരണത്തെ ചൂണ്ടിയാണ്. കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന നിഖാബ് അണിഞ്ഞാണ് ഖദീജ വേദിയിലെത്തിയത്. മകള്‍  മുഖവും തലയും മറച്ചുകൊണ്ട് വസ്ത്രമണിഞ്ഞെത്തിയതിന് റഹ്മാന്റെ നേര്‍ക്കായിരുന്നു ആക്രമണം. പുരോഗമനം പറയുന്ന റഹ്മാന്‍ മകള്‍ മതവസ്ത്രം ധരിക്കുന്നത് വിലക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ പ്രവഹിച്ചു. ഒടുവില്‍ ഖദീജയുടേത് വ്യക്തിസ്വാതന്ത്ര്യമാണെന്നും തന്റെ കുടുംബത്തില്‍ മറ്റാരും ഈ ശൈലി പിന്തുടരുന്നവരെല്ലെന്നും വിശദീകരിക്കുന്ന കുടുംബചിത്രം സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിക്കേണ്ടി വന്നു റഹ്മാന്. നിഖാബണിഞ്ഞ് ഖദീജയും, സാധരണ വേഷത്തില്‍ ഇളയമകള്‍ റഹീമയും, തട്ടമിട്ട് ഭാര്യ സൈറയും നിത അംബാദിക്കൊപ്പം നല്‍ക്കുന്ന ചിത്രമാണ് വ്യക്തിസ്വാതന്ത്ര്യം എന്ന ഹാഷ്ടാഗോടെ അദ്ദേഹം ട്വീറ്റ് ചെയ്തത്.  തന്‍റെ ഇഷ്ടപ്രകാരമാണ് ജീവിതമെന്നും ആരുടെയും ജീവിതത്തില്‍ താനും ഇടപെടാറില്ലെന്നും ഗായിക കൂടിയായ ഖദീജയും ഇന്‍സ്റ്റഗ്രാമിലൂടെ വിശദീകരിച്ചു.

എ.ആര്‍.റഹ്മാന്‍ ഇന്ത്യയുടെ അഭിമാനമാണ്. ലോകസിനിമാവേദിയില്‍ പോലും അംഗീകരിക്കപ്പെട്ട സംഗീതമാന്ത്രികന്‍. പക്ഷേ റഹ്മാനും അദ്ദേഹത്തിന്റെ കുടുംബവും എന്തു ചെയ്യണം, എന്തു ധരിക്കണം, എന്തു ചിന്തിക്കണം എന്നു തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നു കരുതുന്നത് ഒട്ടും പുരോഗമനപരമല്ല. മതവാദികളും പുരോഗമനതീവ്രവാദികളും ഒരുപോലെ റഹ്മാനെ ഉന്നംവയ്ക്കുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് സമകാലിക ഇന്ത്യന്‍ സാഹചര്യമാകെയാണ് മറുപടി.

തീര്‍ച്ചയായും നിഖാബ് ഒരു വസ്ത്രം മാത്രല്ല. അതൊരു മതചിഹ്നമാണ്. പുരോഗമനസമൂഹങ്ങള്‍ക്ക് പ്രോല്‍സാഹിപ്പിക്കാനാകുന്ന വസ്ത്രമല്ല അത്. തീവ്രമതാത്മകത അടിച്ചേല്‍പിക്കുന്ന വസ്ത്രമാണത്. സ്ത്രീവിരുദ്ധവും പുരോഗമനവിരുദ്ധവുമാണ് അതിന്റെ രൂപകല്‍പന. പക്ഷേ ആ വിമര്‍ശനങ്ങളോ സംവാദമോ  നിഖാബ് ഉപയോഗിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത്. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരു മതവിശ്വാസിയും, അത് ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും അപഹസിക്കപ്പെടാനും‌ം ഇടവരരുത്.  സംവാദം വ്യക്തിഹത്യയ്ക്കുള്ള സ്വാതന്ത്ര്യമല്ല. വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും മനസിലാകാത്തവരെ അതുള്‍ക്കൊള്ളാനാകുന്നവര്‍ പ്രതിരോധിക്കേണ്ടതുണ്ട്.

എന്റെ രാജ്യം ഇങ്ങനെയായിരുന്നില്ലെന്ന തുറന്നുപറച്ചിലിന്റെ പേരില്‍ റഹ്മാന്‍ രാജ്യസ്നേഹികളെന്നവകാശപ്പെടുന്ന ചിലരുടെ ആക്രമണത്തിന് വിധേയനായിട്ടുണ്ട്. മജീദി മജീദിയുടെ സിനിമയ്ക്ക് സംഗീതം നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ മതവാദികളുടേയും ആക്രമണമുണ്ടായി. ഇപ്പോഴത്തെ ആക്രമണം പുരോഗമനവാദികളുടേതും ഹിന്ദുത്വവാദികളുടേതുമാണ്  എന്നു മാത്രം. വ്യക്തിസ്വാതന്ത്ര്യത്തില്‍ കയറി സദാചാരസാരോപദേശം നല്‍കുന്ന പുരോഗമനം നേരിടാന്‍ മാത്രമുള്ള പ്രിവിലേജ് എ.ആര്‍.റഹ്മാനും കുടുംബത്തിനും മകള്‍ക്കുമുണ്ട്. പക്ഷേ പറയാതെവയ്യ, പുരോഗമനസമൂഹത്തിന് നാണക്കേടാണ് ഈ മട്ടിലുള്ള സദാചാരഗുണ്ടായിസം.

അതേസമയം,  മതനേതൃത്വം  അഥവാ മതാധികാരികള്‍, മതവാദികള്‍, ഗുരുതരമായി കാണേണ്ട സാഹചര്യങ്ങളില്‍ അടിച്ചേല്‍പിക്കുന്ന നിശബ്ദതയും കാണാതെ പോകാനാകില്ല. ഇസ്‍ലാം വിശ്വാസികളെയെല്ലാം സദാചാരം പഠിപ്പിക്കാന്‍ നടക്കുന്ന മതപ്രഭാഷകരിലൊരാള്‍ കേരളത്തില്‍ കടുത്ത കുറ്റത്തില്‍ ആരോപിതനായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ മതപ്രഭാഷകനായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ അച്ചടക്കനടപടിയുമുണ്ടായി. പക്ഷേ വിശ്വാസികളെയാകെ സദാചാരം പഠിപ്പിക്കാന്‍ നടക്കുന്ന തീവ്രസംഘടനകള്‍ മൗനത്തിലാണ്. 

കേരളത്തിലെ പോപ്പുലര്‍ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സില്‍ സംസ്ഥാനസമിതി അംഗവും പ്രമുഖ മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ അഖിലേന്ത്യാ ഇമാംസ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം അച്ചടക്കനടപടി സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. അച്ചടക്കനടപടിയുടെ ഭാഗമായി ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുവെന്നാണ് സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് അറിയിച്ചത്. എന്തിന്റെ പേരില്‍ പുറത്താക്കിയെന്നതിന് വിശദീകരണമേയില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി വനത്തിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് നടപടിയെന്നത് പറയാന്‍ കൗണ്‍സില്‍ തയാറായിട്ടില്ല. ആരോപണത്തിന്റെ സത്യാവസ്ഥ പൊലീസ് അന്വേഷിച്ച് നടപടിയെടുക്കേണ്ടതാണ്. പോക്സോ നിയമപ്രകാരം നടപടിയെടുക്കേണ്ട കേസ് ആണെങ്കിലും കുട്ടിയുടെ വീട്ടുകാര്‍, കുറ്റാരോപിതന്റെ കൂടി സമ്മര്‍ദത്തില്‍ പരാതി നല്‍കാനോ, സഹകരിക്കാനോ തയാറാകാത്തതിനാല്‍ മുന്നോട്ടു പോകാനാകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്‍ലിം പള്ളിയിലെ ചീഫ് ഇമാം ആയിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തല്‍സ്ഥാനത്തു നിന്നും നീക്കി . പക്ഷേ അവിടെയും കാരണം പറഞ്ഞിട്ടില്ല. സദാചാരലംഘനത്തിന്റെ പേരിലല്ല, അച്ചടക്കനടപടിയുടെ ഭാഗം മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. 

ഇത്തരത്തില്‍ സമൂഹത്തില്‍ സ്ത്രീവിരുദ്ധത കുത്തിനിറച്ചു കൊണ്ടിരുന്ന പ്രഭാഷകനായിരുന്നു ഖാസിമിയെന്നതിന് തെളിവുകള്‍ വേറെയുമുണ്ട്. അതേ മതപ്രഭാഷകന്‍ സമൂഹത്തിന് അംഗീകരിക്കാനാകാത്ത ഹീനമായ ഒരു കുറ്റത്തില്‍ ആരോപിതനായപ്പോള്‍ അതെന്തെന്ന് തുറന്നു പറയാനോ നിയമനടപടിക്ക് മുന്‍കൈയെടുക്കാനോ ഈ സ്വാധീനമൊരുക്കിക്കൊടുത്ത മത–രാഷ്ട്രീയസംഘടനകള്‍ തയാറല്ല. മതവും വിശ്വാസവുമൊക്കെ അതിനകത്തുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചുകൊള്ളാം എന്നാര്‍ത്തുവിളിക്കുന്ന കാലത്താണ്, ഗുരുതരമായ ഒരാരോപണം കുഴിച്ചു മൂടാന്‍ മതവാദികള്‍ ധൃതിപ്പെടുന്നത്. 

കേരളത്തിലെ മദ്രസകളില്‍ നടക്കുന്ന ലൈംഗികചൂഷണത്തെക്കുറിച്ച്്  തുറന്നെഴുതിയ മാധ്യമപ്രവര്‍ത്തക, മതവാദികളുടെ ആക്രമണത്തിനിരയായത് മറക്കാറായിട്ടില്ല. തെറ്റു ചെയ്തവര്‍ക്ക് സംരക്ഷണവും ചൂണ്ടിക്കാണിച്ചവര്‍ക്ക് ആക്രമണവും എന്ന ശൈലി തെളിയിക്കുന്നത് ഒന്നേയുള്ളു. സംരക്ഷിക്കപ്പെടുന്നത് വിശ്വാസമല്ല, ചൂഷണത്തിന് അവകാശം നല്‍കുന്ന മതാധികാരം മാത്രമാണ്. ഹീനമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു മതവിശ്വാസവും മറയാകരുത്. മതനിരപേക്ഷസമൂഹം അതനുവദിക്കാന്‍ പാടില്ല. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.