പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ ജനതയെ പേടിയാണോ ?

Narendra Modi
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യന്‍ ജനതയെ  ഇത്രയും പേടിയാണോ? അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു ഭരണകൂടത്തിന്റെ ആത്മവിശ്വാസമില്ലായ്മ  നിഴലിക്കുന്നു കേന്ദ്രബജറ്റില്‍. അഞ്ചു വര്‍ഷം ചെയ്തതെന്താണെന്ന ചോദ്യം മോദി ഭരണകൂടത്തിന്റെ ചങ്കിടിപ്പിക്കുന്നുണ്ടെന്നു വിളിച്ചു പറയുന്നു കീഴ്‍വഴക്കങ്ങള്‍ മറികടന്ന വാഗ്ദാനപ്പെരുമഴ.

അതായത് ഈ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ജനം തിരഞ്ഞെടുക്കുന്ന അടുത്ത സര്‍ക്കാരാണ് അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള യഥാര്‍ഥ ബജറ്റ് അവതരിപ്പിക്കേണ്ടത്. വീണ്ടും വരുമെന്നുറപ്പെങ്കില്‍ ബജറ്റിനെ തിരഞ്ഞെടുപ്പ് പ്രസംഗമാക്കിയതെന്തിന്? പൊതുനയസമീപനപ്രഖ്യാപനമെന്നാണ് ന്യായമെങ്കില്‍, ഈ നയമല്ല അഞ്ചു കൊല്ലം കണ്ടതെന്ന് തിരിച്ചുപറയേണ്ടി വരും ജനതയ്ക്ക്. പ്രത്യേകിച്ചും കര്‍ഷകര്‍ക്കും അടിസ്ഥാനജനവിഭാഗങ്ങള്‍ക്കും. 

അതു മാത്രമല്ല, പോകുന്ന പോക്കില്‍ ഇതുവരെ തിരിഞ്ഞുനോക്കാതിരുന്ന അടിസ്ഥാനവിഭാഗങ്ങളെ വെറും വാഗ്ദാനങ്ങളില്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയതന്ത്രം മാത്രമാണ്. അത് ജനാധിപത്യമര്യാദയുമല്ല. കഴിഞ്ഞ അഞ്ചു ബജറ്റുകളിലും കര്‍ഷകരെ കാണാതിരുന്ന, അസംഘടിത മേഖലയെ ഗൗനിക്കാതിരുന്ന മോദി സര്‍ക്കാരിന് അവരെ എത്രമാത്രം ഭയമുണ്ടെന്നതിന്റെ നേര്‍സാക്ഷ്യമാണ് ബജറ്റിലെ വാഗ്ദാനപ്പെരുമഴ. അഞ്ചു കൊല്ലം കൊണ്ട് രാജ്യത്തിന്റെ അടിസ്ഥാനമേഖലകള്‍ കടുത്ത തകര്‍ച്ചയിലെത്തിയിരിക്കുന്നുവെന്ന കുറ്റസമ്മതം കൂടിയാണ് കേന്ദ്രബജറ്റ്.

പോകുന്ന പോക്കില്‍ ബജറ്റിന്റെ വിശ്വാസ്യതയും തുലാസിലാക്കിയാണ് ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് . തിരഞ്ഞെടുപ്പു കമ്മിഷന്‍, റിസര്‍വ് ബാങ്ക്, വിവരാകാശകമ്മിഷന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍, സി.ബി.ഐ, തുടങ്ങി, മോദി സര്‍ക്കാര്‍ വിശ്വാസ്യത തകര്‍ത്തു കടന്നു പോകുന്ന സ്വതന്ത്രസ്ഥാപനങ്ങളുടെ പട്ടിക നീണ്ടതാണ്. ഇപ്പോള്‍ അഞ്ചുകൊല്ലം കൊണ്ട് തകര്‍ന്നു തരിപ്പണമായ ജീവിതങ്ങളെ നോക്കി, ഇമ്മാതിരി ഗിമ്മിക്കുകള്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാരിനുള്ള തൊലിക്കട്ടി അപാരമാണെന്ന് സമ്മതിക്കേണ്ടി വരും. 

ധനകാര്യത്തിലെ കൃത്യതയാണ് ബജറ്റിന്റെ അടിസ്ഥാനവിശ്വാസ്യത. വിശ്വാസ്യതയേക്കാള്‍ വാഗ്ദാനങ്ങളില്‍ മാത്രമൂന്നുന്ന മോദി സര്‍ക്കാരിന്റെ പതിവു ശൈലിയാണ് ഒടുവിലത്തെ ബജറ്റിനെ അപഹാസ്യമാക്കുന്നത്. ഒന്നുകില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണനയസമീപനം പൂര്‍ണമായി പാളിപ്പോയി എന്ന ഏറ്റുപറച്ചിലാണത്. പറയാന്‍ ചെയ്തു തീര്‍ത്തതൊന്നുമില്ല,  ദയവായി ഈ വാഗ്ദാനങ്ങളെ വിശ്വസിക്കണമെന്നാണ് പ്രധാനമന്ത്രി മോദി രാജ്യത്തോടു പറയുന്നത്. മോദിസര്‍ക്കാര്‍ വോട്ടിനിടുന്ന വിലയാണ് ബജറ്റ് വാഗ്ദാനമെങ്കില്‍, ആ വോട്ടിന്റെ മൂല്യം ഓരോ ഇന്ത്യക്കാരനും സ്വയം നിര്‍ണയിക്കാനുള്ള അവസരമാണ് വരുന്നത്. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.