'സുവർണാവസര'ങ്ങളുടെ മുതലെടുപ്പുകാർ; ഉത്തരവാദിത്തം കാണിക്കേണ്ട സർക്കാർ എവിടെ?

parayatha-vayya-main
SHARE

വിശ്വാസികളുടെ വേദന സുവർണാവസരമാണെന്നു തുറന്നു പറഞ്ഞ ഒരു പാർട്ടിക്ക് കേരളത്തെ അമ്മാനമാടാന് വിട്ടു കൊടുക്കണോ? ശബരിമല പ്രശ്നം പരിഹരിക്കാനും നേരിടാനും നമ്മുടെ ഭരണകൂടത്തിന്റെ പദ്ധതിയെന്താണ്? ആ ചോദ്യം നേരിട്ടു ചോദിക്കേണ്ട നിർണായക സന്ദർഭത്തിലെത്തിയിരിക്കുന്നു കേരളം. ഒരു വശത്ത് വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ തുടര്ച്ചയായി അപമാനിക്കുകയും മൗലികാവകാശങ്ങള് നിഷേധിക്കുകയും ചെയ്യുന്ന ബി.ജെ.പി , മറുവശത്ത് കെ.പി.ശശികലയുടെ മൗലികാവകാശങ്ങളുടെ പേരിൽ  ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു. രാഷ്ട്രീയ അജന്‍ഡയില്‍ എല്ലാവരെയും വീഴ്ത്തിയെന്ന് പരസ്യമാക്കിയിട്ടും  സംഘപരിവാറിന് കേരളത്തെ വെല്ലുവിളിക്കാന് കഴിയുന്നുവെങ്കിൽ  കേരളവും സര്ക്കാരും ഗൗരവതരമായി പുനരാലോചിക്കേണ്ടതുണ്ട്. നിലപാട് ശരിയായിരുന്നുവെന്നു വിശ്വസിച്ച് പ്രായോഗികസമീപനത്തിലെ വീഴ്ചകൾ തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമാണ്.  

അയ്യപ്പഭക്തർ ഭക്ത്യാദരപൂര്വം ചൊല്ലുന്ന നാമജപം ഇന്ന്  എവിടെയെല്ലാമാണ് മുഴങ്ങുന്നതെന്ന് കേരളം കേൾക്കുകയാണ്. ആദ്യമായി ശബരിമല തീർഥാടനകാലത്തിന്റെ ആദ്യദിവസം ഹർത്താൽ പ്രഖ്യാപിച്ചതാരാണെന്നും കേരളം കണ്ടു. കഴിഞ്ഞ തീർഥാടന കാലത്തും ഹര്ത്താല് നടത്തിയതും ഭക്തർക്കു വേണ്ടിയായിരുന്നുവെന്ന് അവർ പറയും. അവർ തന്നെ ഇത് തങ്ങളുടെ രാഷ്ട്രീയഅജന്ഡ നടപ്പാക്കാനുള്ള സുവര്ണാവസരമാണെന്നു തുറന്നു പറയും.

കെ.പി.ശശികലയ്ക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്  ഉൽക്കണ്ഠപ്പെടുന്ന നിയമജ്ഞനായ ശ്രീധരന് പിള്ള ശബരിമലയുടെ പേരില് അക്രമികള് ഇപ്പോഴും വേട്ടയാടുന്ന ഒരു കൂട്ടം സ്ത്രീകളുെട ഭരണഘടനാവകാശങ്ങളെക്കുറിച്ച് സംസാരിക്കുമോ? അതോ ഭരണഘടനാവകാശങ്ങള്ക്ക് ഇനി രാജ്യത്ത് ആര്ക്കൊക്കെ അര്ഹതയുണ്ടെന്ന് ബി.ജെ.പി. തീരുമാനിക്കുമോ? അതിന്റെ ആവശ്യം വരില്ല. കാരണം  ഈ പാര്ട്ടിക്കോ നേതാക്കള്ക്കോ സ്വന്തം വാക്കുകളോടു പോലും  പ്രതിബദ്ധത പുലര്ത്താനുള്ള ബാധ്യതയില്ല. 

ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില് ബി.െജ.പിയുമായി വസ്തുതാപരമായ ഒരു രാഷ്ട്രീയസംവാദം സാധ്യമാണോ? പ്രയാസമായിരിക്കും. കാരണം അവർ തന്നെ ഒരു നിലപാടിൽ ഉറച്ചുനില്ക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ചെറിയ ചില ഉദാഹരണങ്ങൾ മാത്രം ശ്രദ്ധിക്കുക. ശബരിമല പ്രശ്നത്തിൽ സ്വന്തം രാഷ്ട്രീയതാല്പര്യം വ്യക്തമാക്കിയ അതേ പ്രസംഗത്തിൽ തന്ത്രി തന്നോട് കൂടിയാലോചിച്ചാണ് നട അടയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത് എന്നുകൂടി പറഞ്ഞു.  

എന്നാല് തന്ത്രി അത് നിഷേധിച്ചു. തന്ത്രിതിരുത്തിയപ്പോൾ ശ്രീധരന് പിള്ള അദ്ദേഹമാകില്ല വിളിച്ചത് എന്ന് മലക്കം മറിഞ്ഞു. പിന്നീട് കോടതിയി പക്ഷേ പറഞ്ഞത് തന്ത്രി തന്നെയെന്ന് ആവര്ത്തിച്ചു. അത് കൃത്യമായി ചോദ്യമെത്തിയപ്പോൾ പിന്നെയും പലത് പറഞ്ഞു. ഇത് സത്യമല്ലെന്നുറപ്പിക്കാന് അദ്ദേഹത്തിന് വ്യക്തിപരമായ ഒരൊറ്റ ഫോണ്കോളിന്റെ കാര്യമേയുള്ളൂ. പക്ഷേ അസത്യം ആവര്ത്തിച്ചു. അതുമാത്രമല്ല, നിലയ്ക്കലുണ്ടായ പൊലീസ് നടപടിയിൽ ഭക്തന് കൊല്ലപ്പെട്ടുവെന്നാരോപിച്ച് പത്തനംതിട്ട ജില്ലയിൽ ബി.ജെ.പി. ഹർത്താൽ നടത്തി. അത് തിരുത്തുമോ? ഇതേ സംസ്ഥാന അധ്യക്ഷനാണ്, ആദ്യമായി പൊലീസുദ്യോഗസ്ഥന്മാരെ ജാതിയും സമുദായവും തിരിച്ച് അഭിസംബോധന ചെയ്യുന്ന പുരോഗമനാശയം കേരളത്തിന് സംഭാവന ചെയ്തത്. 

സംസ്ഥാന അധ്യക്ഷന് മാത്രമാണോ ശബരിമലയില് എല്ലാ വിശ്വാസങ്ങളെയും അപമാനിക്കും വിധം മലക്കം മറിച്ചില് നടത്തുന്നത്. വസ്തുതകൾ പറയും യാഥാര്ഥ്യം? സുപ്രീംകോടതി പറയും മുന്പേ തന്നെ  ശബരിമലയില് യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സംഘടന ഏതാണ്? സത്യത്തിന് ഇപ്പോഴും വിലയുണ്ടെങ്കില് ഉത്തരം ആര്.എസ്.എസ്. എന്നാണ്.ശബരിമലയില് സ്ത്രീ പ്രവേശനം വേണമെന്നാവശ്യപ്പെട്ട്  ശബരിമല സപ്ളിമെന്റില് ലേഖനമെഴുതാന് ധൈര്യം കാണിച്ചത് ബിജെപിയുടെ ഒരേയൊരു എംഎല്എ ഒ രാജഗോപാലാണ്. 1999ല്‍ തന്നെ.  യുവതികളെ പ്രവേശിപ്പിക്കാനായി തീര്ഥാടനകാലത്തെ ക്രമീകരണങ്ങളില് തന്നെ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടതാരാണ്? സത്യസന്ധമായ ഉത്തരം കെ.സുരേന്ദ്രന്, ബി.ജെ.പി. ജനറല് സെക്രട്ടറി എന്നാണ്. സുപ്രീംകോടതി തന്നെ ഈ ആവശ്യം അംഗീകരിച്ച ശേഷം, വിശ്വാസികള്ക്കിടയില് ബോധവല്ക്കരണം നടത്തി യുവതികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടതാരാണ്? അതിനും ആര്.എസ്.എസ്. എന്നാണുത്തരം. ഇപ്പോള് ഇതേ ആര്.എസ്.എസ്. കേരളത്തോടും കേരളത്തിലെ വിശ്വാസികളോടും ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്? 

ഈ സത്യാനന്തരകാലത്ത് സത്യം പറയണമെന്ന് വാശിപിടിക്കുന്നതുപോലും കുറ്റകരമായേക്കുമെന്നറിഞ്ഞു തന്നെ ഈ ചോദ്യോത്തരങ്ങള് ആവര്ത്തിക്കാതിരിക്കാനാകില്ല. ഇനിയതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായേക്കില്ലെങ്കിലും വിശ്വാസികള് കബളിപ്പിക്കപ്പെടാതിരിക്കാനെങ്കിലും സത്യം പറഞ്ഞുകൊണ്ടേയിരിക്കേണ്ടത് ചരിത്രപരമായ ഒരുത്തരവാദിത്തമാണ്.  

സത്യം അതാണ്. ശബരിമലയില് യുവതികളെ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്തത് ആര്.എസ്.എസാണ്.  ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് ആര്.എസ്.എസ്. നേതൃത്വം നല്കുന്ന ജന്മഭൂമിയും കേസരിയുമാണ്. 100 വര്ഷമായി നിലനില്ക്കുന്നുവെന്നതുകൊണ്ട് തിരുത്തപ്പെടേണ്ട ഒരാചാരം തിരുത്തുക തന്നെ വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട നേതാക്കള് ആര്.എസ്.എസിന്റേതാണ്. 

സുപ്രീംകോടതി പറയുന്നതിനും രണ്ടു കൊല്ലം മുന്പേ ശബരിമലയില് യുവതികളെ പ്രവേശിപ്പിക്കണമെന്നും അതിനായി ആചാരങ്ങളിൽ  പോലും മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും സമര്ഥിച്ചത് ഇന്ന് ആചാരംസംരക്ഷണത്തിനായി സമരം നയിക്കുന്ന നേതാക്കള് തന്നെയാണ്. 

വിശ്വാസികൾക്ക്  സ്വീകാര്യമല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ബി.ജെ.പി. നിലപാട് തിരുത്തിയെന്നാണോ വിശ്വസിക്കേണ്ടത്. സത്യം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് തന്നെ  വെളിപ്പെടുത്തിയതാണ്. രാഷ്ട്രീയമായ സുവര്ണാവസരത്തില് ഒരു നിലപാടും ഇരുമ്പുലക്കയല്ല. . ഇപ്പോള് അദ്ദേഹം ആവര്ത്തിച്ചു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി സമരം വ്യാപിപ്പിക്കുകയാണ്.  രാഷ്ട്രീയഅജന്ഡ വ്യക്തമായി വെളിപ്പെടുത്തിയിട്ടും ബി.ജെ.പിക്ക് വിശ്വാസസംരക്ഷണത്തിനായുള്ള സമരനേതൃത്വത്തില് തുടരാന് കഴിയുന്നതെന്തുകൊണ്ടാണ്. അതിനുള്ള മറുപടി പറയേണ്ടത് നമ്മുടെ സംസ്ഥാനസര്ക്കാരാണ്. ശരിയായ നിലപാട് എന്നാല് ശരിയായ സമീപനം എന്നര്ഥമില്ല എന്നു തിരിച്ചറിയേണ്ടതും സംസ്ഥാനസര്ക്കാരാണ്. 

ഇപ്പോൾ പോലും മറുപടി പറയേണ്ട ചോദ്യങ്ങളില് നിന്ന് ബി.ജെ.പിയെ രക്ഷിക്കുന്നതാരാണ്? നിയമമുണ്ടാക്കിയ ചോദ്യമാണ് ശബരിമല ഇപ്പോള് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിന് നിയമപരമായ മറുപടി കണ്ടെത്താന് ബി.ജെ.പി. സ്വന്തം നിലയില് തയാറാണോ? നിയമത്തിനല്ലാതെ ഇതിന് അന്തിമമായ ഒരുത്തരം കണ്ടെത്താന് കഴിയുമോ? പുനഃപരിശോധനാഹര്ജിയുടെ തീരുമാനം അംഗീകരിക്കാന് ബി.ജെ.പി. തയാറാണോ? അതിനും മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് ബി.ജെ.പി. കരുതുന്നില്ല. പ്രശ്നവും മുതലെടുപ്പും മാത്രമാണ് ബി.ജെ.പി. ലക്ഷ്യമെന്ന് വിശ്വാസികള്ക്ക് മനസിലാക്കാന് കഴിയുന്നില്ലെങ്കില് അതിന് അവരെ മാത്രം കുറ്റപ്പെടുത്താന് കഴിയുമോ? സംഘപരിവാര് അജന്ഡകളില്ലാത്ത വലിയൊരു വിഭാഗം വിശ്വാസികള്ക്കും ശബരിമലയിലെ കോടതി തീരുമാനത്തില് ആശങ്കകളുണ്ടെന്നത് മനസിലാക്കാന് സര്ക്കാരിന് ബാധ്യതയുണ്ടായിരുന്നു. അവരെ വിശ്വാസത്തിലെടുക്കുകയും സാവകാശം യാഥാര്ഥ്യം ബോധ്യപ്പെടുത്തുകയും ചെയ്യാന് ശ്രമങ്ങളുണ്ടായില്ല. 

ആദ്യഘട്ടത്തിലെ പ്രതിഷേധങ്ങളില് നിന്നു തന്നെ വിശ്വാസികളെയും മുതലെടുപ്പുകാരെയും വേര്തിരിച്ച് കണ്ട് സംവാദസാധ്യതകള് പ്രയോജനപ്പെടുത്താമായിരുന്നു. സര്ക്കാരിനെ വിശ്വസിക്കാമെന്നും ആശ്രയിക്കാമെന്നും വിശ്വാസികള്ക്കു കൂടി തോന്നിക്കുന്ന സമീപനം സ്വീകരിക്കാന് സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില് ഒരു മാറ്റവും വരുത്തേണ്ട കാര്യമുണ്ടായിരുന്നില്ല

സാഹചര്യങ്ങളുടെ നിയന്ത്രണം പോലും മതവര്ഗീയ ശക്തികള് ഏറ്റെടുക്കുന്ന സാഹചര്യത്തിന് ആരാണ് ഉത്തരവാദി? സാവകാശഹര്ജി നല്കാന് ദേവസ്വം ബോര്ഡിന് ഇപ്പോള് സ്വാതന്ത്ര്യം നല്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ്ആ സാധ്യത നേരത്തെ പരിഗണിച്ചില്ല? നിലപാട് എന്നാല് പ്രായോഗികബുദ്ധിയും തന്ത്രജ്ഞതയും ആവശ്യമേയില്ലാത്ത ഒന്നല്ല. ശബരിമല കേന്ദ്രീകരിച്ച് ആസൂത്രിതമായ ഗൂഢാലോചനകള് നടക്കുമ്പോള് സൂക്ഷ്മമായ ഇടപെടല് സര്ക്കാരും നടത്തുമെന്ന് ആരും പ്രതീക്ഷിക്കും. . അത് സര്ക്കാരിന്റെ നിലപാടിന് കൂടുതല് കരുത്തും വിശ്വാസ്യതയും പിന്തുണയും ഉറപ്പു വരുത്തുമായിരുന്നു. 

നിര്ണായകസന്ദര്ഭങ്ങളില് ബുദ്ധിപൂര്വവും തന്ത്രപരവുമായ നിലപാട് സ്വീകരിക്കാന് ഭരണാധികാരിക്ക് ബാധ്യതയുണ്ട്. ആഭ്യന്തരമന്ത്രിയെന്ന നിലയില് സാധാരണ അന്തരീക്ഷം ഉറപ്പുവരുത്തുന്നതില്  പിണറായി വിജയന് എത്ര ശതമാനം വിജയിച്ചു? ആര്.എസ്.എസ്. നേതാവ് വല്സന് തില്ലങ്കേരിയുടെ കൈയിലേക്ക് സന്നിധാനത്തിന്റെ നിയന്ത്രണമെത്തിയതെങ്ങനയെന്ന് മുഖ്യമന്ത്രി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ആദ്യം പ്രായോഗികമല്ലാത്ത കര്ശനനിയന്ത്രണങ്ങള് ഏര്പ്പെടുത്തി, ജനരോഷത്തെത്തുടര്ന്ന് പിന്വലിക്കേണ്ടി വരുന്ന്ത് നല്കുന്ന സന്ദേശവും നല്ലതല്ല. കടകളും കൗണ്ടറുകളും അടയ്ക്കണമെന്ന നിര്ദേശവും അടുത്ത മണിക്കൂറുകളില് തന്നെ പിന്വലിക്കേണ്ടി വന്നതെന്തുകൊണ്ടാണ്?. ദേവസ്വംബോര്ഡുമായിപോലും ശരിയായ കൂടിയാലോചനകള് നടക്കുന്നില്ലെന്നത് വ്യക്തമാണ്.  സര്ക്കാര് കൈക്കൊള്ളുന്ന തീരുമാനങ്ങള് ഉടനടി തിരുത്തേണ്ടി വരുന്നത് ഒരര്ഥത്തിലും ശരിയായ ഭരണമികവല്ല വെളിപ്പെടുത്തുന്നത്.  തീര്ഥാടകര്ക്ക് അടിസ്ഥാനസൗകര്യങ്ങള് ഒരുക്കുന്നതിലും വീഴ്ചയുണ്ടായി.  ദേവസ്വംവകുപ്പ് പോലും അതു മനസിലാക്കി ഇടപെട്ടില്ല. ചെറിയ അതൃപ്തികള് പോലും പൊട്ടിത്തെറികളിലേക്കെത്തിക്കാന് ആസൂത്രിതസംഘങ്ങള് തക്കം പാര്ത്തിരിക്കുമ്പോള് അതു പോലും കഴിഞ്ഞില്ല. 

മുഖ്യമന്ത്രിയെ  വിശ്വസിച്ച് ശബരിമലയിലേക്കു പുറപ്പെട്ട സ്ത്രീകൾ നേരിട്ട  അപമാനത്തിന്റെ ഓര്മകള്ക്ക് ദിവസങ്ങളുടെ പഴക്കമേയുള്ളൂ.  ഒന്നുണങ്ങും മുന്പ് അടുത്തതെന്ന മട്ടില് ആക്രമിക്കപ്പെടുകയാണ് സ്ത്രീകള്. അവര് ചെയ്ത കുറ്റം സുപ്രീംകോടതിയെയും മുഖ്യമന്ത്രിയെയും വിശ്വസിച്ചുവെന്നതു മാത്രമാണ്. ആള്ക്കൂട്ടത്തിന്റെ ആക്രമണങ്ങള് മാത്രമല്ല, ദേവസ്വം മന്ത്രി പോലും ആ സ്ത്രീകളില് ഓരോരുത്തരുടെയും ചരിത്രവും സ്വകാര്യതയും സ്കാന് ചെയ്ത് ലോകത്തിനു മുന്നില് വിരിച്ചിടുകയാണ്. അനീതിയാണിത്. ഒന്നുകില് സര്ക്കാര് വ്യക്തമായി പറയുക. ശബരിമലയില് ദര്ശനം നടത്താന് ഒരു യുവതിക്ക് നിങ്ങള് എന്തൊക്കെ യോഗ്യതയാണ് നിശ്ചയിരിക്കുന്നത്? കുലസ്ത്രീ ചിഹ്നങ്ങള് പൂര്ണമായും ഒത്തിണങ്ങുന്നവര്ക്കേ ദര്ശനം അനുവദിക്കൂവെന്നാണ് നിലപാടെങ്കില് അത് വ്യക്തമാക്കണം. അതല്ല സത്യമായും ഒരു സ്ത്രീയയെും ശബരിമലയിലേക്ക് കയറ്റിവിടാന് സര്ക്കാര് ഉദ്ദേശിക്കുന്നില്ലെങ്കില്  അത് നേരേചൊവ്വേ തുറന്നു പറയണം. അവര് കാത്തിരിക്കട്ടെ. 

നീതിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം കൂടി ഭരണനേതൃത്വത്തിനുണ്ട്.  കോടതിക്ക് ജനങ്ങളെ സാഹചര്യം ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തമില്ല. ജനങ്ങളോട് ക്ഷമയോടെ സംവദിക്കുകയും ശരിയെന്തെന്ന് സാവകാശം ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യേണ്ടത് ജനാധിപത്യസര്ക്കാരാണ്. പ്രതിഷേധക്കാരുടെയും മുതലെടുപ്പുകാരുടെയും ധൃതി സര്ക്കാരിനാവശ്യമില്ല. മുതലെടുപ്പുകാരുടെ ധൃതിയില് വീണുപോകുന്നത് രാഷ്ട്രീയപക്വതയുമല്ല. ഇതിനെല്ലാമപ്പുറം, ശബരിമലയുടെ പേരില് നടക്കുന്ന പ്രചാരണങ്ങൾ സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന വിടവുകളും മുറിവുകളും കാണാതെ പോകരുത്. ശബരിമല പ്രശ്നം കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിലുണ്ടാക്കിയിരുന്ന മാറ്റം എത്ര ഗുരുതരമാണെന്ന് അടിസ്ഥാന തലം മുതലേ തിരിച്ചറിയണം. ശരിയായ നിലപാടിന്റെ പേരില് എത്ര വോട്ടും സീറ്റും നഷ്ടപ്പെട്ടാലും പ്രശ്നമല്ലെന്ന് നേതാക്കൾ പറയുമ്പോൾ മുന്നിലെ ജനക്കൂട്ടം കൈയടിക്കും. പക്ഷേ നിലപാട് അവിടെ നിർത്തിക്കളയുന്നത് കേരളത്തോട് കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മയാണ്. സാമൂഹ്യമാറ്റത്തില് കേരളത്തിന് നഷ്ടമുണ്ടാകരുത്. അത് സി.പി.എമ്മിനു മാത്രമല്ല, കോണ്ഗ്രസിനും ഓർമ്മ വേണം. 

MORE IN PARAYATHE VAYYA
SHOW MORE