മോദിയുടെ തന്ത്രത്തിൽ ചോദ്യങ്ങൾ മറന്ന കോൺഗ്രസും സിപിഎമ്മും; വലയിൽ വീണവർ

modi-rahul
SHARE

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ്  തന്ത്രങ്ങള്‍ക്ക് ഔദ്യോഗികമായ തുടക്കമായി. പ്രതിപക്ഷത്തെ ആദ്യലാപ്പില്‍ നിലംപരിശാക്കിയ സാമ്പത്തികസംവരണബില്ലുമായി മോദി സര്‍ക്കാര‍് തന്നെയാണ് തിരഞ്ഞെടുപ്പു പ്രചാരണതന്ത്രങ്ങള്‍ക്ക്  തുടക്കം കുറിച്ചത്. സാമ്പത്തികസംവരണത്തില്‍ നിശിതവിമര്‍ശകരും കുരുങ്ങിയെങ്കിലും സി.ബി.ഐ മേധാവിയുടെ നിയമനത്തില്‍  മോദിസര്‍ക്കാരും ബൂമറാങില്‍ വീണു. ഇനി വരുന്ന മൂന്നുമാസം കരുതിയിരുന്നോളൂ എന്ന വ്യക്തമായ മുന്നറിയിപ്പായാണ് 2019ലെ ആദ്യ പത്തു ദിവസം കടന്നു പോയത്. 

തിരഞ്ഞെടുപ്പായിരിക്കുന്നു എന്നു  പലരീതിയിലും  പല ശൈലിയിലും അറിയിപ്പെത്തും. പൊതുതിരഞ്ഞെടുപ്പെത്തുന്നു എന്ന് ഇന്ത്യന്‍ ജനതയ്ക്കുള്ള അറിയിപ്പെത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ഗംഭീരമായ ഒരു രാഷ്ട്രീയനീക്കത്തിലൂടെയാണ്. സ്വതന്ത്രറിപ്പബ്ലിക്കായ ശേഷം ഇന്ത്യയ്യില്‍ ആദ്യമായി സാമ്പത്തികസംവരണം ഏര്‍പ്പെടുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കവിഭാഗക്കാര്‍ക്ക്  സര്‍ക്കാര്‍ സര്‍വീസിലും ഉന്നതവിദ്യാഭ്യാസമേഖലയിലും 10 ശതമാനം അവസരങ്ങള്‍ സംവരണം ചെയ്യുന്നതാണ് പുതിയ നിയമം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനും അംഗീകാരമായി. മോദി സര്‍ക്കാരിന്റെ നിശിത വിമര്‍കരായ പ്രതിപക്ഷത്തെ മുഖ്യകക്ഷികള്‍ക്കു പോലും ബില്ലിനെ ലോക്സഭയിലും രാജ്യസഭയിലും പിന്തുണയ്ക്കേണ്ടി വന്നു. നീതിയല്ല, വോട്ടു തന്നെയാണ് മുഖ്യമെന്ന ആപ്തവാക്യത്തിനു മുന്നില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചോദ്യങ്ങള്‍ മറന്നു. അല്ലെങ്കില്‍ പേരിനു ചില ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നു വരുത്തി. ലോക്സഭയില്‍ ബില്‍ വോട്ടിനിട്ടപ്പോള്‍ എതിര്‍ത്തു വോട്ട് ചെയ്തത് മൂന്നേ മൂന്നു പേര്‍. രണ്ടു പേര്‍ കേരളത്തില്‍ നിന്ന്, മുസ്‍ലിംലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീറും പി.കെ.കുഞ്ഞാലിക്കുട്ടിയും. 

അപ്പോള്‍ സംവരണം ഒരു ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതിയായിരുന്നോ എന്ന ചോദ്യം ചോദിക്കാനൊന്നും ആരുമുണ്ടായില്ല. സാമ്പത്തികസംവരണം എന്ന ആശയം ആദ്യമേ മുന്നോട്ടു വച്ചതാണെന്നും ഞങ്ങള്‍ക്ക് എതിര്‍ക്കാനാകില്ലെന്നും സി.പി.എം വിശദീകരിച്ചു. ഞങ്ങളുദ്ദേശിച്ച നീതി ഇതല്ലെന്ന് സി.പി.എം ആവര്‍ത്തിച്ചു. പക്ഷേ  സങ്കല്‍പത്തിലുള്ള നീതി തല്‍ക്കാലം ലഭ്യമല്ലാത്തതുകൊണ്ട് കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ടുവെന്ന് പാര്‍ട്ടി കൈകഴുകി. കോണ്‍ഗ്രസിന്റെ നിലപാടും സമാനം 

പ്രശ്നം സംവരണബില്ലിന്‍റെ പേര് പാവപ്പെട്ടവര്‍ക്കുള്ള സംവരണം എന്നാണ്. എന്നാല്‍ അത് പാവപ്പെട്ടവര്‍ക്കുള്ള  എന്നതില്‍ തുടങ്ങുന്നു വൈരുധ്യം. മുന്നാക്കക്കാര്‍ക്കുള്ള സംവരണമാണത്, മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കുള്ളതല്ല. പാവങ്ങളോട് പ്രതിബദ്ധതയോ കരുതലോ ആണ് നിയമത്തിന്റെ ഉദ്ദേശമെങ്കില്‍ സംവരണം 8 ലക്ഷം വാര്‍ഷികകുടുംബവരുമാനമുള്ളവര്‍ക്കെന്ന ആശയമേ അതിലുണ്ടാകുമായിരുന്നില്ല. രണ്ടരലക്ഷത്തിനു മേല്‍ വാര്‍ഷികവരുമാനമുള്ളവര്‍ ആദായനികുതി നല്‍കേണ്ടവരാണെന്ന നിയമമുള്ള രാജ്യത്താണ് എട്ടുലക്ഷം കുടുംബവരുമാനമുള്ളവരെ പാവപ്പെട്ടവരായി കണക്കാക്കിയിരിക്കുന്നത്. ഇനി കണക്കുകള്‍ നോക്കിയാലോ, നാഷനല്‍ സാംപിള്‍ സര്‍വേയുടെ കഴിഞ്ഞ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം, രാജ്യത്തെ 99 ശതമാനം കുടുംബങ്ങളും എട്ടുലക്ഷം വരുമാനപരിധിക്കുള്ളില്‍ വരുന്നവരാണ്. മാനവവികസനസൂചികാസര്‍വേ പ്രകാരവും 98 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളും 8 ലക്ഷം വരുമാനമില്ലാത്തവരാണ്. അഞ്ചേക്കര്‍ ഭൂമിയില്ലാത്തവര്‍ എന്ന മാനദണ്ഡത്തില്‍ 86% കുടുംബങ്ങളും 

ഉള്‍ക്കൊള്ളുന്നു. 

അതായത് സാമ്പത്തികസംവരണം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത് മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയല്ല. മുന്നാക്കവിഭാഗങ്ങളുടെ വോട്ടിനു വേണ്ടി മാത്രമാണ് എന്നു ചുരുക്കം. അതു തിരിച്ചറിയാതെയല്ല, മുന്നാക്ക സംഘടനകള്‍ മോദി സര്‍ക്കാരിന് കൈയടിച്ചത്. അതു മനസിലാക്കാതെയല്ല,  കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും നിയമം പാസാക്കാന്‍ കൈ പൊക്കിയത്. സാമൂഹ്യനീതിയുടെ സംവരണം പാവങ്ങള്‍ക്കു വേണ്ടിയാകണമെന്നു നിര്‍ബന്ധമുള്ള എത്ര രാഷ്ട്രീയപാര്‍ട്ടികളെ കാണാന്‍ കഴിയും ഇന്ത്യയില്‍?

പുതിയ നിയമപ്രകാരം, വഞ്ചിക്കപ്പെടുന്നത് മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ തന്നെയാണ്. മുന്നാക്കവിഭാഗങ്ങള്‍ക്കെല്ലാം യോഗ്യത കിട്ടുന്ന തരത്തില്‍ ഉയര്‍ത്തിവച്ച പരിധികള്‍ പാവപ്പെട്ടവരുടെ പേരില്‍ കൊണ്ടുവരുന്ന ഭരണഘടനാ അട്ടിമറി അവര്‍ക്കു പോലും നീതി നിഷേധിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരിധികള്‍ ശരിയായില്ലെന്നു കോണ്‍ഗ്രസിനും സി.പി.എമ്മിനും ഉറപ്പുണ്ടായിരുന്നു. ഇത്ര സുപ്രധാനമായ ഒരു നിയമനിര്‍മാണം ഇങ്ങനെയല്ല നടപ്പിലാക്കേണ്ടതെന്നും പ്രതിപക്ഷപാര്‍ട്ടിക‍ള്ക്ക് വ്യക്തതയുണ്ടായിരുന്നു. പക്ഷേ ബില്ലിനെതിരെ കൈപൊക്കാന്‍ കോണ്‍ഗ്രസിനോ സി.പി.എമ്മിനോ ധൈര്യമുണ്ടായില്ല. കാരണം ബി.െജ.പി ഇച്ഛിച്ചതും കോണ്‍ഗ്രസും സി.പി.എമ്മും പ്രതിസന്ധിയിലായത് ഒരേയൊരു കാര്യത്തിന്, മുന്നാക്കവോട്ട്. ഞങ്ങളാരും നിങ്ങളെ പരിഗണിക്കുന്നതിന് എതിരല്ല എന്ന സന്ദേശം നല്‍കാനുള്ള മല്‍സരമാണ് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കണ്ടത്.  ആ വോട്ട് ബാങ്ക് രാഷ്ട്രീയം ഇവിടെ കേരളത്തിലും ദേവസ്വം ബോര്‍ഡ് സംവരണത്തില്‍ സി.പി.എം പയറ്റിയതാണ്. പ്രഖ്യാപനത്തിനപ്പുറം ദേവസ്വം ബോര്‍ഡിലെ മുന്നാക്കസംവരണം മുന്നോട്ടു പോയോ എന്നു മുന്നാക്കസംഘടനകളും അന്വേഷിച്ചിട്ടില്ല. ചില സംശയങ്ങള്‍ 

പ്രഖ്യാപനത്തിലെ ഇച്ഛാശക്തി പ്രകടനത്തില്‍  സ്വയം തൃപ്തിയടയുന്നവയാണ്. 

പിന്നാക്കാവസ്ഥയില്‍ നിന്ന് അധഃസ്ഥിതരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് നമ്മുടെ ഭരണഘടനാശില്‍പികള്‍ സംവരണം വിഭാവനം ചെയ്തത്. ദാരിദ്ര്യത്തിനുള്ള പരിഹാരമാകേണ്ടത് സംവരണമല്ലെന്ന വ്യക്തമായ ബോധ്യം ഭരണഘടനയിലുണ്ട്. ഇന്ന് സി.പി.എമ്മും കോണ്‍ഗ്രസും കൈയുയര്‍ത്തി പാസാക്കിയത് മോദി സര്‍ക്കാരിന്റെ ഭരണഘടനാഅട്ടിമറി കൂടിയാണ്. തിരഞ്ഞെടുപ്പ് തന്ത്രമെന്ന ദൈന്യം നിറഞ്ഞ പ്രതിരോധമല്ല പ്രതിപക്ഷനിലപാടായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നത്.സാമ്പത്തികസംവരണം എന്ന ഭരണഘടനാ അട്ടിമറിക്കു തുല്യം ചാര്‍ത്തിയവരാണ് ഇനിമേല്‍ സി.പി.എമ്മും കോണ്‍ഗ്രസും.  ഒട്ടനവധി ആരോപണങ്ങളിലും പ്രതിസന്ധികളിലും വലയുമ്പോഴും പ്രതിപക്ഷത്തെ വലയില്‍ വീഴ്ത്താന്‍ മോദി സര്‍ക്കാരിന്റെ നീക്കത്തിനു കഴിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണ്. 

പ്രതിപക്ഷം സാമ്പത്തികസംവരണബില്ലിനു വേണ്ടി വോട്ടു ചെയ്യുമ്പോഴും മോദി സര്‍ക്കാര്‍ കടുത്ത ചോദ്യങ്ങള്‍ക്കു നടുവിലായിരുന്നു. സി.ബി.ഐ മേധാവിയായിരുന്ന അലോക് വര്‍മയെ അട്ടിമറിച്ച പാതിരാഭരണനിര്‍വഹണം സുപ്രീംകോടതിയില്‍ തിരിച്ചടിയായി. എന്നാല്‍ തിരിച്ചെത്തിയ അലോക് വര്‍മയെ അതേ കോടതിയുടെ സാക്ഷ്യത്തില്‍ ഒരൊറ്റ ദിനം കൊണ്ട് മാറ്റിയിരുത്താന്‍ പ്രധാനമന്ത്രി മടിച്ചില്ല. ആത്മവിശ്വാസമേകുന്ന അധികാരപിന്‍ബലം കൈയിലുണ്ടായിട്ടും ആലോക്‌ വര്‍മയെ പ്രധാനമന്ത്രി ഭയന്നതെന്തുകൊണ്ടാണ്∙? പ്രധാനമന്ത്രിയുടെ ഓഫിസിനെതിരെയും വിശ്വസ്തര്‍ക്കെതിരെയുമുള്ള ആരോപണങ്ങള്‍ സി.ബി.ഐ പരിഗണനയിലിരിക്കേ പ്രധാനമന്ത്രി നേരിട്ട് ആ തീരുമാനത്തില്‍ പങ്കാളിയായത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. പ്രതിപക്ഷനേതാവായി പ്രതിനിധീകരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതിരോധത്തിലൊതുങ്ങി രാജ്യത്തിന്റെ സംശയങ്ങള്‍. ആലോക് വര്‍മയെ വലിച്ചിറക്കി സി.ബി.ഐ ഭരണകൂടം ആഗ്രഹിക്കുന്ന പാതയിലൊതുങ്ങിക്കഴിഞ്ഞു. റിസര്‍വ് ബാങ്കും വിവരാവകാശ കമ്മിഷനും ശേഷം  മോദി ഭരണത്തില്‍ സ്വതന്ത്രസ്വഭാവം സങ്കല്‍പമായി മാറിയ മറ്റൊരു സ്ഥാപനമായി സി.ബി.ഐ. ഇതിനിടയില്‍ പൗരത്വഭേദഗതിബില്ലിലും മതധ്രുവീകരണം  തിരുകിക്കയറ്റി മോദി സര്‍ക്കാര്‍. ഒരു വട്ടം അധികാരം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ രാമക്ഷേത്രത്തില്‍ പ്രതിജ്‍ഞാബദ്ധമാണ് എന്ന പ്രഖ്യാപനം കൃത്യം ടൈമിങില്‍ വീണ്ടും എത്തിയിട്ടുണ്ട്. 

ഇനിയുള്ള രണ്ടു മാസക്കാലം ഇന്ത്യന്‍ ജനാധിപത്യത്തിന് വാഗ്ദാനപ്പെരുമഴക്കാലമാകുമെന്നുറപ്പാണ്. അടുത്ത മാസം ഒന്നിന് ബജറ്റിലടക്കം അതു പ്രതീക്ഷിക്കാം. 

കഴി‍ഞ്ഞ അഞ്ചു കൊല്ലത്തേക്ക്   തന്ന വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നാര് ചോദിക്കും? തൊഴിലില്‍ 10 ശതമാനം മുന്നാക്കക്കാര്‍ക്ക് സംവരണം ചെയ്യാം എന്നു പറയുമ്പോള്‍ വര്‍ഷാവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ എന്ന വാക്കെവിടെ എന്നാരു ചോദിക്കും?  ഇന്ധനവിലയില്‍ പറഞ്ഞതും അനുഭവിച്ചതും തമ്മിലുള്ള അന്തരം മറ്റൊരു ചോദ്യമാകേണ്ടതാണ്. ഉത്തരമില്ലാത്ത മറുചോദ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിക്കൂടി ഇനിയും പുതിയ ചൂണ്ടക്കൊളുത്തുകള്‍ ഉയരും. അതിനിടയില്‍ രാമക്ഷേത്രം ആവശ്യത്തിന് ധ്രുവീകരണം കടുപ്പിച്ചു ചേര്‍ക്കും. അതിവൈകാരികതയില്‍ കോര്‍ത്ത ദേശീയതയിലും പ്രലോഭനങ്ങളുയരും. ജനതയുടെ ബുദ്ധിയും യുക്തിയും നഷ്ടപ്പെട്ടുപോയിട്ടില്ലെന്ന മറുപടി  അധികാരത്തില്‍ മാത്രം മുഖം പൂഴ്ത്തിയിരിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ അര്‍ഹി ക്കുന്നുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE