കേരള ചലഞ്ച് ശബരിമലയിൽ അല്ലെന്ന് സർക്കാർ മറക്കരുത്

ParayathaVayya-1
SHARE

കേരളം ഇപ്പോള്‍ നേരിടുന്ന ഏറ്റവും അടിയന്തരമായ പ്രശ്നം ശബരിമലയിലെ യുവതീപ്രവേശമാണോ? അല്ല എന്ന് ചിന്തിക്കുന്നവരെല്ലാം മറുപടി പറയും. പക്ഷേ ആണ് എന്നു വരുത്തിത്തീര്‍ക്കേണ്ടത് ചിലരുടെ, ചിലരുടെ മാത്രം ആവശ്യമാണ്. നൂറ്റാണ്ടിലെ പ്രളയത്തില്‍ മുങ്ങി എണീറ്റു നടക്കാന്‍ ശ്രമിക്കുന്ന ഒരു നാടാണിത്. സ്വയം പുനര്‍നിര്‍മിക്കാന്‍ കൈകോര്‍ക്കേണ്ടവര്‍. സാലറിചലഞ്ചില്‍ വീണ സര്‍ക്കാരിനോടാണ് പറയാനുള്ളത്, ഇനി കേരളാചലഞ്ചിലേക്ക് കേരളീയരെ തിരിച്ചുവിളിക്കുക. കേരളത്തെ  പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നവരും തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമാണ് മുഖാമുഖം നില്‍ക്കുന്നതെന്ന് ബോധ്യപ്പെടേണ്ടത് കേരളീയര്‍ക്കാണ്. ബലിദാനികള്‍ക്കായി കാത്തിരിക്കുന്ന രാഷ്ട്രീയത്തിനു മുന്നില്‍ വീണുപോകാതെ, കേരളത്തെ പുനര്‍നിര്‍മിക്കുകയെന്നതാണ് ഇന്ന് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അത് സര്‍ക്കാരും മനസിലാക്കേണ്ടതുണ്ട്.

പത്തനംതിട്ട ജില്ലയില്‍ നവംബര്‍ രണ്ടാം തീയതി ബി.ജെ.പി. ഹര്‍ത്താല്‍ ആചരിച്ചു. ശബരിമല തീര്‍ഥാടകനായ പന്തളം സ്വദേശി ശിവദാസന്‍ നിലയ്ക്കലെ പൊലീസ് നടപടിയെടുത്തുടര്‍ന്ന് കൊല്ലപ്പെട്ടു എന്നാരോപിച്ചായിരുന്നു ഹര്‍ത്താല്‍ 

ചുരുക്കിപ്പറഞ്ഞാല്‍ നിലയ്ക്കല്‍ ശബരിമല യുവതീപ്രവേശത്തിന്റെ പേരില്‍ സംഘര്‍ഷവും പൊലീസ് നടപടിയുമുണ്ടായത് ഒക്ടോബര്‍ 16നും 17നും. ശിവദാസന്‍ പന്തളത്തെ വീട്ടില്‍ നിന്നു പുറപ്പെട്ടതു തന്നെ അതു കഴിഞ്ഞ ദിവസം ഒക്ടോബര്‍ 18ന്. സന്നിധാനത്തു ദര്‍ശനത്തിനു ശേഷം 19ാം തീയതി രാവിലെ 8.40ന് ഭാര്യയെ വിളിച്ച് മടങ്ങുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. 

19ാം  വരെ ജീവനുണ്ടായിരുന്ന  ആ മനുഷ്യനാണ് ഒക്ടോബര്‍ 16, 17 ദിവസങ്ങളിലെ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാരോപിച്ച് ബി.ജെ.പി ഒരു ജില്ലയെ ഒരു ദിവസം പൂര്‍ണമായി സ്തംഭിപ്പിച്ചത്. നുണയാണെന്നു വ്യക്തമായി തെളിഞ്ഞിട്ടും ഒരു തരി പോലും കുറ്റബോധമോ, ഉത്തരവാദിത്തമോ ഇല്ലാത്ത നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്ന് ബി.ജെ.പി. തെളിയിച്ചു. ഇതാണ് ആയുധങ്ങള്‍, ഇതാണ് ശബരിമല സമരത്തില്‍ സമരനേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ രീതി. ആ ശൈലിയോട് മല്‍സരിക്കാന്‍ നില്‍ക്കണോ കേരളം? അതോ അതു തുറന്നു കാട്ടി, ‍ഞങ്ങള്‍ക്കു വേറെ പണിയുണ്ടെന്ന് വ്യക്തമായി പ്രഖ്യാപിച്ച് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണോ? തിരഞ്ഞെടുപ്പ് വിവേകത്തിന്റേതാകണം, വികാരത്തിന്‍റേതാകരുത്

എതിര്‍പക്ഷത്തിന്റെ ലക്ഷ്യവും ഉദ്ദേശവും മാര്‍ഗവും കൂടി മനസിലാക്കിയേ ഏതു പോരാട്ടവും മുന്നോട്ടു കൊണ്ടുപോകാനാകൂ. ശരിയല്ലെന്നു നൂറു ശതമാനം ഉറപ്പുള്ളപ്പോള്‍ പോലും മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ ശൈലിയും ലക്ഷ്യവും പ്രധാനമാണ്. അതു മനസിലാക്കാതെയുള്ള ആശയയുദ്ധങ്ങള്‍ സമൂഹത്തിന് വിപത്തുണ്ടാക്കിയേക്കാം. കേരളത്തില്‍ അസ്വസ്ഥയുണ്ടാക്കിയേക്കാം. നുണകള്‍ക്കും വിദ്വേഷപ്രചാരണങ്ങള്‍ക്കും വ്യക്തമായ ഒരു അജന്‍ഡയുണ്ട്.  വളച്ചൊടിച്ച ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാനുണ്ടായിരിക്കാം . പക്ഷേ ഉത്തരങ്ങള്‍ അല്ല ആവശ്യമെന്നുംതു ട‍ര്ചര്‍ച്ചയിലൂടെ സ്ഥാപിക്കപ്പെടുന്ന ധ്രുവീകരണം മാത്രമാണെന്നും പകല്‍ പോലെ വ്യക്തമായാല്‍ ആ ചര്‍ച്ച തുടരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക?

കേരളത്തിന്റെ ആവശ്യമായിരുന്നോ ശബരിമലയിലെ യുവതീപ്രവേശം? കേരളത്തിന്റെ പരിഗണനയെങ്കിലുമായിരുന്നോ യുവതീ പ്രവേശം? അല്ല. ലിംഗവിവേചനം പാടില്ലെന്ന  നിലപാടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയമയുദ്ധത്തില്‍ സ്വീകരിച്ച നയം. സ്ത്രീപക്ഷത്തോടും കാലഘട്ടത്തോടും സ്വീകരിക്കാവുന്ന നീതിപൂര്‍വമായ നിലപാടാണത്. എന്നാല്‍ യുവതീപ്രവേശത്തിനായി നിയമനിര്‍മാണം നടത്തില്ലെന്നും പ്രവേശം ആചാരങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സമിതി തീരുമാനിക്കട്ടെയെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. 16 വര്‍ഷം നീണ്ട നിയമവ്യാഖ്യാനങ്ങള്‍ക്കൊടുവിലാണ് ഭരണഘടനാലംഘനമെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി യുവതികളെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടത്. തീരുമാനമെടുത്തത് കോടതിയാണ്. നടപ്പാക്കാന്‍ തയാറാണെന്ന പുരോഗമന നിലപാടു സ്വീകരിച്ചത് കേരളസര്‍ക്കാരും. നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു വാദിക്കുന്നവരെ, ചോരപ്പുഴയൊഴുക്കാന്‍ തയാറായി നില്‍ക്കുന്നവരെ കോടതിക്കു മുന്നില്‍ തന്നെയാണ് തുറന്നു കാണിക്കേണ്ടത്. 

കോടതിയാണ് വിധി പുറപ്പെടുവിച്ചത്. നടപ്പാക്കേണ്ടതെങ്ങനെയെന്നത് കോടതിയുടെ കൂടി ഉത്തരവാദിത്തമാണ്. നിയമവാഴ്ചയെ മാനിക്കാന്‍ തയാറല്ലാത്തവരെ നിയമവഴിയില്‍ തന്നെയാണ് തുറന്നു കാണിക്കേണ്ടത്. സത്യത്തിനോ നീതിക്കോ പുല്ലുവില കല്‍പിക്കാത്ത കുടിലതന്ത്രങ്ങള്‍ക്കു മുന്നില്‍  വസ്തുതകള്‍ നിരത്തിയതുകൊണ്ടു മാത്രം പ്രതിരോധമാകില്ല. സാധ്യമായ എല്ലാ വഴികളും, നിയമവ്യവസ്ഥയുടെ സഹായമടക്കം ഉറപ്പു വരുത്താനും  സൂക്ഷ്മതയോടെ സാഹചര്യം കൈകാര്യം ചെയ്യാനും സര്‍ക്കാര്‍ സംയമനം കാണിക്കണം. അതേസമയം തന്നെ ഇതല്ല കേരളത്തിലെ പ്രധാന പ്രശ്നമെന്ന് കേരളത്തിന്റെ തന്നെ ശ്രദ്ധ ക്ഷണിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം

നന്‍മയുടെ സഹായത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ദുരിതബാധിതരുണ്ട് കേരളത്തില്‍. പ്രളയജലം മനുഷ്യരെ അടിമുടി മനുഷ്യരാക്കിയെന്ന ശുഭപ്രതീക്ഷ വെറുതെയായെന്നു തെളിഞ്ഞെങ്കിലും നിരാശപ്പെടാന്‍ നേരമുണ്ടാകരുത് . കേരളത്തിനു വേണ്ടി, മനുഷ്യര്‍ക്കു വേണ്ടി ഒന്നും പറയാനില്ലാത്തവര്‍ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി മാത്രം സംസാരിക്കട്ടെ. ദേശീയ തലത്തിലും രാമക്ഷേത്രമാണ് അടിയന്തരപ്രശ്നമെന്നതിലേക്ക് കൊണ്ടുവരുന്നതും കൃത്യമായ അവസരം നോക്കിയാണ്. വികസനം പറയാനില്ലാതെ വരുമ്പോള്‍, സംഭാവനകള്‍ പറയാനില്ലാതെ വരുമ്പോള്‍ ആശ്രയം വികാരം മാത്രമാണ്. വികാരത്തിന്റെ ധ്രുവീകരണത്തിലൂടെ സാധ്യമാകുന്ന അധികാരം. ആ അധികാരവും കേരളത്തോട് നീതി പുലര്‍ത്തിയില്ലെന്ന് പ്രളയാനന്തരം നമ്മള്‍ കാണുകയാണ്.  അധികാരം മനുഷ്യരെ സാമൂഹ്യമായും രാഷ്ട്രീയമായും മാനവികമായും കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്കെത്തിക്കുന്നതിന് ഉപയോഗിക്കപ്പെടേണ്ടതാണ്. മനഃപൂര്‍വം വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുന്ന, അതിന് കൂട്ടു നില്‍ക്കുന്ന ഭരണകൂടത്തിന് സമഗ്രവികസനം ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമായി തെളിയുകയാണ്. വിദ്വേഷരാഷ്ട്രീയത്തില്‍ മുതലെടുക്കാനിറങ്ങുന്നവര്‍ കുഴിക്കുന്ന കെണിയില്‍ കേരളം എന്തിനു വീണു കൊടുക്കണം? 

അതുമാത്രമല്ല, ശബരിമല വിധിയെ എതിര്‍ക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ശത്രുപക്ഷത്തു കാണണോ? മാറ്റമെന്നത് ഉള്‍ക്കൊള്ളാനാകാത്ത വിശ്വാസത്തിന്റെ ആശയക്കുഴപ്പത്തില്‍ പെട്ടുപോയ ഒരു വലിയ വിഭാഗത്തെയും ഉള്‍ക്കൊള്ളേണ്ടതല്ലേ? വിശ്വാസത്തിന് ഒന്നും സംഭവിക്കുന്നില്ലെന്നും ആചാരം മാത്രമാണ് മാറുന്നതെന്നും ചരിത്രം ചൂണ്ടിക്കാട്ടി അവരെ പറഞ്ഞുമനസിലാക്കാനും പുരോഗമനസമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. മുതലെടുപ്പുകാരെ തിരിച്ചറിയാനും പ്രതിരോധിക്കാനും ചരിത്രവിദ്യാഭ്യാസത്തിന് കഴിയും. അത് സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട ഒരു ഉത്തരവാദിത്തമാണ്

എല്ലാ വിശ്വാസികളും സുപ്രീംകോടതി വിധിക്കെതിരല്ല. എന്നാല്‍ സുപ്രീംകോടതി വിധി ശരിയായില്ലെന്ന് കരുതുന്ന വിശ്വാസികളുമുണ്ട്. മറ്റൊരു രാഷ്ട്രീയതാല്‍പര്യവുമില്ലാത്തവര്‍. അത് യാഥാര്‍ഥ്യമാണ്. അവരും പ്രതിഷേധത്തിലോ ആശയക്കുഴപ്പത്തിലോ ആണ്. അവര്‍ക്കാവശ്യം സംഘര്‍ഷാത്മകമായ വെല്ലുവിളികളല്ല. ചരിത്രയാഥാര്‍ഥ്യങ്ങള്‍ സൗമ്യമായി മനസിലാക്കിക്കൊടുക്കുകയാണ്.

വ്യക്തിപരമായി വിശ്വാസികളായിരിക്കേ തന്നെ പുരോമഗനാത്മകമായി ചിന്തിക്കുകയും  ഇടപെടുകയും ചെയ്യുന്ന മനുഷ്യരുള്ള സമൂഹമാണ് കേരളം. മറ്റാശ്രയങ്ങളില്ലാതെ മുതലെടുപ്പു രാഷ്ട്രീയപാര്‍ട്ടികളെ ആശ്രയിക്കേണ്ട നിവൃത്തികേട് അവര്‍ക്കുണ്ടാകരുത്. അസത്യപ്രചാരണങ്ങളെയും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയത്തെയും  വിശ്വാസികളെയും വേര്‍തിരിച്ചു കാണണം. ശരിയായ നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ ഈ അസന്നിഗ്ധ ഘട്ടത്തില്‍ ആവശ്യമായ രാഷ്ട്രീയവിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. താല്‍പര്യം ഭാവി കേരളത്തിന്റേതാകണം. മതനിരപേക്ഷതയ്ക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ ബുദ്ധിപരമായ സമീപനം സ്വീകരിക്കണം.

ആചാരങ്ങള്‍ മാറേണ്ടതാണെന്ന് വാദിക്കുന്നവര്‍ തന്നെയാണ് വിശ്വാസസംരക്ഷണമെന്ന മൂടുപടം ഇപ്പോഴണിയുന്നതെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തണം. ആചാരങ്ങള്‍ മാറ്റമില്ലാത്തതല്ലെന്നും മനുഷ്യര്‍ക്കിടയിലെ വിവേചനം അനുകൂലിക്കുന്ന ഒരു ദൈവവുമുണ്ടാകില്ലെന്നും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം

വ്യാജപ്രചാരണങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിടുകയും അതു തുറന്നു കാണിക്കുകയും ചെയ്യണം. പക്ഷേ കേരളത്തിന്റെ മുന്‍ഗണനയാകെ ശബരിമലയില്‍ കേന്ദ്രീകരിക്കണമെന്ന നിക്ഷിപ്തതാല്‍പര്യങ്ങളില്‍ വീണു പോകുന്നതു തെറ്റായ രാഷ്ട്രീയസമീപനമാണ്. കേരളത്തിന്റെ മുന്‍ഗണനകള്‍ കേരളമാണ് തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരമേല്‍പിച്ച സര്‍ക്കാരാണ് അത് ഉറപ്പിക്കേണ്ടത്. നൂറ്റാണ്ടിലെ വലിയ പ്രളയത്തില്‍ നിന്ന് പുനര്‍നിര്‍മിക്കേണ്ട നേരത്ത് ശബരിമലയിലേക്ക് കേരളത്തെ ഓടിച്ചു കയറ്റുന്ന താല്‍പര്യങ്ങള്‍ക്ക് കേരളം നിന്നു കൊടുക്കരുത്. 

പ്രളയം കേരളത്തിനേല്‍പിച്ചത് മുപ്പതിനായിരം കോടതിയുടെ നഷ്ടമാണെന്നാണ് യു.എന്‍.സംഘം വിലയിരുത്തി സര്‍ക്കാരിന് നല്‍കിയ കണക്ക്. പുനര്‍നിര്‍മാണത്തിനായി സര്‍ക്കാരിനു തന്നെ 15000 കോടി അടിയന്തരമായി ആവശ്യമുണ്ട്. വായ്പപരിധി ഉയര്‍ത്തുന്നതിനടക്കം വിശദമായ പദ്ധതി രേഖയും സമര്‍പ്പിച്ച് കേന്ദ്രാനുമതി കാത്തിരിക്കുകയാണ് കേരളം. റോഡുകള്‍, പാലങ്ങള്‍, വീടുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ ഒപ്പം  ജീവിതങ്ങളും പുനര്‍നിര്‍മിച്ചെടുക്കുകയെന്ന ഭാരിച്ച വെല്ലുവിളിയുണ്ട് മുന്നില്‍. പ്രളയത്തെത്തുടര്‍ന്നുണ്ടായ അസാധാരണ കാലാവസ്ഥാമാറ്റങ്ങള്‍ പഠിക്കണം. നേരിടാന്‍ പദ്ധതികള്‍ തയാറാക്കണം. പ്രളയത്തെത്തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് സഹായമെത്തിക്കണം. പ്രളയത്തെത്തുടര്‍ന്ന് മാന്ദ്യത്തിലായ സമ്പദ്‍വ്യവസ്ഥയെ ചലനാത്മകമാക്കണം. നഷ്ടങ്ങള്‍ ഇനിയും പ്രതിഫലിക്കാന്‍ സാധ്യതയുള്ള വാര്‍ഷികവരുമാനത്തിലടക്കം ബദല്‍ മാര്‍ഗങ്ങള്‍ കരുതിയിരിക്കണം.

ഒപ്പം  ധനസമാഹരണത്തിനുള്ള സര്‍ക്കാര്‍ സമീപനത്തിലെ ജനാധിപത്യവിരുദ്ധതയും ചോദ്യം ചെയ്യപ്പടണം. സാലറി ചലഞ്ചിലെ വിസമ്മതപത്രത്തില്‍ സുപ്ീംകോടതി രേഖപ്പെടുത്തിയ വിസമ്മതം സര്‍ക്കാരിന് പാഠമാകണം. മുന്‍ഗണനകള്‍ പാളുമ്പോള്‍, സഹായം വൈകുമ്പോള്‍, പട്ടികയില്‍ അര്‍ഹരായവര്‍ ഒഴിവാക്കപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യേണ്ട ജാഗ്രത കേരളം കാണിക്കണം. ശബരിമല  പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പു വിഷയം മാത്രമാണ്. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം നവകേരളസൃഷ്ടിയാണ് . അതില്‍ പരാജയപ്പെടുന്നോയെന്ന് നിരീക്ഷിക്കാനും തിരുത്താനും കേരളത്തിന്റെ ശ്രദ്ധ തിരിച്ചുപിടിക്കുക. കെണികളില്‍ വീഴാതിരിക്കേണ്ടത് ഒരു വലിയ രാഷ്ട്രീയഉത്തരവാദിത്തമാണ്. 

MORE IN PARAYATHE VAYYA
SHOW MORE