രാഷ്ട്രീയത്തിലെ 'ആണത്തം' ചികിത്സിച്ചേ മതിയാകൂ

mm-mani4
SHARE

പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാള്‍ മോശമായി പ്രവര്‍ത്തിക്കുന്ന കാലത്ത് പ്രിയങ്കാ ഗാന്ധിക്കെന്താണ് കോണ്‍ഗ്രസില്‍ കാര്യം? ആണുങ്ങളുണ്ടാക്കിയ പദ്ധതികളുടെ പേരിലാണ് മുഖ്യമന്ത്രി ഞെളിയുന്നതെന്നു പറയുന്ന പ്രതിപക്ഷനേതാവിന്റെ പാര്‍ട്ടിയില്‍ സോണിയാഗാന്ധി സത്യത്തില്‍ ആരായിരുന്നു? രാഷ്ട്രീയ ആണത്തം തെളിയിക്കാന്‍ വെല്ലുവിളിക്കുന്ന ഇടതുമന്ത്രിയുടെ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കെന്തിനാണ് വനിതാമതില്‍? കേരളരാഷ്ട്രീയത്തില്‍ ഇപ്പോഴും അടിമുടി നിറയുന്ന സ്ത്രീവിരുദ്ധത  അവഗണിക്കാവുന്ന കാലത്തല്ല നമ്മള്‍ ജീവിക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വങ്ങളെ ഓര്‍മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്. 

കള്ളമാണെന്ന്  ആര്‍ക്കും മനസിലാകുമെങ്കിലും സ്ത്രീവിരുദ്ധത സമ്മതിക്കുന്നതിനേക്കാള്‍ അസത്യം പറഞ്ഞ് ഖേദപ്രകടനം നടത്തുന്നതാണ് ഭേദമെന്ന് കരുതുന്നു  കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കന്‍മാരിലൊരാള്‍.  രമേശ് ചെന്നിത്തല സ്ത്രീവിരുദ്ധതയ്ക്കെതിരെ നിലപാടെടുക്കുന്ന നേതാവാണ്.

പക്ഷേ സ്ത്രീസമൂഹത്തെ ആക്ഷേപിക്കുന്ന ഒരു പ്രസ്താവന സ്വന്തം നേതാവില്‍ നിന്നുണ്ടാകുമ്പോള്‍ അദ്ദേഹത്തിന് ധാര്‍മികരോഷമുണ്ടാകുന്നില്ല. അതെങ്ങനെയുണ്ടാകും?. കാരണം അദ്ദേഹവും അതേ ദിവസം അതേ അര്‍ഥത്തിലൊരു പ്രയോഗം നടത്തിയതാണ്. 

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്ന് സുധാകരന് പറയേണ്ടി വന്നു. പക്ഷേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പറഞ്ഞതില്‍ പിശകുണ്ടെന്നു തോന്നുമോ? കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ തിരുത്താന്‍ തയാറാകാത്ത തെറ്റ് കേരളത്തിലെ പ്രതിപക്ഷനേതാവ് എന്തിനു തിരുത്തണം? 

ഈ നേതാക്കളെല്ലാം സ്ത്രിവിരുദ്ധരാണ് എന്ന് വിധിക്കുകയല്ല . പക്ഷേ ഈ മനുഷ്യരാരും ഇത്ര വിശാലമായ രാഷ്ട്രീയപശ്ചാത്തലത്തില്‍ നില്‍ക്കുമ്പോഴും മനോഭാവത്തിലെ സ്ത്രീവിരുദ്ധത സ്വയം തിരിച്ചറിയാത്തവരാണ്.

അത് തിരുത്തപ്പെടണം. ലോകമെങ്ങും സ്ത്രീകള്‍ സ്ത്രീവിരുദ്ധ മനോഭാവത്തിനെതിരെ പോരാടി മുന്നേറുകയാണ്. വനിതാമതില്‍ ലോകശ്രദ്ധ നേടി എന്ന തലക്കെട്ടില്‍ മേനി നടിക്കുന്ന കേരളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ പരസ്യമായി തരം താഴ്ത്തപ്പെടുന്നുണ്ട് എന്ന യാഥാര്‍ഥ്യം അവഗണിക്കാനാകില്ല. സ്വയം തിരുത്താനാകുന്നില്ലെങ്കില്‍ സമൂഹം ഈ നേതാക്കളില്‍ നിന്ന് തിരുത്തല്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. 

സ്ത്രീവിരുദ്ധത ഉദ്ദേശിച്ചിരുന്നില്ലെന്നാണ് മുന്നണി ഭേദമേന്യേ, എല്ലാ നേതാക്കളും പിന്നീട് ഖേദപ്പെടുന്നത്.  ആര്‍ക്കെങ്കിലും വിഷമമായതുകൊണ്ടു മാത്രം തിരുത്തുന്നവരാണ്. ഒരിക്കലും സ്വയം ബോധ്യമായിട്ടല്ലെന്നതാണ് വസ്തുത. നേതാക്കളെ മാത്രം കുറ്റപ്പെടുത്തുന്നത് പ്രശ്നത്തെ ചുരുക്കിക്കാണലായിപ്പോകും. മാധ്യമങ്ങളിലും കായികലോകത്തും സിനിമയിലും എന്നു വേണ്ട പുരുഷകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന മേഖലകളിലെല്ലാം സ്ത്രീവിരുദ്ധതയെന്ന മനുഷ്യത്വവിരുദ്ധത ഇപ്പോഴും പ്രകടമാണ്. എന്താണ് സ്ത്രീവിരുദ്ധത എന്ന നിഷ്കളങ്കമായ ചോദ്യം മുതല്‍ ആരംഭിക്കുന്ന സ്ത്രീവിരുദ്ധതയെയാണ് സ്ത്രീകള്‍ക്ക് മറികടക്കേണ്ടി വരുന്നത്. 

ആണത്തമുള്ള രാഷ്ട്രീയം, ആണുങ്ങള്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയം, ആണുങ്ങള്‍ക്കു മാത്രം ഇടമുള്ള രാഷ്ട്രീയമേ ഈ നേതാക്കളുടെയൊക്കെ മനോഭാവത്തിലുള്ളൂവെന്ന് കേരളീയരില്‍ പാതി വരുന്ന പെണ്ണുങ്ങള്‍ മനസിലാക്കിയിരിക്കുന്നതും നല്ലതാണ്. ഒരു വാക്കില്‍ പിടിച്ചു വിധിച്ചു കളയരുതെന്നു വാദിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ. ആണത്തം ഒരു മനോഭാവമാണ്. ഇക്കാലത്ത്്  ചികില്‍സ ആവശ്യമുള്ള മാനസികാവസ്ഥ. ആണത്തത്തെ മനുഷ്യത്വം കൊണ്ടു ചികില്‍സിച്ചു ഭേദമാക്കുക. അതല്ലെങ്കില്‍ ജനസംഖ്യയില്‍ പാതി വരുന്ന സ്ത്രീകളെ കൂടി പ്രതിനിധീകരിക്കാനുള്ള അടിസ്ഥാന മാനസികവളര്‍ച്ചയായിട്ടില്ലെന്ന് സ്വയം തിരിച്ചറിഞ്ഞു പിന്‍മാറുക. മുന്നോട്ടു നയിക്കാന്‍ ശേഷിയുള്ളവരാണല്ലോ നേതാക്കന്‍മാരാകേണ്ടത്. 

കോണ്‍ഗ്രസിനെ ആരു നയിക്കുന്നുവെന്നത് ഇപ്പോള്‍ ആ പാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല. കോണ്‍ഗ്രസിന്റെ നേതൃത്വം ആരു കൈയാളുന്നുവെന്നതിന് ഇന്ത്യന്‍ ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കരുത്തും ദൗര്‍ബല്യവും ഇന്ത്യന്‍ ജനത കൂടി നേരിട്ട്അനുഭവിക്കുന്ന  യാഥാര്‍ഥ്യമാണ്. . പ്രിയങ്കഗാന്ധിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കും  ഇന്ത്യന്‍ രാഷ്ട്രീയത്തിനും എന്തു പങ്കാളിത്തം വഹിക്കാനാകും? കുടുംബവാഴ്ചയുടെ ബലം മാത്രം എന്ന വിമര്‍ശനം മറികടക്കാന്‍ പ്രിയങ്കയ്ക്കു കഴിയുമോ എന്നതിനേക്കാള്‍ വലിയ ഒരു ചോദ്യമുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ ഈ നിര്‍ണായക ഘട്ടത്തില്‍ പ്രിയങ്കയില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ, കോണ്‍ഗ്രസിനും ജനാധിപത്യപോരാട്ടത്തിലും ഗുണകരമാകുമോ, തിരിച്ചടിയാകുമോ?

പക്ഷേ കുടുംബവാഴ്ചയുടെ ചോദ്യമുയര്‍ത്താനുള്ള അവകാശം ബി.ജെ.പിക്കു മാത്രമേ ഇല്ലാതാകുന്നുള്ളൂ. AICC ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടാന്‍ പ്രിയങ്കഗാന്ധിക്ക് നിലവിലുള്ള ഏറ്റവും പ്രധാന യോഗ്യത നെഹ്റു കുടുംബാംഗമാണ് എന്നതു മാത്രമാണ്. ആ സത്യത്തെ എത്ര  സൗമ്യമായി അവതരിപ്പിച്ചാലും ജനാധിപത്യരാഷ്ട്രീയമെന്നു വിശേഷിപ്പിക്കാനാകില്ല. പദവിയിലെത്തിയത് ജനാധിപത്യത്തിലൂടെയല്ലെന്നത് ഉള്‍ക്കൊണ്ടു തന്നെ ജനാധിപത്യപ്രതിബദ്ധത തെളിയിക്കാനുള്ള ബാധ്യത പ്രിയങ്ക ഗാന്ധിക്കു മാത്രമല്ല, രാഹുല്‍ഗാന്ധിക്കുമുണ്ട്. പോരാടുന്നത് മോദിയുെട ഏകാധിപത്യത്തോടെന്ന മുദ്രാവാക്യത്തോടെങ്കിലും നീതി പുലര്‍ത്താന്‍ അതാവശ്യമാണ്. 

അതായത് കിഴക്കന്‍ യു.പിയിലെ പൂജ്യത്തില്‍ നിന്നാണ് പ്രിയങ്ക ഗാന്ധിയുടെ വെല്ലുവിളി തുടങ്ങുന്നത് എന്നു പറയാം. പക്ഷേ നെഹ്റു കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും  കര്‍ശനമായ ഓഡിറ്റ് റിപ്പോര്‍ട്ട് നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ പ്രിയങ്കയുടെ അവതരണത്തിനും പ്രചാരണത്തിനും കോണ്‍ഗ്രസ് ചെലവിടുന്ന ഊര്‍ജം ഇപ്പോള്‍ പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്ന ഭഗീരഥപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതാകരുത്. കോണ്‍ഗ്രസിനെ മാത്രം കാത്തിരിക്കാവുന്ന അവസ്ഥയിലല്ല ഇന്ത്യന്‍ രാഷ്ട്രീയമെന്ന് ആ പാര്‍ട്ടി വീണ്ടും വീണ്ടും ഓര്‍മിക്കേണ്ടതുണ്ട്. 

രാഷ്ട്രീയത്തില്‍ കെട്ടുകാഴ്ചകളുടെയും സത്യാനന്തര പ്രകടനങ്ങളുടെയും ദുരന്തകാലമാണ് ഇന്ത്യ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. വ്യക്തികളില്‍ കേന്ദ്രീകരിക്കുന്ന രാഷ്്ട്രീയത്തിനെതിരെയാണ് ഇന്നത്തെ ഇന്ത്യ ചോദ്യമുയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും തിരിച്ചറിയണം. പ്രിയങ്കാഗാന്ധിക്ക് നെഹ്റു കുടുംബാംഗം എന്ന മേല്‍വിലാസത്തില്‍ നിന്നും ഇന്ത്യയിലെ കരുത്തുറ്റ രാഷ്ട്രീയനേതാവ് എന്ന നിലയിലേക്കുയരാന്‍ ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളികള്‍ അവരെ പര്യാപ്തയാക്കട്ടെ. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.