ഇന്ത്യയിലെ ദേശീയതയുടെ കാവല്‍ക്കാര്‍ ഒളിവിലാണോ?

gandhi-hindu-maha-sabha-video
SHARE

ഇന്ത്യയിലെ ദേശീയതയുടെ കാവല്‍ക്കാര്‍ ഒളിവിലാണോ? ഇന്ത്യന്‍ സംസ്കാരത്തിന്റെയും രാജ്യസ്നേഹത്തിന്റെയും കാവല്‍ക്കാര്‍ രാജ്യം വിട്ടു പോയോ? തിരഞ്ഞെടുപ്പ് അടുത്ത നേരത്തു തന്നെ കപടദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നതിന് ഗാന്ധിജി തന്നെ നിമിത്തമായി എന്നതും ഈ ജനാധിപത്യത്തിന്റെ കരുത്താകണം. കൊന്നിട്ടും കൊന്നിട്ടും തീരാത്ത കലിയുമായി വീണ്ടും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്, ഈ രാജ്യത്തിന്റെ കരുത്തുറ്റ ചരിത്രത്തെയും മൂല്യങ്ങളെയുമാണ്. 

ദേശവിരുദ്ധരെയും രാജ്യദ്രോഹികളെയും കണ്ടെത്താന്‍ അത്രമേല്‍ അത്യാവേശമുള്ള ഈ ബി.െജ.പി സര്‍ക്കാരിനു മുന്നില്‍ കഴിഞ്ഞ ദിവസം മറ്റൊരു സംഭവമുണ്ടായി. ശബ്ദങ്ങള്‍ക്കോ ദൃശ്യങ്ങള്‍ക്കോ ഒരു വ്യക്തതക്കുറവുമുണ്ടായിരുന്നില്ല. സംശയത്തിന്റെ പോലും ആനുകൂല്യം വേണ്ടെന്നു തീരുമാനിച്ച് ചെയ്ത കുറ്റം അഭിമാനത്തോടെ ഏറ്റുപറഞ്ഞു തന്നെയാണ് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ട് രാജ്യം പകച്ചിട്ടുണ്ടാകണം.  ഓരോ ഭാരതീയനും നടുങ്ങിയിരിക്കണം. പക്ഷേ ദേശീയതയുടെ പ്രഖ്യാപിതകാവല്‍ക്കാരാരും ഞെട്ടിയിട്ടില്ല. രാജ്യസ്നേഹികളായ ഭരണാധികാരികളാരും അപലപിക്കാന്‍ വാ തുറന്നിട്ടില്ല. കാരണം, ഒരിക്കല്‍ കൂടി കൊല്ലപ്പെട്ടത് നമ്മുടെ രാഷ്ട്രപിതാവാണ്. രാജ്യദ്രോഹികളായത് ഹിന്ദുത്വഭീകരരാണ്. 

എന്നുവച്ചാല്‍ ഹിന്ദു മഹാസഭാനേതാവ്, കനയ്യകുമാറിനെപ്പോലെ രാജ്യദ്രോഹിയാകില്ല. ദേശവിരുദ്ധരാകില്ല. എന്തിന് ഹീനമായ നടപടിയെ ശക്തമായി ഒന്നലപിക്കാന്‍ പോലും ജെ.എന്‍.യുവില്‍ ഓടിയെത്തിയ ദേശീയതയുടെ കാവല്‍ക്കാര്‍ക്ക് നേരം കിട്ടിയിട്ടില്ല. ഒരു കേന്ദ്രനേതാവും കുറ്റവാളികള്‍ക്കെതിരെ പ്രസംഗം നടത്തില്ല. കാരണം ഒന്നു കൂടി ഉറപ്പിച്ചു പറയാം, ആക്രമിക്കപ്പെട്ടത് ഗാന്ധിയും ആക്രമിച്ചത് തീവ്രഹിന്ദുത്വവുമാണ്. ഹിന്ദുത്വഭീകരത ഇന്നത്തെ ഇന്ത്യയില്‍ ദേശീയതയാണെന്ന നിശബ്ദസമ്മതം തന്നെയാണ് ഈ മൗനം

ഇന്നത്തെ ഇന്ത്യയെ വാര്‍ത്തെടുത്ത, മതേതരഇന്ത്യയ്ക്ക് നട്ടെല്ലാകുന്ന ചരിത്രപുരുഷന്‍മാരെയെല്ലാം ഈ വിദ്വേഷ രാഷ്ട്രീയത്തിന് ഭയമുണ്ട്. ഗാന്ധിജിയുടെ ഉയരം പ്രതിമകളില്‍ ഒതുക്കാനാകില്ലെന്ന തിരിച്ചറിവ്, അന്തര്‍ലീനമായ വിദ്വേഷമായി പൊട്ടിത്തെറിക്കുന്നത് പല കുറി രാജ്യം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഒരാക്രമണവും ഒരു മൗനവും ഗാന്ധിജിയുടെ ഓര്‍മകളില്‍ പോറലേല്‍പിക്കില്ല. പക്ഷേ തിയറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എണീറ്റു നില്‍ക്കാത്തവരെ പോലും തിരഞ്ഞു പിടിച്ച് രാജ്യദ്രോഹികളാക്കുന്ന രാഷ്ട്രീയം ഗാന്ധിജിയെ അപമാനിക്കുന്നത് കണ്‍മുന്നില്‍ കണ്ടിട്ടും എന്തു ചെയ്യുകയായിരുന്നുവെന്ന് രേഖപ്പെടുത്തി വയ്ക്കേണ്ടതുണ്ട്. ഇനിയും രാജ്യസ്നേഹത്തിന്റെയും ദേശദ്രോഹത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനെത്തുമ്പോള്‍ ചോദിക്കണം. ഹിന്ദുത്വഭീകരതയ്ക്കു മുന്നില്‍ ഒളിച്ചോടുന്നതോ മോദിയുടെ ഇന്ത്യയിലെ ദേശീയത?

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.