ഭരണഘടന മറന്ന് മോദിയുടെ ‘പാപ’വാക്ക്; ‘യുവതിപ്പട’യെ കയറ്റാനുള്ള സര്‍ക്കാര്‍ ആവേശം

modi-speech
SHARE

ശബരിമല തീര്‍ഥാടനകാലം പൂര്‍ണമായി. സംഘര്‍ഷ ഭരിതമായ തുടക്കത്തിനു ശേഷം ശാന്തമായാണ് മണ്ഡല–മകരവിളക്കു കാലം അവസാനിച്ചത്. പക്ഷേ ചരിത്രത്തിലെ ഏറ്റവും വലിയ പാപം ശബരിമലയില്‍ നടന്നു കഴിഞ്ഞുവെന്ന വിലാപം രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഉയര്‍ത്തുമ്പോള്‍ ഉന്നം വിശ്വാസ സംരക്ഷണമോ വിശ്വാസികളുടെ വേദനയോ അല്ലെന്ന് വ്യക്തമായി മനസിലാക്കുന്നു കേരളം. അതിനൊപ്പം ശബരിമലയില്‍ നിരവധി യുവതികള്‍ കയറിയെന്നു സ്ഥാപിക്കാന്‍ ആവേശം കാണിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ സമീപനവും ഉത്തരവാദിത്തമില്ലാത്തതാണ്. ശബരിമലയില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്ന് അവകാശപ്പെട്ടവര്‍ക്കെങ്കിലും അത് തെളിയിക്കാനുള്ള ബാധ്യതയുണ്ട്.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടി, രാജ്യം ഭരിക്കുന്ന ദേശീയ കക്ഷിയായ ബി.ജെ.പി. കേരളത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിലേറെയായി നിര്‍ണായകമായ ഒരു സമരത്തിലാണ്. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാനുളള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയാണ് പാര്‍ട്ടി. ശബരിമല പ്രശ്നം രാഷ്ട്രീയസുവര്‍ണാവസരമായിത്തന്നെയാണ് കാണുന്നതെന്ന് ബി.െജ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള തുറന്നു പറഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്ത് ബി.െജ.പിക്കനുകൂലമായ ഈ രാഷ്ട്രീയസാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, കൊല്ലം ബൈപാസ് വഴി കേരളത്തിലെത്തിയതും എന്‍.ഡി.എയുടെ മഹാറാലിയെ അഭിസംബോധന ചെയ്തതതും. സ്വാഭാവികമായും പ്രധാനമന്ത്രി ശബരിമല പ്രശ്നത്തില്‍ ആഞ്ഞടിച്ചു. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ചരിത്രം ഏറ്റവും വലിയ പാപമായി രേഖപ്പെടുത്തുമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞത്.  കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ സംസ്കാരത്തെ ആദരിക്കുന്നവരല്ല. അതറിയാമായിരുന്നെങ്കിലും ശബരിമലയില്‍ ഇത്രയും വെറുപ്പോടെ നിലപാടെടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ലെന്നു കൂടി പ്രധാനമന്ത്രി പറ‌ഞ്ഞു വച്ചു.   

ഓര്‍ക്കണം, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഇന്ത്യന്‍ ഭരണഘടന ചൂണ്ടിക്കാട്ടി സ്ത്രീകളോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധിയാണ്. അത് നടപ്പാക്കിയ സര്‍ക്കാരിനെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ പാപികളായി ഇന്ത്യന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പക്ഷേ ശബരിമല പ്രശ്നത്തിന് രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയില്‍ ഒരു പരിഹാരം നിര്‍ദേശിക്കാനുണ്ടോ എന്ന് അദ്ദേഹത്തിന് പറയാന്‍ കഴിഞ്ഞില്ല. പരിഹാരമല്ല ബി.ജെപിയുടെയും പ്രധാനമന്ത്രിയുടെയും ഉദ്ദേശമെന്ന് അറിയാമെങ്കിലും ഭരണഘടനയോട് ഉത്തരവാദിത്തം കാണിക്കാന്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന് ബാധ്യതയില്ലേ? ആ ചോദ്യം ഒരു തമാശയായിപ്പോകുെമങ്കിലും.  

ശബരിമല പ്രശ്നത്തില്‍ ബി.ജെ.പിയുടെ സുവര്‍ണാവസരമുതലെടുപ്പുകള്‍ തിരിച്ചറിയുന്ന വിശ്വാസികള്‍ക്കു പോലും ആശങ്കയുടെ ചില ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനോടുണ്ട്. ശബരിമലയില്‍ ബി.ജെ.പിയുടെ കേന്ദ്രസര്‍ക്കാരിന്  വിശ്വാസികളോട് എന്താണ് പറയാനുള്ളത് എന്നത് പ്രശ്നമല്ലേ? കേരളസര്‍ക്കാര്‍ ഭരണഘടനയ്ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ ഏതു വിധേനയും വിശ്വാസം സംരക്ഷിക്കണം എന്നാവശ്യപ്പെടുന്നവരോട് കേന്ദ്രസര്‍ക്കാരിന് മറുപടിയുണ്ടോ? വിശ്വാസസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉദ്ദേശമുണ്ടോ?  ഒരക്ഷരം വ്യക്തമാക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പിണറായി സര്‍ക്കാരിനെ ആക്ഷേപിക്കുക, യു.ഡി.എഫിനെ പരിഹസിക്കുക, പാപവും വെറുപ്പും പ്രഖ്യാപിക്കുക. ഇതിനപ്പുറം  ഒന്നും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ശബരിമല പ്രശ്നത്തില്‍ പറയാനില്ല എന്നത് യഥാര്‍ഥ വിശ്വാസികളാണ് തിരിച്ചറിയേണ്ടത്. 

ഇന്ത്യയിലെ  ഭരണനിര്‍വഹണത്തിന്റെ പരമാധികാരിയാണ്. ശബരിമലയുടെ പേരില്‍ സ്വന്തം പാര്‍ട്ടി കേരളത്തിലാകെ കലാപസമാനമായ അന്തരീക്ഷമുണ്ടാക്കിയിരിക്കുകയാണ്. സമൂഹം രണ്ടു തട്ടിലാണ്. പരിഹാരം പറയുകയായിരുന്നു  പ്രധാനമന്ത്രിയുടെ ചുമതല. പകരം രാഷ്ട്രീയനിലപാട് പറഞ്ഞിട്ടു പോയി. അതു വഞ്ചനാപരമായ നിലപാടാണ്. വിശ്വാസികളോടും ഭരണഘടനയോടും രാജ്യത്തോടും പ്രധാനമന്ത്രി സ്വീകരിച്ചത് വഞ്ചനാപരമായ നിലപാടാണ്. 

പറഞ്ഞ വാചകങ്ങളിലെ ഉത്തരവാദിത്തമില്ലായ്മ മാത്രമല്ല, ഒരു വലിയ അസത്യം കൂടി പറഞ്ഞു പ്രധാനമന്ത്രി. ശബരിമല പ്രശ്നത്തില്‍ മാറ്റമില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പിയാണെന്ന്.   

ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന നിലപാടെടുത്ത ഒരേയൊരു സംഘടന ആര്‍.എസ്.എസ്. ആണെന്ന് സ്വയംസേവകന്‍ എന്നതില്‍ അഭിമാനിക്കുന്ന പ്രധാനമന്ത്രി അറിയാത്തതാണെങ്കില്‍ അതു മോശമായിപ്പോയി. അതല്ല പ്രധാനമന്ത്രി അറിയും മുന്നേ മലക്കം മറിഞ്ഞ നിലപാടാണെങ്കില്‍ അത് ക്ഷമിക്കാവുന്നതേയുള്ളൂ. എന്തായാലും പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ എല്ലാ പ്രതിരോധങ്ങളെയും മറികടന്ന് ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ട്. അത് സാധ്യമാക്കിയ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും കൂടി ചേര്‍ത്താണോ പാപത്തിന്റെ ശാപം ബാധകമാകുകയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും.  

എന്നിട്ടു പോലും ബി.െജ.പി. രണ്ടു മാസമായി സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ നിരാഹാരം നിഷ്ഫലമായി അവസാനിപ്പിക്കേണ്ട  അവസ്ഥയുണ്ടായിരുന്നു. ശബരിമലയില്‍ യുവതികളും കയറിയതോടെ ബി.െജ.പി. നേരിട്ടുയര്‍ത്തിയ ചോദ്യങ്ങളും അപ്രസക്തമായി. അതിനിടയിലാണ് 51 യുവതികളുടെ പട്ടികയുമായെത്തിയ സംസ്ഥാന സര്‍ക്കാര്‍ അടിക്കൊനൊരു വടി ബി.ജെ.പിക്കും പ്രതിപക്ഷത്തിനും അങ്ങോട്ടു വച്ചുകൊടുത്തത്.  രാഷ്ട്രീയായുധങ്ങള്‍ക്കപ്പുറവും ഗൗരവമുള്ള ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് സര്‍ക്കാര്‍ നടപടിയിലെ ഗുരുതരമായ പിശകുകള്‍. 

നേരിട്ടവകാശപ്പെടാന്‍ നേട്ടങ്ങളൊന്നും ശബരിമല സമരത്തില്‍ ബി.ജെ.പിക്കുണ്ടായില്ലെങ്കിലും അവരുദ്ദേശിച്ച വിളവെടുപ്പിനുള്ള നിലമൊരുക്കല്‍ നടന്നുവെന്ന ആത്മവിശ്വാസം നേതാക്കള്‍ക്കുണ്ട്.  വിശ്വാസികളില്‍ ഒരു വിഭാഗത്തിലെങ്കിലും  അസ്വസ്ഥതയും സംശയവുമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. 

അതിനെ ശരിയായ അര്‍ഥത്തില്‍ മനസിലാക്കുന്നതിനും പ്രതിരോധിക്കുന്നതിനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇനിയുള്ള നാളുകളാണ് മറുപടി നല്‍കേണ്ടത്. അത്രമേല്‍ പ്രധാനപ്പെട്ട രാഷ്ട്രീയഉത്തരവാദിത്തം നിറവേറ്റുന്നതിനിടെയാണ് വന്‍ പിശകുകളുള്ള ഒരു പട്ടികയുമായി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അടി ചോദിച്ചു വാങ്ങിയത്. 

ശബരിമലയില്‍ യുവതീപ്രവേശവിധി സുഗമമായി നടപ്പാക്കിയെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കൊണ്ടുവന്ന പട്ടികയാണ് സര്‍ക്കാരിനെ തന്നെ കുഴിയില്‍ വീഴ്ത്തിയത്.

സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെടുന്ന സുപ്രധാന രേഖ  ഇത്ര ലാഘവത്തോടെയാണ് തയാറാക്കപ്പെടുന്നത് എന്നതിന് ഒരു ന്യായീകരണവുമില്ല. പരമോന്നതകോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് ഒന്ന് ഫോണ്‍ ചെയ്ത് അവകാശവാദം ഉറപ്പിക്കാന്‍ പൊലീസ് തയാറായില്ല. അത്രയും ലളിതമായാണ് സര്‍ക്കാര്‍ പട്ടികയിലെ പൊള്ളത്തരങ്ങള്‍ മാധ്യമങ്ങള്‍ തുറന്നു കാട്ടിയതെന്നോര്‍ക്കുക. ഒരു ഫോണ്‍കോളില്‍ തിരുത്താമായിരുന്ന തെറ്റുകള്‍ സുപ്രീംകോടതിയിലെത്തിയത് ശബരിമല യുവതീപ്രവേശത്തിലെ സര്‍ക്കാര്‍ അവകാശവാദങ്ങളെയാകെ സംശയത്തിലാക്കുമെന്നതുറപ്പാണ്. 

ഓണ്‍ലൈന്‍ അബദ്ധങ്ങളെന്നും തീര്‍ഥാടകര്‍ വരുത്തിയ തെറ്റുകളെന്നും  പൊലീസ് ന്യായീകരിക്കുന്നത് അംഗീകരിക്കാനാകില്ല. ആരു തെറ്റു വരുത്തിയാലും അത് സ്ഥിരീകരിക്കാന്‍ പോലും തുനിയാത്ത ഈ അത്യാവേശം ശബരിമല പ്രശ്നത്തിന്റെ തുടക്കം മുതലേ സര്‍ക്കാര്‍ കാണിച്ചിട്ടുണ്ട്. പട്ടിക കോടതിയില്‍ വന്നയുടന്‍ സ്ഥിരീകരിച്ച് അഭിമാനം പ്രകടിപ്പിച്ച  ദേവസ്വം മന്ത്രി ആണു പെണ്ണായ, പ്രായം തിരുത്തിയ പട്ടികയെന്നു തിരിച്ചറിഞ്ഞപ്പോള്‍ കൈമലര്‍ത്തുകയാണുണ്ടായത്. 

‌സംസ്ഥാനസര്‍ക്കാര്‍ മറുപടി പറയേണ്ട ഗൗരവമുള്ള മറ്റൊരു ചോദ്യവുമുണ്ട്.  ശബരിമലയിലെത്തിയ സ്ത്രീകളുടെ ഫോണ്‍  നമ്പറും വിലാസവും പരസ്യപ്പെടുത്താന്‍ സര്‍ക്കാരിന് എന്താണ് അവകാശം? പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണല്ലോ അവര്‍ ശാന്തമായി വന്ന് തീര്‍ഥാടനം നടത്തി മടങ്ങിയത്? ആ സ്ത്രീകളോട് സര്‍ക്കാര്‍ എന്തുത്തരവാദിത്തമാണ് കാണിച്ചത്? ശബരിമലയില്‍ കയറിയതിന്റെ പേരില്‍ സുരക്ഷ ആവശ്യപ്പെട്ടെത്തിയ രണ്ടു സ്ത്രീകളുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ 51 പേരുടെ സുരക്ഷ അപകടത്തിലാക്കുന്ന അനാവശ്യനടപടിക്കു തുനിഞ്ഞത് എന്നത് വിരോധാഭാസമാണ്. 

യുവതീപ്രവേശം തടയുമെന്ന സംഘപരിവാര്‍ പ്രഖ്യാപനം  ലംഘിച്ചു എന്നു പ്രഖ്യാപിക്കാന്‍ തന്നെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയ വിവരം തെളിവുകള്‍ സഹിതം  പുറത്തു വിട്ടത്. പട്ടികയിലെ തെറ്റുകള്‍ തിരുത്തിയാല്‍ പോലും മുപ്പതോളം യുവതികള്‍ ശബരിമലയിലെത്തിയിരുന്നു എന്നു തെളിയിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദം. പക്ഷേ അവരാരും ഒരു രാഷ്ട്രീയനിലപാടിന്റെ പ്രഖ്യാപനമായല്ല ശബരിമല ദര്‍ശനം നടത്തിയത്. തീര്‍ഥാടകരായി വന്നു മടങ്ങിയവരാണ്. മറ്റു സംസ്ഥാനക്കാരായ ആ സ്ത്രീകളുടെ സുരക്ഷയോട്, അവരുടെ തുടര്‍ജീവിതത്തോട് സര്‍ക്കാര്‍ കാണിച്ചത് തെറ്റായ സമീപനമാണ്. ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ കയറിയെന്നു സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അമിതാവേശം കാണിച്ചുവെന്നതിനേക്കാള്‍ പ്രധാനമാണ് ആ സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചുവെന്ന ഗുരുതരമായ പ്രശ്നവും. സര്‍ക്കാര്‍ തെറ്റു തിരുത്തണം. ശബരിമലയില്‍ പ്രവേശിക്കാനാണ് സുപ്രീംകോടതി യുവതികള്‍ക്ക് അനുമതി നല്‍കിയത്. അതിനുള്ള സൗകര്യവും സുരക്ഷയും ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആ അവകാശത്തിന്റെ പേരില്‍ യുവതികളുടെ വിലാസവും ആധാര്‍ നമ്പറും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിയത് ഗൗരവമേറിയ തെറ്റാണ്. 

രാഷ്ട്രീയനേട്ടമല്ല, സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാനമെന്ന പ്രഖ്യാപനം പുത്തരിക്കണ്ടം മൈതാനിയിലെ കയ്യടികളില്‍ തീരാനുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു വരുത്തണം. ശബരിമലയിലെത്തുന്ന യുവതികള്‍ ആരുടെയും അവകാശവാദങ്ങള്‍ക്ക് സാക്ഷ്യം പറയാനുള്ളവരാകരുത്. പുനഃപരിശോധനാഹര്‍ജിയില്‍ തീരുമാനമെന്തായാലും ഭരണഘടനാവിധി നടപ്പാക്കാനായി എന്നത് ചരിത്രവസ്തുതയായി നിലനില്‍ക്കും. സത്യസന്ധതയില്ലാത്ത അവകാശവാദങ്ങള്‍ കൊണ്ടല്ല നവോത്ഥാനമതില്‍ കെട്ടിയുയര്‍ത്തേണ്ടത് എന്നുറപ്പിക്കാനുള്ള ബാധ്യത കൂടി സംസ്ഥാനസര്‍ക്കാരിനുണ്ട്. ശബരിമല ആരുടെയും രാഷ്ട്രീയനേട്ടങ്ങള്‍ അടയാളപ്പെടുത്താനുള്ള വേദിയാകരുത്.

MORE IN PARAYATHE VAYYA
SHOW MORE